വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 3

“ഞാൻ ദിവ്യ​ദർശ​നങ്ങൾ കണ്ടുതു​ടങ്ങി”

“ഞാൻ ദിവ്യ​ദർശ​നങ്ങൾ കണ്ടുതു​ടങ്ങി”

യഹസ്‌കേൽ 1:1

മുഖ്യവിഷയം: സ്വർഗീ​യ​ര​ഥ​ത്തെ​ക്കു​റി​ച്ചുള്ള യഹസ്‌കേ​ലി​ന്റെ ദിവ്യ​ദർശനം​—ഒരു അവലോ​ക​നം

1-3. (എ) യഹസ്‌കേൽ കണ്ടതും കേട്ടതും ആയ കാര്യങ്ങൾ വിവരി​ക്കുക. (അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തി​ലെ ചിത്രം കാണുക.) (ബി) അതിനു പിന്നിൽ പ്രവർത്തിച്ച ശക്തി ഏതായി​രു​ന്നു, അത്‌ യഹസ്‌കേ​ലി​നെ എങ്ങനെ ബാധിച്ചു?

 വിശാ​ല​മായ മണൽപ്പ​ര​പ്പിന്‌ അപ്പുറത്തെ ചക്രവാ​ള​ത്തി​ലേക്കു കണ്ണിമയ്‌ക്കാ​തെ ഉറ്റു​നോ​ക്കു​ക​യാണ്‌ യഹസ്‌കേൽ. പെട്ടെ​ന്നൊ​രു കാഴ്‌ച കണ്ട്‌ യഹസ്‌കേ​ലി​ന്റെ കണ്ണുകൾ വിടർന്നു. അദ്ദേഹ​ത്തിന്‌ അതു വിശ്വ​സി​ക്കാ​നാ​കു​ന്നില്ല. അവിടെ, അങ്ങ്‌ വടക്ക്‌ ഒരു കൊടു​ങ്കാ​റ്റു രൂപം​കൊ​ള്ളു​ക​യാണ്‌, അസാധാ​ര​ണ​മായ ഒരു കാഴ്‌ച! മുടി​യി​ഴ​ക​ളാ​കെ പാറി​പ്പ​റ​ക്കു​ന്നു, വസ്‌ത്രം ഉലഞ്ഞാ​ടു​ന്നു. അതാ, ഭീമാ​കാ​ര​മായ ഒരു മേഘ​ഗോ​പു​രം. അതിൽ തീ മിന്നുന്നു. ഉരുക്കി​യെ​ടുത്ത സ്വർണ​ത്തി​ന്റേ​തു​പോ​ലുള്ള പ്രഭയാണ്‌ അതിന്‌. a അതി​വേ​ഗ​ത്തിൽ അത്‌ യഹസ്‌കേ​ലി​ന്റെ നേർക്കു വരുക​യാണ്‌. ഒരു ശബ്ദവും കേൾക്കാം, വൻസൈ​ന്യ​ത്തി​ന്റെ ആരവം​പോ​ലൊന്ന്‌. അനുനി​മി​ഷം അതു കൂടി​ക്കൂ​ടി​വ​രു​ന്നു.​—യഹ. 1:4, 24.

2 അവിസ്‌മ​ര​ണീ​യ​മായ ഒരു അനുഭവം! “യഹോ​വ​യു​ടെ കൈ” തന്റെ മേൽ വന്നതായി, ആർക്കും തടുക്കാ​നാ​കാത്ത യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാ​വി​ന്റെ ശക്തി തന്നിൽ പ്രവർത്തി​ക്കു​ന്ന​താ​യി, അദ്ദേഹ​ത്തിന്‌ അനുഭ​വ​പ്പെട്ടു. ഏതാണ്ട്‌ 30 വയസ്സുള്ള ആ ചെറു​പ്പ​ക്കാ​രന്റെ ജീവി​ത​ത്തിൽ ഇതു​പോ​ലുള്ള ധാരാളം അനുഭ​വങ്ങൾ ആവർത്തി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ഇന്നത്തെ ചലച്ചി​ത്ര​ലോ​കം ആധുനി​ക​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സഹായ​ത്തോ​ടെ ഒരുക്കുന്ന ഏതൊരു ദൃശ്യ​വിസ്‌മ​യ​ത്തെ​യും നിഷ്‌പ്ര​ഭ​മാ​ക്കു​ന്ന​താ​യി​രു​ന്നു അദ്ദേഹം കാണാ​നും കേൾക്കാ​നും പോകുന്ന കാര്യങ്ങൾ. ആ ദിവ്യ​ദർശനം കണ്ടപ്പോ​ഴോ? ആകെ പരി​ഭ്ര​മി​ച്ചു​പോയ യഹസ്‌കേൽ നിലത്ത്‌ “കമിഴ്‌ന്നു​വീ​ണു.”​—യഹ. 1:3, 28.

3 എന്നാൽ യഹസ്‌കേ​ലിൽ ഭയാദ​രവ്‌ ജനിപ്പി​ക്കാൻവേണ്ടി മാത്ര​മാ​യി​രു​ന്നോ യഹോവ ഇതു ചെയ്‌തത്‌? അല്ല. ആവേശ​ജ​ന​ക​മായ ആ പ്രവച​ന​പുസ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മറ്റെല്ലാ ദിവ്യ​ദർശ​ന​ങ്ങ​ളെ​യും​പോ​ലെ​തന്നെ ഇതും അർഥസ​മ്പു​ഷ്ട​മാണ്‌; യഹസ്‌കേൽ കണ്ട ആ ആദ്യദർശ​ന​ത്തിൽനിന്ന്‌ അദ്ദേഹ​ത്തി​നും യഹോ​വ​യു​ടെ ഇന്നത്തെ വിശ്വസ്‌ത​ദാ​സ​ന്മാർക്കും ധാരാളം പാഠങ്ങൾ പഠിക്കാ​നു​ണ്ടാ​യി​രു​ന്നു. നമുക്ക്‌ ഇപ്പോൾ ആ ദിവ്യ​ദർശനം ഒന്ന്‌ അടുത്ത്‌ പരി​ശോ​ധി​ച്ചാ​ലോ?

സാഹച​ര്യം

4, 5. യഹസ്‌കേ​ലി​നു ദിവ്യ​ദർശനം ലഭിച്ച​പ്പോ​ഴത്തെ സാഹച​ര്യം എന്തായി​രു​ന്നു?

4 യഹസ്‌കേൽ 1:1-3 വായി​ക്കുക. നമുക്ക്‌ ആദ്യം അന്നത്തെ സാഹച​ര്യം ഒന്നു നോക്കാം. വർഷം ബി.സി. 613. കഴിഞ്ഞ അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ യഹസ്‌കേൽ ഇപ്പോൾ ബാബി​ലോ​ണിൽ, തന്നോ​ടൊ​പ്പം ബന്ദിക​ളാ​യി കൊണ്ടു​പോ​ന്ന​വ​രു​ടെ ഇടയിൽ കഴിയു​ക​യാണ്‌. കെബാർ നദീതീ​ര​ത്താണ്‌ അവർ താമസി​ക്കു​ന്നത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ യൂഫ്ര​ട്ടീസ്‌ നദിയു​ടെ കൈവ​ഴി​യാ​യി വെട്ടി​യു​ണ്ടാ​ക്കിയ, ഗതാഗ​ത​യോ​ഗ്യ​മായ ഒരു കനാലാ​യി​രു​ന്നു ഇത്‌. അതു വീണ്ടും യൂഫ്ര​ട്ടീസ്‌ നദിയിൽത്തന്നെ ചേർന്നി​രു​ന്ന​താ​യും കരുത​പ്പെ​ടു​ന്നു.

ബന്ദികളായി കൊണ്ടു​പോ​ന്ന​വ​രോ​ടൊ​പ്പം കെബാർ നദീതീ​ര​ത്താണ്‌ യഹസ്‌കേൽ താമസി​ച്ചത്‌ (4-ാം ഖണ്ഡിക കാണുക)

5 അവരുടെ സ്വദേ​ശ​മായ യരുശ​ലേം ഏതാണ്ട്‌ 800 കിലോമീറ്റർ അകലെയാണ്‌. b യഹസ്‌കേ​ലി​ന്റെ പിതാവ്‌ ഒരു പുരോ​ഹി​ത​നാ​യി സേവി​ച്ചി​രുന്ന ആ ദേവാ​ലയം അധഃപ​തിച്ച്‌ വിഗ്ര​ഹാ​രാ​ധ​ന​യു​ടെ കേന്ദ്ര​മാ​യി മാറി​യി​രി​ക്കു​ന്നു. ദാവീ​ദും ശലോ​മോ​നും പ്രൗഢി​യോ​ടെ വാണി​രുന്ന യരുശ​ലേ​മി​ലെ സിംഹാ​സനം ഇപ്പോൾ അപമാ​ന​ത്തി​ന്റെ ഒരു പ്രതീ​ക​മാണ്‌. അവിശ്വസ്‌ത​നായ യഹോ​യാ​ഖീൻ രാജാ​വാ​കട്ടെ ആ ബന്ദിക​ളോ​ടൊ​പ്പം ബാബി​ലോ​ണിൽ കഴിയു​ന്നു. അദ്ദേഹ​ത്തി​നു പകരം അധികാ​ര​ത്തി​ലേ​റിയ സിദെ​ക്കിയ, ദുഷ്ടനും ബാബി​ലോൺരാ​ജാ​വി​ന്റെ കൈയി​ലെ വെറു​മൊ​രു കളിപ്പാ​വ​യും ആയിരു​ന്നു.​—2 രാജാ. 24:8-12, 17, 19.

6, 7. യഹസ്‌കേ​ലി​നു നിരാശ തോന്നി​യി​രി​ക്കാൻ സാധ്യ​ത​യു​ള്ളത്‌ എന്തു​കൊണ്ട്‌?

6 യഹസ്‌കേ​ലി​നെ​പ്പോ​ലെ വിശ്വസ്‌ത​നായ ഒരു മനുഷ്യന്‌ ഇത്ര​യേറെ നിരാശ തോന്നിയ സന്ദർഭം വേറെ കാണില്ല. അദ്ദേഹ​ത്തോ​ടൊ​പ്പം ബന്ദിക​ളാ​യി പോയ ചിലർക്ക്‌ ഇങ്ങനെ തോന്നി​ക്കാ​ണും: ‘യഹോവ നമ്മളെ തീർത്തും ഉപേക്ഷി​ച്ചോ? വ്യാജ​ദൈ​വ​ങ്ങ​ളു​ടെ കേന്ദ്ര​മായ ബാബി​ലോൺ എന്ന ഈ ദുഷ്ടശക്തി യഹോ​വ​യു​ടെ ശുദ്ധാ​രാ​ധ​നയെ ഇല്ലായ്‌മ ചെയ്യു​മോ, അവർ ദൈവ​ത്തി​ന്റെ ഭരണം ഭൂമി​യിൽനിന്ന്‌ തുടച്ചു​നീ​ക്കു​മോ?’

7 മുമ്പ്‌ പറഞ്ഞ വിശദാം​ശങ്ങൾ മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌ ഈ വിഷയ​ത്തെ​ക്കു​റി​ച്ചുള്ള വ്യക്തി​പ​ര​മായ പഠനം തുടങ്ങ​രു​തോ? ആദ്യം​തന്നെ ഉജ്ജ്വല​മായ ആ വിവരണം ഒന്നു മനസ്സി​രു​ത്തി വായി​ക്കുക. (യഹ. 1:4-28) വായി​ച്ചു​പോ​കു​മ്പോൾ നിങ്ങൾ യഹസ്‌കേ​ലി​ന്റെ സ്ഥാനത്താ​ണെന്നു സങ്കൽപ്പി​ക്കുക. അദ്ദേഹം കണ്ടതു നിങ്ങളും കാണുക, അദ്ദേഹം കേട്ടതു നിങ്ങളും കേൾക്കുക!

കർക്കെമീശ്‌ പ്രദേശത്തിന്‌ അടുത്തുകൂടെ ഒഴുകുന്ന യൂഫ്രട്ടീസ്‌ നദി (5-7 ഖണ്ഡികകൾ കാണുക)

അസാധാ​ര​ണ​മായ ഒരു വാഹനം

8. യഹസ്‌കേൽ കണ്ട ദിവ്യ​ദർശനം എന്തായി​രു​ന്നു, അത്‌ എന്തിനെ അർഥമാ​ക്കി?

8 യഹസ്‌കേൽ ശരിക്കും എന്താണു കണ്ടത്‌? വാഹനം​പോ​ലുള്ള ഒരു രൂപം. ആരിലും ഭയാദ​രവ്‌ ജനിപ്പി​ക്കുന്ന, അസാമാ​ന്യ​വ​ലു​പ്പ​മുള്ള അതിനെ ഒരു രഥം എന്നപോ​ലെ​യാ​ണു വർണി​ച്ചി​രി​ക്കു​ന്നത്‌. അതിഗം​ഭീ​ര​മായ നാലു ചക്രം അതിനു​ണ്ടാ​യി​രു​ന്നു, ഓരോ​ന്നി​നും ഒപ്പം അസാധാ​ര​ണ​രൂ​പ​മുള്ള നാല്‌ ആത്മജീ​വി​ക​ളും. അവ കെരൂ​ബു​ക​ളാ​ണെന്നു പിന്നീടു പറഞ്ഞി​ട്ടുണ്ട്‌. (യഹ. 10:1) അവയുടെ മുകളിൽ മഞ്ഞുപാ​ളി​പോ​ലെ തോന്നി​ക്കുന്ന ഒരു വലിയ വിതാനം അഥവാ തട്ടു കാണാ​മാ​യി​രു​ന്നു. അതിനും മുകളിൽ ദൈവ​ത്തി​ന്റെ മഹത്ത്വ​മാർന്ന സിംഹാ​സനം. സിംഹാ​സ​ന​ത്തിൽ യഹോവ ഉപവി​ഷ്ട​നാ​യി​രു​ന്നു! എന്നാൽ ഈ രഥം എന്തി​നെ​യാണ്‌ അർഥമാ​ക്കി​യത്‌? യഹസ്‌കേൽ കണ്ട കാര്യങ്ങൾ യഹോ​വ​യു​ടെ മഹത്ത്വ​മാർന്ന സാർവ​ത്രി​ക​സം​ഘ​ട​ന​യു​ടെ സ്വർഗീ​യ​ഭാ​ഗ​ത്തെ​യാ​ണു കുറി​ക്കു​ന്ന​തെന്നു പറയാ​നാ​കും. എന്തു​കൊണ്ട്‌? അങ്ങനെ നിഗമനം ചെയ്യാ​നുള്ള മൂന്നു കാരണങ്ങൾ നമുക്കു നോക്കാം.

9. തന്റെ സ്വർഗീ​യ​സൃ​ഷ്ടി​ക​ളു​ടെ മേൽ യഹോ​വയ്‌ക്കുള്ള അധികാ​രത്തെ, ഒരു വാഹന​ത്തെ​ക്കു​റിച്ചുള്ള വിവര​ണ​വു​മാ​യി താരത​മ്യ​പ്പെ​ടു​ത്താ​വു​ന്നത്‌ എന്തു​കൊണ്ട്‌?

9 തന്റെ സ്വർഗീ​യ​സൃ​ഷ്ടി​ക​ളു​ടെ മേൽ യഹോ​വയ്‌ക്കുള്ള അധികാ​രം. ഈ ദിവ്യ​ദർശ​ന​ത്തിൽ യഹോ​വ​യു​ടെ സിംഹാ​സനം സ്ഥിതി​ചെ​യ്യു​ന്നതു കെരൂ​ബു​കൾക്കു മീതെ​യാണ്‌ എന്നതു ശ്രദ്ധി​ക്കുക. യഹോവ കെരൂ​ബു​കൾക്കു മീതെ​യോ അവയ്‌ക്കു നടുവി​ലോ സിംഹാ​സ​ന​സ്ഥ​നാ​യി​രി​ക്കു​ന്ന​താ​യി ദൈവ​വ​ച​ന​ത്തി​ലെ മറ്റു ഭാഗങ്ങ​ളും വർണി​ക്കു​ന്നുണ്ട്‌. (2 രാജാ​ക്ക​ന്മാർ 19:15 വായി​ക്കുക; പുറ. 25:22; സങ്കീ. 80:1) എന്നാൽ യഹോവ രഥത്തിൽ സഞ്ചരി​ക്കു​ന്നു എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ അക്ഷരാർഥ​ത്തിൽ അല്ലാത്ത​തു​പോ​ലെ​തന്നെ യഹോവ കെരൂ​ബു​കൾക്കു മീതെ ഇരിക്കു​ന്നു എന്നു പറഞ്ഞി​രി​ക്കു​ന്ന​തും അക്ഷരാർഥ​ത്തിൽ എടു​ക്കേ​ണ്ട​തില്ല. മറിച്ചാ​യാൽ, യഹോ​വയെ ആ ആത്മവ്യ​ക്തി​കൾ ചുമന്നു​കൊണ്ട്‌ നടക്കണ​മെന്നു വരും. എങ്കിൽപ്പി​ന്നെ അത്‌ എങ്ങനെ​യാ​ണു മനസ്സി​ലാ​ക്കേ​ണ്ടത്‌? കെരൂ​ബു​കൾ യഹോ​വ​യു​ടെ പരമാ​ധി​കാ​രത്തെ പിന്തു​ണയ്‌ക്കു​ന്നു എന്നാണ്‌ അതിന്‌ അർഥം. അതു​കൊ​ണ്ടു​തന്നെ തന്റെ ഇഷ്ടം നടപ്പാ​ക്കാൻ പരമാ​ധി​കാ​രി​യായ യഹോ​വയ്‌ക്ക്‌ അവയെ പ്രപഞ്ച​ത്തി​ന്റെ ഏതു കോണി​ലേ​ക്കും അയയ്‌ക്കാൻ കഴിയും. ദൈവ​ത്തി​ന്റെ എല്ലാ വിശു​ദ്ധ​ദൂ​ത​ന്മാ​രെ​യും​പോ​ലെ അവരും യഹോ​വ​യു​ടെ ശുശ്രൂ​ഷ​ക​രാ​യി അഥവാ പ്രതി​നി​ധി​ക​ളാ​യി യഹോ​വ​യു​ടെ തീരു​മാ​നങ്ങൾ നടപ്പാ​ക്കു​ന്നു. (സങ്കീ. 104:4) ഭരണാ​ധി​കാ​രി​യെന്ന നിലയിൽ യഹോവ അവരെ​യെ​ല്ലാം അസാധാ​ര​ണ​വ​ലു​പ്പ​മുള്ള ഒരൊറ്റ വാഹനം എന്നപോ​ലെ നിയ​ന്ത്രി​ക്കു​ന്നു എന്ന അർഥത്തി​ലാണ്‌ യഹോവ അവയെ ‘വാഹന​മാ​ക്കു​ന്നു’ എന്നു പറഞ്ഞി​രി​ക്കു​ന്നത്‌.

10. നാലു കെരൂ​ബു​കൾ മാത്രമല്ല സ്വർഗീ​യ​ര​ഥ​ത്തി​ന്റെ ഭാഗമാ​യു​ള്ള​തെന്ന്‌ എന്തു സൂചി​പ്പി​ക്കു​ന്നു?

10 ആ വാഹനം കെരൂ​ബു​കളെ മാത്രമല്ല പ്രതി​നി​ധീ​ക​രി​ക്കു​ന്നത്‌. യഹസ്‌കേൽ കണ്ടതു നാലു കെരൂ​ബു​ക​ളെ​യാണ്‌ എന്നതു ശ്രദ്ധി​ക്കുക. നാല്‌ എന്ന സംഖ്യ ബൈബി​ളിൽ മിക്ക​പ്പോ​ഴും തികവി​നെ​യാ​ണു കുറി​ക്കു​ന്നത്‌. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ ആരെയും ഒഴിവാ​ക്കാ​തെ എല്ലാവ​രെ​യും ഉൾപ്പെ​ടു​ത്തു​ന്നു എന്ന്‌ അർഥം. അതിൽനിന്ന്‌, നാലു കെരൂ​ബു​കൾ യഹോ​വ​യു​ടെ വിശ്വസ്‌ത​രായ എല്ലാ ആത്മപു​ത്ര​ന്മാ​രെ​യും കുറി​ക്കു​ന്നു എന്നു മനസ്സി​ലാ​ക്കാം. ഇനി, ചക്രങ്ങ​ളി​ലും അതു​പോ​ലെ കെരൂ​ബു​ക​ളു​ടെ ശരീരം മുഴു​വ​നും കണ്ണുക​ളു​ള്ള​താ​യി നമ്മൾ കാണുന്നു. നിറയെ കണ്ണുക​ളു​ള്ളതു ജാഗ്ര​ത​യെ​യും ശ്രദ്ധ​യെ​യും ആണ്‌ സൂചി​പ്പി​ക്കു​ന്നത്‌. അത്തരം ജാഗ്ര​ത​യും ശ്രദ്ധയും ആ നാലു ജീവി​ക​ളു​ടെ മാത്രമല്ല, എല്ലാ ആത്മവ്യ​ക്തി​ക​ളു​ടെ​യും സവി​ശേ​ഷ​ത​യാണ്‌. കൂടാതെ യഹസ്‌കേ​ലി​ന്റെ വിവര​ണ​ത്തി​ലെ ആ വാഹന​ത്തി​ന്റെ അസാധാ​ര​ണ​വ​ലു​പ്പ​ത്തോ​ടുള്ള താരത​മ്യ​ത്തിൽ, ഭയാദ​രവ്‌ ഉണർത്തുന്ന ആ കെരൂ​ബു​കൾപോ​ലും തീരെ ചെറു​താ​യി​രു​ന്നു. (യഹ. 1:18, 22; 10:12) ആ നാലു കെരൂ​ബു​കൾ യഹോ​വ​യു​ടെ സംഘട​ന​യു​ടെ സ്വർഗീ​യ​ഭാ​ഗ​ത്തി​ന്റെ തീരെ ചെറി​യൊ​രു ഭാഗം മാത്ര​മാ​ണെ​ന്നും ആ സ്വർഗീ​യ​ഭാ​ഗം അതിബൃ​ഹ​ത്താ​ണെ​ന്നും അതു സൂചി​പ്പി​ക്കു​ന്നു.

യഹോവയുടെ സ്വർഗീ​യ​ര​ഥ​ത്തെ​ക്കു​റി​ച്ചുള്ള ദർശനം കണ്ട്‌ യഹസ്‌കേൽ അന്ധാളി​ച്ചു​പോ​യി (8-10 ഖണ്ഡികകൾ കാണുക)

11. സമാന​മായ എന്തു ദിവ്യ​ദർശ​ന​മാ​ണു ദാനി​യേൽ കണ്ടത്‌, അതിൽനിന്ന്‌ നമുക്ക്‌ എന്തു നിഗമനം ചെയ്യാം?

11 സ്വർഗ​ത്തെ​ക്കു​റിച്ച്‌ ദാനി​യേ​ലി​നു​ണ്ടായ സമാന​മാ​യൊ​രു ദിവ്യ​ദർശനം. വർഷങ്ങ​ളോ​ളം ബാബി​ലോൺന​ഗ​ര​ത്തിൽ പ്രവാ​സി​യാ​യി കഴിഞ്ഞ ദാനി​യേ​ലി​നും സ്വർഗ​ത്തെ​ക്കു​റിച്ച്‌ ഒരു ദർശനം ലഭിച്ചു. ആ ദർശന​ത്തി​ലും യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തി​നു ചക്രങ്ങ​ളു​ണ്ടാ​യി​രു​ന്നു എന്നതു ശ്രദ്ധേ​യ​മാണ്‌. യഹോ​വ​യു​ടെ ആത്മസൃ​ഷ്ടി​കൾ അടങ്ങുന്ന വലിയ സ്വർഗീ​യ​കു​ടും​ബ​മാ​ണു ദാനി​യേ​ലി​നു​ണ്ടായ ദർശന​ത്തി​ന്റെ കേന്ദ്ര​ഭാ​ഗം. യഹോ​വ​യു​ടെ സന്നിധി​യിൽ നിൽക്കുന്ന ദൂതപു​ത്ര​ന്മാ​രു​ടെ സംഖ്യ “ആയിര​ത്തി​ന്റെ ആയിരം മടങ്ങും . . . പതിനാ​യി​ര​ത്തി​ന്റെ പതിനാ​യി​രം മടങ്ങും” ആയിരു​ന്നെന്നു ദാനി​യേൽ കണ്ടു. അവർ ഓരോ​രു​ത്ത​രും ആ സ്വർഗീ​യ​സ​ദ​സ്സിൽ, സാധ്യ​ത​യ​നു​സ​രിച്ച്‌ അവരവ​രു​ടെ നിയമി​ത​സ്ഥാ​ന​ങ്ങ​ളിൽ ഉപവി​ഷ്ട​രാ​യി​രു​ന്നു. (ദാനി. 7:9, 10, 13-18) യഹസ്‌കേ​ലി​നു​ണ്ടായ ദിവ്യ​ദർശ​ന​വും ആത്മവ്യ​ക്തി​ക​ളു​ടെ തേജോ​മ​യ​മായ ഇതേ കൂട്ട​ത്തെ​ത്ത​ന്നെ​യാ​ണു ചിത്രീ​ക​രി​ച്ചത്‌ എന്നു നിഗമനം ചെയ്യു​ന്നതു ന്യായ​മല്ലേ?

12. സ്വർഗീ​യ​ര​ഥ​ത്തെ​ക്കു​റി​ച്ചുള്ള യഹസ്‌കേ​ലി​ന്റെ ദർശന​വും സമാന​മായ മറ്റു ഭാഗങ്ങ​ളും പഠിക്കു​ന്നതു നമു​ക്കൊ​രു സംരക്ഷ​ണ​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

12 ‘കാണാത്ത കാര്യങ്ങൾ’ എന്നു പൗലോസ്‌ അപ്പോ​സ്‌തലൻ വിളിച്ച ആ സ്വർഗീ​യ​യാ​ഥാർഥ്യ​ങ്ങ​ളിൽ മനസ്സു കേന്ദ്രീ​ക​രി​ക്കു​ന്നതു മനുഷ്യ​രായ നമുക്ക്‌ ഒരു സംരക്ഷ​ണ​മാ​ണെന്ന്‌ യഹോ​വയ്‌ക്ക്‌ അറിയാം. എന്തു​കൊണ്ട്‌? നമ്മൾ ജഡശരീ​ര​മുള്ള മനുഷ്യ​രാ​യ​തു​കൊണ്ട്‌ ‘കാണുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌,’ അതായത്‌ നിലനിൽപ്പി​ല്ലാത്ത ഭൗതി​ക​കാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അനാവ​ശ്യ​മാ​യി ചിന്തി​ക്കാൻ പ്രവണ​ത​യു​ള്ള​വ​രാണ്‌. (2 കൊരി​ന്ത്യർ 4:18 വായി​ക്കുക.) ആ പ്രവണത മുത​ലെ​ടു​ക്കാൻ വിരു​ത​നാ​ണു സാത്താൻ. നമ്മളെ ജഡിക​ചി​ന്താ​ഗ​തി​യി​ലേക്കു തള്ളിവി​ടു​ക​യാണ്‌ അവന്റെ ലക്ഷ്യം. എന്നാൽ അത്തരം സമ്മർദ​ങ്ങളെ ചെറു​ക്കാൻ നമ്മളെ സഹായി​ക്കു​ന്ന​തിന്‌ സ്‌നേ​ഹ​വാ​നായ യഹോവ തന്റെ സ്വർഗീ​യ​കു​ടും​ബ​ത്തി​ന്റെ മഹത്ത്വ​ത്തെ​ക്കു​റി​ച്ചുള്ള ആവേ​ശോ​ജ്ജ്വ​ല​മായ അനേകം വിവര​ണങ്ങൾ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. അത്തരം ഓർമി​പ്പി​ക്ക​ലു​കൾക്ക്‌ ഒരു ഉദാഹ​രണം മാത്ര​മാണ്‌ യഹസ്‌കേൽ പ്രവച​ന​ത്തി​ലെ ഈ ഭാഗം.

“കറങ്ങും​ച​ക്ര​ങ്ങളേ!”

13, 14. (എ) താൻ കണ്ട ചക്രങ്ങളെ യഹസ്‌കേൽ വർണി​ച്ചത്‌ എങ്ങനെ? (ബി) യഹോ​വ​യു​ടെ രഥത്തിനു ചക്രങ്ങൾ ഉള്ളത്‌ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

13 തുടക്ക​ത്തിൽ യഹസ്‌കേൽ ആ നാലു കെരൂ​ബു​ക​ളി​ലാ​ണു ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചത്‌. ആ ജീവി​ക​ളും അവയുടെ അതിശ​യ​ക​ര​മായ രൂപവും യഹോ​വ​യെ​ക്കു​റിച്ച്‌ എന്താണു പഠിപ്പി​ക്കു​ന്ന​തെന്ന്‌ ഈ പുസ്‌ത​ക​ത്തി​ന്റെ 4-ാം അധ്യാ​യ​ത്തിൽ നമ്മൾ കാണും. എന്നാൽ ആ കെരൂ​ബു​ക​ളോ​ടു ചേർന്ന്‌ നാലു ചക്രവും യഹസ്‌കേൽ കണ്ടു. സാധ്യ​ത​യ​നു​സ​രിച്ച്‌ ഒരു വലിയ സമചതു​ര​ത്തി​ന്റെ നാലു കോണി​ലാ​യി​രു​ന്നു ആ ചക്രങ്ങൾ. (യഹസ്‌കേൽ 1:16-18 വായി​ക്കുക.) കാഴ്‌ച​യ്‌ക്ക്‌ അവ പീതരത്‌നം​കൊണ്ട്‌ നിർമി​ക്ക​പ്പെ​ട്ട​താ​യി തോന്നി. സാധാ​ര​ണ​ഗ​തി​യിൽ സുതാ​ര്യ​മോ അർധതാ​ര്യ​മോ ആയി കാണ​പ്പെ​ടുന്ന ആ അമൂല്യ​രത്‌ന​ത്തി​നു പൊതു​വേ മഞ്ഞ നിറമോ പച്ച കലർന്ന മഞ്ഞ നിറമോ ആണ്‌. അതിമ​നോ​ഹ​ര​മായ ആ വസ്‌തു വെട്ടി​ത്തി​ള​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു.

14 യഹസ്‌കേ​ലി​ന്റെ ദർശന​ത്തിൽ ആ രഥച​ക്ര​ങ്ങൾക്കു വലിയ പ്രാധാ​ന്യം കല്‌പി​ച്ചി​ട്ടുണ്ട്‌. ചക്രങ്ങ​ളുള്ള ഒരു സിംഹാ​സനം! അതു തികച്ചും അസാധാ​ര​ണ​മാ​യി നിങ്ങൾക്കു തോന്നു​ന്നി​ല്ലേ? സിംഹാ​സനം എന്നു കേൾക്കു​മ്പോൾ ഏതെങ്കി​ലും ഒരു സ്ഥലത്ത്‌ ഉറപ്പി​ച്ചി​രി​ക്കുന്ന ഒരു ഇരിപ്പി​ട​മാണ്‌ പൊതു​വേ നമ്മുടെ മനസ്സി​ലേക്കു വരുക; അതു സ്വാഭാ​വി​ക​മാ​ണു​താ​നും. കാരണം ഭൂമി​യി​ലെ ഏതൊരു ഭരണാ​ധി​കാ​രി​യു​ടെ​യും അധികാ​ര​പ്ര​ദേ​ശ​ത്തിന്‌ ഒരു പരിധി​യുണ്ട്‌. എന്നാൽ യഹോ​വ​യു​ടെ പരമാ​ധി​കാ​രത്തെ അത്തരം മനുഷ്യ​ഭ​ര​ണാ​ധി​പ​ത്യ​ങ്ങ​ളു​മാ​യി ഒരുത​ര​ത്തി​ലും താരത​മ്യം ചെയ്യാ​നാ​കില്ല. കാരണം യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തി​നു പരിധി​ക​ളില്ല. (നെഹ. 9:6) അതെ, ഈ പരമാ​ധി​കാ​രിക്ക്‌ എവി​ടെ​യും തന്റെ അധികാ​രം പ്രയോ​ഗി​ക്കാം. ഇക്കാര്യം യഹസ്‌കേ​ലും മനസ്സി​ലാ​ക്കാൻപോ​കു​ക​യാ​യി​രു​ന്നു.

15. ചക്രങ്ങ​ളു​ടെ ഘടന​യെ​യും വലുപ്പ​ത്തെ​യും കുറിച്ച്‌ യഹസ്‌കേൽ എന്തു രേഖ​പ്പെ​ടു​ത്തി?

15 ആ ചക്രങ്ങ​ളു​ടെ വലുപ്പം കണ്ട്‌ യഹസ്‌കേൽ അന്ധാളി​ച്ചു​പോ​യി. “കണ്ടാൽ ആർക്കും പേടി തോന്നു​ന്നത്ര ഉയരമു​ള്ള​വ​യാ​യി​രു​ന്നു ചക്രങ്ങൾ” എന്ന്‌ അദ്ദേഹം എഴുതി. വാനം​മു​ട്ടെ ഉയർന്ന്‌, പ്രഭ ചൊരി​ഞ്ഞു​നിൽക്കുന്ന ആ കൂറ്റൻ ചക്രങ്ങൾ കാണാൻ യഹസ്‌കേൽ തല ഉയർത്തി മുകളി​ലേക്കു നോക്കു​ന്നതു നിങ്ങൾക്കു ഭാവന​യിൽ കാണാ​നാ​കു​ന്നു​ണ്ടോ? അവയുടെ എടുത്തു​പ​റ​യത്തക്ക ഒരു സവി​ശേ​ഷ​ത​യെ​ക്കു​റി​ച്ചും അദ്ദേഹം പറഞ്ഞു: “നാലു ചക്രത്തി​ന്റെ​യും വളയങ്ങൾ നിറയെ കണ്ണുക​ളാ​യി​രു​ന്നു.” എന്നാൽ ആ ചക്രങ്ങ​ളു​ടെ ഘടനയാ​യി​രു​ന്നു ഏറ്റവും അത്ഭുത​കരം. “ഒരു ചക്രത്തി​നു​ള്ളിൽ മറ്റൊരു ചക്രം എന്ന രീതി​യി​ലാ​യി​രു​ന്നു അതിന്റെ പണി” എന്നാണ്‌ അദ്ദേഹം എഴുതി​യത്‌. എന്തായി​രു​ന്നു അതിന്റെ അർഥം?

16, 17. (എ) രഥത്തിന്റെ ഒരു ചക്രത്തി​നു​ള്ളിൽ മറ്റൊരു ചക്രം വരുന്ന ഘടന എങ്ങനെ വിശദീ​ക​രി​ക്കാം? (ബി) യഥേഷ്ടം നീങ്ങാൻ യഹോ​വ​യു​ടെ വാഹനത്തെ ചക്രങ്ങൾ സഹായി​ക്കു​ന്നത്‌ എങ്ങനെ?

16 യഹസ്‌കേൽ കണ്ട ഓരോ ചക്രവും വാസ്‌ത​വ​ത്തിൽ രണ്ടു ചക്രങ്ങൾ ചേർന്ന​താണ്‌. തെളി​വ​നു​സ​രിച്ച്‌ അവ രണ്ടും നെടു​കെ​യുള്ള ഒരു അച്ചുത​ണ്ടിൽ മട്ടകോ​ണിൽ പിടി​പ്പി​ച്ച​വ​യാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ യഹസ്‌കേൽ രേഖ​പ്പെ​ടു​ത്തി​യ​തു​പോ​ലെ, ‘അവയ്‌ക്കു തിരി​യാ​തെ​തന്നെ നാലു ദിശയിൽ ഏതി​ലേക്കു വേണ​മെ​ങ്കി​ലും പോകാൻ’ സാധി​ച്ചത്‌. യഹസ്‌കേൽ കണ്ട സ്വർഗീ​യ​വാ​ഹ​ന​ത്തെ​ക്കു​റിച്ച്‌ ഈ ചക്രങ്ങൾ എന്താണു വെളി​പ്പെ​ടു​ത്തു​ന്നത്‌?

17 ഇത്ര​യേറെ ഉയരമുള്ള ആ ചക്രങ്ങൾക്ക്‌ ഒറ്റ കറക്കം​കൊ​ണ്ടു​തന്നെ കുറെ​യേറെ ദൂരം പിന്നി​ടാ​നാ​കും. വാസ്‌ത​വ​ത്തിൽ ആ വാഹനം മിന്നൽപ്പി​ണ​രി​ന്റെ വേഗത്തിൽ സഞ്ചരി​ക്കു​ന്നു എന്നാണു ദർശനം സൂചി​പ്പി​ച്ചത്‌. (യഹ. 1:14) ഏതു ദിശയി​ലേ​ക്കും അനായാ​സം സഞ്ചരി​ക്കാ​വുന്ന ആ ചക്രങ്ങ​ളു​ടെ അസാധാ​ര​ണ​ഘടന ഇന്നത്തെ എഞ്ചിനീ​യർമാ​രിൽ അസൂയ ജനിപ്പി​ക്കാൻപോ​ന്ന​വ​യാണ്‌. വേഗം ഒട്ടും കുറയ്‌ക്കാ​തെ​തന്നെ ഈ വാഹന​ത്തി​നു ദിശ മാറ്റാ​നാ​കും, അതിനാ​യി തിരി​യേണ്ട ആവശ്യം​പോ​ലും ഇല്ല! എന്നാൽ മുന്നും​പി​ന്നും നോക്കാ​തെ​യുള്ള ഒരു പാച്ചിലല്ല അത്‌. ചക്രങ്ങ​ളിൽ കാണുന്ന കണ്ണുകൾ സൂചി​പ്പി​ക്കു​ന്നത്‌, ചുറ്റും നടക്കുന്ന എല്ലാ കാര്യ​ങ്ങ​ളും ആ വാഹനം അറിയു​ന്നുണ്ട്‌ എന്നാണ്‌; അതിന്റെ ശ്രദ്ധയിൽപ്പെ​ടാ​ത്ത​താ​യി ഒന്നുമില്ല.

അസാമാന്യവലുപ്പമുള്ള ആ ചക്രങ്ങൾക്ക്‌ അസാധാ​ര​ണ​വേ​ഗ​മാ​യി​രു​ന്നു (17-ാം ഖണ്ഡിക കാണുക)

18. ചക്രങ്ങ​ളു​ടെ അസാധാ​ര​ണ​വ​ലു​പ്പ​വും അവയിൽ നിറ​യെ​യുള്ള കണ്ണുക​ളും നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു?

18 ഇതിലൂ​ടെ തന്റെ സംഘട​ന​യു​ടെ സ്വർഗീ​യ​ഭാ​ഗ​ത്തെ​ക്കു​റിച്ച്‌ യഹസ്‌കേ​ലി​നെ​യും എല്ലാ വിശ്വസ്‌ത​മ​നു​ഷ്യ​രെ​യും എന്തു പഠിപ്പി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ച്ചത്‌? ഇതുവരെ നമ്മൾ എന്തെല്ലാ​മാ​ണു മനസ്സി​ലാ​ക്കി​യ​തെന്നു നോക്കുക. ചക്രങ്ങ​ളു​ടെ തിളക്ക​വും വലുപ്പ​വും സൂചി​പ്പി​ക്കു​ന്നത്‌ ആ സ്വർഗീ​യ​ഭാ​ഗം മഹത്ത്വ​മാർന്ന​തും ഭയാദ​രവ്‌ ഉണർത്തു​ന്ന​തും ആണ്‌ എന്നാണ്‌. ഇനി അത്‌ എല്ലാം അറിയു​ന്നുണ്ട്‌ എന്നാണു ചക്രങ്ങ​ളിൽ നിറ​യെ​യുള്ള കണ്ണുകൾ സൂചി​പ്പി​ക്കു​ന്നത്‌. യഹോ​വ​യു​ടെ​തന്നെ കണ്ണുകൾ എല്ലാം കാണു​ന്നുണ്ട്‌. (സുഭാ. 15:3; യിരെ. 23:24) അതു കൂടാതെ യഹോ​വ​യിൽനിന്ന്‌ ആജ്ഞ ലഭിച്ചാൽ പ്രപഞ്ച​ത്തി​ന്റെ ഏതു കോണി​ലേ​ക്കും പോകാൻ സന്നദ്ധരാ​യി നിൽക്കുന്ന ദശലക്ഷ​ക്ക​ണ​ക്കി​നു ദൂത​സേ​വ​ക​രും യഹോ​വയ്‌ക്കുണ്ട്‌. അവർ പോയി കാര്യങ്ങൾ സസൂക്ഷ്‌മം നിരീ​ക്ഷി​ച്ചിട്ട്‌ തിരികെ വന്ന്‌ തങ്ങളുടെ പരമാ​ധി​കാ​രി​യെ വിവരം ധരിപ്പി​ക്കും.​എബ്രായർ 1:13, 14 വായി​ക്കുക.

യഥേഷ്ടം സഞ്ചരി​ക്കാൻ സഹായി​ക്കുന്ന ഘടനയായിരുന്നു ചക്രങ്ങ​ളു​ടേത്‌ (17, 19 ഖണ്ഡികകൾ കാണുക)

19. യഹോ​വ​യു​ടെ രഥത്തിന്റെ വേഗം, യഥേഷ്ടം സഞ്ചരി​ക്കാ​നുള്ള പ്രാപ്‌തി എന്നിവ യഹോ​വയെയും യഹോ​വ​യു​ടെ സംഘട​ന​യു​ടെ സ്വർഗീ​യ​ഭാ​ഗ​ത്തെ​യും കുറിച്ച്‌ നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു?

19 ആ രഥത്തിന്‌ അതി​വേ​ഗ​ത്തിൽ യഥേഷ്ടം സഞ്ചരി​ക്കാ​നാ​കു​മെ​ന്നും നമ്മൾ കണ്ടു. എന്നാൽ യഹോ​വ​യു​ടെ സംഘട​ന​യു​ടെ സ്വർഗീ​യ​ഭാ​ഗ​ത്തോ​ടു തുലനം ചെയ്യാൻപോ​ലും കഴിയാ​ത്ത​വ​യാണ്‌ ഇന്നത്തെ മാനുഷ ഗവൺമെ​ന്റു​ക​ളും സംഘട​ന​ക​ളും സ്ഥാപന​ങ്ങ​ളും! മാറുന്ന സാഹച​ര്യ​ങ്ങൾക്ക​നു​സ​രിച്ച്‌ മുന്നോ​ട്ടു നീങ്ങാ​നാ​കാ​തെ അവ ഇരുട്ടത്ത്‌ തപ്പിത്ത​ട​യു​ക​യാണ്‌. വൈകാ​തെ അവയെ​ല്ലാം പരാജ​യ​മ​ട​യും, നാശമാണ്‌ അവയെ കാത്തി​രി​ക്കു​ന്നത്‌. എന്നാൽ യഹോ​വ​യു​ടെ രഥം, അതിനെ നിയ​ന്ത്രി​ക്കുന്ന യഹോ​വ​യെ​പ്പോ​ലെ​തന്നെ വഴക്കമു​ള്ള​താണ്‌. സാഹച​ര്യ​ങ്ങൾക്ക​നു​സ​രിച്ച്‌ വേണ്ട മാറ്റങ്ങൾ വരുത്താൻ അതിനാ​കും. യഹോ​വയ്‌ക്ക്‌, തന്റെ പേര്‌ സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ​തന്നെ തന്റെ ഉദ്ദേശ്യം നിറ​വേ​റ്റാൻ എന്തും ആയിത്തീ​രാ​നാ​കും. (പുറ. 3:13, 14) ഉദാഹ​ര​ണ​ത്തിന്‌, യഹോ​വയ്‌ക്കു ഞൊടി​യി​ട​കൊണ്ട്‌ തന്റെ ജനത്തി​നു​വേണ്ടി പോരാ​ടുന്ന ഒരു വീര​യോ​ദ്ധാ​വാ​കാ​നാ​കും. എന്നാൽ അതേ ദൈവ​ത്തിന്‌ ഒരു നിമി​ഷാർധ​ത്തി​നു​ള്ളിൽ, പശ്ചാത്താ​പ​വി​വ​ശ​രായ പാപി​കൾക്കു കൈത്താ​ങ്ങേകി അവരെ പൂർവ​സ്ഥി​തി​യി​ലാ​ക്കുന്ന, അവരോ​ടു കരുണാർദ്ര​മാ​യി ക്ഷമിക്കുന്ന ഒരുവ​നാ​കാ​നും കഴിയും.​—സങ്കീ. 30:5; യശ. 66:13.

20. യഹോ​വ​യു​ടെ രഥത്തോ​ടു നമുക്കു ഭക്ത്യാ​ദ​രവ്‌ തോ​ന്നേ​ണ്ടത്‌ എന്തു​കൊണ്ട്‌?

20 യഹസ്‌കേ​ലി​ന്റെ ദർശന​ത്തെ​ക്കു​റിച്ച്‌ ഇത്രയും പഠിച്ച​പ്പോൾ നമ്മൾ നമ്മോ​ടു​തന്നെ ഇങ്ങനെ ചോദി​ച്ചേ​ക്കാം: ‘യഹോ​വ​യു​ടെ രഥത്തെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ എന്റെ മനസ്സിൽ അത്ഭുത​വും ആദരവും നിറയു​ന്നു​ണ്ടോ?’ ആ രഥം ഇപ്പോൾ അതി​വേഗം നീങ്ങു​ക​യാണ്‌. അക്കാര്യം ഓർക്കു​ന്നതു നമുക്കു പ്രയോ​ജനം ചെയ്യും. നമ്മളെ നിരാ​ശ​യി​ലാഴ്‌ത്തുന്ന ഒരു പ്രശ്‌നം, യഹോ​വ​യും യേശു​വും ദൂതന്മാ​രും കാണു​ന്നി​ല്ലെന്നു നമ്മൾ ഒരിക്ക​ലും കരുത​രുത്‌. ഇനി, ദൈവം നമ്മുടെ ആവശ്യ​ങ്ങ​ളോ​ടു പ്രതി​ക​രി​ക്കാൻ വൈകു​മെ​ന്നോ അസ്ഥിര​മായ ഈ ലോക​ത്തി​ലെ പുതി​യ​പു​തിയ വെല്ലു​വി​ളി​കൾക്ക​നു​സ​രിച്ച്‌ ഗതിമാ​റാൻ ദൈവ​ത്തി​ന്റെ സംഘട​നയ്‌ക്കാ​കി​ല്ലെ​ന്നോ ചിന്തിച്ച്‌ ഉത്‌കണ്‌ഠ​പ്പെ​ടു​ക​യു​മ​രുത്‌. യഹോ​വ​യു​ടേതു സദാ ചലിച്ചു​കൊ​ണ്ടി​രി​ക്കുന്ന, പ്രവർത്ത​ന​നി​ര​ത​മായ ഒരു സംഘട​ന​യാ​ണെന്ന്‌ ഓർക്കുക. സ്വർഗ​ത്തിൽനിന്ന്‌ ഒരു ശബ്ദം ആ രഥച​ക്ര​ങ്ങളെ “കറങ്ങും​ച​ക്ര​ങ്ങളേ!” എന്നു വിളി​ച്ച​താ​യി യഹസ്‌കേൽ കേട്ടതി​നെ​ക്കു​റി​ച്ചും ചിന്തി​ക്കുക. സാധ്യ​ത​യ​നു​സ​രിച്ച്‌ അത്‌, ആ ചക്രങ്ങൾ ഒരു പ്രത്യേ​ക​ദി​ശ​യിൽ നീങ്ങാ​നുള്ള കല്‌പ​ന​യാ​യി​രു​ന്നു. (യഹ. 10:13) യഹോവ തന്റെ സംഘട​നയെ നയിക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ ഓർക്കു​മ്പോൾ നമ്മിൽ ഭക്ത്യാ​ദ​രവ്‌ നിറയു​ന്നി​ല്ലേ? എന്നാൽ നമ്മുടെ ഭക്ത്യാ​ദ​ര​വിന്‌ ഏറ്റവും അർഹൻ യഹോവ മാത്ര​മാണ്‌!

നിയ​ന്ത്രി​ക്കു​ന്നത്‌ ആര്‌?

21, 22. രഥഭാ​ഗ​ങ്ങളെ ഒന്നിപ്പി​ച്ചു​നി​റു​ത്തു​ന്നത്‌ എന്താണ്‌? വിശദീ​ക​രി​ക്കുക.

21 ആ ചക്രങ്ങൾക്കു മീതെ യഹസ്‌കേൽ എന്താണു കണ്ടത്‌? അദ്ദേഹം പറഞ്ഞു: “മീതെ വിതാ​നം​പോ​ലുള്ള ഒന്നുണ്ടാ​യി​രു​ന്നു. കണ്ണഞ്ചി​പ്പി​ക്കുന്ന മഞ്ഞുക​ട്ട​യു​ടേ​തു​പോ​ലെ​യാ​യി​രു​ന്നു അതിന്റെ തിളക്കം.” (യഹ. 1:22) കെരൂ​ബു​കൾക്കു മീതെ, അങ്ങ്‌ ഉയരത്തിൽ അർധതാ​ര്യ​മായ ആ വിതാനം ഉജ്ജ്വല​ശോ​ഭ​യോ​ടെ പരന്നു​കി​ടന്നു. എന്നാൽ ഇപ്പോൾ ആ വാഹന​ത്തി​ന്റെ പ്രവർത്ത​ന​വി​ധ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുന്ന ഒരാളു​ടെ മനസ്സിൽ നൂറു ചോദ്യ​ങ്ങൾ ഉയർന്നേ​ക്കാം: ‘ചക്രങ്ങൾക്കു മുകളിൽ വിതാ​നത്തെ താങ്ങി​നി​റു​ത്തു​ന്നത്‌ എന്താണ്‌? ചക്രങ്ങളെ തമ്മിൽ ബന്ധിപ്പി​ക്കാൻ ഒന്നുമി​ല്ലാ​തെ അവ എങ്ങനെ പ്രവർത്തി​ക്കാ​നാണ്‌?’ ഈ വാഹനം ഭൗതി​ക​നി​യ​മ​ങ്ങൾക്ക്‌ അതീത​മാണ്‌ എന്ന്‌ ഓർക്കുക. ആത്മമണ്ഡ​ല​ത്തി​ലെ ഒരു യാഥാർഥ്യ​ത്തി​ന്റെ വെറു​മൊ​രു ആലങ്കാ​രി​ക​ചി​ത്രീ​ക​ര​ണ​മാണ്‌ ഇത്‌. ശ്രദ്ധേയമായ മറ്റൊരു കാര്യ​വും യഹസ്‌കേൽ പറഞ്ഞു: “ജീവി​ക​ളിൽ പ്രവർത്തി​ക്കുന്ന ദൈവാ​ത്മാവ്‌ ചക്രങ്ങ​ളി​ലു​മു​ണ്ടാ​യി​രു​ന്നു.” (യഹ. 1:20, 21) അതെ, കെരൂ​ബു​ക​ളി​ലും ചക്രങ്ങ​ളി​ലും പ്രവർത്തി​ച്ചതു ദൈവ​ത്തി​ന്റെ ആത്മാവാ​യി​രു​ന്നു.

22 പ്രപഞ്ച​ത്തി​ലെ ഏറ്റവും വലിയ ശക്തിയാ​ണു പരിശു​ദ്ധാ​ത്മാവ്‌. പ്രവർത്ത​ന​നി​ര​ത​മായ ആ ശക്തിയാ​ണു വാഹന​ത്തി​ന്റെ ഭാഗങ്ങളെ ഒന്നിപ്പി​ച്ചു​നി​റു​ത്തു​ന്നത്‌, അതിനു ശക്തി പകരു​ന്നത്‌, അതിന്റെ ചലനങ്ങളെ അതീവ​കൃ​ത്യ​ത​യോ​ടെ ഏകോ​പി​പ്പി​ക്കു​ന്നത്‌. അടുത്ത​താ​യി, യഹസ്‌കേ​ലി​ന്റെ കണ്ണുകൾ നമ്മളെ എവി​ടേ​ക്കാ​ണു കൂട്ടി​ക്കൊ​ണ്ടു​പോ​കു​ന്നത്‌? രഥം നിയ​ന്ത്രി​ക്കുന്ന വ്യക്തി​യി​ലാണ്‌ ആ നോട്ടം പതിഞ്ഞത്‌.

അവർണനീയമായ ആ ദൃശ്യങ്ങൾ വാക്കു​ക​ളി​ലാ​ക്കാൻ യഹസ്‌കേൽ വളരെ പ്രയാ​സ​പ്പെ​ട്ടു

23. യഹോ​വയെ വർണി​ക്കാൻ യഹസ്‌കേൽ ഏതുതരം പദപ്ര​യോ​ഗ​ങ്ങ​ളാണ്‌ ഉപയോ​ഗി​ച്ചത്‌, എന്തു​കൊണ്ട്‌?

23 യഹസ്‌കേൽ 1:26-28 വായി​ക്കുക. ഈ ദിവ്യ​ദർശനം വിവരി​ക്കു​ന്ന​തി​നി​ടെ യഹസ്‌കേൽ പലപ്പോ​ഴും “കാഴ്‌ച​യ്‌ക്ക്‌ . . . പോലി​രു​ന്നു,” “പോലുള്ള എന്തോ ഒന്ന്‌,” “പോലെ തോന്നി​ച്ചു,” “പോലെ തോന്നി​ക്കുന്ന” എന്നതു​പോ​ലുള്ള പദപ്ര​യോ​ഗങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം. ഈ വാക്യ​ങ്ങ​ളി​ലാ​കട്ടെ അത്തരം പദപ്ര​യോ​ഗങ്ങൾ കൂടെ​ക്കൂ​ടെ കാണു​ന്നുണ്ട്‌. അവർണ​നീ​യ​മെന്നു പറയാ​വുന്ന ആ ദൃശ്യങ്ങൾ വാക്കു​ക​ളി​ലാ​ക്കാൻ പ്രവാ​ചകൻ വളരെ പ്രയാ​സ​പ്പെട്ടു എന്നതിന്റെ സൂചന​യാ​കാം അത്‌. അദ്ദേഹം ഇങ്ങനെ​യും പറഞ്ഞു: “കാഴ്‌ച​യ്‌ക്ക്‌ ഇന്ദ്രനീ​ല​ക്ക​ല്ലു​പോ​ലുള്ള ഒന്നു ഞാൻ കണ്ടു. അത്‌ ഒരു സിംഹാ​സ​നം​പോ​ലെ തോന്നി​ച്ചു.” ഒരു കൂറ്റൻ ഇന്ദ്രനീ​ല​ക്ക​ല്ലിൽ തീർത്ത സിംഹാ​സനം നിങ്ങൾക്കു ഭാവന​യിൽ കാണാ​നാ​കു​ന്നു​ണ്ടോ? അതിൽ ഒരാൾ ഇരിപ്പു​ണ്ടാ​യി​രു​ന്നു, “മനുഷ്യ​നെ​പ്പോ​ലുള്ള ഒരാൾ.”

24, 25. (എ) യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തി​നു ചുറ്റു​മുള്ള മഴവില്ല്‌ എന്താണു നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്നത്‌? (ബി) ചില​പ്പോ​ഴൊ​ക്കെ ഇത്തരം ദിവ്യ​ദർശ​നങ്ങൾ വിശ്വസ്‌ത​പു​രു​ഷ​ന്മാ​രെ എങ്ങനെ ബാധി​ച്ചി​ട്ടുണ്ട്‌?

24 യഹോ​വ​യു​ടെ മഹനീ​യ​രൂ​പ​മാ​യി​രു​ന്നു അത്‌. എന്നാൽ അരയ്‌ക്കു കീഴ്‌പോ​ട്ടും മേൽപ്പോ​ട്ടും ഉള്ള ഭാഗത്തു​നിന്ന്‌ തേജസ്സി​ന്റെ തീജ്വാ​ലകൾ പുറ​പ്പെ​ട്ടി​രു​ന്ന​തു​കൊണ്ട്‌ ആ രൂപം കാഴ്‌ച​യ്‌ക്ക്‌ അത്ര വ്യക്തമാ​യി​രു​ന്നില്ല. കണ്ണഞ്ചി​ക്കുന്ന ശോഭ​യുള്ള ആ രൂപത്തി​ലേക്കു നോക്കാൻ പാടു​പെ​ടുന്ന പ്രവാ​ച​കനെ നിങ്ങൾക്കു കാണാ​നാ​കു​ന്നു​ണ്ടോ? ഒടുവിൽ യഹസ്‌കേൽ അത്യത്ഭു​ത​ക​ര​മായ ഈ ദൃശ്യ​വും വർണിച്ചു: “ഉജ്ജ്വല​മായ ഒരു പ്രഭാ​വ​ലയം ആ രൂപത്തി​നു ചുറ്റു​മു​ണ്ടാ​യി​രു​ന്നു. മഴയുള്ള ദിവസം മേഘത്തിൽ കാണുന്ന മഴവി​ല്ലി​ന്റേ​തു​പോ​ലുള്ള ശോഭ​യാ​യി​രു​ന്നു അതിന്‌.” ആകാശത്ത്‌ ഒരു മഴവില്ല്‌ കാണു​മ്പോൾ നിങ്ങൾക്ക്‌ ആവേശം തോന്നാ​റി​ല്ലേ? നമ്മുടെ സ്രഷ്ടാ​വി​ന്റെ തേജസ്സി​നെ ഓർമ​പ്പെ​ടു​ത്തുന്ന എത്ര ഉജ്ജ്വല​മായ ഒരു ചിത്രം! വർണശ​ബ​ള​വും പ്രശാ​ന്ത​സു​ന്ദ​ര​വും ആയ മഴവില്ല്‌, പ്രളയ​ശേഷം യഹോവ സമാധാ​ന​യു​ട​മ്പടി ചെയ്‌ത കാര്യ​വും നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​ന്നേ​ക്കാം. (ഉൽപ. 9:11-16) സർവശ​ക്ത​നാ​ണെ​ങ്കി​ലും യഹോവ സമാധാ​ന​ത്തി​ന്റെ ദൈവ​മാണ്‌. (എബ്രാ. 13:20) യഹോ​വ​യു​ടെ ഹൃദയ​ത്തിൽ സമാധാ​നം വാഴുന്നു. തന്നെ വിശ്വസ്‌ത​മാ​യി ആരാധി​ക്കുന്ന എല്ലാവ​രി​ലേ​ക്കും അതു വ്യാപി​ക്കു​ക​യും ചെയ്യുന്നു.

യഹോവയുടെ സിംഹാസനത്തിനു ചുറ്റു​മുള്ള മഴവില്ല്‌, സമാധാ​ന​ത്തി​ന്റെ ദൈവ​ത്തെ​യാ​ണു നമ്മൾ സേവി​ക്കു​ന്ന​തെന്നു സൂചി​പ്പി​ക്കു​ന്നു (24-ാം ഖണ്ഡിക കാണുക)

25 ദൈവ​മായ യഹോ​വ​യു​ടെ മഹത്ത്വ​ത്തി​ന്റെ ഈ ചിത്രീ​ക​രണം യഹസ്‌കേ​ലി​നെ എങ്ങനെ​യാ​ണു ബാധി​ച്ചത്‌? അദ്ദേഹം എഴുതി: “അതു കണ്ട്‌ ഞാൻ കമിഴ്‌ന്നു​വീ​ണു.” ദൈവ​ഭയം നിറഞ്ഞ്‌, അത്ഭുത​പ​ര​വ​ശ​നാ​യി യഹസ്‌കേൽ നിലത്ത്‌ വീണു. യഹോ​വ​യിൽനിന്ന്‌ ദർശനം ലഭിച്ച​പ്പോൾ മറ്റു പ്രവാ​ച​ക​ന്മാ​രും ഇതേ​പോ​ലെ പ്രതി​ക​രി​ച്ചി​ട്ടുണ്ട്‌. അതെ, ഒരാളെ അങ്ങേയറ്റം വിനയാ​ന്വി​ത​നും വികാ​രാ​ധീ​ന​നും ആക്കാൻപോ​ന്ന​താണ്‌ ഇത്തരം അനുഭ​വങ്ങൾ. (യശ. 6:1-5; ദാനി. 10:8, 9; വെളി. 1:12-17) എന്നാൽ യഹോവ വെളി​പ്പെ​ടു​ത്തി​ക്കൊ​ടുത്ത അക്കാര്യ​ങ്ങൾ പിൽക്കാ​ലത്ത്‌ ആ പുരു​ഷ​ന്മാർക്ക്‌ ഏറെ കരു​ത്തേകി. യഹസ്‌കേ​ലി​ന്റെ കാര്യ​ത്തി​ലും അതു സത്യമാ​യി​രു​ന്നു. അങ്ങനെ​യെ​ങ്കിൽ ഇത്തരം തിരു​വെ​ഴു​ത്തു​വി​വ​ര​ണങ്ങൾ വായി​ക്കു​ന്നതു നമ്മളെ​യും ബലപ്പെ​ടു​ത്തേ​ണ്ട​തല്ലേ?

26. യഹസ്‌കേൽ കണ്ട ദിവ്യ​ദർശനം അദ്ദേഹത്തെ ബലപ്പെ​ടു​ത്തി​യത്‌ എങ്ങനെ​യാ​യി​രി​ക്കാം?

26 ബാബി​ലോ​ണിൽ കഴിയുന്ന ദൈവ​ജ​ന​ത്തെ​ക്കു​റി​ച്ചുള്ള എന്തെങ്കി​ലും സംശയ​ങ്ങ​ളോ ആശങ്കക​ളോ യഹസ്‌കേ​ലി​നെ അലട്ടി​യി​രു​ന്നെ​ങ്കിൽ ഈ ദിവ്യ​ദർശനം അദ്ദേഹത്തെ ബലപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ദൈവ​ത്തോ​ടു വിശ്വസ്‌ത​രാ​യി​രു​ന്നവർ യരുശ​ലേ​മി​ലാ​ണോ ബാബി​ലോ​ണി​ലാ​ണോ അതോ മറ്റ്‌ എവി​ടെ​യെ​ങ്കി​ലു​മാ​ണോ എന്നതൊ​ന്നും ഒരു പ്രശ്‌നമേ അല്ലായി​രു​ന്നു. യഹോ​വ​യു​ടെ അതിഗം​ഭീ​ര​മായ രഥത്തിന്‌ എത്തി​പ്പെ​ടാ​നാ​കാത്ത സ്ഥലങ്ങള​ല്ലാ​യി​രു​ന്നു അതൊ​ന്നും! വിശ്വസ്‌ത​രായ ആത്മവ്യ​ക്തി​കൾ ചേർന്ന, തേജോ​മ​യ​മായ ആ സ്വർഗീ​യ​ര​ഥ​ത്തി​ന്റെ സാരഥി​യായ യഹോ​വ​യു​ടെ മുന്നിൽ പിടി​ച്ചു​നിൽക്കാൻ സാത്താന്റെ ചൊൽപ്പ​ടി​യി​ലുള്ള ഏതു ശക്തിക്കാ​ണു കഴിയുക? (സങ്കീർത്തനം 118:6 വായി​ക്കുക.) ആ സ്വർഗീ​യ​വാ​ഹനം മനുഷ്യ​രിൽനിന്ന്‌ ഏറെ അകലെ​യ​ല്ലെ​ന്നും യഹസ്‌കേൽ മനസ്സി​ലാ​ക്കി. കാരണം അതിന്റെ ചക്രങ്ങൾ നിലത്ത്‌, അതായത്‌ ഭൂമി​യിൽ, സ്‌പർശി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. (യഹ. 1:19) അതെ, പ്രവാ​സി​ക​ളാ​യി കഴിയു​ക​യാ​യി​രുന്ന തന്റെ വിശ്വസ്‌ത​ദാ​സ​ന്മാ​രു​ടെ കാര്യ​ത്തിൽ യഹോ​വയ്‌ക്ക്‌ അതിയായ താത്‌പ​ര്യ​മു​ണ്ടാ​യി​രു​ന്നു. അവർ എപ്പോ​ഴും അവരുടെ സ്‌നേ​ഹ​വാ​നായ പിതാ​വി​ന്റെ എത്തുപാ​ടിൽത്ത​ന്നെ​യാ​യി​രു​ന്നു!

സ്വർഗീ​യ​ര​ഥ​വും നിങ്ങളും

27. യഹസ്‌കേൽ കണ്ട ദിവ്യ​ദർശ​ന​ത്തിന്‌ ഇക്കാലത്ത്‌ എന്തെങ്കി​ലും പ്രസക്തി​യു​ണ്ടോ?

27 യഹസ്‌കേൽ കണ്ട ദിവ്യ​ദർശ​ന​ത്തിന്‌ ഇക്കാലത്ത്‌ എന്തെങ്കി​ലും പ്രസക്തി​യു​ണ്ടോ? തീർച്ച​യാ​യും. യഹോ​വ​യു​ടെ ശുദ്ധാ​രാ​ധ​നയ്‌ക്കു നേരെ സാത്താൻ ഇന്നു മുമ്പെ​ന്ന​ത്തെ​ക്കാൾ ശക്തി​യോ​ടെ ആക്രമണം ഇളക്കി​വി​ടു​ക​യാണ്‌. നമ്മൾ ഒറ്റയ്‌ക്കാ​ണെ​ന്നും മറ്റാരും കൂടെ​യി​ല്ലെ​ന്നും നമ്മൾ സ്വർഗീ​യ​പി​താ​വി​ന്റെ​യും ദൈവ​ത്തി​ന്റെ സംഘട​ന​യു​ടെ​യും എത്തുപാ​ടി​ല​ല്ലെ​ന്നും നമ്മളെ വിശ്വ​സി​പ്പി​ക്കാ​നാണ്‌ അവന്റെ ശ്രമം. അത്തരം നുണകൾ നിങ്ങളു​ടെ മനസ്സി​ലോ ഹൃദയ​ത്തി​ലോ വേരു​പി​ടി​ക്കാൻ ഒരിക്ക​ലും അനുവ​ദി​ക്ക​രുത്‌. (സങ്കീ. 139:7-12) യഹസ്‌കേ​ലി​ന്റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ ഇന്നു നമ്മുടെ മനസ്സി​ലും ഭക്ത്യാ​ദ​രവ്‌ നിറയാൻ നിരവധി കാരണ​ങ്ങ​ളുണ്ട്‌. എന്നു​വെച്ച്‌ നമ്മൾ അദ്ദേഹ​ത്തെ​പ്പോ​ലെ അത്ഭുത​പ​ര​വ​ശ​രാ​യി നിലത്ത്‌ വീണു​പോ​കി​ല്ലാ​യി​രി​ക്കാം. എന്നാൽ യഹോ​വ​യു​ടെ സാർവ​ത്രി​ക​സം​ഘ​ട​ന​യു​ടെ സ്വർഗീ​യ​ഭാ​ഗ​ത്തി​ന്റെ ശക്തി, വേഗം, യഥേഷ്ടം സഞ്ചരി​ക്കാ​നും സാഹച​ര്യ​ങ്ങൾക്ക​നു​സ​രിച്ച്‌ മാറ്റം വരുത്താ​നും ഉള്ള കഴിവ്‌, അതിന്റെ തേജസ്സ്‌ എന്നിവ നമ്മിലും അതിശയം ജനിപ്പി​ക്കേ​ണ്ട​തല്ലേ?

28, 29. കഴിഞ്ഞ ഒരു നൂറ്റാ​ണ്ടിൽ യഹോ​വ​യു​ടെ രഥം മുന്നോ​ട്ടു നീങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രുന്നെന്ന്‌ എന്തു തെളി​യി​ക്കു​ന്നു?

28 യഹോ​വ​യു​ടെ സംഘട​നയ്‌ക്ക്‌ ഒരു ഭൗമി​ക​ഭാ​ഗ​വും ഉണ്ടെന്ന്‌ ഓർക്കുക. അപൂർണ​മ​നു​ഷ്യർ ചേർന്ന​താണ്‌ ആ ഭാഗ​മെ​ങ്കി​ലും യഹോവ ഭൂമി​യിൽ എന്തെല്ലാം കാര്യ​ങ്ങ​ളാ​ണു സാധി​ച്ചി​രി​ക്കു​ന്നത്‌! ഭൂവ്യാ​പ​ക​മാ​യി, നിസ്സാ​ര​രായ മനുഷ്യർക്കു സ്വന്തശ​ക്തി​യാൽ ചെയ്യാ​നാ​കാത്ത കാര്യങ്ങൾ ചെയ്യാൻ യഹോവ അവരെ സഹായി​ച്ചി​രി​ക്കു​ന്നു. (യോഹ. 14:12) ദൈവ​രാ​ജ്യം ഭരിക്കു​ന്നു! എന്ന പുസ്‌ത​ക​ത്തി​ന്റെ താളു​ക​ളി​ലൂ​ടെ ഒന്നു കണ്ണോ​ടി​ച്ചാൽ, കഴിഞ്ഞ ഒരു നൂറ്റാ​ണ്ടു​കൊണ്ട്‌ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ കൈവ​രിച്ച അത്ഭുതാ​വ​ഹ​മായ നേട്ടങ്ങൾ നമ്മുടെ മനസ്സി​ലേക്ക്‌ ഓടി​യെ​ത്തും. കൂടാതെ, സത്യ​ക്രിസ്‌ത്യാ​നി​കൾക്കാ​യുള്ള വിദ്യാ​ഭ്യാ​സ​പ​രി​പാ​ടി​കൾ നടത്തു​ന്ന​തി​ലും നിയമ​വി​ജ​യങ്ങൾ നേടു​ന്ന​തി​ലും ദൈ​വേഷ്ടം ചെയ്യാ​നാ​യി അത്യാ​ധു​നി​ക​സാ​ങ്കേ​തി​ക​വി​ദ്യ പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ലും യഹോ​വ​യു​ടെ സംഘടന നടത്തിയ മുന്നേ​റ്റ​ങ്ങ​ളും അതു നമ്മളെ ഓർമി​പ്പി​ക്കും.

29 ഈ ദുഷിച്ച വ്യവസ്ഥി​തി​യു​ടെ അവസാ​ന​നാ​ളു​ക​ളിൽ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാൻ ചെയ്‌തി​ട്ടുള്ള എല്ലാ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഓർക്കു​മ്പോൾ യഹോ​വ​യു​ടെ രഥം കുതി​ച്ചു​പാ​യു​ക​യാ​ണെന്നു കൂടുതൽ വ്യക്തമാ​കും. ഈ സംഘട​ന​യോ​ടൊ​പ്പം പ്രവർത്തി​ക്കാ​നും ഇതു​പോ​ലൊ​രു ഭരണാ​ധി​കാ​രി​യെ സേവി​ക്കാ​നും കഴിയു​ന്നത്‌ എത്ര വലി​യൊ​രു പദവി​യാണ്‌!​—സങ്കീ. 84:10.

യഹോവയുടെ സംഘട​ന​യു​ടെ ഭൗമി​ക​ഭാ​ഗം കുതി​ച്ചു​പാ​യു​ക​യാണ്‌ (28, 29 ഖണ്ഡികകൾ കാണുക)

30. അടുത്ത അധ്യാ​യ​ത്തിൽ നമ്മൾ എന്തു പഠിക്കും?

30 എന്നാൽ യഹസ്‌കേ​ലി​ന്റെ ദർശന​ത്തിൽനി​ന്നുള്ള പാഠങ്ങൾ ഇതു​കൊണ്ട്‌ തീരു​ന്നില്ല. അടുത്ത അധ്യാ​യ​ത്തിൽ, അതിശ​യ​ക​ര​മായ രൂപമുള്ള ആ നാലു ‘ജീവി​ക​ളെ​ക്കു​റിച്ച്‌,’ അഥവാ കെരൂ​ബു​ക​ളെ​ക്കു​റിച്ച്‌, നമ്മൾ വിശദ​മാ​യി പഠിക്കും. യഹോവ എന്ന തേജോ​മ​യ​നായ പരമാ​ധി​കാ​രി​യെ​ക്കു​റിച്ച്‌ അവ നമ്മളെ എന്തെല്ലാം പഠിപ്പി​ക്കും?

a ഇതു സ്വർണ​വും വെള്ളി​യും ചേർന്ന ഒരു സങ്കര​ലോ​ഹ​മാ​ണെന്ന്‌ യഹസ്‌കേൽ പറഞ്ഞു.

b ഇതു നേർരേ​ഖ​യി​ലുള്ള ദൂരമാ​യി​രു​ന്നു. ഒരുപക്ഷേ ബന്ദികളെ കൊണ്ടു​പോയ വഴി ഇതിന്റെ ഇരട്ടി ദൂരം വരും.