വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ചൊവ്വുള്ള പാതയിൽ’ നടക്കുവിൻ

‘ചൊവ്വുള്ള പാതയിൽ’ നടക്കുവിൻ

‘ചൊവ്വുള്ള പാതയിൽ’ നടക്കുവിൻ

‘നീതിമാനു നന്മവരും; തങ്ങളുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും’ എന്ന്‌ യെശയ്യാ പ്രവാചകൻ പ്രഖ്യാപിച്ചു. “നീതിമാന്റെ വഴി ചൊവ്വുള്ളതാകുന്നു” എന്നും അവൻ പറഞ്ഞു. (യെശയ്യാവു 3:10; 26:7) വ്യക്തമായും, നമ്മുടെ പ്രവൃത്തികൾക്കു നല്ല ഫലം ലഭിക്കാൻ നാം ദൈവദൃഷ്ടിയിൽ നീതിയായതു ചെയ്യണം.

എന്നാൽ ചൊവ്വുള്ള പാതയിൽ നടക്കാൻ നമുക്ക്‌ എങ്ങനെ സാധിക്കും? ആ പാതയിൽ നടക്കുകവഴി നമുക്ക്‌ എന്ത്‌ അനുഗ്രഹങ്ങൾ പ്രതീക്ഷിക്കാൻ കഴിയും? നാം ദൈവത്തിന്റെ നീതിനിഷ്‌ഠമായ നിലവാരങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നത്‌ മറ്റുള്ളവർക്ക്‌ എങ്ങനെ പ്രയോജനം ചെയ്യും? സദൃശവാക്യങ്ങൾ എന്ന ബൈബിൾ പുസ്‌തകത്തിന്റെ 10-ാം അധ്യായത്തിൽ ശലോമോൻ രാജാവ്‌ ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുന്നു. അവിടെ നീതിമാന്മാരെയും ദുഷ്ടന്മാരെയും തമ്മിൽ വിപരീത താരതമ്യം ചെയ്‌തുകൊണ്ട്‌ സംസാരിക്കവേ, ശലോമോൻ ‘നീതിമാൻ[മാർ]’ എന്ന പ്രയോഗം 13 പ്രാവശ്യം ഉപയോഗിക്കുന്നു. അതിൽ ഒമ്പത്‌ എണ്ണം 15 മുതൽ 32 വരെയുള്ള വാക്യങ്ങളിലാണ്‌. അതുകൊണ്ട്‌ സദൃശവാക്യങ്ങൾ 10:15-32 വാക്യങ്ങൾ പരിചിന്തിക്കുന്നത്‌ പ്രോത്സാഹജനകമായിരിക്കും. *

ശിക്ഷണം മുറുകെ പിടിക്കുക

ശലോമോൻ നീതിയുടെ പ്രാധാന്യത്തിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു. അവൻ പറയുന്നു: “ധനവാന്റെ സമ്പത്തു, അവന്നു ഉറപ്പുള്ളോരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നേ. നീതിമാന്റെ സമ്പാദ്യം ജീവഹേതുവും ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു.”​—⁠സദൃശവാക്യങ്ങൾ 10:15, 16.

പട്ടണമതിൽ ഒരു പട്ടണത്തിലെ നിവാസികൾക്ക്‌ ഒരളവുവരെ സംരക്ഷണം പ്രദാനം ചെയ്യുന്നതുപോലെ, സമ്പത്ത്‌ ജീവിതത്തിലെ ചില അനിശ്ചിതാവസ്ഥകൾക്കെതിരെ സംരക്ഷണമായി ഉതകിയേക്കാം. അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുമ്പോൾ ദാരിദ്ര്യം വിപത്‌കരമായേക്കാം. (സഭാപ്രസംഗി 7:12) എന്നാൽ സമ്പത്തും ദാരിദ്ര്യവുമായി ഒരുപോലെ ബന്ധപ്പെട്ടിരിക്കുന്ന ഒരു അപകടത്തെ കുറിച്ചായിരിക്കാം ജ്ഞാനിയായ രാജാവ്‌ ഇവിടെ സൂചിപ്പിക്കുന്നത്‌. സമ്പന്നനായ ഒരു മനുഷ്യൻ പൂർണമായി തന്റെ സമ്പത്തിൽ ആശ്രയിക്കാൻ ചായ്‌വു കാട്ടിക്കൊണ്ട്‌, തന്റെ വിലപിടിപ്പുള്ള വസ്‌തുക്കൾ “ഉയർന്ന മതിൽ” പോലെ സംരക്ഷണം നൽകുമെന്ന്‌ കരുതിയേക്കാം. (സദൃശവാക്യങ്ങൾ 18:11) ഇനി, ദാരിദ്ര്യം തന്റെ ഭാവിയെ ആശയറ്റതാക്കുന്നു എന്ന്‌ ഒരു ദരിദ്ര മനുഷ്യൻ തെറ്റിദ്ധരിച്ചേക്കാം. അങ്ങനെ ഇരുകൂട്ടരും ദൈവമുമ്പാകെ ഒരു നല്ല പേര്‌ സമ്പാദിക്കുന്നതിൽ പരാജയപ്പെടുന്നു.

നേരെ മറിച്ച്‌, ഒരു നീതിമാന്‌ ഭൗതികമായി വളരെയധികം ഉണ്ടെങ്കിലും ഇല്ലെങ്കിലും അയാളുടെ നീതിപ്രവൃത്തികൾ അയാളെ ജീവനിലേക്കു നയിക്കുന്നു. എങ്ങനെ? അയാൾ തനിക്ക്‌ ഉള്ളതുകൊണ്ട്‌ തൃപ്‌തിയടയുന്നു. തന്റെ സാമ്പത്തികസ്ഥിതി ദൈവമുമ്പാകെ തനിക്കുള്ള നല്ല നിലയ്‌ക്ക്‌ ഒരു വിലങ്ങുതടിയാകാൻ അയാൾ അനുവദിക്കുകയില്ല. സമ്പന്നനാണെങ്കിലും ദരിദ്രനാണെങ്കിലും ഒരു നീതിമാന്റെ ജീവിതഗതി അയാൾക്ക്‌ ഇപ്പോൾ സന്തോഷവും ഭാവിയിൽ നിത്യജീവന്റെ പ്രത്യാശയും കൈവരുത്തുന്നു. (ഇയ്യോബ്‌ 42:10-13) ദുഷ്ടനെ സംബന്ധിച്ചിടത്തോളം അയാൾ സമ്പത്ത്‌ വാരിക്കൂട്ടിയാലും അയാൾക്ക്‌ യാതൊരു പ്രയോജനവും ലഭിക്കുകയില്ല. തന്റെ സമ്പത്തിന്റെ സംരക്ഷണാത്മക മൂല്യത്തെ വിലമതിച്ചുകൊണ്ട്‌ ദൈവഹിതത്തിനു ചേർച്ചയിൽ ജീവിക്കുന്നതിനു പകരം അയാൾ പാപപൂർണമായ ജീവിതം നയിക്കാൻ തന്റെ സമ്പത്ത്‌ ഉപയോഗിക്കുന്നു.

ഇസ്രായേലിന്റെ രാജാവ്‌ തുടർന്ന്‌ ഇങ്ങനെ പറയുന്നു: “പ്രബോധനം പ്രമാണിക്കുന്നവൻ [“ശിക്ഷണം മുറുകെ പിടിക്കുന്നവൻ,” NW] ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ ഉഴന്നുനടക്കുന്നു.” (സദൃശവാക്യങ്ങൾ 10:17) ഈ വാക്യം രണ്ടു രീതിയിൽ മനസ്സിലാക്കാവുന്നതാണ്‌ എന്ന്‌ ഒരു ബൈബിൾ പണ്ഡിതൻ അഭിപ്രായപ്പെടുന്നു. ശിക്ഷണത്തിനു കീഴ്‌പെട്ടുകൊണ്ട്‌ നീതി പിന്തുടരുന്ന ഒരുവൻ ജീവന്റെ പാതയിൽ ആണെന്നും ശാസന ഉപേക്ഷിക്കുന്നവൻ ആ വഴിയിൽനിന്ന്‌ അകന്നു പോകുന്നു എന്നും ആയിരിക്കാം ഒരു അർഥം. “ശിക്ഷണം സ്വീകരിക്കുന്നവൻ ജീവന്റെ വഴി [മറ്റുള്ളവർക്കു] കാട്ടിക്കൊടുക്കുന്നു [കാരണം, അയാളുടെ നല്ല മാതൃക അവർക്കു പ്രയോജനം ചെയ്യുന്നു], എന്നാൽ തിരുത്തൽ അവഗണിക്കുന്നവൻ മറ്റുള്ളവരെ വഴിതെറ്റിക്കുന്നു” എന്നും ആ വാക്യത്തിന്‌ അർഥമുണ്ടായിരിക്കാം. (സദൃശവാക്യങ്ങൾ 10:​17, ന്യൂ ഇന്റർനാഷണൽ വേർഷൻ) രണ്ടു തരത്തിലായാലും, നാം ശിക്ഷണം മുറുകെ പിടിക്കേണ്ടതും ശാസന ത്യജിക്കാതിരിക്കേണ്ടതും എത്ര പ്രധാനമാണ്‌!

വിദ്വേഷത്തിന്റെ സ്ഥാനത്ത്‌ സ്‌നേഹത്തെ പ്രതിഷ്‌ഠിക്കുക

ശലോമോൻ അടുത്തതായി സമാനമായ ആശയം ധ്വനിപ്പിക്കുന്ന രണ്ടു വശങ്ങളുള്ള ഒരു സദൃശവാക്യം പറയുന്നു: “വിദ്വേഷം മറച്ചുവച്ചു സംസാരിക്കുന്നവൻ കള്ളം പറയുന്നു.” ഒരു വ്യക്തി ഒരാളോടു വിദ്വേഷം വെച്ചുപുലർത്തുന്നു. എന്നാൽ താൻ അത്‌ മറച്ചുവെച്ചുകൊണ്ട്‌ അയാളോട്‌ ഭംഗിവാക്കുകൾ പറയുന്നു. ആ ചെയ്യുന്നത്‌ വഞ്ചനയാണ്‌​—⁠അയാൾ “കള്ളം പറയുന്നു.” (സദൃശവാക്യങ്ങൾ 10:18) ജ്ഞാനിയായ രാജാവ്‌ ഇങ്ങനെയും കൂട്ടിച്ചേർക്കുന്നു: “അപവാദം പറയുന്നവൻ മൂഢനാണ്‌.” (സുഭാഷിതങ്ങൾ [സദൃശവാക്യങ്ങൾ] 10:​18, പി.ഒ.സി. ബൈ.) ചിലർ വിദ്വേഷം മറച്ചുവെക്കുന്നതിനു പകരം തങ്ങൾക്കു ദേഷ്യമുള്ളവരെ കുറിച്ച്‌ അപവാദങ്ങൾ പറഞ്ഞുപരത്തും. അത്‌ മൗഢ്യമാണ്‌. കാരണം അങ്ങനെയുള്ള ദുഷ്‌പ്രചാരണങ്ങളൊന്നും യഥാർഥത്തിൽ മറ്റേ ആളിന്റെ സ്വഭാവത്തിനു യാതൊരു മാറ്റവും വരുത്താൻ പോകുന്നില്ല. ഈ അപവാദങ്ങൾ കേൾക്കാനിടയാകുന്നവർ വിവേചനാശാലികൾ ആണെങ്കിൽ അവർക്കു കാര്യം പിടികിട്ടും, ദുഷ്‌പ്രചാരണം നടത്തിയ ആളെ കുറിച്ച്‌ അവർക്കു മോശമായ അഭിപ്രായം ഉണ്ടാകും. അങ്ങനെ അപവാദം പരത്തുന്ന ഒരുവൻ തനിക്കുതന്നെ ദോഷം വരുത്തിവെക്കുന്നു.

മേൽപ്പറഞ്ഞ രണ്ടു രീതികളും, അതായത്‌ വഞ്ചനയും അപവാദവും, ഒഴിവാക്കുന്നതാണ്‌ നീതിയുടെ വഴി. “സഹോദരനെ നിന്റെ ഹൃദയത്തിൽ ദ്വേഷിക്കരുതു” എന്ന്‌ ദൈവം ഇസ്രായേല്യരോടു പറഞ്ഞിരുന്നു. (ലേവ്യപുസ്‌തകം 19:17) യേശു തന്റെ ശ്രോതാക്കൾക്ക്‌ ഈ ബുദ്ധിയുപദേശം നൽകി: “നിങ്ങളുടെ ശത്രുക്കളെ [പോലും] സ്‌നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ.” (മത്തായി 5:44, 45) വിദ്വേഷത്തിനു പകരം സ്‌നേഹംകൊണ്ട്‌ നമ്മുടെ മനസ്സുകളെ നിറയ്‌ക്കുന്നത്‌ എത്രയോ നല്ലതാണ്‌!

‘അധരങ്ങളെ അടക്കുക’

നാവിനെ നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യത്തിന്‌ ഊന്നൽ നൽകിക്കൊണ്ട്‌ ജ്ഞാനിയായ രാജാവ്‌ ഇങ്ങനെ പറയുന്നു: “വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.”​—⁠സദൃശവാക്യങ്ങൾ 10:⁠19.

“ഭോഷൻ വാക്കുകളെ വർദ്ധിപ്പിക്കുന്നു.” (സഭാപ്രസംഗി 10:14) അവന്റെ വായ്‌ “ഭോഷത്വം പൊഴിക്കുന്നു.” (സദൃശവാക്യങ്ങൾ 15:2) സംസാരപ്രിയരായ എല്ലാവരും ഭോഷരാണെന്നല്ല അതിനർഥം. എന്നാൽ വാതോരാതെ സംസാരിക്കുന്ന ഒരുവൻ ഹാനികരമായ കുശുകുശുപ്പിന്റെ അഥവാ ദുഷ്‌പ്രചാരണത്തിന്റെ ഒരു സരണിയായിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്‌! സത്‌പേരിനു കളങ്കമേൽക്കാനും വികാരങ്ങൾ വ്രണപ്പെടാനും ബന്ധങ്ങൾക്ക്‌ ഉലച്ചിൽ തട്ടാനുമൊക്കെ മിക്കപ്പോഴും ഇടയാക്കുന്നത്‌ ബുദ്ധിശൂന്യമായ സംസാരമാണ്‌. എന്തിന്‌, ചിലപ്പോൾ അതുമൂലം ശാരീരിക ഹാനി പോലും സംഭവിച്ചേക്കാം. “വാക്കുകൾ ഏറുമ്പോൾ തെററുവർദ്‌ധിക്കുന്നു.” (സദൃശവാക്യങ്ങൾ 10:​19, പി.ഒ.സി. ബൈ.) മാത്രമല്ല, നാവിനു വിശ്രമം കൊടുക്കാതെ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ അടുത്ത്‌ ആയിരിക്കുന്നത്‌ അലോസരം ഉണ്ടാക്കും. അതുകൊണ്ട്‌ വാക്കുകൾ ഏറാതിരിക്കാൻ നമുക്കു ശ്രദ്ധിക്കാം.

വ്യാജം ഒഴിവാക്കുന്നതിലുപരി, തന്റെ അധരങ്ങളെ അടക്കുന്ന ഒരുവൻ വിവേചനയോടെ പ്രവർത്തിക്കുന്നു. അയാൾ ആലോചിച്ചു മാത്രമേ സംസാരിക്കൂ. യഹോവയുടെ നിലവാരങ്ങളോടുള്ള സ്‌നേഹവും സഹമനുഷ്യരെ സഹായിക്കാനുള്ള യഥാർഥ താത്‌പര്യവും നിമിത്തം, തന്റെ വാക്കുകൾ മറ്റുള്ളവരെ എങ്ങനെ ബാധിച്ചേക്കാമെന്ന സംഗതി അയാൾ കണക്കിലെടുക്കും. അയാളുടെ വാക്കുകൾ സ്‌നേഹവും ദയയും തുളുമ്പുന്നവയായിരിക്കും. തന്റെ സംസാരം ആകർഷകവും പ്രയോജനപ്രദവും ആക്കാൻ എങ്ങനെ സാധിക്കുമെന്നതിനെ കുറിച്ച്‌ അയാൾ ധ്യാനിക്കുന്നു. അയാളുടെ വാക്കുകൾ “വെള്ളിത്താലത്തിൽ പൊൻനാരങ്ങാ” പോലെ എല്ലായ്‌പോഴും ചാതുര്യമുള്ളതും അന്തസ്സുറ്റതും ആയിരിക്കും.​—⁠സദൃശവാക്യങ്ങൾ 25:⁠11.

‘പലരെയും പോഷിപ്പിക്കുക’

ശലോമോൻ രാജാവ്‌ തുടർന്ന്‌ ഇങ്ങനെ പറയുന്നു: “നീതിമാന്റെ നാവു മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.” (സദൃശവാക്യങ്ങൾ 10:20) നീതിമാന്റെ വാക്കുകൾ യാതൊരു മാലിന്യവും ഇല്ലാത്ത മേൽത്തരം വെള്ളിപോലെ ശുദ്ധമായിരിക്കും. യഹോവയുടെ ദാസന്മാരെ സംബന്ധിച്ചിടത്തോളം ഇത്‌ തീർച്ചയായും ശരിയാണ്‌. കാരണം, അവർ ദൈവവചനത്തിലെ ജീവരക്ഷാകരമായ പരിജ്ഞാനം മറ്റുള്ളവർക്കു പകർന്നു കൊടുക്കുന്നു. ‘തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന്ന്‌’ അവരുടെ മഹാ പ്രബോധകനായ യഹോവയാം ദൈവം അവർക്ക്‌ ‘ശിഷ്യന്മാരുടെ [“പഠിപ്പിക്കപ്പെട്ടവരുടെ,” NW] നാവു നൽകിയിരിക്കുന്നു.’ (യെശയ്യാവു 30:​20, NW; 50:4) ബൈബിൾ സത്യങ്ങൾ സംസാരിക്കുന്നതിനാൽ അവരുടെ നാവ്‌ മേൽത്തരം വെള്ളി പോലെയാണ്‌. ദുഷ്ടന്റെ ആലോചനകളുമായി വിപരീത താരതമ്യം ചെയ്യുമ്പോൾ പരമാർഥ ഹൃദയരായ ആളുകളോട്‌ അവർ പറയുന്ന കാര്യങ്ങൾ എത്രയോ വിലയേറിയതാണ്‌! ദൈവത്തിന്റെ രാജ്യത്തെയും അവന്റെ അത്ഭുതപ്രവൃത്തികളെയും കുറിച്ച്‌ സംസാരിക്കുന്നതിൽ നമുക്ക്‌ ഉത്സാഹമുള്ളവർ ആയിരിക്കാം.

നീതിമാൻ ചുറ്റുമുള്ളവർക്ക്‌ ഒരു അനുഗ്രഹമാണ്‌. “നീതിമാന്റെ അധരങ്ങൾ പലരെയും പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു” എന്ന്‌ ശലോമോൻ തുടർന്നു പറുയന്നു.​—⁠സദൃശവാക്യങ്ങൾ 10:⁠21.

‘നീതിമാൻ പലരെയും പോഷിപ്പിക്കു’ന്നത്‌ എങ്ങനെയാണ്‌? ഇവിടെ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “ആടുകളെ മേയ്‌ക്കുക” എന്ന ആശയത്തെ ധ്വനിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 10:​21, NW, അടിക്കുറിപ്പ്‌) പുരാതന കാലത്ത്‌ ഒരു ആട്ടിടയൻ തന്റെ ആടുകളെ പരിപാലിച്ചിരുന്നതുപോലെ, വഴിനയിക്കുകയും പോഷിപ്പിക്കുകയും ചെയ്യുക എന്ന അർഥം അതിനുണ്ട്‌. (1 ശമൂവേൽ 16:11; സങ്കീർത്തനം 23:1-3; ഉത്തമഗീതം 1:7) നീതിമാൻ മറ്റുള്ളവരെ നീതിയുടെ പാതയിലേക്കു നയിക്കുന്നു, അയാളുടെ വാക്കുകൾ ശ്രോതാക്കളെ പോഷിപ്പിക്കുന്നു. തത്‌ഫലമായി അവർ ഏറെ സന്തോഷകരവും സംതൃപ്‌തവുമായ ജീവിതം നയിക്കുന്നു, അവർ നിത്യജീവനു യോഗ്യരാകുക പോലും ചെയ്‌തേക്കാം.

ഭോഷന്റെ കാര്യമോ? ബുദ്ധിഹീനൻ ആയതുകൊണ്ട്‌ അയാളിൽ നല്ല ആന്തരത്തിന്റെ അഭാവം ദർശിക്കാവുന്നതാണ്‌. അതുപോലെ അയാൾ തന്റെ ഗതിയുടെ പരിണതഫലത്തെ കുറിച്ച്‌ ചിന്തയുള്ളവൻ ആയിരിക്കില്ല. അങ്ങനെയുള്ള ഒരു വ്യക്തി ഭവിഷ്യത്തുക്കളെ കുറിച്ച്‌ ചിന്തിക്കാതെ തനിക്ക്‌ ഇഷ്ടമുള്ളത്‌ ചെയ്യുന്നു. അങ്ങനെ തന്റെ പ്രവൃത്തികളുടെ പരിണതഫലം അയാൾ അനുഭവിക്കുന്നു. നീതിമാൻ ജീവൻ നേടാൻ മറ്റുള്ളവരെ സഹായിക്കുമ്പോൾ ബുദ്ധിശൂന്യനായ ഒരുവന്‌ സ്വന്തം ജീവൻ പോലും രക്ഷിക്കാൻ സാധിക്കുകയില്ല.

തെറ്റു ചെയ്യാതിരിക്കുക

ഒരുവന്റെ ഇഷ്ടാനിഷ്ടങ്ങൾ മിക്കപ്പോഴും അയാളുടെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്നു. ഇസ്രായേൽ രാജാവിന്റെ പിൻവരുന്ന വാക്കുകളിൽ ആ വസ്‌തുത കാണാവുന്നതാണ്‌: “തെററുചെയ്യുക [“അഴിഞ്ഞ നടത്തയിൽ ഏർപ്പെടുക,” NW] മൂഢന്‌ വെറുമൊരു വിനോദമാണ്‌; അറിവുള്ളവന്‌ വിവേകപൂർവ്വമായ പെരുമാററത്തിലാണ്‌ ആഹ്ലാദം.”​—⁠സദൃശവാക്യങ്ങൾ 10:​23, പി.ഒ.സി. ബൈ.

ചിലർ അഴിഞ്ഞ നടത്തയെ വെറും ഒരു ‘നേരമ്പോക്കായി’ വീക്ഷിക്കുന്നു. എല്ലാവരും ദൈവത്തോട്‌ കണക്കു ബോധിപ്പിക്കേണ്ടതാണെന്ന കാര്യം അവർ അംഗീകരിക്കുന്നില്ല, തങ്ങൾ തെറ്റായ വഴിയിലൂടെയാണ്‌ സഞ്ചരിക്കുന്നതെന്ന യാഥാർഥ്യത്തിനു നേരെ അവർ കണ്ണടയ്‌ക്കുന്നു. (റോമർ 14:12) അവർ ന്യായബോധം കാട്ടുന്നില്ല, അങ്ങനെ ദൈവം തങ്ങളുടെ തെറ്റുകൾ കാണുന്നില്ലെന്ന്‌ അവർ കരുതുന്നു. തങ്ങളുടെ പ്രവൃത്തികളാൽ അവർ ഫലത്തിൽ “ദൈവം ഇല്ല” എന്നു പറയുന്നു. (സങ്കീർത്തനം 14:1-3; യെശയ്യാവു 29:15, 16) എത്ര വലിയ ഭോഷത്തം!

വിവേകശാലിയായ ഒരുവനാകട്ടെ അഴിഞ്ഞ നടത്ത ഒരു വിനോദമല്ലെന്നു തിരിച്ചറിയുന്നു. അത്‌ ദൈവത്തെ അപ്രീതിപ്പെടുത്തുമെന്നും തനിക്ക്‌ അവനുമായുള്ള ബന്ധത്തെ നശിപ്പിക്കുമെന്നും അയാൾക്ക്‌ അറിയാം. അത്തരമൊരു ജീവിതഗതി ഭോഷത്തമാണ്‌. കാരണം അതിലൂടെ ആത്മാഭിമാനം നഷ്ടമാകുന്നു, വിവാഹബന്ധങ്ങൾ തകരുന്നു, ശരീരത്തിനും മനസ്സിനും ദോഷം സംഭവിക്കുന്നു, ആത്മീയത നഷ്ടമാകാൻ ഇടയാകുന്നു. തെറ്റായ നടത്ത ഒഴിവാക്കിക്കൊണ്ട്‌ ഒരു പ്രിയ സഹോദരിയോട്‌ എന്നതുപോലെ വിവേകത്തോടു നാം സ്‌നേഹം നട്ടുവളർത്തുന്നത്‌ ജ്ഞാനമായിരിക്കും.​—⁠സദൃശവാക്യങ്ങൾ 7:⁠4.

ശരിയായ അടിസ്ഥാനത്തിന്മേൽ പണിയുക

ജീവിതം ശരിയായ അടിസ്ഥാനത്തിന്മേൽ പടുത്തുയർത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിക്കൊണ്ട്‌ ശലോമോൻ പറയുന്നു: “ദുഷ്ടൻ പേടിക്കുന്നതു തന്നേ അവന്നു ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും. ചുഴലിക്കാററു കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി; നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ.”​—⁠സദൃശവാക്യങ്ങൾ 10:24, 25.

ദുഷ്ടൻ മറ്റുള്ളവരെ വളരെയധികം ഭയപ്പെടുത്തിയേക്കാം. എന്നാൽ ഒടുവിൽ, അയാൾ പേടിക്കുന്നതുതന്നെ അയാൾക്കു ഭവിക്കും. നീതിനിഷ്‌ഠമായ തത്ത്വങ്ങളിൽ അടിസ്ഥാനം ഇല്ലാത്തതിനാൽ, കൊടുങ്കാറ്റിൽ നിലംപൊത്തിയേക്കാവുന്ന ഉറപ്പില്ലാത്ത ഒരു കെട്ടിടം പോലെയാണ്‌ അയാൾ. സമ്മർദങ്ങൾ ഉണ്ടാകുമ്പോൾ അയാൾ അവയ്‌ക്കു വശംവദനാകുന്നു. എന്നാൽ നീതിമാൻ യേശുവിന്റെ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിച്ച മനുഷ്യനെ പോലെ ആയിരിക്കും. അയാൾ “പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യ”നാണ്‌. യേശു പറഞ്ഞതുപോലെ, “വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാററു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല.” (മത്തായി 7:24, 25) അത്തരം ഒരു വ്യക്തി സ്ഥിരതയുള്ളവൻ ആയിരിക്കും​—⁠അയാളുടെ ചിന്തകളും പ്രവൃത്തികളും പൂർണമായും ദൈവിക തത്ത്വങ്ങളിൽ അധിഷ്‌ഠിതമായിരിക്കും.

ദുഷ്ടനും നീതിമാനും തമ്മിലുള്ള വിപരീത താരതമ്യം തുടരുന്നതിനു മുമ്പ്‌ ജ്ഞാനിയായ രാജാവ്‌ സംക്ഷിപ്‌തവും അതേസമയം പ്രാധാന്യമേറിയതും ആയ ഒരു മുന്നറിയിപ്പു നൽകുന്നു. അവൻ പറയുന്നു: “ചൊറുക്ക [വിന്നാഗിരി] പല്ലിന്നും പുക കണ്ണിന്നും ആകുന്നതുപോലെ മടിയൻ തന്നെ അയക്കുന്നവർക്കു ആകുന്നു.” (സദൃശവാക്യങ്ങൾ 10:26) വിന്നാഗിരി പല്ലുകൾക്ക്‌ അസ്വസ്ഥത ജനിപ്പിക്കുന്നു. അതിൽ അടങ്ങിയിരിക്കുന്ന അസെറ്റിക്‌ ആസിഡ്‌ ആണ്‌ വായിൽ പുളിരസവും പല്ലിനു പുളിപ്പും ഉണ്ടാക്കുന്നത്‌. പുക കണ്ണിനു നീറ്റൽ ഉണ്ടാക്കുന്നു. സമാനമായി, മടിയനെ എന്തിനെങ്കിലും കാര്യത്തിന്‌ ഉപയോഗിക്കുന്നവർക്ക്‌ നിരാശയും സാമ്പത്തിക നഷ്ടവും ആയിരിക്കും ഫലം.

‘യഹോവയുടെ വഴി ഒരു ദുർഗ്ഗം’

ഇസ്രായേൽ രാജാവ്‌ ഇപ്രകാരം തുടരുന്നു: “യഹോവാഭക്തി ആയുസ്സിനെ ദീർഘമാക്കുന്നു; ദുഷ്ടന്മാരുടെ സംവത്സരങ്ങളോ കുറഞ്ഞുപോകും. നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; ദുഷ്ടന്മാരുടെ പ്രതീക്ഷെക്കോ ഭംഗം വരും.”​—⁠സദൃശവാക്യങ്ങൾ 10:27, 28.

നീതിമാന്‌ ദൈവിക ഭയം വഴികാട്ടിയായി ഉതകുന്നു. തന്റെ ചിന്തകളാലും വാക്കുകളാലും പ്രവൃത്തികളാലും യഹോവയെ പ്രസാദിപ്പിക്കാൻ അയാൾ ശ്രമിക്കുന്നു. ദൈവം അയാളെ കുറിച്ചു കരുതുകയും അയാളുടെ നീതിനിഷ്‌ഠമായ പ്രതീക്ഷകൾ നിവർത്തിച്ചുകൊടുക്കുകയും ചെയ്യും. എന്നാൽ ദുഷ്ടൻ ഭക്തികെട്ട ജീവിതം നയിക്കുന്നു. ചിലപ്പോൾ അയാളുടെ ആശകൾ നിറവേറപ്പെട്ടതുപോലെ തോന്നിച്ചേക്കാമെങ്കിലും അതു താത്‌കാലികം മാത്രമായിരിക്കും. കാരണം മിക്കപ്പോഴും, അക്രമമോ സ്വന്തം ജീവിതരീതി കൊണ്ട്‌ ഉണ്ടായ എന്തെങ്കിലും രോഗമോ അയാളുടെ ആയുസ്സു വെട്ടിച്ചുരുക്കുന്നു. മരണദിവസം അയാളുടെ എല്ലാ പ്രതീക്ഷകളും തകർന്നടിയുന്നു.​—⁠സദൃശവാക്യങ്ങൾ 11:⁠7.

“യഹോവയുടെ വഴി നേരുള്ളവന്നു ഒരു ദുർഗ്ഗം; ദുഷ്‌പ്രവൃത്തിക്കാർക്കോ അതു നാശകരം” എന്ന്‌ ശലോമോൻ പറയുന്നു. (സദൃശവാക്യങ്ങൾ 10:29) ഇവിടെ യഹോവയുടെ വഴി എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ നാം നടക്കേണ്ട ജീവന്റെ വഴി അല്ല, മറിച്ച്‌ മനുഷ്യവർഗത്തോട്‌ ദൈവം ഇടപെടുന്ന വിധമാണ്‌. “അവൻ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം” എന്ന്‌ മോശെ പറഞ്ഞു. (ആവർത്തനപുസ്‌തകം 32:4) ദൈവത്തിന്റെ നീതിനിഷ്‌ഠമായ വഴികൾ നീതിമാനു സുരക്ഷിതത്വത്തെയും ദുഷ്ടനു നാശത്തെയും അർഥമാക്കുന്നു.

യഹോവ തന്റെ ജനത്തിന്‌ എത്ര വലിയ ഒരു ദുർഗ്ഗമാണ്‌! “നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല; ദുഷ്ടന്മാരോ ദേശത്തു വസിക്കയില്ല. നീതിമാന്റെ വായ്‌ ജ്ഞാനം മുളെപ്പിക്കുന്നു; വക്രതയുള്ള നാവോ ഛേദിക്കപ്പെടും. നീതിമാന്റെ അധരങ്ങൾ പ്രസാദകരമായതു അറിയുന്നു; ദുഷ്ടന്മാരുടെ വായോ വക്രതയുള്ളതാകുന്നു.”​—⁠സദൃശവാക്യങ്ങൾ 10:30-32.

നീതിമാന്മാർക്കു തീർച്ചയായും നല്ലതു വരും, ചൊവ്വുള്ള വഴിയിൽ നടക്കുന്നതിനാൽ അവർ അനുഗ്രഹിക്കപ്പെടും. “യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല” എന്നതു തികച്ചും ശരിയാണ്‌. (സദൃശവാക്യങ്ങൾ 10:22) അതുകൊണ്ട്‌ ദൈവിക തത്ത്വങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ നമുക്ക്‌ എപ്പോഴും ശ്രദ്ധിക്കാം. അധരങ്ങളെ അടക്കാനും ദൈവവചനത്തിലെ ജീവരക്ഷാകരമായ സത്യങ്ങളാൽ മറ്റുള്ളവരെ പോഷിപ്പിക്കാനും നീതിയുടെ പാതയിലേക്ക്‌ അവരെ നയിക്കാനും നമുക്കു ശ്രമിക്കാം.

[അടിക്കുറിപ്പ്‌]

[26-ാം പേജിലെ ചിത്രം]

നാവിന്‌ “മേത്തരമായ വെള്ളി” പോലെ ആയിരിക്കാനാകും