വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ മറ്റു മതങ്ങളെ കുറിച്ചു സൂക്ഷ്‌മമായി പഠിക്കണമോ?

നിങ്ങൾ മറ്റു മതങ്ങളെ കുറിച്ചു സൂക്ഷ്‌മമായി പഠിക്കണമോ?

നിങ്ങൾ മറ്റു മതങ്ങളെ കുറിച്ചു സൂക്ഷ്‌മമായി പഠിക്കണമോ?

“ഞാൻ ക്രിസ്‌തീയ യോഗങ്ങളിൽ ഹാജരാകാൻ തുടങ്ങിയിട്ട്‌ ഒരു വർഷത്തോളം ആയിരുന്നു. ദൈവരാജ്യത്തെ കുറിച്ച്‌ മറ്റുള്ളവരോടു പറയുന്നത്‌ ഞാൻ ആസ്വദിക്കുകയും ചെയ്‌തിരുന്നു,” ഇപ്പോൾ യഹോവയുടെ സാക്ഷികളിൽ ഒരാളായ, തെക്കേ അമേരിക്കയിലുള്ള മിഗൽ പറയുന്നു. “പിന്നെ ഞാൻ റേഡിയോയിലെ മതപരിപാടികളും മതപ്രഭാഷകരുടെ ടെലിവിഷൻ പ്രസംഗങ്ങളും ശ്രദ്ധിക്കാൻ തുടങ്ങി. മറ്റു മതസ്ഥരെ മെച്ചമായി മനസ്സിലാക്കാൻ അത്തരം പരിപാടികൾ എന്നെ സഹായിക്കുമെന്നാണ്‌ ഞാൻ കരുതിയത്‌. അവരുടെ പഠിപ്പിക്കലുകൾ ബൈബിളിനു ചേർച്ചയിൽ അല്ലെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. എങ്കിലും അതു ശ്രദ്ധിക്കാൻ എനിക്ക്‌ അതിയായ താത്‌പര്യം തോന്നി.”

അതേ രാജ്യത്തുള്ള ഹോർഹാ സത്യാരാധനയെ കുറിച്ചു മറ്റുള്ളവരെ പഠിപ്പിക്കുന്നതിൽ തീക്ഷ്‌ണതയുള്ളവനായിരുന്നു. എന്നിരുന്നാലും, ഒരവസരത്തിൽ അദ്ദേഹവും റേഡിയോയിലെയും ടെലിവിഷനിലെയും മതപരിപാടികൾ ശ്രദ്ധിക്കാൻ തുടങ്ങി. “മറ്റുള്ളവർ എന്താണു ചിന്തിക്കുന്നതെന്നു നാം അറിയണം” എന്ന്‌ അദ്ദേഹം എപ്പോഴും പറയുമായിരുന്നു. വ്യാജ പഠിപ്പിക്കലുകൾക്കു ശ്രദ്ധകൊടുക്കുന്നതിന്റെ അപകടത്തെ കുറിച്ചു ചോദിച്ചാൽ, “ബൈബിൾ സത്യം അറിയാവുന്ന ഒരുവന്റെ വിശ്വാസത്തെ യാതൊന്നും ദുർബലമാക്കില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ അനുഭവങ്ങൾ ഒരു സുപ്രധാന ചോദ്യം ഉയർത്തുന്നു, മറ്റുള്ളവർ വിശ്വസിക്കുന്ന കാര്യങ്ങൾക്കു ശ്രദ്ധ കൊടുക്കുന്നതു ജ്ഞാനപൂർവകമാണോ?

സത്യക്രിസ്‌ത്യാനിത്വത്തെ തിരിച്ചറിയൽ

അപ്പൊസ്‌തലന്മാരുടെ മരണ ശേഷം, അനുകരണ ക്രിസ്‌ത്യാനിത്വത്തിന്റെ അനേകം രൂപങ്ങൾ പടിപടിയായി വികാസം പ്രാപിച്ചതിനെ തുടർന്ന്‌ സത്യാരാധന ദുഷിപ്പിക്കപ്പെട്ടു. ഇതു മുൻകൂട്ടി കണ്ടുകൊണ്ട്‌, ക്രിസ്‌ത്യാനിത്വത്തിന്റെ ഈ വ്യാജരൂപങ്ങളെ സത്യക്രിസ്‌ത്യാനിത്വത്തിൽനിന്നു വേർതിരിച്ച്‌ അറിയാനുള്ള ഒരു മാർഗം യേശു വെളിപ്പെടുത്തി. ആദ്യം അവൻ ഈ മുന്നറിയിപ്പു നൽകി: “കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്‌ക്കൾ ആകുന്നു.” തുടർന്ന്‌ അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം.” (മത്തായി 7:15-23) യേശുവിന്റെ യഥാർഥ അനുഗാമികൾ അവൻ പഠിപ്പിച്ച കാര്യങ്ങൾ അനുസരിക്കുന്നു. അവരുടെ നല്ല ഫലങ്ങളാൽ അവരെ എളുപ്പം തിരിച്ചറിയാനാകും. യേശുക്രിസ്‌തു ചെയ്‌തതുപോലെ, തിരുവെഴുത്തുകളിൽനിന്ന്‌ ദൈവരാജ്യത്തെ കുറിച്ചു വിശദീകരിക്കാനായി അവർ ആളുകളെ സന്ദർശിക്കുന്നു. യേശുവിന്റെ മാതൃക അനുകരിച്ചുകൊണ്ട്‌ അവർ ലോകത്തിലെ രാഷ്‌ട്രീയ-സാമൂഹിക വിവാദങ്ങളിൽനിന്ന്‌ മാറി നിൽക്കുന്നു. അവർ ബൈബിളിനെ ദൈവവചനമായി സ്വീകരിക്കുകയും അതിനെ സത്യം എന്ന നിലയിൽ ആദരിക്കുകയും ചെയ്യുന്നു. അവർ ദൈവനാമം പരസ്യപ്പെടുത്തുന്നു. ദൈവം പഠിപ്പിക്കുന്ന സ്‌നേഹം പ്രാവർത്തികമാക്കാൻ അവർ ശ്രമിക്കുന്നതു നിമിത്തം അവർ യുദ്ധങ്ങളിൽ പങ്കുപറ്റുന്നില്ല. പകരം അവർ പരസ്‌പരം സഹോദരങ്ങളെപ്പോലെ ഇടപെടുന്നു.​—⁠ലൂക്കൊസ്‌ 4:43; 10:​1-9; യോഹന്നാൻ 13:​34, 35; 17:​16, 17, 26.

തിരുവെഴുത്തുകൾ പറയുന്നത്‌ അനുസരിച്ച്‌, ‘നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുമുള്ള വ്യത്യാസം കാണാൻ’ സാധിക്കും. (മലാഖി 3:18) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെ പോലെതന്നെ ഇന്നും സത്യാരാധകർ ചിന്തയിലും പ്രവൃത്തിയിലും ഏകീകൃതരാണ്‌. (എഫെസ്യർ 4:​4-6) യഥാർഥ ക്രിസ്‌ത്യാനികളുടെ അത്തരമൊരു കൂട്ടത്തെ നിങ്ങൾ ഒരിക്കൽ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, പിന്നെയെന്തിനാണ്‌ മറ്റുള്ളവരുടെ വിശ്വാസങ്ങളെ കുറിച്ച്‌ നിങ്ങൾ അന്വേഷണ കുതുകികളോ ജിജ്ഞാസുക്കളോ ആയിരിക്കുന്നത്‌?

വ്യാജ ഉപദേഷ്ടാക്കളെ സൂക്ഷിക്കുക

ബൈബിൾ സത്യം പഠിച്ച ശേഷവും വ്യാജ പഠിപ്പിക്കലുകളാലുള്ള ആത്മീയ ദുഷിപ്പ്‌ ഉണ്ടാകാമെന്ന്‌ ബൈബിൾ പ്രസ്‌താവിക്കുന്നു. പൗലൊസ്‌ അപ്പൊസ്‌തലൻ ഈ മുന്നറിയിപ്പു നൽകി: “തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ടു ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്‌തുവിന്നു ഒത്തവണ്ണമുള്ളതല്ല.” (കൊലൊസ്സ്യർ 2:⁠8) എത്ര വ്യക്തമായ ഒരു ചിത്രമാണ്‌ ഈ വാക്യം വരച്ചുകാട്ടുന്നത്‌! നിങ്ങളെ കൊന്നുതിന്നാൻ ആഗ്രഹിക്കുന്ന വന്യമൃഗത്തെപ്പോലെ, വ്യാജ ഉപദേഷ്ടാക്കന്മാരും ഒരു യഥാർഥ അപകടമായി നിലകൊണ്ടേക്കാം.

മറ്റുള്ളവരുടെ വിശ്വാസം എന്താണെന്നു പൗലൊസ്‌ നിരീക്ഷിച്ചു എന്നതു ശരിതന്നെ. ‘അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാററിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു. ഞാൻ ചുററിനടന്നു നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോൾ “അജഞാതദേവന്നു” എന്നു എഴുത്തുള്ള ഒരു വേദിക്കല്ലു കണ്ടു’ എന്നു പറഞ്ഞുകൊണ്ടാണ്‌ ഒരിക്കൽ അവൻ ഒരു പ്രഭാഷണം ആരംഭിച്ചത്‌. (പ്രവൃത്തികൾ 17:22, 23) എന്നിരുന്നാലും, ഗ്രീക്ക്‌ വാഗ്മികളുടെ തത്ത്വചിന്തകൾകൊണ്ട്‌ പൗലൊസ്‌ നിരന്തരം തന്റെ മനസ്സു നിറച്ചില്ല.

വ്യാജമതങ്ങളുടെ ഉത്ഭവത്തെയും വിശ്വാസങ്ങളെയും കുറിച്ച്‌ അറിയുന്നതിൽ നിന്നു തികച്ചും വ്യത്യസ്‌തമായ ഒരു സംഗതിയാണ്‌ അത്തരം കാര്യങ്ങളാൽ പതിവായി പോഷിപ്പിക്കപ്പെടുന്നത്‌. * തന്റെ വചനത്തിൽ അധിഷ്‌ഠിതമായ ഉപദേശം പ്രദാനം ചെയ്യാൻ യഹോവ “വിശ്വസ്‌തനും വിവേകിയുമായ അടിമ”യെ നിയമിച്ചിട്ടുണ്ട്‌. (മത്തായി 4:4; 24:​45, NW) പൗലൊസ്‌തന്നെ ഇപ്രകാരം എഴുതി: “നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല.”​—⁠1 കൊരിന്ത്യർ 10:20-22.

ചില വ്യാജ ഉപദേഷ്ടാക്കൾ മുമ്പ്‌ സത്യ ക്രിസ്‌ത്യാനികൾ ആയിരുന്നിരിക്കാം. എന്നാൽ ഒരു ഘട്ടത്തിൽ അവർ സത്യത്തിൽനിന്നു വ്യാജത്തിലേക്കു തിരിഞ്ഞു. (യൂദാ 4, 11) ഇതു നമ്മെ അതിശയിപ്പിക്കരുത്‌. അഭിഷിക്ത ക്രിസ്‌ത്യാനികളുടെ സംഘത്തെ പ്രതിനിധാനം ചെയ്യുന്ന “വിശ്വസ്‌തനും വിവേകിയുമായ അടിമ”യെ കുറിച്ച്‌ പറഞ്ഞ ശേഷം യേശു, “യജമാനൻ വരുവാൻ താമസിക്കുന്നു” എന്നു പരാതി പറയുകയും കൂട്ടുദാസന്മാരെ അടിക്കാൻ തുടങ്ങുകയും ചെയ്യുന്ന “ദുഷ്ടദാസ”നെ കുറിച്ചു പറഞ്ഞു. (മത്തായി 24:48, 49) മിക്കപ്പോഴും ഇത്തരം വ്യക്തികൾക്കും അവരുടെ അനുഗാമികൾക്കും തങ്ങളുടേതായി വ്യക്തമായ യാതൊരു പഠിപ്പിക്കലുകളും ഇല്ല. മറ്റുള്ളവരുടെ വിശ്വാസം തകർക്കുന്നതിൽ മാത്രമാണ്‌ അവർക്കു താത്‌പര്യം. അവരെ കുറിച്ചു യോഹന്നാൻ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “ ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; ​അവന്നു കുശലം പറകയും അരുതു.”​—⁠2 യോഹന്നാൻ 10; 2 കൊരിന്ത്യർ 11:3, 4, 13-15.

സത്യം അന്വേഷിക്കുന്ന ആത്മാർഥരായ ആളുകൾ വ്യത്യസ്‌ത മതങ്ങളിൽനിന്നു തങ്ങൾ കേൾക്കുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവം പരിചിന്തിക്കേണ്ടതാണ്‌. കാലക്രമത്തിൽ ദൈവം അവരെ അനുഗ്രഹിക്കും. ദൈവിക ജ്ഞാനത്തെ കുറിച്ചു ബൈബിൾ ഇപ്രകാരം പറയുന്നു: ‘അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ, നീ ദൈവപരിജ്ഞാനം കണ്ടെത്തും.’ (സദൃശവാക്യങ്ങൾ 2:4, 5) ബൈബിളിലൂടെയും ക്രിസ്‌തീയ സഭയിലൂടെയും ഈ ദൈവപരിജ്ഞാനം കണ്ടെത്തുകയും ആ പരിജ്ഞാനത്താൽ നയിക്കപ്പെടുന്നവരെ യഹോവ എങ്ങനെ അനുഗ്രഹിക്കുന്നുവെന്നു കാണുകയും ചെയ്‌തിരിക്കുന്ന സത്യക്രിസ്‌ത്യാനികൾ വ്യാജ മതപഠിപ്പിക്കലുകൾ ശ്രദ്ധിക്കുന്നതിൽ തുടരുന്നില്ല.​—⁠2 തിമൊഥെയൊസ്‌ 3:⁠14.

[അടിക്കുറിപ്പ്‌]

^ ഖ. 10 വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി പ്രസിദ്ധീകരിച്ച, ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്‌) പുസ്‌തകം ലോകത്തിലെ അനേകം മതങ്ങളുടെ പശ്ചാത്തലത്തെയും പഠിപ്പിക്കലുകളെയും കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ പ്രദാനം ചെയ്യുന്നു.