വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മനസ്സമാധാനം എങ്ങനെ നേടാം?

മനസ്സമാധാനം എങ്ങനെ നേടാം?

മനസ്സമാധാനം എങ്ങനെ നേടാം?

കഴിഞ്ഞ ലേഖനത്തിൽ പരാമർശിച്ച തൊറോയുടെ കാലവും നമ്മുടേതും തമ്മിൽ വളരെയേറെ വ്യത്യാസങ്ങൾ ഉണ്ട്‌. മനസ്സമാധാനം നേടാനുള്ള വഴികൾ സംബന്ധിച്ച ഉപദേശങ്ങൾക്ക്‌ ഇന്ന്‌ ഒരു ക്ഷാമവുമില്ല എന്നതാണ്‌ ഒരു വലിയ വ്യത്യാസം. മനശ്ശാസ്‌ത്രജ്ഞന്മാരും സ്വാശ്രയ പുസ്‌തകങ്ങളുടെ എഴുത്തുകാരും—വർത്തമാനപ്പത്രങ്ങളിലെ കോളമെഴുത്തുകാർ വരെ—തങ്ങളുടെ ആശയങ്ങൾ നൽകുന്നു. അവരുടെ ഉപദേശങ്ങൾ താത്‌കാലിക ആശ്വാസം പ്രദാനം ചെയ്‌തേക്കാം; എന്നാൽ, നിലനിൽക്കുന്ന ഒരു പരിഹാരത്തിന്‌ അതിലും ഈടുറ്റ ഒന്ന്‌ ആവശ്യമാണ്‌. അതാണു മുൻ ലേഖനത്തിൽ നാം പരിചയപ്പെട്ട വ്യക്തികൾ കണ്ടെത്തിയത്‌.

ആന്റോണ്യൂ, മാർക്കോസ്‌, ഗെർസോൻ, വാനീയ, മാർസെല്ലൂ എന്നിവരുടെ സാഹചര്യങ്ങളും അവർ അനുഭവിച്ച പ്രശ്‌നങ്ങളും വ്യത്യസ്‌തങ്ങളായിരുന്നു. എന്നാൽ കുറഞ്ഞപക്ഷം മൂന്നു കാര്യങ്ങളിലെങ്കിലും അവർക്കു സമാനതയുണ്ടായിരുന്നു. ഒന്നാമതായി, അവരെല്ലാവരും ഒരിക്കൽ “പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു.” (എഫെസ്യർ 2:12) രണ്ടാമതായി, അവർ മനസ്സമാധാനത്തിനായി വാഞ്‌ഛിച്ചു. മൂന്നാമതായി, യഹോവയുടെ സാക്ഷികളുമൊത്തുള്ള ബൈബിൾ പഠനം, തങ്ങൾ ആഗ്രഹിച്ച മനസ്സമാധാനം നേടാൻ അവരെയെല്ലാം സഹായിച്ചു. പഠനം പുരോഗമിച്ചപ്പോൾ ദൈവം തങ്ങളിൽ തത്‌പരനാണെന്ന്‌ അവർക്കു മനസ്സിലായി. തീർച്ചയായും പൗലൊസ്‌ തന്റെ നാളിലെ അഥേനക്കാരോടു പറഞ്ഞതുപോലെ, ദൈവം “നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ല.” (പ്രവൃത്തികൾ 17:27) ഇതു സംബന്ധിച്ച പൂർണ ബോധ്യം മനസ്സമാധാനം നേടുന്നതിൽ വലിയൊരു പങ്കുവഹിക്കുന്നു.

സമാധാനം ഇത്ര ദുർലഭമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

ലോകത്തിൽ സമാധാനം—മനസ്സമാധാനമായാലും വ്യക്തികൾക്കിടയിലെ സമാധാനമായാലും ശരി—ഇല്ലാത്തതിനു ബൈബിൾ രണ്ട്‌ അടിസ്ഥാന കാരണങ്ങൾ നൽകുന്നു. ആദ്യത്തെ കാരണം യിരെമ്യാവ്‌ 10:23-ൽ കാണാം: “മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല.” സഹായം കൂടാതെ സ്വയം വഴിനയിക്കാനുള്ള ജ്ഞാനമോ വിവേകമോ മനുഷ്യനില്ല. യഥാർഥ മൂല്യമുള്ള സഹായം പ്രദാനം ചെയ്യാൻ ദൈവത്തിനു മാത്രമേ സാധിക്കൂ. ദൈവത്തിന്റെ മാർഗനിർദേശങ്ങൾ തേടാത്ത മനുഷ്യർക്ക്‌ ഒരിക്കലും നിലനിൽക്കുന്ന സമാധാനം നേടാൻ കഴിയുകയില്ല. സമാധാനമില്ലാത്തതിന്റെ രണ്ടാമത്തെ കാരണം അപ്പൊസ്‌തലനായ യോഹന്നാന്റെ വാക്കുകളിൽ വ്യക്തമാണ്‌: “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19) ദിവ്യമാർഗനിർദേശം കൂടാതെ, സമാധാനം കൈവരുത്താനുള്ള മനുഷ്യശ്രമങ്ങളെ ‘ദുഷ്ടനും’ ശക്തനുമായ സാത്താൻ—അവൻ അദൃശ്യനാണെങ്കിലും ഒരു യഥാർഥ വ്യക്തിയാണ്‌—എപ്പോഴും തകിടംമറിക്കുന്നു.

ഈ രണ്ടു കാരണങ്ങളാൽ—ഭൂരിപക്ഷം ആളുകളും ദൈവത്തിന്റെ മാർഗനിർദേശം തേടാത്തതിനാലും ലോകത്തിൽ സാത്താൻ വളരെ പ്രവർത്തനനിരതൻ ആയിരിക്കുന്നതിനാലും—മുഴു മനുഷ്യവർഗവും ഇന്നു ശോചനീയമായ ഒരു അവസ്ഥയിലാണ്‌. “സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈററുനോവോടിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട്‌ പൗലൊസ്‌ അപ്പൊസ്‌തലൻ ഈ അവസ്ഥയെ നന്നായി വർണിച്ചു. (റോമർ 8:22) ഈ പ്രസ്‌താവനയോടു യോജിക്കാത്തവരായി ആരാണുള്ളത്‌? സമ്പന്ന രാഷ്‌ട്രങ്ങളിൽ ജീവിക്കുന്നവരായാലും ദരിദ്ര രാഷ്‌ട്രങ്ങളിൽ ജീവിക്കുന്നവരായാലും കുടുംബ പ്രശ്‌നങ്ങൾ, കുറ്റകൃത്യം, അന്യായം, വ്യക്തിത്വ ഭിന്നതകൾ, സാമ്പത്തിക അനിശ്ചിതത്വം, ഗോത്രപരവും വംശീയവുമായ വിദ്വേഷം, അടിച്ചമർത്തൽ, രോഗം എന്നിവയൊക്കെ ആളുകളുടെ മനസ്സമാധാനം കെടുത്തുന്നു.

മനസ്സമാധാനം എങ്ങനെ നേടാം

ആന്റോണ്യൂ, മാർക്കോസ്‌, ഗെർസോൻ, വാനീയ, മാർസെല്ലൂ എന്നിവർ ദൈവവചനമായ ബൈബിൾ പഠിച്ചപ്പോൾ മനസ്സിലാക്കിയ കാര്യങ്ങൾ അവരുടെ ജീവിതത്തിനു മാറ്റം വരുത്തി. അവർ തിരിച്ചറിഞ്ഞ ഒരു സംഗതി ഇന്നത്തെ ലോകാവസ്ഥകൾക്ക്‌ ഒരിക്കൽ മാറ്റംവരും എന്നതായിരുന്നു. എല്ലാം ഒടുവിൽ ശരിയാകും എന്ന വെറുമൊരു പ്രത്യാശയല്ല, മറിച്ച്‌, ദൈവത്തിനു മനുഷ്യവർഗത്തെ സംബന്ധിച്ച്‌ ഒരു ഉദ്ദേശ്യമുണ്ടെന്നും അവന്റെ ഇഷ്ടം ചെയ്‌തുകൊണ്ട്‌ ഇപ്പോൾ പോലും അതിൽനിന്നു നമുക്കു പ്രയോജനം നേടാനാകുമെന്നുമുള്ള വസ്‌തുനിഷ്‌ഠമായ യഥാർഥ വിശ്വാസമാണ്‌ അത്‌. ബൈബിളിൽനിന്നു പഠിച്ച കാര്യങ്ങൾ അവർ ജീവിതത്തിൽ ബാധകമാക്കിയപ്പോൾ അവസ്ഥകൾ മെച്ചപ്പെട്ടു. യഥാർഥ സന്തോഷവും സമാധാനവും എന്താണെന്ന്‌ അവർ അനുഭവിച്ചറിഞ്ഞു.

ആന്റോണ്യൂ ഇപ്പോൾ പ്രതിഷേധ പ്രകടനങ്ങളിലോ തൊഴിലാളിസമരങ്ങളിലോ പങ്കെടുക്കാറില്ല. അതുവഴി നേടിയെടുക്കുന്ന മാറ്റങ്ങൾ പരിമിതവും അസ്ഥിരവുമാണെന്ന്‌ ഇപ്പോൾ അദ്ദേഹത്തിന്‌ അറിയാം. ഈ മുൻ തൊഴിലാളി നേതാവ്‌ ദൈവരാജ്യത്തെ കുറിച്ചു പഠിച്ചിരിക്കുന്നു. ‘സ്വർഗസ്ഥനായ പിതാവേ’ എന്ന പ്രാർഥന (അല്ലെങ്കിൽ കർത്താവിന്റെ പ്രാർഥന) ചൊല്ലുമ്പോൾ ജനകോടികൾ ആ രാജ്യത്തിനു വേണ്ടിയാണു പ്രാർഥിക്കുന്നത്‌. ‘അങ്ങയുടെ രാജ്യം വരേണമേ’ എന്നവർ അപേക്ഷിക്കുന്നു. (മത്തായി 6:10) മനുഷ്യവർഗത്തിന്‌ യഥാർഥ സമാധാനം നൽകുന്ന ഒരു സ്വർഗീയ ഗവൺമെന്റാണു ദൈവരാജ്യമെന്നു ആന്റോണ്യൂ മനസ്സിലാക്കി.

വിവാഹവുമായി ബന്ധപ്പെട്ട്‌ ബൈബിളിൽ കാണുന്ന ബുദ്ധിയുപദേശങ്ങൾ ബാധകമാക്കാൻ മാർക്കോസ്‌ പഠിച്ചു. ആ മുൻ രാഷ്‌ട്രീയക്കാരനെയും ഭാര്യയെയും വീണ്ടും ഒന്നിപ്പിക്കാൻ ജ്ഞാനപൂർവകമായ ആ നിർദേശങ്ങൾക്കു കഴിഞ്ഞു. ഇപ്പോൾ അവർ സന്തോഷകരമായ ഒരു ജീവിതം നയിക്കുകയാണ്‌. ദൈവരാജ്യം വളരെ പെട്ടെന്നുതന്നെ അത്യാർത്തിപൂണ്ട ഈ സ്വാർഥ ലോകവ്യവസ്ഥിതിയെ മാറ്റിയിട്ട്‌ തത്‌സ്ഥാനത്ത്‌ മെച്ചപ്പെട്ട ഒന്നു സ്ഥാപിക്കുന്ന സമയത്തിനായി അദ്ദേഹവും നോക്കിപ്പാർത്തിരിക്കുന്നു. കർത്താവിന്റെ പ്രാർഥനയിലെ ‘അങ്ങയുടെ ഇഷ്ടം സ്വർഗത്തിലെ പോലെ ഭൂമിയിലും ആകേണമേ’ എന്ന വാചകത്തിന്റെ യഥാർഥ അർഥം അദ്ദേഹം മനസ്സിലാക്കി. (മത്തായി 6:10) ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ നടപ്പാക്കപ്പെടുമ്പോൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്തത്ര മെച്ചപ്പെട്ട ജീവിതം മനുഷ്യർ ആസ്വദിക്കും.

ഗെർസോന്റെ കാര്യമോ? അവൻ ഇപ്പോൾ ലക്ഷ്യമൊന്നുമില്ലാതെ ചുറ്റിക്കറങ്ങി നടക്കുകയോ മോഷ്ടിക്കുകയോ ചെയ്യുന്നില്ല. ഈ മുൻ തെരുവു ബാലന്റെ ജീവിതത്തിന്‌ അർഥം കൈവന്നിരിക്കുന്നു, എന്തുകൊണ്ടെന്നാൽ അവൻ ഇപ്പോൾ മനസ്സമാധാനം നേടാൻ മറ്റുള്ളവരെ സഹായിക്കുന്നതിനായി തന്റെ ഊർജം ചെലവഴിക്കുന്നു. ഈ അനുഭവങ്ങളെല്ലാം കാണിക്കുന്നതുപോലെ ബൈബിൾ പഠിക്കുകയും അതിലെ തത്ത്വങ്ങൾ ജീവിതത്തിൽ ബാധകമാക്കുകയും ചെയ്‌താൽ വ്യക്തികളുടെ ജീവിതത്തിൽ വളരെ നല്ല മാറ്റങ്ങൾ വരുകതന്നെ ചെയ്യും.

ഒരു പ്രക്ഷുബ്‌ധലോകത്തിൽ മനസ്സമാധാനം

ചരിത്രപുരുഷനായ യേശുക്രിസ്‌തുവാണു ദൈവോദ്ദേശ്യങ്ങൾ സാക്ഷാത്‌കരിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത്‌. യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുമ്പോൾ ആളുകൾ അവനെ കുറിച്ച്‌ വളരെയധികം കാര്യങ്ങൾ പഠിക്കുന്നു. അവൻ ജനിച്ച രാത്രിയിൽ മാലാഖമാർ ദൈവത്തിനു സ്‌തുതികൾ പാടി: “അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം.” (ലൂക്കൊസ്‌ 2:14) ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ തത്‌പരനായ ഒരു വ്യക്തിയായി യേശു വളർന്നുവന്നു. അവൻ അവരുടെ വികാരങ്ങൾ മനസ്സിലാക്കുകയും മർദിതരോടും രോഗികളോടും അസാധാരണമായ അനുകമ്പ പ്രകടമാക്കുകയും ചെയ്‌തു. മാലാഖമാരുടെ വാക്കുകൾക്കു ചേർച്ചയിൽ അവൻ സൗമ്യർക്ക്‌ ഒരളവുവരെയുള്ള മനസ്സമാധാനം ലഭിക്കുന്നതിന്‌ ഇടയാക്കി. ശുശ്രൂഷയുടെ അവസാനത്തിൽ അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു.”—യോഹന്നാൻ 14:27.

കേവലം മനുഷ്യത്വമുള്ള ഒരു വ്യക്തി മാത്രമായിരുന്നില്ല യേശു. തന്നെത്തന്നെ ഒരു ഇടയനോടും സൗമ്യരായ തന്റെ അനുഗാമികളെ ആടുകളോടും ഉപമിച്ചുകൊണ്ട്‌ അവൻ ഇങ്ങനെ പറഞ്ഞു: “അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു. ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.” (യോഹന്നാൻ 10:10, 11) ‘സ്വന്തം കാര്യം സിന്ദാബാദ്‌’ എന്ന മനോഭാവമുള്ള ഇന്നത്തെ അനേകം നേതാക്കളിൽനിന്നു വ്യത്യസ്‌തമായി യേശു തന്റെ ജീവനെ ആടുകൾക്കായി വെച്ചുകൊടുത്തു.

യേശു ചെയ്‌ത സംഗതിയിൽനിന്നു നമുക്കെങ്ങനെ പ്രയോജനം അനുഭവിക്കാൻ കഴിയും? “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‌കുവാൻ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു” എന്ന വാക്കുകൾ അനേകർക്കും പരിചിതമാണ്‌. (യോഹന്നാൻ 3:16) യേശുവിൽ വിശ്വസിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ആദ്യ പടി അവനെ കുറിച്ചും അവന്റെ പിതാവായ യഹോവയെ കുറിച്ചും പരിജ്ഞാനം നേടുക എന്നതാണ്‌. ദൈവത്തെ കുറിച്ചും യേശുക്രിസ്‌തുവിനെ കുറിച്ചുമുള്ള പരിജ്ഞാനം യഹോവയുമായുള്ള ഒരു അടുത്ത ബന്ധത്തിലേക്കു നയിക്കും. മനസ്സമാധാനം നേടാൻ അതു നമ്മെ സഹായിക്കും.

യേശു പറഞ്ഞു: “എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചുപോകയില്ല; ആരും അവയെ എന്റെ കയ്യിൽനിന്നു പിടിച്ചുപറിക്കയും ഇല്ല.” (യോഹന്നാൻ 10:26-28) എത്ര ഊഷ്‌മളവും ആശ്വാസപ്രദവുമായ വാക്കുകൾ! ഏതാണ്ട്‌ രണ്ടായിരം വർഷം മുമ്പാണ്‌ യേശു ഈ വാക്കുകൾ പറഞ്ഞതെങ്കിലും അതിന്‌ അന്ന്‌ ഉണ്ടായിരുന്ന അതേ പ്രസക്തി ഇന്നും ഉണ്ട്‌. അവൻ ഇപ്പോഴും ജീവനുള്ളവനും പ്രവർത്തനനിരതനും ആണെന്നും ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ സിംഹാസനസ്ഥ രാജാവെന്ന നിലയിൽ ഭരണം നടത്തുകയാണെന്നും ഉള്ള കാര്യം നാം ഒരിക്കലും വിസ്‌മരിച്ചു കളയരുത്‌. വർഷങ്ങൾക്കു മുമ്പ്‌ യേശു ഭൂമിയിലായിരുന്നപ്പോൾ ചെയ്‌തതുപോലെതന്നെ ഇന്നും മനസ്സമാധാനത്തിനായി വെമ്പുന്ന സൗമ്യരിൽ അവൻ താത്‌പര്യമെടുക്കുന്നു. കൂടാതെ അവൻ ഇപ്പോഴും തന്റെ ആടുകളുടെ ഇടയൻതന്നെയാണ്‌. നാം അവനെ അനുഗമിക്കുകയാണെങ്കിൽ മനസ്സമാധാനം നേടാൻ അവൻ നമ്മെ സഹായിക്കും. ഈ മനസ്സമാധാനത്തിൽ അക്രമം, യുദ്ധം, കുറ്റകൃത്യം എന്നിവയൊന്നും ഇല്ലാതെ ഭാവിയിൽ പൂർണ അളവിലുള്ള സമാധാനം ആസ്വദിക്കാൻ കഴിയും എന്ന ഉറപ്പുള്ള പ്രത്യാശയും ഉൾപ്പെട്ടിരിക്കുന്നു.

യേശു മുഖാന്തരം യഹോവ നമ്മെ സഹായിക്കും എന്ന്‌ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നതിനു വലിയ പ്രയോജനങ്ങൾ ഉണ്ട്‌. ചെറിയ കുട്ടി ആയിരുന്നപ്പോൾതന്നെ എടുത്താൽ പൊങ്ങാത്ത ഭാരം പേറേണ്ടിവന്ന വാനീയയെ ഓർമയില്ലേ. തന്നെ ദൈവം മറന്നുകളഞ്ഞെന്ന്‌ അവൾ കരുതി. എന്നാൽ ദൈവം തന്നെ ഉപേക്ഷിച്ചിട്ടില്ലെന്ന്‌ വാനീയയ്‌ക്ക്‌ ഇപ്പോൾ അറിയാം. അവൾ പറയുന്നു: “അമൂല്യമായ ഗുണങ്ങളുള്ള ഒരു യഥാർഥ വ്യക്തിയാണ്‌ ദൈവം എന്നു ഞാൻ മനസ്സിലാക്കി. നമുക്കു ജീവൻ ലഭിക്കേണ്ടതിനു ഭൂമിയിലേക്കു തന്റെ പുത്രനെ അയയ്‌ക്കാൻ അവനെ പ്രേരിപ്പിച്ചത്‌ സ്‌നേഹമായിരുന്നു. ഇത്‌ അറിയുന്നതു വളരെ പ്രധാനമാണ്‌.”

ദൈവവുമായുള്ള തന്റെ ബന്ധം യഥാർഥമാണെന്ന്‌ മാർസെല്ലൂ തറപ്പിച്ചു പറയുന്നു. ഈ മുൻ ഉല്ലാസപ്രിയൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “യുവജനങ്ങൾക്കു പലപ്പോഴും എന്തു ചെയ്യണമെന്നതിനെ കുറിച്ച്‌ നിശ്ചയമില്ല. അങ്ങനെ തങ്ങൾക്കുതന്നെ ദോഷം ചെയ്യുന്ന സംഗതികളിലേക്ക്‌ അവർ ചെന്നു ചാടുന്നു. എനിക്കു സംഭവിച്ചതുപോലെ, ചിലർ മയക്കുമരുന്നിന്‌ അടിമകളായിത്തീരുന്നു. ദൈവത്തെയും അവന്റെ പുത്രനെയും കുറിച്ചുള്ള സത്യം പഠിച്ചുകൊണ്ട്‌ എനിക്കു ലഭിച്ച അതേ അനുഗ്രഹം മറ്റനേകർക്കും ആസ്വദിക്കാൻ കഴിയട്ടെ എന്നു ഞാൻ പ്രത്യാശിക്കുന്നു.”

ബൈബിളിന്റെ ഒരു സൂക്ഷ്‌മ പഠനത്തിലൂടെ വാനീയയും മാർസെല്ലൂവും ദൈവത്തിലുള്ള ശക്തമായ വിശ്വാസവും തങ്ങളുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനു തങ്ങളെ സഹായിക്കാൻ അവൻ മനസ്സൊരുക്കമുള്ളവനാണെന്ന പൂർണ ബോധ്യവും വളർത്തിയെടുത്തു. അവരുടെ മാതൃക പിൻപറ്റുന്നെങ്കിൽ—ബൈബിൾ പഠിക്കുകയും അതിൽ പറഞ്ഞിരിക്കുന്നത്‌ ബാധകമാക്കുകയും ചെയ്യുന്നെങ്കിൽ—നമുക്കും അവരെപ്പോലെതന്നെ വലിയ അളവിലുള്ള മനസ്സമാധാനം നേടാനാകും. അപ്പൊസ്‌തലനായ പൗലൊസിന്റെ പ്രോത്സാഹജനകമായ ഈ വാക്കുകൾ നമ്മുടെ കാര്യത്തിൽ സത്യമെന്നു തെളിയും: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്‌തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശുവിങ്കൽ കാക്കും.”—ഫിലിപ്പിയർ 4:6, 7.

ഇന്ന്‌ യഥാർഥ സമാധാനം കണ്ടെത്തുന്നു

സത്യത്തിനായി ദാഹിക്കുന്ന ആളുകളെ യേശുക്രിസ്‌തു ഇന്ന്‌ ഒരു ഭൗമിക പറുദീസയിലെ നിത്യജീവനിലേക്കുള്ള പാതയിൽ വഴിനടത്തുകയാണ്‌. അവൻ അവരെ സത്യാരാധനയിലേക്കു നയിക്കവെ ബൈബിളിൽ വിവരിച്ചിരിക്കുന്നതിനു സമാനമായ സമാധാനം അവർ ആസ്വദിക്കുന്നു: “എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും.” (യെശയ്യാവു 32:18) എന്നാൽ ഭാവിയിൽ അവർ അനുഭവിക്കാനിരിക്കുന്ന സമാധാനത്തിന്റെ ഒരു പൂർവാസ്വാദനം മാത്രമാണിത്‌. നാം വായിക്കുന്നു: “എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:11, 29.

അതുകൊണ്ട്‌, ഇന്ന്‌ നമുക്കു മനസ്സമാധാനം അനുഭവിക്കാൻ കഴിയുമോ? ഉവ്വ്‌. മാത്രമല്ല, സമീപ ഭാവിയിൽത്തന്നെ മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്തതരം സമാധാനം നൽകിക്കൊണ്ട്‌ ദൈവം അനുസരണമുള്ള മനുഷ്യവർഗത്തെ അനുഗ്രഹിക്കുമെന്നും നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. അങ്ങനെയെങ്കിൽ ദൈവസമാധാനം പകർന്നുതരാൻ നിങ്ങൾക്കു യഹോവയോട്‌ അപേക്ഷിച്ചുകൂടേ? സമാധാനത്തെ കെടുത്തുന്ന പ്രശ്‌നങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ദാവീദു രാജാവിനെപോലെ പ്രാർഥിക്കുക: “എനിക്കു മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളിൽനിന്നു എന്നെ വിടുവിക്കേണമേ. എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ; എന്റെ സകലപാപങ്ങളും ക്ഷമിക്കേണമേ.” (സങ്കീർത്തനം 25:17, 18) ദൈവം അത്തരം പ്രാർഥനകൾ കേൾക്കുന്നുവെന്ന്‌ ഉറപ്പുണ്ടായിരിക്കുക. ആത്മാർഥ ഹൃദയത്തോടെ സമാധാനം കാംക്ഷിക്കുന്ന ഏവർക്കും അവൻ തൃക്കൈ നീട്ടി അതു നൽകുന്നു. സ്‌നേഹനിർഭരമായ ഈ ഉറപ്പ്‌ അവൻ നമുക്കു നൽകിയിരിക്കുന്നു: “യഹോവ, തന്നേ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു. തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.”—സങ്കീർത്തനം 145:18, 19.

[5-ാം പേജിലെ ആകർഷക വാക്യം]

സഹായം കൂടാതെ സ്വയം വഴിനയിക്കാനുള്ള ജ്ഞാനമോ വിവേകമോ മനുഷ്യനില്ല. യഥാർഥ മൂല്യമുള്ള സഹായം പ്രദാനം ചെയ്യാൻ ദൈവത്തിനു മാത്രമേ സാധിക്കൂ

[6-ാം പേജിലെ ആകർഷക വാക്യം]

ദൈവത്തെ കുറിച്ചും യേശുക്രിസ്‌തുവിനെ കുറിച്ചുമുള്ള പരിജ്ഞാനം യഹോവയുമായുള്ള ഒരു അടുത്ത ബന്ധത്തിലേക്കു നയിക്കും. മനസ്സമാധാനം നേടാൻ അതു നമ്മെ സഹായിക്കും

[7-ാം പേജിലെ ചിത്രം]

ബൈബിളിന്റെ ബുദ്ധിയുപദേശങ്ങൾ ബാധകമാക്കുമ്പോൾ സമാധാനപൂർണമായ ഒരു കുടുംബജീവിതം നയിക്കാൻ കഴിയും