വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 91

യേശു ഉയിർപ്പി​ക്ക​പ്പെ​ടു​ന്നു

യേശു ഉയിർപ്പി​ക്ക​പ്പെ​ടു​ന്നു

യേശു മരിച്ച​ശേഷം, യോ​സേഫ്‌ എന്ന ധനിക​നായ ഒരു മനുഷ്യൻ യേശു​വി​ന്റെ ശരീരം സ്‌തം​ഭ​ത്തിൽനിന്ന്‌ ഇറക്കാൻ പീലാ​ത്തൊ​സി​നോട്‌ അനുവാ​ദം ചോദി​ച്ചു. യോ​സേഫ്‌ യേശു​വി​ന്റെ ശരീരം സുഗന്ധ​വ്യഞ്‌ജനം ഇട്ട്‌ മേത്തരം ലിനൻതു​ണി​യിൽ പൊതിഞ്ഞ്‌ ഒരു പുതിയ കല്ലറയിൽ വെച്ചു. എന്നിട്ട്‌ കല്ലറയു​ടെ വാതിൽക്കൽ ഭാരമുള്ള ഒരു കല്ല്‌ ഉരുട്ടി വെച്ചു. മുഖ്യ​പു​രോ​ഹി​ത​ന്മാർ ചെന്ന്‌ പീലാ​ത്തൊ​സി​നോ​ടു പറഞ്ഞു: ‘ശിഷ്യ​ന്മാർ യേശു​വി​ന്റെ ശരീരം എടുത്തു​കൊണ്ട്‌ പോയിട്ട്‌ അവൻ ജീവനി​ലേക്കു വന്നെന്നു പറയാൻ സാധ്യ​ത​യുണ്ട്‌.’ അതു​കൊണ്ട്‌ പീലാ​ത്തൊസ്‌ അവരോട്‌, ‘കല്ലറ ഭദ്രമാ​യി അടച്ച്‌ അതിനു കാവൽ ഏർപ്പെ​ടു​ത്തുക’ എന്നു പറഞ്ഞു.

മൂന്നു ദിവസം കഴിഞ്ഞ്‌, അതിരാ​വി​ലെ ചില സ്‌ത്രീ​കൾ കല്ലറയ്‌ക്കൽ ചെന്ന​പ്പോൾ കല്ല്‌ ഉരുട്ടി മാറ്റി​യി​രി​ക്കു​ന്നതു കണ്ടു. കല്ലറയു​ടെ അകത്ത്‌ ഇരുന്ന ദൈവ​ദൂ​തൻ സ്‌ത്രീ​ക​ളോ​ടു പറഞ്ഞു: ‘പേടി​ക്കേണ്ടാ. യേശു ഉയിർപ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. നിങ്ങൾ പോയി ശിഷ്യ​ന്മാ​രോ​ടു ഗലീല​യിൽ വെച്ച്‌ യേശു​വി​നെ കാണാൻ പറയുക.’

മഗ്‌ദ​ല​ക്കാ​രി മറിയ പെട്ടെ​ന്നു​തന്നെ പത്രോ​സി​നെ​യും യോഹ​ന്നാ​നെ​യും കാണാൻ തിരക്കി​ട്ടു​പോ​യി. ‘ആരോ യേശു​വി​ന്റെ ശരീരം എടുത്തു​കൊ​ണ്ടു​പോ​യി’ എന്നു മറിയ അവരോ​ടു പറഞ്ഞു. പത്രോ​സും യോഹ​ന്നാ​നും ഓടി കല്ലറയ്‌ക്കൽ എത്തി. അത്‌ ഒഴിഞ്ഞു​കി​ട​ക്കു​ന്നതു കണ്ട്‌ അവർ വീട്ടി​ലേക്കു തിരിച്ച്‌ പോയി.

മറിയ കല്ലറയ്‌ക്കൽ മടങ്ങി വന്നപ്പോൾ രണ്ടു ദൈവ​ദൂ​ത​ന്മാർ അതിനു​ള്ളിൽ ഇരിക്കു​ന്നതു കണ്ടു. മറിയ അവരോട്‌, ‘എന്റെ കർത്താ​വി​നെ അവർ എവിടെ കൊണ്ടു​പോ​യെന്ന്‌ അറിയില്ല’ എന്നു പറഞ്ഞു. പിന്നെ മറിയ ഒരു മനുഷ്യ​നെ കണ്ടപ്പോൾ തോട്ട​ക്കാ​ര​നാ​ണെന്നു കരുതി ഇങ്ങനെ പറഞ്ഞു: ‘യജമാ​നനേ, അങ്ങ്‌ യേശു​വി​ന്റെ ശരീരം എവിടെ കൊണ്ടു​പോ​യെന്നു പറയാ​മോ?’ എന്നാൽ ആ മനുഷ്യൻ “മറിയേ” എന്നു വിളി​ച്ച​പ്പോൾ അതു യേശു​വാ​ണെന്നു മറിയ​യ്‌ക്കു മനസ്സി​ലാ​യി. “ഗുരുവേ!” എന്ന്‌ ഉച്ചത്തിൽ വിളി​ച്ചു​കൊണ്ട്‌ മറിയ യേശു​വി​നെ പിടി​ച്ചു​നി​റു​ത്തി. യേശു മറിയ​യോ​ടു പറഞ്ഞു: ‘നീ പോയി എന്നെ കണ്ട കാര്യം എന്റെ സഹോ​ദ​ര​ന്മാ​രോ​ടു പറയുക.’ ഉടനെ മറിയ ഓടി ശിഷ്യ​ന്മാ​രു​ടെ അടുത്ത്‌ ചെന്ന്‌ യേശു​വി​നെ കണ്ട കാര്യം പറഞ്ഞു.

പിന്നീട്‌ ആ ദിവസം​തന്നെ രണ്ടു ശിഷ്യ​ന്മാർ യരുശ​ലേ​മിൽനിന്ന്‌ എമ്മാവൂ​സി​ലേക്കു പോകു​ക​യാ​യി​രു​ന്നു. അവർ നടക്കു​മ്പോൾ ഒരാൾ അവരോ​ടൊ​പ്പം കൂടി എന്തി​നെ​ക്കു​റി​ച്ചാണ്‌ അവർ സംസാ​രി​ക്കു​ന്ന​തെന്നു ചോദി​ച്ചു. അവർ പറഞ്ഞു: ‘എന്താ, ഒന്നും അറിഞ്ഞി​ല്ലേ? മൂന്നു ദിവസം മുമ്പ്‌ മുഖ്യ​പു​രോ​ഹി​ത​ന്മാർ യേശു​വി​നെ കൊന്നു​ക​ളഞ്ഞു. ഇപ്പോൾ ചില സ്‌ത്രീ​കൾ പറയുന്നു യേശു ജീവി​ച്ചി​രി​പ്പു​ണ്ടെന്ന്‌!’ ആ മനുഷ്യൻ ചോദി​ച്ചു: ‘നിങ്ങൾ പ്രവാ​ച​ക​ന്മാ​രിൽ വിശ്വ​സി​ക്കു​ന്നി​ല്ലേ? ക്രിസ്‌തു മരിക്കു​മെ​ന്നും പിന്നീട്‌ ഉയിർപ്പി​ക്ക​പ്പെ​ടു​മെ​ന്നും അവർ പറഞ്ഞി​രു​ന്നു.’ എന്നിട്ട്‌ ആ മനുഷ്യൻ തിരു​വെ​ഴു​ത്തു​കൾ അവർക്കു വിശദീ​ക​രി​ച്ചു​കൊ​ടു​ത്തു. അവർ എമ്മാവൂ​സിൽ എത്തിയ​പ്പോൾ ശിഷ്യ​ന്മാർ അയാ​ളോ​ടു തങ്ങളു​ടെ​കൂ​ടെ വരാൻ പറഞ്ഞു. അത്താഴ​സ​മ​യത്ത്‌ അയാൾ അപ്പത്തി​ന്മേൽ അനു​ഗ്ര​ഹ​ത്തി​നു​വേണ്ടി പ്രാർഥി​ച്ച​പ്പോൾ അതു യേശു​വാ​ണെന്ന്‌ അവർക്കു മനസ്സി​ലാ​യി. പിന്നെ യേശു അപ്രത്യ​ക്ഷ​നാ​യി.

ആ രണ്ടു ശിഷ്യ​ന്മാർ പെട്ടെ​ന്നു​തന്നെ യരുശ​ലേ​മിൽ അപ്പോസ്‌ത​ല​ന്മാർ കൂടി​വ​ന്നി​രുന്ന വീട്ടി​ലേക്കു പോയിട്ട്‌ നടന്ന​തൊ​ക്കെ അവരോ​ടു പറഞ്ഞു. അവരെ​ല്ലാ​വ​രും വീടി​നു​ള്ളി​ലാ​യി​രു​ന്ന​പ്പോൾ, യേശു അവർക്കു പ്രത്യ​ക്ഷ​പ്പെട്ടു. അതു യേശു​വാ​ണെന്നു വിശ്വ​സി​ക്കാൻ ആദ്യ​മൊ​ന്നും അപ്പോസ്‌ത​ല​ന്മാർക്കു കഴിഞ്ഞില്ല. അപ്പോൾ യേശു പറഞ്ഞു: ‘എന്റെ കൈകൾ നോക്ക്‌, എന്നെ തൊട്ടു​നോക്ക്‌. ക്രിസ്‌തു മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്ക​പ്പെ​ടു​മെന്ന്‌ എഴുതി​യി​ട്ടു​ണ്ടാ​യി​രു​ന്നു.’

“ഞാൻത​ന്നെ​യാ​ണു വഴിയും സത്യവും ജീവനും. എന്നിലൂ​ടെ​യ​ല്ലാ​തെ ആരും പിതാ​വി​ന്റെ അടു​ത്തേക്കു വരുന്നില്ല.”​—യോഹ​ന്നാൻ 14:6