വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹാസ്‌മോനേയരും—അവരുടെ പൈതൃകവും

ഹാസ്‌മോനേയരും—അവരുടെ പൈതൃകവും

ഹാസ്‌മോനേയരും—അവരുടെ പൈതൃകവും

യേശു ഭൂമിയിൽ ജീവിച്ചിരുന്ന കാലത്ത്‌ യഹൂദ മതത്തിൽ കക്ഷിപിരിവുകൾ ഉണ്ടായിരുന്നു. ആ കക്ഷികൾ ഓരോന്നും ജനങ്ങളുടെ മേലുള്ള സ്വാധീനത്തിനായി മത്സരിച്ചിരുന്നു. സുവിശേഷ വിവരണങ്ങളും ഒന്നാം നൂറ്റാണ്ടിലെ യഹൂദ ചരിത്രകാരനായ ജോസീഫസിന്റെ എഴുത്തുകളും വായിക്കുമ്പോൾ നമുക്കു കിട്ടുന്ന ചിത്രം അതാണ്‌.

ആ കാലത്ത്‌ പരീശന്മാർക്കും സദൂക്യർക്കും പൊതുജനങ്ങളുടെ മേൽ വളരെയധികം സ്വാധീനം ഉണ്ടായിരുന്നതായി കാണപ്പെടുന്നു. യേശുവിനെ മിശിഹായായി സ്വീകരിക്കുന്നതിൽനിന്ന്‌ ജനങ്ങളെ തടയാൻ പോലും അവർക്കു കഴിഞ്ഞു. (മത്തായി 15:​1, 2; 16:1; യോഹന്നാൻ 11:​47, 48; 12:​42, 43) എന്നിരുന്നാലും എബ്രായ തിരുവെഴുത്തുകളിൽ ഒരിടത്തും ഈ രണ്ടു പ്രബല സമൂഹങ്ങളെ കുറിച്ചുള്ള പരാമർശം ഇല്ല.

പൊ.യു.മു. രണ്ടാം നൂറ്റാണ്ടിനെ കുറിച്ചുള്ള ചരിത്ര വിവരണങ്ങളിലാണ്‌ ജോസീഫസ്‌ ആദ്യമായി പരീശന്മാരെയും സദൂക്യരെയും കുറിച്ചു പരാമർശിക്കുന്നത്‌. അനേകം യഹൂദന്മാർ യവന സംസ്‌കാരത്തിനും തത്ത്വചിന്തയ്‌ക്കും വശംവദരായിക്കൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്‌. സെല്യൂസിഡ്‌ ഭരണാധികാരികൾ യെരൂശലേമിലെ ആലയം അശുദ്ധമാക്കുകയും അത്‌ സീയൂസിന്‌ സമർപ്പിക്കുകയും ചെയ്‌തപ്പോൾ യഹൂദ-യവന സംസ്‌കാരങ്ങൾക്കിടയിൽ നിലനിന്നിരുന്ന സംഘർഷാവസ്ഥ അതിന്റെ പാരമ്യത്തിൽ എത്തി. ഹാസ്‌മോനേയർ എന്നറിയപ്പെട്ടിരുന്ന ഒരു കുടുംബത്തിൽ പെട്ട യൂദാസ്‌ മക്കബായൻ എന്ന ഊർജസ്വലനായ യഹൂദ നേതാവ്‌ ഒരു വിപ്ലവത്തിനു നേതൃത്വം നൽകുകയും ആലയം ഗ്രീക്കുകാരുടെ കൈയിൽനിന്നു തിരിച്ചു പിടിക്കുകയും ചെയ്‌തു. *

മക്കബായ വിപ്ലവത്തെയും ജയത്തെയും തുടർന്നുള്ള വർഷങ്ങളിൽ വ്യത്യസ്‌ത പ്രത്യയശാസ്‌ത്രങ്ങളുടെ അടിസ്ഥാനത്തിൽ പല വിഭാഗങ്ങളായി തിരിയാനുള്ള ഒരു ചായ്‌വ്‌ യഹൂദ ജനതയുടെ ഇടയിൽ രൂപംകൊണ്ടു. എത്രയും കൂടുതൽ പേരെ തങ്ങളുടെ പക്ഷത്തു ചേർക്കാനായി ഓരോ വിഭാഗവും മത്സരിച്ചു. എന്നാൽ ഇത്തരമൊരു ചായ്‌വ്‌ വളർന്നു വരാനുള്ള കാരണം എന്തായിരുന്നു? യഹൂദമതം ഇത്രയധികം വിഭജിതമായിത്തീർന്നത്‌ എന്തുകൊണ്ട്‌? ഹാസ്‌മോനേയരുടെ ചരിത്രം പരിശോധിച്ചുകൊണ്ട്‌ നമുക്ക്‌ ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്താം.

സ്വാതന്ത്ര്യം വർധിക്കുന്നു, ഒപ്പം അനൈക്യവും

യഹോവയുടെ ആലയത്തിൽ ആരാധന പുനഃസ്ഥാപിക്കുക എന്ന മതപരമായ ലക്ഷ്യം നേടിക്കഴിഞ്ഞപ്പോൾ യൂദാസ്‌ മക്കബായന്റെ ശ്രദ്ധ രാഷ്‌ട്രീയത്തിലേക്കു തിരിഞ്ഞു. അതിന്റെ ഫലമായി പല യഹൂദന്മാരും അദ്ദേഹത്തെ അനുഗമിക്കുന്നതു നിറുത്തി. എന്നിരുന്നാലും, അദ്ദേഹം സെല്യൂസിഡ്‌ ഭരണാധികാരികൾക്ക്‌ എതിരെയുള്ള പോരാട്ടം തുടർന്നു. അദ്ദേഹം റോമുമായി ഉടമ്പടി ചെയ്യുകയും ഒരു സ്വതന്ത്ര യഹൂദ രാജ്യം സ്ഥാപിക്കാനായി പരിശ്രമിക്കുകയും ചെയ്‌തു. യൂദാസ്‌ യുദ്ധത്തിൽ മരണമടഞ്ഞതിനു ശേഷം അദ്ദേഹത്തിന്റെ സഹോദരന്മാരായ യോനാഥാനും ശിമയോനും പോരാട്ടം തുടർന്നു. ആദ്യം സെല്യൂസിഡ്‌ ഭരണാധികാരികൾ മക്കബായരെ വളരെ ശക്തമായി എതിർത്തു. എന്നാൽ പിന്നീട്‌ അവർ രാഷ്‌ട്രീയ വിട്ടുവീഴ്‌ചകൾക്കു തയ്യാറാകുകയും ഹാസ്‌മോനേയ സഹോദരന്മാർക്ക്‌ ഒരു അളവുവരെയുള്ള സ്വയംഭരണം അനുവദിച്ചു കൊടുക്കുകയും ചെയ്‌തു.

ഹാസ്‌മോനേയർ പുരോഹിത വംശത്തിൽ പെട്ടവർ ആയിരുന്നെങ്കിലും അവരിൽ ആരും അന്നേവരെ മഹാപുരോഹിത സ്ഥാനത്തു സേവിച്ചിരുന്നില്ല. ശലോമോൻ മഹാപുരോഹിതനായി നിയമിച്ച സാദോക്കിന്റെ വംശത്തിൽ പെട്ടവരാണ്‌ ആ സ്ഥാനം അലങ്കരിക്കേണ്ടതെന്ന്‌ പല യഹൂദന്മാരും കരുതിയിരുന്നു. (1 രാജാക്കന്മാർ 2:35; യെഹെസ്‌കേൽ 43:19) തന്നെ മഹാപുരോഹിതനായി നിയമിക്കാൻ ബലവും നയവും ഉപയോഗിച്ച്‌ യോനാഥാൻ സെല്യൂസിഡ്‌ ഭരണാധികാരികളെ പ്രേരിപ്പിച്ചു. എന്നാൽ യോനാഥാന്റെ മരണശേഷം അദ്ദേഹത്തിന്റെ സഹോദരനായ ശിമയോൻ കൂടുതൽ നേട്ടങ്ങൾ കൈവരിച്ചു. പൊ.യു.മു. 140 സെപ്‌റ്റംബറിൽ ഗ്രീക്കുകാരുടെ രീതി അനുസരിച്ച്‌ ഓട്ടുതകിടുകളിൽ മുദ്രണം ചെയ്യപ്പെട്ട ഒരു കൽപ്പന യെരൂശലേമിൽ പുറപ്പെടുവിക്കപ്പെട്ടു: “ദെമേത്രിയൊസ്‌ രാജാവ്‌ [ഗ്രീക്ക്‌ സെല്യൂസിഡ്‌ ഭരണാധികാരി] അയാളെ [ശിമയോനെ] മഹാപുരോഹിതപദത്തിൽ സ്ഥിരപ്പെടുത്തി; രാജമിത്രങ്ങളിൽ ഒരാളായി ഉയർത്തി. അയാൾക്ക്‌ ഉന്നത ബഹുമതികളും നല്‌കി. . . . യഹൂദരും അവരുടെ പുരോഹിതരും, വിശ്വസ്‌തനായ ഒരു പ്രവാചകൻ ഉദയം ചെയ്യുന്നതുവരെ, ശിമയോൻതന്നെ തങ്ങളുടെ നേതാവും മഹാപുരോഹിതനുമായിരിക്കണം എന്നു നിശ്ചയിച്ചു.”​—⁠1 മക്കബായർ 14:​38-41 (അപ്പോക്രിഫായുടെ ഭാഗമായ ഒരു ചരിത്ര ഗ്രന്ഥം).

അങ്ങനെ, ഭരണാധിപനും മഹാപുരോഹിതനുമെന്ന നിലയിലുള്ള ശിമയോന്റെ​—⁠അദ്ദേഹത്തിന്റെ പിൻതലമുറക്കാരുടെയും​—⁠സ്ഥാനം വിജാതീയ സെല്യൂസിഡ്‌ അധികാരികൾ മാത്രമല്ല സ്വന്തം ജനത്തിന്റെ “മഹാ സഭയും” അംഗീകരിച്ചു. ഇത്‌ ഒരു പ്രധാന വഴിത്തിരിവായിരുന്നു. ചരിത്രകാരനായ ഏമിൽ ഷ്യൂറർ പറയുന്നതു പോലെ ഹാസ്‌മോനേയരുടെ രാജകീയ വംശം സ്ഥാപിതമായതോടെ “അവരുടെ മുഖ്യ താത്‌പര്യം മേലാൽ തോറായുടെ [യഹൂദ ന്യായപ്രമാണം] നിവൃത്തിയിൽ ആയിരുന്നില്ല, മറിച്ച്‌ സ്വന്തം രാഷ്‌ട്രീയ അധികാരം കാത്തുസൂക്ഷിക്കുന്നതിലും വ്യാപിപ്പിക്കുന്നതിലും ആയിരുന്നു.” എന്നാൽ തനിക്കെതിരെ യഹൂദ വികാരങ്ങളെ ഇളക്കിവിടാതിരിക്കുന്നതിൽ ശ്രദ്ധാലുവായിരുന്ന ശിമയോൻ, “രാജാവ്‌” എന്നതിനു പകരം “ജനനായകൻ” എന്ന സ്ഥാനപ്പേരാണു സ്വീകരിച്ചത്‌.

എന്നാൽ ഹാസ്‌മോനേയരുടെ മതപരവും രാഷ്‌ട്രീയപരവുമായ ഈ അധികാരം പിടിച്ചെടുക്കലിൽ എല്ലാവരുമൊന്നും സന്തുഷ്ടരായിരുന്നില്ല. പല ചരിത്രകാരന്മാരുടെയും അഭിപ്രായത്തിൽ ഖുംറാൻ സമുദായം രൂപംകൊണ്ടത്‌ ഈ കാലഘട്ടത്തിലാണ്‌. സാദോക്കിന്റെ വംശപരമ്പരയിലുള്ള ഒരു പുരോഹിതൻ​—⁠ഖുംറാൻ ലിഖിതങ്ങളിൽ “നീതിയുടെ അധ്യാപകൻ” എന്നു വിശേഷിപ്പിച്ചിരിക്കുന്നത്‌ ഇദ്ദേഹത്തെയാണെന്നു കരുതപ്പെടുന്നു​—⁠യെരൂശലേം വിടുകയും ഒരു എതിർ സംഘത്തെ ചാവുകടൽ വഴി യെഹൂദ്യ മരുഭൂമിയിലേക്കു നയിക്കുകയും ചെയ്‌തു. ചാവുകടൽ ചുരുളുകളിൽ ഒന്നായ ഹബക്കൂക്കിന്റെ പുസ്‌തകത്തെ കുറിച്ചുള്ള ഭാഷ്യത്തിൽ “ആദ്യം സത്യത്തിന്റെ നാമത്തിൽ വിളിക്കപ്പെട്ടവനെങ്കിലും ഇസ്രായേലിന്മേൽ ഭരണം നടത്താൻ തുടങ്ങിയതോടെ ഹൃദയത്തിൽ അഹങ്കാരം നുരഞ്ഞുപൊന്തിയ ദുഷ്ട പുരോഹിത”നെ കുറിച്ചുള്ള അപലപനം കാണാം. ഭരണം നടത്തുന്ന “ദുഷ്ട പുരോഹിത”നെ സംബന്ധിച്ചുള്ള ഈ പരാമർശം യോനാഥാനോ ശിമയോനോ യോജിക്കുമെന്നു പല പണ്ഡിതന്മാരും കരുതുന്നു.

സൈനിക പ്രവർത്തനം തുടർന്നുകൊണ്ട്‌ തന്റെ അധീനതയിലുള്ള പ്രദേശം വികസിപ്പിക്കുന്നതിന്‌ ശിമയോൻ ശ്രമിച്ചു. എന്നാൽ, യെരീഹോവിന്‌ സമീപം ഒരു വിരുന്നിൽ പങ്കെടുക്കുകയായിരുന്ന ശിമയോനെയും രണ്ടു പുത്രന്മാരെയും അദ്ദേഹത്തിന്റെ ജാമാതാവായിരുന്ന ടോളമി വകവരുത്തി. അങ്ങനെ അദ്ദേഹത്തിന്റെ ഭരണം പൊടുന്നനെ അവസാനിച്ചു. എന്നാൽ അധികാരം പിടിച്ചെടുക്കാനുള്ള ടോളമിയുടെ ഈ നീക്കം വിജയിച്ചില്ല. തന്നെ അപായപ്പെടുത്താൻ നടക്കുന്ന ശ്രമത്തെ കുറിച്ച്‌ ശിമയോന്റെ പുത്രന്മാരിൽ ശേഷിച്ചിരുന്ന യോഹന്നാൻ ഹിർക്കേനസിന്‌ മുന്നറിയിപ്പു കിട്ടി. തന്നെ കൊല്ലാൻ വന്നവരെ കീഴ്‌പെടുത്തിക്കൊണ്ട്‌ ഭരണാധിപനും മഹാപുരോഹിതനുമെന്ന നിലയിലുള്ള പിതാവിന്റെ സ്ഥാനം അദ്ദേഹം ഏറ്റെടുത്തു.

കൂടുതലായ വികസനവും അടിച്ചമർത്തലും

തുടക്കത്തിൽ യോഹന്നാൻ ഹിർക്കേനസിന്‌ സിറിയൻ സേനകളിൽ നിന്ന്‌ വലിയ ഭീഷണി നേരിട്ടു. എന്നാൽ പൊ.യു.മു. 129-ൽ സെല്യൂസിഡ്‌ രാജവംശം പാർത്തിയരുമായുള്ള ഒരു നിർണായക പോരാട്ടത്തിൽ പരാജയമടഞ്ഞു. സെല്യൂസിഡ്‌ രാജവംശത്തിന്മേൽ ഈ പരാജയത്തിന്‌ എന്തു ഫലമാണ്‌ ഉണ്ടായത്‌ എന്നതിനെ കുറിച്ച്‌ യഹൂദ ചരിത്രകാരനായ മെനഷെം സ്റ്റേർൺ ഇങ്ങനെ എഴുതി: “ഭരണചക്രം മുഴുവനായുംതന്നെ തകർന്നടിഞ്ഞു.” അങ്ങനെ ഹിർക്കേനസിന്‌ “യെഹൂദ്യയുടെ രാഷ്‌ട്രീയ സ്വാതന്ത്ര്യം പൂർണമായും വീണ്ടെടുക്കാനും ഭരണപ്രദേശം വ്യത്യസ്‌ത ദിക്കുകളിലേക്കു വ്യാപിപ്പിച്ചു തുടങ്ങാനും സാധിച്ചു.” അത്‌ വൻതോതിലുള്ള ഒരു വ്യാപിപ്പിക്കൽ തന്നെ ആയിരുന്നു.

സിറിയൻ ഭീഷണി മാറിക്കിട്ടിയതോടെ ഹിർക്കേനസ്‌ യെഹൂദ്യക്കു പുറത്തുള്ള പ്രദേശങ്ങൾ ആക്രമിച്ചു കീഴ്‌പെടുത്താൻ തുടങ്ങി. പട്ടണ നിവാസികൾ യഹൂദ മതം സ്വീകരിക്കണമായിരുന്നു. അല്ലാത്തപക്ഷം പട്ടണം പൂർണമായും നശിപ്പിക്കുമായിരുന്നു. ഇദുമേയർക്ക്‌ (ഏദോമ്യർ) എതിരെ ഇത്തരത്തിലുള്ള ഒരു പടനീക്കം നടത്തപ്പെട്ടു. അതു സംബന്ധിച്ച്‌ സ്റ്റേർൺ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഇദുമേയരുടെ മതപരിവർത്തനം പോലുള്ള ഒന്നു നടക്കുന്നത്‌ ആദ്യമായിട്ടായിരുന്നു. ഏതാനും വ്യക്തികളല്ല ഒരു വംശം മുഴുവനുമാണ്‌ അതിൽ ഉൾപ്പെട്ടിരുന്നത്‌.” ജയിച്ചടക്കപ്പെട്ട മറ്റു പ്രദേശങ്ങളിൽ ഒന്ന്‌ ശമര്യയായിരുന്നു. ഗെരസീം പർവതത്തിന്റെ മുകളിൽ സ്ഥിതി ചെയ്‌തിരുന്ന ശമര്യരുടെ ആലയം ഹിർക്കേനസ്‌ തകർത്തു. ഹാസ്‌മോനേയ രാജവംശം നടപ്പാക്കിയ ഈ നിർബന്ധിത മതപരിവർത്തനത്തിലെ വൈരുദ്ധ്യത്തെ കുറിച്ച്‌ ചരിത്രകാരനായ സോളമൻ ഗ്രേസൽ ഇങ്ങനെ എഴുതി: “ഇവിടെ മത്താത്തിയാസിന്റെ [യൂദാസ്‌ മക്കബായന്റെ പിതാവ്‌] പൗത്രന്മാരിൽ ഒരാൾ മുൻതലമുറ ഏതു തത്ത്വത്തിനു​—⁠മതസ്വാതന്ത്ര്യത്തിനു​—⁠വേണ്ടി ഇത്ര വീരോചിതം പോരാടിയോ അതേ തത്ത്വത്തെ ലംഘിക്കുകയായിരുന്നു.”

പരീശന്മാരുടെയും സദൂക്യരുടെയും രംഗപ്രവേശം

ഹിർക്കേനസിന്റെ ഭരണകാലത്തെ കുറിച്ചുള്ള വിവരണങ്ങളിലാണ്‌ ജോസീഫസ്‌ ആദ്യമായി പരീശന്മാരുടെയും സദൂക്യരുടെയും വർധിച്ചുവരുന്ന സ്വാധീനത്തെ കുറിച്ച്‌ എഴുതുന്നത്‌. (യോനാഥാന്റെ കാലത്ത്‌ ജീവിച്ചിരുന്ന പരീശന്മാരെ കുറിച്ച്‌ ജോസീഫസ്‌ പരാമർശിച്ചിരുന്നു.) അവരുടെ ഉത്ഭവത്തെ കുറിച്ച്‌ അദ്ദേഹം വിവരിക്കുന്നില്ല. തന്റെ മതപരമായ ലക്ഷ്യങ്ങളെ യൂദാസ്‌ മക്കബായനെ പിന്തുണയ്‌ക്കുകയും പിന്നീട്‌ അദ്ദേഹം രാഷ്‌ട്രീയത്തിലേക്കു തിരിഞ്ഞപ്പോൾ അദ്ദേഹത്തിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്‌ത ഹസിദേയർ എന്ന മതഭക്തരായ ഒരു കൂട്ടത്തിൽനിന്ന്‌ ഉളവായ ഒരു വിഭാഗമായി ചില ചരിത്രകാരന്മാർ ഇവരെ കണക്കാക്കുന്നു.

പരീശന്മാർ എന്ന പേരിന്‌ “വ്യാഖ്യാതാക്കൾ” എന്ന പദത്തോടു ബന്ധമുള്ളതായി ചിലർ കരുതുന്നുണ്ടെങ്കിലും സാധാരണമായി “വേർപെട്ടവർ” എന്ന്‌ അർഥമുള്ള മൂല എബ്രായ പദത്തോടാണ്‌ അതിനെ ബന്ധപ്പെടുത്തിയിരിക്കുന്നത്‌. സാധാരണക്കാരുടെ ഇടയിൽനിന്നുള്ള പണ്ഡിതന്മാരായിരുന്നു പരീശന്മാർ. അവർ ഏതെങ്കിലും പ്രത്യേക വംശപരമ്പരയിൽ പെട്ടവർ ആയിരുന്നില്ല. പ്രത്യേക മതഭക്തിയുടെ ഒരു തത്ത്വശാസ്‌ത്രത്തിലൂടെ, അതായത്‌, പൗരോഹിത്യ വിശുദ്ധി സംബന്ധിച്ച ആലയ നിയമങ്ങൾ ദൈനംദിന ജീവിതത്തിലെ സാധാരണ സാഹചര്യങ്ങൾക്കു ബാധകമാക്കിക്കൊണ്ട്‌ അവർ തങ്ങളെത്തന്നെ ആചാരപരമായ അശുദ്ധിയിൽനിന്നു വേർപെട്ടവരായി നിറുത്തി. തിരുവെഴുത്തുകളുടെ ഒരു പുതിയ വ്യാഖ്യാന രീതിയും പിന്നീട്‌ അലിഖിത നിയമം എന്ന്‌ അറിയപ്പെടാനിടയായ ആശയങ്ങളും അവർ വികസിപ്പിച്ചെടുത്തു. ശിമയോന്റെ വാഴ്‌ചക്കാലത്ത്‌ അവരിൽ ചിലരെ പിൽക്കാലത്ത്‌ സൻഹെദ്രിം എന്ന്‌ അറിയപ്പെടാൻ ഇടയായ യെരോസിയായിലേക്കു (പ്രായമേറിയ പുരുഷന്മാരുടെ സഭ) നിയമിച്ചപ്പോൾ അവർക്കു കൂടുതൽ സ്വാധീനം കൈവന്നു.

യോഹന്നാൻ ഹിർക്കേനസ്‌ ആദ്യം പരീശന്മാരുടെ ശിഷ്യനും പിന്തുണക്കാരനുമായിരുന്നു എന്ന്‌ ജോസീഫസ്‌ പറയുന്നു. എന്നാൽ ഒരു സന്ദർഭത്തിൽ മഹാപുരോഹിത സ്ഥാനം ഒഴിയാത്തതിന്റെ പേരിൽ പരീശന്മാർ ഹിർക്കേനസിനെ ശാസിച്ചു. അത്‌ നാടകീയമായ ഒരു തെറ്റിപ്പിരിയലിൽ കലാശിച്ചു. ഹിർക്കേനസ്‌ പരീശന്മാരുടെ മതപരമായ നിയമനങ്ങൾ റദ്ദാക്കി. കൂടുതലായ ഒരു ശിക്ഷ എന്ന നിലയിൽ അദ്ദേഹം പരീശന്മാരുടെ മത വൈരികളായ സദൂക്യരുടെ പക്ഷം ചേർന്നു.

സദൂക്യർ എന്ന പേര്‌ മഹാപുരോഹിതനായിരുന്ന സാദോക്കിന്റെ പേരിനോടു ബന്ധപ്പെട്ടതായിരിക്കാനാണു സാധ്യത. ശലോമോന്റെ കാലം മുതൽ സാദോക്കിന്റെ പിൻഗാമികളായിരുന്നു പുരോഹിതന്മാരായി സേവിച്ചിരുന്നത്‌. എന്നാൽ, എല്ലാ സദൂക്യരും ഈ വംശപരമ്പരയിൽ പെട്ടവർ ആയിരുന്നില്ല. ജോസീഫസ്‌ പറയുന്നതനുസരിച്ച്‌ സദൂക്യർ രാജ്യത്തെ സമ്പന്ന ശ്രേഷ്‌ഠവർഗം ആയിരുന്നു. അവർക്ക്‌ ബഹുജനങ്ങളുടെ പിന്തുണ ഉണ്ടായിരുന്നില്ല. പ്രൊഫസർ ഷിഫ്‌മൻ ഇങ്ങനെ പറയുന്നു: “അവരിൽ മിക്കവരും . . . പുരോഹിതന്മാരോ മഹാപുരോഹിതന്മാരുടെ കുടുംബങ്ങളിൽ ഉള്ളവരുമായി വിവാഹബന്ധത്തിൽ ഏർപ്പെട്ടവരോ ആയിരുന്നതായി കാണുന്നു.” അങ്ങനെ വളരെക്കാലമായി അവർ അധികാരത്തിൽ ഉള്ളവരുമായി വളരെ അടുത്ത ബന്ധം ആസ്വദിച്ചിരുന്നു. അതുകൊണ്ട്‌ പൊതുജീവിതത്തിൽ പരീശന്മാർക്ക്‌ ഏറിവന്നുകൊണ്ടിരുന്ന സ്വാധീനവും പുരോഹിതസമാന വിശുദ്ധി സാധാരണ ജനങ്ങളിലേക്കു വ്യാപിപ്പിക്കുക എന്ന അവരുടെ ആശയവും സദൂക്യരുടെ അധികാരത്തിന്‌ ഭീഷണിയായിരിക്കുന്നതായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ ഹിർക്കേനസിന്റെ വാഴ്‌ചയുടെ അവസാന വർഷങ്ങളിൽ സദൂക്യർക്ക്‌ തങ്ങളുടെ അധികാരം വീണ്ടുകിട്ടി.

രാഷ്‌ട്രീയം മുറുകുന്നു, മതഭക്തി കുറയുന്നു

ഹിർക്കേനസിന്റെ മൂത്ത പുത്രനായ അരിസ്റ്റൊബ്യൂളസ്‌ തന്റെ മരണത്തിനു മുമ്പായി ഒരു വർഷം മാത്രമേ ഭരണം നടത്തിയുള്ളൂ. അദ്ദേഹം ഇച്ചുറിയക്കാരുടെ കാര്യത്തിൽ നിർബന്ധിത മതപരിവർത്തന നയം തുടരുകയും ഗലീലയുടെ വടക്കു ഭാഗം ഹാസ്‌മോനേയ അധികാരത്തിൻ കീഴിൽ കൊണ്ടുവരികയും ചെയ്‌തു. എന്നാൽ പൊ.യു.മു. 103-76 വരെ ഭരണം നടത്തിയ അദ്ദേഹത്തിന്റെ സഹോദരനായ അലക്‌സാണ്ടർ ജെന്നേയസിന്റെ കാലത്താണ്‌ ഹാസ്‌മോനേയ രാജവംശം അധികാരത്തിന്റെ കൊടുമുടിയിൽ എത്തിയത്‌.

തന്റെ മുൻഗാമികളിൽനിന്നു വ്യത്യസ്‌തമായി അലക്‌സാണ്ടർ ജെന്നേയസ്‌ താൻ രാജാവും മഹാപുരോഹിതനുമാണെന്ന്‌ തുറന്നു പ്രഖ്യാപിച്ചു. ഹാസ്‌മോനേയരും പരീശന്മാരും തമ്മിലുള്ള സംഘർഷം രൂക്ഷമായി. ഇത്‌ 50,000 യഹൂദന്മാരുടെ മരണത്തിൽ കലാശിച്ച ഒരു ആഭ്യന്തര യുദ്ധത്തിലേക്കു പോലും നയിച്ചു. വിപ്ലവം അടിച്ചമർത്തിയ ശേഷം ജെന്നേയസ്‌ 800 വിപ്ലവകാരികളെ പുറജാതീയ രാജാക്കന്മാർ ചെയ്‌തിരുന്നതുപോലെ തൂക്കുമരത്തിലേറ്റി. മരിക്കുന്ന നിമിഷങ്ങളിൽ അവരുടെ കൺമുമ്പിൽ വെച്ച്‌ അവരുടെ ഭാര്യമാരെയും കുട്ടികളെയും കൊന്നു. ആ സമയത്ത്‌ ജെന്നേയസ്‌ തന്റെ വെപ്പാട്ടികളുമായി അവിടെ തിന്നുകുടിച്ച്‌ ആനന്ദിച്ചുകൊണ്ടിരുന്നു. *

പരീശന്മാരോട്‌ ശത്രുത ഉണ്ടായിരുന്നെങ്കിലും ജെന്നേയസ്‌ പ്രായോഗിക ബുദ്ധിയുള്ള ഒരു രാഷ്‌ട്രീയക്കാരനായിരുന്നു. പരീശന്മാരുടെ പൊതുജന പിന്തുണ ഏറി വരികയാണെന്ന്‌ അദ്ദേഹം മനസ്സിലാക്കി. മരണശയ്യയിലായിരിക്കെ ഭാര്യയായ സലോമി അലക്‌സാണ്ട്രയോട്‌, അവരുമായി അധികാരം പങ്കിടാൻ അദ്ദേഹം നിർദേശിച്ചു. തന്റെ രാജ്യത്തിന്റെ അവകാശിയായി പുത്രന്മാർക്കു പകരം ഭാര്യയെയാണ്‌ ജെന്നേയസ്‌ തിരഞ്ഞെടുത്തിരുന്നത്‌. അവർ കഴിവുള്ള ഒരു ഭരണാധികാരിയാണെന്നു തെളിയിച്ചു. ഹാസ്‌മോനേയ ഭരണത്തിൻ കീഴിലെ ഏറ്റവും സമാധാനപരമായ കാലഘട്ടങ്ങളിൽ ഒന്നായിരുന്നു സലോമിയുടെ ഭരണകാലം (പൊ.യു.മു. 76-67). പരീശന്മാരെ അവരുടെ അധികാര സ്ഥാനങ്ങളിൽ പുനർനിയമിച്ചു. അവരുടെ മതപരമായ നിയമനങ്ങൾ അസാധുവാക്കിക്കൊണ്ടുള്ള നിയമങ്ങൾ പിൻവലിച്ചു.

സലോമിയുടെ മരണശേഷം അവരുടെ പുത്രന്മാരായ ഹിർക്കേനസ്‌ രണ്ടാമനും​—⁠മഹാപുരോഹിതനായി സേവിച്ചിരുന്നു​—⁠അരിസ്റ്റൊബ്യൂളസ്‌ രണ്ടാമനും തമ്മിൽ ഒരു അധികാര വടംവലി നടന്നു. രാഷ്‌ട്രീയ-സൈനിക രംഗങ്ങളിൽ രണ്ടു പേർക്കും അവരുടെ പൂർവികർക്കുണ്ടായിരുന്ന ഉൾക്കാഴ്‌ച ഇല്ലായിരുന്നു. അതുപോലെ സെല്യൂസിഡ്‌ രാജവംശത്തിന്റെ പതനത്തിനു ശേഷം ആ പ്രദേശത്ത്‌ കൂടുതലായി അനുഭവപ്പെട്ടു തുടങ്ങിയിരുന്ന റോമൻ സാന്നിധ്യത്തിന്റെ പൂർണ ഗൗരവം ഇരുവരും ഗ്രഹിച്ചിരുന്നില്ല എന്നും തോന്നുന്നു. പൊ.യു.മു. 63-ൽ റോമൻ ഭരണാധികാരിയായ പോംപി ദമസ്‌കൊസിൽ ആയിരുന്നപ്പോൾ തങ്ങളുടെ തർക്കത്തിനു മാധ്യസ്ഥ്യം വഹിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സഹോദരന്മാർ രണ്ടുപേരും അദ്ദേഹത്തെ സമീപിച്ചു. അതേ വർഷം തന്നെ പോംപിയും അദ്ദേഹത്തിന്റെ സൈന്യവും യെരൂശലേമിനെ ആക്രമിച്ച്‌ നിയന്ത്രണം ഏറ്റെടുത്തു. ഹാസ്‌മോനേയ രാജവംശത്തിന്റെ പതനത്തിന്റെ തുടക്കമായിരുന്നു അത്‌. പൊ.യു.മു. 37-ൽ റോമൻ സെനറ്റ്‌ ‘യെഹൂദ്യ രാജാവും’ ‘റോമൻ ജനതയുടെ സഖ്യകക്ഷിയും മിത്രവും’ ആയി അംഗീകരിച്ച ഇദുമേയ രാജാവായ മഹാനായ ഹെരോദാവ്‌ യെരൂശലേമിന്റെ ഭരണം ഏറ്റെടുത്തു. ഹാസ്‌മോനേയ രാജ്യം അസ്‌തമിച്ചു.

ഹാസ്‌മോനേയ പൈതൃകം

യൂദാസ്‌ മക്കബായൻ മുതൽ അരിസ്റ്റൊബ്യൂളസ്‌ രണ്ടാമൻ വരെയുള്ള ഹാസ്‌മോനേയ ഭരണകാലം യേശു ഭൂമിയിലായിരുന്നപ്പോൾ നിലനിന്ന വിഭജിത മതപശ്ചാത്തലത്തിന്‌ അടിത്തറ പാകി. തുടക്കത്തിൽ ദൈവാരാധനയ്‌ക്കായുള്ള തീക്ഷ്‌ണതയായിരുന്നു ഹാസ്‌മോനേയരെ നയിച്ചത്‌. എന്നാൽ പിന്നീട്‌ അത്‌ സ്വന്ത താത്‌പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള അതിരുകടന്ന മോഹമായി അധഃപതിച്ചു. ദൈവനിയമം പിൻപറ്റുന്നതിൽ ആളുകളെ ഒരുമിച്ചു നിറുത്താൻ കഴിയുമായിരുന്ന അവരുടെ പുരോഹിതന്മാർ അതിനു പകരം രാഷ്‌ട്രീയ ഉൾപ്പോരിന്റെ അഗാധ ഗർത്തത്തിലേക്ക്‌ അവരെ തള്ളിവിട്ടു. ഈ പശ്ചാത്തലത്തിൽ പരസ്‌പര വിരുദ്ധമായ മത വീക്ഷണങ്ങൾ തഴച്ചുവളർന്നു. ഹാസ്‌മോനേയർ രംഗം ഒഴിഞ്ഞു. എന്നാൽ പരീശന്മാരും സദൂക്യരും മറ്റുള്ളവരും തമ്മിലുള്ള മതപരമായ അധികാര വടംവലി ഹെരോദാവിനും റോമിനും കീഴിലുള്ള ജനതയുടെ സവിശേഷത ആയിത്തീർന്നു.

[അടിക്കുറിപ്പുകൾ]

^ ഖ. 4 1998 നവംബർ 15 വീക്ഷാഗോപുരത്തിലെ “മക്കബായർ ആരായിരുന്നു?” എന്ന ലേഖനം കാണുക.

^ ഖ. 22 “നാഹൂമിനെ കുറിച്ചുള്ള ഭാഷ്യം” എന്ന ചാവുകടൽ ചുരുളിൽ “ആളുകളെ ജീവനോടെ തൂക്കിലേറ്റിയ കോപാക്രാന്തനായ സിംഹത്തെ” കുറിച്ചുള്ള പരാമർശം ഉണ്ട്‌. മുകളിൽ പരാമർശിച്ച സംഭവത്തെയായിരിക്കാം അവിടെ ഉദ്ദേശിച്ചിരിക്കുന്നത്‌.

[30-ാം പേജിലെ ചാർട്ട്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ഹാസ്‌മോനേയ രാജവംശം

യൂദാസ്‌ മക്കബായൻ യോനാഥാൻ മക്കബായൻ ശിമയോൻ മക്കബായൻ

യോഹന്നാൻ ഹിർക്കേനസ്‌

↓ ↓

സലോമി അലക്‌സാണ്ട്ര — ഭർത്താവ്‌ — അലക്‌സാണ്ടർ ജെന്നേയസ്‌ അരിസ്റ്റൊബ്യൂളസ്‌

↓ ↓

ഹിർക്കേനസ്‌ രണ്ടാമൻ അരിസ്റ്റൊബ്യൂളസ്‌ രണ്ടാമൻ

[27-ാം പേജിലെ ചിത്രം]

യഹൂദ സ്വാതന്ത്ര്യം നേടിയെടുക്കാൻ യൂദാസ്‌ മക്കബായൻ പരിശ്രമിച്ചു

[കടപ്പാട്‌]

The Doré Bible Illustrations/Dover Publications, Inc.

[29-ാം പേജിലെ ചിത്രം]

യഹൂദേതര നഗരങ്ങളുടെ മേലും തങ്ങളുടെ ആധിപത്യം സ്ഥാപിക്കാൻ ഹാസ്‌മോനേയർ പോരാടി

[കടപ്പാട്‌]

The Doré Bible Illustrations/Dover Publications, Inc.