വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 13

“ദേവാ​ല​യ​ത്തെ​ക്കു​റിച്ച്‌ വിവരി​ക്കൂ!”

“ദേവാ​ല​യ​ത്തെ​ക്കു​റിച്ച്‌ വിവരി​ക്കൂ!”

യഹസ്‌കേൽ 43:10

മുഖ്യവിഷയം: യഹസ്‌കേൽ കണ്ട അത്ഭുത​ക​ര​മായ ദേവാ​ല​യ​ദർശ​ന​ത്തി​ന്റെ അർഥം

1-3. (എ) വിശാ​ല​മായ ദേവാ​ല​യ​സ​മു​ച്ച​യ​ത്തി​ന്റെ ദിവ്യ​ദർശനം യഹസ്‌കേ​ലിന്‌ ആശ്വാസം പകർന്നി​രി​ക്കാ​വു​ന്നത്‌ എങ്ങനെ? (അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തി​ലെ ചിത്രം കാണുക.) (ബി) ഈ അധ്യാ​യ​ത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

 യഹസ്‌കേ​ലിന്‌ ഇപ്പോൾ 50 വയസ്സായി! പ്രവാ​സ​ജീ​വി​തം തുടങ്ങി​യി​ട്ടു കാൽനൂ​റ്റാ​ണ്ടു പിന്നി​ട്ടി​രി​ക്കു​ന്നു. യരുശ​ലേ​മി​ലെ ദേവാ​ലയം തകർന്ന​ടി​ഞ്ഞി​ട്ടു കാല​മേ​റെ​യാ​യി. എന്നെങ്കി​ലും ആ ദേവാ​ല​യ​ത്തിൽ ഒരു പുരോ​ഹി​ത​നാ​യി സേവി​ക്കാൻ യഹസ്‌കേൽ ആഗ്രഹി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ ആ സ്വപ്‌ന​വും ഇനി നടക്കു​മെന്നു തോന്നു​ന്നില്ല. പ്രവാ​സ​ജീ​വി​തം അവസാ​നി​ക്കാൻ ഇനിയും ഏതാണ്ട്‌ 56 വർഷം ബാക്കി​യുണ്ട്‌. അതു​കൊ​ണ്ടു​തന്നെ യഹോ​വ​യു​ടെ ജനം മാതൃ​ദേ​ശത്ത്‌ തിരികെ എത്തുന്നതു കാണാൻ ഒരുപക്ഷേ താനു​ണ്ടാ​കി​ല്ലെന്ന്‌ യഹസ്‌കേ​ലിന്‌ അറിയാം. അപ്പോൾപ്പി​ന്നെ, പുതു​ക്കി​പ്പ​ണിത ദേവാ​ലയം ഒരു നോക്കു കാണുന്ന കാര്യം പറയു​കയേ വേണ്ടാ! (യിരെ. 25:11) ഇതെല്ലാം ചിന്തി​ച്ച​പ്പോൾ യഹസ്‌കേ​ലി​നു സങ്കടം തോന്നി​ക്കാ​ണു​മോ?

2 ഈയൊ​രു സാഹച​ര്യ​ത്തി​ലാണ്‌ യഹസ്‌കേൽ എന്ന വിശ്വസ്‌ത​പു​രു​ഷനു വളരെ​യ​ധി​കം ആശ്വാ​സ​വും പ്രത്യാ​ശ​യും പകർന്ന വിശദ​മാ​യൊ​രു ദർശനം ലഭിക്കു​ന്നത്‌. ശരിക്കും യഹോവ എത്ര ദയയു​ള്ള​വ​നാണ്‌! ദർശന​ത്തിൽ പ്രവാ​ച​കനെ അദ്ദേഹ​ത്തി​ന്റെ മാതൃ​ദേ​ശ​ത്തേക്കു തിരികെ കൊണ്ടു​പോ​യി വലി​യൊ​രു പർവത​ത്തി​ന്റെ മുകളിൽ നിറു​ത്തു​ന്നു. വളരെ ഉയരമുള്ള ആ സ്ഥലത്തു​വെച്ച്‌, ‘കണ്ടാൽ ചെമ്പു​കൊ​ണ്ടു​ള്ള​തെന്നു’ തോന്നുന്ന ഒരാളെ യഹസ്‌കേൽ കണ്ടു. വിശാ​ല​മായ ഒരു ദേവാ​ല​യ​സ​മു​ച്ച​യ​ത്തി​ലേ​ക്കാണ്‌ ആ ദൂതൻ യഹസ്‌കേ​ലി​നെ കൂട്ടി​ക്കൊ​ണ്ടു​പോ​കു​ന്നത്‌. എന്നിട്ട്‌ അവിട​മാ​കെ വിശദ​മാ​യി കാണി​ക്കു​ന്നു. (യഹസ്‌കേൽ 40:1-4 വായി​ക്കുക.) അത്‌ ഒരു ദർശന​മാ​ണെന്ന്‌ യഹസ്‌കേ​ലി​നു തോന്നി​യതേ ഇല്ല, എല്ലാം അത്ര യഥാർഥ​മാ​യി​രു​ന്നു! അമ്പരപ്പി​ക്കുന്ന ആ കാഴ്‌ചകൾ കണ്ട്‌ യഹസ്‌കേ​ലി​ന്റെ വിശ്വാ​സം ശക്തമാ​യി​ക്കാ​ണും. എന്നാൽ ചില​തൊ​ക്കെ കണ്ടപ്പോൾ അദ്ദേഹ​ത്തിന്‌ അൽപ്പം ചിന്താ​ക്കു​ഴ​പ്പ​വും തോന്നി​യി​രി​ക്കാം. കാരണം ഈ ദേവാ​ല​യ​ത്തി​ലെ പല കാര്യ​ങ്ങ​ളും അദ്ദേഹ​ത്തി​നു പരിചി​ത​മാ​യി തോന്നു​ന്നു​ണ്ടെ​ങ്കി​ലും അദ്ദേഹം കണ്ടിട്ടുള്ള യരുശ​ലേ​മി​ലെ ദേവാ​ല​യ​വും ഇതും തമ്മിൽ കാര്യ​മായ വ്യത്യാ​സ​മുണ്ട്‌.

3 യഹസ്‌കേൽ പുസ്‌ത​ക​ത്തി​ന്റെ അവസാ​നത്തെ ഒൻപത്‌ അധ്യാ​യ​ങ്ങ​ളിൽ ഉദ്വേ​ഗ​ജ​ന​ക​മായ ഈ ദർശന​ത്തെ​ക്കു​റി​ച്ചുള്ള വിശദാം​ശ​ങ്ങ​ളാ​ണു​ള്ളത്‌. ഈ ദർശനം വിശക​ലനം ചെയ്‌ത്‌ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കു​മ്പോൾ സ്വീക​രി​ക്കേണ്ട സമീപനം എന്താ​ണെന്നു നമുക്ക്‌ ആദ്യം​തന്നെ നോക്കാം. തുടർന്ന്‌, നൂറ്റാ​ണ്ടു​കൾക്കു ശേഷം പൗലോസ്‌ അപ്പോസ്‌തലൻ വിശദ​മാ​യി ചർച്ച ചെയ്‌ത ആത്മീയാ​ലയം തന്നെയാ​ണോ യഹസ്‌കേൽ കണ്ടത്‌ എന്നു നമ്മൾ പരി​ശോ​ധി​ക്കും. അവസാ​ന​മാ​യി, യഹസ്‌കേ​ലും അദ്ദേഹ​ത്തോ​ടൊ​പ്പം പ്രവാ​സി​ക​ളാ​യി കഴിഞ്ഞി​രു​ന്ന​വ​രും ആ ദർശന​ത്തിൽനിന്ന്‌ എങ്ങനെ പ്രയോ​ജനം നേടി എന്നും നമ്മൾ കാണും.

സമീപ​ന​ത്തിൽ ഒരു മാറ്റം

4. ദേവാ​ല​യ​ദർശ​ന​ത്തി​ന്റെ കാര്യ​ത്തിൽ മുമ്പ്‌ നമ്മുടെ സമീപനം എന്തായി​രു​ന്നു, ഇപ്പോൾ എന്തു മാറ്റം ആവശ്യ​മാ​യി വന്നു?

4 എബായർക്ക്‌ എഴുതിയ കത്തിൽ അപ്പോസ്‌ത​ല​നായ പൗലോസ്‌ ദൈവ​പ്ര​ചോ​ദി​ത​നാ​യി വിവരിച്ച യഹോ​വ​യു​ടെ മഹത്തായ ആത്മീയാ​ല​യം​ത​ന്നെ​യാണ്‌ യഹസ്‌കേൽ കണ്ടതെന്നു മുമ്പ്‌ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ വിശദീ​ക​രി​ച്ചി​ട്ടുണ്ട്‌. a അതിന്റെ വെളി​ച്ച​ത്തിൽ, യഹസ്‌കേൽ ദർശന​ത്തിൽ കണ്ട ദേവാ​ല​യ​ത്തി​ലെ പല സവി​ശേ​ഷ​ത​ക​ളും വരാനി​രി​ക്കു​ന്ന​വ​യു​ടെ പ്രതീ​ക​മാ​യി കണ്ട്‌ നമ്മൾ അവയ്‌ക്കു മാതൃക-പ്രതി​മാ​തൃക വിശദീ​ക​ര​ണങ്ങൾ നൽകാ​റു​ണ്ടാ​യി​രു​ന്നു. പൗലോസ്‌ വിശു​ദ്ധ​കൂ​ടാ​ര​ത്തെ​ക്കു​റിച്ച്‌ പറഞ്ഞ കാര്യ​ങ്ങളെ ആധാര​മാ​ക്കി​യാണ്‌ ആ വിശദീ​ക​ര​ണങ്ങൾ നൽകി​യി​രു​ന്നത്‌. എന്നാൽ ഇതെക്കു​റിച്ച്‌ പ്രാർഥ​നാ​പൂർവം പഠിക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്‌ത​പ്പോൾ യഹസ്‌കേ​ലി​ന്റെ ദേവാ​ല​യ​ദർശ​ന​ത്തി​നു കുറെ​ക്കൂ​ടെ ലളിത​മായ ഒരു വിശദീ​ക​ര​ണ​മാ​ണു നൽകേ​ണ്ട​തെന്നു ബോധ്യ​മാ​യി.

5, 6. (എ) വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ ചില വിശദാം​ശ​ങ്ങ​ളെ​ക്കു​റിച്ച്‌ പൗലോസ്‌ എന്താണു പറഞ്ഞത്‌, വിശു​ദ്ധ​കൂ​ടാ​ര​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ച്ച​പ്പോൾ അപ്പോസ്‌ത​ല​നായ പൗലോസ്‌ താഴ്‌മ കാണിച്ചത്‌ എങ്ങനെ? (ബി) യഹസ്‌കേ​ലി​ന്റെ ദേവാ​ല​യ​ദർശ​ന​ത്തെ​ക്കു​റിച്ച്‌ പഠിക്കു​മ്പോൾ പൗലോ​സി​ന്റെ വാക്കുകൾ നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

5 യഹസ്‌കേൽ ദർശന​ത്തിൽ കണ്ട ദേവാ​ല​യ​ത്തി​ലെ എല്ലാ കാര്യ​ങ്ങൾക്കും പ്രാവ​ച​നി​ക​മോ ആലങ്കാ​രി​ക​മോ ആയ അർഥം കണ്ടെത്താൻ നമ്മൾ ശ്രമി​ക്കേ​ണ്ട​തില്ല. എന്തു​കൊണ്ട്‌? അതി​നൊ​രു നല്ല ഉദാഹ​രണം ഇതാണ്‌: വിശു​ദ്ധ​കൂ​ടാ​ര​ത്തെ​യും ആത്മീയാ​ല​യ​ത്തെ​യും കുറിച്ച്‌ ചർച്ച ചെയ്‌ത​പ്പോൾ പൗലോസ്‌ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലെ സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കുന്ന സ്വർണ​പാ​ത്രം, പെട്ടക​ത്തി​ന്റെ മൂടി, മന്ന വെച്ചി​രുന്ന സ്വർണ​ഭ​രണി എന്നിവ​യെ​ക്കു​റി​ച്ചെ​ല്ലാം പരാമർശി​ച്ചെ​ങ്കി​ലും അവയ്‌ക്ക്‌ ഓരോ​ന്നി​നും എന്തെങ്കി​ലും പ്രാവ​ച​നി​ക​മായ അർഥമു​ണ്ടെന്നു പറഞ്ഞോ? അങ്ങനെ ചെയ്യാൻ പരിശു​ദ്ധാ​ത്മാവ്‌ പൗലോ​സി​നെ പ്രേരി​പ്പി​ച്ചി​ല്ലെന്നു വേണം കരുതാൻ. അതെക്കു​റിച്ച്‌ പൗലോസ്‌ പറഞ്ഞത്‌, “ഇക്കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള വിശദാം​ശ​ങ്ങ​ളി​ലേക്ക്‌ ഇപ്പോൾ കടക്കു​ന്നില്ല” എന്നാണ്‌. (എബ്രാ. 9:4, 5) പരിശു​ദ്ധാ​ത്മാ​വി​ന്റെ വഴിന​ട​ത്തി​പ്പി​നു കീഴ്‌പെ​ടാ​നും യഹോ​വയ്‌ക്കാ​യി താഴ്‌മ​യോ​ടെ കാത്തി​രി​ക്കാ​നും പൗലോസ്‌ തയ്യാറാ​യി.​—എബ്രാ. 9:8.

6 യഹസ്‌കേ​ലി​ന്റെ ദേവാ​ല​യ​ദർശ​ന​ത്തി​ന്റെ കാര്യ​ത്തി​ലും മേൽപ്പറഞ്ഞ സംഗതി ബാധക​മാണ്‌. ഈ ദർശന​ത്തി​ലും ധാരാളം വിശദാം​ശങ്ങൾ അടങ്ങി​യി​ട്ടുണ്ട്‌. പക്ഷേ അവയെ​ക്കു​റി​ച്ചെ​ല്ലാം കൂടു​ത​ലായ വിശദീ​ക​ര​ണങ്ങൾ ലഭിക്ക​ണ​മെ​ന്നു​ണ്ടെ​ങ്കിൽ താഴ്‌മ​യോ​ടെ യഹോ​വയ്‌ക്കാ​യി കാത്തി​രി​ക്കു​ന്ന​തല്ലേ നല്ലത്‌? (മീഖ 7:7 വായി​ക്കുക.) എന്നാൽ അതിന്റെ അർഥം, ഈ ദർശന​ത്തെ​ക്കു​റിച്ച്‌ യഹോ​വ​യു​ടെ ആത്മാവ്‌ ഒരു വിശദീ​ക​ര​ണ​വും തന്നിട്ടി​ല്ലെ​ന്നാ​ണോ? ഒരിക്ക​ലു​മല്ല!

മഹത്തായ ആത്മീയാ​ല​യ​മാ​ണോ യഹസ്‌കേൽ കണ്ടത്‌?

7, 8. (എ) നമ്മുടെ ഏതു ഗ്രാഹ്യ​ത്തി​നാ​ണു മാറ്റം വന്നത്‌? (ബി) യഹസ്‌കേൽ ദർശന​ത്തിൽ കണ്ട ദേവാ​ല​യ​വും പൗലോസ്‌ വർണിച്ച ആത്മീയാ​ല​യ​വും തമ്മിലുള്ള വ്യത്യാ​സം എന്താണ്‌?

7 മുമ്പ്‌ സൂചി​പ്പി​ച്ച​തു​പോ​ലെ, എബ്രായർക്ക്‌ എഴുതിയ കത്തിൽ അപ്പോസ്‌ത​ല​നായ പൗലോസ്‌ വിവരിച്ച, യഹോ​വ​യു​ടെ മഹത്തായ ആത്മീയാ​ല​യം​ത​ന്നെ​യാണ്‌ യഹസ്‌കേൽ കണ്ടതെന്നു വർഷങ്ങ​ളോ​ളം നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ വിശദീ​ക​രി​ച്ചി​രു​ന്നു. എന്നാൽ ഇതെക്കു​റിച്ച്‌ കൂടു​ത​ലാ​യി പഠിച്ച​പ്പോൾ നമുക്കു മനസ്സി​ലായ കാര്യം, യഹസ്‌കേൽ കണ്ടതു മഹത്തായ ആത്മീയാ​ലയം ആയിരി​ക്കാൻ സാധ്യ​ത​യില്ല എന്നാണ്‌. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌?

8 ഒന്നാമ​താ​യി, പൗലോസ്‌ ദൈവ​പ്ര​ചോ​ദി​ത​നാ​യി നൽകിയ വിശദീ​ക​രണം യഹസ്‌കേൽ കണ്ട ദേവാ​ല​യ​ത്തി​നു യോജി​ക്കു​ന്നില്ല. ഇതു ചിന്തി​ക്കുക: മോശ​യു​ടെ നാളിലെ വിശു​ദ്ധ​കൂ​ടാ​രം അതി​നെ​ക്കാൾ മഹത്തായ ഒന്നിന്റെ നിഴലും മാതൃ​ക​യും മാത്ര​മാ​യി​രു​ന്നെന്ന്‌ അപ്പോസ്‌ത​ല​നായ പൗലോസ്‌ വ്യക്തമാ​ക്കി. അടിസ്ഥാ​ന​പ​ര​മാ​യി ഒരേ മാതൃ​ക​യിൽ പണിതീർത്ത ശലോ​മോ​ന്റെ​യും സെരു​ബ്ബാ​ബേ​ലി​ന്റെ​യും ദേവാ​ല​യ​ങ്ങൾപോ​ലെ​തന്നെ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലും “അതിവി​ശു​ദ്ധം” എന്നൊരു ഭാഗമു​ണ്ടാ​യി​രു​ന്നു. ആ ഭാഗത്തെ, ‘മനുഷ്യൻ നിർമി​ച്ചത്‌’ എന്ന്‌ വിശേ​ഷി​പ്പിച്ച പൗലോസ്‌ അത്‌ “യഥാർഥ​ത്തി​ലു​ള്ള​തി​ന്റെ രൂപമാ​തൃക” മാത്ര​മാ​ണെ​ന്നും യഥാർഥ​ത്തി​ലു​ള്ളതു മറ്റൊ​ന്നാ​ണെ​ന്നും വിശദീ​ക​രി​ച്ചു. അപ്പോൾപ്പി​ന്നെ യഥാർഥ​ത്തി​ലു​ള്ളത്‌ എന്തായി​രു​ന്നു? അതു ‘സ്വർഗം​ത​ന്നെ​യാ​ണെന്നു’ പൗലോസ്‌ പറഞ്ഞു. (എബ്രാ. 9:3, 24) എന്നാൽ യഹസ്‌കേൽ കണ്ടത്‌ എന്താണ്‌, അതു സ്വർഗ​മാ​യി​രു​ന്നോ? അല്ല. സ്വർഗ​ത്തി​ലെ കാര്യ​ങ്ങ​ളാ​ണു യഹസ്‌കേൽ കണ്ടത്‌ എന്നതിന്റെ ഒരു സൂചന​യും ആ ദർശന​ത്തി​ലില്ല.​—ദാനി​യേൽ 7:9, 10, 13, 14 താരത​മ്യം ചെയ്യുക.

9, 10. യഹസ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ ദേവാ​ല​യ​വും പൗലോസ്‌ വർണിച്ച ആത്മീയാ​ല​യ​വും തമ്മിൽ ബലിക​ളു​ടെ കാര്യ​ത്തിൽ എന്തു വ്യത്യാ​സ​മാ​ണു​ള്ളത്‌?

9 എന്നാൽ യഹസ്‌കേ​ലി​ന്റെ ദർശന​വും ആത്മീയാ​ല​യ​ത്തെ​ക്കു​റി​ച്ചുള്ള പൗലോ​സി​ന്റെ വർണന​യും തമ്മിലുള്ള വ്യത്യാ​സം ഏറെ വ്യക്തമാ​യി എടുത്തു​കാ​ട്ടുന്ന ഘടകം ബലിക​ളാണ്‌. ബലികൾ അർപ്പി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ജനത്തി​നും അവരുടെ തലവന്മാർക്കും പുരോ​ഹി​ത​ന്മാർക്കും വിശദ​മായ നിർദേ​ശങ്ങൾ കൊടു​ക്കു​ന്നത്‌ യഹസ്‌കേൽ കേട്ടു. അവർ സ്വന്തം പാപങ്ങൾക്കു​വേണ്ടി ബലികൾ അർപ്പി​ക്ക​ണ​മാ​യി​രു​ന്നു. സഹഭോ​ജ​ന​ബ​ലി​ക​ളും അവർ അർപ്പി​ക്കേ​ണ്ടി​യി​രു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌ ദേവാ​ല​യ​ത്തി​ലെ ഊണു​മു​റി​ക​ളിൽവെ​ച്ചാണ്‌ അവർ അതിന്റെ ഓഹരി കഴിച്ചി​രു​ന്നത്‌. (യഹ. 43:18, 19; 44:11, 15, 27; 45:15-20, 22-25) എന്നാൽ മഹത്തായ ആത്മീയാ​ല​യ​ത്തി​ന്റെ കാര്യ​മോ? അവിടെ ഇങ്ങനെ വീണ്ടും​വീ​ണ്ടും ബലികൾ അർപ്പി​ക്കാ​റു​ണ്ടോ?

യഹസ്‌കേൽ ദർശന​ത്തിൽ കണ്ടതു മഹത്തായ ആത്മീയാ​ലയം അല്ല

10 അതിന്റെ ഉത്തരം വ്യക്തവും ലളിത​വും ആണ്‌. പൗലോസ്‌ പറഞ്ഞു: “എന്നാൽ നമുക്കു ലഭിച്ച നന്മകളു​ടെ മഹാപു​രോ​ഹി​ത​നാ​യി ക്രിസ്‌തു വന്നപ്പോൾ കൈ​കൊണ്ട്‌ പണിത​ത​ല്ലാത്ത, അതായത്‌ ഈ സൃഷ്ടി​യിൽപ്പെ​ടാത്ത, മഹനീ​യ​വും ഏറെ പൂർണ​വും ആയ കൂടാ​ര​ത്തി​ലേക്കു പ്രവേ​ശി​ച്ചു. ക്രിസ്‌തു വിശു​ദ്ധ​സ്ഥ​ല​ത്തേക്കു പ്രവേ​ശി​ച്ചതു കോലാ​ടു​ക​ളു​ടെ​യോ കാളക്കു​ട്ടി​ക​ളു​ടെ​യോ രക്തവു​മാ​യല്ല, സ്വന്തം രക്തവു​മാ​യാണ്‌. ക്രിസ്‌തു എല്ലാ കാല​ത്തേ​ക്കും​വേണ്ടി ഒരു പ്രാവ​ശ്യം അവിടെ പ്രവേ​ശിച്ച്‌ നമുക്കു നിത്യ​മായ മോച​ന​ത്തി​നു വഴി​യൊ​രു​ക്കി.” (എബ്രാ. 9:11, 12) അതു​കൊണ്ട്‌ മഹത്തായ ആത്മീയാ​ല​യ​ത്തിൽ എന്നേക്കു​മാ​യി ഒരൊറ്റ ബലി മാത്ര​മാണ്‌ അർപ്പി​ക്കുക! മോച​ന​വി​ല​യാ​യി അർപ്പി​ക്കുന്ന ബലിയാണ്‌ അത്‌. അത്‌ അർപ്പി​ക്കു​ന്ന​താ​കട്ടെ, വലിയ മഹാപു​രോ​ഹി​ത​നായ യേശു​ക്രിസ്‌തു​വും. ഇതിൽനിന്ന്‌ ഒരു കാര്യം വ്യക്തം: അനേക​മ​നേകം കോലാ​ടു​ക​ളെ​യും കാളക​ളെ​യും ബലി അർപ്പി​ക്കുന്ന യഹസ്‌കേ​ലി​ന്റെ ദേവാ​ലയം എന്തായാ​ലും മഹത്തായ ആത്മീയാ​ലയം അല്ല.

11. യഹസ്‌കേ​ലി​ന്റെ നാളിൽ, മഹത്തായ ആത്മീയാ​ല​യ​ത്തെ​ക്കു​റി​ച്ചുള്ള സത്യം വെളിപ്പെടുത്താനുള്ള ദൈവ​ത്തി​ന്റെ സമയം വന്നിട്ടി​ല്ലാ​യി​രു​ന്നു എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

11 ഇനി, യഹസ്‌കേൽ കണ്ടതു മഹത്തായ ആത്മീയാ​ല​യമല്ല എന്നു പറയു​ന്ന​തി​ന്റെ രണ്ടാമത്തെ കാരണം ഇതാണ്‌: അത്തരം സത്യങ്ങൾ വെളിപ്പെടുത്താനുള്ള ദൈവത്തിന്റെ സമയം അപ്പോ​ഴും വന്നിട്ടി​ല്ലാ​യി​രു​ന്നു. യഹസ്‌കേ​ലി​ന്റെ ദർശനം പ്രധാ​ന​മാ​യും ബാബി​ലോ​ണിൽ പ്രവാ​സി​ക​ളാ​യി കഴിഞ്ഞി​രുന്ന ജൂതന്മാ​രെ ഉദ്ദേശി​ച്ചു​ള്ള​താ​യി​രു​ന്നു എന്ന്‌ ഓർക്കുക. അവർ മോശ​യു​ടെ നിയമ​ത്തിൻകീ​ഴിൽ കഴിഞ്ഞി​രുന്ന സമയമാ​യി​രു​ന്നു അത്‌. പ്രവാ​സ​ജീ​വി​തം അവസാ​നിച്ച്‌ യരുശ​ലേ​മിൽ മടങ്ങി​ച്ചെ​ന്ന​തി​നു ശേഷവും അവർ ആ നിയമം അനുസ​രി​ക്കാൻ ബാധ്യ​സ്ഥ​രാ​യി​രു​ന്നു. ശുദ്ധാ​രാ​ധ​ന​യെ​ക്കു​റിച്ച്‌ ആ നിയമ​ത്തിൽ പറയു​ന്ന​ത​നു​സ​രിച്ച്‌ അവർ ദേവാ​ല​യ​വും യാഗപീ​ഠ​വും പുനർനിർമിച്ച്‌ വീണ്ടും അവിടെ ബലികൾ അർപ്പി​ക്ക​ണ​മാ​യി​രു​ന്നു. പിന്നീട്‌ ആറു നൂറ്റാ​ണ്ടോ​ളം അവിടെ അത്തരം ബലിയർപ്പ​ണങ്ങൾ നടന്നതാ​യി ചരിത്രം സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു​മുണ്ട്‌. എന്നാൽ യഹസ്‌കേ​ലി​ന്റെ ദർശന​ത്തി​ലൂ​ടെ ജൂതന്മാർക്കു വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തതു വാസ്‌ത​വ​ത്തിൽ ആത്മീയാ​ലയം ആയിരു​ന്നെ​ങ്കി​ലോ? ആ ദേവാ​ല​യ​ത്തിൽ അതാ, മഹാപു​രോ​ഹി​തൻ സ്വന്തം ജീവൻ ബലിയാ​യി അർപ്പി​ക്കു​ന്നു! അതെത്തു​ടർന്ന്‌ മറ്റെല്ലാ ബലിക​ളും നിന്നു​പോ​കു​ന്നു! അങ്ങനെ​യൊ​രു ദർശനം ആ ജനതയെ എങ്ങനെ ബാധി​ക്കു​മാ​യി​രു​ന്നെന്ന്‌ ഓർത്തു​നോ​ക്കൂ. അത്‌ അവർക്ക്‌ ഉൾക്കൊ​ള്ളാ​നാ​കു​മാ​യി​രു​ന്നോ? മോശ​യി​ലൂ​ടെ കൊടുത്ത നിയമം അനുസ​രി​ക്കാ​നുള്ള അവരുടെ തീരു​മാ​ന​ത്തിന്‌ ഇളക്കം തട്ടില്ലാ​യി​രു​ന്നോ? അതെ, യഹോവ എപ്പോ​ഴും സത്യങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നത്‌ അതിന്റെ ഉചിത​മായ സമയത്ത്‌ മാത്ര​മാണ്‌, തന്റെ ജനം അതിനാ​യി സജ്ജരാ​യ​ശേഷം മാത്രം!

12-14. യഹസ്‌കേ​ലി​ന്റെ ദേവാ​ല​യ​ദർശ​ന​വും ആത്മീയാ​ല​യ​ത്തെ​ക്കു​റി​ച്ചുള്ള പൗലോ​സി​ന്റെ വിശദീ​ക​ര​ണ​വും തമ്മിലുള്ള ബന്ധം എന്താണ്‌? (“വെവ്വേറെ ആലയങ്ങൾ, വെവ്വേറെ പാഠങ്ങൾ” എന്ന ചതുരം കാണുക.)

12 എന്നാൽ യഹസ്‌കേ​ലി​ന്റെ ദേവാ​ല​യ​ദർശ​ന​വും ആത്മീയാ​ല​യ​ത്തെ​ക്കു​റി​ച്ചുള്ള പൗലോ​സി​ന്റെ വിശദീ​ക​ര​ണ​വും തമ്മിൽ എന്തെങ്കി​ലും ബന്ധമു​ണ്ടോ? പൗലോസ്‌ ചർച്ച ചെയ്‌ത കാര്യ​ങ്ങൾക്ക്‌ ആധാരം യഹസ്‌കേ​ലി​ന്റെ ദേവാ​ല​യ​ദർശ​നമല്ല, മറിച്ച്‌ മോശ​യു​ടെ കാലത്തെ വിശു​ദ്ധ​കൂ​ടാ​ര​മാ​യി​രു​ന്നു എന്ന കാര്യം ഓർക്കുക. അതേസ​മയം പൗലോസ്‌ പരാമർശിച്ച പല സവി​ശേ​ഷ​ത​ക​ളും ശലോ​മോ​ന്റെ​യും സെരു​ബ്ബാ​ബേ​ലി​ന്റെ​യും ദേവാ​ല​യ​ങ്ങ​ളി​ലും യഹസ്‌കേ​ലി​ന്റെ ദേവാ​ല​യ​ദർശ​ന​ത്തി​ലും ഉണ്ടായി​രു​ന്ന​വ​യാ​ണു​താ​നും. എങ്കിലും പൊതു​വിൽ നോക്കു​മ്പോൾ യഹസ്‌കേ​ലും പൗലോ​സും വ്യത്യസ്‌ത​മായ രണ്ടു വിഷയ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണു പറഞ്ഞത്‌. b അവർ രണ്ടു പേരും പറഞ്ഞത്‌ ഒരേ കാര്യ​മ​ല്ലെ​ങ്കി​ലും ആ വിവര​ണ​ങ്ങൾക്കു പരസ്‌പ​ര​ബ​ന്ധ​മുണ്ട്‌. അത്‌ എങ്ങനെ?

13 ആ രണ്ടു ബൈബിൾഭാ​ഗങ്ങൾ തമ്മിലുള്ള ബന്ധം ഇങ്ങനെ വിശദീ​ക​രി​ക്കാം: പൗലോ​സിൽനിന്ന്‌ നമ്മൾ പഠിക്കു​ന്നത്‌ ആരാധ​നയ്‌ക്കാ​യുള്ള യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചാ​ണെ​ങ്കിൽ യഹസ്‌കേ​ലിൽനിന്ന്‌ പഠിക്കു​ന്നത്‌ ആരാധ​നയ്‌ക്കാ​യുള്ള യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളെ​ക്കു​റി​ച്ചാണ്‌. ശുദ്ധാ​രാ​ധ​നയ്‌ക്കാ​യുള്ള യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​ത്തെ​ക്കു​റിച്ച്‌ നമ്മളെ പഠിപ്പി​ക്കാൻ പൗലോസ്‌ ആത്മീയാ​ല​യ​ത്തി​ന്റെ സവി​ശേ​ഷ​ത​ക​ളായ മഹാപു​രോ​ഹി​തൻ, ബലികൾ, യാഗപീ​ഠം, അതിവി​ശു​ദ്ധം എന്നിവ​യു​ടെ അർഥം വിശദീ​ക​രി​ക്കു​ന്നു. എന്നാൽ ശുദ്ധാ​രാ​ധ​നയ്‌ക്കാ​യുള്ള യഹോ​വ​യു​ടെ ഉന്നതമായ നിലവാ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ പഠിപ്പി​ക്കാ​നുള്ള ധാരാളം വിശദാം​ശ​ങ്ങ​ളാണ്‌ യഹസ്‌കേ​ലി​ന്റെ ദേവാ​ല​യ​ദർശ​ന​ത്തിൽ നൽകി​യി​രി​ക്കു​ന്നത്‌.

14 ഗ്രാഹ്യ​ത്തിൽ വന്ന ഈ മാറ്റം നമ്മളെ എങ്ങനെ​യാ​ണു ബാധി​ക്കു​ന്നത്‌? യഹസ്‌കേ​ലി​ന്റെ ദർശന​ത്തി​ന്റെ പ്രസക്തിക്ക്‌ ഇന്ന്‌ എന്തെങ്കി​ലും കുറവ്‌ വന്നിട്ടു​ണ്ടോ? ഇല്ല. അതു നമുക്കു പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ​യെന്നു മനസ്സി​ലാ​ക്കാൻ, യഹസ്‌കേ​ലി​ന്റെ കാലത്തും പിൽക്കാ​ല​ത്തും ജീവി​ച്ചി​രുന്ന വിശ്വസ്‌ത​രായ ജൂതന്മാർക്ക്‌ ആ ദർശനം എങ്ങനെ പ്രയോ​ജനം ചെയ്‌തെന്നു നോക്കാം.

യഹസ്‌കേ​ലി​ന്റെ ആലയദർശ​ന​വും ജൂത​പ്ര​വാ​സി​ക​ളും

15. (എ) യഹസ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ പ്രാവചനികസന്ദേശത്തിന്റെ രത്‌ന​ച്ചു​രു​ക്കം എന്തായി​രു​ന്നു? (ബി) യഹസ്‌കേൽ 8-ാം അധ്യാ​യ​വും യഹസ്‌കേൽ 40–48 അധ്യാ​യ​ങ്ങ​ളും തമ്മിൽ എന്തു വ്യത്യാ​സ​മാ​ണു​ള്ളത്‌?

15 ജൂത​പ്ര​വാ​സി​കൾക്ക്‌ യഹസ്‌കേ​ലി​ന്റെ ആലയദർശനം പ്രയോ​ജനം ചെയ്‌തത്‌ എങ്ങനെ​യാണ്‌? അതിനു ബൈബിൾ നൽകുന്ന ഉത്തരം മനസ്സി​ലാ​ക്കാൻ നമുക്ക്‌ ഇപ്പോൾ അതുമാ​യി ബന്ധപ്പെട്ട ചില ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കാം. ഒന്നാമ​താ​യി, ആ ദർശന​ത്തി​ലെ പ്രാവ​ച​നി​ക​സ​ന്ദേ​ശ​ത്തി​ന്റെ രത്‌ന​ച്ചു​രു​ക്കം എന്തായി​രു​ന്നു? ലളിത​മാ​യി പറഞ്ഞാൽ, ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടും! ഇക്കാര്യം യഹസ്‌കേ​ലി​നു വ്യക്തമാ​യി അറിയാ​മാ​യി​രു​ന്നു. യരുശ​ലേ​മി​ലെ ദേവാ​ല​യ​ത്തി​ന്റെ പരിതാ​പ​ക​ര​മായ അവസ്ഥ​യെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വിശദ​മായ വർണന (ഇന്ന്‌ യഹസ്‌കേൽ 8-ാം അധ്യാ​യ​ത്തി​ലാണ്‌ അതു കാണു​ന്നത്‌.) യഹസ്‌കേൽ അതി​നോ​ടകം രേഖ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞി​രു​ന്നു. എന്നാൽ അതിനു നേർവി​പ​രീ​ത​മായ ഒരു അവസ്ഥ​യെ​ക്കു​റി​ച്ചുള്ള വിശദാം​ശങ്ങൾ രേഖ​പ്പെ​ടു​ത്താ​നും യഹസ്‌കേ​ലിന്‌ അവസരം കിട്ടി. യഹസ്‌കേൽ 40 മുതൽ 48 വരെയുള്ള അധ്യാ​യ​ങ്ങ​ളിൽ കാണുന്ന ആ വാക്കുകൾ രേഖ​പ്പെ​ടു​ത്തി​യ​പ്പോൾ അദ്ദേഹ​ത്തിന്‌ എത്രമാ​ത്രം സന്തോഷം തോന്നി​ക്കാ​ണും. നമ്മൾ അവിടെ കാണു​ന്നത്‌, ശുദ്ധാ​രാ​ധന അധഃപ​തി​ച്ചു​പോ​യ​താ​യല്ല, മറിച്ച്‌ ശുദ്ധാ​രാ​ധന അതിന്റെ അർഹമായ സ്ഥാനത്ത്‌ പ്രതിഷ്‌ഠി​ക്ക​പ്പെ​ട്ട​താ​യാണ്‌. അതെ, മോശ​യു​ടെ നിയമ​മ​നു​സ​രിച്ച്‌ യഹോ​വയെ ആരാധി​ക്കു​ന്ന​തി​ന്റെ അതി​ശ്രേഷ്‌ഠ​മായ ഒരു മാതൃ​ക​യാ​യി​രു​ന്നു അത്‌.

16. ഒരു നൂറ്റാണ്ടു മുമ്പ്‌ യശയ്യ മുൻകൂ​ട്ടി​പ്പറഞ്ഞ കാര്യ​ത്തിന്‌ യഹസ്‌കേ​ലി​ന്റെ ദേവാ​ല​യ​ദർശനം ഉറപ്പേ​കി​യത്‌ എങ്ങനെ?

16 യഹോ​വയ്‌ക്ക്‌ അർപ്പി​ക്കുന്ന ആരാധന അതിന്റെ അർഹമായ സ്ഥാനത്ത്‌ പുനഃ​സ്ഥാ​പി​ക്ക​പ്പെ​ട​ണ​മെ​ങ്കിൽ അത്‌ ഉന്നതമായ ഒരു നിലയി​ലേക്ക്‌ ഉയരണ​മാ​യി​രു​ന്നു. യഹസ്‌കേ​ലിന്‌ 100-ലേറെ വർഷം മുമ്പ്‌ ജീവി​ച്ചി​രുന്ന യശയ്യ പ്രവാ​ചകൻ ദൈവ​പ്ര​ചോ​ദി​ത​നാ​യി ഇങ്ങനെ എഴുതി: “അവസാ​ന​നാ​ളു​ക​ളിൽ യഹോ​വ​യു​ടെ ആലയമുള്ള പർവതം പർവത​ങ്ങ​ളു​ടെ മുകളിൽ സുസ്ഥാ​പി​ത​വും കുന്നു​ക​ളെ​ക്കാൾ ഉന്നതവും ആയിരി​ക്കും.” (യശ. 2:2) യഹോ​വ​യു​ടെ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​മെ​ന്നും അത്‌ ഏറ്റവും ഉയരമുള്ള പർവത​ത്തി​ന്റെ മുകളിൽ സ്ഥാപി​ച്ചാ​ലെ​ന്ന​പോ​ലെ ഉന്നതമായ ഒരു നിലയി​ലേക്ക്‌ ഉയരു​മെ​ന്നും യശയ്യ മുൻകൂ​ട്ടി​പ്പ​റഞ്ഞു. ആകട്ടെ, യഹോ​വ​യു​ടെ ആലയം എവിടെ സ്ഥിതി ചെയ്യു​ന്ന​താ​യാണ്‌ യഹസ്‌കേൽ ദിവ്യ​ദർശ​ന​ത്തിൽ കാണു​ന്നത്‌? “വളരെ ഉയരമുള്ള ഒരു മലയിൽ!” (യഹ. 40:2) അതെ, ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​മെന്ന യശയ്യയു​ടെ വാക്കു​കൾക്ക്‌ യഹസ്‌കേ​ലി​ന്റെ ദർശനം അങ്ങനെ ഉറപ്പേകി.

യഹസ്‌കേൽ കണ്ട ദേവാ​ലയം വളരെ ഉയർന്ന ഒരു സ്ഥലത്താ​യി​രു​ന്നു (16-ാം ഖണ്ഡിക കാണുക)

17. യഹസ്‌കേൽ 40 മുതൽ 48 വരെയുള്ള അധ്യാ​യ​ങ്ങ​ളു​ടെ ചുരുക്കം എന്താണ്‌?

17 യഹസ്‌കേൽ സാക്ഷ്യം​വ​ഹിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ വിവരി​ക്കുന്ന യഹസ്‌കേൽ 40 മുതൽ 48 വരെയുള്ള അധ്യാ​യങ്ങൾ നമുക്ക്‌ ഇപ്പോൾ ഹ്രസ്വ​മാ​യി അവലോ​കനം ചെയ്യാം. ഒരു ദൂതൻ, കവാട​ങ്ങ​ളും മതിലും ആലയമു​റ്റ​ങ്ങ​ളും ദേവാ​ല​യ​ത്തി​ലെ വിശു​ദ്ധ​മ​ന്ദി​ര​വും അളക്കു​ന്നത്‌ യഹസ്‌കേൽ കണ്ടു. (യഹ. 40–42) തുടർന്ന്‌ അതിഗം​ഭീ​ര​മായ ഒരു സംഭവം നടക്കുന്നു: തേജോ​മ​യ​നായ യഹോവ ആലയത്തി​ലേക്കു വരുക​യാണ്‌! വഴി​തെ​റ്റി​പ്പോയ തന്റെ ജനത്തോ​ടും പുരോ​ഹി​ത​ന്മാ​രോ​ടും തലവന്മാ​രോ​ടും യഹോവ ശക്തമായ ഭാഷയിൽ സംസാ​രി​ക്കു​ന്നു. (യഹ. 43:1-12; 44:10-31; 45:9-12) ജീവ​ന്റെ​യും അനു​ഗ്ര​ഹ​ങ്ങ​ളു​ടെ​യും ഉറവായ ഒരു നദി വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനിന്ന്‌ പുറ​പ്പെട്ട്‌, ചാവു​ക​ട​ലിൽ ചെന്ന്‌ ചേരു​ന്ന​താ​യും യഹസ്‌കേൽ കണ്ടു. (യഹ. 47:1-12) ദേശം കൃത്യ​മാ​യി അളന്നു​തി​രി​ച്ചി​രി​ക്കു​ന്ന​താ​യും ദേശത്തി​ന്റെ ഏതാണ്ട്‌ മധ്യഭാ​ഗ​ത്തു​തന്നെ ശുദ്ധാ​രാ​ധ​നയ്‌ക്കാ​യി ഒരു സ്ഥാനം നീക്കി​വെ​ച്ചി​രി​ക്കു​ന്ന​താ​യും അദ്ദേഹം കാണുന്നു. (യഹ. 45:1-8; 47:13–48:35) ഇതി​ന്റെ​യെ​ല്ലാം ആകമാ​ന​സ​ന്ദേശം എന്തായി​രു​ന്നു? ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​മെ​ന്നും അത്‌ ഉന്നതമായ ഒരു നിലയി​ലേക്ക്‌ ഉയരു​മെ​ന്നും തന്റെ ജനത്തിന്‌ ഉറപ്പു കൊടു​ക്കു​ക​യാ​യി​രു​ന്നു യഹോവ. യഹോ​വ​യു​ടെ ആരാധ​നാ​ലയം ദിവ്യ​സാ​ന്നി​ധ്യ​ത്താൽ അനുഗൃ​ഹീ​ത​മാ​കും. ആ ആലയത്തിൽനിന്ന്‌ യഹോവ ചൊരി​യുന്ന അനു​ഗ്ര​ഹങ്ങൾ ആ ദേശത്തി​ന്റെ ന്യൂന​ത​ക​ളെ​ല്ലാം നീക്കി അതിനു ജീവൻ പകരു​ക​യും അവിടെ എല്ലാം ചിട്ടയാ​യും ക്രമമാ​യും നടക്കാൻ ഇടയാ​ക്കു​ക​യും ചെയ്യും.

യഹോവ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്കു​ന്ന​തി​ന്റെ മഹത്തായ ഒരു ചിത്രീ​ക​ര​ണ​മാ​യി​രു​ന്നു യഹസ്‌കേൽ കണ്ട ദേവാ​ല​യം (17-ാം ഖണ്ഡിക കാണുക)

18. ദേവാ​ല​യ​ദർശനം അക്ഷരാർഥ​ത്തിൽ എടു​ക്കേ​ണ്ട​താ​യി​രു​ന്നോ? വിശദീ​ക​രി​ക്കുക.

18 രണ്ടാമ​താ​യി, ആ ദിവ്യ​ദർശനം അക്ഷരാർഥ​ത്തിൽ എടു​ക്കേ​ണ്ട​താ​യി​രു​ന്നോ? അല്ല. ആ ദർശനം അക്ഷരാർഥ​ത്തിൽ എടു​ക്കേ​ണ്ട​ത​ല്ലെന്ന്‌ യഹസ്‌കേ​ലി​നും യഹസ്‌കേ​ലിൽനിന്ന്‌ ആ ദർശനം വിവരി​ച്ചു​കേട്ട മറ്റു പ്രവാ​സി​കൾക്കും പെട്ടെ​ന്നു​തന്നെ വ്യക്തമാ​യി​ക്കാ​ണും. എന്തു​കൊണ്ട്‌? യഹസ്‌കേൽ കണ്ട ദേവാ​ലയം “വളരെ ഉയരമുള്ള ഒരു മലയിൽ” ആയിരു​ന്നെന്ന്‌ ഓർക്കുക. അക്കാര്യം യശയ്യയു​ടെ പ്രവച​ന​വു​മാ​യി ചേർന്നു​പോ​കു​ന്നെ​ങ്കി​ലും ശലോ​മോ​ന്റെ ദേവാ​ലയം സ്ഥിതി​ചെയ്‌തി​രുന്ന പ്രദേ​ശ​ത്തിന്‌ ആ വിശേ​ഷണം ചേരി​ല്ലാ​യി​രു​ന്നു. യരുശ​ലേ​മി​ലെ മോരിയ മലയി​ലാണ്‌ അതു പണിതി​രു​ന്നത്‌. ഭാവി​യിൽ അതു പുനർനിർമി​ക്കു​ന്ന​തും അവി​ടെ​ത്തന്നെ ആയിരി​ക്കു​മാ​യി​രു​ന്നു. പക്ഷേ അതു “വളരെ ഉയരമുള്ള ഒരു മല” ആയിരു​ന്നോ? അല്ല. വാസ്‌ത​വ​ത്തിൽ ആ പ്രദേ​ശ​ത്തുള്ള മറ്റു പല മലകൾക്കും മോരി​യ​യു​ടെ അത്രയു​മോ അതി​നെ​ക്കാൾപോ​ലു​മോ ഉയരമു​ണ്ടാ​യി​രു​ന്നു. ഇനി, യഹസ്‌കേൽ കണ്ട ദേവാ​ല​യ​സ​മു​ച്ചയം വളരെ വലുതാ​യി​രു​ന്നു എന്നതും ശ്രദ്ധേ​യ​മാണ്‌. വലി​യൊ​രു മതിലി​നാൽ ചുറ്റപ്പെട്ട അതിവി​ശാ​ല​മായ ആ ആലയവ​ളപ്പ്‌ മോരിയ മലയുടെ മുകളിൽ ഒരിക്ക​ലും ഒതുങ്ങി​ല്ലാ​യി​രു​ന്നു. ശലോ​മോ​ന്റെ കാലത്തെ യരുശ​ലേം നഗരത്തി​നു​പോ​ലും അതിനെ ഉൾക്കൊ​ള്ളാ​നാ​കു​മാ​യി​രു​ന്നില്ല! കൂടാതെ, ദേവാ​ല​യ​ത്തി​ലെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനിന്ന്‌ ഒരു നദി ചാവു​ക​ട​ലി​ലേക്ക്‌ ഒഴുകു​മെ​ന്നും അങ്ങനെ അവിടത്തെ ജലം ശുദ്ധമാ​യി അവിടെ ജീവജാ​ലങ്ങൾ വളരു​മെ​ന്നും ഉള്ള വാക്കുകൾ അക്ഷരാർഥ​ത്തിൽ നിറ​വേ​റു​മെന്ന്‌ ആ പ്രവാ​സി​കൾ എന്തായാ​ലും ചിന്തി​ച്ചു​കാ​ണില്ല. മാത്രമല്ല, ആ ദർശന​ത്തിൽ ഗോ​ത്ര​ങ്ങ​ളു​ടെ അതിർത്തി​കൾ സമാന്ത​ര​മാ​യി പോകുന്ന നേർരേ​ഖ​ക​ളാ​യാ​ണു കാണി​ച്ചത്‌ എന്നതും ശ്രദ്ധേ​യ​മാണ്‌. എന്നാൽ കുന്നും മലയും നിറഞ്ഞ വാഗ്‌ദ​ത്ത​ദേ​ശത്ത്‌ അത്തരം അതിർത്തി​കൾ നിശ്ചയി​ക്കുക സാധ്യ​മ​ല്ലാ​യി​രു​ന്നു. ചുരു​ക്ക​ത്തിൽ, യഹസ്‌കേ​ലി​ന്റെ ആ ദിവ്യ​ദർശനം അക്ഷരാർഥ​ത്തിൽ എടു​ക്കേ​ണ്ട​ത​ല്ലാ​യി​രു​ന്നു എന്നു വ്യക്തം.

19-21. യഹസ്‌കേ​ലി​ന്റെ ദർശന​ത്തെ​ക്കു​റിച്ച്‌ കേൾക്കു​മ്പോൾ ജനത്തിന്‌ എന്തു തോന്നാൻ യഹോവ ആഗ്രഹി​ച്ചു, അവർക്ക്‌ അങ്ങനെ തോന്നു​മാ​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

19 മൂന്നാ​മ​താ​യി, ആ ദിവ്യ​ദർശ​ന​ത്തെ​ക്കു​റിച്ച്‌ കേൾക്കു​മ്പോൾ യഹസ്‌കേ​ലി​ന്റെ ജനത്തിന്‌ എന്തു തോന്ന​ണ​മാ​യി​രു​ന്നു? ശുദ്ധാ​രാ​ധ​നയ്‌ക്കാ​യുള്ള യഹോ​വ​യു​ടെ ഉന്നതമായ നിലവാ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ അവർക്കു സ്വന്തം അവസ്ഥ ഓർത്ത്‌ നാണ​ക്കേടു തോന്ന​ണ​മാ​യി​രു​ന്നു. “ഇസ്രാ​യേൽഗൃ​ഹ​ത്തോട്‌ ദേവാ​ല​യ​ത്തെ​ക്കു​റിച്ച്‌ വിവരി​ക്കൂ” എന്ന്‌ യഹോവ യഹസ്‌കേ​ലി​നോ​ടു പറഞ്ഞു. ദേവാ​ല​യ​ത്തെ​ക്കു​റി​ച്ചുള്ള യഹസ്‌കേ​ലി​ന്റെ ആ വിവരണം, ഇസ്രാ​യേ​ല്യർ അതിന്റെ ‘രൂപരേഖ പഠിക്കാൻ’മാത്രം വിശദ​മാ​യി​രി​ക്ക​ണ​മാ​യി​രു​ന്നു. ഇസ്രാ​യേൽ ജനം ദേവാ​ല​യ​ത്തെ​ക്കു​റിച്ച്‌ അത്രമാ​ത്രം ചിന്തി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു? എന്തായാ​ലും അതു ദേവാ​ലയം പുനർനിർമി​ക്കാൻവേണ്ടി ആയിരു​ന്നില്ല എന്നു നമ്മൾ കണ്ടുക​ഴി​ഞ്ഞു. ‘തങ്ങൾ ചെയ്‌തു​കൂ​ട്ടിയ തെറ്റുകൾ ഓർത്ത്‌ അവർ ലജ്ജിക്കണം’ എന്നതാ​യി​രു​ന്നു യഹോ​വ​യു​ടെ ഉദ്ദേശ്യം.​—യഹസ്‌കേൽ 43:10-12 വായി​ക്കുക.

20 ഈ ദർശനം ആത്മാർഥ​ഹൃ​ദ​യ​രായ ആളുക​ളു​ടെ മനസ്സാ​ക്ഷി​യെ സ്‌പർശിച്ച്‌, അവരിൽ ലജ്ജ ജനിപ്പി​ക്കു​മാ​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? യഹസ്‌കേ​ലി​നോ​ടു പറഞ്ഞതു ശ്രദ്ധി​ക്കുക: “മനുഷ്യ​പു​ത്രാ, യഹോ​വ​യു​ടെ ആലയത്തി​ന്റെ നിയമ​ങ്ങ​ളെ​ക്കു​റി​ച്ചും വ്യവസ്ഥ​ക​ളെ​ക്കു​റി​ച്ചും ഞാൻ നിന്നോ​ടു പറയു​ന്ന​തെ​ല്ലാം ശ്രദ്ധി​ച്ചു​കേൾക്കൂ! സശ്രദ്ധം നിരീ​ക്ഷി​ക്കൂ! നന്നായി ശ്രദ്ധിക്കൂ!” (യഹ. 44:5) നിയമ​ങ്ങ​ളെ​ക്കു​റി​ച്ചും വ്യവസ്ഥ​ക​ളെ​ക്കു​റി​ച്ചും ചട്ടങ്ങ​ളെ​ക്കു​റി​ച്ചും യഹസ്‌കേൽ വീണ്ടും​വീ​ണ്ടും കേട്ടു. (യഹ. 43:11, 12; 44:24; 46:14) യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളെ​ക്കു​റി​ച്ചും യഹസ്‌കേ​ലി​നെ കൂടെ​ക്കൂ​ടെ ഓർമി​പ്പി​ച്ചി​രു​ന്നു. ഒരു മുഴത്തി​ന്റെ നീളം എത്രയാ​യി​രി​ക്കണം, കൃത്യ​ത​യുള്ള തൂക്കങ്ങ​ളു​ടെ മാനദണ്ഡം എന്തായി​രി​ക്കണം എന്നീ കാര്യ​ങ്ങൾപോ​ലും അദ്ദേഹത്തെ ഓർമി​പ്പി​ച്ച​താ​യി കാണാം. (യഹ. 40:5; 45:10-12; സുഭാ​ഷി​തങ്ങൾ 16:11 താരത​മ്യം ചെയ്യുക.) “അളക്കുക,” “അളവ്‌” എന്നെല്ലാം അർഥം വരുന്ന മൂലഭാ​ഷാ​പ​ദങ്ങൾ ഈ ഒറ്റ ദർശന​ത്തിൽ മാത്രം 50-ലധികം തവണയാണ്‌ യഹസ്‌കേൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌!

21 അളവുകൾ, തൂക്കങ്ങൾ, നിയമങ്ങൾ, ചട്ടങ്ങൾ, വ്യവസ്ഥകൾ​—ഇതിലൂ​ടെ യഹോവ തന്റെ ജനത്തോ​ടു വാസ്‌ത​വ​ത്തിൽ എന്താണു പറയാൻ ശ്രമി​ച്ചത്‌? ശക്തമായ ഭാഷയിൽ യഹോവ ഈ സുപ്ര​ധാ​ന​സ​ത്യം അവരെ ഓർമി​പ്പി​ക്കു​ക​യാ​യി​രു​ന്നി​രി​ക്കാം: ശുദ്ധാ​രാ​ധ​നയ്‌ക്കുള്ള നിലവാ​രങ്ങൾ വെക്കാൻ അർഹൻ യഹോവ മാത്ര​മാണ്‌. ആ നിലവാ​രങ്ങൾ വിട്ടെ​റിഞ്ഞ്‌ പോയ​വർക്ക്‌ ഇപ്പോൾ നാണ​ക്കേടു തോന്ന​ണ​മാ​യി​രു​ന്നു! എന്നാൽ ആ ദർശനം ജൂതന്മാ​രെ അത്തരം പാഠങ്ങൾ പഠിപ്പി​ച്ചത്‌ എങ്ങനെ​യാണ്‌? അതിന്റെ ചില ഉദാഹ​ര​ണങ്ങൾ നമ്മൾ അടുത്ത അധ്യാ​യ​ത്തിൽ പഠിക്കും. ഈ ശ്രദ്ധേ​യ​മായ ദർശന​ത്തി​നു നമ്മുടെ നാളി​ലുള്ള പ്രസക്തി എന്താ​ണെന്ന്‌ അപ്പോൾ നമുക്കു വ്യക്തമാ​കും.

ദേവാലയദർശനം ആത്മാർഥ​ഹൃ​ദ​യ​രായ ആളുക​ളിൽ ലജ്ജ ജനിപ്പി​ക്കു​മാ​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? (19-21 ഖണ്ഡികകൾ കാണുക)

a യേശു​ക്രിസ്‌തു മോച​ന​വി​ല​യാ​യി അർപ്പിച്ച ബലിയു​ടെ അടിസ്ഥാ​ന​ത്തിൽ യഹോവ ശുദ്ധാ​രാ​ധ​നയ്‌ക്കാ​യി ഏർപ്പെ​ടു​ത്തിയ ക്രമീ​ക​ര​ണ​മാണ്‌ ആത്മീയാ​ലയം. അത്‌ എ.ഡി. 29-ൽ നിലവിൽ വന്നെന്നാ​ണു നമ്മൾ മനസ്സി​ലാ​ക്കു​ന്നത്‌.

b ഉദാഹ​ര​ണ​ത്തിന്‌, പൗലോസ്‌ മഹാപു​രോ​ഹി​ത​നി​ലും അദ്ദേഹം വർഷം​തോ​റും പാപപ​രി​ഹാ​ര​ദി​വസം ചെയ്യുന്ന കാര്യ​ങ്ങ​ളി​ലും ആണ്‌ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചത്‌. (എബ്രാ. 2:17; 3:1; 4:14-16; 5:1-10; 7:1-17, 26-28; 8:1-6; 9:6-28) എന്നാൽ യഹസ്‌കേ​ലി​ന്റെ ദർശന​ത്തിൽ മഹാപു​രോ​ഹി​ത​നെ​ക്കു​റി​ച്ചോ പാപപ​രി​ഹാ​ര​ദി​വ​സ​ത്തെ​ക്കു​റി​ച്ചോ ഒന്നും പറയു​ന്നില്ല.