വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 6

“അന്ത്യം ഇപ്പോൾ നിന്റെ മേൽ വന്നിരി​ക്കു​ന്നു”

“അന്ത്യം ഇപ്പോൾ നിന്റെ മേൽ വന്നിരി​ക്കു​ന്നു”

യഹസ്‌കേൽ 7:3

മുഖ്യവിഷയം: യരുശ​ലേ​മിന്‌ എതി​രെ​യുള്ള യഹോ​വ​യു​ടെ ന്യായ​വി​ധി​കൾ​—ആ പ്രവച​ന​ങ്ങ​ളു​ടെ നിവൃത്തി

1, 2. (എ) യഹസ്‌കേൽ വിചി​ത്ര​മാ​യി പെരു​മാ​റി​യത്‌ എങ്ങനെ? (അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തി​ലെ ചിത്രം കാണുക.) (ബി) അദ്ദേഹ​ത്തി​ന്റെ ഈ പെരു​മാ​റ്റം എന്തിനെ മുൻനി​ഴ​ലാ​ക്കി?

 ‘യഹസ്‌കേൽപ്ര​വാ​ച​കന്‌ ഇത്‌ എന്തു പറ്റി!’ ബാബി​ലോൺ ദേശ​ത്തേക്കു ബന്ദിക​ളാ​യി കൊണ്ടു​പോയ ജൂതന്മാ​രു​ടെ ഇടയിൽ ആ വാർത്ത കാട്ടു​തീ​പോ​ലെ പടരു​ക​യാണ്‌. ഒരാഴ്‌ച​യാ​യി അദ്ദേഹം ഒന്നും ഉരിയാ​ടാ​തെ ആകെ മരവിച്ച നിലയിൽ അവരുടെ ഇടയിൽ ഇരിക്കു​ക​യാ​യി​രു​ന്നു. പക്ഷേ പെട്ടെന്ന്‌ അദ്ദേഹം ചാടി​യെ​ഴു​ന്നേറ്റ്‌ തന്റെ വീട്ടിൽ കയറി കതകടച്ചു. അയൽക്കാ​രെ​ല്ലാം അന്തംവിട്ട്‌ നോക്കി​നിൽക്കു​മ്പോൾ അദ്ദേഹം അതാ പുറ​ത്തേക്കു വരുന്നു. എന്നിട്ട്‌ ഒരു ഇഷ്ടിക എടുത്ത്‌ മുന്നിൽ വെച്ചിട്ട്‌ അതിൽ ഒരു ചിത്രം വരഞ്ഞു​ണ്ടാ​ക്കി. പിന്നെ ഒന്നും മിണ്ടാതെ ഒരു മതിലി​ന്റെ ചെറു​രൂ​പം പണിയാൻതു​ടങ്ങി.​—യഹ. 3:10, 11, 15, 24-26; 4:1, 2.

2 കാഴ്‌ച​ക്കാ​രു​ടെ എണ്ണം കൂടി​ക്കൂ​ടി​വ​രു​ക​യാണ്‌. ‘എന്താണ്‌ ഇതി​ന്റെ​യൊ​ക്കെ അർഥം’ എന്ന്‌ അവർ ചിന്തി​ച്ചു​കാ​ണും. യഹസ്‌കേൽ പ്രവാ​ചകൻ ഇങ്ങനെ വിചി​ത്ര​മാ​യി പെരു​മാ​റി​യ​തി​ന്റെ അർഥം അവർക്ക്‌ അപ്പോൾ അത്ര വ്യക്തമാ​യി​ക്കാ​ണില്ല. എന്നാൽ ഭാവി​യിൽ വരാനി​രി​ക്കുന്ന ഭയാന​ക​മായ ഒരു സംഭവ​ത്തി​ന്റെ മുന്നോ​ടി​യാ​യി​രു​ന്നു അത്‌; യഹോ​വ​യു​ടെ നീതി​നിഷ്‌ഠ​മായ കോപം വെളി​പ്പെ​ടാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. എന്തായി​രു​ന്നു ആ സംഭവം? പുരാ​ത​ന​കാ​ലത്തെ ഇസ്രാ​യേൽ ജനതയെ അത്‌ എങ്ങനെ ബാധിച്ചു? ഇന്ന്‌ ശുദ്ധാ​രാ​ധ​ക​രു​ടെ ജീവി​ത​ത്തിൽ അതിന്‌ എന്തു പ്രസക്തി​യാ​ണു​ള്ളത്‌?

‘ഇഷ്ടിക എടുക്കുക . . . ഗോതമ്പ്‌ എടുക്കുക . . . മൂർച്ച​യുള്ള ഒരു വാൾ എടുക്കുക’

3, 4. (എ) ദിവ്യ​ന്യാ​യ​വി​ധി​യു​ടെ ഏതു മൂന്നു വശങ്ങളാണ്‌ യഹസ്‌കേൽ അഭിന​യി​ച്ചു​കാ​ണി​ച്ചത്‌? (ബി) യരുശ​ലേ​മി​ന്റെ ഉപരോ​ധം യഹസ്‌കേൽ അഭിന​യി​ച്ചു​കാ​ണി​ച്ചത്‌ എങ്ങനെ?

3 ഏതാണ്ട്‌ ബി.സി. 613-നോട്‌ അടുത്ത സമയം. യരുശ​ലേ​മിന്‌ എതിരെ വരാനി​രി​ക്കുന്ന ദിവ്യ​ന്യാ​യ​വി​ധി​യു​ടെ മൂന്നു വശങ്ങൾ ചില പ്രതീ​ക​ങ്ങ​ളി​ലൂ​ടെ കാണി​ച്ചു​കൊ​ടു​ക്കാൻ യഹോവ യഹസ്‌കേ​ലി​നു നിർദേശം കൊടു​ത്തു. ഏതൊ​ക്കെ​യാ​യി​രു​ന്നു അവ? നഗരത്തി​ന്റെ ഉപരോ​ധം, നഗരവാ​സി​ക​ളു​ടെ യാതനകൾ, നഗരത്തി​ന്റെ​യും അതിലു​ള്ള​വ​രു​ടെ​യും നാശം. a അവ മൂന്നും നമുക്ക്‌ ഇപ്പോൾ വിശദ​മാ​യി പരി​ശോ​ധി​ക്കാം.

4 യരുശ​ലേ​മി​ന്റെ ഉപരോ​ധം. യഹോവ യഹസ്‌കേ​ലി​നോ​ടു പറഞ്ഞു: “ഒരു ഇഷ്ടിക എടുത്ത്‌ നിന്റെ മുന്നിൽ വെക്കുക. . . . അതിനെ ഉപരോ​ധി​ക്കണം.” (യഹസ്‌കേൽ 4:1-3 വായി​ക്കുക.) ആ ഇഷ്ടിക യരുശ​ലേം നഗര​ത്തെ​യാ​ണു പ്രതീ​ക​പ്പെ​ടു​ത്തി​യത്‌. യഹസ്‌കേ​ലാ​കട്ടെ, യഹോവ ഉപയോ​ഗിച്ച ബാബി​ലോൺസേ​ന​യെ​യും ചിത്രീ​ക​രി​ച്ചു. യഹസ്‌കേ​ലി​നു മറ്റൊരു നിർദേ​ശ​വും കിട്ടി: ഒരു മതിലി​ന്റെ ചെറു​രൂ​പം, ആക്രമി​ക്കാൻവേ​ണ്ടി​യുള്ള ചെരിഞ്ഞ തിട്ട, യന്ത്രമു​ട്ടി​കൾ എന്നിവ ഉണ്ടാക്കി​യിട്ട്‌ ആ ഇഷ്ടികയ്‌ക്കു ചുറ്റും വെക്കുക. യരുശ​ലേം നഗരം വളഞ്ഞ്‌ അതിനെ ആക്രമി​ക്കാൻ ശത്രുക്കൾ ഉപയോ​ഗി​ക്കുന്ന യുദ്ധോ​പ​ക​ര​ണ​ങ്ങ​ളെ​യാണ്‌ അവ പ്രതീ​ക​പ്പെ​ടു​ത്തി​യത്‌. “ഇരുമ്പു​കൊ​ണ്ടുള്ള ഒരു അപ്പക്കല്ല്‌” തനിക്കും നഗരത്തി​നും ഇടയിൽ വെക്കാൻ യഹസ്‌കേ​ലി​നോ​ടു പറഞ്ഞതോ? ശത്രു​സൈ​ന്യ​ത്തി​ന്റെ ഇരുമ്പു​സ​മാ​ന​മായ ശക്തിയെ സൂചി​പ്പി​ക്കാ​നാ​യി​രു​ന്നു അത്‌. ഒടുവിൽ അദ്ദേഹം ‘നഗരത്തി​നു നേരെ മുഖം തിരിച്ചു.’ യുദ്ധവു​മാ​യി ബന്ധമുള്ള ഈ കാര്യ​ങ്ങ​ളെ​ല്ലാം ‘ഇസ്രാ​യേൽഗൃ​ഹ​ത്തി​നുള്ള ഒരു അടയാ​ള​മാ​യി​രു​ന്നു,’ അവർ ഒട്ടും പ്രതീ​ക്ഷി​ക്കാത്ത ചില കാര്യങ്ങൾ സംഭവി​ക്കാൻപോ​കു​ന്നു എന്നതിന്റെ അടയാളം! ദേവാ​ലയം സ്ഥിതി​ചെയ്‌തി​രുന്ന, ദൈവ​ജ​ന​ത്തി​ന്റെ മുഖ്യ​ന​ഗ​ര​മായ യരുശ​ലേ​മി​നെ യഹോവ ഒരു ശത്രു​സൈ​ന്യ​ത്തെ ഉപയോ​ഗിച്ച്‌ ഉപരോ​ധി​ക്കാൻപോ​കു​ക​യാ​യി​രു​ന്നു!

5. യഹസ്‌കേൽ ചെയ്‌ത കാര്യങ്ങൾ യരുശ​ലേം നഗരവാ​സി​കൾക്കു സംഭവി​ക്കാൻ പോകുന്ന കാര്യ​ങ്ങളെ മുൻനി​ഴ​ലാ​ക്കി​യത്‌ എങ്ങനെ?

5 യരുശ​ലേം നഗരവാ​സി​ക​ളു​ടെ യാതനകൾ. യഹോവ യഹസ്‌കേ​ലിന്‌ ഈ ആജ്ഞ കൊടു​ത്തു: “നീ ഗോതമ്പ്‌, ബാർളി, വലിയ പയർ, പരിപ്പ്‌, തിന, വരക്‌ (ഒരു തരം ഗോതമ്പ്‌) എന്നിവ ഒരു പാത്ര​ത്തിൽ എടുത്ത്‌ നിനക്കു കഴിക്കാൻ അപ്പം ഉണ്ടാക്കുക. . . . ഓരോ ദിവസ​വും അളന്നു​തൂ​ക്കി 20 ശേക്കെൽ (ഏകദേശം 230 ഗ്രാം) ഭക്ഷണം മാത്രമേ കഴിക്കാ​വൂ.” തുടർന്ന്‌ യഹോവ ഇങ്ങനെ​യും പറഞ്ഞു: “ഇതാ ഞാൻ . . . ഭക്ഷ്യ​ശേ​ഖരം നശിപ്പി​ക്കു​ന്നു.” (യഹ. 4:9-16) യഹസ്‌കേൽ മുൻരം​ഗ​ത്തിൽ ബാബി​ലോൺസേ​ന​യെ​യാ​ണു ചിത്രീ​ക​രി​ച്ച​തെ​ങ്കിൽ ഇവിടെ യരുശ​ലേം നഗരവാ​സി​ക​ളെ​യാ​ണു ചിത്രീ​ക​രി​ക്കു​ന്നത്‌. നഗരം ഉപരോ​ധി​ക്ക​പ്പെ​ടു​മ്പോൾ അവിടത്തെ ഭക്ഷ്യ​ശേ​ഖരം കുറഞ്ഞു​പോ​കു​മെ​ന്നാ​ണു പ്രവാ​ചകൻ ചെയ്‌ത കാര്യങ്ങൾ സൂചി​പ്പി​ച്ചത്‌. ആ സമയത്ത്‌, ഒട്ടും ചേർച്ച​യി​ല്ലാത്ത ചേരു​വ​കൾകൊണ്ട്‌ അവർക്ക്‌ അപ്പം ഉണ്ടാ​ക്കേ​ണ്ടി​വ​രു​മാ​യി​രു​ന്നു. ഉള്ളതു​കൊണ്ട്‌ അവർക്കു വിശപ്പ​ട​ക്കേ​ണ്ടി​വ​രും എന്നാണ്‌ അതു സൂചി​പ്പി​ച്ചത്‌. പട്ടിണി എത്ര​ത്തോ​ളം രൂക്ഷമാ​കും? യരുശ​ലേം​നി​വാ​സി​ക​ളോ​ടു നേരിട്ട്‌ സംസാ​രി​ക്കു​ന്ന​തു​പോ​ലെ യഹസ്‌കേൽ പറഞ്ഞു: “നിങ്ങളു​ടെ മധ്യേ അപ്പന്മാർ സ്വന്തം മക്കളെ​യും മക്കൾ അപ്പന്മാ​രെ​യും തിന്നും.” അനേകം ആളുകൾ ‘ക്ഷാമത്തി​ന്റെ മാരകാസ്‌ത്ര​ങ്ങ​ളാൽ’ വലഞ്ഞ്‌, “ക്ഷയിച്ചു​പോ​കും” എന്നും അദ്ദേഹം പറഞ്ഞു.​—യഹ. 4:17; 5:10, 16.

6. (എ) ഒരേ സമയം ഏതു രണ്ടു വേഷമാണ്‌ യഹസ്‌കേൽ അഭിന​യി​ച്ചത്‌? (ബി) ‘രോമം ഒരു ത്രാസ്സിൽ തൂക്കി ഭാഗി​ക്കുക’ എന്ന ദൈവ​കല്‌പ​ന​യു​ടെ അർഥം എന്തായി​രു​ന്നു?

6 യരുശ​ലേം നഗരത്തി​ന്റെ​യും നഗരവാ​സി​ക​ളു​ടെ​യും നാശം. ഈ രംഗത്ത്‌ യഹസ്‌കേൽ ഒരേ സമയം രണ്ടു വേഷം അഭിന​യി​ച്ചു. യഹോവ ചെയ്യാൻപോ​കുന്ന കാര്യ​മാണ്‌ അദ്ദേഹം ആദ്യം അഭിന​യി​ച്ചു​കാ​ണി​ച്ചത്‌. ‘മൂർച്ച​യുള്ള ഒരു വാൾ എടുക്കാൻ’ യഹോവ യഹസ്‌കേ​ലി​നോ​ടു പറഞ്ഞു. ‘ക്ഷൗരക്ക​ത്തി​യാ​യി ഉപയോ​ഗി​ക്കാ​നാ​യി​രു​ന്നു’ അത്‌. (യഹസ്‌കേൽ 5:1, 2 വായി​ക്കുക.) വാൾ പിടി​ച്ചി​രുന്ന യഹസ്‌കേ​ലി​ന്റെ കൈ എന്തി​നെ​യാ​ണു പ്രതി​നി​ധാ​നം ചെയ്‌തത്‌? അത്‌ യഹോ​വ​യു​ടെ കൈയെ, അതായത്‌ ബാബി​ലോൺസേ​നയെ ഉപയോ​ഗിച്ച്‌ യഹോവ നടപ്പാ​ക്കുന്ന ന്യായ​വി​ധി​യെ, ആണ്‌ അർഥമാ​ക്കി​യത്‌. രണ്ടാമത്‌ യഹസ്‌കേൽ അഭിന​യി​ച്ചു​കാ​ണി​ച്ചത്‌, ജൂതന്മാർ അനുഭ​വി​ക്കാൻപോ​കുന്ന കാര്യ​ങ്ങ​ളാണ്‌. ‘നിന്റെ തലയും താടി​യും വടിക്കുക’ എന്ന്‌ യഹോവ യഹസ്‌കേ​ലി​നോ​ടു പറഞ്ഞു. യഹസ്‌കേ​ലി​ന്റെ തല വടിച്ചത്‌, ജൂതന്മാ​രു​ടെ നേരെ ആക്രമ​ണ​മു​ണ്ടാ​കു​മെ​ന്നും അവരെ തുടച്ചു​മാ​റ്റു​മെ​ന്നും സൂചി​പ്പി​ച്ചു. യഹസ്‌കേ​ലി​ന്റെ രോമം ചിത്രീ​ക​രി​ച്ചത്‌ യരുശ​ലേം​നി​വാ​സി​ക​ളെ​യാണ്‌. “രോമം ഒരു ത്രാസ്സിൽ തൂക്കി . . . ഭാഗി​ക്കുക” എന്നു കല്‌പി​ച്ച​തി​നും ഒരർഥ​മു​ണ്ടാ​യി​രു​ന്നു. യഹോവ യരുശ​ലേ​മി​നെ ന്യായം വിധി​ക്കു​ന്നതു തോന്നി​യ​തു​പോ​ലെയല്ല, മറിച്ച്‌ നന്നായി ചിന്തി​ച്ചി​ട്ടാ​യി​രി​ക്കു​മെ​ന്നും അതൊരു സമ്പൂർണ​നാ​ശ​മാ​യി​രി​ക്കു​മെ​ന്നും അതു സൂചി​പ്പി​ച്ചു.

7. രോമം മൂന്നായി ഭാഗി​ക്കാ​നും അവ മൂന്നും മൂന്നു രീതി​യിൽ കൈകാ​ര്യം ചെയ്യാ​നും യഹോവ യഹസ്‌കേ​ലി​നോ​ടു പറഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌?

 7 വടിച്ചു​മാ​റ്റിയ രോമം മൂന്നായി ഭാഗി​ക്കാ​നും അവ മൂന്നും മൂന്നു രീതി​യിൽ കൈകാ​ര്യം ചെയ്യാ​നും യഹോവ യഹസ്‌കേ​ലി​നോ​ടു പറഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌? (യഹസ്‌കേൽ 5:7-12 വായി​ക്കുക.) യഹസ്‌കേൽ അതിൽ ഒരു ഭാഗം “നഗരത്തി​ലിട്ട്‌” കത്തിച്ചു​ക​ള​ഞ്ഞത്‌, യരുശ​ലേം നഗരവാ​സി​ക​ളിൽ ചിലർ നഗരത്തി​നു​ള്ളിൽവെ​ച്ചു​തന്നെ മരിക്കും എന്നു കാണി​ക്കാ​നാ​യി​രു​ന്നു. മറ്റൊരു ഭാഗം “നഗരത്തി​നു ചുറ്റും” വാളു​കൊണ്ട്‌ അരിഞ്ഞി​ട്ട​താ​കട്ടെ, ചില നഗരവാ​സി​കൾ നഗരത്തി​നു പുറത്തു​വെച്ച്‌ കൊല്ല​പ്പെ​ടും എന്നു സൂചി​പ്പി​ച്ചു. അവസാ​ന​ഭാ​ഗം കാറ്റിൽ പറത്തി​യ​തോ? ബാക്കി​യുള്ള നഗരവാ​സി​കൾ ജനതക​ളു​ടെ ഇടയി​ലേക്കു ചിതറി​പ്പോ​കു​മെന്ന്‌ അത്‌ അർഥമാ​ക്കി. പക്ഷേ താൻ “ഒരു വാൾ . . . അവരുടെ പിന്നാലെ അയയ്‌ക്കും” എന്നും ദൈവം പറഞ്ഞി​രു​ന്നു. അവി​ടെ​നിന്ന്‌ ഓടി​പ്പോ​കു​ന്നവർ എവിടെ പോയി താമസ​മാ​ക്കി​യാ​ലും അവർക്കു സമാധാ​ന​മു​ണ്ടാ​യി​രി​ക്കില്ല എന്നാണ്‌ അതു സൂചി​പ്പി​ച്ചത്‌.

8. (എ) യഹസ്‌കേ​ലി​ന്റെ ഈ പ്രവച​ന​ഭാ​ഗം പ്രതീ​ക്ഷ​യു​ടെ ഏതു തിരി​നാ​ളം അവശേ​ഷി​പ്പി​ച്ചു? (ബി) ‘കുറച്ച്‌ രോമ​ത്തെ​ക്കു​റി​ച്ചുള്ള’ പ്രവചനം നിറ​വേ​റി​യത്‌ എങ്ങനെ?

8 എന്നാൽ, ഈ പ്രവച​ന​ഭാ​ഗം പ്രതീ​ക്ഷ​യു​ടെ ഒരു തിരി​നാ​ളം അവശേ​ഷി​പ്പി​ക്കു​ന്നുണ്ട്‌. വടിച്ചു​മാ​റ്റിയ രോമ​ത്തെ​ക്കു​റിച്ച്‌ യഹോവ പ്രവാ​ച​ക​നോട്‌ ഇങ്ങനെ​യും പറഞ്ഞി​രു​ന്നു: “കുറച്ച്‌ രോമം എടുത്ത്‌ നിന്റെ വസ്‌ത്ര​ത്തി​ന്റെ മടക്കു​ക​ളിൽ കെട്ടി​വെ​ക്കണം.” (യഹ. 5:3) ജനതക​ളു​ടെ ഇടയി​ലേക്കു ചിതറി​പ്പോയ ജൂതന്മാ​രിൽ ചിലരു​ടെ ജീവന്‌ ആപത്തൊ​ന്നും വരില്ല എന്ന്‌ ആ വാക്കുകൾ സൂചി​പ്പി​ച്ചു. “കുറച്ച്‌ രോമം” എന്നു വിശേ​ഷി​പ്പി​ച്ചത്‌ അവരെ​യാണ്‌. ബാബി​ലോ​ണി​ലെ 70 വർഷത്തെ പ്രവാ​സ​ജീ​വി​ത​ത്തി​നു ശേഷം യരുശ​ലേ​മി​ലേക്കു മടങ്ങി​വ​രു​ന്ന​വ​രു​ടെ കൂട്ടത്തിൽ അവരിൽ ചിലരും ഉണ്ടാകു​മാ​യി​രു​ന്നു. (യഹ. 6:8, 9; 11:17) ആ പ്രവചനം നിറ​വേ​റി​യോ? തീർച്ച​യാ​യും. ചിതറി​പ്പോയ ജൂതന്മാ​രിൽ ചിലർ യരുശ​ലേ​മി​ലേക്കു മടങ്ങി​വ​ന്ന​താ​യി ബാബി​ലോൺപ്ര​വാ​സം അവസാ​നിച്ച്‌ കുറെ വർഷങ്ങൾക്കു​ശേഷം ഹഗ്ഗായി പ്രവാ​ചകൻ രേഖ​പ്പെ​ടു​ത്തി. “മുമ്പു​ണ്ടാ​യി​രുന്ന ഭവനം (ശലോ​മോ​ന്റെ ദേവാ​ലയം) കണ്ടിട്ടുള്ള വൃദ്ധരായ” ചിലർ എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ ഇവരെ​ക്കു​റി​ച്ചാണ്‌. (എസ്ര 3:12; ഹഗ്ഗാ. 2:1-3) ശുദ്ധാ​രാ​ധന സംരക്ഷി​ക്ക​പ്പെ​ടു​മെ​ന്നുള്ള തന്റെ വാഗ്‌ദാ​നം നിറ​വേ​റു​ന്നെന്ന്‌ യഹോവ ഉറപ്പു​വ​രു​ത്തി. ആ പുനഃ​സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ചുള്ള കൂടുതൽ വിശദാം​ശങ്ങൾ ഈ പുസ്‌ത​ക​ത്തി​ന്റെ 9-ാം അധ്യാ​യ​ത്തിൽ നമ്മൾ കാണും.​—യഹ. 11:17-20.

വരാനി​രി​ക്കുന്ന സംഭവ​ങ്ങ​ളെ​ക്കു​റിച്ച്‌ ഈ പ്രവചനം എന്തു പഠിപ്പി​ക്കു​ന്നു?

9, 10. യഹസ്‌കേൽ അഭിന​യി​ച്ചു​കാ​ണിച്ച കാര്യങ്ങൾ, സുപ്ര​ധാ​ന​മായ ഏതെല്ലാം ഭാവി​സം​ഭ​വ​ങ്ങ​ളാ​ണു നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്നത്‌?

9 യഹസ്‌കേൽ അഭിന​യി​ച്ചു​കാ​ണിച്ച കാര്യങ്ങൾ ദൈവ​വ​ചനം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കുന്ന സുപ്ര​ധാ​ന​മായ ചില ഭാവി​സം​ഭ​വ​ങ്ങ​ളാ​ണു നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്നത്‌. അവയിൽ ചിലത്‌ ഏതാണ്‌? പണ്ടത്തെ യരുശ​ലേം നഗരത്തി​ന്റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ, ഒട്ടും പ്രതീ​ക്ഷി​ക്കാത്ത ഒരു ആക്രമണം നടത്താൻ യഹോവ രാഷ്‌ട്രീ​യ​ശ​ക്തി​കളെ ഉപയോ​ഗി​ക്കും. ഭൂമി​യി​ലെ എല്ലാ വ്യാജ​മ​ത​സം​ഘ​ട​ന​ക​ളും ആ ആക്രമ​ണ​ത്തിന്‌ ഇരയാ​കും. (വെളി. 17:16-18) യരുശ​ലേ​മി​ന്റെ നാശം “അപൂർവ​മായ ഒരു ദുരന്തം” ആയിരു​ന്ന​തു​പോ​ലെ ‘മഹാക​ഷ്ട​ത​യും’ അതിന്റെ ഭാഗമായ അർമ​ഗെ​ദോ​നും “ഇന്നുവരെ സംഭവി​ച്ചി​ട്ടി​ല്ലാത്ത” ഒന്നായി​രി​ക്കും.​—യഹ. 5:9; 7:5; മത്താ. 24:21.

10 വ്യാജ​മ​ത​ങ്ങ​ളു​ടെ അനുയാ​യി​കൾ, വ്യക്തികൾ എന്ന നിലയിൽ മതസ്ഥാ​പ​ന​ങ്ങ​ളു​ടെ നാശത്തെ അതിജീ​വി​ക്കു​മെന്നു ദൈവ​വ​ചനം സൂചി​പ്പി​ക്കു​ന്നു. സമൂഹ​ത്തി​ലെ നാനാ​തു​റ​ക​ളിൽപ്പെട്ട അനേകർ ഒരു ഒളിയി​ടം തേടി പായു​മ്പോൾ ഇക്കൂട്ട​രും പരി​ഭ്രാ​ന്തി​യോ​ടെ അവരോ​ടൊ​പ്പം ചേരും. (സെഖ. 13:4-6; വെളി. 6:15-17) അവരുടെ സാഹച​ര്യം പണ്ട്‌ യരുശ​ലേ​മി​ന്റെ നാശത്തെ അതിജീ​വി​ച്ച​വ​രു​ടേ​തി​നു സമാന​മാ​യി​രി​ക്കും. നമ്മൾ  7-ാം ഖണ്ഡിക​യിൽ കണ്ടതു​പോ​ലെ “കാറ്റിൽ” ചിതറി​പ്പോയ അവർക്ക്‌ ഉടനെ ജീവൻ നഷ്ടമാ​യി​ല്ലെ​ങ്കി​ലും യഹോവ ‘ഒരു വാൾ ഊരി അവരുടെ പിന്നാലെ അയച്ചു.’ (യഹ. 5:2) സമാന​മാ​യി, മതത്തിനു നേരെ​യുള്ള ആക്രമ​ണത്തെ അതിജീ​വി​ക്കു​ന്നവർ എവിടെ അഭയം തേടി​യാ​ലും യഹോ​വ​യു​ടെ വാളിൽനിന്ന്‌ അവരെ സംരക്ഷി​ക്കാൻ അവയ്‌ക്കാ​കില്ല. കോലാ​ടു​തു​ല്യ​രായ മറ്റെല്ലാ​വ​രോ​ടും ഒപ്പം അർമ​ഗെ​ദോ​നിൽ അവരെ​യും സംഹരി​ക്കും.​—യഹ. 7:4; മത്താ. 25:33, 41, 46; വെളി. 19:15, 18.

സന്തോഷവാർത്ത അറിയിക്കുന്ന കാര്യ​ത്തിൽ നമ്മൾ ‘മൂകരാ​കും’

11, 12. (എ) യരുശ​ലേ​മി​ന്റെ ഉപരോ​ധ​ത്തെ​ക്കു​റി​ച്ചുള്ള യഹസ്‌കേ​ലി​ന്റെ പ്രവചനം ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചുള്ള നമ്മുടെ കാഴ്‌ച​പ്പാ​ടി​നെ ഇന്നു സ്വാധീ​നി​ക്കു​ന്നത്‌ എങ്ങനെ? (ബി) നമ്മുടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നും സന്ദേശ​ത്തി​നും സാധ്യ​ത​യ​നു​സ​രിച്ച്‌ എന്തു മാറ്റം വരും?

11 ഈ പ്രവച​ന​ത്തി​ന്റെ അർഥം മനസ്സി​ലാ​ക്കു​ന്നതു ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും അതിന്റെ അടിയ​ന്തി​ര​ത​യെ​ക്കു​റി​ച്ചും ഉള്ള നമ്മുടെ കാഴ്‌ച​പ്പാ​ടി​നെ സ്വാധീ​നി​ക്കും. എങ്ങനെ? യഹോ​വ​യു​ടെ സേവക​രാ​കാൻ ആളുകളെ സഹായി​ക്കു​ന്ന​തി​നു നമ്മുടെ കഴിവി​ന്റെ പരമാ​വധി പ്രവർത്തി​ക്കേണ്ട സമയം ഇപ്പോ​ഴാ​ണെന്ന്‌ അതു നമ്മളെ ഓർമി​പ്പി​ക്കു​ന്നു. കാരണം, ‘എല്ലാ ജനതക​ളി​ലെ​യും ആളുകളെ ശിഷ്യ​രാ​ക്കാൻ’ ഇനി കുറച്ച്‌ സമയമേ ബാക്കി​യു​ള്ളൂ. (മത്താ. 28:19, 20; യഹ. 33:14-16) “വടി” (രാഷ്‌ട്രീ​യ​ശ​ക്തി​കൾ) മതത്തിന്‌ എതിരെ ആക്രമണം തുടങ്ങി​ക്ക​ഴി​ഞ്ഞാൽപ്പി​ന്നെ നമ്മൾ ആളുകളെ രക്ഷാസ​ന്ദേശം അറിയി​ക്കില്ല. (യഹ. 7:10) തന്റെ ശുശ്രൂ​ഷയ്‌ക്കി​ടെ ഒരു സമയത്ത്‌ യഹസ്‌കേൽ സന്ദേശങ്ങൾ അറിയി​ക്കു​ന്നതു നിറുത്തി മൂകനാ​യി​രു​ന്ന​തു​പോ​ലെ സന്തോ​ഷ​വാർത്ത അറിയി​ക്കുന്ന കാര്യ​ത്തിൽ നമ്മളും ‘മൂകരാ​കും.’ (യഹ. 3:26, 27; 33:21, 22) വ്യാജ​മ​ത​ത്തി​ന്റെ നാശത്തി​നു​ശേഷം ആളുകൾ ആലങ്കാ​രി​കാർഥ​ത്തിൽ “പ്രവാ​ച​കനെ സമീപിച്ച്‌ ദിവ്യ​ദർശനം തേടും.” പക്ഷേ എത്ര വേവലാ​തി​യോ​ടെ ശ്രമി​ച്ചാ​ലും അവർക്കു ജീവര​ക്ഷാ​ക​ര​മായ സന്ദേശ​ങ്ങ​ളൊ​ന്നും ലഭിക്കില്ല. (യഹ. 7:26) അത്തരം നിർദേ​ശങ്ങൾ കിട്ടുന്ന സമയം കടന്നു​പോ​യി​രി​ക്കും, പിന്നെ ആർക്കും ക്രിസ്‌തു​ശി​ഷ്യ​നാ​കാ​നും കഴിയില്ല.

12 എന്നാൽ നമ്മുടെ പ്രസം​ഗ​പ്ര​വർത്തനം അപ്പോ​ഴും തുടരും. എന്തു​കൊണ്ട്‌? കാരണം മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ നമ്മൾ സാധ്യ​ത​യ​നു​സ​രിച്ച്‌ ഒരു ന്യായ​വി​ധി​സ​ന്ദേശം അറിയി​ച്ചു​തു​ട​ങ്ങും. അത്‌ ഒരു വലിയ ആലിപ്പ​ഴ​വർഷം​പോ​ലെ​യാ​യി​രി​ക്കും. ഈ ദുഷ്ട​ലോ​കം ഉടൻ നശിക്കും എന്നു വ്യക്തമാ​യി സൂചി​പ്പി​ക്കുന്ന സന്ദേശ​മാ​യി​രി​ക്കും അത്‌.​—വെളി. 16:21.

“അതാ, അതു വരുന്നു!”

13. ഇടതു​വ​ശ​വും പിന്നീടു വലതു​വ​ശ​വും ചെരി​ഞ്ഞു​കി​ട​ക്കാൻ യഹോവ യഹസ്‌കേ​ലി​നോ​ടു പറഞ്ഞത്‌ എന്തു​കൊണ്ട്‌?

13 യരുശ​ലേ​മി​ന്റെ നാശം എങ്ങനെ ആയിരി​ക്കു​മെന്നു പ്രവചി​ച്ച​തോ​ടൊ​പ്പം അത്‌ എപ്പോൾ സംഭവി​ക്കു​മെ​ന്നും യഹസ്‌കേൽ അഭിന​യി​ച്ചു​കാ​ണി​ച്ചു. 390 ദിവസം ഇടതു​വശം ചെരി​ഞ്ഞു​കി​ട​ക്കാ​നും 40 ദിവസം വലതു​വശം ചെരി​ഞ്ഞു​കി​ട​ക്കാ​നും യഹോവ യഹസ്‌കേ​ലി​നോ​ടു പറഞ്ഞു. ഓരോ ദിവസ​വും ഓരോ വർഷത്തെ പ്രതി​നി​ധാ​നം ചെയ്‌തു. (യഹസ്‌കേൽ 4:4-6 വായി​ക്കുക; സംഖ്യ 14:34) സാധ്യ​ത​യ​നു​സ​രിച്ച്‌ ഓരോ ദിവസ​വും ഏതാനും മണിക്കൂ​റു​കൾ മാത്രമേ യഹസ്‌കേൽ ഇങ്ങനെ കിടന്നു​കാ​ണൂ. യഹസ്‌കേൽ ഇങ്ങനെ കിടന്ന ദിവസങ്ങൾ, യരുശ​ലേം നശിക്കാ​നി​രുന്ന കൃത്യ​മായ വർഷത്തി​ലേക്കു വിരൽചൂ​ണ്ടി. ഇസ്രാ​യേ​ലി​ന്റെ കുറ്റത്തി​ന്റെ 390 വർഷം, സാധ്യ​ത​യ​നു​സ​രിച്ച്‌ 12 ഗോ​ത്ര​രാ​ജ്യം രണ്ടായി വിഭജി​ക്ക​പ്പെട്ട ബി.സി. 997-ൽ തുടങ്ങി. (1 രാജാ. 12:12-20) യഹൂദ​യു​ടെ പാപത്തി​ന്റെ 40 വർഷം, സാധ്യ​ത​യ​നു​സ​രിച്ച്‌ ബി.സി. 647-ലാണു തുടങ്ങി​യത്‌. എന്തായി​രു​ന്നു ആ വർഷത്തി​ന്റെ പ്രത്യേ​കത? വരാൻപോ​കുന്ന നാശ​ത്തെ​ക്കു​റിച്ച്‌ യഹൂദയ്‌ക്കു ശക്തമായ ഭാഷയിൽ മുന്നറി​യി​പ്പു കൊടു​ക്കാൻ യിരെ​മ്യ​യെ ഒരു പ്രവാ​ച​ക​നാ​യി നിയോ​ഗിച്ച വർഷമാ​യി​രു​ന്നു അത്‌. (യിരെ. 1:1, 2, 17-19; 19:3, 4) ഈ രണ്ടു കാലഘ​ട്ട​വും ബി.സി. 607-ൽ അവസാ​നി​ക്കു​മാ​യി​രു​ന്നു; അതേ വർഷം​തന്നെ യരുശ​ലേം വീഴു​ക​യും നശിപ്പി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. അങ്ങനെ യഹോവ പറഞ്ഞതു കൃത്യ​മാ​യി നിറ​വേറി! b

യരുശലേം നശിക്കാ​നി​രുന്ന കൃത്യ​മായ വർഷം യഹസ്‌കേൽ ചൂണ്ടി​ക്കാ​ട്ടി​യത്‌ എങ്ങനെ? (13-ാം ഖണ്ഡിക കാണുക)

14. (എ) യഹോവ കൃത്യ​സ​മയം പാലി​ക്കു​ന്ന​വ​നാ​ണെന്ന കാര്യ​ത്തിൽ സംശയ​മി​ല്ലെന്ന്‌ യഹസ്‌കേൽ തെളി​യി​ച്ചത്‌ എങ്ങനെ? (ബി) യരുശ​ലേ​മി​ന്റെ നാശത്തി​നു മുമ്പ്‌ എന്തെല്ലാം സംഭവി​ക്കു​മാ​യി​രു​ന്നു?

14 390 ദിവസ​ത്തെ​യും 40 ദിവസ​ത്തെ​യും കുറി​ച്ചുള്ള പ്രവചനം ലഭിച്ച സമയത്ത്‌ യരുശ​ലേം നശിപ്പി​ക്ക​പ്പെ​ടുന്ന കൃത്യ​മായ വർഷ​മൊ​ന്നും യഹസ്‌കേ​ലി​നു മനസ്സി​ലാ​യി​ക്കാ​ണില്ല. എങ്കിലും യഹോ​വ​യു​ടെ വരാനി​രി​ക്കുന്ന ന്യായ​വി​ധി​യെ​ക്കു​റിച്ച്‌ നാശത്തി​നു മുമ്പുള്ള വർഷങ്ങ​ളിൽ യഹസ്‌കേൽ ജൂതന്മാർക്ക്‌ ആവർത്തിച്ച്‌ മുന്നറി​യി​പ്പു കൊടു​ത്തു. “അന്ത്യം ഇപ്പോൾ നിന്റെ മേൽ വന്നിരി​ക്കു​ന്നു” എന്ന്‌ യഹസ്‌കേൽ പ്രഖ്യാ​പി​ച്ചു. (യഹസ്‌കേൽ 7:3, 5-10 വായി​ക്കുക.) കാരണം യഹോവ കൃത്യ​സ​മയം പാലി​ക്കു​ന്ന​വ​നാ​ണെന്ന കാര്യ​ത്തിൽ അദ്ദേഹ​ത്തിന്‌ ഒരു സംശയ​വു​മി​ല്ലാ​യി​രു​ന്നു. (യശ. 46:10) യരുശ​ലേ​മി​ന്റെ നാശത്തി​നു മുമ്പ്‌ എന്തെല്ലാം സംഭവി​ക്കു​മെ​ന്നും പ്രവാ​ചകൻ മുൻകൂ​ട്ടി​പ്പ​റഞ്ഞു. “തുട​രെ​ത്തു​ടരെ ദുരന്ത​ങ്ങ​ളു​ണ്ടാ​കും” എന്ന്‌ അദ്ദേഹം എഴുതി. ആ സംഭവങ്ങൾ അന്നത്തെ സാമൂ​ഹിക-മത-രാഷ്‌ട്രീയ വ്യവസ്ഥി​തി​ക​ളു​ടെ തകർച്ചയ്‌ക്കു വഴി​വെ​ക്കു​മാ​യി​രു​ന്നു.​—യഹ. 7:11-13, 25-27.

ഉപരോധത്തിലായ യരുശ​ലേം ‘തീയുടെ മുകളിൽ വെച്ച പാചക​ക്കലം’ പോ​ലെ​യാ​യി (15-ാം ഖണ്ഡിക കാണുക)

15. ബി.സി. 609 മുതൽ യഹസ്‌കേൽപ്ര​വ​ച​ന​ത്തി​ന്റെ ഏതെല്ലാം ഭാഗങ്ങൾ നിറ​വേ​റാൻതു​ടങ്ങി?

15 യഹസ്‌കേൽ യരുശ​ലേ​മി​ന്റെ നാശ​ത്തെ​ക്കു​റിച്ച്‌ പ്രഖ്യാ​പിച്ച്‌ ഏതാനും വർഷം കഴിഞ്ഞ​പ്പോൾ ആ പ്രവചനം നിറ​വേ​റാൻതു​ടങ്ങി. ബി.സി. 609-ൽ യരുശ​ലേ​മിന്‌ എതിരെ ആക്രമണം തുടങ്ങി​യ​താ​യി യഹസ്‌കേ​ലിന്‌ അറിവ്‌ കിട്ടി. നഗരത്തെ സംരക്ഷി​ക്കാ​നാ​യി നഗരവാ​സി​കളെ ഒന്നിച്ചു​കൂ​ട്ടാൻ കാഹളം മുഴക്കി​യെ​ങ്കി​ലും യഹസ്‌കേൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​തന്നെ സംഭവി​ച്ചു; ‘ആരും യുദ്ധത്തി​നു പോയില്ല.’ (യഹ. 7:14) ബാബി​ലോൺസേ​ന​യിൽനിന്ന്‌ നഗരത്തെ സംരക്ഷി​ക്കാൻ ആരും മുന്നോ​ട്ടു വന്നില്ല. യഹോവ അവരുടെ സഹായ​ത്തിന്‌ എത്തു​മെന്ന്‌ ആ ജൂതന്മാ​രിൽ ചിലർ ഒരുപക്ഷേ കരുതി​ക്കാ​ണും. മുമ്പ്‌ അസീറി​യ​ക്കാർ യരുശ​ലേം പിടി​ച്ച​ട​ക്കു​മെന്നു ഭീഷണി മുഴക്കി​യ​പ്പോൾ യഹോവ അങ്ങനെ ചെയ്‌ത​താണ്‌. അന്ന്‌ യഹോ​വ​യു​ടെ ഒരു ദൂതൻ ആ സൈന്യ​ത്തിൽ മിക്കവ​രെ​യും സംഹരി​ച്ചു​ക​ളഞ്ഞു. (2 രാജാ. 19:32) പക്ഷേ ഇത്തവണ ദൂതസ​ഹാ​യ​മൊ​ന്നും ലഭിച്ചില്ല. ഉപരോ​ധം തുടങ്ങി അധികം വൈകാ​തെ നഗരം, ‘തീയുടെ മുകളിൽ വെച്ച പാചക​ക്കലം’ പോ​ലെ​യാ​യി. നഗരവാ​സി​ക​ളാ​കട്ടെ കലത്തി​നു​ള്ളി​ലെ “ഇറച്ചി​ക്ക​ഷ​ണങ്ങൾ”പോലെ അതിനു​ള്ളിൽ പെട്ടു​പോ​കു​ക​യും ചെയ്‌തു. (യഹ. 24:1-10) യാതനകൾ നിറഞ്ഞ ഒരു കാലമാ​യി​രു​ന്നു അത്‌. ഒടുവിൽ 18 മാസം നീണ്ടു​നിന്ന ഉപരോ​ധ​ത്തി​നു ശേഷം യരുശ​ലേം നശിപ്പി​ക്ക​പ്പെട്ടു.

“സ്വർഗ​ത്തിൽ നിക്ഷേ​പങ്ങൾ സ്വരൂ​പി​ക്കൂ”

16. യഹോവ കൃത്യ​സ​മയം പാലി​ക്കു​ന്ന​വ​നാ​ണെന്ന കാര്യ​ത്തിൽ സംശയ​മി​ല്ലെന്ന്‌ ഇന്നു നമുക്ക്‌ എങ്ങനെ തെളി​യി​ക്കാം?

16 യഹസ്‌കേൽപ്ര​വ​ച​ന​ത്തി​ന്റെ ഈ ഭാഗത്തു​നിന്ന്‌ നമുക്ക്‌ എന്താണു പഠിക്കാ​നു​ള്ളത്‌? നമ്മൾ അറിയി​ക്കുന്ന സന്ദേശ​വു​മാ​യോ അതു കേൾക്കു​ന്ന​വ​രു​ടെ പ്രതി​ക​ര​ണ​വു​മാ​യോ ആ പ്രവച​ന​ത്തിന്‌ എന്തെങ്കി​ലും ബന്ധമു​ണ്ടോ? വ്യാജ​മ​ത​ത്തി​ന്റെ ആസന്നമായ നാശം എപ്പോ​ഴാ​ണു സംഭവി​ക്കേ​ണ്ട​തെന്ന്‌ യഹോവ തീരു​മാ​നി​ച്ചി​ട്ടുണ്ട്‌. താൻ കൃത്യ​സ​മയം പാലി​ക്കു​ന്ന​വ​നാ​ണെന്ന്‌ യഹോവ അപ്പോൾ വീണ്ടും തെളി​യി​ക്കും. (2 പത്രോ. 3:9, 10; വെളി. 7:1-3) അതു സംഭവി​ക്കുന്ന കൃത്യ​മായ തീയതി നമുക്ക്‌ അറിയി​ല്ലെ​ന്നതു ശരിയാണ്‌. എങ്കിലും യഹസ്‌കേ​ലി​നെ​പ്പോ​ലെ, “അന്ത്യം ഇപ്പോൾ നിന്റെ മേൽ വന്നിരി​ക്കു​ന്നു” എന്ന്‌ ആവർത്തിച്ച്‌ മുന്നറി​യി​പ്പു കൊടു​ക്കാ​നുള്ള ദൈവ​കല്‌പന നമ്മൾ തുടർന്നും അനുസ​രി​ക്കും. നമ്മൾ ആ സന്ദേശം വീണ്ടും​വീ​ണ്ടും അറിയി​ക്കേ​ണ്ട​തി​ന്റെ ആവശ്യം എന്താണ്‌? യഹസ്‌കേൽ അങ്ങനെ ചെയ്‌ത​തി​ന്റെ അതേ കാരണ​ത്താൽ. c യരുശ​ലേം വീഴു​മെന്ന യഹോ​വ​യു​ടെ പ്രവചനം യഹസ്‌കേൽ ആളുകളെ അറിയി​ച്ചെ​ങ്കി​ലും മിക്കവ​രും അതു വിശ്വ​സി​ച്ചില്ല. (യഹ. 12:27, 28) എന്നാൽ ബാബി​ലോ​ണിൽ പ്രവാ​സി​ക​ളാ​യി കഴിഞ്ഞി​രുന്ന ചില ജൂതന്മാർ പിൽക്കാ​ലത്ത്‌ നീതി​നിഷ്‌ഠ​മായ ഹൃദയ​നി​ല​യു​ള്ള​വ​രാ​ണെന്നു തെളി​യി​ച്ചു, അവർ മാതൃ​ദേ​ശ​ത്തേക്കു മടങ്ങു​ക​യും ചെയ്‌തു. (യശ. 49:8) സമാന​മാ​യി ഇന്നും, ഈ ലോകം അവസാ​നി​ക്കു​മെന്നു വിശ്വ​സി​ക്കാൻ പലർക്കും ബുദ്ധി​മു​ട്ടാണ്‌. (2 പത്രോ. 3:3, 4) എങ്കിലും ദൈവ​ത്തി​ന്റെ സന്ദേശം സ്വീക​രി​ക്കാൻ മനുഷ്യർക്ക്‌ അനുവ​ദി​ച്ചി​ട്ടുള്ള സമയം തീരു​ന്ന​തു​വരെ, ജീവനി​ലേ​ക്കുള്ള വഴി കണ്ടെത്താൻ ആത്മാർഥ​ഹൃ​ദ​യ​രായ ആളുകളെ നമ്മൾ സഹായി​ക്കു​ക​തന്നെ ചെയ്യും.​—മത്താ. 7:13, 14; 2 കൊരി. 6:2.

പലരും ശ്രദ്ധി​ക്കാ​തി​രു​ന്നാ​ലും നമ്മൾ ആത്മാർഥ​ഹൃ​ദ​യ​രായ ആളുകളെ തേടി​ക്കൊ​ണ്ടേ​യി​രി​ക്കും (16-ാം ഖണ്ഡിക കാണുക)

യരുശലേമിൽ താമസി​ച്ചി​രു​ന്നവർ ‘അവരുടെ വെള്ളി തെരു​വു​ക​ളി​ലേക്കു വലി​ച്ചെ​റി​ഞ്ഞത്‌’ എന്തു​കൊ​ണ്ടാണ്‌? (17-ാം ഖണ്ഡിക കാണുക)

17. മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ നമ്മുടെ കൺമു​ന്നിൽ ഏതെല്ലാം സംഭവങ്ങൾ അരങ്ങേ​റും?

17 യഹസ്‌കേൽപ്ര​വ​ചനം മറ്റൊരു കാര്യ​വും നമ്മളെ ഓർമി​പ്പി​ക്കു​ന്നു: മതസം​ഘ​ട​ന​കൾക്കു നേരെ ആക്രമ​ണ​മു​ണ്ടാ​കു​മ്പോൾ അതിലെ അംഗങ്ങൾ മതത്തെ സംരക്ഷി​ക്കാൻ ‘യുദ്ധത്തി​നു പോകില്ല.’ സഹായ​ത്തി​നാ​യി “കർത്താവേ, കർത്താവേ” എന്ന്‌ എത്ര വട്ടം വിളി​ച്ചി​ട്ടും ഉത്തരം കിട്ടാ​താ​കു​മ്പോൾ “അവരുടെ കൈക​ളെ​ല്ലാം തളർന്ന്‌ തൂങ്ങും,” ‘അവർ കിടു​കി​ടാ വിറയ്‌ക്കും.’ (യഹ. 7:3, 14, 17, 18; മത്താ. 7:21-23) അവർ മറ്റ്‌ എന്തുകൂ​ടെ ചെയ്യും? (യഹസ്‌കേൽ 7:19-21 വായി​ക്കുക.) “അവർ അവരുടെ വെള്ളി തെരു​വു​ക​ളി​ലേക്കു വലി​ച്ചെ​റി​യും” എന്ന്‌ യഹോവ പറയുന്നു. പുരാ​ത​ന​യ​രു​ശ​ലേ​മിൽ താമസി​ച്ചി​രു​ന്ന​വ​രെ​ക്കു​റി​ച്ചുള്ള ആ വാക്കുകൾ മഹാക​ഷ്ട​ത​യു​ടെ സമയത്തും നിറ​വേ​റും. വരാനി​രി​ക്കുന്ന ദുരന്ത​ത്തിൽനിന്ന്‌ തങ്ങളെ രക്ഷിക്കാൻ പണം ഉപകരി​ക്കി​ല്ലെന്ന്‌ അന്ന്‌ ആളുകൾ തിരി​ച്ച​റി​യും.

18. മുൻഗ​ണ​നകൾ വെക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ യഹസ്‌കേൽ പ്രവചനത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

18 യഹസ്‌കേൽപ്ര​വ​ച​ന​ത്തി​ലെ ഈ ഭാഗത്തു​നിന്ന്‌ നമുക്കുള്ള പാഠം എന്താണ്‌? ശരിയായ മുൻഗ​ണ​നകൾ വെക്കു​ന്നതു വളരെ പ്രധാ​ന​മാ​ണെന്ന്‌ അതു പഠിപ്പി​ക്കു​ന്നു. യരുശ​ലേം​നി​വാ​സി​ക​ളെ​ക്കു​റിച്ച്‌ ഓർക്കു​ന്നു​ണ്ടോ? ഉടൻതന്നെ നഗരം നശിക്കു​മെ​ന്നും തങ്ങൾ കൊല്ല​പ്പെ​ടു​മെ​ന്നും വസ്‌തു​വ​ക​ക​ളൊ​ന്നും തങ്ങളെ തുണയ്‌ക്കി​ല്ലെ​ന്നും മനസ്സി​ലാ​ക്കി​യ​തി​നു ശേഷം മാത്ര​മാണ്‌ അവരുടെ മുൻഗ​ണ​ന​കൾക്കു പെട്ടെ​ന്നൊ​രു മാറ്റം വന്നത്‌. ആ സമയത്ത്‌ തങ്ങളുടെ സമ്പത്തെ​ല്ലാം വലി​ച്ചെ​റി​ഞ്ഞിട്ട്‌ ‘പ്രവാ​ച​കനെ സമീപിച്ച്‌ ദിവ്യ​ദർശനം തേടാൻ’ അവർ ശ്രമിച്ചു. പക്ഷേ ഏറെ വൈകി​പ്പോ​യി​രു​ന്നു. (യഹ. 7:26) എന്നാൽ നമ്മുടെ കാര്യം അങ്ങനെയല്ല. ഈ ദുഷ്ട​ലോ​കം ഉടൻ നശിക്കു​മെന്നു നമുക്ക്‌ ഇപ്പോൾത്തന്നെ നല്ല ബോധ്യ​മുണ്ട്‌. അതു​കൊ​ണ്ടു​തന്നെ, ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളിൽ വിശ്വാ​സ​മുള്ള നമ്മൾ ജീവി​ത​ത്തിൽ ശരിയായ മുൻഗ​ണ​നകൾ വെക്കുന്നു, വളരെ ഉത്സാഹ​ത്തോ​ടെ ആത്മീയ​സ​മ്പത്ത്‌ നേടാൻ പരി​ശ്ര​മി​ക്കു​ന്നു. ആ സമ്പത്ത്‌ ‘തെരു​വു​ക​ളി​ലേക്കു വലി​ച്ചെ​റി​യേ​ണ്ടി​വ​രില്ല,’ ഒരിക്ക​ലും അതിന്റെ മൂല്യം നശിക്കു​ക​യു​മില്ല.​മത്തായി 6:19-21, 24 വായി​ക്കുക.

19. യഹസ്‌കേ​ലി​ന്റെ പ്രവച​നങ്ങൾ ഇന്നു നമ്മളെ എങ്ങനെ​യാ​ണു ബാധി​ക്കു​ന്നത്‌?

19 ചുരു​ക്ക​ത്തിൽ, യരുശ​ലേ​മി​ന്റെ നാശ​ത്തെ​ക്കു​റിച്ച്‌ യഹസ്‌കേൽ മുൻകൂ​ട്ടി​പ്പറഞ്ഞ കാര്യങ്ങൾ ഇന്നു നമ്മളെ ബാധി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? ദൈവ​സേ​വ​ക​രാ​യി​ത്തീ​രാൻ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തിന്‌ ഇനി അധികം സമയം ബാക്കി​യില്ല എന്ന്‌ അതു നമ്മളെ ഓർമി​പ്പി​ക്കു​ന്നു. അതു​കൊ​ണ്ടു​തന്നെ നമ്മൾ വളരെ അടിയ​ന്തി​ര​ത​യോ​ടെ​യാണ്‌ ഇന്നു ശിഷ്യ​രാ​ക്കൽവേല ചെയ്യു​ന്നത്‌. ആത്മാർഥ​ഹൃ​ദ​യ​രായ ആളുകൾ നമ്മുടെ പിതാ​വായ യഹോ​വയെ ആരാധി​ച്ചു​തു​ട​ങ്ങു​ന്നതു നമുക്കു വലിയ സന്തോ​ഷ​മുള്ള കാര്യ​മാണ്‌. എന്നാൽ ആ പടി സ്വീക​രി​ക്കാ​ത്ത​വ​രു​ടെ കാര്യ​മോ? അവർക്കു​പോ​ലും നമ്മൾ മുന്നറി​യി​പ്പു കൊടു​ത്തു​കൊ​ണ്ടി​രി​ക്കും. യഹസ്‌കേ​ലി​നെ​പ്പോ​ലെ​തന്നെ നമ്മളും “അന്ത്യം ഇപ്പോൾ (നിങ്ങളു​ടെ) മേൽ വന്നിരി​ക്കു​ന്നു” എന്ന്‌ അവരോ​ടു പറയും. (യഹ. 3:19, 21; 7:3) ഇനി, യഹോ​വ​യിൽ തുടർന്നും ആശ്രയി​ക്കാ​നും യഹോ​വ​യു​ടെ ശുദ്ധാ​രാ​ധ​നയ്‌ക്കു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കാ​നും ഉള്ള നമ്മുടെ തീരു​മാ​ന​ത്തെ​യും ഈ പഠനം ബലപ്പെ​ടു​ത്തി.​—സങ്കീ. 52:7, 8; സുഭാ. 11:28; മത്താ. 6:33.

a യഹസ്‌കേൽ അതെല്ലാം അഭിന​യി​ച്ചു​കാ​ണി​ച്ചത്‌ ആളുകൾ നോക്കി​നിൽക്കെ​യാ​ണെന്നു നമുക്കു ന്യായ​മാ​യും ഊഹി​ക്കാം. എന്തു​കൊണ്ട്‌? കാരണം അപ്പം ചുടു​ന്ന​തും ഭാണ്ഡം തോളി​ലേറ്റി നടക്കു​ന്ന​തും പോലെ അതിൽപ്പെട്ട ചില കാര്യങ്ങൾ “അവർ കാൺകെ വേണം” ചെയ്യാൻ എന്നു യഹോവ പ്രത്യേ​കം കല്‌പി​ച്ചി​രു​ന്നു.​—യഹ. 4:12; 12:7.

b യരുശ​ലേം നശിപ്പി​ക്ക​പ്പെ​ടാൻ അനുവ​ദി​ച്ച​പ്പോൾ, യഹോവ രണ്ടു-ഗോത്ര യഹൂദയ്‌ക്കെ​തി​രെ മാത്രമല്ല പത്തു-ഗോത്ര ഇസ്രാ​യേ​ലിന്‌ എതി​രെ​യും ന്യായ​വി​ധി നടപ്പാ​ക്കു​ക​യാ​യി​രു​ന്നു. (യിരെ. 11:17; യഹ. 9:9, 10) തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ഉൾക്കാഴ്‌ച, വാല്യം 1 (ഇംഗ്ലീഷ്‌), പേ. 462-ലെ “കാലക്ക​ണക്ക്‌​—ബി.സി. 997 മുതൽ യരുശ​ലേ​മി​ന്റെ നാശം വരെ” എന്ന ഭാഗം കാണുക.

c യഹസ്‌കേൽ 7:5-7, ഹ്രസ്വ​മായ ഒരു ബൈബിൾഭാ​ഗ​മാ​ണെ​ങ്കി​ലും, അവിടെ “വരും,” “വരുന്നു,” “വന്നിരി​ക്കു​ന്നു,” “സമയമാ​യി” എന്നിങ്ങ​നെ​യുള്ള പദപ്ര​യോ​ഗങ്ങൾ ആവർത്തിച്ച്‌ ഉപയോ​ഗി​ച്ച​തി​ലൂ​ടെ യഹോവ ആ സന്ദേശ​ത്തി​ന്റെ പ്രാധാ​ന്യം എടുത്തു​കാ​ട്ടി.