വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനചതുരം 1ബി

യഹസ്‌കേൽ​—ഒരു അവലോ​കനം

യഹസ്‌കേൽ​—ഒരു അവലോ​കനം

യഹസ്‌കേൽ പുസ്‌ത​കത്തെ ഇങ്ങനെ തരംതി​രി​ക്കാം:

അധ്യാ​യങ്ങൾ 1-3

ബി.സി. 613-ൽ ബാബി​ലോ​ണി​ലേക്കു ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോയ ജൂതന്മാ​രു​ടെ ഇടയിൽ കഴിയുന്ന സമയത്ത്‌ യഹസ്‌കേൽ യഹോ​വ​യിൽനി​ന്നുള്ള ദർശനങ്ങൾ കാണുന്നു. കെബാർ നദീതീ​രത്ത്‌ താമസി​ച്ചി​രുന്ന ജൂതന്മാ​രോ​ടു പ്രവചി​ക്കാൻ അദ്ദേഹത്തെ നിയോ​ഗി​ക്കു​ന്നു.

അധ്യാ​യങ്ങൾ 4-24

ബി.സി. 613-നും 609-നും ഇടയ്‌ക്കുള്ള കാലഘ​ട്ട​ത്തിൽ യഹസ്‌കേൽ അറിയിച്ച പ്രാവ​ച​നി​ക​സ​ന്ദേ​ശങ്ങൾ പ്രധാ​ന​മാ​യും, യരുശ​ലേ​മി​നും അവിടത്തെ ധിക്കാ​രി​ക​ളും വിഗ്ര​ഹാ​രാ​ധ​ക​രും ആയ ജനത്തി​നും എതി​രെ​യുള്ള ന്യായ​വി​ധി​ദൂ​തു​ക​ളാ​യി​രു​ന്നു.

അധ്യാ​യങ്ങൾ 25-32

യരുശ​ലേ​മിന്‌ എതി​രെ​യുള്ള ബാബി​ലോ​ണി​ന്റെ അന്തിമ​മായ ഉപരോ​ധം തുടങ്ങിയ ബി.സി. 609 മുതൽ യഹസ്‌കേൽ അറിയിച്ച സന്ദേശം ചുറ്റു​മുള്ള ശത്രു​ജ​ന​ത​കളെ കേന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു. അമ്മോൻ, ഏദോം, ഈജി​പ്‌ത്‌, മോവാബ്‌, ഫെലി​സ്‌ത്യ, സീദോൻ, സോർ എന്നിവർക്കെ​തി​രെ​യുള്ള ന്യായ​വി​ധി​സ​ന്ദേ​ശ​ങ്ങ​ളാണ്‌ അദ്ദേഹം അറിയി​ച്ചത്‌.

അധ്യാ​യങ്ങൾ 33-48

ബി.സി. 606-ൽ, അങ്ങകലെ യരുശ​ലേ​മും അവിടത്തെ ദേവാ​ല​യ​വും തകർന്ന​ടിഞ്ഞ്‌ കിടക്കുന്ന സമയത്ത്‌, യഹസ്‌കേൽ പ്രത്യാ​ശ​യു​ടെ ഒരു ദൂത്‌ അറിയി​ച്ചു​തു​ട​ങ്ങു​ന്നു—യഹോ​വ​യു​ടെ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​മെന്ന ആവേ​ശോ​ജ്ജ്വ​ല​മായ ഒരു സന്ദേശ​മാ​യി​രു​ന്നു അത്‌.

യഹസ്‌കേൽ പുസ്‌തകം കാലാ​നു​ക്ര​മ​ത്തി​ലും വിഷയാ​നു​ക്ര​മ​ത്തി​ലും ആണെന്നാണ്‌ ഇതു കാണി​ക്കു​ന്നത്‌. ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പറയുന്ന നിരവധി പ്രവച​ന​ങ്ങൾക്കു മുമ്പാണ്‌ യരുശ​ലേ​മി​ന്റെ​യും ദേവാ​ല​യ​ത്തി​ന്റെ​യും നാശ​ത്തെ​ക്കു​റി​ച്ചുള്ള പ്രവച​നങ്ങൾ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ന്യായ​മാ​യും അത്‌ അങ്ങനെ​യാ​ണു വരേണ്ട​തും. കാരണം, ദേവാ​ല​യ​ത്തി​ലെ ആരാധന ഇല്ലാതാ​യാൽ മാത്രമേ അതിന്റെ പുനഃ​സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ചുള്ള പ്രവച​ന​ങ്ങൾക്കു പ്രസക്തി​യു​ള്ളൂ.

ഇനി, യരുശ​ലേ​മിന്‌ എതി​രെ​യുള്ള ന്യായ​വി​ധി​സ​ന്ദേ​ശ​ങ്ങൾക്കും ശുദ്ധാ​രാ​ധ​ന​യു​ടെ പുനഃ​സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ചുള്ള പ്രവച​ന​ങ്ങൾക്കും ഇടയി​ലാണ്‌, ചുറ്റു​മുള്ള ശത്രു​ജ​ന​ത​കൾക്കെ​തി​രെ​യുള്ള യഹസ്‌കേ​ലി​ന്റെ പ്രവച​നങ്ങൾ (അധ്യാ​യങ്ങൾ 25-32) കാണു​ന്നത്‌. ജനതകൾക്കെ​തി​രെ​യുള്ള യഹസ്‌കേ​ലി​ന്റെ ന്യായ​വി​ധി​സ​ന്ദേ​ശ​ങ്ങ​ളെ​ക്കു​റിച്ച്‌ ഒരു പണ്ഡിതൻ പറയുന്നു: “ദൈവ​ക്രോ​ധ​ത്തെ​ക്കു​റി​ച്ചും തന്റെ ജനത്തോ​ടു ദൈവം കാണിച്ച കരുണ​യെ​ക്കു​റി​ച്ചും ഉള്ള പ്രഖ്യാ​പ​ന​ങ്ങൾക്കി​ട​യിൽ ശത്രു​ജ​ന​ത​കൾക്കെ​തി​രെ​യുള്ള ശിക്ഷ​യെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടും ചേരും. കാരണം, ആ ശിക്ഷ ദൈവ​ജ​ന​ത്തി​ന്റെ വിമോ​ച​ന​ത്തി​ന്റെ ഒരു ഭാഗം​ത​ന്നെ​യാണ്‌.”

അധ്യായം 1-ന്റെ 18-ാം ഖണ്ഡികയിലേക്കു തിരികെ പോകുക