വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 99

ഒരു ജയില​ധി​കാ​രി സത്യം പഠിക്കു​ന്നു

ഒരു ജയില​ധി​കാ​രി സത്യം പഠിക്കു​ന്നു

ഫിലി​പ്പി​യിൽ ഭൂതം ബാധിച്ച ഒരു ദാസി​പ്പെൺകു​ട്ടി ഉണ്ടായി​രു​ന്നു. ഭാവി​ഫലം പറയാൻ ഭൂതം അവളെ ഉപയോ​ഗി​ച്ചി​രു​ന്നു. അതിലൂ​ടെ അവൾ യജമാ​ന​ന്മാർക്കു ധാരാളം പണമു​ണ്ടാ​ക്കി കൊടു​ത്തി​രു​ന്നു. പൗലോ​സും ശീലാ​സും ഫിലി​പ്പി​യിൽ വന്നപ്പോൾ ദിവസ​ങ്ങ​ളോ​ളം അവൾ അവരുടെ പിന്നാലെ നടന്നു. ഭൂതം അവളെ​ക്കൊണ്ട്‌, “ഇവർ അത്യു​ന്ന​ത​നായ ദൈവ​ത്തി​ന്റെ ദാസന്മാർ” എന്നു വിളി​ച്ചു​പ​റ​യി​ച്ചു. അവസാനം പൗലോസ്‌ ഭൂത​ത്തോ​ടു പറഞ്ഞു: ‘അവളിൽനിന്ന്‌ പുറത്ത്‌ പോകാൻ യേശു​വി​ന്റെ നാമത്തിൽ ഞാൻ കല്‌പി​ക്കു​ന്നു!’ ഭൂതം അവളെ വിട്ട്‌ പോയി.

അവളി​ലൂ​ടെ ഇനി പണമു​ണ്ടാ​ക്കാൻ പറ്റി​ല്ലെന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ യജമാ​ന​ന്മാർക്കു നല്ല ദേഷ്യം വന്നു. അവർ പൗലോ​സി​നെ​യും ശീലാ​സി​നെ​യും അധികാ​രി​ക​ളു​ടെ അടു​ത്തേക്ക്‌ ബലമായി കൊണ്ടു​പോ​യി ഇങ്ങനെ പറഞ്ഞു: ‘ഈ മനുഷ്യർ നിയമം ലംഘി​ച്ചു​കൊണ്ട്‌ നഗരത്തിൽ മുഴുവൻ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നു.’ പൗലോ​സി​നെ​യും ശീലാ​സി​നെ​യും അടിച്ച​ശേഷം ജയിലി​ലി​ടാൻ അധികാ​രി​കൾ ആജ്ഞാപി​ച്ചു. ജയില​ധി​കാ​രി അവരെ ജയിലി​ന്റെ ഏറ്റവും ഉള്ളറയി​ലുള്ള ഇരുണ്ട ഭാഗത്ത്‌ തടി​കൊ​ണ്ടുള്ള വിലങ്ങിൽ ഇട്ടു.

പൗലോ​സും ശീലാ​സും യഹോ​വയെ പാടി സ്‌തു​തി​ക്കു​ക​യാ​യി​രു​ന്നു. മറ്റു തടവു​കാർ അതു ശ്രദ്ധി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പെട്ടെന്ന്‌ പാതി​രാ​ത്രി​യിൽ ശക്തമായ ഒരു ഭൂകമ്പം ഉണ്ടായി. ജയിൽ അടിമു​തൽ മുകൾവരെ കുലുങ്ങി. ജയിലി​ന്റെ വാതി​ലു​ക​ളെ​ല്ലാം മലർക്കെ തുറന്നു. എല്ലാവ​രു​ടെ​യും ചങ്ങലയും വിലങ്ങു​ക​ളും അഴിഞ്ഞു. ജയില​ധി​കാ​രി ഉള്ളറയി​ലേക്ക്‌ ഓടി​ച്ചെ​ന്ന​പ്പോൾ വാതി​ലു​കൾ തുറന്നു​കി​ട​ക്കു​ന്നു! തടവു​കാ​രെ​ല്ലാം രക്ഷപ്പെ​ട്ടെന്നു കരുതി അയാൾ വാൾ ഊരി സ്വയം കുത്തി മരിക്കാൻ ഒരുങ്ങി.

ഉടനെ പൗലോസ്‌, ‘അരുത്‌, സാഹസ​മൊ​ന്നും കാണി​ക്ക​രുത്‌; ഞങ്ങളെ​ല്ലാം ഇവി​ടെ​ത്ത​ന്നെ​യുണ്ട്‌’ എന്നു വിളി​ച്ചു​പ​റഞ്ഞു. അകത്തേക്ക്‌ ഓടി​ച്ചെന്ന ജയില​ധി​കാ​രി പൗലോ​സി​ന്റെ​യും ശീലാ​സി​ന്റെ​യും മുന്നിൽ കുമ്പിട്ടു. “രക്ഷ ലഭിക്കാൻ ഞാൻ എന്തു ചെയ്യണം” എന്ന്‌ അയാൾ ചോദി​ച്ചു. അപ്പോൾ അവർ പറഞ്ഞു: ‘താങ്കളും വീട്ടി​ലു​ള്ള​വ​രും യേശു​വിൽ വിശ്വ​സി​ക്കുക.’ എന്നിട്ട്‌ പൗലോ​സും ശീലാ​സും യഹോവ പറഞ്ഞ കാര്യങ്ങൾ അവരെ പഠിപ്പി​ച്ചു. ജയില​ധി​കാ​രി​യും വീട്ടി​ലുള്ള എല്ലാവ​രും സ്‌നാ​ന​മേറ്റു.

“ആളുകൾ നിങ്ങളെ പിടിച്ച്‌ ഉപദ്ര​വി​ക്കു​ക​യും സിന​ഗോ​ഗു​ക​ളി​ലും ജയിലു​ക​ളി​ലും ഏൽപ്പി​ച്ചു​കൊ​ടു​ക്കു​ക​യും ചെയ്യും. എന്റെ പേര്‌ നിമിത്തം നിങ്ങളെ രാജാ​ക്ക​ന്മാ​രു​ടെ​യും ഗവർണർമാ​രു​ടെ​യും മുന്നിൽ ഹാജരാ​ക്കും. നിങ്ങൾക്ക്‌ നിങ്ങളു​ടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ പറയാൻ അത്‌ ഒരു അവസര​മാ​കും.”​—ലൂക്കോസ്‌ 21:12, 13