വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 16

“നെറ്റി​യിൽ അടയാ​ള​മി​ടുക”

“നെറ്റി​യിൽ അടയാ​ള​മി​ടുക”

യഹസ്‌കേൽ 9:4

മുഖ്യവിഷയം: യഹസ്‌കേ​ലി​ന്റെ കാലത്തെ വിശ്വ​സ്‌തർക്ക്‌ അതിജീ​വ​ന​ത്തി​നുള്ള അടയാളം ലഭിച്ചത്‌ എങ്ങനെ, അതിന്‌ ഇന്ന്‌ എന്തു പ്രസക്തി​യാ​ണു​ള്ളത്‌

1-3. (എ) യഹസ്‌കേൽ സ്‌തബ്ധ​നാ​യി​പ്പോ​യത്‌ എന്തു​കൊണ്ട്‌, യരുശ​ലേ​മി​ന്റെ നാശ​ത്തെ​ക്കു​റിച്ച്‌ അദ്ദേഹ​ത്തിന്‌ എന്തു മനസ്സി​ലാ​യി? (ബി) നമ്മൾ ഏതെല്ലാം ചോദ്യ​ങ്ങൾ ചർച്ച ചെയ്യും?

 യഹസ്‌കേൽ ആകെ സ്‌തബ്ധ​നാ​യി​പ്പോ​യി! വിശ്വാ​സ​ത്യാ​ഗി​ക​ളായ ജൂതന്മാർ യരുശ​ലേ​മി​ലെ ദേവാ​ല​യ​ത്തിൽവെച്ച്‌ ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന വൃത്തി​കെട്ട കാര്യ​ങ്ങ​ളെ​ല്ലാം അദ്ദേഹം ഇപ്പോൾ ഒരു ദിവ്യ​ദർശ​ന​ത്തിൽ കണ്ടതേ ഉള്ളൂ. a ഇസ്രാ​യേ​ലിൽ ശുദ്ധാ​രാ​ധ​ന​യു​ടെ കേന്ദ്ര​മാ​യി​രുന്ന പരിശു​ദ്ധ​മാ​യൊ​രു സ്ഥലമാണ്‌ ആ ധിക്കാ​രി​കൾ മലിന​മാ​ക്കി​യി​രി​ക്കു​ന്നത്‌. എന്നാൽ മലിന​മാ​യതു ദേവാ​ലയം മാത്രമല്ല. യഹൂദാ​ദേശം മുഴുവൻ അക്രമം​കൊണ്ട്‌ നിറഞ്ഞി​രി​ക്കു​ന്നു. പ്രതീ​ക്ഷയ്‌ക്കു വകയി​ല്ലാത്ത വിധം പരിതാ​പ​ക​ര​മാ​യി​രു​ന്നു അവിടത്തെ അവസ്ഥ. താൻ തിര​ഞ്ഞെ​ടുത്ത ജനം ചെയ്‌തു​കൂ​ട്ടു​ന്ന​തെ​ല്ലാം കണ്ട്‌ മനം​നൊന്ത യഹോവ ഒടുവിൽ യഹസ്‌കേ​ലി​നോ​ടു പറഞ്ഞു: “ഞാൻ ഉഗ്ര​കോ​പ​ത്തോ​ടെ അവർക്കെ​തി​രെ തിരി​യും.”​—യഹ. 8:17, 18.

2 യരുശ​ലേ​മും അവിടെ പരിപാ​വ​ന​മാ​യി നില​കൊ​ണ്ടി​രുന്ന ദേവാ​ല​യ​വും യഹോ​വ​യു​ടെ കോപ​ത്തി​നു പാത്ര​മാ​യി നശിപ്പി​ക്ക​പ്പെ​ടു​മെന്ന്‌ അറിഞ്ഞ​പ്പോൾ യഹസ്‌കേ​ലിന്‌ എത്രമാ​ത്രം വേദന തോന്നി​യി​രി​ക്കാം! യഹസ്‌കേ​ലി​ന്റെ മനസ്സി​ലൂ​ടെ അപ്പോൾ ചില ചോദ്യ​ങ്ങൾ കടന്നു​പോ​യി​ക്കാ​ണും: ‘നഗരത്തി​ലെ വിശ്വസ്‌ത​രായ മനുഷ്യ​രു​ടെ കാര്യം എന്താകും? അവർ രക്ഷപ്പെ​ടു​മോ? രക്ഷപ്പെ​ടു​മെ​ങ്കിൽ എങ്ങനെ​യാ​യി​രി​ക്കും?’ ഉത്തരത്തി​നാ​യി യഹസ്‌കേ​ലിന്‌ ഏറെ കാത്തി​രി​ക്കേണ്ടി വന്നില്ല. യരുശ​ലേ​മിന്‌ എതി​രെ​യുള്ള ദൈവ​ത്തി​ന്റെ ശക്തമായ ന്യായ​വി​ധി​സ​ന്ദേശം കേട്ട്‌ അധികം വൈകാ​തെ, ആ ന്യായ​വി​ധി നടപ്പാ​ക്കാൻ ചിലരെ വിളി​ച്ചു​കൂ​ട്ടുന്ന ഉച്ചത്തി​ലുള്ള ഒരു ശബ്ദവും യഹസ്‌കേൽ കേട്ടു. (യഹ. 9:1) എന്നാൽ ആ ദർശന​ത്തി​ന്റെ തുടർന്നുള്ള ഭാഗങ്ങൾ കണ്ടപ്പോൾ പ്രവാ​ച​കന്‌ ഒരു കാര്യം മനസ്സി​ലാ​യി: വരാൻപോ​കുന്ന നാശം മുന്നും പിന്നും നോക്കാ​തെ എല്ലാവ​രെ​യും കൊ​ന്നൊ​ടു​ക്കുന്ന ഒന്നല്ല; അതിജീ​വി​ക്കാൻ അർഹത​യു​ള്ളവർ അതിനെ അതിജീ​വി​ക്കു​ക​തന്നെ ചെയ്യും. യഹസ്‌കേ​ലിന്‌ ഇപ്പോൾ എത്ര ആശ്വാ​സ​മാ​യി​ക്കാ​ണും!

3 ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ നാശം മുന്നിൽക്കണ്ട്‌ ജീവി​ക്കു​ന്ന​വ​രാ​ണു നമ്മൾ. തൊട്ട​ടുത്ത്‌ എത്തിയി​രി​ക്കുന്ന ആ വലിയ നാശത്തെ ആരെങ്കി​ലും അതിജീ​വി​ക്കു​മോ എന്ന്‌ യഹസ്‌കേ​ലി​നെ​പ്പോ​ലെ നമ്മളും ചിന്തി​ച്ചേ​ക്കാം. അങ്ങനെ​യെ​ങ്കിൽ പിൻവ​രുന്ന ചോദ്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ചർച്ച നമ്മളെ സഹായി​ക്കും: (1) ദിവ്യ​ദർശ​ന​ത്തിൽ യഹസ്‌കേൽ അടുത്ത​താ​യി എന്താണു കണ്ടത്‌? (2) ആ ദർശനം യഹസ്‌കേ​ലി​ന്റെ കാലത്ത്‌ എങ്ങനെ നിറ​വേറി? (3) ആ പ്രാവ​ച​നി​ക​ദർശ​ന​ത്തി​നു നമ്മുടെ നാളിൽ എന്തു പ്രാധാ​ന്യ​മാ​ണു​ള്ളത്‌?

“ശിക്ഷി​ക്കാ​നു​ള്ള​വരെ വിളി​ച്ചു​കൂ​ട്ടൂ!”

4. ദർശന​ത്തിൽ യഹസ്‌കേൽ അടുത്ത​താ​യി എന്താണു കാണു​ക​യും കേൾക്കു​ക​യും ചെയ്‌ത​തെന്നു വിവരി​ക്കുക.

4 ദർശന​ത്തിൽ അടുത്ത​താ​യി യഹസ്‌കേൽ എന്താണു കണ്ടത്‌? (യഹസ്‌കേൽ 9:1-11 വായി​ക്കുക.) “വടക്കോ​ട്ടു ദർശന​മുള്ള മുകളി​ലത്തെ കവാട​ത്തി​ന്റെ ദിശയിൽനിന്ന്‌” അതാ, ഏഴു പുരു​ഷ​ന്മാർ വരുന്നു. രോഷ​ത്തി​ന്റെ പ്രതീ​ക​മു​ണ്ടാ​യി​രുന്ന സ്ഥലവും സ്‌ത്രീ​കൾ തമ്മൂസ്‌ ദേവ​നെ​ച്ചൊ​ല്ലി വിലപിച്ച സ്ഥലവും ഒരുപക്ഷേ ആ കവാട​ത്തിന്‌ അടുത്താ​യി​രു​ന്നി​രി​ക്കാം. (യഹ. 8:3, 14) ആ ഏഴു പുരു​ഷ​ന്മാർ ദേവാ​ല​യ​ത്തി​ന്റെ അകത്തെ മുറ്റത്ത്‌ പ്രവേ​ശിച്ച്‌ ചെമ്പു​കൊ​ണ്ടുള്ള യാഗപീ​ഠ​ത്തിന്‌ അടുത്ത്‌ വന്ന്‌ നിന്നു. എന്നാൽ അവർ ബലിയർപ്പി​ക്കാ​നല്ല അവിടെ വന്നത്‌. കാരണം ആ ആലയത്തിൽ അർപ്പി​ക്കുന്ന ബലിക​ളൊ​ന്നും യഹോ​വയ്‌ക്ക്‌ ഇപ്പോൾ സ്വീകാ​ര്യ​മ​ല്ലാ​താ​യി​ത്തീർന്നി​രു​ന്നു. ആ പുരു​ഷ​ന്മാ​രിൽ ആറു പേർ ‘തകർക്കാ​നുള്ള ആയുധ​വും പിടി​ച്ചാ​ണു’ നിന്നി​രു​ന്നത്‌. എന്നാൽ ഏഴാമത്തെ ആൾ അവരിൽനി​ന്നെ​ല്ലാം തികച്ചും വ്യത്യസ്‌ത​നാ​യി​രു​ന്നു. അയാൾ ലിനൻവസ്‌ത്ര​മാ​ണു ധരിച്ചി​രു​ന്നത്‌. അയാളു​ടെ കൈയി​ലു​ണ്ടാ​യി​രു​ന്ന​താ​കട്ടെ ആയുധ​ത്തി​നു പകരം ‘സെക്ര​ട്ട​റി​യു​ടെ എഴുത്തു​പ​ക​ര​ണ​ങ്ങ​ളുള്ള ഒരു ചെപ്പാ​യി​രു​ന്നു,’ അഥവാ അടിക്കു​റി​പ്പിൽ കാണു​ന്ന​തു​പോ​ലെ ‘ശാസ്‌ത്രി​യു​ടെ മഷി​ച്ചെ​പ്പാ​യി​രു​ന്നു.’

5, 6. അടയാളം കിട്ടി​യ​വ​രെ​ക്കു​റിച്ച്‌ നമുക്ക്‌ എന്ത്‌ അനുമാ​നി​ക്കാം? (അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തി​ലെ ചിത്രം കാണുക.)

5 എഴുത്തു​പ​ക​ര​ണ​ച്ചെ​പ്പുള്ള ആ മനുഷ്യ​ന്റെ ദൗത്യം എന്തായി​രു​ന്നു? വളരെ ഘനമേ​റിയ ഒരു ഉത്തരവാ​ദി​ത്വം യഹോ​വ​തന്നെ അദ്ദേഹ​ത്തി​നു നൽകി: “യരുശ​ലേം​ന​ഗ​ര​ത്തി​ലൂ​ടെ സഞ്ചരിച്ച്‌, അവിടെ നടമാ​ടുന്ന എല്ലാ വൃത്തി​കേ​ടു​ക​ളും കാരണം നെടു​വീർപ്പിട്ട്‌ ഞരങ്ങുന്ന മനുഷ്യ​രു​ടെ നെറ്റി​യിൽ അടയാ​ള​മി​ടുക.” ഇതു കേട്ട​പ്പോൾ യഹസ്‌കേ​ലി​ന്റെ മനസ്സി​ലേക്ക്‌ ഓടി​യെ​ത്തി​യതു പണ്ടു നടന്ന ഒരു സംഭവ​മാ​യി​രി​ക്കാം. അന്നു വിശ്വസ്‌ത​രായ ഇസ്രാ​യേ​ല്യ​മാ​താ​പി​താ​ക്കൾ തങ്ങളുടെ ആദ്യജാ​ത​ന്മാ​രെ നാശത്തിൽനിന്ന്‌ സംരക്ഷി​ക്കാ​നുള്ള അടയാ​ള​മാ​യി വാതി​ലി​ന്റെ മേൽപ്പ​ടി​യി​ലും വീടിന്റെ രണ്ടു കട്ടിള​ക്കാ​ലി​ലും രക്തം​കൊ​ണ്ടുള്ള അടയാ​ള​മി​ട്ടു. (പുറ. 12:7, 22, 23) യഹസ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ, എഴുത്തു​പ​ക​ര​ണ​ച്ചെ​പ്പുള്ള ആ മനുഷ്യൻ അടയാ​ള​മി​ട്ട​തും ഇതു​പോ​ലൊ​രു കാര്യ​ത്തി​നു​വേ​ണ്ടി​യാ​ണോ? യരുശ​ലേം നശിപ്പി​ക്ക​പ്പെ​ടു​മ്പോൾ ആരെ​യെ​ല്ലാം ജീവ​നോ​ടെ വെക്കണ​മെന്നു സൂചി​പ്പി​ക്കാ​നാ​ണോ അങ്ങനെ ചെയ്‌തത്‌?

6 എന്തിന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌ അടയാ​ള​മി​ട്ടത്‌ എന്നു നോക്കി​യാൽ അതിനുള്ള ഉത്തരം വ്യക്തമാ​കും. ‘യരുശ​ലേം​ന​ഗ​ര​ത്തിൽ നടമാ​ടുന്ന’ എല്ലാ വൃത്തി​കേ​ടു​ക​ളും കാരണം ‘നെടു​വീർപ്പിട്ട്‌ ഞരങ്ങു​ന്ന​വ​രു​ടെ’ നെറ്റി​യി​ലാ​യി​രു​ന്നു അടയാ​ള​മി​ടേ​ണ്ടത്‌. ഇതിൽനിന്ന്‌ അടയാളം കിട്ടി​യ​വ​രെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തു മനസ്സി​ലാ​ക്കാം? ഒന്നാമ​താ​യി, ദേവാ​ല​യ​ത്തി​ലെ വിഗ്ര​ഹാ​രാ​ധ​ന​യും യരുശ​ലേ​മി​ലെ​ങ്ങും നടമാ​ടിയ അക്രമ​വും അധാർമി​ക​ത​യും വഷളത്ത​വും അവരുടെ ഹൃദയത്തെ വല്ലാതെ വേദനി​പ്പി​ച്ചി​രു​ന്നു. (യഹ. 22:9-12) ഇനി, സാധ്യ​ത​യ​നു​സ​രിച്ച്‌ അവർ ആ വികാ​രങ്ങൾ ഹൃദയ​ത്തിൽ മാത്രം ഒതുക്കി​നി​റു​ത്തു​ന്ന​വ​രു​മാ​യി​രു​ന്നില്ല. ആത്മാർഥ​ഹൃ​ദ​യ​രായ അവരുടെ വാക്കു​ക​ളി​ലും പ്രവൃ​ത്തി​ക​ളി​ലും, അന്നാട്ടിൽ നടമാ​ടി​ക്കൊ​ണ്ടി​രുന്ന കാര്യ​ങ്ങ​ളോ​ടുള്ള വെറു​പ്പും ശുദ്ധാ​രാ​ധ​ന​യോ​ടുള്ള കൂറും തീർച്ച​യാ​യും തെളി​ഞ്ഞു​നി​ന്നി​രു​ന്നു. അതിജീ​വി​ക്കാൻ അർഹരായ ഇവരെ കരുണാ​മ​യ​നായ യഹോവ ജീവ​നോ​ടെ രക്ഷിക്കു​മാ​യി​രു​ന്നു.

7, 8. തകർക്കാ​നുള്ള ആയുധം കൈയിൽപ്പി​ടി​ച്ചി​രുന്ന ആറു പുരു​ഷ​ന്മാർ അവരുടെ ദൗത്യം നിറ​വേ​റ്റേ​ണ്ടത്‌ എങ്ങനെ​യാ​യി​രു​ന്നു, അവസാനം എന്തു സംഭവി​ച്ചു?

7 അങ്ങനെ​യെ​ങ്കിൽ, തകർക്കാ​നുള്ള ആയുധം കൈയിൽപ്പി​ടി​ച്ചി​രുന്ന ആറു പുരു​ഷ​ന്മാർ അവരുടെ ദൗത്യം നിറ​വേ​റ്റേ​ണ്ടത്‌ എങ്ങനെ​യാ​യി​രു​ന്നു? യഹോവ അവർക്കു നിർദേ​ശങ്ങൾ കൊടു​ക്കു​ന്നത്‌ യഹസ്‌കേൽ കേട്ടു. എഴുത്തു​പ​ക​ര​ണ​ച്ചെ​പ്പുള്ള മനുഷ്യൻ അടയാ​ള​മിട്ട്‌ കഴിയു​മ്പോൾ, നെറ്റി​യിൽ അടയാളം ഇല്ലാത്ത എല്ലാവ​രെ​യും കൊന്നു​ക​ള​യാ​നാ​യി​രു​ന്നു നിർദേശം. “എന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനി​ന്നു​തന്നെ സംഹാരം തുടങ്ങൂ” എന്ന്‌ യഹോവ പറഞ്ഞു. (യഹ. 9:6) യരുശ​ലേ​മി​ന്റെ ഹൃദയ​ത്തിൽനിന്ന്‌, ദേവാ​ല​യ​ത്തിൽനി​ന്നു​ത​ന്നെ​യാണ്‌, അവർ സംഹാരം തുട​ങ്ങേ​ണ്ടി​യി​രു​ന്നത്‌. യഹോ​വ​യു​ടെ കണ്ണിൽ ആ ദേവാ​ല​യ​ത്തി​ന്റെ പവി​ത്ര​ത​യെ​ല്ലാം നഷ്ടപ്പെ​ട്ടി​രു​ന്നു. ‘ഭവനത്തി​നു മുന്നി​ലുള്ള മൂപ്പന്മാ​രാണ്‌’ ആദ്യം കൊല്ല​പ്പെ​ട്ടത്‌. ദേവാ​ല​യ​ത്തിൽവെച്ച്‌ വ്യാജ​ദൈ​വ​ങ്ങൾക്കു സുഗന്ധ​ക്കൂട്ട്‌ അർപ്പി​ച്ച​വ​രാ​യി​രു​ന്നു ആ 70 ഇസ്രാ​യേ​ല്യ​മൂ​പ്പ​ന്മാർ.​—യഹ. 8:11, 12; 9:6.

8 അവസാനം എന്തു സംഭവി​ച്ചു? യഹസ്‌കേൽ നോക്കി​ക്കൊ​ണ്ടി​രു​ന്ന​പ്പോൾ ആ മനുഷ്യൻ തിരികെ വന്ന്‌ യഹോ​വ​യോ​ടു പറഞ്ഞു: “അങ്ങ്‌ കല്‌പി​ച്ച​തെ​ല്ലാം ഞാൻ അതുപടി ചെയ്‌തി​ട്ടുണ്ട്‌.” (യഹ. 9:11) ഇതു വായി​ക്കു​മ്പോൾ നമ്മുടെ മനസ്സിൽ സ്വാഭാ​വി​ക​മാ​യും ചില ചോദ്യ​ങ്ങൾ ഉയർന്നേ​ക്കാം: ‘യരുശ​ലേം​നി​വാ​സി​കൾക്ക്‌ ഒടുവിൽ എന്തു സംഭവി​ച്ചു? യരുശ​ലേ​മി​ന്റെ നാശത്തെ അതിജീ​വിച്ച വിശ്വസ്‌ത​രായ ആരെങ്കി​ലു​മു​ണ്ടാ​യി​രു​ന്നോ?’

യഹസ്‌കേ​ലി​ന്റെ കാലത്ത്‌ ആ ദർശനം നിറ​വേ​റിയ വിധം

9, 10. യരുശ​ലേ​മി​ന്റെ നാശത്തെ അതിജീ​വിച്ച വിശ്വസ്‌ത​രായ ചിലർ ആരെല്ലാം, അവരെ​ക്കു​റിച്ച്‌ നമുക്ക്‌ എന്ത്‌ അനുമാ​നി​ക്കാം?

9 2 ദിനവൃ​ത്താ​ന്തം 36:17-20 വായി​ക്കുക. ബി.സി. 607-ൽ ബാബി​ലോ​ണി​യൻസേന യരുശ​ലേ​മും അവിടത്തെ ദേവാ​ല​യ​വും നശിപ്പി​ച്ച​പ്പോൾ യഹസ്‌കേ​ലി​ന്റെ പ്രവചനം നിറ​വേറി. അവിശ്വ​സ്‌തത കാണിച്ച യരുശ​ലേ​മി​നെ ശിക്ഷി​ക്കാൻ തന്റെ ‘കൈയി​ലെ പാനപാ​ത്ര​മാ​യി,’ അഥവാ ഉപകര​ണ​മാ​യി യഹോവ ഉപയോ​ഗി​ച്ച​വ​രാ​യി​രു​ന്നു ബാബി​ലോൺകാർ. (യിരെ. 51:7) പക്ഷേ ഒന്നും നോക്കാ​തെ സകല​രെ​യും കൊ​ന്നൊ​ടു​ക്കിയ ഒരു നാശമാ​യി​രു​ന്നോ അത്‌? അല്ല. ബാബി​ലോൺകാർ എല്ലാവ​രെ​യും കൊന്നു​ക​ള​യില്ല എന്ന്‌ യഹസ്‌കേ​ലി​ന്റെ ദർശനം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു.​—ഉൽപ. 18:22-33; 2 പത്രോ. 2:9.

10 വിശ്വസ്‌ത​രായ പലരും ആ നാശത്തെ അതിജീ​വി​ച്ചു. അക്കൂട്ട​ത്തിൽപ്പെ​ട്ട​വ​രാ​യി​രു​ന്നു രേഖാ​ബ്യർ, എത്യോ​പ്യ​ക്കാ​ര​നായ ഏബെദ്‌-മേലെക്ക്‌, യിരെമ്യ പ്രവാ​ചകൻ, അദ്ദേഹ​ത്തി​ന്റെ സെക്ര​ട്ട​റി​യായ ബാരൂക്ക്‌ എന്നിവർ. (യിരെ. 35:1-19; 39:15-18; 45:1-5) യരുശ​ലേ​മിൽ നടമാ​ടി​യി​രുന്ന ‘എല്ലാ വൃത്തി​കേ​ടു​ക​ളും കാരണം നെടു​വീർപ്പിട്ട്‌ ഞരങ്ങു​ന്ന​വ​രാ​യി​രു​ന്നു’ അവർ എന്ന്‌ യഹസ്‌കേ​ലി​ന്റെ ദർശന​ത്തിൽനിന്ന്‌ നമുക്ക്‌ അനുമാ​നി​ക്കാം. (യഹ. 9:4) തങ്ങൾ ദുഷ്ടതയെ ഉള്ളു​കൊണ്ട്‌ വെറു​ക്കു​ന്നെ​ന്നും ശുദ്ധാ​രാ​ധ​ന​യോ​ടു കൂറു​ള്ള​വ​രാ​ണെ​ന്നും നാശത്തി​നു മുമ്പു​തന്നെ അവർ തെളി​യി​ച്ചി​ട്ടു​ണ്ടാ​കണം. അങ്ങനെ അവർ അതിജീ​വി​ക്കാ​നുള്ള യോഗ്യത നേടി.

11. തകർക്കാ​നുള്ള ആയുധങ്ങൾ കൈയി​ലുള്ള ആറു പുരു​ഷ​ന്മാ​രും സെക്ര​ട്ട​റി​യു​ടെ എഴുത്തു​പ​ക​ര​ണ​ച്ചെ​പ്പുള്ള മനുഷ്യ​നും ആരെയാ​ണു പ്രതീ​ക​പ്പെ​ടു​ത്തി​യത്‌?

11 അക്ഷരാർഥ​ത്തിൽ ആ വിശ്വസ്‌ത​രു​ടെ നെറ്റി​യിൽ അതിജീ​വ​ന​ത്തി​നുള്ള ഒരു അടയാ​ള​മി​ട്ടോ? യഹസ്‌കേ​ലോ മറ്റ്‌ ഏതെങ്കി​ലും പ്രവാ​ച​ക​നോ യരുശ​ലേ​മി​ലൂ​ടെ സഞ്ചരിച്ച്‌ വിശ്വസ്‌ത​രാ​യ​വ​രു​ടെ നെറ്റി​യിൽ അടയാ​ള​മി​ട്ട​താ​യി ഒരു രേഖയും ഇല്ല. സാധ്യ​ത​യ​നു​സ​രിച്ച്‌ സ്വർഗീ​യ​മ​ണ്ഡ​ല​ത്തിൽ സംഭവിച്ച ഒരു കാര്യ​ത്തെ​ക്കു​റി​ച്ചാണ്‌ യഹസ്‌കേ​ലി​ന്റെ പ്രാവ​ച​നി​ക​ദർശനം ഇവിടെ പറയു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ അതു മനുഷ്യർക്കാർക്കും കാണാൻ കഴിയി​ല്ലാ​യി​രു​ന്നു. ദർശന​ത്തിൽ കണ്ട സെക്ര​ട്ട​റി​യു​ടെ എഴുത്തു​പ​ക​ര​ണ​ച്ചെ​പ്പുള്ള മനുഷ്യ​നും, തകർക്കാ​നുള്ള ആയുധങ്ങൾ കൈയിൽപ്പി​ടി​ച്ചി​രുന്ന ആറു പുരു​ഷ​ന്മാ​രും യഹോ​വ​യു​ടെ വിശ്വസ്‌ത​രായ ആത്മപു​ത്ര​ന്മാ​രെ​യാ​ണു പ്രതീ​ക​പ്പെ​ടു​ത്തി​യത്‌. യഹോ​വ​യു​ടെ ഇഷ്ടം നടപ്പാ​ക്കാൻ എപ്പോ​ഴും സന്നദ്ധരാ​യി നിൽക്കു​ന്ന​വ​രാണ്‌ ആ ആത്മവ്യ​ക്തി​കൾ. (സങ്കീ. 103:20, 21) അവിശ്വ​സ്‌തത കാണിച്ച യരുശ​ലേ​മിന്‌ എതിരെ ന്യായ​വി​ധി നടപ്പാ​ക്കി​യ​പ്പോൾ അതിന്റെ ഗതി നിയ​ന്ത്രി​ക്കാൻ യഹോവ തീർച്ച​യാ​യും തന്റെ ദൂതന്മാ​രെ ഉപയോ​ഗി​ച്ചു. ന്യായ​വി​ധി നടപ്പാ​ക്കു​മ്പോൾ എല്ലാവ​രും കൊല്ല​പ്പെ​ടു​ന്നി​ല്ലെ​ന്നും അതിജീ​വി​ക്കേ​ണ്ട​വ​രെ​ല്ലാം അതിജീ​വി​ക്കു​ന്നെ​ന്നും ഉറപ്പു​വ​രു​ത്തി​യ​തി​ലൂ​ടെ ദൂതന്മാർ ഒരർഥ​ത്തിൽ, അതിജീ​വി​ക്കേ​ണ്ട​വ​രു​ടെ നെറ്റി​യിൽ ആലങ്കാ​രി​ക​മാ​യി അടയാ​ള​മി​ടു​ക​യാ​യി​രു​ന്നു.

യഹസ്‌കേ​ലി​ന്റെ ദർശന​ത്തി​നു നമ്മുടെ നാളി​ലുള്ള പ്രസക്തി

12, 13. (എ) യഹോവ യരുശ​ലേ​മി​ന്റെ മേൽ ക്രോധം ചൊരി​ഞ്ഞത്‌ എന്തു​കൊണ്ട്‌, യഹോവ ഇന്നും അങ്ങനെ​തന്നെ പ്രവർത്തി​ക്കു​മെന്നു നമ്മൾ പ്രതീ​ക്ഷി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) അവിശ്വസ്‌ത​യ​രു​ശ​ലേ​മി​ന്റെ പ്രതി​മാ​തൃ​ക​യാ​ണോ ക്രൈസ്‌ത​വ​ലോ​കം? വിശദീ​ക​രി​ക്കുക. (“ക്രൈസ്‌ത​വ​ലോ​കം യരുശ​ലേ​മി​ന്റെ പ്രതി​മാ​തൃ​ക​യോ?” എന്ന ചതുരം കാണുക.)

12 നമ്മൾ ഇന്നു ജീവി​ക്കു​ന്ന​തും ദൈവം തന്റെ ന്യായ​വി​ധി നടപ്പാ​ക്കാൻപോ​കുന്ന ഒരു കാലത്താണ്‌. സമാന​ത​ക​ളി​ല്ലാത്ത ഒരു സംഭവ​മാ​യി​രി​ക്കും അത്‌. “ലോകാ​രം​ഭം​മു​തൽ ഇന്നുവരെ സംഭവി​ച്ചി​ട്ടി​ല്ലാ​ത്ത​തും പിന്നെ ഒരിക്ക​ലും സംഭവി​ക്കി​ല്ലാ​ത്ത​തും ആയ മഹാകഷ്ടത” എന്നാണ്‌ അതിനെ വിളി​ച്ചി​രി​ക്കു​ന്നത്‌. (മത്താ. 24:21) സുപ്ര​ധാ​ന​മായ ആ സംഭവ​ത്തി​നാ​യി കാത്തി​രി​ക്കു​മ്പോൾ നമ്മുടെ മനസ്സി​ലും ചില ചോദ്യ​ങ്ങൾ ഉയർന്നേ​ക്കാം: വരാനി​രി​ക്കുന്ന നാശം എല്ലാവ​രെ​യും കൊ​ന്നൊ​ടു​ക്കാ​തെ, അതിജീ​വി​ക്കാൻ അർഹത​യു​ള്ള​വരെ ബാക്കി വെക്കു​മോ? യഹോ​വ​യു​ടെ ശുദ്ധാ​രാ​ധ​കരെ ഏതെങ്കി​ലും അടയാ​ള​മിട്ട്‌ വേർതി​രി​ക്കു​മോ? മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, എഴുത്തു​പ​ക​ര​ണ​ച്ചെ​പ്പുള്ള മനുഷ്യ​നെ​ക്കു​റിച്ച്‌ യഹസ്‌കേൽ കണ്ട ദർശന​ത്തി​നു നമ്മുടെ നാളിൽ ഒരു നിവൃ​ത്തി​യു​ണ്ടോ? മൂന്നു ചോദ്യ​ങ്ങ​ളു​ടെ​യും ഉത്തരം ‘ഉവ്വ്‌’ എന്നാണ്‌. അങ്ങനെ പറയാ​നുള്ള കാരണം എന്താണ്‌? അതിനാ​യി യഹസ്‌കേ​ലി​ന്റെ ദർശന​ത്തി​ലേക്കു നമു​ക്കൊ​ന്നു മടങ്ങി​പ്പോ​കാം.

13 പണ്ട്‌ യരുശ​ലേ​മി​ന്റെ മേൽ യഹോവ ക്രോധം ചൊരി​ഞ്ഞ​തി​ന്റെ കാരണം നിങ്ങൾ ഓർക്കു​ന്നു​ണ്ടോ? നമുക്കു വീണ്ടും യഹസ്‌കേൽ 9:8, 9 (വായി​ക്കുക.) ഒന്നു നോക്കാം. വരാനി​രി​ക്കുന്ന നാശത്തിൽ ‘ഇസ്രാ​യേ​ലിൽ ബാക്കി​യു​ള്ളവർ ഒന്നൊ​ഴി​യാ​തെ’ കൊല്ല​പ്പെ​ടു​മോ എന്നു ഭയന്ന യഹസ്‌കേ​ലി​നു മുന്നിൽ യഹോവ, താൻ ന്യായ​വി​ധി നടപ്പാ​ക്കാൻപോ​കു​ന്ന​തി​ന്റെ നാലു കാരണങ്ങൾ വിശദീ​ക​രി​ക്കു​ന്നുണ്ട്‌. ഒന്നാമ​താ​യി, ആ ജനതയു​ടെ ‘തെറ്റു വളരെ​വ​ളരെ വലുതാ​യി​രു​ന്നു.’ b രണ്ടാമ​താ​യി, യഹൂദാ​ദേശം ‘രക്തച്ചൊ​രി​ച്ചിൽകൊണ്ട്‌ നിറഞ്ഞി​രു​ന്നു.’ യഹൂദാ​ദേ​ശ​ത്തി​ന്റെ തലസ്ഥാ​ന​മായ യരുശ​ലേ​മി​ലെ​ങ്ങും “വഷളത്തം നടമാ​ടു​ന്നു” എന്നതാ​യി​രു​ന്നു മൂന്നാ​മത്തെ കാരണം. നാലാ​മ​താ​യി, തങ്ങൾ എന്തെല്ലാം കാണി​ച്ചു​കൂ​ട്ടി​യാ​ലും അതൊ​ന്നും യഹോവ “കാണു​ന്നില്ല” എന്ന ധാരണ​യാ​യി​രു​ന്നു അവർക്ക്‌. ഇന്നത്തെ ലോക​ത്തി​ന്റെ കാര്യ​വും ഇങ്ങനെ​ത​ന്നെ​യല്ലേ? ധാർമി​ക​മാ​യി അധഃപ​തിച്ച, അക്രമ​സ്വ​ഭാ​വ​മുള്ള, വഷളത്തം നിറഞ്ഞ, ദൈവ​വി​ശ്വാ​സ​മി​ല്ലാത്ത ഒരു ലോക​മല്ലേ നമുക്കു ചുറ്റും? യഹോവ “മാറ്റമി​ല്ലാ​ത്ത​വ​നാണ്‌.” യഹസ്‌കേ​ലി​ന്റെ കാലത്ത്‌ ഇതെല്ലാം കണ്ടപ്പോൾ യഹോ​വയ്‌ക്കു നീതി​നിഷ്‌ഠ​മായ കോപം തോന്നി​യെ​ങ്കിൽ ഇന്നത്തെ അവസ്ഥകൾ കാണു​മ്പോ​ഴും യഹോ​വയ്‌ക്കു കോപം തോന്നി​ല്ലേ? (യാക്കോ. 1:17; മലാ. 3:6) ഇതിൽനിന്ന്‌ ഒരു കാര്യം മനസ്സി​ലാ​ക്കാം: തകർക്കാ​നുള്ള ആയുധങ്ങൾ കൈയിൽപ്പി​ടിച്ച ആറു പുരു​ഷ​ന്മാർക്കും എഴുത്തു​പ​ക​ര​ണ​ച്ചെ​പ്പുള്ള മനുഷ്യ​നും ചില കാര്യങ്ങൾ ഈ ആധുനി​ക​കാ​ല​ത്തും ചെയ്‌തു​തീർക്കാ​നുണ്ട്‌, സംശയ​മില്ല!

തകർക്കാനുള്ള ആയുധങ്ങൾ കൈയി​ലേ​ന്തിയ ആറു പുരു​ഷ​ന്മാർക്ക്‌ ഉടൻതന്നെ ചില​തൊ​ക്കെ ചെയ്യാ​നുണ്ട്‌ (12, 13 ഖണ്ഡികകൾ കാണുക)

14, 15. നാശത്തി​നു മുമ്പ്‌ യഹോവ ആളുകൾക്കു മുന്നറി​യി​പ്പു കൊടു​ക്കു​ന്ന​തി​ന്റെ ചില ഉദാഹ​ര​ണങ്ങൾ ഏതെല്ലാം?

14 എന്നാൽ യഹസ്‌കേ​ലി​ന്റെ പ്രാവ​ച​നി​ക​ദർശനം നമ്മുടെ കാലത്ത്‌ നിറ​വേ​റു​ന്നത്‌ എങ്ങനെ​യാണ്‌? പണ്ട്‌ ആ ദർശനം നിറ​വേ​റി​യത്‌ എങ്ങനെ​യെന്നു നോക്കി​യാൽ ഇപ്പോ​ഴും ഭാവി​യി​ലും നമുക്ക്‌ എന്തു പ്രതീ​ക്ഷി​ക്കാ​മെന്നു മനസ്സി​ലാ​കും. യഹസ്‌കേൽപ്ര​വ​ച​ന​ത്തി​ന്റെ നിവൃ​ത്തി​യാ​യി നമ്മൾ ഇതുവരെ കണ്ടിട്ടു​ള്ള​തും ഇനി കാണാൻപോ​കു​ന്ന​തും ആയ ചില സംഭവ​വി​കാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ നമുക്ക്‌ ഇപ്പോൾ നോക്കാം.

15 യഹോവ എപ്പോ​ഴും നാശത്തി​നു മുമ്പ്‌ ആളുകൾക്കു മുന്നറി​യി​പ്പു കൊടു​ക്കും. ഈ പുസ്‌ത​ക​ത്തി​ന്റെ 11-ാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ യഹോവ യഹസ്‌കേ​ലി​നെ ‘ഇസ്രാ​യേൽഗൃ​ഹ​ത്തി​ന്റെ കാവൽക്കാ​ര​നാ​യി നിയമി​ച്ചു.’ (യഹ. 3:17-19) വരാൻപോ​കുന്ന നാശ​ത്തെ​ക്കു​റിച്ച്‌ ബി.സി. 613 മുതൽ യഹസ്‌കേൽ ഇസ്രാ​യേ​ല്യർക്കു വ്യക്തമായ മുന്നറി​യി​പ്പു കൊടു​ക്കു​ക​യും ചെയ്‌തു. യരുശ​ലേ​മി​നു സംഭവി​ക്കാൻപോ​കുന്ന വിപത്തി​നെ​ക്കു​റിച്ച്‌ യശയ്യയും യിരെ​മ്യ​യും ഉൾപ്പെടെ മറ്റു പ്രവാ​ച​ക​ന്മാ​രും മുന്നറി​യി​പ്പു​കൾ മുഴക്കി​യി​രു​ന്നു. (യശ. 39:6, 7; യിരെ. 25:8, 9, 11) ഇന്നു നമ്മുടെ നാളി​ലും യഹോവ യേശു​ക്രിസ്‌തു​വി​ലൂ​ടെ തന്റെ അഭിഷി​ക്ത​ദാ​സ​ന്മാ​രു​ടെ ഒരു ചെറിയ കൂട്ടത്തെ ഉപയോ​ഗിച്ച്‌ ശുദ്ധാ​രാ​ധ​ക​രായ വീട്ടു​ജോ​ലി​ക്കാർക്ക്‌ ആത്മീയ​ഭ​ക്ഷണം നൽകു​ന്ന​തി​നു പുറമേ, പാഞ്ഞടു​ത്തു​കൊ​ണ്ടി​രി​ക്കുന്ന മഹാക​ഷ്ട​ത​യെ​ക്കു​റിച്ച്‌ മറ്റുള്ള​വർക്കു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു​മുണ്ട്‌.​—മത്താ. 24:45.

16. യഹോ​വ​യു​ടെ ജനമായ നമ്മൾ, അതിജീ​വി​ക്കാൻ അർഹത​യു​ള്ള​വർക്ക്‌ അടയാളമിടുന്നുണ്ടോ? വിശദീ​ക​രി​ക്കുക.

16 അതിജീ​വി​ക്കാൻ അർഹത​യു​ള്ള​വർക്ക്‌ യഹോ​വ​യു​ടെ ജനം അടയാ​ള​മി​ടു​ന്നില്ല. യരുശ​ലേ​മി​ലൂ​ടെ സഞ്ചരിച്ച്‌, അതിജീ​വി​ക്കേ​ണ്ട​വർക്ക്‌ അടയാ​ള​മി​ടാൻ യഹസ്‌കേ​ലി​നോ​ടു പറഞ്ഞി​രു​ന്നില്ല എന്ന്‌ ഓർക്കുക. സമാന​മാ​യി, അതിജീ​വ​ന​ത്തിന്‌ അർഹരായ ആളുകൾക്ക്‌ അടയാ​ള​മി​ടാ​നുള്ള നിയോ​ഗം യഹോ​വ​യു​ടെ ജനത്തി​നും ഇന്നു നൽകി​യി​ട്ടില്ല. ക്രിസ്‌തു​വി​ന്റെ ആത്മീയ​ഭ​വ​ന​ത്തി​ലെ വീട്ടു​ജോ​ലി​ക്കാ​രായ നമുക്കു ലഭിച്ചി​രി​ക്കുന്ന ദൗത്യം ആളുക​ളോ​ടു പ്രസം​ഗി​ക്കുക എന്നതാണ്‌. നമ്മൾ ആ നിയോ​ഗത്തെ വളരെ ഗൗരവ​ത്തോ​ടെ കാണു​ക​യും ചെയ്യുന്നു. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത തീക്ഷ്‌ണ​ത​യോ​ടെ മറ്റുള്ള​വരെ അറിയി​ച്ചു​കൊ​ണ്ടും ഈ ദുഷ്ട​ലോ​ക​ത്തി​ന്റെ അന്ത്യം തൊട്ട​ടുത്ത്‌ എത്തി​യെന്ന്‌ ഉത്സാഹ​ത്തോ​ടെ മുന്നറി​യി​പ്പു മുഴക്കി​ക്കൊ​ണ്ടും നമ്മൾ അതു ചെയ്യുന്നു. (മത്താ. 24:14; 28:18-20) അതുവഴി, ആത്മാർഥ​ഹൃ​ദ​യ​രായ അനേകർക്കു ശുദ്ധാ​രാ​ധ​ക​രാ​യി​ത്തീ​രാ​നുള്ള വാതിൽ നമ്മൾ തുറന്നു​കൊ​ടു​ക്കു​ക​യാണ്‌!​—1 തിമൊ. 4:16.

17. ഭാവി​യിൽ അതിജീ​വ​ന​ത്തി​നുള്ള അടയാളം കിട്ടാൻ ആളുകൾ ഇപ്പോൾ എന്താണു ചെയ്യേ​ണ്ടത്‌?

17 വരാനി​രി​ക്കുന്ന നാശത്തെ അതിജീ​വി​ക്ക​ണ​മെ​ങ്കിൽ ആളുകൾ ഇപ്പോൾത്തന്നെ അവരുടെ വിശ്വാ​സം തെളി​യി​ക്കണം. നമ്മൾ മുമ്പ്‌ കണ്ടതു​പോ​ലെ, ബി.സി. 607-ലെ യരുശ​ലേ​മി​ന്റെ നാശത്തെ അതിജീ​വി​ച്ചവർ തങ്ങൾ ദുഷ്ടതയെ ഉള്ളു​കൊണ്ട്‌ വെറു​ക്കു​ന്നെ​ന്നും ശുദ്ധാ​രാ​ധ​ന​യോ​ടു കൂറു​ള്ള​വ​രാ​ണെ​ന്നും നാശത്തി​നു മുമ്പു​തന്നെ തെളി​യി​ച്ചി​രു​ന്നു. ഇന്നത്തെ കാര്യ​മോ? നാശം വരുന്ന​തി​നു മുമ്പു​തന്നെ ആളുകൾ ഈ ലോക​ത്തിൽ നടമാ​ടുന്ന ദുഷ്ടതകൾ കണ്ട്‌ ‘നെടു​വീർപ്പിട്ട്‌ ഞരങ്ങു​ന്ന​വ​രാ​യി​രി​ക്കണം’ അഥവാ അവർക്ക്‌ അതെല്ലാം കണ്ട്‌ ഹൃദയ​ത്തിൽ വേദന തോന്നണം. കൂടാതെ, അവർ ആ വികാ​രങ്ങൾ ഹൃദയ​ത്തിൽ മാത്രം ഒതുക്കി​നി​റു​ത്താ​നും പാടില്ല. പകരം, ശുദ്ധാ​രാ​ധ​ന​യോ​ടുള്ള കൂറ്‌ അവർ വാക്കി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും തെളി​യി​ക്കണം. അത്‌ എങ്ങനെ ചെയ്യാ​നാ​കും? അതിനാ​യി അവർ, ഇന്നു നടക്കുന്ന പ്രസം​ഗ​പ്ര​വർത്ത​ന​ത്തോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കണം, ക്രിസ്‌തു​വി​ന്റെ വ്യക്തി​ത്വം ധരിക്കാൻ ശ്രമി​ച്ചു​തു​ട​ങ്ങണം, യഹോ​വയ്‌ക്കുള്ള സമർപ്പ​ണ​ത്തി​ന്റെ പ്രതീ​ക​മാ​യി സ്‌നാ​ന​മേൽക്കണം, ക്രിസ്‌തു​വി​ന്റെ സഹോ​ദ​ര​ന്മാ​രെ വിശ്വസ്‌ത​മാ​യി പിന്തു​ണയ്‌ക്കണം. (യഹ. 9:4; മത്താ. 25:34-40; എഫെ. 4:22-24; 1 പത്രോ. 3:21) ഇപ്പോൾത്തന്നെ ഇതെല്ലാം ചെയ്യു​ക​യും അങ്ങനെ ശുദ്ധാ​രാ​ധ​ക​രാ​യി മഹാക​ഷ്ട​ത​യി​ലേക്കു പ്രവേ​ശി​ക്കു​ക​യും ചെയ്യു​ന്ന​വർക്കു മാത്രമേ അതിജീ​വ​ന​ത്തി​നുള്ള അടയാളം ലഭിക്കൂ!

18. (എ) അർഹത​യു​ള്ള​വർക്കു യേശു​ക്രിസ്‌തു അടയാ​ള​മി​ടു​ന്നത്‌ എപ്പോൾ, എങ്ങനെ? (ബി) വിശ്വസ്‌ത​രായ അഭിഷി​ക്തർക്ക്‌ അടയാ​ള​മി​ടേ​ണ്ട​തു​ണ്ടോ? വിശദീ​ക​രി​ക്കുക.

18 സ്വർഗ​ത്തിൽനിന്ന്‌ യേശു​വാ​യി​രി​ക്കും അർഹത​യു​ള്ള​വർക്ക്‌ അടയാ​ള​മി​ടു​ന്നത്‌. യഹസ്‌കേ​ലി​ന്റെ കാലത്ത്‌, വിശ്വ​സ്‌തർക്ക്‌ അതിജീ​വ​ന​ത്തി​നുള്ള അടയാളം നൽകു​ന്ന​തിൽ ദൂതന്മാർക്ക്‌ ഒരു പങ്കുണ്ടാ​യി​രു​ന്നു. ആധുനി​ക​കാ​ലത്തെ കാര്യ​മോ? സെക്ര​ട്ട​റി​യു​ടെ എഴുത്തു​പ​ക​ര​ണ​ച്ചെ​പ്പുള്ള മനുഷ്യൻ ചിത്രീ​ക​രി​ക്കു​ന്നത്‌, എല്ലാ ജനതക​ളു​ടെ​യും ന്യായാ​ധി​പ​നാ​യി ‘മഹിമ​യോ​ടെ വരുന്ന’ യേശു​ക്രിസ്‌തു​വി​നെ​യാണ്‌. (മത്താ. 25:31-33) യേശു​വി​ന്റെ ആ വരവ്‌ മഹാക​ഷ്ട​ത​യു​ടെ സമയത്താ​യി​രി​ക്കും. അപ്പോ​ഴേ​ക്കും വ്യാജ​മതം നശിപ്പി​ക്ക​പ്പെ​ട്ടി​രി​ക്കും. c അർമ​ഗെ​ദോൻ തുടങ്ങു​ന്ന​തി​നു തൊട്ടു​മു​മ്പുള്ള ആ നിർണാ​യ​ക​സ​മ​യത്ത്‌ യേശു മനുഷ്യ​രെ ചെമ്മരി​യാ​ടു​ക​ളോ കോലാ​ടു​ക​ളോ ആയി ന്യായം വിധി​ക്കും. ആ സമയത്ത്‌ ‘മഹാപു​രു​ഷാ​ര​ത്തിൽപ്പെ​ട്ട​വരെ’ ചെമ്മരി​യാ​ടു​ക​ളാ​യി കണക്കാക്കി അടയാ​ള​മി​ടു​ന്ന​തു​കൊണ്ട്‌ അവർ “നിത്യ​ജീ​വ​നി​ലേ​ക്കും കടക്കും.” (വെളി. 7:9-14; മത്താ. 25:34-40, 46) എന്നാൽ വിശ്വസ്‌ത​രായ അഭിഷി​ക്ത​രു​ടെ കാര്യ​മോ? അവർക്ക്‌ അർമ​ഗെ​ദോ​നെ അതിജീ​വി​ക്കാ​നുള്ള അടയാ​ള​ത്തി​ന്റെ ആവശ്യ​മില്ല. പകരം ഒരു അന്തിമ​മു​ദ്ര​യാ​യി​രി​ക്കും അവർക്കു ലഭിക്കുക. ഒന്നുകിൽ അവരുടെ മരണത്തി​നു മുമ്പോ അല്ലെങ്കിൽ മഹാകഷ്ടത പൊട്ടി​പ്പു​റ​പ്പെ​ടു​ന്ന​തി​നു മുമ്പോ ആയിരി​ക്കും അതു ലഭിക്കു​ന്നത്‌. പിന്നീട്‌ അർമ​ഗെ​ദോൻ തുടങ്ങു​ന്ന​തി​നു മുമ്പുള്ള ഒരു സമയത്ത്‌ അവരെ സ്വർഗ​ത്തി​ലേക്ക്‌ ഉയർത്തും.​—വെളി. 7:1-3.

19. ഈ വ്യവസ്ഥി​തി​ക്കെ​തി​രെ​യുള്ള ന്യായ​വി​ധി നടപ്പാ​ക്കാൻ യേശു​വി​നോ​ടൊ​പ്പം ആരുണ്ടാ​യി​രി​ക്കും? (“നെടു​വീർപ്പിട്ട്‌ ഞരങ്ങുന്നു, അടയാ​ള​മി​ടു​ന്നു, തകർക്കു​ന്നു​—എപ്പോൾ, എങ്ങനെ?” എന്ന ചതുരം കാണുക.)

19 സ്വർഗീ​യ​രാ​ജാ​വായ യേശു​ക്രിസ്‌തു​വും സ്വർഗീ​യ​സൈ​ന്യ​വും ഈ വ്യവസ്ഥി​തി​ക്കെ​തി​രെ​യുള്ള ന്യായ​വി​ധി നടപ്പാ​ക്കും. യഹസ്‌കേൽ ദർശന​ത്തിൽ കണ്ട, തകർക്കാ​നുള്ള ആയുധ​ങ്ങ​ളേ​ന്തിയ ആറു പുരു​ഷ​ന്മാർ സംഹാരം തുടങ്ങി​യതു ലിനൻവ​സ്‌ത്രം ധരിച്ച മനുഷ്യൻ അടയാ​ള​മി​ട്ടു​തീർന്ന​തി​നു ശേഷം മാത്ര​മാ​യി​രു​ന്നു. (യഹ. 9:4-7) അതു​പോ​ലെ​തന്നെ, വരാനി​രി​ക്കുന്ന നാശം തുടങ്ങു​ന്ന​തും യേശു എല്ലാ ജനതക​ളി​ലും​പെട്ട ആളുകളെ ന്യായം വിധിച്ച്‌, ചെമ്മരി​യാ​ടു​കൾക്ക്‌ അതിജീ​വ​ന​ത്തി​നാ​യുള്ള അടയാ​ള​മി​ട്ട​തി​നു ശേഷമാ​യി​രി​ക്കും. അർമ​ഗെ​ദോൻ യുദ്ധത്തി​ന്റെ സമയത്ത്‌, യേശു​വി​ന്റെ നേതൃ​ത്വ​ത്തിൻകീ​ഴിൽ വിശു​ദ്ധ​ദൂ​ത​ന്മാ​രും യേശു​വി​ന്റെ 1,44,000 സഹഭര​ണാ​ധി​കാ​രി​ക​ളും അടങ്ങുന്ന സ്വർഗീ​യ​സേന ഈ ദുഷ്ട​ലോ​കത്തെ സമ്പൂർണ​മാ​യി തകർത്തു​ന​ശി​പ്പി​ക്കും. ഒടുവിൽ, ശുദ്ധാ​രാ​ധകർ നീതി കളിയാ​ടുന്ന പുതിയ ഭൂമി​യി​ലേക്കു പ്രവേ​ശി​ക്കും.​—വെളി. 16:14-16; 19:11-21.

20. സെക്ര​ട്ട​റി​യു​ടെ എഴുത്തു​പ​ക​ര​ണ​ച്ചെ​പ്പുള്ള മനുഷ്യനെക്കുറിച്ച്‌ യഹസ്‌കേൽ കണ്ട ദർശന​ത്തിൽനിന്ന്‌ ബലപ്പെ​ടു​ത്തുന്ന എന്തെല്ലാം പാഠങ്ങൾ നമ്മൾ പഠിച്ചു?

20 സെക്ര​ട്ട​റി​യു​ടെ എഴുത്തു​പ​ക​ര​ണ​ച്ചെ​പ്പുള്ള മനുഷ്യ​നെ​ക്കു​റിച്ച്‌ യഹസ്‌കേൽ കണ്ട ദർശന​ത്തിൽനിന്ന്‌, ബലപ്പെ​ടു​ത്തുന്ന ഇത്ര​യേറെ പാഠങ്ങൾ പഠിക്കാ​നാ​യ​തിൽ നമ്മൾ എത്ര നന്ദിയു​ള്ള​വ​രാണ്‌! യഹോവ ദുഷ്ടന്മാ​രോ​ടൊ​പ്പം നീതി​മാ​ന്മാ​രെ നശിപ്പി​ക്കില്ല എന്നു നമുക്ക്‌ ഉറച്ച ബോധ്യ​മു​ണ്ടാ​യി​രി​ക്കാ​നാ​കും. (സങ്കീ. 97:10) ഭാവി​യിൽ അതിജീ​വ​ന​ത്തി​നാ​യുള്ള അടയാളം കിട്ടാൻ ഇപ്പോൾ എന്താണു ചെയ്യേ​ണ്ട​തെന്നു നമുക്ക്‌ അറിയാം. സാത്താന്റെ ഈ ദുഷ്ട​ലോ​ക​ത്തി​ലെ അവസ്ഥകൾ കണ്ട്‌ ഞരങ്ങി നെടു​വീർപ്പി​ടു​ന്ന​വ​രോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തി​ലും വരാനി​രി​ക്കുന്ന അന്ത്യ​ത്തെ​ക്കു​റിച്ച്‌ മുന്നറി​യി​പ്പു കൊടു​ക്കു​ന്ന​തി​ലും നമ്മുടെ പരമാ​വധി ചെയ്യാൻ യഹോ​വ​യു​ടെ ആരാധ​ക​രായ നമ്മൾ തീരു​മാ​നി​ച്ചു​റ​ച്ചി​രി​ക്കു​ന്നു. അതിലൂ​ടെ, ‘നിത്യ​ജീ​വനു യോഗ്യ​രാ​ക്കുന്ന തരം മനോ​ഭാ​വ​മു​ള്ള​വ​രെ​യെ​ല്ലാം’ ശുദ്ധാ​രാ​ധ​ക​രായ നമ്മളോ​ടൊ​പ്പം ചേരാ​നും അതിജീ​വ​ന​ത്തി​നുള്ള അടയാളം നേടി, ദൈവ​ത്തി​ന്റെ നീതി​യുള്ള പുതിയ ഭൂമി​യി​ലേക്കു പ്രവേ​ശി​ക്കാ​നും നമ്മൾ സഹായി​ക്കു​ക​യാണ്‌. എത്ര വലി​യൊ​രു പദവി​യാണ്‌ അത്‌!​—പ്രവൃ. 13:48.

a ദേവാ​ല​യ​ത്തിൽ നടന്നു​കൊ​ണ്ടി​രുന്ന വൃത്തി​കെട്ട കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ യഹസ്‌കേൽ കണ്ട ദിവ്യ​ദർശനം ഈ പുസ്‌ത​ക​ത്തി​ന്റെ 5-ാം അധ്യാ​യ​ത്തിൽ ചർച്ച ചെയ്‌തി​ട്ടുണ്ട്‌.

b “തെറ്റ്‌” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രാ​യ​നാ​മ​ത്തി​നു “വഷളത്തത്തെ” കുറി​ക്കാ​നാ​കു​മെന്ന്‌ ഒരു ആധികാ​രി​ക​ഗ്രന്ഥം പറയുന്നു. മറ്റൊരു ഗ്രന്ഥം പറയു​ന്നത്‌, ഈ നാമം “മുഖ്യ​മാ​യും മതപര​മായ ഒരു പദം” ആണെന്നാണ്‌. അത്തരം തെറ്റ്‌ “മിക്ക​പ്പോ​ഴും ധാർമി​ക​തയ്‌ക്കു നിരക്കാത്ത കാര്യ​ങ്ങളെ അഥവാ ദൈവ​ദൃ​ഷ്ടി​യിൽ ശരിയ​ല്ലാത്ത പ്രവൃ​ത്തി​കളെ ആണ്‌ കുറി​ക്കു​ന്നത്‌” എന്നും ആ ഗ്രന്ഥം പറയുന്നു.

c ബാബി​ലോൺ എന്ന മഹതി നശിപ്പി​ക്ക​പ്പെ​ടു​മ്പോൾ, വ്യാജ​മ​ത​ത്തി​ലെ എല്ലാ അംഗങ്ങ​ളും കൊല്ല​പ്പെ​ടു​മെന്നു കരു​തേ​ണ്ട​തില്ല. ആ സമയത്ത്‌ വൈദി​ക​രിൽ ചിലർപോ​ലും വ്യാജ​മ​തത്തെ തള്ളിപ്പ​റ​യു​ക​യും തങ്ങൾ ഒരിക്ക​ലും അതിന്റെ ഭാഗമാ​യി​രു​ന്നി​ട്ടി​ല്ലെന്ന്‌ അവകാ​ശ​പ്പെ​ടു​ക​യും ചെയ്‌തേ​ക്കാം.​—സെഖ. 13:3-6.