വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ പരിശുദ്ധാത്മാവിനെ എന്റെ വ്യക്തിഗത സഹായി ആക്കിയിരിക്കുന്നുവോ?

ഞാൻ പരിശുദ്ധാത്മാവിനെ എന്റെ വ്യക്തിഗത സഹായി ആക്കിയിരിക്കുന്നുവോ?

ഞാൻ പരിശുദ്ധാത്മാവിനെ എന്റെ വ്യക്തിഗത സഹായി ആക്കിയിരിക്കുന്നുവോ?

ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ കുറിച്ച്‌ ദൈവശാസ്‌ത്രജ്ഞന്മാരുടെ ഇടയിൽ പോലും പലപല ആശയങ്ങളാണ്‌ ഉള്ളത്‌. അപ്പോൾപ്പിന്നെ സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ. എന്നാൽ, അത്തരം അനിശ്ചിതത്വത്തിന്റെയൊന്നും യാതൊരു ആവശ്യവുമില്ല. കാരണം, പരിശുദ്ധാത്മാവ്‌ എന്താണെന്നു ബൈബിൾ വ്യക്തമായി വിശദീകരിക്കുന്നു. ചിലർ പറയുന്നതുപോലെ അത്‌ ഒരു വ്യക്തിയല്ല, മറിച്ച്‌ തന്റെ ഹിതം നിർവഹിക്കാൻ ദൈവം ഉപയോഗിക്കുന്ന പ്രവർത്തനനിരതമായ ശക്തിയാണ്‌.—സങ്കീർത്തനം 104:​30, NW; പ്രവൃത്തികൾ 2:33; 4:31; 2 പത്രൊസ്‌ 1:⁠21.

പരിശുദ്ധാത്മാവ്‌ ദൈവോദ്ദേശ്യങ്ങളുടെ നിവൃത്തിയുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നതിനാൽ, നമ്മുടെ ജീവിതം അതിനോടു യോജിപ്പിൽ ആയിരിക്കാൻ നാം ആഗ്രഹിക്കണം. അതു നമ്മുടെ വ്യക്തിഗത സഹായി ആയിരിക്കാൻ നാം ആഗ്രഹിക്കണം.

ഒരു സഹായി​—⁠എന്തിന്‌?

ഭൂമി വിട്ടുപോകുന്നതിനു മുമ്പ്‌, യേശു ശിഷ്യന്മാർക്ക്‌ ഈ ഉറപ്പു നൽകി: “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ . . . മറെറാരു കാര്യസ്ഥനെ [“സഹായിയെ,” NW] എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.” യേശു ഇങ്ങനെയും പറഞ്ഞു: “എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ [“സഹായി,” NW] നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും.”​—⁠യോഹന്നാൻ 14:16, 17; 16:⁠7.

പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ട്‌ യേശു ഗൗരവമായ ഒരു നിയമനം തന്റെ ശിഷ്യന്മാർക്കു നൽകി: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:19, 20) അത്‌ അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. കാരണം, എതിർപ്പിൻ മധ്യേ വേണമായിരുന്നു ആ നിയമനം നിറവേറ്റാൻ.​—⁠മത്തായി 10:22, 23.

പുറത്തുനിന്നുള്ള എതിർപ്പിനു പുറമേ, സഭയ്‌ക്കുള്ളിലും ചില ഉരസലുകൾ ഉണ്ടാകുമായിരുന്നു. പൊ.യു. 56-നോടടുത്ത്‌ പൗലൊസ്‌ റോമിലെ ക്രിസ്‌ത്യാനികൾക്ക്‌ എഴുതി: “സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിൻ.” (റോമർ 16:17, 18) അപ്പൊസ്‌തലന്മാരുടെ മരണശേഷം ആ അവസ്ഥ ഒന്നുകൂടി വഷളാകുമായിരുന്നു. പൗലൊസ്‌ ഈ മുന്നറിയിപ്പു നൽകി: “ഞാൻ പോയ ശേഷം ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്‌ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്‌താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേല്‌ക്കും.”​—⁠പ്രവൃത്തികൾ 20:29, 30.

ആ പ്രതിബന്ധങ്ങളെ മറികടക്കുന്നതിന്‌ ദൈവത്തിന്റെ സഹായം അത്യന്താപേക്ഷിതമായിരുന്നു. അവൻ യേശുവിലൂടെ ആ സഹായം നൽകി. യേശുവിന്റെ പുനരുത്ഥാനശേഷം, പൊ.യു. 33-ലെ പെന്തെക്കൊസ്‌തു നാളിൽ അവന്റെ 120-ഓളം അനുഗാമികൾ “പരിശുദ്ധാത്മാവു നിറഞ്ഞവരായി”ത്തീർന്നു.​—⁠പ്രവൃത്തികൾ 1:15; 2:⁠4.

ആ അവസരത്തിൽ പകരപ്പെട്ട പരിശുദ്ധാത്മാവാണ്‌ യേശു വാഗ്‌ദാനം ചെയ്‌ത സഹായം എന്ന്‌ ആ ശിഷ്യന്മാർ തിരിച്ചറിഞ്ഞു. അവർ അപ്പോൾ, യേശു നൽകിയ അടയാളം ഏറെ മെച്ചമായി മനസ്സിലാക്കി എന്നതിനു സംശയമില്ല: “പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ [“സഹായി,” NW] നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (യോഹന്നാൻ 14:​26) ‘സത്യാത്മാവാ’യ അതിനെ ‘സഹായി’ എന്നും അവൻ വിളിച്ചു.​—⁠യോഹന്നാൻ 15:⁠26, NW.

ആത്മാവ്‌ സഹായി ആയിരിക്കുന്നത്‌ എങ്ങനെ?

ആത്മാവ്‌ നിരവധി വിധങ്ങളിൽ ഒരു സഹായിയായി വർത്തിക്കുമായിരുന്നു. ഒന്നാമത്‌, താൻ പറഞ്ഞ കാര്യങ്ങൾ അത്‌ ശിഷ്യന്മാരെ ഓർമപ്പെടുത്തുമെന്ന്‌ യേശു വാഗ്‌ദാനം ചെയ്‌തു. അവന്റെ വാക്കുകൾ ഓർത്തിരിക്കാൻ സഹായിക്കുന്നതിനെ മാത്രമല്ല അവൻ അതിനാൽ അർഥമാക്കിയത്‌. മറിച്ച്‌, അവൻ പഠിപ്പിച്ച കാര്യങ്ങളുടെ ആഴമായ അർഥവും പ്രാധാന്യവും ഗ്രഹിക്കാനും ആത്മാവ്‌ അവരെ സഹായിക്കുമായിരുന്നു. (യോഹന്നാൻ 16:12-14) ചുരുക്കത്തിൽ, ആത്മാവ്‌ ശിഷ്യന്മാരെ സത്യത്തിന്റെ മെച്ചമായ ഒരു ഗ്രാഹ്യത്തിലേക്കു നയിക്കുമായിരുന്നു. അപ്പൊസ്‌തലനായ പൗലൊസ്‌ പിൽക്കാലത്ത്‌ ഇപ്രകാരം എഴുതി: “നമുക്കോ ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.” (1 കൊരിന്ത്യർ 2:10) യേശുവിന്റെ അഭിഷിക്ത അനുഗാമികൾ മറ്റുള്ളവർക്ക്‌ അറിവു പകർന്നുകൊടുക്കണമെങ്കിൽ അവർക്കുതന്നെ നല്ല ഗ്രാഹ്യം ഉണ്ടായിരിക്കേണ്ടിയിരുന്നു.

രണ്ടാമത്‌, യേശു ശിഷ്യന്മാരെ പ്രാർഥിക്കാൻ പഠിപ്പിക്കുകയും കൂടെക്കൂടെ പ്രാർഥിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. എന്തു പ്രാർഥിക്കണം എന്ന്‌ അവർക്കു തിട്ടമില്ലാതിരിക്കുമ്പോൾ, ആത്മാവ്‌ അവർക്കു വേണ്ടി അപേക്ഷിക്കുകയോ അവരെ സഹായിക്കുകയോ ചെയ്യുമായിരുന്നു. “അവ്വണ്ണം തന്നേ ആത്മാവു നമ്മുടെ ബലഹീനതെക്കു തുണനില്‌ക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു.”​—⁠റോമർ 8:⁠26.

മൂന്നാമത്‌, സത്യത്തിനു വേണ്ടി പരസ്യമായി വാദിക്കുന്നതിൽ ആത്മാവ്‌ യേശുവിന്റെ ശിഷ്യന്മാരെ സഹായിക്കുമായിരുന്നു. അവൻ അവർക്ക്‌ ഈ മുന്നറിയിപ്പു നൽകി: “അവർ നിങ്ങളെ ന്യായാധിപസഭകളിൽ ഏല്‌പിക്കയും തങ്ങളുടെ പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ടു അടിക്കയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കുംമുമ്പിൽ കൊണ്ടുപോകയും ചെയ്യും; അതു അവർക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും. എന്നാൽ നിങ്ങളെ ഏല്‌പിക്കുമ്പോൾ എങ്ങിനെയോ എന്തോ പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറവാനുള്ളതു ആ നാഴികയിൽ തന്നേ നിങ്ങൾക്കു ലഭിക്കും. പറയുന്നതു നിങ്ങൾ അല്ല, നിങ്ങളിൽ പറയുന്ന നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ.”​—⁠മത്തായി 10:17-20.

പരിശുദ്ധാത്മാവ്‌ ക്രിസ്‌തീയ സഭയെ തിരിച്ചറിയാൻ സഹായിക്കുകയും ജ്ഞാനപൂർവകമായ വ്യക്തിഗത തീരുമാനങ്ങൾ കൈക്കൊള്ളാൻ അതിന്റെ അംഗങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. ഈ രണ്ടു വശങ്ങളെ കുറിച്ചു നമുക്കു കൂടുതലായി ചർച്ച ചെയ്യുകയും നമ്മെ സംബന്ധിച്ചിടത്തോളം അവയ്‌ക്കുള്ള പ്രാധാന്യം കാണുകയും ചെയ്യാം.

ഒരു തിരിച്ചറിയിക്കൽ അടയാളമായി വർത്തിക്കുന്നു

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത എന്ന നിലയിൽ യഹൂദന്മാർ നൂറ്റാണ്ടുകളോളം ന്യായപ്രമാണത്തിൻ കീഴിലായിരുന്നു. എന്നാൽ, അവർ മിശിഹായെ തള്ളിക്കളഞ്ഞതിനാൽ, താമസിയാതെ ദൈവം അവരെയും തള്ളിക്കളയുമെന്ന്‌ യേശു മുൻകൂട്ടി പറഞ്ഞു: ‘“വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ? അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.’ (മത്തായി 21:42, 43) പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ ക്രിസ്‌തീയ സഭ സ്ഥാപിതമായതോടെ, ക്രിസ്‌തുവിന്റെ അനുഗാമികൾ ‘ഫലം കൊടുക്കുന്ന ആ ജനത’ ആയിത്തീർന്നു. അന്നു മുതൽ ആ സഭ ആശയവിനിമയത്തിനുള്ള ദൈവത്തിന്റെ സരണിയായി വർത്തിച്ചു. ക്രിസ്‌തീയ സഭയിലേക്കുള്ള ദിവ്യാംഗീകാരത്തിന്റെ ഈ മാറ്റം തിരിച്ചറിയാൻ ആളുകളെ സഹായിക്കുന്നതിനു ദൈവം സംശയമറ്റ ഒരു തിരിച്ചറിയിക്കൽ അടയാളം നൽകി.

പെന്തെക്കൊസ്‌തു നാളിൽ, തങ്ങൾ ഒരിക്കലും പഠിച്ചിട്ടില്ലാത്ത ഭാഷകളിൽ സംസാരിക്കാൻ പരിശുദ്ധാത്മാവ്‌ ശിഷ്യന്മാരെ പ്രാപ്‌തരാക്കി. “ഈ സംസാരിക്കുന്നവർ എല്ലാം ഗലീലക്കാർ അല്ലയോ?” എന്ന്‌ കാഴ്‌ചക്കാർ വിസ്‌മയത്തോടെ ചോദിക്കാൻ അത്‌ ഇടയാക്കി. (പ്രവൃത്തികൾ 2:7, 8) അറിഞ്ഞുകൂടാത്ത ഭാഷകളിൽ സംസാരിക്കാനുള്ള കഴിവും ‘അപ്പൊസ്‌തലന്മാരാൽ ഏറിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്ന’തും ദൈവാത്മാവിന്റെ പ്രവർത്തനം തിരിച്ചറിയാൻ മൂവായിരത്തോളം പേരെ സഹായിച്ചു.​—⁠പ്രവൃത്തികൾ 2:41, 43.

കൂടാതെ, ‘ആത്മാവിന്റെ ഫലം’​—⁠സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്‌തത, സൗമ്യത, ഇന്ദ്രിയജയം​—⁠പുറപ്പെടുവിച്ചതിലൂടെയും ക്രിസ്‌തുവിന്റെ ശിഷ്യന്മാർ ദൈവത്തിന്റെ ദാസന്മാരായി വ്യക്തമായും തിരിച്ചറിയിക്കപ്പെട്ടു. (ഗലാത്യർ 5:22, 23) വാസ്‌തവത്തിൽ, ശ്രദ്ധേയമായ അടയാളമെന്ന നിലയിൽ സ്‌നേഹം യഥാർഥ ക്രിസ്‌തീയ സഭയെ തിരിച്ചറിയിച്ചു. യേശു ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.”​—⁠യോഹന്നാൻ 13:34, 35.

ആദിമ ക്രിസ്‌തീയ സഭയിലെ അംഗങ്ങൾ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പു സ്വീകരിക്കുകയും അതിന്റെ സഹായം പ്രയോജനപ്പെടുത്തുകയും ചെയ്‌തു. ദൈവം ഒന്നാം നൂറ്റാണ്ടിലേതു പോലെ ഇക്കാലത്ത്‌ മരിച്ചവരെ ഉയിർപ്പിക്കുകയോ അത്ഭുതങ്ങൾ പ്രവർത്തിക്കുകയോ ചെയ്യുന്നില്ലെന്നു ക്രിസ്‌ത്യാനികൾ തിരിച്ചറിയുന്നു. എന്നാൽ ക്രിസ്‌തുവിന്റെ യഥാർഥ ശിഷ്യന്മാരായി തങ്ങളെ തിരിച്ചറിയിക്കുന്ന ദൈവാത്മാവിന്റെ ഫലം പുറപ്പെടുവിക്കാൻ അവർ ശ്രമിക്കുന്നു.​—⁠1 കൊരിന്ത്യർ 13:⁠8.

വ്യക്തിപരമായ തീരുമാനങ്ങളിൽ ഒരു സഹായി

പരിശുദ്ധാത്മാവിന്റെ ഒരു ഉത്‌പന്നമാണു ബൈബിൾ. നമ്മുടെ വഴികാട്ടി ആയിരിക്കാൻ നാം അതിനെ അനുവദിക്കുമ്പോൾ, ഫലത്തിൽ നാം പരിശുദ്ധാത്മാവിനാൽ പ്രബോധിപ്പിക്കപ്പെടുകയാണ്‌. (2 തിമൊഥെയൊസ്‌ 3:16, 17) ജ്ഞാനപൂർവം തീരുമാനങ്ങൾ കൈക്കൊള്ളാൻ അതിനു നമ്മെ സഹായിക്കാനാകും. എന്നാൽ നാം അതിന്‌ അനുവദിക്കുന്നുവോ?

നാം ജോലി തിരഞ്ഞെടുക്കുന്നതു സംബന്ധിച്ചെന്ത്‌? സ്വീകരിക്കാൻ പോകുന്ന ജോലിയെ യഹോവയുടെ കാഴ്‌ചപ്പാടിൽനിന്നു വീക്ഷിക്കാൻ പരിശുദ്ധാത്മാവ്‌ നമ്മെ സഹായിക്കും. നാം ചെയ്യുന്ന ജോലി തീർച്ചയായും ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ ഉള്ളതായിരിക്കണം. അത്‌ ദിവ്യാധിപത്യ ലാക്കുകളിൽ എത്തിച്ചേരാൻ നമ്മെ സഹായിക്കുന്നതാണെങ്കിൽ ഏറെ നന്ന്‌. ശമ്പളവും ജോലിയോടു ബന്ധപ്പെട്ട പെരുമയും അന്തസ്സുമൊക്കെ വാസ്‌തവത്തിൽ പ്രാധാന്യം കുറഞ്ഞ കാര്യങ്ങളാണ്‌. ഒരു ജോലി ജീവിതത്തിലെ അവശ്യ കാര്യങ്ങൾ നിറവേറ്റാൻ നമ്മെ സഹായിക്കുകയും നമ്മുടെ ക്രിസ്‌തീയ കടമകൾ നിർവഹിക്കാൻ ആവശ്യമായ സമയവും അവസരവും നൽകുകയും ചെയ്യുന്നുണ്ടോ എന്നതാണ്‌ ഏറെ പ്രധാനം.

ജീവിതം ആസ്വദിക്കാനുള്ള ആഗ്രഹം സ്വാഭാവികവും ഉചിതവുമാണ്‌. (സഭാപ്രസംഗി 2:24; 11:9) അതുകൊണ്ട്‌, സമനിലയുള്ള ഒരു ക്രിസ്‌ത്യാനി നവോന്മേഷത്തിനും ആസ്വാദനത്തിനും വേണ്ടി ഉല്ലാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ടേക്കാം. എന്നാൽ അയാൾ തിരഞ്ഞെടുക്കുന്ന വിനോദം ദൈവാത്മാവിന്റെ ഫലത്തെ പ്രകടിപ്പിക്കുന്നത്‌ ആയിരിക്കണം, ‘ജഡത്തിന്റെ പ്രവൃത്തികൾ’ അടങ്ങിയത്‌ ആകരുത്‌. പൗലൊസ്‌ ഇങ്ങനെ വിശദീകരിക്കുന്നു: “ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്‌കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു.” മാത്രമല്ല, നാം “അന്യോന്യം പോരിന്നു വിളിച്ചും [“മത്സരം ഇളക്കിവിട്ടും,” NW] അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ” ആകാതിരിക്കുകയും വേണം.​—⁠ഗലാത്യർ 5:16-26.

സ്‌നേഹിതരെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഇതേ തത്ത്വം ബാധകമാണ്‌. ബാഹ്യമായ പ്രകൃതമോ സ്വത്തുക്കളോ നോക്കിയല്ല, മറിച്ച്‌ ആത്മീയത കണക്കിലെടുത്തു വേണം നാം സ്‌നേഹിതരെ തിരഞ്ഞെടുക്കാൻ. ദാവീദ്‌ ദൈവത്തിന്റെ സ്‌നേഹിതനായിരുന്നു. കാരണം, ദൈവം അവനെ ‘തനിക്കു ബോധിച്ച പുരുഷൻ’ എന്നു വിളിക്കുകയുണ്ടായി. (പ്രവൃത്തികൾ 13:22) ഇസ്രായേലിന്റെ രാജാവായി ദാവീദിനെ ദൈവം തിരഞ്ഞെടുത്തത്‌ ബാഹ്യമായ പ്രകൃതത്തെ അടിസ്ഥാനമാക്കിയല്ല. മറിച്ച്‌, പിൻവരുന്ന തത്ത്വം കണക്കിലെടുത്തുകൊണ്ടാണ്‌: “മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.”​—⁠1 ശമൂവേൽ 16:⁠7.

ബാഹ്യമായ പ്രകൃതത്തിലോ സമ്പത്തിലോ അധിഷ്‌ഠിതമായിരുന്നതിനാൽ, ആയിരക്കണക്കിനു സുഹൃദ്‌ബന്ധങ്ങൾ തകർന്നുപോയിട്ടുണ്ട്‌. അനിശ്ചിതമായ സമ്പത്തിൽ അധിഷ്‌ഠിതമായ സുഹൃദ്‌ബന്ധങ്ങൾ പെട്ടെന്ന്‌ അവസാനിച്ചേക്കാം. (സദൃശവാക്യങ്ങൾ 14:20) സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ, യഹോവയെ സേവിക്കാൻ നമ്മെ സഹായിക്കുന്നവരെയാണ്‌ നാം തിരഞ്ഞെടുക്കേണ്ടതെന്നു ദൈവാത്മ-നിശ്വസ്‌തമായ അവന്റെ വചനം പറയുന്നു. കൊടുക്കുന്നത്‌ കൂടുതൽ സന്തുഷ്ടി കൈവരുത്തുന്നതിനാൽ, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അതു നമ്മോടു പറയുന്നു. (പ്രവൃത്തികൾ 20:35) നമ്മുടെ സ്‌നേഹിതർക്കു വേണ്ടി നമുക്കു നൽകാൻ കഴിയുന്ന ഏറ്റവും വിലപ്പെട്ട സംഗതികളിൽ പെടുന്നു സമയവും വാത്സല്യവും.

ഒരു വിവാഹ ഇണയെ അന്വേഷിക്കുന്ന ഒരു ക്രിസ്‌ത്യാനിക്ക്‌ ബൈബിൾ ദൈവാത്മ-നിശ്വസ്‌തമായ ബുദ്ധിയുപദേശം നൽകുന്നു. ഒരു അർഥത്തിൽ അത്‌ ഇങ്ങനെ പറയുന്നു: ‘മുഖവും രൂപവും മാത്രമല്ല കാൽപ്പാദങ്ങൾ കൂടി നോക്കുക.’ കാൽപ്പാദങ്ങളോ? അതേ, ഈ അർഥത്തിൽ: സുവാർത്ത പ്രസംഗിക്കുകയെന്ന യഹോവയുടെ വേല നിർവഹിക്കാൻ അവ ഉപയോഗിക്കുന്നുവോ, അതുവഴി അവ ദൈവദൃഷ്ടിയിൽ മനോഹരമാണോ? അവ സത്യത്തിന്റെ സന്ദേശവും സമാധാന സുവാർത്തയും അണിഞ്ഞവ ആണോ? നാം ബൈബിളിൽ ഇപ്രകാരം വായിക്കുന്നു: “സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!”​—⁠യെശയ്യാവു 52:7; എഫെസ്യർ 6:⁠15.

‘അന്ത്യകാലത്തെ ദുർഘടസമയങ്ങളിൽ’ ജീവിക്കുന്നതിനാൽ, ദൈവഹിതം ചെയ്യുന്നതിൽ നമുക്കു സഹായം ആവശ്യമാണ്‌. (2 തിമൊഥെയൊസ്‌ 3:1) യേശു വാഗ്‌ദാനം ചെയ്‌ത സഹായിയായ ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളുടെ വേലയെ ശക്തമായി പിന്താങ്ങുകയും അവർക്ക്‌ ഒരു വ്യക്തിഗത സഹായിയായി വർത്തിക്കുകയും ചെയ്‌തു. പരിശുദ്ധാത്മാവിനെ നമ്മുടെ വ്യക്തിഗത സഹായി ആക്കാൻ കഴിയുന്ന ഒരു പ്രധാന മാർഗം, പരിശുദ്ധാത്മാവിന്റെ ഉത്‌പന്നമായ ദൈവവചനം ഉത്സാഹത്തോടെ പഠിക്കുന്നതാണ്‌. നാം അങ്ങനെ ചെയ്യുന്നുവോ?

[23-ാം പേജിലെ ചിത്രം]