വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 14

“ദേവാ​ല​യ​ത്തെ​ക്കു​റി​ച്ചുള്ള നിയമം ഇതാണ്‌”

“ദേവാ​ല​യ​ത്തെ​ക്കു​റി​ച്ചുള്ള നിയമം ഇതാണ്‌”

യഹസ്‌കേൽ 43:12

മുഖ്യവിഷയം: ദേവാ​ല​യ​ദർശനം​—യഹസ്‌കേ​ലി​ന്റെ കാല​ത്തേ​ക്കുള്ള പ്രായോഗികപാഠങ്ങളും നമ്മുടെ കാലത്ത്‌ അതിനുള്ള പ്രസക്തി​യും

1, 2. (എ) യഹസ്‌കേ​ലി​ന്റെ ദേവാ​ല​യ​ദർശ​ന​ത്തെ​ക്കു​റിച്ച്‌ കഴിഞ്ഞ അധ്യാ​യ​ത്തിൽ നമ്മൾ എന്തു പഠിച്ചു? (ബി) ഈ അധ്യാ​യ​ത്തിൽ നമ്മൾ ഏതു രണ്ടു ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തും?

 യഹസ്‌കേൽ ദർശന​ത്തിൽ കണ്ടത്‌, നൂറ്റാ​ണ്ടു​കൾക്കു ശേഷം അപ്പോസ്‌ത​ല​നായ പൗലോസ്‌ വിശദീ​ക​രിച്ച മഹത്തായ ആത്മീയാ​ലയം ആയിരു​ന്നില്ല. കഴിഞ്ഞ അധ്യാ​യ​ത്തിൽ നമ്മൾ അതെക്കു​റിച്ച്‌ പഠിച്ചു. ശുദ്ധാ​രാ​ധ​നയ്‌ക്കാ​യി ദൈവം വെച്ചി​രി​ക്കുന്ന നിലവാ​ര​ങ്ങ​ളു​ടെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ ദൈവ​ജ​നത്തെ പഠിപ്പി​ക്കുക എന്നതാ​യി​രു​ന്നു ആ ദർശന​ത്തി​ന്റെ ഉദ്ദേശ്യം എന്നും നമ്മൾ കണ്ടു. ആ നിലവാ​രങ്ങൾ പാലി​ച്ചാൽ മാത്രമേ ജനത്തിന്‌ യഹോ​വ​യു​മാ​യുള്ള നല്ല ബന്ധം വീണ്ടെ​ടു​ക്കാൻ സാധി​ക്കു​മാ​യി​രു​ന്നു​ള്ളൂ. “ദേവാ​ല​യ​ത്തെ​ക്കു​റി​ച്ചുള്ള നിയമം ഇതാണ്‌” എന്ന കാര്യം ഒറ്റ വാക്യ​ത്തിൽതന്നെ യഹോവ രണ്ടു തവണ എടുത്തു​പ​റ​ഞ്ഞ​തി​ന്റെ കാരണ​വും അതുത​ന്നെ​യാണ്‌.​യഹസ്‌കേൽ 43:12 വായി​ക്കുക.

2 നമ്മൾ ഇപ്പോൾ മറ്റു രണ്ടു ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്താൻ പോകു​ക​യാണ്‌. ഒന്ന്‌: ശുദ്ധാ​രാ​ധ​നയ്‌ക്കാ​യുള്ള യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ ദേവാ​ല​യ​ദർശനം യഹസ്‌കേ​ലി​ന്റെ കാലത്തെ ജൂതന്മാ​രെ എന്തെല്ലാം പാഠങ്ങൾ പഠിപ്പി​ച്ചു​കാ​ണും? അതിന്റെ ഉത്തരം അടുത്ത ചോദ്യ​ത്തിന്‌ ഉത്തരം കണ്ടെത്താൻ നമ്മളെ സഹായി​ക്കും. ആ ചോദ്യം ഇതാണ്‌: പ്രശ്‌ന​പൂ​രി​ത​മായ ഈ അന്ത്യകാ​ലത്ത്‌ ആ ദർശന​ത്തിന്‌ എന്തു പ്രസക്തി​യാ​ണു​ള്ളത്‌?

ദേവാ​ല​യ​ദർശ​ന​ത്തി​ലെ പാഠങ്ങൾ​—പുരാ​ത​ന​കാ​ലത്ത്‌

3. ദേവാ​ലയം വളരെ ഉയരമുള്ള ഒരു പർവത​ത്തിൽ സ്ഥിതി ചെയ്യു​ന്ന​താ​യി കണ്ടപ്പോൾ ആളുകൾക്കു ലജ്ജ തോന്നി​യത്‌ എന്തു​കൊണ്ട്‌?

3 ആദ്യത്തെ ചോദ്യ​ത്തിന്‌ ഉത്തരം കണ്ടെത്താൻ നമുക്കു ദേവാ​ല​യ​ദർശ​ന​ത്തി​ന്റെ ശ്രദ്ധേ​യ​മായ ചില സവി​ശേ​ഷ​തകൾ ഒന്നു പരി​ശോ​ധി​ക്കാം. ഉയരമുള്ള മല. യഹസ്‌കേൽ കണ്ട ദർശന​ത്തി​ന്റെ പശ്ചാത്ത​ല​ത്തെ​ക്കു​റിച്ച്‌ കേട്ട​പ്പോൾ ആളുക​ളു​ടെ മനസ്സി​ലേക്ക്‌, യശയ്യ പ്രവാ​ച​കന്റെ ഹൃദ​യോഷ്‌മ​ള​മായ പുനഃ​സ്ഥാ​പ​ന​പ്ര​വ​ചനം ഓടി​യെ​ത്തി​ക്കാ​ണും. (യശ. 2:2) പക്ഷേ യഹോ​വ​യു​ടെ ആലയം അത്രയും ഉയരമുള്ള ഒരു പർവത​ത്തിൽ സ്ഥിതി ചെയ്യു​ന്ന​താ​യി കണ്ടത്‌ അവരെ പഠിപ്പിച്ച പാഠം എന്തായി​രി​ക്കാം? ശുദ്ധാ​രാ​ധന ഉന്നതമായ ഒരു നിലയി​ലേക്ക്‌ ഉയരണ​മെ​ന്നും അവർ അതിനു മറ്റ്‌ എന്തി​നെ​ക്കാ​ളും പ്രാധാ​ന്യം നൽകണ​മെ​ന്നും അവർക്കു മനസ്സി​ലാ​യി. ശുദ്ധാ​രാ​ധ​നയ്‌ക്കാ​യുള്ള ക്രമീ​ക​രണം ചെയ്‌ത യഹോവ ‘മറ്റു ദൈവ​ങ്ങ​ളെ​ക്കാ​ളെ​ല്ലാം ഉന്നതൻ’ ആയതു​കൊണ്ട്‌ ശുദ്ധാ​രാ​ധന യഥാർഥ​ത്തിൽ ഉന്നതം​ത​ന്നെ​യാ​ണെന്ന കാര്യ​ത്തിൽ സംശയ​മില്ല. (സങ്കീ. 97:9) എന്നാൽ വീഴ്‌ച വന്നതു ജനങ്ങളു​ടെ ഭാഗത്തു​നി​ന്നാണ്‌, അവർ ചെയ്യേ​ണ്ടതു ചെയ്യു​ന്നി​ല്ലാ​യി​രു​ന്നു. ശുദ്ധാ​രാ​ധ​നയെ തീർത്തും അവഗണി​ച്ചു​കളഞ്ഞ അവർ അതു മലിന​മാ​യി​ത്തീ​രാൻ അനുവ​ദി​ച്ചു. അധഃപ​തിച്ച ഒരു അവസ്ഥയി​ലേക്ക്‌ അതു കൂപ്പു​കു​ത്തി. നൂറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം പല തവണ ഇങ്ങനെ സംഭവി​ച്ചു. എന്നാൽ ശുദ്ധാ​രാ​ധന ഉന്നതമായ ഒരു നിലയി​ലേക്ക്‌ ഉയർന്ന​താ​യി ദർശന​ത്തിൽ കണ്ടപ്പോൾ, അതിന്‌ യഥാർഥ​ത്തിൽ ലഭിക്കേണ്ട മഹത്ത്വ​വും പ്രാധാ​ന്യ​വും ലഭിക്കു​ന്നതു കണ്ടപ്പോൾ, ആത്മാർഥ​ഹൃ​ദ​യ​രായ ആളുകൾക്കു സ്വാഭാ​വി​ക​മാ​യും തങ്ങളുടെ തെറ്റു​ക​ളെ​ക്കു​റിച്ച്‌ ലജ്ജ തോന്നി.

4, 5. ദേവാ​ല​യ​ത്തി​ന്റെ ഉയരമുള്ള കവാട​ങ്ങ​ളിൽനിന്ന്‌ യഹസ്‌കേ​ലി​ന്റെ ശ്രോ​താ​ക്കൾ എന്തു പഠിച്ചു​കാ​ണും?

4 ഉയരമുള്ള കവാടങ്ങൾ. യഹസ്‌കേ​ലി​നെ ദേവാ​ലയം കാണിച്ച ദൂതൻ, കവാടങ്ങൾ അളക്കു​ന്ന​താ​യി ദർശന​ത്തി​ന്റെ തുടക്ക​ത്തിൽ യഹസ്‌കേൽ കണ്ടിരു​ന്നു. ഏതാണ്ട്‌ 100 അടിയാ​യി​രു​ന്നു അവയുടെ ഉയരം! (യഹ. 40:14) ആ പ്രവേ​ശ​ന​മാർഗ​ങ്ങൾക്കു​ള്ളിൽ കാവൽക്കാർക്കുള്ള മുറി​ക​ളു​മു​ണ്ടാ​യി​രു​ന്നു. ആളുകൾ ദേവാ​ല​യ​ത്തി​ന്റെ ഈ ഭാഗങ്ങ​ളെ​ക്കു​റിച്ച്‌ പഠിച്ച​പ്പോൾ അവർക്ക്‌ എന്തു സൂചന​യാ​യി​രി​ക്കാം ലഭിച്ചത്‌? യഹോവ യഹസ്‌കേ​ലി​നോട്‌, ‘ദേവാ​ല​യ​ത്തി​ന്റെ പ്രവേ​ശ​ന​മാർഗം നന്നായി ശ്രദ്ധിക്കൂ’ എന്നു പറയു​ന്ന​താ​യി കാണാം. എന്തായി​രു​ന്നു കാരണം? ‘ഹൃദയ​ത്തി​ലെ​യും ശരീര​ത്തി​ലെ​യും അഗ്രചർമം പരി​ച്ഛേ​ദി​ക്കാ​ത്ത​വരെ’ ആളുകൾ ദൈവ​ത്തി​ന്റെ പാവന​മായ ആരാധ​നാ​ല​യ​ത്തി​ലേക്കു കൊണ്ടു​വ​രു​ന്നു​ണ്ടാ​യി​രു​ന്നു. ഫലമോ? “അവർ എന്റെ ആലയത്തെ അശുദ്ധ​മാ​ക്കു​ന്നു” എന്ന്‌ യഹോവ പറഞ്ഞു.​—യഹ. 44:5, 7.

5 ‘ശരീര​ത്തി​ലെ അഗ്രചർമം പരി​ച്ഛേ​ദി​ക്കാ​ത്തവർ’ അബ്രാ​ഹാ​മി​ന്റെ കാലത്ത്‌ യഹോവ നൽകിയ വ്യക്തമായ ഒരു കല്‌പ​ന​യാ​ണു ലംഘി​ച്ചത്‌. (ഉൽപ. 17:9, 10; ലേവ്യ 12:1-3) എന്നാൽ ‘ഹൃദയ​ത്തി​ലെ അഗ്രചർമം പരി​ച്ഛേ​ദി​ക്കാ​ത്തവർ’ ചെയ്‌ത തെറ്റ്‌ അതിലും ഗുരു​ത​ര​മാ​യി​രു​ന്നു. ഒട്ടും വഴക്കമി​ല്ലാത്ത ധിക്കാ​രി​ക​ളാ​യി​രു​ന്നു അവർ, യഹോ​വ​യു​ടെ നിർദേ​ശ​ങ്ങൾക്കും ഉപദേ​ശ​ങ്ങൾക്കും ഒരു വിലയും കല്‌പി​ക്കാ​ത്തവർ! അത്തരക്കാ​രെ യഹോ​വ​യു​ടെ പാവന​മായ ആരാധ​നാ​ല​യ​ത്തിൽ പ്രവേ​ശി​ക്കാൻ അനുവ​ദി​ച്ചു​കൂ​ടാ​യി​രു​ന്നു. യഹോവ കാപട്യം വെറു​ത്തി​രു​ന്നെ​ങ്കി​ലും ദേവാ​ല​യ​ത്തിൽ കാപട്യം തഴച്ചു​വ​ള​രാൻ ദൈവ​ജനം അനുവ​ദി​ച്ചു. എന്നാൽ ദർശന​ത്തിൽ കണ്ട ദേവാ​ല​യ​ത്തി​ലെ കവാട​ങ്ങ​ളും കാവൽക്കാ​രു​ടെ മുറി​ക​ളും ഒരു കാര്യം വളരെ വ്യക്തമാ​ക്കി: ഇത്തരം കാര്യങ്ങൾ മേലാൽ വെച്ചു​പൊ​റു​പ്പി​ക്കില്ല! യഹോ​വ​യു​ടെ ഭവനത്തിൽ പ്രവേ​ശി​ക്ക​ണ​മെ​ങ്കിൽ ഉന്നതമായ ചില നിലവാ​രങ്ങൾ പാലി​ക്ക​ണ​മാ​യി​രു​ന്നു. എങ്കിൽ മാത്രമേ യഹോവ ജനത്തിന്റെ ആരാധന അംഗീ​ക​രി​ക്കു​മാ​യി​രു​ന്നു​ള്ളൂ.

6, 7. (എ) ദേവാ​ല​യ​വ​ള​പ്പി​നു ചുറ്റു​മുള്ള മതിൽ കാണി​ച്ചു​കൊ​ടു​ത്ത​തി​ലൂ​ടെ യഹോവ എന്തു സന്ദേശ​മാണ്‌ തന്റെ ജനത്തെ അറിയി​ച്ചത്‌? (ബി) യഹോ​വ​യു​ടെ ജനം മുൻകാ​ല​ങ്ങ​ളിൽ ദേവാ​ല​യ​ത്തോട്‌ ഇടപെ​ട്ടത്‌ എങ്ങനെ​യാ​യി​രു​ന്നു? (അടിക്കു​റി​പ്പു കാണുക.)

6 ചുറ്റു​മ​തിൽ. ദർശന​ത്തി​ലെ ദേവാ​ല​യ​ത്തി​ന്റെ ശ്രദ്ധേ​യ​മായ മറ്റൊരു സവി​ശേഷത ദേവാ​ല​യ​വ​ള​പ്പി​നു ചുറ്റു​മുള്ള മതിലാ​യി​രു​ന്നു. ഓരോ വശത്തും ആ മതിലി​ന്റെ നീളം 500 മുഴ​ക്കോൽ അഥവാ 5,100 അടി ആയിരു​ന്നു. അതായത്‌ ഏകദേശം 1.6 കിലോ​മീ​റ്റർ! (യഹ. 42:15-20) എന്നാൽ ദേവാ​ല​യ​ത്തി​ന്റെ ഭാഗമായ കെട്ടി​ട​ങ്ങ​ളും മുറ്റങ്ങ​ളും സ്ഥിതി ചെയ്‌തി​രുന്ന സമചതു​ര​ഭാ​ഗ​ത്തി​ന്റെ ഒരു വശത്തിനു വെറും 500 മുഴം അഥവാ 850 അടി നീളമേ ഉണ്ടായി​രു​ന്നു​ള്ളൂ. അതിൽനിന്ന്‌ ഒരു കാര്യം മനസ്സി​ലാ​ക്കാം: ദേവാ​ല​യ​ത്തി​നും ചുറ്റു​മ​തി​ലി​നും ഇടയ്‌ക്കാ​യി, ആലയത്തി​നു ചുറ്റോ​ടു​ചു​റ്റും വിശാ​ല​മായ ഒരു പ്രദേ​ശ​മു​ണ്ടാ​യി​രു​ന്നു. a എന്തായി​രു​ന്നു അതിന്റെ ഉദ്ദേശ്യം?

7 യഹോവ പറഞ്ഞു: “അവർ ആദ്യം തങ്ങളുടെ ആത്മീയ​വേ​ശ്യാ​വൃ​ത്തി​യും തങ്ങളുടെ രാജാ​ക്ക​ന്മാ​രു​ടെ ശവങ്ങളും എന്റെ അടുത്തു​നിന്ന്‌ ദൂരെ നീക്കി​ക്ക​ള​യട്ടെ. അങ്ങനെ​യെ​ങ്കിൽ, ഞാൻ എന്നും അവരോ​ടൊ​പ്പം കഴിയും.” (യഹ. 43:9) ‘രാജാ​ക്ക​ന്മാ​രു​ടെ ശവങ്ങൾ’ എന്ന പദപ്ര​യോ​ഗം സാധ്യ​ത​യ​നു​സ​രിച്ച്‌ വിഗ്ര​ഹ​ങ്ങളെ ആണ്‌ സൂചി​പ്പി​ച്ചത്‌. അതു​കൊണ്ട്‌ യഹസ്‌കേ​ലി​ന്റെ ദർശന​ത്തി​ലൂ​ടെ, ദേവാ​ല​യ​ത്തി​നും ചുറ്റു​മ​തി​ലി​നും ഇടയ്‌ക്കുള്ള വിശാ​ല​മായ പ്രദേശം കാണി​ച്ചു​കൊ​ടു​ത്ത​പ്പോൾ ഒരർഥ​ത്തിൽ യഹോവ ഇങ്ങനെ പറയു​ക​യാ​യി​രു​ന്നു: “ഇതു​പോ​ലുള്ള വൃത്തി​കേ​ടു​ക​ളെ​ല്ലാം ദൂരെ നീക്കൂ. അത്‌ എന്റെ അടു​ത്തെ​ങ്ങും കൊണ്ടു​വ​ര​രുത്‌.” അവർ അത്തരത്തിൽ തങ്ങളുടെ ആരാധന ശുദ്ധമാ​യി സൂക്ഷി​ക്കു​ന്ന​പക്ഷം യഹോവ തന്റെ സാന്നി​ധ്യ​ത്താൽ അവരെ അനു​ഗ്ര​ഹി​ക്കു​മാ​യി​രു​ന്നു.

8, 9. ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങ​ളി​ലുള്ള പുരു​ഷ​ന്മാർക്ക്‌ യഹോവ കൊടുത്ത ശക്തമായ ബുദ്ധി​യു​പ​ദേ​ശ​ത്തിൽനിന്ന്‌ ജനം എന്തു പഠിച്ചു​കാ​ണും?

8 ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങ​ളി​ലുള്ള പുരു​ഷ​ന്മാർക്കു ശക്തമായ ബുദ്ധി​യു​പ​ദേശം. തന്റെ ജനത്തിന്റെ ഇടയിലെ, ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങ​ളി​ലുള്ള പുരു​ഷ​ന്മാർക്ക്‌ യഹോവ സ്‌നേ​ഹ​ത്തോ​ടെ, എന്നാൽ ശക്തമായ ഭാഷയിൽ ബുദ്ധി​യു​പ​ദേശം കൊടു​ക്കു​ക​യും ചെയ്‌തു. ഇത്തരത്തിൽ യഹോ​വ​യിൽനിന്ന്‌ തിരുത്തൽ ലഭിച്ച​വ​രാ​യി​രു​ന്നു ലേവ്യർ. ഇസ്രാ​യേ​ല്യർ വിഗ്ര​ഹാ​രാ​ധ​ന​യി​ലേക്കു വീണു​പോയ കാലത്ത്‌ ലേവ്യർ യഹോ​വ​യിൽനിന്ന്‌ അകന്നു​പോ​യ​താ​യി​രു​ന്നു അതിനു കാരണം. എന്നാൽ “ഇസ്രാ​യേ​ല്യർ (ദൈവ​ത്തിൽനിന്ന്‌) അകന്നു​പോ​യ​പ്പോൾ . . . വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലെ കാര്യാ​ദി​കൾ നോക്കി​ന​ട​ത്തി​യി​രുന്ന” സാദോ​ക്കി​ന്റെ പുത്ര​ന്മാ​രെ യഹോവ അഭിന​ന്ദി​ച്ചു. അതെ, ഓരോ കൂട്ടരു​ടെ​യും പ്രവൃ​ത്തി​കൾക്ക​നു​സ​രിച്ച്‌ നീതി​യോ​ടെ​യും കരുണ​യോ​ടെ​യും യഹോവ അവരോട്‌ ഇടപെട്ടു. (യഹ. 44:10, 12-16) ഇസ്രാ​യേൽത​ല​വ​ന്മാർക്കും യഹോ​വ​യിൽനിന്ന്‌ ശക്തമായ തിരുത്തൽ കിട്ടി.​—യഹ. 45:9.

9 ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങ​ളി​ലുള്ള മേൽവി​ചാ​ര​ക​ന്മാർ അവരുടെ ചുമത​ലകൾ ശരിയാ​യി കൈകാ​ര്യം ചെയ്‌തി​ല്ലെ​ങ്കിൽ തന്നോടു കണക്കു ബോധി​പ്പി​ക്കേ​ണ്ടി​വ​രും എന്നു വ്യക്തമാ​ക്കു​ക​യാ​യി​രു​ന്നു യഹോവ. ബുദ്ധി​യു​പ​ദേ​ശ​വും തിരു​ത്ത​ലും ശിക്ഷണ​വും ഒക്കെ അവർക്കും ആവശ്യ​മാ​യി​രു​ന്നു. വാസ്‌ത​വ​ത്തിൽ, യഹോ​വ​യിൽനി​ന്നുള്ള ഏതൊരു ബുദ്ധി​യു​പ​ദേ​ശ​വും മനസ്സോ​ടെ സ്വീക​രി​ച്ചു​കൊണ്ട്‌ ദൈവി​ക​നി​ല​വാ​രങ്ങൾ ഉയർത്തി​പ്പി​ടി​ക്കു​ന്ന​തിൽ നേതൃ​ത്വ​മെ​ടു​ക്കേ​ണ്ട​വ​രാ​യി​രു​ന്നു അവർ.

10, 11. പ്രവാ​സ​ത്തിൽനിന്ന്‌ മടങ്ങി​യെ​ത്തി​യ​വ​രിൽ ചിലർ യഹസ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ പാഠങ്ങൾ പഠി​ച്ചെന്ന്‌ എന്തു സൂചി​പ്പി​ക്കു​ന്നു?

10 പ്രവാ​സ​ജീ​വി​ത​ത്തിൽനിന്ന്‌ തിരി​ച്ചെ​ത്തി​യവർ യഹസ്‌കേ​ലി​ന്റെ ദർശന​ത്തിൽനി​ന്നുള്ള പാഠങ്ങൾ തങ്ങളുടെ ജീവി​ത​ത്തിൽ പകർത്തി​യോ? ശ്രദ്ധേ​യ​മായ ഈ ദർശന​ത്തെ​ക്കു​റിച്ച്‌ അക്കാലത്തെ വിശ്വസ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാർ എന്തൊക്കെ ചിന്തി​ച്ചു​കാ​ണു​മെന്നു നമുക്കു കൃത്യ​മാ​യി പറയാ​നാ​കില്ല. എങ്കിലും തിരി​ച്ചെ​ത്തിയ പ്രവാ​സി​കൾ ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും യഹോ​വയ്‌ക്കുള്ള ശുദ്ധാ​രാ​ധ​നയെ അവർ എങ്ങനെ കാണാൻതു​ടങ്ങി എന്നതി​നെ​ക്കു​റി​ച്ചും ദൈവ​വ​ചനം ധാരാളം കാര്യങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നുണ്ട്‌. യഹസ്‌കേ​ലി​ന്റെ ദർശനം പഠിപ്പിച്ച തത്ത്വങ്ങൾ അവർ ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കി​യോ? ഒരളവു​വരെ അവർ അതിൽ വിജയി​ച്ചു എന്നു വേണം പറയാൻ. പ്രത്യേ​കി​ച്ചും, ബാബി​ലോ​ണ്യ​പ്ര​വാ​സ​ത്തി​ലേക്കു പോകു​ന്ന​തി​നു മുമ്പ്‌ അവരുടെ പൂർവി​കർ കാണിച്ച ധിക്കാ​ര​ത്തോ​ടുള്ള താരത​മ്യ​ത്തിൽ അവർ ഏറെ മെച്ചമാ​യി​രു​ന്നു.

11 യഹസ്‌കേ​ലി​ന്റെ ദേവാ​ല​യ​ദർശനം പകർന്നു​നൽകി​യ​തു​പോ​ലുള്ള തത്ത്വങ്ങൾ ജനത്തെ പഠിപ്പി​ക്കാൻ പ്രവാ​ച​ക​ന്മാ​രായ ഹഗ്ഗായി, സെഖര്യ എന്നിവ​രും, പുരോ​ഹി​ത​നും പകർപ്പെ​ഴു​ത്തു​കാ​ര​നും ആയ എസ്ര, ഗവർണ​റായ നെഹമ്യ എന്നിവ​രും അക്ഷീണം പ്രയത്‌നി​ച്ചു. (എസ്ര 5:1, 2) ശുദ്ധാ​രാ​ധന ഉന്നതമായ ഒരു നിലയി​ലേക്ക്‌ ഉയരണ​മെ​ന്നും അതിനു ഭൗതി​ക​നേ​ട്ട​ങ്ങ​ളെ​ക്കാ​ളും സ്വാർഥ​ല​ക്ഷ്യ​ങ്ങ​ളെ​ക്കാ​ളും പ്രാധാ​ന്യം കൊടു​ക്ക​ണ​മെ​ന്നും ആ വിശ്വസ്‌ത​പു​രു​ഷ​ന്മാർ ജനത്തെ പഠിപ്പി​ച്ചു. (ഹഗ്ഗാ. 1:3, 4) ശുദ്ധാ​രാ​ധന അർപ്പി​ക്കു​ന്നവർ പാലി​ക്കേണ്ട വ്യവസ്ഥ​ക​ളെ​ല്ലാം ജനം പാലി​ക്ക​ണ​മെന്ന്‌ അവർക്കു നിർബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, അന്യ​ദേ​ശ​ക്കാ​രായ ഭാര്യ​മാർ ജനത്തെ ആത്മീയ​മാ​യി ദുർബ​ല​രാ​ക്കി​യ​തു​കൊണ്ട്‌ അവരെ ഉപേക്ഷി​ക്ക​ണ​മെന്ന്‌ എസ്രയും നെഹമ്യ​യും ശക്തമായ ഭാഷയിൽത്തന്നെ ജനത്തോ​ടു പറഞ്ഞു. (എസ്ര 10:10, 11 വായി​ക്കുക; നെഹ. 13:23-27, 30) വിഗ്ര​ഹാ​രാ​ധ​ന​യു​ടെ കാര്യ​മോ? ചരി​ത്ര​ത്തി​ലു​ട​നീ​ളം, പല തവണ ഇസ്രാ​യേൽ ജനതയെ കെണി​യി​ലാ​ക്കിയ ഒരു പാപമാ​യി​രു​ന്നു അത്‌. എന്നാൽ ഒടുവിൽ അവർക്ക്‌ അതി​നോ​ടു വെറു​പ്പാ​യെന്നു വേണം കരുതാൻ. പ്രവാ​സ​ത്തി​നു ശേഷമുള്ള അവരുടെ ജീവി​ത​രേഖ അതാണു സൂചി​പ്പി​ക്കു​ന്നത്‌. ഇനി, പുരോ​ഹി​ത​ന്മാ​രു​ടെ​യും തലവന്മാ​രു​ടെ​യും (അഥവാ, പ്രഭു​ക്ക​ന്മാ​രു​ടെ​യും) കാര്യ​മോ? യഹസ്‌കേ​ലി​ന്റെ ദർശനം സൂചി​പ്പി​ച്ച​തു​പോ​ലെ, യഹോ​വ​യിൽനിന്ന്‌ ബുദ്ധി​യു​പ​ദേ​ശ​വും തിരു​ത്ത​ലും കിട്ടി​യ​വ​രിൽ അവരു​മു​ണ്ടാ​യി​രു​ന്നു. (നെഹ. 13:22, 28) അവരിൽ പലരും താഴ്‌മ​യോ​ടെ ആ ബുദ്ധി​യു​പ​ദേശം സ്വീക​രി​ച്ചു.​—എസ്ര 10:7-9, 12-14; നെഹ. 9:1-3, 38.

ജനത്തോടൊപ്പം ജോലി ചെയ്യു​ന്ന​തി​നി​ടെ നെഹമ്യ ശുദ്ധാ​രാ​ധ​ന​യെ​ക്കു​റിച്ച്‌ അവരെ പഠിപ്പി​ച്ചു (11-ാം ഖണ്ഡിക കാണുക)

12. തിരി​ച്ചെ​ത്തിയ പ്രവാ​സി​കളെ യഹോവ ഏതെല്ലാം വിധങ്ങ​ളിൽ അനു​ഗ്ര​ഹി​ച്ചു?

12 തന്റെ ജനത്തെ അനു​ഗ്ര​ഹി​ച്ചു​കൊ​ണ്ടാണ്‌ യഹോവ അതിനു പ്രതി​ഫലം കൊടു​ത്തത്‌. ഏറെ നാളു​ക​ളാ​യി അവർക്ക്‌ അന്യമാ​യി​രുന്ന ആത്മീയ​സ​മൃ​ദ്ധി​യും ആരോ​ഗ്യ​വും ക്രമസ​മാ​ധാ​ന​വും അവർ വീണ്ടും ആസ്വദി​ക്കാൻതു​ടങ്ങി. (എസ്ര 6:19-22; നെഹ. 8:9-12; 12:27-30, 43) അതിന്റെ കാരണ​മോ? ശുദ്ധാ​രാ​ധ​നയ്‌ക്കാ​യി യഹോവ വെച്ചി​രി​ക്കുന്ന നീതി​യുള്ള നിലവാ​രങ്ങൾ ജനം ഇപ്പോൾ പാലി​ക്കാൻതു​ട​ങ്ങി​യി​രു​ന്നു. ദേവാ​ല​യ​ദർശ​ന​ത്തി​ലെ പാഠങ്ങൾ പ്രതി​ക​ര​ണ​ശേ​ഷി​യുള്ള പല ഹൃദയ​ങ്ങ​ളി​ലും ചലനം സൃഷ്ടിച്ചു. ചുരു​ക്ക​ത്തിൽ, യഹസ്‌കേ​ലി​ന്റെ ദേവാ​ല​യ​ദർശനം സുപ്ര​ധാ​ന​മായ രണ്ടു വിധങ്ങ​ളിൽ പ്രവാ​സി​കൾക്കു ഗുണം ചെയ്‌തെന്നു പറയാം. (1) അതു ശുദ്ധാ​രാ​ധ​ന​യു​ടെ നിലവാ​ര​ങ്ങ​ളെ​ക്കു​റി​ച്ചും ആ നിലവാ​രങ്ങൾ ഉയർത്തി​പ്പി​ടി​ക്കേണ്ട വിധ​ത്തെ​ക്കു​റി​ച്ചും അവരെ ധാരാളം പ്രാ​യോ​ഗി​ക​പാ​ഠങ്ങൾ പഠിപ്പി​ച്ചു. (2) അത്‌ അവർക്കു പ്രാവ​ച​നി​ക​മായ ഒരു ഉറപ്പും നൽകി​—ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടും! ശുദ്ധാ​രാ​ധന അർപ്പി​ക്കു​ന്നി​ട​ത്തോ​ളം കാലം യഹോവ തന്റെ ജനത്തെ അനു​ഗ്ര​ഹി​ക്കു​മെ​ന്നും അതു മുൻകൂ​ട്ടി​പ്പ​റഞ്ഞു. എന്നാൽ ഇന്നു നമ്മളെ​ല്ലാം അറിയാൻ ആഗ്രഹി​ക്കുന്ന ഒരു കാര്യ​മുണ്ട്‌: ആ ദർശന​ത്തിന്‌ ഇക്കാലത്ത്‌ ഒരു നിവൃ​ത്തി​യു​ണ്ടോ?

ദേവാ​ല​യ​ദർശ​ന​ത്തി​ലെ പാഠങ്ങൾ​—ഇക്കാലത്ത്‌

13, 14. (എ) യഹസ്‌കേ​ലി​ന്റെ ദേവാ​ല​യ​ദർശ​ന​ത്തി​നു നമ്മുടെ കാലത്ത്‌ ഒരു നിവൃ​ത്തി​യുണ്ട്‌ എന്ന്‌ എങ്ങനെ അറിയാം? (ബി) ദേവാ​ല​യ​ദർശനം ഏതു രണ്ടു വിധങ്ങ​ളി​ലാണ്‌ ഇന്നു നമുക്കു പ്രയോ​ജനം ചെയ്യു​ന്നത്‌? (“വെവ്വേറെ ആലയങ്ങൾ, വെവ്വേറെ പാഠങ്ങൾ” എന്ന ചതുരം 13എ-യും കാണുക.)

13 യഹസ്‌കേ​ലി​ന്റെ ദേവാ​ല​യ​ദർശ​ന​ത്തി​നു ശരിക്കും നമ്മുടെ നാളിൽ എന്തെങ്കി​ലും പ്രസക്തി​യു​ണ്ടോ? ഉണ്ട്‌! ദൈവ​ത്തി​ന്റെ വിശു​ദ്ധ​ഭ​വനം “ഉയരമുള്ള ഒരു മലയിൽ” സ്ഥിതി ചെയ്യു​ന്ന​താ​യി വർണി​ക്കുന്ന യഹസ്‌കേ​ലി​ന്റെ ദർശന​വും, ‘യഹോ​വ​യു​ടെ ആലയമുള്ള പർവതം പർവത​ങ്ങ​ളു​ടെ മുകളിൽ സുസ്ഥാ​പി​ത​മാ​യി​രി​ക്കും’ എന്നു പറയുന്ന യശയ്യ​പ്ര​വ​ച​ന​വും തമ്മിൽ സമാന​ത​യു​ണ്ടെന്ന്‌ ഓർക്കുക. യശയ്യയു​ടെ പ്രവചനം നിറ​വേ​റു​ന്നത്‌ “അവസാ​ന​നാ​ളു​ക​ളിൽ” അഥവാ “അന്ത്യനാ​ളു​ക​ളിൽ” ആയിരി​ക്കു​മെന്ന്‌ യശയ്യ പ്രത്യേ​കം എടുത്തു​പ​റ​ഞ്ഞി​ട്ടുണ്ട്‌. (യഹ. 40:2; യശ. 2:2-4, അടിക്കു​റിപ്പ്‌; മീഖ 4:1-4-ഉം കാണുക.) അതെ, ഈ പ്രവച​ന​ങ്ങൾക്ക്‌ അന്ത്യനാ​ളു​ക​ളിൽ ഒരു നിവൃ​ത്തി​യുണ്ട്‌. 1919 മുതൽ, ശുദ്ധാ​രാ​ധന വളരെ ഉയരമുള്ള ഒരു മലയുടെ മുകളിൽ സ്ഥാപി​ച്ചാ​ലെ​ന്ന​പോ​ലെ ഉന്നതമാ​ക്ക​പ്പെ​ടാൻതു​ടങ്ങി അഥവാ പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടാൻതു​ടങ്ങി. b

14 ശുദ്ധാ​രാ​ധ​ന​യോ​ടുള്ള ബന്ധത്തിൽ യഹസ്‌കേ​ലി​ന്റെ ദർശന​ത്തിന്‌ ഇന്നും പ്രസക്തി​യു​ണ്ടെന്നു വളരെ വ്യക്തം. പുരാ​ത​ന​നാ​ളു​ക​ളി​ലെ ജൂത​പ്ര​വാ​സി​ക​ളു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ അതു നമുക്കും രണ്ടു വിധങ്ങ​ളിൽ പ്രയോ​ജനം ചെയ്യും. (1) ശുദ്ധാ​രാ​ധ​നയ്‌ക്കാ​യുള്ള യഹോ​വ​യു​ടെ നിലവാ​രങ്ങൾ എങ്ങനെ ഉയർത്തി​പ്പി​ടി​ക്കാം എന്നതി​നെ​ക്കു​റി​ച്ചുള്ള പ്രാ​യോ​ഗി​ക​പാ​ഠങ്ങൾ അതു നൽകുന്നു. (2) ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​മെ​ന്നും നമുക്ക്‌ യഹോ​വ​യു​ടെ അനു​ഗ്ര​ഹങ്ങൾ ലഭിക്കു​മെ​ന്നും ഉള്ള പ്രാവ​ച​നി​ക​മായ ഉറപ്പും അതിലുണ്ട്‌.

ശുദ്ധാ​രാ​ധ​നയ്‌ക്കുള്ള നിലവാ​രങ്ങൾ​—ഇന്ന്‌

15. യഹസ്‌കേ​ലി​ന്റെ ദേവാ​ല​യ​ദർശ​ന​ത്തെ​ക്കു​റിച്ച്‌ പഠിക്കു​മ്പോൾ നമ്മൾ ഏതു കാര്യം ഓർക്കണം?

15 നമുക്ക്‌ ഇപ്പോൾ യഹസ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ ചില സവി​ശേ​ഷ​തകൾ ഒന്ന്‌ അടുത്ത്‌ പരി​ശോ​ധി​ക്കാം. ദർശന​ത്തി​ലെ അതിഗം​ഭീ​ര​മായ ആ ആലയം നമ്മൾ ഇപ്പോൾ യഹസ്‌കേ​ലി​നൊ​പ്പം ചുറ്റി​ന​ടന്ന്‌ കാണു​ക​യാ​ണെന്നു വിചാ​രി​ക്കുക. നമ്മൾ കാണു​ന്നതു മഹത്തായ ആത്മീയാ​ലയം അല്ലെന്ന്‌ ഓർക്കണം. ഇക്കാലത്ത്‌ നമ്മുടെ ആരാധ​ന​യിൽ ബാധക​മാ​കുന്ന ചില പാഠങ്ങൾ പഠിക്കുക എന്നതു മാത്ര​മാ​ണു നമ്മുടെ ലക്ഷ്യം. ഏതെല്ലാ​മാണ്‌ ആ പാഠങ്ങൾ?

16. യഹസ്‌കേ​ലി​ന്റെ ദർശന​ത്തിൽ ധാരാളം അളവുകളെക്കുറിച്ച്‌ പറഞ്ഞി​രി​ക്കു​ന്ന​തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തി​ലെ ചിത്രം കാണുക.)

16 അളവു​ക​ളെ​ക്കു​റിച്ച്‌ ഇത്ര​യേറെ പറഞ്ഞി​രി​ക്കു​ന്നത്‌ എന്തിനാണ്‌? യഹസ്‌കേൽ നോക്കി​നിൽക്കു​മ്പോൾ ചെമ്പു​കൊ​ണ്ടു​ള്ള​തെന്നു തോന്നി​ക്കുന്ന ആ ദൈവ​ദൂ​തൻ ദേവാ​ല​യ​ത്തി​ന്റെ മതിലു​കൾ, കവാടങ്ങൾ, കാവൽക്കാ​രു​ടെ മുറികൾ, മുറ്റങ്ങൾ, യാഗപീ​ഠം എന്നിവ​യെ​ല്ലാം വിശദ​മാ​യി അളക്കു​ന്നതു കണ്ടു. അളവു​ക​ളെ​ക്കു​റിച്ച്‌ ഇത്രയ​ധി​കം വിശദാം​ശങ്ങൾ കാണു​മ്പോൾ ഏതൊരു വായന​ക്കാ​ര​നും അമ്പരന്നു​പോ​യേ​ക്കാം. (യഹ. 40:1–42:20; 43:13, 14) എങ്കിലും ആ വിശദാം​ശ​ങ്ങ​ളിൽനിന്ന്‌ വളരെ പ്രധാ​ന​പ്പെട്ട ചില പാഠങ്ങൾ നമുക്കു പഠിക്കാ​നാ​കും. തന്റെ നിലവാ​രങ്ങൾ എത്ര പ്രാധാ​ന്യ​മു​ള്ള​താ​ണെന്ന്‌ ഇതിലൂ​ടെ യഹോവ ഊന്നി​പ്പ​റ​യു​ക​യാ​യി​രു​ന്നു. ആ നിലവാ​രങ്ങൾ വെച്ചി​രി​ക്കു​ന്നതു വെറും മനുഷ്യ​രല്ല, യഹോ​വ​യാണ്‌. ദൈവത്തെ എങ്ങനെ ആരാധി​ച്ചാ​ലും കുഴപ്പ​മില്ല എന്ന്‌ അവകാ​ശ​പ്പെ​ടു​ന്ന​വർക്കു തെറ്റി​പ്പോ​യി! ആലയം ഇത്ര വിശദ​മാ​യി അളന്നതി​ലൂ​ടെ യഹോവ മറ്റൊരു കാര്യ​വും​കൂ​ടെ പഠിപ്പി​ച്ചു: ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​മെന്ന കാര്യം നൂറു ശതമാനം ഉറപ്പാണ്‌! അതീവ​കൃ​ത്യ​ത​യുള്ള ആ അളവു​കൾപോ​ലെ​തന്നെ ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​വും അതീവ​കൃ​ത്യ​ത​യോ​ടെ നിറ​വേ​റു​മാ​യി​രു​ന്നു. അന്ത്യനാ​ളു​ക​ളിൽ ശുദ്ധാ​രാ​ധന നിസ്സം​ശ​യ​മാ​യും പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​മെന്ന്‌ യഹസ്‌കേൽ ഇതിലൂ​ടെ ഉറപ്പേകി!

ദേവാലയത്തിന്റെ അതീവ​കൃ​ത്യ​ത​യുള്ള അളവു​ക​ളിൽനിന്ന്‌ നിങ്ങൾക്ക്‌ എന്തു പഠിക്കാ​നാ​കും? (16-ാം ഖണ്ഡിക കാണുക)

17. ദേവാ​ല​യ​ത്തി​ന്റെ ചുറ്റു​മ​തിൽ ഇന്നു നമ്മളെ എന്ത്‌ ഓർമി​പ്പി​ക്കു​ന്നു?

17 ചുറ്റു​മ​തിൽ. ദർശന​ത്തി​ലെ ദേവാ​ല​യ​വ​ള​പ്പി​നു ചുറ്റും ഒരു മതിലു​ള്ള​താ​യി യഹസ്‌കേൽ കണ്ടതി​നെ​ക്കു​റിച്ച്‌ നമ്മൾ ചർച്ച ചെയ്‌തി​രു​ന്ന​ല്ലോ. ദൈവ​ജനം മതപര​മായ എല്ലാ അശുദ്ധി​യും ശുദ്ധാ​രാ​ധ​ന​യിൽനിന്ന്‌ അകറ്റി​നി​റു​ത്തണം എന്നതി​നുള്ള ശക്തമായ ഒരു ഓർമി​പ്പി​ക്ക​ലാ​യി​രു​ന്നു അത്‌. അവർ ദൈവ​ഭ​വ​നത്തെ അശുദ്ധ​മാ​ക്കാൻ പാടി​ല്ലാ​യി​രു​ന്നു. (യഹസ്‌കേൽ 43:7-9 വായി​ക്കുക.) ആ ബുദ്ധി​യു​പ​ദേശം ഇന്നു നമ്മളും മനസ്സിൽപ്പി​ടി​ക്കേ​ണ്ടത്‌ എത്ര പ്രധാ​ന​മാണ്‌! അനേകം നൂറ്റാ​ണ്ടു​കൾ ബാബി​ലോൺ എന്ന മഹതി​യു​ടെ ആത്മീയാ​ടി​മ​ത്ത​ത്തിൽ കഴിഞ്ഞ ദൈവ​ജനം 1919-ൽ മോചി​പ്പി​ക്ക​പ്പെ​ടു​ക​യും ക്രിസ്‌തു, വിശ്വസ്‌ത​നും വിവേ​കി​യും ആയ അടിമയെ നിയമി​ക്കു​ക​യും ചെയ്‌തു. പ്രത്യേ​കിച്ച്‌ അന്നുമു​തൽ ദൈവ​ജനം വിഗ്ര​ഹാ​രാ​ധ​ന​യും വ്യാജ​മ​ത​വി​ശ്വാ​സ​ങ്ങ​ളും കലർന്ന ഉപദേ​ശ​ങ്ങ​ളും ആചാര​ങ്ങ​ളും പൂർണ​മാ​യി ഉപേക്ഷി​ക്കാൻ ആത്മാർഥ​മാ​യി ശ്രമി​ച്ചി​ട്ടുണ്ട്‌. ആത്മീയ​മായ അശുദ്ധി ശുദ്ധാ​രാ​ധ​ന​യു​ടെ അടു​ത്തേ​ക്കു​പോ​ലും കൊണ്ടു​വ​രാ​തി​രി​ക്കാൻ ശ്രദ്ധയു​ള്ള​വ​രാ​ണു നമ്മൾ. ഇനി, രാജ്യ​ഹാ​ളിൽവെച്ച്‌ നമ്മൾ ബിസി​നെസ്സ്‌ ഇടപാ​ടു​ക​ളും നടത്താ​റില്ല. ആരാധ​ന​യു​മാ​യി അത്തരം കാര്യങ്ങൾ കൂട്ടി​ക്കു​ഴയ്‌ക്കാ​തി​രി​ക്കാൻ നമ്മൾ ശ്രദ്ധി​ക്കു​ന്നു.​—മർക്കോ. 11:15, 16.

18, 19. (എ) ദേവാ​ല​യ​ദർശ​ന​ത്തി​ലെ ഉയരമുള്ള കവാടങ്ങളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (ബി) യഹോ​വ​യു​ടെ ഉയർന്ന നിലവാ​രങ്ങൾ കാറ്റിൽപ്പ​റ​ത്താൻ ശ്രമി​ക്കു​ന്ന​വ​രോ​ടു നമ്മൾ എങ്ങനെ പ്രതി​ക​രി​ക്കണം? ഒരു ഉദാഹ​രണം നൽകുക.

18 ഉയരമുള്ള കവാടങ്ങൾ. യഹസ്‌കേൽ കണ്ട, അസാമാ​ന്യ​മായ ഉയരമുള്ള ആ കവാട​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? യഹോ​വ​യു​ടെ ധാർമി​ക​നി​ല​വാ​രങ്ങൾ വളരെ ഉയർന്ന​താ​ണെന്നു ദേവാ​ല​യ​ദർശ​ന​ത്തി​ലെ ഈ ഭാഗം ജൂത​പ്ര​വാ​സി​കളെ തീർച്ച​യാ​യും പഠിപ്പി​ച്ചി​ട്ടു​ണ്ടാ​കും. അങ്ങനെ​യെ​ങ്കിൽ ഇന്നത്തെ കാര്യ​മോ? നമ്മൾ ഇന്ന്‌ യഹോ​വ​യു​ടെ മഹത്തായ ആത്മീയാ​ല​യ​ത്തി​ലാണ്‌ ആരാധന നടത്തു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ ധാർമി​ക​ശു​ദ്ധി​യു​ടെ കാര്യ​ത്തിൽ കാപട്യം കാണി​ക്കാ​തി​രി​ക്കു​ന്നത്‌ ഇന്ന്‌ ഏറെ പ്രധാ​ന​മല്ലേ? (റോമ. 12:9; 1 പത്രോ. 1:14, 15) ധാർമി​ക​ത​യു​ടെ കാര്യ​ത്തിൽ താൻ വെച്ചി​രി​ക്കുന്ന നിലവാ​ര​ങ്ങ​ളോ​ടു പറ്റിനിൽക്കാൻ അന്ത്യനാ​ളു​ക​ളിൽ യഹോവ തന്റെ ജനത്തെ പടിപ​ടി​യാ​യി സഹായി​ച്ചി​രി​ക്കു​ന്നു. c തെറ്റു ചെയ്‌തിട്ട്‌ പശ്ചാത്ത​പി​ക്കാ​ത്ത​വരെ സഭയിൽനിന്ന്‌ പുറത്താ​ക്കു​ന്നത്‌ അതിന്‌ ഉദാഹ​ര​ണ​മാണ്‌. (1 കൊരി. 5:11-13) ഇനി, ദേവാ​ല​യ​ക​വാ​ട​ങ്ങ​ളി​ലെ കാവൽമു​റി​ക​ളെ​ക്കു​റിച്ച്‌ ഓർക്കു​ന്നി​ല്ലേ? ദൈവാം​ഗീ​കാ​ര​മി​ല്ലാത്ത ആരെയും ഇന്ന്‌ ആത്മീയാ​ല​യ​ത്തിൽ പ്രവേ​ശി​ക്കാൻ അനുവ​ദി​ക്കില്ല എന്ന്‌ അതു പഠിപ്പി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഇരട്ടജീ​വി​തം നയിക്കുന്ന ഒരാൾക്ക്‌ ഒരു രാജ്യ​ഹാ​ളിൽ പ്രവേ​ശി​ക്കാൻ കഴി​ഞ്ഞേ​ക്കു​മെ​ങ്കി​ലും യഹോവ ആവശ്യ​പ്പെ​ടുന്ന കാര്യങ്ങൾ ചെയ്യാതെ അയാൾക്ക്‌ യഹോ​വ​യു​ടെ അംഗീ​കാ​രം ലഭിക്കില്ല. അതു​കൊ​ണ്ടു​തന്നെ അയാൾക്ക്‌ ആത്മീയാ​ല​യ​ത്തിൽ ആരാധന അർപ്പി​ക്കാ​നു​മാ​കില്ല. (യാക്കോ. 4:8) അധാർമി​ക​ത​യും വഷളത്ത​വും കൊടി​കു​ത്തി​വാ​ഴുന്ന ഈ ലോക​ത്തിൽപ്പോ​ലും ശുദ്ധാ​രാ​ധ​നയ്‌ക്ക്‌ എത്ര വലി​യൊ​രു സംരക്ഷ​ണ​മാണ്‌ അത്‌!

19 അന്ത്യം വരുന്ന​തി​നു മുമ്പ്‌ ഈ ലോകം വഷളത്ത​ത്തി​ലേക്കു കൂപ്പു​കു​ത്തു​മെന്നു ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌. “ദുഷ്ടമ​നു​ഷ്യ​രും തട്ടിപ്പു​കാ​രും വഴി​തെ​റ്റി​ച്ചും വഴി​തെ​റ്റി​ക്ക​പ്പെ​ട്ടും കൊണ്ട്‌ അടിക്കടി അധഃപ​തി​ക്കും” എന്നു നമ്മൾ വായി​ക്കു​ന്നു. (2 തിമൊ. 3:13) യഹോ​വ​യു​ടെ ഉന്നതമായ നിലവാ​രങ്ങൾ അങ്ങേയറ്റം കർക്കശ​മാ​ണെ​ന്നോ കാലഹ​ര​ണ​പ്പെ​ട്ട​താ​ണെ​ന്നോ തീർത്തും തെറ്റാ​ണെ​ന്നു​പോ​ലു​മോ ചിന്തി​ക്കു​ന്ന​വ​രു​ടെ എണ്ണം ഇന്നു കൂടി​ക്കൂ​ടി​വ​രു​ക​യാണ്‌. നിങ്ങളും അങ്ങനെ വഴി​തെ​റ്റി​ക്ക​പ്പെ​ടാൻ സാധ്യ​ത​യു​ണ്ടോ? ഉദാഹ​ര​ണ​ത്തിന്‌, സ്വവർഗ​ലൈം​ഗി​ക​ത​യു​ടെ കാര്യ​ത്തിൽ ദൈവം വെച്ചി​രി​ക്കുന്ന നിലവാ​രങ്ങൾ തെറ്റാ​ണെന്നു ബോധ്യ​പ്പെ​ടു​ത്താൻ ആരെങ്കി​ലും ശ്രമി​ച്ചാൽ നിങ്ങൾ അതി​നോ​ടു യോജി​ക്കു​മോ? അതോ അത്തരം കാര്യങ്ങൾ ചെയ്യു​ന്നവർ ‘മ്ലേച്ഛമാ​യതു പ്രവർത്തി​ക്കു​ക​യാണ്‌’ എന്നു തന്റെ വചനത്തിൽ പറഞ്ഞി​രി​ക്കുന്ന യഹോ​വ​യോ​ടു യോജി​ക്കു​മോ? അധാർമി​ക​പ്ര​വൃ​ത്തി​കളെ അനുകൂ​ലി​ക്ക​രു​തെന്നു ദൈവം നമുക്കു മുന്നറി​യി​പ്പു തന്നിട്ടുണ്ട്‌. (റോമ. 1:24-27, 32) ഇത്തരം സാഹച​ര്യ​ങ്ങളെ അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വ​ന്നാൽ യഹസ്‌കേ​ലി​ന്റെ ദേവാ​ല​യ​ദർശ​ന​ത്തി​ലെ ഉയരമുള്ള കവാടങ്ങൾ നമ്മുടെ മനസ്സി​ലേക്കു വരണം. നമ്മൾ ഇങ്ങനെ ഓർക്കണം: ഈ ദുഷ്ട​ലോ​ക​ത്തു​നിന്ന്‌ എത്രതന്നെ സമ്മർദ​മു​ണ്ടാ​യാ​ലും യഹോവ തന്റെ നീതി​യുള്ള നിലവാ​രങ്ങൾ ഒട്ടും താഴ്‌ത്തില്ല. നമ്മൾ നമ്മുടെ സ്വർഗീ​യ​പി​താ​വി​ന്റെ പക്ഷത്ത്‌ നിൽക്കു​മോ? എപ്പോ​ഴും ധാർമി​ക​നി​ല​വാ​രങ്ങൾ ഉയർത്തി​പ്പി​ടി​ക്കു​മോ?

ശുദ്ധാരാധകരായ നമ്മൾ അർപ്പി​ക്കു​ന്നതു ‘സ്‌തുതികളാകുന്ന ബലികളാണ്‌’

20. യഹസ്‌കേ​ലി​ന്റെ ദർശനം ‘മഹാപു​രു​ഷാ​ര​ത്തിൽപ്പെ​ട്ട​വരെ’ ഏതെല്ലാം വിധങ്ങ​ളി​ലാ​ണു പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌?

20 മുറ്റങ്ങൾ. ദേവാ​ല​യ​ത്തി​ന്റെ വിശാ​ല​മായ, പുറത്തെ മുറ്റം കണ്ടപ്പോൾ, എത്രയോ സത്യാ​രാ​ധ​കർക്ക്‌ അവിടെ സന്തോ​ഷ​ത്തോ​ടെ കൂടി​വ​രാ​നാ​കു​മെന്ന്‌ ഓർത്ത്‌ യഹസ്‌കേ​ലിന്‌ ആവേശം തോന്നി​ക്കാ​ണും. ഇന്ന്‌ അതിലും ഏറെ മഹനീ​യ​മായ ഒരു സ്ഥലത്താണു ക്രിസ്‌ത്യാ​നി​കൾ ആരാധന അർപ്പി​ക്കു​ന്നത്‌. യഹോ​വ​യു​ടെ ആത്മീയാ​ല​യ​ത്തി​ന്റെ പുറത്തെ മുറ്റത്ത്‌ ആരാധന അർപ്പി​ക്കുന്ന ‘മഹാപു​രു​ഷാ​ര​ത്തിന്‌’ യഹസ്‌കേ​ലി​ന്റെ ദേവാ​ല​യ​ദർശനം പല വിധങ്ങ​ളി​ലും ഒരു പ്രോ​ത്സാ​ഹ​ന​മാണ്‌. (വെളി. 7:9, 10, 14, 15) ദേവാ​ല​യ​മു​റ്റ​ങ്ങ​ളോ​ടു ചേർന്ന്‌ ഊണു​മു​റി​ക​ളു​ള്ള​താ​യി യഹസ്‌കേൽ കണ്ടിരു​ന്നു. തങ്ങൾ കൊണ്ടു​വന്ന സഹഭോ​ജ​ന​ബ​ലി​ക​ളു​ടെ ഒരു ഭാഗം ആരാധ​കർക്ക്‌ അവി​ടെ​വെച്ച്‌ കഴിക്കാ​മാ​യി​രു​ന്നു. (യഹ. 40:17) ഒരർഥ​ത്തിൽ ദൈവ​മായ യഹോ​വ​യു​ടെ​കൂ​ടെ ഇരുന്ന്‌ ഭക്ഷണം കഴിക്കു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു അത്‌​—സമാധാ​ന​ത്തി​ന്റെ​യും സൗഹൃ​ദ​ത്തി​ന്റെ​യും ഒരു അടയാളം! മോശ​യു​ടെ നിയമ​ത്തിൻകീ​ഴി​ലാ​യി​രുന്ന ജൂതന്മാർ അർപ്പി​ച്ച​തു​പോ​ലുള്ള ബലികൾ ഇന്നു നമ്മൾ അർപ്പി​ക്കാ​റില്ല. ശുദ്ധാ​രാ​ധ​ക​രായ നമ്മൾ അർപ്പി​ക്കു​ന്നതു ‘സ്‌തു​തി​ക​ളാ​കുന്ന ബലിക​ളാണ്‌.’ യോഗ​ങ്ങ​ളി​ലും വയൽസേ​വ​ന​ത്തി​ലും മറ്റും നമ്മൾ പറയുന്ന, നമ്മുടെ വിശ്വാ​സ​ത്തി​നു തെളി​വേ​കുന്ന വാക്കു​ക​ളും അഭി​പ്രാ​യ​ങ്ങ​ളും ആണ്‌ ആ ബലികൾ. (എബ്രാ. 13:15) ഇനി, യഹോവ തരുന്ന ആത്മീയ​ഭ​ക്ഷണം നമ്മളെ പോഷി​പ്പി​ക്കു​ക​യും ചെയ്യുന്നു. അതെ, “തിരു​മു​റ്റത്തെ ഒരു ദിവസം വേറെ ആയിരം ദിവസ​ത്തെ​ക്കാൾ ഉത്തമം” എന്ന്‌ യഹോ​വയെ സ്‌തു​തി​ച്ചു​പാ​ടിയ കോര​ഹു​പു​ത്ര​ന്മാ​രെ​പ്പോ​ലെ നമുക്കും തോന്നു​ന്ന​തിൽ ഒട്ടും അതിശ​യി​ക്കാ​നില്ല!​—സങ്കീ. 84:10.

21. യഹസ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ പൗരോഹിത്യക്രമീകരണത്തിൽനിന്ന്‌ അഭിഷി​ക്ത​ക്രിസ്‌ത്യാ​നി​കൾക്ക്‌ എന്തു പഠിക്കാ​നാ​കും?

21 പൗരോ​ഹി​ത്യം. പുരോ​ഹി​ത​ഗോ​ത്ര​ത്തിൽപ്പെ​ടാ​ത്തവർ പുറത്തെ മുറ്റ​ത്തേക്കു പ്രവേ​ശി​ച്ചി​രു​ന്ന​തി​നോ​ടു സമാന​മായ കവാട​ങ്ങ​ളി​ലൂ​ടെ​ത​ന്നെ​യാ​ണു പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും അകത്തെ മുറ്റ​ത്തേക്കു പ്രവേ​ശി​ച്ചി​രു​ന്നത്‌. ഇതു പുരോ​ഹി​ത​ഗ​ണ​ത്തിൽപ്പെ​ട്ട​വരെ ഒരു പ്രത്യേ​ക​കാ​ര്യം ഓർമി​പ്പി​ച്ചു: അവരും ശുദ്ധാ​രാ​ധ​നയ്‌ക്കാ​യുള്ള യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളിൽ എത്തി​ച്ചേർന്നേ മതിയാ​കൂ! ഇന്നത്തെ കാര്യ​മോ? ഇന്ന്‌ യഹോ​വ​യു​ടെ ദാസർക്കി​ട​യിൽ പാരമ്പ​ര്യ​മാ​യി കൈമാ​റി​ക്കി​ട്ടുന്ന ഒരു പൗരോ​ഹി​ത്യ​ക്ര​മീ​ക​രണം ഇല്ല. എന്നാൽ അഭിഷി​ക്ത​ക്രിസ്‌ത്യാ​നി​കൾ, “തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ഒരു വംശവും രാജകീയ പുരോ​ഹി​ത​സം​ഘ​വും” ആണെന്നു ബൈബിൾ പറയു​ന്നുണ്ട്‌. (1 പത്രോ. 2:9) പുരാ​ത​ന​കാ​ലത്ത്‌ ഇസ്രാ​യേ​ലി​ലെ പുരോ​ഹി​ത​ന്മാർക്ക്‌ ആരാധന അർപ്പി​ക്കാൻ പ്രത്യേ​ക​മാ​യൊ​രു മുറ്റമു​ണ്ടാ​യി​രു​ന്നു. ഇന്ന്‌ അഭിഷി​ക്ത​ക്രിസ്‌ത്യാ​നി​ക​ളും അവരുടെ സഹാരാ​ധ​ക​രും വെവ്വേറെ സ്ഥലങ്ങളി​ലല്ല ദൈവത്തെ ആരാധി​ക്കു​ന്ന​തെ​ങ്കി​ലും, അഭിഷി​ക്തരെ യഹോവ തന്റെ മക്കളായി ദത്തെടു​ത്തി​രി​ക്കു​ന്ന​തു​കൊണ്ട്‌ അവർക്ക്‌ യഹോ​വ​യു​മാ​യി ഒരു പ്രത്യേ​ക​ബ​ന്ധ​മുണ്ട്‌. (ഗലാ. 4:4-6) എങ്കിലും അഭിഷി​ക്തർക്ക്‌ യഹസ്‌കേ​ലി​ന്റെ ദർശന​ത്തിൽനിന്ന്‌ പല കാര്യ​ങ്ങ​ളും പഠിക്കാ​നാ​കും. ഉദാഹ​ര​ണ​ത്തിന്‌, അന്നത്തെ പുരോ​ഹി​ത​ന്മാ​രെ​പ്പോ​ലെ​തന്നെ തങ്ങൾക്കും ബുദ്ധി​യു​പ​ദേ​ശ​വും ശിക്ഷണ​വും ആവശ്യ​മാ​ണെന്ന്‌ അവർ മനസ്സി​ലാ​ക്കു​ന്നു. നമ്മളെ​ല്ലാ​വ​രും ‘ഒറ്റ ഇടയന്റെ’ കീഴിലെ ‘ഒറ്റ ആട്ടിൻകൂ​ട്ട​മാ​ണെന്ന്‌’ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും ഓർക്കേ​ണ്ട​തുണ്ട്‌.​യോഹ​ന്നാൻ 10:16 വായി​ക്കുക.

22, 23. (എ) യഹസ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ തലവ​നെ​ക്കു​റി​ച്ചുള്ള വിവര​ണ​ത്തിൽനിന്ന്‌ ക്രിസ്‌തീ​യ​മൂ​പ്പ​ന്മാർക്ക്‌ എന്തു പഠിക്കാ​നാ​കും? (ബി) ഭാവി​യിൽ ഒരുപക്ഷേ എന്തു സംഭവി​ച്ചേ​ക്കാം?

22 തലവൻ. യഹസ്‌കേ​ലി​ന്റെ ദർശന​ത്തിൽ തലവനു വളരെ പ്രാമു​ഖ്യത നൽകി​യി​രി​ക്കു​ന്ന​താ​യി കാണാം. പുരോ​ഹി​ത​ഗോ​ത്ര​ത്തിൽപ്പെട്ട ആളല്ലാ​യി​രുന്ന അദ്ദേഹം ദേവാ​ല​യ​ക്ര​മീ​ക​ര​ണ​ത്തിൽ പുരോ​ഹി​ത​ന്മാ​രു​ടെ നേതൃ​ത്വ​ത്തി​നു കീഴ്‌പെ​ട്ടി​രി​ക്ക​ണ​മാ​യി​രു​ന്നു. എന്നാൽ അദ്ദേഹം ജനത്തിന്റെ ഒരു മേൽവി​ചാ​ര​ക​നാ​യി പ്രവർത്തി​ച്ചി​രു​ന്നെന്നു വ്യക്തമാണ്‌. ബലികൾ അർപ്പി​ക്കാൻ ജനത്തെ സഹായി​ക്കു​ക​യും ചെയ്‌തി​രു​ന്നു. (യഹ. 44:2, 3; 45:16, 17; 46:2) ഇന്നു ക്രിസ്‌തീ​യ​സ​ഭ​യിൽ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങ​ളി​ലുള്ള പുരു​ഷ​ന്മാർക്ക്‌ അദ്ദേഹം ഒരു മാതൃ​ക​യാണ്‌. സഞ്ചാര​മേൽവി​ചാ​ര​ക​ന്മാർ ഉൾപ്പെടെ എല്ലാ ക്രിസ്‌തീ​യ​മൂ​പ്പ​ന്മാ​രും വിശ്വസ്‌ത​നായ അഭിഷി​ക്ത​യ​ടി​മയ്‌ക്കു കീഴ്‌പെ​ട്ടി​രി​ക്കണം. (എബ്രാ. 13:17) ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളി​ലും ശുശ്രൂ​ഷ​യി​ലും സ്‌തു​തി​ക​ളാ​കുന്ന ബലികൾ അർപ്പി​ക്കാൻ ദൈവ​ജ​നത്തെ സഹായി​ക്കു​ന്ന​തി​നു കഠിനാ​ധ്വാ​നം ചെയ്യു​ന്ന​വ​രാ​ണു മൂപ്പന്മാർ. (എഫെ. 4:11, 12) അധികാ​ര​ദുർവി​നി​യോ​ഗം നടത്തിയ ഇസ്രാ​യേൽത​ല​വ​ന്മാ​രെ യഹോവ ശാസിച്ച കാര്യ​വും മൂപ്പന്മാർ മനസ്സിൽപ്പി​ടി​ക്കണം. (യഹ. 45:9) തങ്ങൾക്കു ബുദ്ധി​യു​പ​ദേ​ശ​വും തിരു​ത്ത​ലും ആവശ്യ​മി​ല്ലെന്നു കരുതു​ന്ന​തി​നു പകരം, തങ്ങളെ ശുദ്ധീ​ക​രി​ക്കാ​നാ​യി യഹോവ ചെയ്യുന്ന ഏതൊരു ശ്രമ​ത്തെ​യും അവർ വളരെ​യ​ധി​കം വിലമ​തി​ക്കു​ന്നു. അങ്ങനെ, നല്ല ഇടയന്മാ​രും മേൽവി​ചാ​ര​ക​ന്മാ​രും ആയി സേവി​ക്കാൻ അവർക്കാ​കു​ന്നു.​1 പത്രോസ്‌ 5:1-3 വായി​ക്കുക.

23 വരാനി​രി​ക്കുന്ന പറുദീ​സാ​ഭൂ​മി​യി​ലും പ്രാപ്‌ത​രായ, സ്‌നേ​ഹ​മുള്ള മേൽവി​ചാ​ര​ക​ന്മാ​രെ യഹോവ നമുക്കു തരും. ഇപ്പോൾത്തന്നെ സഹായ​മ​നസ്‌ക​രാ​യി, കാര്യ​പ്രാപ്‌തി​യോ​ടെ ഇടയവേല ചെയ്യാ​നുള്ള പരിശീ​ലനം മൂപ്പന്മാർക്കു ലഭിക്കു​ന്നുണ്ട്‌. അവരിൽ പലരെ​യും പറുദീ​സ​യി​ലും ഉപയോ​ഗി​ക്കും. (സങ്കീ. 45:16) പുതിയ ലോക​ത്തിൽ ഈ പുരു​ഷ​ന്മാർ നമുക്ക്‌ എത്ര വലി​യൊ​രു അനു​ഗ്ര​ഹ​മാ​യി​രി​ക്കു​മെന്ന്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കൂ! മറ്റു പുനഃ​സ്ഥാ​പ​ന​പ്ര​വ​ച​ന​ങ്ങ​ളു​ടെ കാര്യം​പോ​ലെ​തന്നെ യഹസ്‌കേ​ലി​ന്റെ ദർശന​ത്തെ​ക്കു​റി​ച്ചുള്ള നമ്മുടെ അറിവും യഹോ​വ​യു​ടെ സമയമാ​കു​മ്പോൾ കൂടുതൽ വ്യക്തമാ​കും. ഒരുപക്ഷേ ഈ ദർശന​ത്തി​ലെ ചില ഭാഗങ്ങൾക്ക്‌ ഇന്നു നമ്മൾ ഭാവന​യിൽപ്പോ​ലും കാണാത്ത, ആവേശ​ക​ര​മായ നിവൃ​ത്തി​യു​ണ്ടാ​യേ​ക്കാം. നമുക്ക്‌ അതു കാത്തി​രുന്ന്‌ കാണാം!

ഉയരമുള്ള കവാട​ങ്ങ​ളും മുറ്റങ്ങ​ളും ആരാധ​ന​യെ​ക്കു​റിച്ച്‌ നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു? (18-21 ഖണ്ഡികകൾ കാണുക)

യഹോവ ശുദ്ധാ​രാ​ധ​നയെ അനു​ഗ്ര​ഹി​ക്കു​ന്നു

24, 25. ശുദ്ധാ​രാ​ധ​ന​യോ​ടു പറ്റിനിൽക്കുന്ന തന്റെ ജനത്തിന്‌ യഹോവ നൽകുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ യഹസ്‌കേ​ലി​ന്റെ ദർശനം എന്താണു പറയു​ന്നത്‌?

24 അവസാ​ന​മാ​യി, യഹസ്‌കേ​ലി​ന്റെ ദർശന​ത്തിൽ വിവരി​ച്ചി​രി​ക്കുന്ന അതിമ​ഹ​ത്തായ ഒരു സംഭവ​ത്തെ​ക്കു​റിച്ച്‌ നമുക്ക്‌ ഒന്നു നോക്കാം. യഹോവ ആലയത്തി​ലേക്കു പ്രവേ​ശി​ക്കു​ന്നു! ശുദ്ധാ​രാ​ധ​നയ്‌ക്കാ​യി താൻ വെച്ചി​രി​ക്കുന്ന നിലവാ​ര​ങ്ങ​ളോ​ടു ദൈവ​ജനം വിശ്വസ്‌ത​മാ​യി പറ്റിനിൽക്കു​ന്നി​ട​ത്തോ​ളം താൻ അവരു​ടെ​കൂ​ടെ ഉണ്ടായി​രി​ക്കു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്യുന്നു. (യഹ. 43:4-9) യഹോ​വ​യു​ടെ സാന്നി​ധ്യം ദൈവ​ജ​ന​ത്തി​ന്മേ​ലും അവരുടെ ദേശത്തി​ന്മേ​ലും എന്തു ഫലം ഉളവാ​ക്കു​മാ​യി​രു​ന്നു?

25 ദൈവ​ത്തിൽനി​ന്നുള്ള അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ പറയുന്ന, ബലപ്പെ​ടു​ത്തുന്ന രണ്ടു പ്രാവ​ച​നി​ക​ചി​ത്രങ്ങൾ ആ ദർശന​ത്തി​ലുണ്ട്‌: (1) ദേവാ​ല​യ​ത്തി​ന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനിന്ന്‌ ഒഴുകി​വ​രുന്ന ഒരു നദി ദേശത്തി​നു ജീവനും ഫലപു​ഷ്ടി​യും നൽകുന്നു. (2) ദേശം ക്രമീ​കൃ​ത​മാ​യി, കൃത്യ​ത​യോ​ടെ അളന്നു​തി​രി​ച്ചി​രി​ക്കു​ന്നു; ദേശത്തി​ന്റെ ഒത്ത നടുക്കാ​യി ദേവാ​ല​യ​വും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും കാണാം. ഈ ബൈബിൾഭാ​ഗങ്ങൾ ഇന്നു നമ്മൾ എങ്ങനെ മനസ്സി​ലാ​ക്കണം? ശരിക്കും പറഞ്ഞാൽ, നമ്മൾ ഇന്നു ജീവി​ക്കു​ന്നത്‌ അതിലും ഏറെ പാവന​മായ ഒരു ആരാധ​നാ​ക്ര​മീ​ക​രണം നിലവി​ലി​രി​ക്കുന്ന സമയത്താണ്‌. മഹത്തായ ആ ആത്മീയാ​ല​യ​ത്തി​ലേക്ക്‌ യഹോവ പ്രവേ​ശിച്ച്‌, അതിനെ ശുദ്ധീ​ക​രി​ക്കു​ക​യും അംഗീ​ക​രി​ക്കു​ക​യും ചെയ്‌തു​ക​ഴി​ഞ്ഞെന്ന്‌ ഓർക്കുക. (മലാ. 3:1-4) മേൽപ്പറഞ്ഞ രണ്ടു പ്രാവ​ച​നി​ക​ചി​ത്ര​ങ്ങ​ളെ​ക്കു​റിച്ച്‌ ഈ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ 19 മുതൽ 21 വരെയുള്ള അധ്യാ​യ​ങ്ങ​ളിൽ നമ്മൾ ചർച്ച ചെയ്യും.

a മുൻകാ​ല​ങ്ങ​ളിൽ ദൈവ​ജനം ദേവാ​ല​യ​ത്തോട്‌ ഇടപെട്ട രീതിക്ക്‌ ഒരു മാറ്റം വരാൻപോ​കു​ക​യാ​ണെന്നു വ്യക്തമാ​ക്കു​ക​യാ​യി​രു​ന്നു ദൈവം. മുമ്പ്‌ അവർ ചെയ്‌തി​രു​ന്ന​തി​നെ​ക്കു​റിച്ച്‌ യഹോവ പറഞ്ഞത്‌ ഇതാണ്‌: “അവർ തങ്ങളുടെ (അതായത്‌, വ്യാജ​ദൈ​വ​ങ്ങ​ളു​ടെ) വാതിൽപ്പടി എന്റെ വാതിൽപ്പ​ടി​യു​ടെ അടുത്തും തങ്ങളുടെ (അതായത്‌, വ്യാജ​ദൈ​വ​ങ്ങ​ളു​ടെ) കട്ടിള​ക്കാൽ എന്റെ കട്ടിള​ക്കാ​ലി​ന്റെ അടുത്തും സ്ഥാപിച്ചു. അവർക്കും എനിക്കും ഇടയിൽ ഒരു ഭിത്തി​യു​ടെ അകലമേ ഉള്ളൂ. അങ്ങനെ, അവർ ചെയ്‌തു​കൂ​ട്ടിയ എല്ലാ വൃത്തി​കേ​ടു​ക​ളാ​ലും അവർ എന്റെ വിശു​ദ്ധ​നാ​മം അശുദ്ധ​മാ​ക്കി.” (യഹ. 43:8) പുരാ​ത​ന​യ​രു​ശ​ലേ​മിൽ യഹോ​വ​യു​ടെ ആലയത്തി​നും ആളുക​ളു​ടെ വീടു​കൾക്കും ഇടയിൽ ഒരു മതിലി​ന്റെ അകലം മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. യഹോ​വ​യു​ടെ നീതി​യുള്ള നിലവാ​ര​ങ്ങ​ളിൽനിന്ന്‌ അകന്നു​പോയ ദൈവ​ജനം വിഗ്ര​ഹാ​രാ​ധന എന്ന അശുദ്ധി യഹോ​വ​യു​ടെ ഭവനത്തി​ന്റെ തൊട്ട​ടു​ത്തു​വരെ കൊണ്ടു​വന്നു. അതു ദൈവ​ത്തി​നു സഹിക്കാൻ പറ്റാത്ത കാര്യ​മാ​യി​രു​ന്നു!

b യഹസ്‌കേ​ലി​ന്റെ ദേവാ​ല​യ​ദർശനം, അന്ത്യനാ​ളു​ക​ളിൽ നിറ​വേ​റി​യി​രി​ക്കുന്ന മറ്റു പുനഃ​സ്ഥാ​പ​ന​പ്ര​വ​ച​ന​ങ്ങ​ളു​മാ​യും നന്നായി യോജി​ക്കു​ന്നുണ്ട്‌. യഹസ്‌കേൽ 43:1-9-ഉം മലാഖി 3:1-5-ഉം തമ്മിലും യഹസ്‌കേൽ 47:1-12-ഉം യോവേൽ 3:18-ഉം തമ്മിലും ഉള്ള സമാന​തകൾ അതിന്‌ ഉദാഹ​ര​ണ​മാണ്‌.

c യേശു സ്‌നാ​ന​മേറ്റ്‌ മഹാപു​രോ​ഹി​ത​നാ​യി സേവി​ച്ചു​തു​ട​ങ്ങിയ എ.ഡി. 29-ലാണ്‌ ആത്മീയാ​ലയം നിലവിൽ വന്നത്‌. എന്നാൽ യേശു​വി​ന്റെ അപ്പോസ്‌ത​ല​ന്മാ​രു​ടെ മരണ​ശേഷം നൂറ്റാ​ണ്ടു​ക​ളോ​ളം ഭൂമി​യിൽ ശുദ്ധാ​രാ​ധന വ്യാപ​ക​മാ​യി അവഗണി​ക്ക​പ്പെ​ട്ടു​കി​ടന്നു. പ്രത്യേ​കിച്ച്‌ 1919 മുതലാ​ണു സത്യാ​രാ​ധ​നയ്‌ക്ക്‌, അർഹമായ മഹത്ത്വ​വും പ്രാധാ​ന്യ​വും ലഭിച്ചു​തു​ട​ങ്ങി​യത്‌.