വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 89

പത്രോസ്‌ യേശു​വി​നെ തള്ളിപ്പ​റ​യു​ന്നു

പത്രോസ്‌ യേശു​വി​നെ തള്ളിപ്പ​റ​യു​ന്നു

യേശു​വി​നെ അറസ്റ്റ്‌ ചെയ്യു​ന്ന​തി​നു മുമ്പ്‌ അപ്പോസ്‌ത​ല​ന്മാ​രോ​ടൊ​പ്പം മുകളി​ലത്തെ മുറി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ എല്ലാവ​രും ഇന്നു രാത്രി എന്നെ ഉപേക്ഷിച്ച്‌ പോകും.’ പക്ഷേ പത്രോസ്‌ പറഞ്ഞു: ‘എന്തു വന്നാലും, മറ്റെല്ലാ​വ​രും അങ്ങയെ ഉപേക്ഷി​ച്ചാ​ലും, ഞാൻ അങ്ങയെ ഉപേക്ഷി​ക്കില്ല.’ എന്നാൽ യേശു പത്രോ​സി​നോ​ടു പറഞ്ഞു: ‘എന്നെ അറിയി​ല്ലെന്ന്‌ ഇന്നു കോഴി കൂകു​ന്ന​തി​നു മുമ്പ്‌ മൂന്നു പ്രാവ​ശ്യം നീ പറയും.’

പടയാ​ളി​കൾ യേശു​വി​നെ പിടിച്ച്‌ കയ്യഫയു​ടെ വീട്ടി​ലേക്കു കൊണ്ടു​പോ​യ​പ്പോൾ അപ്പോസ്‌ത​ല​ന്മാ​രിൽ മിക്കവ​രും ഓടി​പ്പോ​യി. പക്ഷേ രണ്ടു പേർ ജനക്കൂ​ട്ട​ത്തോ​ടൊ​പ്പം പിന്നാലെ ചെന്നു. ഒരാൾ പത്രോ​സാ​യി​രു​ന്നു. പത്രോസ്‌ കയ്യഫയു​ടെ വീടിന്റെ നടുമു​റ്റം​വരെ ചെന്നിട്ട്‌ തീ കാഞ്ഞു​കൊ​ണ്ടി​രു​ന്നു. തീയുടെ വെട്ടത്തിൽ ഒരു വേലക്കാ​രി​പ്പെൺകു​ട്ടി പത്രോ​സി​ന്റെ മുഖം കണ്ടിട്ട്‌, ‘എനിക്കു താങ്കളെ അറിയാം. താങ്കളും യേശു​വി​ന്റെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു!’ എന്നു പറഞ്ഞു.

പത്രോസ്‌ പറഞ്ഞു: ‘ഇല്ല, ഞാൻ ആ കൂട്ടത്തിൽ ഇല്ലായി​രു​ന്നു. നീ പറയു​ന്നത്‌ എനിക്കു മനസ്സി​ലാ​കു​ന്നില്ല!’ എന്നിട്ട്‌ പടിപ്പു​ര​യി​ലേക്കു പോയ​പ്പോൾ മറ്റൊരു വേലക്കാ​രി പത്രോ​സി​നെ കണ്ടു. ആ പെൺകു​ട്ടി ജനക്കൂ​ട്ട​ത്തോ​ടു പറഞ്ഞു: ‘ഈ മനുഷ്യൻ യേശു​വി​ന്റെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു!’ പത്രോസ്‌ പറഞ്ഞു: ‘എനിക്ക്‌ യേശു ആരാ​ണെ​ന്നു​പോ​ലും അറിയില്ല!’ പിന്നീട്‌ മറ്റൊ​രാൾ പറഞ്ഞു: ‘നീയും അവരുടെ കൂട്ടത്തി​ലു​ള്ള​വ​നാണ്‌! നിന്റെ സംസാ​ര​രീ​തി കേട്ടാൽത്തന്നെ അറിയാം യേശു​വി​നെ​പ്പോ​ലെ നീയും ഗലീല​ക്കാ​ര​നാ​ണെന്ന്‌.’ അപ്പോൾ പത്രോസ്‌, ‘ആ മനുഷ്യ​നെ എനിക്ക്‌ അറിയില്ല’ എന്ന്‌ ആണയിട്ട്‌ പറഞ്ഞു.

ആ സമയം കോഴി കൂകി. യേശു തിരിഞ്ഞ്‌ തന്നെ നോക്കു​ന്നതു പത്രോസ്‌ കണ്ടു. യേശു പറഞ്ഞ കാര്യം പത്രോസ്‌ അപ്പോൾ ഓർത്തു. പത്രോസ്‌ പുറത്ത്‌ പോയി അതിദുഃ​ഖ​ത്തോ​ടെ കരഞ്ഞു.

അതിനി​ടെ കയ്യഫയു​ടെ വീട്ടിൽവെച്ച്‌ യേശു​വി​നെ വിസ്‌ത​രി​ക്കാൻ സൻഹെ​ദ്രിൻ കോടതി കൂടി​വന്നു. യേശു​വി​നെ കൊന്നു​ക​ള​യാൻ അവർ നേര​ത്തേ​തന്നെ തീരു​മാ​നി​ച്ചി​രു​ന്നു. ഇപ്പോൾ അവർ അതിന്‌ ഒരു കാരണം അന്വേ​ഷി​ക്കു​ക​യാണ്‌. പക്ഷേ യേശു​വിന്‌ എതിരെ കുറ്റ​മൊ​ന്നും കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല. അവസാനം കയ്യഫ യേശു​വി​നോ​ടു നേരിട്ട്‌ ചോദി​ച്ചു: ‘നീ ദൈവ​പു​ത്ര​നാ​ണോ?’ യേശു പറഞ്ഞു: ‘അതെ.’ കയ്യഫ പറഞ്ഞു: ‘ഇതു ദൈവ​നി​ന്ദ​യാണ്‌! നമുക്കു വേറെ തെളി​വി​ന്റെ ആവശ്യ​മില്ല.’ ‘ഈ മനുഷ്യൻ മരിക്കണം’ എന്ന്‌ കോടതി തീരു​മാ​നി​ച്ചു. അവർ യേശു​വി​നെ അടിച്ചു, യേശു​വി​ന്റെ മേൽ തുപ്പി, മുഖം മൂടി​യിട്ട്‌ ഇടിച്ചു. എന്നിട്ട്‌ യേശു​വി​നോട്‌, ‘നീ ഒരു പ്രവാ​ച​ക​നാ​ണെ​ങ്കിൽ ആരാണു നിന്നെ ഇടിച്ച​തെന്നു പറ’ എന്നു പറഞ്ഞു.

നേരം വെളു​ത്ത​പ്പോൾ അവർ യേശു​വി​നെ സൻഹെ​ദ്രിൻ ഹാളിൽ കൊണ്ടു​പോ​യിട്ട്‌, ‘നീ ദൈവ​പു​ത്ര​നാ​ണോ’ എന്നു വീണ്ടും ചോദി​ച്ചു. ‘ആണെന്നു നിങ്ങൾതന്നെ പറയു​ന്ന​ല്ലോ’ എന്നു യേശു മറുപടി പറഞ്ഞു. അപ്പോൾ ദൈവ​നിന്ദ പറഞ്ഞെന്ന കുറ്റം ആരോ​പിച്ച്‌ അവർ യേശു​വി​നെ റോമൻ ഗവർണ​റായ പൊന്തി​യൊസ്‌ പീലാ​ത്തൊ​സി​ന്റെ കൊട്ടാ​ര​ത്തി​ലേക്കു കൊണ്ടു​പോ​യി. എന്നിട്ട്‌ എന്തു സംഭവി​ച്ചു? നമുക്കു നോക്കാം.

“നിങ്ങ​ളെ​ല്ലാം എന്നെ തനിച്ചാ​ക്കി​യിട്ട്‌ സ്വന്തം വീടു​ക​ളി​ലേക്ക്‌ ഓടി​പ്പോ​കുന്ന സമയം . . . വന്നുക​ഴി​ഞ്ഞു. പക്ഷേ പിതാവ്‌ എന്റെകൂ​ടെ​യു​ള്ള​തു​കൊണ്ട്‌ ഞാൻ ഒറ്റയ്‌ക്കല്ല.”​—യോഹ​ന്നാൻ 16:32