വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൺവെൻഷനുകൾ​—⁠ക്രിസ്‌തീയ സാഹോദര്യത്തെ സുദൃഢമാക്കുന്ന വേളകൾ

കൺവെൻഷനുകൾ​—⁠ക്രിസ്‌തീയ സാഹോദര്യത്തെ സുദൃഢമാക്കുന്ന വേളകൾ

തികഞ്ഞവരും പൂർണ നിശ്ചയമുള്ളവരുമായി നിൽക്കുക

കൺവെൻഷനുകൾ​—⁠ക്രിസ്‌തീയ സാഹോദര്യത്തെ സുദൃഢമാക്കുന്ന വേളകൾ

ഒരു വർഷത്തെ അന്യായമായ തടവുശിക്ഷയ്‌ക്കു ശേഷം ആരോഗ്യസ്ഥിതി മോശമാണെങ്കിലും, അമ്പതു വയസ്സുള്ള ജോസഫ്‌ എഫ്‌. റഥർഫോർഡ്‌ സന്തോഷത്തോടെ ഒരു ഹോട്ടൽ പരിചാരകന്റെ വേല ചെയ്യുകയാണ്‌. അദ്ദേഹം ചുറുചുറുക്കോടെ സൂട്ട്‌കേസുകളും മറ്റും എടുത്തുകൊണ്ടുപോകുകയും സഹക്രിസ്‌ത്യാനികളെ അവരുടെ മുറികളിലേക്ക്‌ ആനയിക്കുകയും ചെയ്യുന്നു. അദ്ദേഹത്തോടൊപ്പം തടവിൽ കഴിഞ്ഞിരുന്ന മറ്റു രണ്ട്‌ ബൈബിൾ വിദ്യാർഥികൾ താമസസൗകര്യത്തിനായി കാത്തുനിന്ന ഒരു വലിയ കൂട്ടത്തിന്‌ അവരുടെ മുറികളുടെ നമ്പറുകളും മറ്റും കൈമാറുകയാണ്‌. പാതിരാത്രി കഴിഞ്ഞിട്ടും തിരക്കോടുതിരക്കു തന്നെ. എല്ലാവരും വലിയ ഉത്സാഹത്തിലാണ്‌. എന്താണ്‌ വിശേഷം?

ബൈബിൾ വിദ്യാർഥികൾ (ഇന്ന്‌ യഹോവയുടെ സാക്ഷികൾ എന്നറിയപ്പെടുന്നു) ക്രൂരമായ ഒരു പീഡനകാലത്തിന്റെ കയ്‌പേറിയ ഓർമകളിൽനിന്ന്‌ വിമുക്തരായിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു 1919. തങ്ങളുടെ സഹോദരവർഗത്തെ പുനഃശക്തീകരിക്കാനായി അവർ ആ വർഷം സെപ്‌റ്റംബർ 1 മുതൽ 8 വരെ ഒരു കൺവെൻഷൻ നടത്തുകയാണ്‌. യു.എ⁠സ്‌.എ.-യിലെ ഒഹായോയിലുള്ള സീഡാർ പോയിന്റിലാണ്‌ അതു നടക്കുന്നത്‌. കൺവെൻഷന്റെ ഒടുവിലത്തെ ദിവസം 7,000 വരുന്ന ആവേശഭരിതരായ ശ്രോതാക്കൾ റഥർഫോർഡ്‌ സഹോദരന്റെ പിൻവരുന്ന വാക്കുകൾ സശ്രദ്ധം കേൾക്കുകയാണ്‌: “നമ്മുടെ കർത്താവിന്റെ മഹത്വമേറിയ രാജ്യത്തെ കുറിച്ച്‌ . . . ആളുകളോട്‌ ഘോഷിക്കുന്ന നിങ്ങൾ, രാജാധിരാജാവും കർത്താധികർത്താവും ആയവന്റെ സ്ഥാനപതികളാണ്‌.”

യഹോവയുടെ ജനത്തെ സംബന്ധിച്ചിടത്തോളം, പുരാതന ഇസ്രായേലിന്റെ കാലത്തുതന്നെ കൺവെൻഷനുകൾ ആരംഭിച്ചിരുന്നു. (പുറപ്പാടു 23:14-17; ലൂക്കൊസ്‌ 2:41-43) അത്തരം കൂടിവരവുകൾ സന്തോഷം തിരതല്ലുന്ന അവസരങ്ങൾ ആയിരുന്നു. കൂടാതെ ദൈവവചനത്തിൽ മനസ്സു കേന്ദ്രീകരിക്കാൻ ആ കൂടിവരവുകൾ സന്നിഹിതരായിരുന്ന എല്ലാവരെയും സഹായിച്ചു. സമാനമായി, ആധുനിക കാലത്ത്‌ യഹോവയുടെ സാക്ഷികളുടെ കൺവെൻഷനുകളും ആത്മീയ കാര്യങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്‌. അത്തരം സന്തോഷകരമായ കൂടിവരവുകൾ, സാക്ഷികൾ ശക്തമായ ക്രിസ്‌തീയ സഹോദരബന്ധത്താൽ ഏകീകൃതരാണ്‌ എന്നതിന്റെ നിസ്‌തർക്കമായ തെളിവുകൾ പരമാർഥ ഹൃദയരായ നിരീക്ഷകർക്കു നൽകുന്നു.

സംബന്ധിക്കാൻ നടത്തുന്ന ശ്രമങ്ങൾ

തങ്ങളുടെ കൺവെൻഷനുകൾ ആത്മീയ നവോന്മേഷത്തിന്റെയും ദൈവവചനത്തിൽ നിന്നുള്ള പ്രബോധനത്തിന്റെയും സമയങ്ങളാണെന്ന്‌ ആധുനികകാല ക്രിസ്‌ത്യാനികൾ മനസ്സിലാക്കുന്നു. “തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി നില്‌ക്കേണ്ടതി”ന്‌ തങ്ങളെ സഹായിക്കുന്ന അനുപേക്ഷണീയ മാർഗങ്ങളാണ്‌ ഈ വലിയ കൂടിവരവുകൾ എന്ന്‌ അവർ കരുതുന്നു. (കൊലൊസ്സ്യർ 4:12) അതുകൊണ്ട്‌, സാക്ഷികൾ മുഴുഹൃദയാ ഈ കൂടിവരവുകളെ പിന്തുണയ്‌ക്കുന്നു, അതിൽ സംബന്ധിക്കാൻ അവർ വലിയ ശ്രമങ്ങൾ ചെയ്യുന്നു.

ചിലരെ സംബന്ധിച്ചിടത്തോളം ഇത്തരം കൺവെൻഷനുകളിൽ സംബന്ധിക്കുന്നതുതന്നെ അവരുടെ വിശ്വാസത്തിന്റെ പ്രകടനമാണ്‌. പർവത സമാന പ്രതിബന്ധങ്ങൾ തരണം ചെയ്‌താണ്‌ അവർ അവിടെ ഹാജരാകുന്നത്‌. ഉദാഹരണത്തിന്‌, ഓസ്‌ട്രിയയിലെ പ്രായമായ ഒരു സാക്ഷിയുടെ കാര്യമെടുക്കാം. പ്രമേഹരോഗിയായ അവർക്ക്‌ ദിവസവും ഇൻസുലിൻ കുത്തിവെക്കേണ്ടതുണ്ട്‌. എങ്കിലും തന്റെ രാജ്യത്ത്‌ നടന്ന ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷന്റെ എല്ലാ ദിവസങ്ങളിലും അവർ അതിൽ സംബന്ധിക്കുകയുണ്ടായി. അടുത്തതായി ഇന്ത്യയിൽ നിന്നുള്ള ഒരു ഉദാഹരണം പരിചിന്തിക്കാം. കടുത്ത ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന ഒരു വലിയ സാക്ഷി കുടുംബം കൺവെൻഷനു സംബന്ധിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. എന്നാൽ കുടുംബാംഗങ്ങളിൽ ഒരാൾ അതിനു പരിഹാരം കണ്ടെത്തി. അവർ പറയുന്നു: “കൺവെൻഷൻ മുടക്കാൻ ഇഷ്ടമില്ലാഞ്ഞതുകൊണ്ട്‌ യാത്രാച്ചെലവിനായി ഞാൻ എന്റെ സ്വർണക്കമ്മൽ വിറ്റു. എങ്കിലും അത്‌ തക്ക മൂല്യമുള്ള ഒരു ത്യാഗമായിരുന്നു. കാരണം അവിടെ സഹവാസവും അനുഭവങ്ങളും ഞങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തി.”

പാപ്പുവ ന്യൂഗിനിയിൽ, സ്‌നാപനമേറ്റിട്ടില്ലാത്ത താത്‌പര്യക്കാരുടെ ഒരു കൂട്ടം തങ്ങളുടെ രാജ്യത്തിന്റെ തലസ്ഥാനത്തു നടക്കുന്ന ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ സംബന്ധിക്കാൻ തീരുമാനിച്ചുറച്ചു. അവർ തങ്ങളുടെ ഗ്രാമത്തിലെ ഒരു പൊതുവാഹന ഉടമസ്ഥനെ സമീപിച്ച്‌ കൺവെൻഷൻ സ്ഥലത്തേക്കു തങ്ങളെ കൊണ്ടുപോകാൻ ചാർജ്‌ എത്രയാകുമെന്നു ചോദിച്ചു. അയാൾ ആവശ്യപ്പെട്ട തുക അവർക്കു താങ്ങാവുന്നതിലും അധികമായിരുന്നതുകൊണ്ട്‌ ആ മനുഷ്യന്റെ വീട്ടിൽ പണിയെടുക്കാൻ അവർ ക്രമീകരണം ചെയ്‌തു. അടുക്കള പുതുക്കിപ്പണിതു കൊടുക്കുകവഴി അവർക്ക്‌ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനു സംബന്ധിക്കാനും മുഴു പരിപാടിയിൽനിന്നും പ്രയോജനം നേടാനും സാധിച്ചു.

കൺവെൻഷന്‌ സന്നിഹിതരാകാൻ തീരുമാനിച്ചുറച്ചിരിക്കുന്ന യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം ദൂരം ഒരു പ്രശ്‌നമേയല്ല. 1978-ൽ ഫ്രാൻസിലെ ലിയലിൽ നടന്ന കൺവെൻഷനിൽ സംബന്ധിക്കാൻ പോളണ്ടിൽനിന്ന്‌ ഒരു യുവാവ്‌ ആറു ദിവസംകൊണ്ട്‌ 1,200 കിലോമീറ്റർ സൈക്കിളിൽ യാത്ര ചെയ്‌താണ്‌ എത്തിയത്‌. 1997-ലെ വേനലിൽ മംഗോളിയയിൽനിന്നുള്ള രണ്ടു സാക്ഷികൾ റഷ്യയിലെ ഇയർക്കുറ്റ്‌സ്‌ക്കിൽ നടന്ന ക്രിസ്‌തീയ കൂടിവരവിൽ സംബന്ധിക്കാൻ 1,200 കിലോമീറ്റർ യാത്ര ചെയ്യുകയുണ്ടായി.

യഥാർഥ സഹോദരവർഗം പ്രവർത്തനത്തിൽ

തങ്ങളുടെ കൺവെൻഷനുകളിൽ യഹോവയുടെ സാക്ഷികൾ പ്രകടമാക്കുന്ന ഐകമത്യവും സഹോദരസ്‌നേഹവും പരമാർഥ ഹൃദയരായ നിരീക്ഷകർ ശ്രദ്ധിക്കുന്നു. കൺവെൻഷനു സംബന്ധിക്കുന്നവരുടെ ഇടയിൽ പക്ഷാഭേദം ഇല്ലെന്നതും ആദ്യമായി കണ്ടുമുട്ടുന്നവരാണെങ്കിൽ പോലും അവർ പരസ്‌പരം യഥാർഥമായ ഊഷ്‌മള സ്‌നേഹം പ്രകടമാക്കുന്നു എന്നതും പലരിലും മതിപ്പുളവാക്കിയിട്ടുണ്ട്‌.

ഓസ്‌ട്രേലിയയിൽ അടുത്തയിടെ നടന്ന ഒരു അന്താരാഷ്‌ട്ര കൺവെൻഷന്റെ സമയത്ത്‌ ഉണ്ടായ ഒരനുഭവം പരിചിന്തിക്കുക. കൺവെൻഷനോട്‌ അനുബന്ധിച്ച്‌ ഒരാഴ്‌ച അവിടെ ചെലവഴിക്കാൻ എത്തിയതായിരുന്നു ഒരു കൂട്ടം സാക്ഷികൾ. അവരോടൊപ്പം കുറച്ചുകൂടി സമയം തങ്ങാൻ അവരുടെ വഴികാട്ടി ആഗ്രഹിച്ചു. അവരുടെ സ്‌നേഹവും ഐകമത്യവും അയാളിൽ മതിപ്പുളവാക്കി. അവരിൽ പലരും തമ്മിൽ കാണുന്നത്‌ ആദ്യമായിട്ടായിരുന്നിട്ടുകൂടി പരസ്‌പരം വളരെ സ്‌നേഹത്തോടെ ഇടപഴകുന്നതു കണ്ടപ്പോൾ അയാൾ അത്ഭുതപ്പെട്ടുപോയി. അവർ പുറപ്പെടാറായപ്പോൾ അയാൾ അകലെനിന്ന്‌ ഉച്ചത്തിൽ വിളിച്ചുകൊണ്ട്‌ അവരുടെ ശ്രദ്ധ ക്ഷണിച്ചു. അവരെ “സഹോദരങ്ങളേ” എന്നു സംബോധന ചെയ്‌തുകൊണ്ട്‌ അയാൾ അവരോട്‌ നന്ദിവാക്കുകൾ പറയാൻ തുടങ്ങി. എന്നാൽ വികാരത്താൽ വാക്കുകൾ തൊണ്ടയിൽ കുരുങ്ങിയതുകൊണ്ട്‌ അയാൾക്ക്‌ അതു പൂർത്തിയാക്കാനായില്ല, അയാൾ കരഞ്ഞുപോയി.

1997-ൽ ശ്രീലങ്കയിൽ ആദ്യമായി ഒരു ത്രിഭാഷാ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ നടന്നു. വലിയ ഒരു സ്റ്റേഡിയത്തിലാണ്‌ അതു നടന്നത്‌. മുഴു പരിപാടിയും ഒരേസമയം ഇംഗ്ലീഷിലും സിംഹളയിലും തമിഴിലും അവതരിപ്പിക്കപ്പെട്ടു. വംശീയ സംഘർഷങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിൽ, മൂന്നു ഭാഷാക്കൂട്ടങ്ങളുടെ അത്തരത്തിലുള്ള ഒരു കൂടിവരവ്‌ ശ്രദ്ധിക്കപ്പെട്ടു. ഒരു പോലീസുകാരൻ ഒരു സഹോദരനോട്‌ ഇപ്രകാരം ചോദിച്ചു: “ഈ കൺവെൻഷൻ നടത്തുന്നത്‌ ആരാണ്‌​—⁠സിംഹളക്കാരോ തമിഴരോ അതോ ഇംഗ്ലീഷുകാരോ?” “അങ്ങനെ ഏതെങ്കിലും ഒരു പ്രത്യേക കൂട്ടമല്ല, ഞങ്ങൾ എല്ലാവരുംകൂടെ ചേർന്നാണ്‌ ഇതു നടത്തുന്നത്‌” എന്നു സഹോദരൻ മറുപടി പറഞ്ഞു. പോലീസുകാരന്‌ അതു വിശ്വസിക്കാനായില്ല. മൂന്ന്‌ ഭാഷാക്കൂട്ടങ്ങളും സമാപന പ്രാർഥനയിൽ പങ്കുചേർന്നു. അവരുടെ ഏകസ്വരത്തിലുള്ള “ആമേൻ” സ്റ്റേഡിയത്തിൽ മാറ്റൊലികൊണ്ടു. തുടർന്ന്‌ സന്നിഹിതരായിരുന്ന ഏവരും കരഘോഷം മുഴക്കി. സദസ്യരുടെ ഏവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. അതേ, കൺവെൻഷനുകൾ നമ്മുടെ ക്രിസ്‌തീയ സാഹോദര്യത്തെ സുദൃഢമാക്കുന്ന വേളകളാണ്‌.​—⁠സങ്കീർത്തനം 133:⁠1. *

[അടിക്കുറിപ്പുകൾ]

^ ഖ. 14 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിന്റെ 66-77, 254-82 പേജുകൾ കാണുക.