വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 96

യേശു ശൗലിനെ തിര​ഞ്ഞെ​ടു​ക്കു​ന്നു

യേശു ശൗലിനെ തിര​ഞ്ഞെ​ടു​ക്കു​ന്നു

തർസൊ​സിൽ ജനിച്ച ഒരു റോമൻ പൗരനാ​യി​രു​ന്നു ശൗൽ. ഒരു പരീശ​നായ ശൗലിന്‌ യഹൂദ​നി​യ​മ​ത്തിൽ നല്ല അറിവു​ണ്ടാ​യി​രു​ന്നു. ശൗൽ ക്രിസ്‌ത്യാ​നി​കളെ വെറു​ത്തി​രു​ന്നു. വീടു​ക​ളിൽനിന്ന്‌ ക്രിസ്‌ത്യാ​നി​ക​ളായ സ്‌ത്രീ​പു​രു​ഷ​ന്മാ​രെ വലിച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യി ജയിലിൽ അടച്ചു. സ്‌തെ​ഫാ​നൊസ്‌ എന്ന ശിഷ്യനെ കോപാ​കു​ല​രായ ഒരു ജനക്കൂട്ടം കല്ലെറിഞ്ഞ്‌ കൊന്ന​പ്പോൾ എല്ലാം കണ്ടു​കൊണ്ട്‌ ശൗൽ അവിടെ നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു. ശൗലും അതിനെ അനുകൂ​ലി​ച്ചു.

പക്ഷേ യരുശ​ലേ​മി​ലുള്ള ക്രിസ്‌ത്യാ​നി​കളെ മാത്രം അറസ്റ്റു ചെയ്യു​ന്ന​തു​കൊണ്ട്‌ ശൗലിനു തൃപ്‌തി​യാ​യില്ല. ദമസ്‌കൊ​സി​ലുള്ള ക്രിസ്‌ത്യാ​നി​ക​ളെ​യും തേടി​പ്പി​ടി​ക്കാൻ, തന്നെ ആ നഗരത്തി​ലേക്ക്‌ അയയ്‌ക്ക​ണ​മെന്നു ശൗൽ മഹാപു​രോ​ഹി​ത​നോ​ടു പറഞ്ഞു. നഗരത്തിന്‌ അടുത്ത്‌ എത്താറാ​യ​പ്പോൾ പെട്ടെന്ന്‌ വലി​യൊ​രു വെളിച്ചം ശൗലിനു ചുറ്റും മിന്നി. ശൗൽ നിലത്ത്‌ വീണു. അപ്പോൾ, ‘ശൗലേ, നീ എന്തിനാണ്‌ എന്നെ ഉപദ്ര​വി​ക്കു​ന്നത്‌’ എന്ന്‌ ആരോ ചോദി​ക്കു​ന്നതു കേട്ടു. ശൗൽ ചോദി​ച്ചു: ‘അങ്ങ്‌ ആരാണ്‌?’ മറുപടി ഇതായി​രു​ന്നു: ‘ഞാൻ യേശു​വാണ്‌. എഴു​ന്നേറ്റ്‌ ദമസ്‌കൊ​സി​ലേക്കു ചെല്ലുക; നീ എന്തു ചെയ്യണ​മെന്ന്‌ അവിടെ ചെല്ലു​മ്പോൾ മനസ്സി​ലാ​കും.’ അതി​നോ​ടകം ശൗലിനു കാഴ്‌ച​ശക്തി നഷ്ടപ്പെ​ട്ടി​രു​ന്നു. അതു​കൊണ്ട്‌ ശൗലിനെ കൈയിൽ പിടി​ച്ചാ​ണു ദമസ്‌കൊ​സി​ലേക്കു കൊണ്ടു​പോ​യത്‌.

ദമസ്‌കൊ​സിൽ അനന്യാസ്‌ എന്നു പേരുള്ള വിശ്വസ്‌ത​നായ ഒരു ക്രിസ്‌ത്യാ​നി​യു​ണ്ടാ​യി​രു​ന്നു. ഒരു ദർശന​ത്തിൽ യേശു അനന്യാ​സി​നോ​ടു പറഞ്ഞു: ‘നേർവീ​ഥി എന്ന തെരു​വിൽ യൂദാ​സി​ന്റെ വീട്ടിൽ ചെന്ന്‌ ശൗൽ എന്ന ആളെ അന്വേ​ഷി​ക്കുക.’ അനന്യാസ്‌ പറഞ്ഞു: ‘കർത്താവേ അയാളെ എനിക്കു നന്നായി അറിയാം! അങ്ങയുടെ ശിഷ്യ​ന്മാ​രെ അയാൾ ജയിലിൽ അടയ്‌ക്കു​ക​യാണ്‌.’ പക്ഷേ യേശു പറഞ്ഞു: ‘ശൗലിന്റെ അടുത്ത്‌ ചെല്ലുക. അനേകം ജനതക​ളോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കാൻ ഞാൻ അയാളെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു.’

അങ്ങനെ ശൗലിനെ കണ്ടുപി​ടി​ച്ചിട്ട്‌ അനന്യാസ്‌ പറഞ്ഞു: ‘ശൗലേ, സഹോ​ദരാ, നിനക്കു കാഴ്‌ച തിരികെ തരാൻ യേശു​വാണ്‌ എന്നെ ഇങ്ങോട്ട്‌ അയച്ചത്‌.’ അപ്പോൾത്തന്നെ ശൗലിനു കാഴ്‌ച തിരി​ച്ചു​കി​ട്ടി. ശൗൽ യേശു​വി​നെ​ക്കു​റിച്ച്‌ പഠിച്ച്‌ യേശു​വി​ന്റെ അനുഗാ​മി​യാ​യി. ഇപ്പോൾ ക്രിസ്‌ത്യാ​നി​യാ​യി സ്‌നാ​ന​പ്പെട്ട ശൗൽ തന്റെ സഹക്രിസ്‌ത്യാ​നി​ക​ളോ​ടൊ​പ്പം സിന​ഗോ​ഗു​ക​ളിൽ പ്രസം​ഗി​ക്കാൻതു​ടങ്ങി. ശൗൽ യേശു​വി​നെ​ക്കു​റിച്ച്‌ പഠിപ്പി​ക്കു​ന്നതു കണ്ടപ്പോൾ ജൂതന്മാർ എത്ര ഞെട്ടി​പ്പോ​യെ​ന്നോ! അവർ പറഞ്ഞു: ‘ഇയാളല്ലേ യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ വേട്ടയാ​ടി​ക്കൊ​ണ്ടി​രു​ന്നത്‌?’

മൂന്നു വർഷ​ത്തേക്കു ശൗൽ ദമസ്‌കൊ​സി​ലെ ആളുക​ളോ​ടു പ്രസം​ഗി​ച്ചു. ശൗലിനെ അങ്ങേയറ്റം വെറുത്ത ജൂതന്മാർ ശൗലിനെ കൊല്ലാൻ പദ്ധതി​യി​ട്ടു. പക്ഷേ ഇതെക്കു​റിച്ച്‌ അറിഞ്ഞ സഹോ​ദ​ര​ന്മാർ രക്ഷപ്പെ​ടാൻ ശൗലിനെ സഹായി​ച്ചു. അവർ ശൗലിനെ ഒരു കൊട്ട​യി​ലാ​ക്കി നഗരമ​തി​ലി​ലുള്ള ഒരു പൊത്തി​ലൂ​ടെ ഇറക്കി​വി​ട്ടു.

ശൗൽ യരുശ​ലേ​മിൽ ചെന്ന​പ്പോൾ അവി​ടെ​യുള്ള സഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം ചേരാൻ ശ്രമിച്ചു. പക്ഷേ അവർക്കു പേടി​യാ​യി​രു​ന്നു. അപ്പോൾ ബർന്നബാസ്‌ എന്ന ദയാലു​വായ ഒരു ശിഷ്യൻ ശൗലിനെ അപ്പോസ്‌ത​ല​ന്മാ​രു​ടെ അടുത്ത്‌ കൊണ്ടു​വ​ന്നിട്ട്‌ ശൗലിനു ശരിക്കും മാറ്റം വന്നെന്ന്‌ അവരെ ബോധ്യ​പ്പെ​ടു​ത്തി. ശൗൽ യരുശ​ലേ​മി​ലുള്ള സഭയോ​ടൊ​പ്പം തീക്ഷ്‌ണ​ത​യോ​ടെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാൻതു​ടങ്ങി. അദ്ദേഹം പിന്നീട്‌ പൗലോസ്‌ എന്ന്‌ അറിയ​പ്പെട്ടു.

“ക്രിസ്‌തു​യേശു ലോക​ത്തേക്കു വന്നതു പാപി​കളെ രക്ഷിക്കാ​നാണ്‌. ആ പാപി​ക​ളിൽ ഒന്നാമൻ ഞാൻത​ന്നെ​യാണ്‌.”​—1 തിമൊ​ഥെ​യൊസ്‌ 1:15