വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 95

ഒന്നിനും അവരെ തടയാ​നാ​യില്ല

ഒന്നിനും അവരെ തടയാ​നാ​യില്ല

നടക്കാൻ വയ്യാത്ത ഒരാൾ എന്നും ദേവാ​ല​യ​ത്തി​ന്റെ ഒരു വാതി​ലിന്‌ അടുത്ത്‌ ഇരുന്ന്‌ ഭിക്ഷ യാചി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഒരു ദിവസം ഉച്ചകഴിഞ്ഞ്‌ പത്രോ​സും യോഹ​ന്നാ​നും ദേവാ​ല​യ​ത്തി​ലേക്കു പോകു​ന്നത്‌ അയാൾ കണ്ടു. അയാൾ അവരോട്‌, ‘എന്തെങ്കി​ലും തരണേ’ എന്നു പറഞ്ഞു. പത്രോസ്‌ അയാ​ളോ​ടു പറഞ്ഞു: ‘നിനക്കു തരാൻ പണത്തെ​ക്കാൾ മെച്ചമായ ഒന്ന്‌ എന്റെ കൈയി​ലുണ്ട്‌. യേശു​വി​ന്റെ നാമത്തിൽ എഴു​ന്നേറ്റ്‌ നടക്കുക!’ എന്നിട്ട്‌ പത്രോസ്‌ അയാളെ എഴു​ന്നേൽക്കാൻ സഹായി​ച്ചു. അയാൾ നടക്കാൻതു​ടങ്ങി! ഈ അത്ഭുതം കണ്ടിട്ട്‌ ജനക്കൂ​ട്ട​ത്തി​നു സന്തോഷം അടക്കാ​നാ​യില്ല. അങ്ങനെ കൂടുതൽ ആളുകൾ വിശ്വാ​സി​ക​ളാ​യി​ത്തീർന്നു.

പക്ഷേ പുരോ​ഹി​ത​ന്മാർക്കും സദൂക്യർക്കും നല്ല ദേഷ്യം വന്നു. അവർ അപ്പോസ്‌ത​ല​ന്മാ​രെ പിടിച്ച്‌ കോട​തി​യിൽ കൊണ്ടു​പോ​യി. എന്നിട്ട്‌, ‘ഈ മനുഷ്യ​നെ സുഖ​പ്പെ​ടു​ത്താ​നുള്ള അധികാ​രം നിങ്ങൾക്ക്‌ എവി​ടെ​നിന്ന്‌ കിട്ടി’ എന്നു ചോദി​ച്ചു. പത്രോസ്‌ പറഞ്ഞു: ‘നിങ്ങൾ കൊന്ന യേശു​ക്രിസ്‌തു​വാ​ണു ഞങ്ങൾക്ക്‌ അധികാ​രം തന്നത്‌.’ മതനേ​താ​ക്ക​ന്മാർ അലറി: ‘യേശു​വി​നെ​ക്കു​റിച്ച്‌ മിണ്ടി​പ്പോ​ക​രുത്‌!’ പക്ഷേ അപ്പോസ്‌ത​ല​ന്മാർ പറഞ്ഞു: ‘ഞങ്ങൾക്ക്‌ യേശു​വി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കാ​തി​രി​ക്കാൻ പറ്റില്ല. ഞങ്ങൾ ഇനിയും സംസാ​രി​ക്കും.’

പത്രോ​സും യോഹ​ന്നാ​നും മോചി​ത​രായ ഉടനെ, അവർ മറ്റു ശിഷ്യ​ന്മാ​രു​ടെ അടുത്ത്‌ ചെന്ന്‌ നടന്ന​തെ​ല്ലാം അവരോ​ടു പറഞ്ഞു. അവർ ഒരുമിച്ച്‌ യഹോ​വ​യോട്‌ ഇങ്ങനെ പ്രാർഥി​ച്ചു: ‘ധൈര്യ​ത്തോ​ടെ അങ്ങയുടെ വേല ചെയ്യാൻ ഞങ്ങളെ സഹായി​ക്കേ​ണമേ.’ യഹോവ അവർക്കു പരിശു​ദ്ധാ​ത്മാ​വി​നെ കൊടു​ത്തു, അവർ പ്രസം​ഗി​ക്കു​ക​യും രോഗി​കളെ സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു​കൊ​ണ്ടി​രു​ന്നു. കൂടു​തൽക്കൂ​ടു​തൽ ആളുകൾ വിശ്വാ​സി​ക​ളാ​യി. അസൂയ മൂത്ത്‌ സദൂക്യർ അപ്പോസ്‌ത​ല​ന്മാ​രെ അറസ്റ്റു ചെയ്‌ത്‌ ജയിലി​ലാ​ക്കി. എന്നാൽ രാത്രി​യിൽ യഹോവ ഒരു ദൂതനെ അയച്ചു. ആ ദൈവ​ദൂ​തൻ ജയിലി​ന്റെ വാതി​ലു​കൾ തുറന്നു​കൊ​ടു​ത്തിട്ട്‌ ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു: ‘വീണ്ടും ദേവാ​ല​യ​ത്തിൽ ചെന്ന്‌ പഠിപ്പി​ക്കുക.’

പിറ്റേന്ന്‌ രാവി​ലെ​തന്നെ മതനേ​താ​ക്ക​ന്മാ​രു​ടെ കോട​തി​യായ സൻഹെ​ദ്രി​നോ​ടു കാവൽഭ​ട​ന്മാർ പറഞ്ഞു: ‘ജയിൽ ഇപ്പോ​ഴും പൂട്ടി​ക്കി​ട​ക്കു​ക​യാണ്‌; പക്ഷേ നിങ്ങൾ അറസ്റ്റു ചെയ്‌ത്‌ ജയിലിൽ അടച്ച ആളുകൾ രക്ഷപ്പെട്ടു! അവർ ദേവാ​ല​യ​ത്തിൽ ആളുകളെ പഠിപ്പി​ക്കു​ന്നു!’ അപ്പോസ്‌ത​ല​ന്മാ​രെ വീണ്ടും അറസ്റ്റു ചെയ്‌ത്‌ സൻഹെ​ദ്രി​ന്റെ മുമ്പിൽ ഹാജരാ​ക്കി. മഹാപു​രോ​ഹി​തൻ പറഞ്ഞു: ‘യേശു​വി​നെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്ക​രു​തെന്നു ഞങ്ങൾ ആജ്ഞാപി​ച്ച​തല്ലേ?’ അപ്പോൾ പത്രോസ്‌ പറഞ്ഞു: “ഞങ്ങൾ മനുഷ്യ​രെയല്ല, ദൈവ​ത്തെ​യാണ്‌ അനുസ​രി​ക്കേ​ണ്ടത്‌.”

ഭയങ്കര​ദേ​ഷ്യം വന്ന മതനേ​താ​ക്ക​ന്മാർക്ക്‌ അപ്പോസ്‌ത​ല​ന്മാ​രെ കൊല്ല​ണ​മെ​ന്നാ​യി. പക്ഷേ ഗമാലി​യേൽ എന്ന പരീശൻ എഴു​ന്നേ​റ്റു​നിന്ന്‌ ഇങ്ങനെ പറഞ്ഞു: ‘സൂക്ഷി​ക്കണം, ദൈവം ഒരുപക്ഷേ ഇവരു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കും. നിങ്ങൾക്കു ശരിക്കും ദൈവ​ത്തോ​ടു പോരാ​ട​ണ​മെ​ന്നു​ണ്ടോ?’ ഗമാലി​യേൽ പറഞ്ഞത്‌ അവർ അംഗീ​ക​രി​ച്ചു. അപ്പോസ്‌ത​ല​ന്മാ​രെ വടി​കൊണ്ട്‌ അടിച്ച​ശേഷം, പ്രസം​ഗ​പ്ര​വർത്തനം നിറു​ത്ത​ണ​മെന്ന്‌ വീണ്ടും പറഞ്ഞു. എന്നിട്ട്‌ അവരെ വിട്ടയച്ചു. പക്ഷേ ഇതൊ​ന്നും അപ്പോസ്‌ത​ല​ന്മാ​രെ തടഞ്ഞില്ല. അവർ ദേവാ​ല​യ​ത്തി​ലും വീടു​തോ​റും ധൈര്യ​ത്തോ​ടെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചു​കൊ​ണ്ടി​രു​ന്നു.

“ഞങ്ങൾ മനുഷ്യ​രെയല്ല, ദൈവ​ത്തെ​യാണ്‌ അനുസ​രി​ക്കേ​ണ്ടത്‌.”​—പ്രവൃ​ത്തി​കൾ 5:29