വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സത്യാരാധന ആളുകളെ ഏകീകരിക്കുന്നു

സത്യാരാധന ആളുകളെ ഏകീകരിക്കുന്നു

സത്യാരാധന ആളുകളെ ഏകീകരിക്കുന്നു

മതം പൊതുവെ മനുഷ്യവർഗത്തെ ഭിന്നിപ്പിക്കുന്നതായി കാണപ്പെടുന്നെങ്കിലും, ഏക സത്യദൈവത്തിന്റെ ആരാധനയ്‌ക്ക്‌ മനുഷ്യരെ ഏകീകരിക്കാനുള്ള ശക്തിയുണ്ട്‌. ഇസ്രായേല്യർ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയായിരുന്ന കാലത്ത്‌ പരമാർഥ ഹൃദയരായിരുന്ന പല വിജാതീയരും സത്യാരാധനയിലേക്ക്‌ ആകർഷിക്കപ്പെട്ടു. ഉദാഹരണത്തിന്‌, തന്റെ ജന്മദേശമായ മോവാബിലെ ദൈവങ്ങളെ ഉപേക്ഷിച്ച രൂത്ത്‌ നവോമിയോട്‌ ഇപ്രകാരം പറഞ്ഞു: “നിന്റെ ജനം എന്റെ ജനം നിന്റെ ദൈവം എന്റെ ദൈവം.” (രൂത്ത്‌ 1:16) പൊ.യു. ഒന്നാം നൂറ്റാണ്ടോടെ വിജാതീയരുടെ വലിയൊരു കൂട്ടം സത്യദൈവത്തിന്റെ ആരാധകരായിത്തീർന്നിരുന്നു. (പ്രവൃത്തികൾ 13:48; 17:4) പിന്നീട്‌ യേശുവിന്റെ അപ്പൊസ്‌തലന്മാർ സുവാർത്തയുമായി വിദൂര സ്ഥലങ്ങളിലേക്ക്‌ യാത്ര ചെയ്യാൻ തുടങ്ങിയപ്പോൾ പരമാർഥ ഹൃദയരായ മറ്റാളുകളും സത്യദൈവത്തിന്റെ ആരാധനയിൽ ഏകീകൃതരായി. “ജീവനുള്ള സത്യദൈവത്തിന്‌ അടിമവേല ചെയ്യേണ്ടതിന്‌ നിങ്ങൾ വിഗ്രഹങ്ങളെ വിട്ട്‌ അവനിലേക്ക്‌ തിരിഞ്ഞുവന്നു” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി. (1 തെസ്സലൊനീക്യർ 1:​10, NW) സത്യദൈവത്തിന്റെ ആരാധനയ്‌ക്ക്‌ ആളുകളെ ഏകീകരിക്കാനുള്ള അത്തരം ശക്തി ഇന്നുമുണ്ടോ?

“സത്യാരാധകർ” അല്ലെങ്കിൽ “സത്യദൈവം” എന്നൊക്കെ പറയുന്നത്‌ ശരിയല്ലെന്ന്‌ സന്ദേഹവാദികൾ പറയുന്നു. സത്യത്തെ കുറിച്ച്‌ മനസ്സിലാക്കാൻ കഴിയുന്ന ഏതെങ്കിലും ഉറവിടം ഉള്ളതായി അറിവില്ലാത്തതിനാലായിരിക്കാം അവർക്ക്‌ അങ്ങനെ തോന്നുന്നത്‌. എന്നാൽ വ്യക്തിപരമായ താത്‌പര്യത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കാൻ കഴിയുന്ന ഒന്നല്ല ആരാധന എന്ന്‌ പല പശ്ചാത്തലങ്ങളിൽനിന്നുള്ള സത്യാന്വേഷികൾ തിരിച്ചറിഞ്ഞിരിക്കുന്നു. നമ്മുടെ ആരാധനയ്‌ക്ക്‌ യോഗ്യനായ ഏക വ്യക്തി സകലത്തിന്റെയും സ്രഷ്ടാവായ യഹോവയാം ദൈവമാണ്‌. (വെളിപ്പാടു 4:11) അവനാണ്‌ സത്യദൈവം. താൻ എങ്ങനെ ആരാധിക്കപ്പെടണം എന്നു തീരുമാനിക്കാനുള്ള അവകാശം അവനാണ്‌ ഉള്ളത്‌.

തന്റെ നിബന്ധനകളെ കുറിച്ച്‌ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നതിന്‌ യഹോവ തന്റെ വചനമായ ബൈബിളിലൂടെ നമുക്ക്‌ അവ വെളിപ്പെടുത്തിത്തന്നിരിക്കുന്നു. ഇന്ന്‌ ഭൂമിയിലുള്ള ഏതാണ്ട്‌ എല്ലാവർക്കും ബൈബിൾ മുഴുവനായോ ഭാഗികമായോ ലഭ്യമാണ്‌. കൂടാതെ ദൈവത്തിന്റെ പുത്രൻ ഇങ്ങനെ പറഞ്ഞു: ‘എന്റെ വചനത്തിൽ നിലനില്‌ക്കുന്നു എങ്കിൽ നിങ്ങൾ സത്യം അറിയും.’ (യോഹന്നാൻ 8:31, 32) അതുകൊണ്ട്‌, സത്യം മനസ്സിലാക്കുക സാധ്യമാണ്‌. വിവിധ മതപശ്ചാത്തലങ്ങളിൽ പെട്ട പരമാർഥ ഹൃദയരായ ദശലക്ഷക്കണക്കിന്‌ ആളുകൾ ധൈര്യപൂർവം ഈ സത്യം സ്വന്തമാക്കുകയും സത്യാരാധനയിൽ ഏകീകൃതരായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.​—⁠മത്തായി 28:19, 20; വെളിപ്പാടു 7:9, 10.

ലോകവ്യാപക ഐക്യം നമ്മുടെ നാളുകളിൽ!

സെഫന്യാവ്‌ എന്ന ബൈബിൾ പുസ്‌തകത്തിലെ ശ്രദ്ധേയമായ ഒരു പ്രവചനം, വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകൾ ഒന്നിച്ചുചേരുന്നതിനെ കുറിച്ചു പറയുന്നു. ആ പ്രവചനം ഇപ്രകാരമാണ്‌: “അപ്പോൾ സകലജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ചു ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന്നു ഞാൻ [യഹോവയാം ദൈവം] അവർക്കു നിർമ്മലമായുള്ള അധരങ്ങളെ വരുത്തും [“ഒരു നിർമല ഭാഷയിലേക്കുള്ള മാറ്റം നൽകും,” NW].” (സെഫന്യാവു 3:9) ജീവിതരീതിക്കു മാറ്റം വരുത്തിക്കൊണ്ട്‌ ആളുകൾ ദൈവത്തെ ഐക്യത്തിൽ സേവിക്കുന്ന എത്ര മനോഹരമായ ചിത്രം!

അതു സംഭവിക്കേണ്ടിയിരുന്നത്‌ എപ്പോഴാണ്‌? സെഫന്യാവു 3:8 പറയുന്നതു ശ്രദ്ധിക്കുക: “അതുകൊണ്ടു ഞാൻ സാക്ഷിയായി എഴുന്നേല്‌ക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിപ്പിൻ എന്നു യഹോവയുടെ അരുളപ്പാടു; എന്റെ ക്രോധവും എന്റെ ഉഗ്രകോപവും പകരേണ്ടതിന്നു ജാതികളെ ചേർക്കുവാനും രാജ്യങ്ങളെ കൂട്ടുവാനും ഞാൻ നിർണ്ണയിച്ചിരിക്കുന്നു; സർവ്വഭൂമിയും എന്റെ തീക്ഷ്‌ണതാഗ്നിക്കു ഇരയായ്‌തീരും.” അതേ, യഹോവ രാഷ്‌ട്രങ്ങളെ കൂട്ടിവരുത്തുന്ന കാലത്ത്‌, എന്നാൽ തന്റെ ഉഗ്രകോപം അവരുടെമേൽ പകരുന്നതിന്‌ മുമ്പ്‌, അവൻ ഭൂമിയിലെ സൗമ്യർക്ക്‌ ഒരു നിർമല ഭാഷയിലേക്കുള്ള മാറ്റം നൽകും. ആ കാലം ഇപ്പോഴാണ്‌, കാരണം സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധമായ അർമഗെദോനിലേക്ക്‌ രാഷ്‌ട്രങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.​—⁠വെളിപ്പാടു 16:14, 16.

തന്റെ ജനത്തെ ഏകീകരിക്കാനായി യഹോവ അവർക്ക്‌ ഒരു നിർമല ഭാഷ നൽകുന്നു. ഈ പുതിയ ഭാഷയിൽ ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും സംബന്ധിച്ച ബൈബിൾ സത്യത്തിന്റെ ശരിയായ ഗ്രാഹ്യം ഉൾപ്പെടുന്നു. നിർമല ഭാഷ സംസാരിക്കുന്നതിൽ സത്യം വിശ്വസിക്കുന്നതും മറ്റുള്ളവരെ അത്‌ പഠിപ്പിക്കുന്നതും ദൈവത്തിന്റെ നിയമങ്ങൾക്കും തത്ത്വങ്ങൾക്കും ചേർച്ചയിൽ ജീവിക്കുന്നതും ഉൾപ്പെടുന്നു. അത്‌ ഭിന്നത ഉളവാക്കുന്ന രാഷ്‌ട്രീയം ഒഴിവാക്കുന്നതും ഈ ലോകത്തിന്റെ സവിശേഷതയായ വർഗീയതും ദേശീയത്വവാദവും പോലുള്ള സ്വാർഥ മനോഭാവങ്ങൾ ഹൃദയത്തിൽനിന്ന്‌ പിഴുതെറിയുന്നതും ആവശ്യമാക്കിത്തീർക്കുന്നു. (യോഹന്നാൻ 17:14; പ്രവൃത്തികൾ 10:34, 35) സത്യത്തെ സ്‌നേഹിക്കുന്ന പരമാർഥ ഹൃദയരായ ഏവർക്കും ഈ ഭാഷ പഠിക്കാൻ സാധിക്കും. ഒരിക്കൽ മതപരമായി തികച്ചും ഭിന്നമായ വിശ്വാസങ്ങൾ വെച്ചുപുലർത്തിയിരുന്ന, മുൻ ലേഖനത്തിൽ പരാമർശിച്ച ആ അഞ്ച്‌ വ്യക്തികളും ഇപ്പോൾ ഏക സത്യദൈവമായ യഹോവയുടെ ആരാധനയിൽ ഏകീകൃതരായിരിക്കുന്നത്‌ എങ്ങനെയെന്ന്‌ പരിചിന്തിക്കാം.

അവർ സത്യാരാധനയിൽ ഏകീകൃതർ

റോമൻ കത്തോലിക്കാ വിശ്വാസിയായിരുന്ന ഫിഡെല്യ തന്റെ മകൾക്ക്‌ സ്‌കൂളിൽ ഉപയോഗിക്കാൻ ഒരു ബൈബിൾ വാങ്ങി. തന്റെ മരണമടഞ്ഞ അഞ്ച്‌ മക്കളും ഇപ്പോൾ ഏത്‌ അവസ്ഥയിലാണെന്ന്‌ ആ ബൈബിളിൽനിന്നു കാണിച്ചുതരാൻ ഫിഡെല്യ പുരോഹിതനോട്‌ ആവശ്യപ്പെട്ടു. “നിരാശയായിരുന്നു ഫലം,” അവർ പറയുന്നു. അതുകൊണ്ട്‌ യഹോവയുടെ സാക്ഷികൾ സന്ദർശിച്ചപ്പോൾ ഫിഡെല്യ അവരോടും സമാനമായ ഒരു ചോദ്യം ചോദിച്ചു. മരിച്ചവരുടെ അവസ്ഥയെ കുറിച്ചുള്ള സത്യം സ്വന്തം ബൈബിളിൽനിന്നു വായിച്ചപ്പോൾ കത്തോലിക്കാ സഭ തന്നെ ഇത്ര നാളും വഞ്ചിക്കുകയായിരുന്നു എന്ന്‌ അവർ മനസ്സിലാക്കി. മരിച്ചവർ യാതൊന്നും അറിയുന്നില്ലെന്നും അതുകൊണ്ടുതന്നെ ലിമ്പോയിലോ മറ്റെവിടെയെങ്കിലുമോ കഷ്ടം അനുഭവിക്കുന്നില്ലെന്നും അവർ തിരിച്ചറിഞ്ഞു. (സങ്കീർത്തനം 146:4; സഭാപ്രസംഗി 9:5) ഫിഡെല്യ തന്റെ പക്കലുണ്ടായിരുന്ന രൂപങ്ങളും മറ്റും ഉപേക്ഷിക്കുകയും സഭ വിട്ടുപോരുകയും ചെയ്‌തു. തുടർന്ന്‌ അവർ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. (1 യോഹന്നാൻ 5:21) കഴിഞ്ഞ പത്തു വർഷമായി അവർ തിരുവെഴുത്തു സത്യങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുന്നത്‌ ആസ്വദിക്കുന്നു.

കാഠ്‌മണ്ഡുവിൽനിന്നുള്ള താര ഹൈന്ദവ ക്ഷേത്രങ്ങളൊന്നും അധികമില്ലാത്ത ഒരു രാജ്യത്തേക്കു താമസം മാറാൻ ഇടയായി. അവിടെ, തന്റെ ആത്മീയ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്താനാകുമെന്ന പ്രതീക്ഷയോടെ അവർ മെഥഡിസ്റ്റ്‌ പള്ളി സന്ദർശിച്ചു. എന്നാൽ മനുഷ്യർക്ക്‌ ഇത്രയധികം കഷ്ടത ഉണ്ടാകുന്നത്‌ എന്തുകൊണ്ട്‌ എന്ന തന്റെ ചോദ്യത്തിന്‌ അവർക്ക്‌ ഉത്തരം ലഭിക്കുകയുണ്ടായില്ല. അങ്ങനെയിരിക്കെ, യഹോവയുടെ സാക്ഷികൾ അവരെ സന്ദർശിക്കുകയും ബൈബിൾ പഠിക്കാൻ സഹായിക്കാമെന്ന്‌ ഉറപ്പു നൽകുകയും ചെയ്‌തു. താര പറയുന്നതു കേൾക്കുക: “സ്‌നേഹവാനായ ഒരു ദൈവത്തിന്‌ ഒരിക്കലും ലോകത്തിലെ കഷ്ടപ്പാടുകൾക്ക്‌ ഉത്തരവാദിയാകാൻ സാധിക്കുകയില്ലെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു . . . സമാധാനവും ഐക്യവും കളിയാടുന്ന ഒരു പുതിയ ലോകത്തെ സംബന്ധിച്ച പ്രത്യാശ എന്നെ അങ്ങേയറ്റം സന്തോഷിപ്പിച്ചു.” (വെളിപ്പാടു 21:​3-5) താര തന്റെ പക്കലുണ്ടായിരുന്ന വിഗ്രഹങ്ങളെല്ലാം ഉപേക്ഷിച്ചു, ജന്മദേശത്ത്‌ താൻ പിൻപറ്റിയിരുന്ന മതപരമായ ആചാരങ്ങളെല്ലാം നിറുത്തി. കൂടാതെ, ഒരു യഹോവയുടെ സാക്ഷിയെന്ന നിലയിൽ ആത്മീയ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്താൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ യഥാർഥ സന്തോഷം കണ്ടെത്താൻ അവർക്കു കഴിഞ്ഞിരിക്കുന്നു.

ബാങ്കോക്കിൽ വെച്ച്‌ യഹോവയുടെ സാക്ഷികൾ സന്ദർശിക്കുമ്പോൾ ബുദ്ധമതക്കാരനായിരുന്ന പാന്യ ഭാവിഫലം പറയുന്ന ഒരാളായിരുന്നു. അതുകൊണ്ട്‌ ബൈബിൾ പ്രവചനങ്ങൾ അദ്ദേഹത്തെ ആകർഷിച്ചു. “ഇന്ന്‌ കാര്യങ്ങളെല്ലാം ദൈവം ആദിയിൽ ഉദ്ദേശിച്ചിരുന്നതിൽനിന്ന്‌ വ്യത്യസ്‌തമായിരിക്കുന്നത്‌ എന്തുകൊണ്ടാണെന്നും തന്നെയും തന്റെ പരമാധികാരത്തെയും തള്ളിക്കളഞ്ഞിരിക്കുന്ന ആളുകൾ വരുത്തിവെച്ചിരിക്കുന്ന ദോഷങ്ങൾ ഇല്ലായ്‌മ ചെയ്യാൻ ദൈവം ചെയ്‌തിരിക്കുന്ന ക്രമീകരണങ്ങൾ എന്തൊക്കെ ആണെന്നും മനസ്സിലാക്കിയപ്പോൾ കണ്മുമ്പിൽ നിന്ന്‌ ഒരു മറ നീക്കപ്പെട്ട പ്രതീതിയായിരുന്നു എനിക്ക്‌. ബൈബിൾ സന്ദേശങ്ങൾ സംബന്ധിച്ച എല്ലാം പരസ്‌പരം യോജിപ്പുള്ളവയായിരുന്നു. ഞാൻ യഹോവയെ ഒരു വ്യക്തിയെന്ന നിലയിൽ സ്‌നേഹിക്കാൻ ഇടയായി. ശരിയായതു ചെയ്യാനുള്ള പ്രചോദനം അത്‌ എനിക്കു നൽകി. മാനുഷിക ജ്ഞാനവും ദൈവിക ജ്ഞാനവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നതിൽ മറ്റുള്ളവരെ സഹായിക്കാൻ എനിക്ക്‌ ഉത്സാഹമായിരുന്നു. യഥാർഥ ജ്ഞാനം എന്റെ ജീവിതത്തിനു പരിവർത്തനം വരുത്തിയിരിക്കുന്നു,” പാന്യ പറഞ്ഞു.

വിർജിലിന്‌ ഒടുവിൽ എന്തു സംഭവിച്ചെന്നു നോക്കുക. തന്റെ മതവിശ്വാസങ്ങൾ സംബന്ധിച്ച്‌ അദ്ദേഹത്തിനു സംശയങ്ങൾ തോന്നാൻ തുടങ്ങി. കറുത്തവരെ സഹായിക്കാൻ ഒരു വഴി കാണിച്ചുതരാനും വെള്ളക്കാർക്കെതിരെ വിദ്വേഷം നട്ടുവളർത്തുന്നതായി കാണപ്പെട്ട, വർഗീയമായ ഒന്നായി താൻ കണക്കാക്കിയിരുന്ന സംഘടനയെ തുണയ്‌ക്കാനും പ്രാർഥിക്കുന്നതിനു പകരം സത്യം അത്‌ എന്തായിരുന്നാലും, എവിടെയായാലും തന്നെ കാണിച്ചുതരണമെന്ന്‌ അദ്ദേഹം പ്രാർഥിച്ചു. വിർജിൽ ഇങ്ങനെ പറയുന്നു: “ദൈവത്തോട്‌ ഉള്ളുരുകി പ്രാർഥിച്ച ശേഷം പിറ്റേന്ന്‌ എഴുന്നേറ്റപ്പോൾ ഒരു വീക്ഷാഗോപുരം മാസിക വീട്ടിൽ കിടക്കുന്നതു ഞാൻ കണ്ടു. . . . വാതിലിനടിയിലൂടെ ആരോ അത്‌ അകത്തേക്ക്‌ ഇട്ടതായിരുന്നു.” താമസിയാതെ അദ്ദേഹം വളരെ ഉത്സാഹത്തോടെ യഹോവയുടെ സാക്ഷികളുമൊത്ത്‌ ബൈബിൾ പഠിക്കാൻ ആരംഭിച്ചു. അദ്ദേഹം തുടർന്നു പറയുന്നു: “ജീവിതത്തിൽ ആദ്യമായി എനിക്കു സംതൃപ്‌തി അനുഭവപ്പെട്ടു. . . . എന്റെ മനസ്സിൽ പ്രത്യാശയുടെ കിരണം തെളിഞ്ഞു.” താമസിയാതെ, ദൈവവചനമാകുന്ന ബൈബിളിൽ നൽകിയിരിക്കുന്ന യഥാർഥമായ ഏക പ്രത്യാശ ആളുകൾക്കു പകർന്നുകൊടുക്കുന്നവരോടൊപ്പം വിർജിൽ ഏകീകൃതനായി.

ലാറ്റിൻ അമേരിക്കയിലെ ചാറോയുടെ കാര്യമോ? തന്റെ കൊച്ചു കുട്ടികളെയുംകൊണ്ട്‌ മാർക്കറ്റിലും മറ്റും പോകുന്നത്‌ അവർക്കു ബുദ്ധിമുട്ടായിരുന്നു. എന്നാൽ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഗ്ലാഡിസ്‌ എന്ന വനിത അവരുടെ സഹായത്തിനെത്തി. ഇത്‌ ചാറോയിൽ വലിയ മതിപ്പുളവാക്കി. കുറച്ചുകഴിഞ്ഞപ്പോൾ, ഗ്ലാഡിസ്‌ അവരുമൊത്ത്‌ ഒരു സൗജന്യ ബൈബിൾ അധ്യയനം ആരംഭിച്ചു. നല്ലവരായ എല്ലാവരും സ്വർഗത്തിൽ പോകുന്നില്ലെന്നും ഭൂമിയിൽ നിത്യജീവൻ നൽകിക്കൊണ്ടും യഹോവ മനുഷ്യരെ അനുഗ്രഹിക്കുന്നുവെന്നും സ്വന്തം ബൈബിളിൽനിന്നു മനസ്സിലാക്കിയപ്പോൾ ചാറോ അത്ഭുതപ്പെട്ടുപോയി. (സങ്കീർത്തനം 37:11, 29) കഴിഞ്ഞ 15 വർഷമായി ചാറോയും മറ്റുള്ളവരുമായി ഈ പ്രത്യാശ പങ്കുവെക്കുകയാണ്‌.

ഏക സത്യദൈവമായ യഹോവയുടെ ആരാധനയിൽ ഏകീകൃതരായ, പരമാർഥ ഹൃദയരെ കൊണ്ട്‌ മുഴുഭൂമിയും നിറയുന്നതിനെ കുറിച്ച്‌ വിഭാവന ചെയ്യുക! ഇത്‌ വെറുമൊരു മിഥ്യയല്ല. യഹോവയുടെ വാഗ്‌ദാനമാണ്‌ അത്‌. തന്റെ പ്രവാചകനായ സെഫന്യാവ്‌ മുഖാന്തരം യഹോവ ഇങ്ങനെ അരുളിച്ചെയ്‌തു: “ഞാൻ നിന്റെ നടുവിൽ താഴ്‌മയും ദാരിദ്ര്യവും ഉള്ളോരു ജനത്തെ ശേഷിപ്പിക്കും; അവർ . . . നീതികേടു പ്രവർത്തിക്കയില്ല; ഭോഷ്‌കുപറകയുമില്ല; ചതിവുള്ള നാവു അവരുടെ വായിൽ ഉണ്ടാകയില്ല; . . . ആരും അവരെ ഭയപ്പെടുത്തുകയുമില്ല.” (സെഫന്യാവു 3:12, 13) ഈ വാഗ്‌ദാനം നിങ്ങൾക്ക്‌ ആകർഷകമായി തോന്നുന്നെങ്കിൽ, ബൈബിളിന്റെ ഈ ആഹ്വാനത്തിന്‌ ചെവികൊടുക്കുക: “യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകല സൌമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൌമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.”​—⁠സെഫന്യാവു 2:⁠3.