കാലോചിത പ്രബോധനം നൽകി യുവജനങ്ങളെ സഹായിക്കുന്നു
തികഞ്ഞവരും പൂർണ നിശ്ചയമുള്ളവരുമായി നിൽക്കുക
കാലോചിത പ്രബോധനം നൽകി യുവജനങ്ങളെ സഹായിക്കുന്നു
ഒന്നാം നൂറ്റാണ്ടിലെ ഒരു ക്രിസ്‌ത്യാനിയായിരുന്നു എപ്പഫ്രാസ്. അവൻ റോമിലേക്കു പോയെങ്കിലും ഏഷ്യാമൈനറിലെ ഒരു നഗരമായ കൊലൊസ്സ്യയെ കുറിച്ചു മിക്കപ്പോഴും ചിന്തിച്ചുകൊണ്ടിരുന്നു, നല്ല കാരണത്തോടെ തന്നെ. അവൻ അവിടെ സുവിശേഷം പ്രസംഗിക്കുകയും നിസ്സംശയമായും കൊലൊസ്സ്യരിൽ ചിലരെ യേശുവിന്റെ ശിഷ്യന്മാർ ആയിത്തീരാൻ സഹായിക്കുകയും ചെയ്‌തിരുന്നു. (കൊലൊസ്സ്യർ 1:7) കൊലൊസ്സ്യയിലുള്ള തന്റെ സഹവിശ്വാസികളിൽ എപ്പഫ്രാസിന് ആഴമായ താത്‌പര്യം ഉണ്ടായിരുന്നു. അതിന്റെ തെളിവാണ് പൗലൊസ് അപ്പൊസ്‌തലൻ കൊലൊസ്സ്യ സഭയ്‌ക്ക് റോമിൽ നിന്ന് എഴുതിയ പിൻവരുന്ന വാക്കുകൾ: “എപ്പഫ്രാസ് നിങ്ങളെ വന്ദനം ചെയ്യുന്നു; നിങ്ങൾ തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി നില്‌ക്കേണ്ടതിന്നു അവൻ പ്രാർത്ഥനയിൽ നിങ്ങൾക്കു വേണ്ടി എപ്പോഴും പോരാടുന്നു.”—കൊലൊസ്സ്യർ 4:12.
സമാനമായി, ആധുനികകാല ക്രിസ്‌തീയ മാതാപിതാക്കളും തങ്ങളുടെ കുട്ടികളുടെ ആത്മീയ ക്ഷേമത്തിനായി തീക്ഷ്‌ണതയോടെ പ്രാർഥിക്കുന്നു. തങ്ങളുടെ മക്കൾ വിശ്വാസത്തിൽ ഉറപ്പുള്ളവരായിത്തീരാൻ തക്കവണ്ണം അവരുടെ ഹൃദയങ്ങളിൽ ദൈവസ്‌നേഹം ഉൾനടാൻ ഈ മാതാപിതാക്കൾ യത്‌നിക്കുന്നു.
സ്‌കൂളിലും മറ്റിടങ്ങളിലും തങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ തരണം ചെയ്യുന്നതിനായി പല ക്രിസ്‌തീയ യുവജനങ്ങളും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. 15 വയസ്സുള്ള ഒരു പെൺകുട്ടി ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ പ്രശ്‌നങ്ങൾ വഷളായിക്കൊണ്ടിരിക്കുകയാണ്. ദിവസവും വളരെ പേടിച്ചാണു കഴിയുന്നത്. ഞങ്ങൾക്കു സഹായം ആവശ്യമാണ്!” യുവജനങ്ങളുടെ ഇത്തരം അഭ്യർഥനകൾക്കും ദൈവഭക്തിയുള്ള മാതാപിതാക്കളുടെ പ്രാർഥനകൾക്കും ഉത്തരം ലഭിച്ചിട്ടുണ്ടോ? ഉവ്വ്! “വിശ്വസ്‌തനും വിവേകിയുമായ അടിമ”യിലൂടെ ബൈബിളധിഷ്‌ഠിത പ്രബോധനം നൽകപ്പെട്ടിരിക്കുന്നു. (മത്തായി 24:45, NW) ‘തികഞ്ഞവരും പൂർണനിശ്ചയമുള്ളവരുമായി നിൽക്കാൻ’ ശതസഹസ്രക്കണക്കിനു യുവജനങ്ങളെ സഹായിച്ചിട്ടുള്ള ചില സാഹിത്യങ്ങളാണ് ഇവിടെ കാണുന്നത്. നമുക്കിപ്പോൾ അവയിൽ ചിലതിനെ കുറിച്ചു പരിചിന്തിക്കാം.
‘നോക്കൂ . . . 15,000 പുതിയ സാക്ഷികൾ!’
ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തൊന്ന് ആഗസ്റ്റിൽ യഹോവയുടെ സാക്ഷികൾ അതുവരെ നടത്തിയിട്ടുള്ളതിലേക്കും വലിയ കൺവെൻഷനു വേണ്ടി യു.എസ്.എ-യിലെ മിസൗറിയിലുള്ള സെന്റ് ലൂയിസിൽ 1,15,000 പേർ കൂടിവന്നു. അവസാന ദിവസം—“കുട്ടികളുടെ ദിനം”—ഏകദേശം 15,000 കുട്ടികൾ സ്റ്റേജിനു മുന്നിലായി ഇരുന്ന് “രാജാവിന്റെ കുട്ടികൾ” എന്ന വിഷയത്തെ കുറിച്ചു ജോസഫ് എഫ്. റഥർഫോർഡ് നടത്തിയ പ്രസംഗം ശ്രദ്ധിച്ചുകേട്ടു. 71 വയസ്സുള്ള റഥർഫോർഡ് പ്രസംഗത്തിന്റെ ഉപസംഹാരത്തോടടുത്ത് പിതൃനിർവിശേഷമായ സ്വരത്തിൽ ഇങ്ങനെ പറഞ്ഞു:
“കുട്ടികളേ . . . നിങ്ങളിൽ . . . ദൈവത്തെയും അവന്റെ രാജാവിനെയും അനുസരിക്കാൻ തീരുമാനിച്ചിരിക്കുന്നവർ ദയവായി എഴുന്നേറ്റു നിൽക്കുക.” കുട്ടികൾ ഒന്നടങ്കം എഴുന്നേറ്റുനിന്നു. അപ്പോൾ റഥർഫോർഡ് സഹോദരൻ ഉദ്‌ഘോഷിച്ചു: “നോക്കൂ, രാജ്യത്തിന് 15,000-ത്തിലധികം പുതിയ സാക്ഷികൾ!” അവിടെ കാതടപ്പിക്കുന്ന കരഘോഷം ഉയർന്നു. പ്രസംഗകൻ തുടർന്ന് ഇങ്ങനെ പറഞ്ഞു: “നിങ്ങളിൽ, ദൈവരാജ്യത്തെ കുറിച്ചു മറ്റുള്ളവരോടു ഘോഷിക്കുന്നതിൽ നിങ്ങളാൽ ആവുന്നതു ചെയ്യുമെന്ന് ഉറച്ചിട്ടുള്ളവർ . . . ദയവായി ‘ഉവ്വ്’ എന്നു പറയുക.” ഉച്ചത്തിൽ “ഉവ്വ്” എന്നു പറഞ്ഞുകൊണ്ട് കുട്ടികൾ പ്രതികരിച്ചു. അതേത്തുടർന്ന് അദ്ദേഹം കുട്ടികൾ (ഇംഗ്ലീഷ്) എന്ന പുതിയ പുസ്‌തകം പ്രകാശനം ചെയ്‌തപ്പോൾ നീണ്ട കരഘോഷത്തോടെ സദസ്സ് അതു സ്വീകരിച്ചു.
ഹൃദയസ്‌പർശിയായ ആ പ്രസംഗത്തിനു ശേഷം യുവജനങ്ങളുടെ വലിയ ഒരു നിര സ്റ്റേജിലേക്കു ചെന്ന് റഥർഫോർഡ് സഹോദരനിൽനിന്ന് പുതിയ പുസ്‌തകത്തിന്റെ ഒരു സമ്മാന പ്രതി സ്വീകരിച്ചു. ആ രംഗം സദസ്സിൽ ഉണ്ടായിരുന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. ഒരു ദൃക്‌സാക്ഷി ഇങ്ങനെ പറഞ്ഞു: “ശിലാ ഹൃദയമുള്ള ഒരാൾക്കേ യുവജനങ്ങൾ തങ്ങളുടെ ദൈവമായ യഹോവയിൽ പൂർണ ആശ്രയവും വിശ്വാസവും [പ്രകടിപ്പിക്കുന്നത്] കണ്ടിട്ട് നിർവികാരനായി ഇരിക്കാനാവൂ.”
ആ അവിസ്‌മരണീയ സമ്മേളനത്തിൽ 1,300 യുവജനങ്ങൾ യഹോവയ്‌ക്കുള്ള തങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകമെന്ന നിലയിൽ സ്‌നാപനമേറ്റു. അവരിൽ അനേകരും ഇന്നുവരെ വിശ്വാസത്തിൽ ഉറപ്പുള്ളവരായി നിലനിന്നിരിക്കുന്നു. അവർ പ്രാദേശിക സഭകളെ പിന്തുണയ്‌ക്കുകയോ ബെഥേലിൽ സ്വമേധയാസേവകരായി പ്രവർത്തിക്കുകയോ വിദേശ രാജ്യങ്ങളിൽ മിഷനറിമാരായി സേവിക്കുകയോ ചെയ്യുന്നു. ‘കുട്ടികളുടെ ദിനവും’ കുട്ടികൾ എന്ന പുസ്‌തകവും അനേകം യുവഹൃദയങ്ങളിൽ മായാത്ത മുദ്ര പതിപ്പിച്ചു എന്നതിൽ സംശയമില്ല!
“അവ തക്കസമയത്ത് എത്തിച്ചേരുന്നതായി തോന്നുന്നു”
ലക്ഷക്കണക്കിനു യുവാക്കളുടെ ഹൃദയം കവർന്ന മൂന്നു പുസ്‌തകങ്ങൾ കൂടെ 1970-കളിൽ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചു. മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ, നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക, എന്റെ ബൈബിൾ കഥാ പുസ്‌തകം എന്നീ പുസ്‌തകങ്ങളായിരുന്നു അവ. 1982-ൽ ഉണരുക! മാസികയിൽ “യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്ന പംക്തി ആരംഭിച്ചു. ഈ ലേഖനങ്ങൾക്ക് യുവാക്കളിൽനിന്നും പ്രായമായവരിൽ നിന്നും നല്ല പ്രതികരണം ലഭിച്ചിരിക്കുന്നു. ഒരു 14 വയസ്സുകാരൻ ഇങ്ങനെ പറഞ്ഞു: “അവ പ്രസിദ്ധീകരിക്കുന്നതിന് ഞാൻ
എല്ലാ രാത്രിയിലും ദൈവത്തിന് നന്ദി പറയുന്നുണ്ട്.” 13 വയസ്സുള്ള ഒരു പെൺകുട്ടി, “എനിക്ക് ഈ ലേഖനങ്ങൾ വളരെ ഇഷ്ടമാണ്. അവ തക്കസമയത്ത് എത്തിച്ചേരുന്നതായി തോന്നുന്നു” എന്നു പറയുന്നു. ഈ ലേഖനങ്ങൾ കാലോചിതവും പ്രയോജനപ്രദവുമാണെന്ന കാര്യത്തിൽ മാതാപിതാക്കളും നിയമിത ക്രിസ്‌തീയ മൂപ്പന്മാരും യോജിക്കുന്നു.ആയിരത്തിത്തൊള്ളായിരത്തെൺപത്തൊമ്പത് ആയപ്പോഴേക്കും ഉണരുക!യിൽ 200 ഓളം “യുവജനങ്ങൾ ചോദിക്കുന്നു . . . ” ലേഖനങ്ങൾ വന്നു കഴിഞ്ഞിരുന്നു. ആ വർഷത്തെ “ദൈവിക ഭക്തി” ഡിസ്‌ട്രിക്‌റ്റ് കൺവെൻഷനിൽ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്‌തകം പ്രകാശനം ചെയ്യപ്പെട്ടു. വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതിൽ ഇത് യുവജനങ്ങളെ സഹായിച്ചിട്ടുണ്ടോ? മൂന്ന് യുവാക്കൾ ഇങ്ങനെ എഴുതി: “ഞങ്ങളുടെ പ്രശ്‌നങ്ങൾ യഥാർഥത്തിൽ എന്താണെന്നും അവയെ എങ്ങനെ തരണം ചെയ്യാമെന്നും മനസ്സിലാക്കുന്നതിൽ ഈ പുസ്‌തകം വളരെ സഹായകമായിരുന്നിട്ടുണ്ട്. ഞങ്ങളുടെ ക്ഷേമത്തിലുള്ള നിങ്ങളുടെ താത്‌പര്യത്തിനു നന്ദി.” ലോകമെമ്പാടുമുള്ള അനേകം യുവ വായനക്കാർ ഇതിനോടു യോജിക്കുന്നു.
“ഇത് ഞങ്ങളുടെ വിശപ്പിനെ തൃപ്‌തിപ്പെടുത്തി”
യഹോവയുടെ സാക്ഷികൾ 1999-ൽ യുവാക്കൾക്കുള്ള സമയോചിത പ്രബോധനം മറ്റൊരു രൂപത്തിൽ ലഭ്യമാക്കി. യുവജനങ്ങൾ ചോദിക്കുന്നു—എനിക്ക് എങ്ങനെ യഥാർഥ സുഹൃത്തുക്കളെ നേടാൻ കഴിയും? (ഇംഗ്ലീഷ്) എന്ന വീഡിയോ ആയിരുന്നു അത്. അതിനു വളരെ ഉത്സാഹപൂർവകമായ പ്രതികരണമാണ് ലഭിച്ചത്. “ഈ വീഡിയോ എന്റെ ഹൃദയത്തെ ആഴത്തിൽ സ്‌പർശിച്ചു” എന്ന് ഒരു 14 വയസ്സുകാരി പറഞ്ഞു. ഒറ്റയ്‌ക്കു കുട്ടികളെ വളർത്തുന്ന ഒരു മാതാവ് ഇപ്രകാരം പറഞ്ഞു: “ഇതു ഞങ്ങൾ കഴിക്കുന്ന ആത്മീയ ഭക്ഷണത്തിന്റെ ക്രമമായ ഒരു ഭാഗമായിരിക്കും.” മറ്റൊരു യുവതി അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: “നമ്മുടെ ഏറ്റവും നല്ല സുഹൃത്തായ യഹോവ തന്റെ ലോകവ്യാപക സംഘടനയിൽ ഉള്ള യുവാക്കളെ യഥാർഥത്തിൽ സ്‌നേഹിക്കുകയും അവർക്കായി കരുതുകയും ചെയ്യുന്നു എന്ന അറിവ് ഹൃദയോഷ്‌മളമാണ്.”
വീഡിയോ എന്തു ഫലമാണ് കൈവരുത്തിയിരിക്കുന്നത്? ചില യുവജനങ്ങൾ പറയുന്നതു ശ്രദ്ധിക്കുക: “എന്റെ സഹവാസം സൂക്ഷിക്കാനും സഭയിലെ സൗഹൃദങ്ങൾ കൂടുതൽ വിശാലമാക്കാനും യഹോവയെ എന്റെ സുഹൃത്താക്കാനും ഇത് എന്നെ സഹായിച്ചിരിക്കുന്നു.” “സമപ്രായക്കാരെ ധൈര്യപൂർവം നേരിടുന്നതിനുള്ള സഹായം എനിക്ക് ഇതിൽനിന്നു ലഭിച്ചിരിക്കുന്നു.” “യഹോവയുടെ സേവനത്തിൽ കഴിവിന്റെ പരമാവധി ചെയ്യാനുള്ള എന്റെ തീരുമാനത്തെ ഇത് കൂടുതൽ ദൃഢമാക്കിയിരിക്കുന്നു.” ഒരു വിവാഹിത ദമ്പതികൾ ഇങ്ങനെ എഴുതി: “ഈ ‘ആഹാരം’ പ്രദാനം ചെയ്‌തിരിക്കുന്നതിന് ഹൃദയംഗമമായ നന്ദി. ഇത് ഞങ്ങളുടെ വിശപ്പിനെ തൃപ്‌തിപ്പെടുത്തി.”
തങ്ങളുടെ ദൈവദത്ത നിയോഗത്തോടു വിശ്വസ്‌തമായി പറ്റിനിന്നുകൊണ്ട് അഭിഷിക്തരായ “വിശ്വസ്‌തനും വിവേകിയുമായ അടിമ,” ആത്മീയ ആഹാരം സ്വീകരിക്കാൻ മനസ്സുള്ളവർക്കെല്ലാം അതു തക്കസമയത്ത് പ്രദാനം ചെയ്‌തിരിക്കുന്നു. ഈ തിരുവെഴുത്തു പ്രബോധനം ഇന്ന് ‘തികഞ്ഞവരും പൂർണനിശ്ചയമുള്ളവരുമായി നിൽക്കാൻ’ യുവജനങ്ങളെ സഹായിക്കുന്നതു കാണുന്നത് എത്ര വലിയ സന്തോഷമാണ്!”