വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 1

“നിന്റെ ദൈവ​മായ യഹോ​വ​യെ​യാ​ണു നീ ആരാധിക്കേണ്ടത്‌”

“നിന്റെ ദൈവ​മായ യഹോ​വ​യെ​യാ​ണു നീ ആരാധിക്കേണ്ടത്‌”

മത്തായി 4:10

മുഖ്യവിഷയം: ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടേ​ണ്ട​തി​ന്റെ കാരണം

1, 2. എ.ഡി. 29-ൽ യേശു യഹൂദ്യ​വി​ജ​ന​ഭൂ​മി​യിൽ എത്തിയത്‌ എങ്ങനെ, അവി​ടെ​വെച്ച്‌ എന്തു സംഭവി​ച്ചു? (അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തി​ലെ ചിത്രം കാണുക.)

 വർഷം എ.ഡി. 29. നവംബ​റി​നോട്‌ അടുത്ത സമയം. കഴിഞ്ഞ 40 ദിവസ​മാ​യി യേശു ചാവു​ക​ട​ലി​നു തൊട്ടു​വ​ടക്ക്‌, യഹൂദ്യ​വി​ജ​ന​ഭൂ​മി​യി​ലാണ്‌. പാറ​ക്കെ​ട്ടു​ക​ളും മലയി​ടു​ക്കു​ക​ളും ഒക്കെയുള്ള ഒരു തരിശു​ഭൂ​മി​യാണ്‌ അത്‌. സ്‌നാ​ന​മേറ്റ്‌, ആത്മാഭി​ഷി​ക്ത​നായ യേശു​വി​നെ പരിശു​ദ്ധാ​ത്മാവ്‌ അവി​ടേക്കു നയിക്കു​ക​യാ​യി​രു​ന്നു. ഉപവസി​ക്കാ​നും സ്വസ്ഥമാ​യി​രുന്ന്‌ പ്രാർഥി​ക്കാ​നും ധ്യാനി​ക്കാ​നും യേശു​വിന്‌ ആവോളം സമയം കിട്ടി. ഒരുപക്ഷേ ഈ സമയത്ത്‌ യഹോവ തന്റെ പുത്ര​നു​മാ​യി ആശയവി​നി​മയം നടത്തി​ക്കാ​ണും. വരാനി​രുന്ന കാര്യ​ങ്ങൾക്കാ​യി അതു യേശു​വി​നെ ഒരുക്കി.

2 യേശു വിശന്ന്‌ തളർന്നി​രുന്ന ആ സമയം നോക്കി സാത്താൻ അവിടെ എത്തുന്നു. തുടർന്ന്‌ നടന്ന സംഭവങ്ങൾ, ശുദ്ധാ​രാ​ധ​നയെ സ്‌നേ​ഹി​ക്കുന്ന എല്ലാവ​രും ഉൾപ്പെ​ടുന്ന ഒരു സുപ്ര​ധാ​ന​വി​ഷ​യ​ത്തി​ലേക്കു വെളിച്ചം വീശുന്നു. നിങ്ങളും അതിൽ ഉൾപ്പെ​ട്ടി​ട്ടുണ്ട്‌!

“നീ ഒരു ദൈവ​പു​ത്ര​നാ​ണെ​ങ്കിൽ . . . ”

3, 4. (എ) എന്തു പറഞ്ഞു​കൊ​ണ്ടാ​ണു സാത്താൻ ആദ്യത്തെ രണ്ടു പ്രലോ​ഭ​നങ്ങൾ അവതരി​പ്പി​ച്ചത്‌, യേശു​വി​ന്റെ മനസ്സിൽ എന്തു സംശയം ജനിപ്പി​ക്കു​ക​യാ​യി​രു​ന്നു അവന്റെ ലക്ഷ്യം? (ബി) സാത്താൻ ഇന്നും സമാന​മായ തന്ത്രങ്ങൾ പ്രയോ​ഗി​ക്കു​ന്നത്‌ എങ്ങനെ?

3 മത്തായി 4:1-7 വായി​ക്കുക. “നീ ഒരു ദൈവ​പു​ത്ര​നാ​ണെ​ങ്കിൽ” എന്ന വാക്കു​ക​ളോ​ടെ വളരെ തന്ത്രപൂർവ​മാ​ണു സാത്താൻ ആദ്യത്തെ രണ്ടു പ്രലോ​ഭ​ന​ങ്ങ​ളും അവതരി​പ്പി​ക്കു​ന്നത്‌. യേശു ദൈവ​പു​ത്ര​നാ​ണെന്ന കാര്യ​ത്തിൽ സാത്താന്‌ എന്തെങ്കി​ലും സംശയ​മു​ണ്ടാ​യി​രു​ന്നോ? ഇല്ല. യേശു ദൈവ​ത്തി​ന്റെ ആദ്യജാ​ത​നാ​ണെന്നു വഴിപി​ഴ​ച്ചു​പോയ ഈ ദൂതപു​ത്രനു നന്നായി അറിയാ​മാ​യി​രു​ന്നു. (കൊലോ. 1:15) ഇനി, യേശു​വി​ന്റെ സ്‌നാ​ന​സ​മ​യത്ത്‌ യഹോവ സ്വർഗ​ത്തിൽനിന്ന്‌ “ഇവൻ എന്റെ പ്രിയ​പു​ത്രൻ, ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു” എന്നു പറഞ്ഞതി​നെ​ക്കു​റി​ച്ചും സാത്താന്‌ അറിയാ​മാ​യി​രു​ന്നി​രി​ക്കണം. (മത്ത. 3:17) യേശു​വി​ന്റെ മനസ്സിൽ സംശയ​ത്തി​ന്റെ വിത്തുകൾ പാകാ​നാ​യി​രു​ന്നി​രി​ക്കാം സാത്താന്റെ ശ്രമം. തന്റെ പിതാവ്‌ ആശ്രയ​യോ​ഗ്യ​നാ​ണോ, പിതാ​വി​നു തന്നെക്കു​റിച്ച്‌ ശരിക്കും ചിന്തയു​ണ്ടോ എന്നൊക്കെ യേശു സംശയി​ക്കാൻ സാത്താൻ ആഗ്രഹി​ച്ചി​രി​ക്കണം. കല്ലുകൾ അപ്പമാ​ക്കാ​നുള്ള ആദ്യത്തെ പ്രലോ​ഭ​ന​ത്തി​ലൂ​ടെ സാത്താൻ ഒരർഥ​ത്തിൽ ഇങ്ങനെ ചോദി​ക്കു​ക​യാ​യി​രു​ന്നു: ‘നീ ദൈവ​പു​ത്ര​നല്ലേ, എന്നിട്ട്‌ എന്താ ഈ തരിശു​ഭൂ​മി​യിൽ പിതാവ്‌ നിനക്കു ഭക്ഷണം തരാത്തത്‌?’ ദേവാ​ല​യ​ത്തി​ന്റെ മുകളി​ലെ കൈമ​തി​ലിൽനിന്ന്‌ ചാടാ​നുള്ള രണ്ടാമത്തെ പ്രലോ​ഭ​ന​ത്തി​ലൂ​ടെ സാത്താൻ ഇങ്ങനെ ചോദി​ക്കു​ക​യാ​യി​രു​ന്നു: ‘നീ ദൈവ​പു​ത്ര​നല്ലേ, നിന്റെ പിതാവ്‌ നിന്നെ സംരക്ഷി​ക്കു​മെന്നു നിനക്കു ശരിക്കും വിശ്വാ​സ​മു​ണ്ടോ?’

4 ഇന്നും സാത്താന്റെ തന്ത്രങ്ങൾക്കു വലിയ മാറ്റ​മൊ​ന്നു​മില്ല. (2 കൊരി. 2:11) സത്യാ​രാ​ധകർ തളരു​ക​യോ നിരു​ത്സാ​ഹി​ത​രാ​കു​ക​യോ ചെയ്യു​ന്ന​തു​വരെ പ്രലോ​ഭകൻ കാത്തി​രി​ക്കും. എന്നിട്ടാണ്‌ അവരെ ആക്രമി​ക്കുക. പലപ്പോ​ഴും തന്ത്രപൂർവം, എളുപ്പം തിരി​ച്ച​റി​യാ​നാ​കാത്ത വിധത്തി​ലാ​യി​രി​ക്കും അവന്റെ നീക്കം. (2 കൊരി. 11:14) യഹോ​വയ്‌ക്ക്‌ ഒരിക്ക​ലും നമ്മളെ സ്‌നേ​ഹി​ക്കാ​നാ​കി​ല്ലെ​ന്നും യഹോവ ഒരിക്ക​ലും നമ്മളിൽ പ്രസാ​ദി​ക്കി​ല്ലെ​ന്നും വിശ്വ​സി​പ്പിച്ച്‌ നമ്മെ വഞ്ചിക്കാ​നാണ്‌ അവന്റെ ശ്രമം. യഹോവ ആശ്രയ​യോ​ഗ്യ​ന​ല്ലെ​ന്നും അതു​കൊ​ണ്ടു​തന്നെ തന്റെ വചനത്തി​ലെ വാഗ്‌ദാ​ന​ങ്ങ​ളൊ​ന്നും പാലി​ക്കാൻപോ​കു​ന്നി​ല്ലെ​ന്നും നമ്മളെ വിശ്വ​സി​പ്പി​ക്കാ​നും അവൻ ശ്രമി​ക്കു​ന്നു. പക്ഷേ അതെല്ലാം ശുദ്ധനു​ണ​ക​ളാണ്‌. (യോഹ. 8:44) നമുക്ക്‌ അവ എങ്ങനെ തള്ളിക്ക​ള​യാം?

5. ആദ്യത്തെ രണ്ടു പ്രലോ​ഭ​ന​ങ്ങ​ളോ​ടു യേശു എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌?

5 ആദ്യത്തെ രണ്ടു പ്രലോ​ഭ​ന​ങ്ങ​ളോ​ടു യേശു എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ച​തെന്നു നോക്കുക. പിതാ​വി​നു തന്നോടു സ്‌നേ​ഹ​മു​ണ്ടെന്ന കാര്യ​ത്തിൽ യേശു​വിന്‌ ഒരു സംശയ​വു​മി​ല്ലാ​യി​രു​ന്നു. യേശു​വി​നു പിതാ​വി​നെ പൂർണ​വി​ശ്വാ​സ​വു​മാ​യി​രു​ന്നു. പിതാ​വിൽനി​ന്നുള്ള തിരു​വെ​ഴു​ത്തു​കൾ ഉദ്ധരി​ച്ചു​കൊണ്ട്‌ യേശു അപ്പോൾത്തന്നെ സാത്താന്റെ വാക്കുകൾ തള്ളിക്ക​ളഞ്ഞു. യഹോവ എന്ന ദൈവ​നാ​മം അടങ്ങിയ തിരു​വെ​ഴു​ത്തു​ക​ളാ​ണു യേശു ഉദ്ധരി​ച്ചത്‌ എന്നതും ശ്രദ്ധേ​യ​മാണ്‌. (ആവ. 6:16; 8:3) പിതാ​വി​നെ തനിക്കു പൂർണ​വി​ശ്വാ​സ​മാണ്‌ എന്നു കാണി​ക്കാൻ പുത്രന്റെ മുന്നി​ലുള്ള ഏറ്റവും നല്ല മാർഗ​മാ​യി​രു​ന്നു പിതാ​വി​ന്റെ പേര്‌ ഉപയോ​ഗി​ക്കുക എന്നത്‌. കാരണം തന്റെ വാഗ്‌ദാ​ന​ങ്ങ​ളെ​ല്ലാം യഹോവ ഉറപ്പാ​യും പാലി​ക്കും എന്നതിന്റെ പ്രതീ​ക​മാണ്‌ അതുല്യ​മായ ആ നാമം. a

6, 7. സാത്താന്റെ തന്ത്രപ​ര​മായ ആക്രമ​ണ​ങ്ങളെ നമുക്ക്‌ എങ്ങനെ പ്രതി​രോ​ധി​ക്കാം?

6 യഹോ​വ​യു​ടെ വചനത്തിൽ ആശ്രയി​ക്കു​ന്ന​തും ദൈവ​ത്തി​ന്റെ പേരിന്റെ അർഥ​ത്തെ​ക്കു​റിച്ച്‌ ഓർക്കു​ന്ന​തും സാത്താന്റെ തന്ത്രപ​ര​മായ ആക്രമ​ണ​ങ്ങളെ പ്രതി​രോ​ധി​ക്കാൻ സഹായി​ക്കും. എങ്ങനെ? നിരാശയിൽ ആണ്ടു​പോ​യവർ ഉൾപ്പെടെ തന്റെ ആരാധ​ക​രോട്‌ യഹോ​വയ്‌ക്കു തോന്നുന്ന സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചും കരുത​ലി​നെ​ക്കു​റി​ച്ചും തിരു​വെ​ഴു​ത്തു​കൾ പറയു​ന്നുണ്ട്‌. അതു നമുക്ക്‌ ഓരോ​രു​ത്തർക്കും​വേ​ണ്ടി​യാ​ണെന്നു ചിന്തി​ക്കുക. അപ്പോൾ, യഹോ​വയ്‌ക്കു നമ്മളെ സ്‌നേ​ഹി​ക്കാ​നാ​കി​ല്ലെ​ന്നോ യഹോവ നമ്മളിൽ പ്രസാ​ദി​ക്കി​ല്ലെ​ന്നോ ഉള്ള സാത്താന്റെ നുണ നമുക്കു തള്ളിക്ക​ള​യാ​നാ​കും. (സങ്കീ. 34:18; 1 പത്രോ. 5:8) ഇനി, യഹോവ തന്റെ വാഗ്‌ദാ​നങ്ങൾ പാലി​ച്ചു​കൊണ്ട്‌ എല്ലായ്‌പോ​ഴും തന്റെ പേരിന്റെ അർഥത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കു​മെന്ന്‌ ഓർക്കു​ന്നെ​ങ്കിൽ യഹോ​വ​യിൽ പൂർണ​മാ​യി വിശ്വാ​സം അർപ്പി​ക്കാ​നും നമുക്കാ​കും.​—സുഭാ. 3:5, 6.

7 എന്നാൽ സാത്താന്റെ പ്രധാ​ന​ല​ക്ഷ്യം എന്താണ്‌? അവനു നമ്മളിൽനിന്ന്‌ ശരിക്കും എന്താണു വേണ്ടത്‌? സാത്താൻ യേശു​വി​നു മുന്നിൽ മൂന്നാ​മ​തൊ​രു പ്രലോ​ഭനം വെച്ച​പ്പോൾ അതിനുള്ള ഉത്തരം വ്യക്തമാ​യി.

“വീണ്‌ എന്നെ​യൊന്ന്‌ ആരാധി​ച്ചാൽ . . . ”

8. മൂന്നാ​മത്തെ പ്രലോ​ഭ​ന​ത്തി​ലൂ​ടെ സാത്താൻ തന്റെ യഥാർഥ​ല​ക്ഷ്യം വെളി​പ്പെ​ടു​ത്തി​യത്‌ എങ്ങനെ?

8 മത്തായി 4:8-11 വായി​ക്കുക. മൂന്നാ​മത്തെ പ്രലോ​ഭ​ന​മാ​യ​പ്പോ​ഴേ​ക്കും സാത്താൻ തന്റെ തന്ത്രപ​ര​മായ സമീപനം മാറ്റി. അതോടെ സാത്താന്റെ യഥാർഥ​ല​ക്ഷ്യം വെളി​ച്ച​ത്താ​യി. സാത്താൻ യേശു​വി​നു (സാധ്യ​ത​യ​നു​സ​രിച്ച്‌ ഒരു ദർശന​ത്തിൽ) “ലോകത്തെ എല്ലാ രാജ്യ​ങ്ങ​ളും അവയുടെ പ്രതാ​പ​വും കാണി​ച്ചു​കൊ​ടു​ത്തു,” അതിന്റെ കുഴപ്പ​ങ്ങ​ളെ​ല്ലാം മറച്ചു​വെ​ച്ചു​കൊ​ണ്ടാ​യി​രു​ന്നെന്നു മാത്രം. എന്നിട്ട്‌ ഇങ്ങനെ പറഞ്ഞു: “നീ എന്റെ മുന്നിൽ വീണ്‌ എന്നെ​യൊന്ന്‌ ആരാധി​ച്ചാൽ ഈ കാണു​ന്ന​തൊ​ക്കെ ഞാൻ നിനക്കു തരാം.” b ആരാധന​—അതായി​രു​ന്നു യഥാർഥ​ത്തിൽ സാത്താന്റെ ലക്ഷ്യം! യേശു പിതാ​വി​നെ ഉപേക്ഷിച്ച്‌ തന്നെ ദൈവ​മാ​യി അംഗീ​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ്രലോഭകന്റെ ആഗ്രഹം. അതിലൂ​ടെ മുൾക്കി​രീ​ട​വും ചാട്ടയ​ടി​യും ദണ്ഡനസ്‌തം​ഭ​വും ഒഴിവാ​ക്കി, ഒരു കഷ്ടപ്പാ​ടും സഹിക്കാ​തെ, യേശു​വി​നു രാഷ്‌ട്ര​ങ്ങ​ളു​ടെ അധികാ​ര​വും സമ്പത്തും സ്വന്തമാ​ക്കാ​മാ​യി​രു​ന്നു. ഒറ്റനോ​ട്ട​ത്തിൽ എളുപ്പ​വ​ഴി​യെന്നു തോന്നാ​വുന്ന ഒരു വാഗ്‌ദാ​നം! ലോക​ഗ​വൺമെ​ന്റു​ക​ളു​ടെ അധികാ​രി സാത്താ​നാ​ണെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്ന​തു​കൊണ്ട്‌ ആ പ്രലോ​ഭ​ന​ത്തിന്‌ അപാര​മായ വശീക​ര​ണ​ശ​ക്തി​യു​ണ്ടാ​യി​രു​ന്നു. (യോഹ. 12:31; 1 യോഹ. 5:19) പിതാ​വി​നു നൽകേണ്ട ശുദ്ധാ​രാ​ധ​ന​യിൽനിന്ന്‌ യേശു​വി​നെ അകറ്റി​ക്ക​ള​യാ​നാ​യി എന്തും നൽകാൻ സാത്താൻ ഒരുക്ക​മാ​യി​രു​ന്നു.

9. (എ) സത്യാ​രാ​ധ​ക​രിൽനിന്ന്‌ സാത്താൻ ശരിക്കും എന്താണ്‌ ആഗ്രഹി​ക്കു​ന്നത്‌, അവൻ നമ്മളെ എങ്ങനെ​യാ​ണു പ്രലോ​ഭി​പ്പി​ക്കാൻ നോക്കു​ന്നത്‌? (ബി) നമ്മുടെ ആരാധ​ന​യിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌? (“എന്താണ്‌ ആരാധന?” എന്ന ചതുരം കാണുക.)

9 ഇന്നും സാത്താന്റെ ആഗ്രഹം അതുത​ന്നെ​യാണ്‌, നേരി​ട്ടോ അല്ലാ​തെ​യോ നമ്മുടെ ആരാധന ലഭിക്കണം! അവൻ “ഈ വ്യവസ്ഥി​തി​യു​ടെ ദൈവം” ആയതു​കൊണ്ട്‌ ബാബി​ലോൺ എന്ന മഹതി​യു​ടെ ഭാഗമായ എല്ലാ മതങ്ങളു​ടെ​യും വ്യാജാ​രാ​ധന അവനാണു ലഭിക്കു​ന്നത്‌. (2 കൊരി. 4:4) അത്തരത്തിൽ കോടി​ക്ക​ണ​ക്കിന്‌ ആളുക​ളു​ടെ ആരാധന ലഭിച്ചി​ട്ടും അവൻ സത്യാ​രാ​ധ​ക​രു​ടെ പുറ​കേ​യാണ്‌. അവരെ പ്രലോ​ഭി​പ്പിച്ച്‌ ദൈ​വേഷ്ടം ചെയ്യു​ന്ന​തിൽനിന്ന്‌ പിന്തി​രി​പ്പി​ക്കു​ക​യാണ്‌ അവന്റെ ലക്ഷ്യം. ‘നീതി നിമിത്തം കഷ്ടത സഹിച്ച്‌’ ഒരു ക്രിസ്‌ത്യാ​നി​യാ​യി ജീവി​ക്കു​ന്ന​തി​നു പകരം ഈ ലോക​ത്തി​ലെ സമ്പത്തി​ന്റെ​യും അധികാ​ര​ത്തി​ന്റെ​യും പിന്നാലെ പോകാ​നാണ്‌ അവൻ നമ്മളെ പ്രലോ​ഭി​പ്പി​ക്കു​ന്നത്‌. (1 പത്രോ. 3:14) ശുദ്ധാ​രാ​ധന ഉപേക്ഷിച്ച്‌ സാത്താന്റെ ലോക​ത്തി​ന്റെ ഭാഗമാ​കാ​നുള്ള പ്രലോ​ഭ​ന​ത്തി​നു വഴങ്ങി​യാൽ നമ്മൾ ഒരർഥ​ത്തിൽ സാത്താനെ വണങ്ങി അവനെ ആരാധി​ക്കു​ക​യാണ്‌, അവനെ നമ്മുടെ ദൈവ​മാ​ക്കു​ക​യാണ്‌. ആ പ്രലോ​ഭ​നത്തെ നമുക്ക്‌ എങ്ങനെ പ്രതി​രോ​ധി​ക്കാം?

10. മൂന്നാ​മത്തെ പ്രലോ​ഭ​ന​ത്തോ​ടു യേശു എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌, എന്തു​കൊണ്ട്‌?

10 മൂന്നാ​മത്തെ പ്രലോ​ഭ​ന​ത്തോ​ടു യേശു എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ച​തെന്നു നോക്കുക. “സാത്താനേ, ദൂരെ പോ!” എന്ന്‌ ഉടനടി പറഞ്ഞു​കൊണ്ട്‌ യേശു യഹോ​വ​യോ​ടുള്ള കറയറ്റ വിശ്വ​സ്‌തത തെളി​യി​ച്ചു. തുടർന്ന്‌ യേശു ആദ്യത്തെ രണ്ടു പ്രലോ​ഭ​ന​ങ്ങ​ളു​ടെ​യും കാര്യ​ത്തി​ലെ​ന്ന​പോ​ലെ ഇവി​ടെ​യും ആവർത്ത​ന​പുസ്‌ത​ക​ത്തിൽനിന്ന്‌ ദൈവ​ത്തി​ന്റെ പേരുള്ള ഒരു തിരു​വെ​ഴുത്ത്‌ ഉദ്ധരിച്ചു: “‘നിന്റെ ദൈവ​മായ യഹോ​വ​യെ​യാ​ണു നീ ആരാധി​ക്കേ​ണ്ടത്‌. ആ ദൈവത്തെ മാത്രമേ നീ സേവി​ക്കാ​വൂ’ എന്ന്‌ എഴുതി​യി​ട്ടുണ്ട്‌.” (മത്താ. 4:10; ആവ. 6:13) ഈ ലോക​ത്തി​ലെ, ആകർഷ​ക​മായ സ്ഥാനമാ​ന​ങ്ങ​ളോ കഷ്ടപ്പാ​ടു​ക​ളൊ​ന്നും ഇല്ലാത്ത സുഖജീ​വി​ത​മോ യേശു​വി​നെ പ്രലോ​ഭി​പ്പി​ച്ചില്ല. അതൊക്കെ ക്ഷണിക​മാ​ണെന്നു യേശു​വി​നു ബോധ്യ​മു​ണ്ടാ​യി​രു​ന്നു. അതിലും പ്രധാ​ന​മാ​യി, ആരാധി​ക്കേ​ണ്ടതു തന്റെ പിതാ​വി​നെ മാത്ര​മാ​ണെ​ന്നും ഒറ്റത്തവ​ണ​യെ​ങ്കി​ലും സാത്താനെ “ആരാധി​ച്ചാൽ” അത്‌ അവനു കീഴ്‌പെ​ടു​ന്ന​തി​നു തുല്യ​മാ​കു​മെ​ന്നും യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. ദുഷ്ടനായ ആ പ്രലോ​ഭ​കനെ തന്റെ ദൈവ​മാ​ക്കാൻ യേശു ഒട്ടും തയ്യാറാ​യില്ല. ഇങ്ങനെ​യൊ​രു തിരി​ച്ചടി നേരി​ട്ട​പ്പോൾ “പിശാച്‌ യേശു​വി​നെ വിട്ട്‌ പോയി.” c

“സാത്താനേ, ദൂരെ പോ!” (10-ാം ഖണ്ഡിക കാണുക)

11. സാത്താ​നെ​യും അവന്റെ പ്രലോ​ഭ​ന​ങ്ങ​ളെ​യും നമുക്ക്‌ എങ്ങനെ ചെറു​ത്തു​നിൽക്കാം?

11 സാത്താ​നെ​യും ഈ ദുഷ്ട​ലോ​ക​ത്തി​ന്റെ പ്രലോ​ഭ​ന​ങ്ങ​ളെ​യും ചെറു​ത്തു​നിൽക്കാൻ നമുക്കും കഴിയും. കാരണം യേശു​വി​നെ​പ്പോ​ലെ നമുക്കും തിര​ഞ്ഞെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യ​മുണ്ട്‌. യഹോവ നമുക്ക്‌ ഇച്ഛാസ്വാ​ത​ന്ത്ര്യം എന്ന അമൂല്യ​മായ സമ്മാനം തന്നിട്ടുണ്ട്‌. അതു​കൊ​ണ്ടു​തന്നെ ബലമായി സത്യാ​രാ​ധ​ന​യിൽനിന്ന്‌ നമ്മളെ അകറ്റാൻ ഒരു പ്രലോ​ഭ​ക​നും, എന്തിന്‌ ശക്തനായ ആ ദുഷ്ടാ​ത്മ​വ്യ​ക്തി​ക്കു​പോ​ലും, കഴിയില്ല. വിശ്വസ്‌ത​രാ​യി, ‘വിശ്വാ​സ​ത്തിൽ ഉറച്ചു​നിന്ന്‌ പിശാ​ചി​നോട്‌ എതിർത്തു​നിൽക്കു​മ്പോൾ’ ഒരർഥ​ത്തിൽ “സാത്താനേ, ദൂരെ പോ!” എന്നു പറയു​ക​യാ​ണു നമ്മൾ. (1 പത്രോ. 5:9) യേശു ശക്തമായി ചെറു​ത്തു​നി​ന്ന​പ്പോൾ സാത്താൻ യേശു​വി​നെ വിട്ട്‌ പോയി എന്ന്‌ ഓർക്കുക. സമാന​മാ​യി ബൈബിൾ നമുക്ക്‌ ഈ ഉറപ്പു തരുന്നു: “പിശാ​ചി​നോട്‌ എതിർത്തു​നിൽക്കുക. അപ്പോൾ പിശാച്‌ നിങ്ങളെ വിട്ട്‌ ഓടി​പ്പോ​കും.”​—യാക്കോ. 4:7.

സാത്താന്യലോകത്തിന്റെ പ്രലോ​ഭ​ന​ങ്ങളെ ചെറു​ക്ക​ണോ എന്നു നമുക്കു തീരു​മാ​നി​ക്കാ​നാ​കും (11, 19 ഖണ്ഡികകൾ കാണുക)

ശുദ്ധാ​രാ​ധ​ന​യു​ടെ ശത്രു

12. താനാണു ശുദ്ധാ​രാ​ധ​ന​യു​ടെ ശത്രു​വെന്ന്‌ ഏദെനിൽവെച്ച്‌ സാത്താൻ വെളി​പ്പെ​ടു​ത്തി​യത്‌ എങ്ങനെ?

12 ശുദ്ധാ​രാ​ധ​ന​യു​ടെ ആദ്യശ​ത്രു​വാ​യി​രു​ന്നു സാത്താൻ. അതു സ്ഥിരീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നു അവസാ​നത്തെ പ്രലോ​ഭനം. ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾക്കു മുമ്പ്‌ ഏദെൻ തോട്ട​ത്തിൽവെ​ച്ചാണ്‌ യഹോ​വയ്‌ക്ക്‌ ആരാധന കിട്ടു​ന്ന​തിൽ തനിക്കുള്ള വിദ്വേ​ഷം സാത്താൻ ആദ്യമാ​യി വെളി​പ്പെ​ടു​ത്തി​യത്‌. സാത്താൻ ആദ്യം ഹവ്വയെ വശീക​രി​ച്ചു. ഹവ്വയാ​കട്ടെ യഹോ​വ​യു​ടെ കല്‌പന ധിക്കരി​ക്കാൻ ആദാമി​നെ പ്രേരി​പ്പി​ച്ചു. അങ്ങനെ സാത്താൻ അവരുടെ നേതാ​വാ​യി. അവർ അവന്റെ നിയ​ന്ത്ര​ണ​ത്തി​ലു​മാ​യി. (ഉൽപത്തി 3:1-5 വായി​ക്കുക; 2 കൊരി. 11:3; വെളി. 12:9) തങ്ങളെ വഴി​തെ​റ്റി​ക്കു​ന്നത്‌ യഥാർഥ​ത്തിൽ ആരാ​ണെന്ന്‌ അവർക്ക്‌ ഒരുപക്ഷേ അറിയി​ല്ലാ​യി​രു​ന്നെ​ങ്കി​ലും സാത്താൻ അവരുടെ ദൈവ​വും അവർ അവന്റെ ആരാധ​ക​രും ആയിത്തീർന്നു എന്നതാണു വാസ്‌തവം. എന്നാൽ ഏദെനി​ലെ ആ ധിക്കാ​ര​ത്തി​നു വഴിമ​രു​ന്നി​ട്ട​തി​ലൂ​ടെ സാത്താൻ യഹോ​വ​യു​ടെ പരമാ​ധി​കാ​രത്തെ അഥവാ ഭരിക്കാ​നുള്ള അവകാ​ശത്തെ മാത്രമല്ല വെല്ലു​വി​ളി​ച്ചത്‌. അതു ശുദ്ധാ​രാ​ധ​ന​യു​ടെ നേർക്കുള്ള ഒരു ആക്രമ​ണ​വു​മാ​യി​രു​ന്നു. എങ്ങനെ?

13. പരമാ​ധി​കാ​ര​ത്തെ​ക്കു​റി​ച്ചുള്ള വിവാ​ദ​വി​ഷ​യ​വും ശുദ്ധാ​രാ​ധ​ന​യും തമ്മിൽ എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

13 പരമാ​ധി​കാ​ര​ത്തെ​ക്കു​റി​ച്ചുള്ള വിവാ​ദ​വി​ഷ​യ​ത്തിൽ ശുദ്ധാ​രാ​ധ​ന​യും ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. പരമാ​ധി​കാ​രി​യാ​യി​രി​ക്കാൻ ശരിക്കും യോഗ്യ​നായ, “എല്ലാം സൃഷ്ടിച്ച” ദൈവം മാത്ര​മാണ്‌ ആരാധ​നയ്‌ക്ക്‌ അർഹൻ. (വെളി. 4:11) ആദാമി​നെ​യും ഹവ്വയെ​യും പൂർണ​ത​യുള്ള വ്യക്തി​ക​ളാ​യി സൃഷ്ടിച്ച്‌ ഏദെൻ തോട്ട​ത്തിൽ ആക്കിയ​പ്പോൾ യഹോ​വ​യു​ടെ ഉദ്ദേശ്യം, കാല​ക്ര​മേണ ഭൂമി മുഴു​വ​നും പൂർണ​ത​യുള്ള മനുഷ്യ​രെ​ക്കൊണ്ട്‌ നിറയ​ണ​മെ​ന്നാ​യി​രു​ന്നു. അവർ മനസ്സോ​ടെ തന്നെ ആരാധി​ക്കു​മെ​ന്നും യഹോവ പ്രതീ​ക്ഷി​ച്ചു. അതെ, ശുദ്ധമായ ഹൃദയ​ത്തോ​ടെ​യുള്ള ശുദ്ധമായ ആരാധന! (ഉൽപ. 1:28) യഹോ​വ​യു​ടെ പരമാ​ധി​കാ​രത്തെ സാത്താൻ വെല്ലു​വി​ളി​ച്ചത്‌, പരമാ​ധി​കാ​രി​യായ യഹോ​വയ്‌ക്കു മാത്രം അർഹത​പ്പെട്ട ഒരു കാര്യം മോഹി​ച്ച​തു​കൊ​ണ്ടാണ്‌. എന്തായി​രു​ന്നു അത്‌? ആരാധന!​—യാക്കോ. 1:14, 15.

14. ശുദ്ധാ​രാ​ധ​ന​യു​ടെ നേർക്കുള്ള ആക്രമ​ണ​ത്തിൽ സാത്താൻ വിജയി​ച്ചോ? വിശദീ​ക​രി​ക്കുക.

14 ശുദ്ധാ​രാ​ധ​ന​യു​ടെ നേർക്കുള്ള ആക്രമ​ണ​ത്തിൽ സാത്താൻ വിജയി​ച്ചോ? ആദാമി​നെ​യും ഹവ്വയെ​യും ദൈവ​ത്തിൽനിന്ന്‌ അകറ്റാൻ സാത്താനു കഴിഞ്ഞു. അന്നുമു​തൽ ഇങ്ങോട്ട്‌ ദൈവ​മായ യഹോ​വ​യിൽനിന്ന്‌ കഴിയു​ന്നത്ര ആളുകളെ അകറ്റാൻ ലക്ഷ്യമിട്ട്‌ സാത്താൻ സത്യാ​രാ​ധ​നയ്‌ക്കെ​തി​രെ ഒരു പോരാ​ട്ട​ത്തി​ലാണ്‌. ക്രിസ്‌തു​വി​നു മുമ്പുള്ള കാലത്ത്‌ സാത്താൻ യഹോ​വ​യു​ടെ ആരാധ​കരെ പ്രലോ​ഭി​പ്പി​ക്കാൻ അക്ഷീണം ശ്രമി​ച്ചു​കൊ​ണ്ടി​രു​ന്നു. ഒന്നാം നൂറ്റാ​ണ്ടിൽ വിശ്വാ​സ​ത്യാ​ഗം ഇളക്കി​വി​ട്ടു​കൊണ്ട്‌ ആ ദുഷ്ടൻ ക്രിസ്‌തീ​യ​സ​ഭയെ ദുഷി​പ്പി​ച്ചു. അങ്ങനെ ഒരു ഘട്ടത്തിൽ ശുദ്ധാ​രാ​ധന വേരറ്റു​പോ​യ​താ​യി​പ്പോ​ലും തോന്നി. (മത്താ. 13:24-30, 36-43; പ്രവൃ. 20:29, 30) രണ്ടാം നൂറ്റാ​ണ്ടിൽ സത്യാ​രാ​ധകർ വ്യാജ​മ​ത​ലോ​ക​സാ​മ്രാ​ജ്യ​മായ ബാബി​ലോൺ എന്ന മഹതി​യു​ടെ അടിമ​ത്ത​ത്തി​ലാ​യി. ആത്മീയ​മായ ആ അടിമത്തം ദീർഘ​കാ​ലം തുടർന്നു. പക്ഷേ ശുദ്ധാ​രാ​ധ​ന​യെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യം പരാജ​യ​പ്പെ​ടു​ത്താൻ സാത്താനു കഴിഞ്ഞി​ട്ടില്ല. തന്റെ ഉദ്ദേശ്യം നടപ്പാ​ക്കു​ന്ന​തിൽനിന്ന്‌ ദൈവത്തെ തടയാൻ ഒന്നിനു​മാ​കില്ല. (യശ. 46:10; 55:8-11) ഈ വിഷയ​ത്തിൽ ദൈവ​ത്തി​ന്റെ പേര്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നെന്ന്‌ ഓർക്കുക. യഹോവ എപ്പോ​ഴും തന്റെ പേരിന്റെ അർഥത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്ന​വ​നു​മാണ്‌. തന്റെ ഉദ്ദേശ്യം നടപ്പാ​ക്കു​ന്ന​തിൽ യഹോ​വയ്‌ക്ക്‌ ഒരിക്ക​ലും പിഴവ്‌ പറ്റില്ല.

ശുദ്ധാ​രാ​ധ​ന​യു​ടെ പോരാ​ളി

15. ഏദെൻ തോട്ട​ത്തിൽവെച്ച്‌ ആദ്യദ​മ്പ​തി​കൾ ധിക്കാരം കാട്ടി​യ​പ്പോൾ, തന്റെ ഉദ്ദേശ്യം നടപ്പാ​കു​മെന്ന്‌ ഉറപ്പു​വ​രു​ത്താൻ യഹോവ എന്തു നടപടി​കൾ സ്വീക​രി​ച്ചു?

15 ഏദെൻ തോട്ട​ത്തിൽവെച്ച്‌ ആദ്യദ​മ്പ​തി​കൾ ധിക്കാരം കാട്ടി​യ​പ്പോൾ, തന്റെ ഉദ്ദേശ്യം നടപ്പാ​കു​മെന്ന്‌ ഉറപ്പു​വ​രു​ത്താൻ യഹോവ പെട്ടെ​ന്നു​തന്നെ നടപടി​കൾ സ്വീക​രി​ച്ചു. (ഉൽപത്തി 3:14-19 വായി​ക്കുക.) ആദാമും ഹവ്വയും ആ തോട്ട​ത്തിൽ ആയിരി​ക്കു​മ്പോൾത്തന്നെ യഹോവ ആ മൂന്നു ധിക്കാ​രി​കൾക്കും അവർ പാപം ചെയ്‌ത ക്രമത്തിൽ ശിക്ഷ വിധിച്ചു—ആദ്യം സാത്താ​നും പിന്നെ ഹവ്വയ്‌ക്കും ഒടുവിൽ ആദാമി​നും. അണിയ​റ​യിൽ ഇരുന്ന്‌ ചരടു വലിച്ച സാത്താ​നോ​ടാ​യി യഹോവ, ധിക്കാ​ര​ത്തി​ന്റെ പരിണ​ത​ഫ​ലങ്ങൾ ഇല്ലാതാ​ക്കുന്ന ഒരു “സന്തതി” വരുന്ന​തി​നെ​ക്കു​റിച്ച്‌ മുൻകൂ​ട്ടി​പ്പ​റഞ്ഞു. ശുദ്ധാ​രാ​ധ​ന​യെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യം നടപ്പാ​ക്കു​ന്ന​തിൽ ആ “സന്തതി” ഒരു പ്രധാ​ന​പങ്കു വഹിക്കു​മാ​യി​രു​ന്നു.

16. ഏദെനി​ലെ ധിക്കാ​ര​ത്തി​നു ശേഷവും യഹോവ തന്റെ ഉദ്ദേശ്യ​വു​മാ​യി മുന്നോ​ട്ടു പോയത്‌ എങ്ങനെ?

16 ഏദെനിൽ അവർ ദൈവത്തെ ധിക്കരി​ച്ചെ​ങ്കി​ലും യഹോവ തന്റെ ഉദ്ദേശ്യ​വു​മാ​യി മുന്നോ​ട്ടു​തന്നെ പോയി. സ്വീകാ​ര്യ​മായ രീതി​യിൽ അപൂർണ​മ​നു​ഷ്യർക്കു തന്നെ ആരാധി​ക്കാൻ വേണ്ട ക്രമീ​ക​ര​ണങ്ങൾ ദൈവം ചെയ്‌തു. അടുത്ത അധ്യാ​യ​ത്തിൽ നമ്മൾ അതാണു കാണാൻപോ​കു​ന്നത്‌. (എബ്രാ. 11:4–12:1) കൂടാതെ യശയ്യ, യിരെമ്യ, യഹസ്‌കേൽ എന്നിവ​രെ​പ്പോ​ലുള്ള അനേകം ബൈബി​ളെ​ഴു​ത്തു​കാ​രി​ലൂ​ടെ ദൈവം ശുദ്ധാ​രാ​ധ​ന​യു​ടെ പുനഃ​സ്ഥാ​പ​ന​ത്തെ​ക്കു​റിച്ച്‌ ആവേശ​ജ​ന​ക​മായ നിരവധി പ്രവച​നങ്ങൾ രേഖ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. ബൈബി​ളി​ലെ കേന്ദ്ര​വി​ഷ​യ​ങ്ങ​ളിൽ ഒന്നായ പുനഃ​സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ചുള്ള ആ പ്രവച​ന​ങ്ങ​ളെ​ല്ലാം നിറ​വേ​റ്റു​ന്ന​തോ? ദൈവം വാഗ്‌ദാ​നം ചെയ്‌ത ‘സന്തതി​യും.’ അതു പ്രധാ​ന​മാ​യും യേശു​ക്രിസ്‌തു​വാ​ണെന്നു പിൽക്കാ​ലത്ത്‌ വ്യക്തമാ​യി. (ഗലാ. 3:16) യേശു​വാ​ണു ശുദ്ധാ​രാ​ധ​ന​യു​ടെ പോരാ​ളി. തനിക്കു​ണ്ടായ മൂന്നാ​മത്തെ പ്രലോ​ഭ​ന​ത്തി​നു യേശു നൽകിയ മറുപടി അതാണു തെളി​യി​ക്കു​ന്നത്‌. അതെ, ശുദ്ധാ​രാ​ധ​ന​യു​ടെ പുനഃ​സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ചുള്ള പ്രവച​നങ്ങൾ നിറ​വേ​റ്റാൻ യഹോവ യേശു​വി​നെ​യാ​ണു തിര​ഞ്ഞെ​ടു​ത്ത​തെന്നു വ്യക്തം. (വെളി. 19:10) ദൈവ​ജ​നത്തെ ആത്മീയ​മായ അടിമ​ത്ത​ത്തിൽനിന്ന്‌ വിടു​വി​ക്കു​ന്ന​തും ശുദ്ധാ​രാ​ധന യഥാസ്ഥാ​നത്ത്‌ പുനഃ​സ്ഥാ​പി​ക്കു​ന്ന​തും യേശു ആയിരി​ക്കും.

നിങ്ങളു​ടെ തീരു​മാ​നം എന്താണ്‌?

17. ശുദ്ധാ​രാ​ധ​ന​യു​ടെ പുനഃ​സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ചുള്ള ബൈബിൾപ്ര​വ​ച​നങ്ങൾ നമുക്കു പ്രിയ​പ്പെ​ട്ട​താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

17 ശുദ്ധാ​രാ​ധ​ന​യു​ടെ പുനഃ​സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ചുള്ള ബൈബിൾപ്ര​വ​ച​നങ്ങൾ പരി​ശോ​ധി​ക്കു​ന്നതു വിശ്വാ​സത്തെ ബലപ്പെ​ടു​ത്തുന്ന, ആവേശ​ക​ര​മായ ഒരു കാര്യ​മാണ്‌. ആ പ്രവച​നങ്ങൾ നമുക്കു വളരെ പ്രിയ​പ്പെ​ട്ട​വ​യാണ്‌. കാരണം പരമാ​ധി​കാ​രി​യായ യഹോ​വയെ സ്വർഗ​ത്തി​ലും ഭൂമി​യി​ലും ഉള്ള എല്ലാ സൃഷ്ടി​ക​ളും ആരാധി​ക്കുന്ന കാലത്തി​നാ​യി ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്ന​വ​രാ​ണു നമ്മൾ. ദൈവ​വ​ച​ന​ത്തി​ലുള്ള ഏറ്റവും ഹൃദ​യോഷ്‌മ​ള​മായ ചില വാഗ്‌ദാ​നങ്ങൾ ആ പ്രവച​ന​ങ്ങ​ളിൽ അടങ്ങി​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ അവ നമ്മിൽ പ്രത്യാ​ശ​യും നിറയ്‌ക്കു​ന്നു. കാരണം മരിച്ചു​പോയ നമ്മുടെ പ്രിയ​പ്പെ​ട്ടവർ പുനരു​ത്ഥാ​ന​പ്പെ​ടു​മെ​ന്നും ഭൂമി മുഴുവൻ പറുദീ​സ​യാ​യി മാറു​മെ​ന്നും നമ്മളെ​ല്ലാം നല്ല ആരോ​ഗ്യ​ത്തോ​ടെ നിത്യ​മാ​യി ജീവി​ക്കു​മെ​ന്നും യഹോവ വാഗ്‌ദാ​നം ചെയ്‌തി​ട്ടുണ്ട്‌. ഇത്തരം പ്രവച​ന​ങ്ങ​ളെ​ല്ലാം നിറ​വേ​റി​ക്കാ​ണാൻ ആർക്കാണ്‌ ആഗ്രഹ​മി​ല്ലാ​ത്തത്‌?​—യശ. 33:24; 35:5, 6; വെളി. 20:12, 13; 21:3, 4.

18. ഈ പ്രസി​ദ്ധീ​ക​ര​ണ​ത്തിൽ നമ്മൾ എന്തു പഠിക്കും?

18 ഈ പ്രസി​ദ്ധീ​ക​ര​ണ​ത്തിൽ യഹസ്‌കേൽ എന്ന ബൈബിൾപുസ്‌ത​ക​ത്തി​ലെ ആവേശ​ജ​ന​ക​മായ പ്രവച​ന​ങ്ങ​ളാ​ണു നമ്മൾ പരി​ശോ​ധി​ക്കാൻപോ​കു​ന്നത്‌. അവയിൽ മിക്കതും ശുദ്ധാ​രാ​ധ​ന​യു​ടെ പുനഃ​സ്ഥാ​പ​നത്തെ കേന്ദ്രീ​ക​രി​ച്ചാണ്‌. യഹസ്‌കേ​ലി​ന്റെ പ്രവച​നങ്ങൾ മറ്റു പ്രവച​ന​ങ്ങ​ളു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും അവ ക്രിസ്‌തു​വി​ലൂ​ടെ എങ്ങനെ നിറ​വേ​റു​മെ​ന്നും അവയുടെ നിവൃ​ത്തി​യിൽ നമ്മൾ എങ്ങനെ ഉൾപ്പെ​ട്ടി​രി​ക്കു​ന്നെ​ന്നും ഈ പുസ്‌തകം ചർച്ച ചെയ്യും.​—“യഹസ്‌കേൽ​—ഒരു അവലോ​കനം” എന്ന ചതുരം കാണുക.

19. എന്താണു നിങ്ങളു​ടെ തീരു​മാ​നം, എന്തു​കൊണ്ട്‌?

19 യേശു ശുദ്ധാരാധന ഉപേക്ഷി​ക്കു​ന്നതു കാണാൻ എ.ഡി. 29-ൽ യഹൂദ്യ വിജന​ഭൂ​മി​യിൽവെച്ച്‌ സാത്താൻ നടത്തിയ ശ്രമം അമ്പേ പരാജ​യ​പ്പെട്ടു. എന്നാൽ നമ്മുടെ കാര്യ​മോ? സത്യാ​രാ​ധ​ന​യിൽനിന്ന്‌ നമ്മളെ അകറ്റി​ക്ക​ള​യാൻ സാത്താൻ മുമ്പെ​ന്ന​ത്തേ​തി​ലും വീറോ​ടെ​യാണ്‌ ഇന്നു പ്രവർത്തി​ക്കു​ന്നത്‌. (വെളി. 12:12, 17) ആ ദുഷ്ട​പ്ര​ലോ​ഭ​കനെ ചെറു​ത്തു​നിൽക്കാ​നുള്ള നമ്മുടെ തീരു​മാ​ന​ത്തിന്‌ ഈ പ്രസി​ദ്ധീ​ക​രണം കരു​ത്തേ​കട്ടെ. “നിന്റെ ദൈവ​മായ യഹോ​വ​യെ​യാ​ണു നീ ആരാധി​ക്കേ​ണ്ടത്‌” എന്ന വാക്കുകൾ ശിരസ്സാ​വ​ഹി​ക്കു​ന്ന​വ​രാ​ണു നമ്മളെന്നു നമ്മുടെ വാക്കു​ക​ളും പ്രവൃ​ത്തി​ക​ളും തെളി​യി​ക്കട്ടെ. അങ്ങനെ​യെ​ങ്കിൽ യഹോ​വ​യു​ടെ മഹത്തായ ഉദ്ദേശ്യം ഭാവി​യിൽ നിറ​വേ​റു​മ്പോൾ അതിനു സാക്ഷ്യം വഹിക്കാൻ നമ്മളും അവി​ടെ​യു​ണ്ടാ​കും. അന്നു സ്വർഗ​ത്തി​ലും ഭൂമി​യി​ലും ഉള്ള എല്ലാവ​രും യഹോവ അർഹി​ക്കു​ന്ന​തു​തന്നെ യഹോ​വയ്‌ക്കു നൽകും​—ശുദ്ധമായ ഹൃദയ​ങ്ങ​ളിൽനി​ന്നുള്ള ശുദ്ധമായ ആരാധന!

a യഹോവ എന്ന പേരിന്റെ അർഥം, “ആയിത്തീ​രാൻ അവൻ ഇടയാ​ക്കു​ന്നു” എന്നാ​ണെന്നു കരുത​പ്പെ​ടു​ന്നു. യഹോവ സ്രഷ്ടാ​വും തന്റെ ഉദ്ദേശ്യ​ങ്ങ​ളെ​ല്ലാം നടപ്പാ​ക്കു​ന്ന​വ​നും ആയതു​കൊണ്ട്‌ ഈ പേര്‌ എന്തു​കൊ​ണ്ടും അനു​യോ​ജ്യ​മാണ്‌.

b സാത്താന്റെ വാക്കു​ക​ളെ​ക്കു​റിച്ച്‌ ഒരു ആധികാ​രി​ക​ഗ്രന്ഥം ഇങ്ങനെ പറയുന്നു: “ആദാമും ഹവ്വയും പരാജ​യ​പ്പെട്ട ആ ആദ്യപ​രി​ശോ​ധ​ന​യു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ . . . ഇവി​ടെ​യും ചോദ്യം ഇതാണ്‌: ഒരാൾ സാത്താന്റെ ഇഷ്ടം ചെയ്യു​മോ അതോ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​മോ? മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, അയാൾ ഇതിൽ ആർക്ക്‌ ആരാധന കൊടു​ക്കും? ശരിക്കും സാത്താൻ അഹങ്കാ​ര​ത്തോ​ടെ തന്നെത്തന്നെ സത്യ​ദൈ​വ​ത്തി​ന്റെ സ്ഥാനത്ത്‌ പ്രതിഷ്‌ഠി​ച്ചി​രി​ക്കു​ക​യാണ്‌.”

c ലൂക്കോ​സി​ന്റെ സുവി​ശേ​ഷ​ത്തിൽ പ്രലോ​ഭ​നങ്ങൾ മറ്റൊരു ക്രമത്തി​ലാ​ണു കൊടു​ത്തി​രി​ക്കു​ന്നത്‌. എന്നാൽ തെളി​വ​നു​സ​രിച്ച്‌ സംഭവങ്ങൾ അവ നടന്ന ക്രമത്തിൽത്തന്നെ കൊടു​ത്തി​രി​ക്കു​ന്നതു മത്തായി​യാണ്‌. അങ്ങനെ പറയാൻ മൂന്നു കാരണ​ങ്ങ​ളുണ്ട്‌. (1) മത്തായി രണ്ടാമത്തെ പ്രലോ​ഭ​ന​ത്തെ​ക്കു​റിച്ച്‌ വിവരി​ച്ചു​തു​ട​ങ്ങു​ന്നതു “പിന്നെ” എന്നു പറഞ്ഞു​കൊ​ണ്ടാണ്‌. അതിൽനിന്ന്‌ അതുത​ന്നെ​യാ​ണു രണ്ടാമതു നടന്ന​തെന്നു നമുക്ക്‌ ഊഹി​ക്കാം. എന്നാൽ ലൂക്കോസ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു മറ്റൊരു ഗ്രീക്കു​പ​ദ​മാണ്‌. (2) പത്തു കല്‌പ​ന​ക​ളിൽ ആദ്യ​ത്തേതു ലംഘി​ക്കാ​നുള്ള പ്രലോ​ഭനം ഒരു മറയു​മി​ല്ലാ​തെ​യാ​ണു സാത്താൻ അവതരി​പ്പി​ച്ച​തെന്നു ശ്രദ്ധി​ക്കുക. സ്വാഭാ​വി​ക​മാ​യും തന്ത്രപ​ര​മായ ആ രണ്ടു പ്രലോ​ഭ​നങ്ങൾ (അതായത്‌, “നീ ഒരു ദൈവ​പു​ത്ര​നാ​ണെ​ങ്കിൽ . . . ” എന്ന വാക്കു​ക​ളോ​ടെ തുടങ്ങുന്ന പ്രലോ​ഭ​നങ്ങൾ.) പരീക്ഷി​ച്ച​ശേ​ഷ​മാ​യി​രി​ക്കണം സാത്താൻ അങ്ങനെ​യൊ​രു നീക്കത്തി​നു മുതിർന്നത്‌. (പുറ. 20:2, 3) (3) സ്വാഭാ​വി​ക​മാ​യും മൂന്നാ​മ​ത്തേ​തും അവസാ​ന​ത്തേ​തും ആയ പ്രലോ​ഭ​ന​ത്തി​നു ശേഷമാ​യി​രി​ക്കും യേശു “സാത്താനേ, ദൂരെ പോ!” എന്നു പറഞ്ഞി​ട്ടു​ണ്ടാ​കുക.​—മത്ത. 4:5, 10, 11.