വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ നാം അടുത്തറിയേണ്ട ഒരു ദൈവം

യഹോവ നാം അടുത്തറിയേണ്ട ഒരു ദൈവം

യഹോവ നാം അടുത്തറിയേണ്ട ഒരു ദൈവം

ജീവിതത്തിൽ മൂല്യവത്തായ ചില കാര്യങ്ങൾ നിങ്ങൾ നഷ്ടപ്പെടുത്തുകയാണോ? നിങ്ങൾക്കു ദൈവത്തെ സംബന്ധിച്ച്‌ കാര്യമായൊന്നും അറിയില്ലെങ്കിൽ, സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ അതുതന്നെയാണ്‌. എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌? എന്തുകൊണ്ടെന്നാൽ ഇന്നു ദശലക്ഷങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നതുപോലെ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തെ അടുത്തറിയുന്നത്‌ ജീവിതത്തിൽ വമ്പിച്ച പ്രയോജനങ്ങൾ കൈവരുത്തുന്നു. ഈ പ്രയോജനങ്ങൾ ഉടനടി ആരംഭിക്കുന്നു എന്നുമാത്രമല്ല ഭാവിയിലേക്കു നിലനിൽക്കുകയും ചെയ്യുന്നു.

ബൈബിളിന്റെ ഗ്രന്ഥകർത്താവായ യഹോവയാം ദൈവം നാം അവനെ അടുത്തറിയണമെന്ന്‌ ആഗ്രഹിക്കുന്നു. സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.” യഹോവയെ അടുത്തറിയുന്നത്‌ നമുക്കുതന്നെ നന്മ കൈവരുത്തുമെന്ന്‌ അവനറിയാം. ‘നിനക്കു നന്മയായുള്ളത്‌ നിന്നെ പഠിപ്പിക്കുന്ന നിന്റെ ദൈവമായ യഹോവയാകുന്നു ഞാൻ.’ അത്യുന്നതനായ യഹോവയാം ദൈവത്തെ അടുത്തറിയുന്നതു മുഖാന്തരം നമുക്ക്‌ എന്തു നന്മ അഥവാ പ്രയോജനമാണു ലഭിക്കുന്നത്‌?​—⁠സങ്കീർത്തനം 83:18; യെശയ്യാവു 48:17 (ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം).

അനുദിന ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ വിജയകരമായി കൈകാര്യം ചെയ്യാൻ നമ്മെ സഹായിക്കുന്ന ഉത്തമ മാർഗനിർദേശം ബൈബിൾ പ്രദാനം ചെയ്യുന്നു എന്നതാണ്‌ ഒരു പ്രയോജനം. മനസ്സമാധാനവും ഭാവിയെ കുറിച്ച്‌ ഒരു ഉറച്ച പ്രത്യാശയും അതു നമുക്കു നൽകുന്നു. കൂടാതെ, ഏതൊരു മനുഷ്യനും ചോദിക്കാറുള്ള നിർണായകമായ ചില ചോദ്യങ്ങൾ സംബന്ധിച്ച്‌ തികച്ചും വ്യത്യസ്‌തമായ ഒരു വീക്ഷണം വളർത്തിയെടുക്കാൻ യഹോവയെ അടുത്തറിയുന്നതു മുഖാന്തരം നമുക്കു സാധിക്കുന്നു. ഏതൊക്കെയാണ്‌ ആ ചോദ്യങ്ങൾ?

നിങ്ങളുടെ ജീവിതത്തിന്‌ ഉദ്ദേശ്യമുണ്ടോ?

സാങ്കേതിക രംഗത്ത്‌ മനുഷ്യവർഗം അതിശയകരമായ പുരോഗതി കൈവരിച്ചിട്ടും അടിസ്ഥാനപരമായ ചില ചോദ്യങ്ങൾ ഇന്നും ആളുകളുടെ ഹൃദയങ്ങളിൽ ഉത്തരം കിട്ടാതെ അവശേഷിക്കുന്നു: ‘ഞാൻ ഇവിടെ സ്ഥിതിചെയ്യുന്നത്‌ എന്തുകൊണ്ടാണ്‌? എവിടേക്കാണ്‌ ഈ യാത്ര? ജീവിതത്തിന്റെ ഉദ്ദേശ്യമെന്താണ്‌?’ ഈ ചോദ്യങ്ങൾക്ക്‌ തൃപ്‌തികരമായ ഉത്തരം കിട്ടാത്ത ഏതൊരാളുടെയും ജീവിതം നിരർഥകമായിരിക്കും. എന്നാൽ ആളുകൾ ഇതു തിരിച്ചറിയുന്നുണ്ടോ? 1990-കളുടെ അവസാനം ജർമനിയിൽ നടത്തിയ ഒരു സർവേയിൽ പങ്കെടുത്ത പകുതിപ്പേരും ജീവിതത്തിനു യാതൊരു ഉദ്ദേശ്യവും ഇല്ലെന്നു തങ്ങൾക്ക്‌ ഇടയ്‌ക്കൊക്കെ തോന്നിയിട്ടുണ്ടെന്നു പറയുകയുണ്ടായി. നമ്മുടെ നാട്ടിലും ആളുകൾ ഇങ്ങനെതന്നെ ചിന്തിക്കുന്നുണ്ടാകാം.

ജീവിതത്തിന്‌ ഒരു ഉദ്ദേശ്യമില്ലെങ്കിൽ വ്യക്തിപരമായ ലക്ഷ്യങ്ങൾവെച്ചു പ്രവർത്തിക്കാൻ നമുക്കൊരു അടിസ്ഥാനം ഇല്ലാതെപോകും. വിജയകരമായ ഒരു ജീവിതവൃത്തി തേടിക്കൊണ്ടോ സമ്പത്തു സ്വരുക്കൂട്ടിക്കൊണ്ടോ പലരും അതു പരിഹരിക്കാൻ ശ്രമിക്കുന്നു. എന്നിട്ടും ഒരു ശൂന്യതാബോധം അവരെ വേട്ടയാടുന്നു. ജീവിതത്തിന്‌ ഒരു അർഥം കണ്ടെത്താൻ കഴിയാതെ ജീവിതംതന്നെ വെറുക്കുന്ന അളവോളം ചിലർ നിരാശയിൽ ആണ്ടുപോയിരിക്കുന്നു. ഇന്റർനാഷണൽ ഹെറാൾഡ്‌ ട്രിബ്യൂൺ പറയുന്നപ്രകാരം “അതിസമ്പന്നമായ ഒരു കുടുംബത്തിൽ സുഖസൗകര്യങ്ങൾക്കു മധ്യേ” വളർന്ന സുന്ദരിയായ ഒരു യുവതിയുടെ അനുഭവം അത്തരത്തിലുള്ള ഒന്നായിരുന്നു. ജീവിതം ആഡംബര സമൃദ്ധമായിരുന്നെങ്കിലും അവൾക്ക്‌ ഏകാന്തതയും ലക്ഷ്യമില്ലായ്‌മയും അനുഭവപ്പെട്ടു. ഒടുവിൽ ഉറക്കഗുളിക കഴിച്ച്‌ അവൾ മരണത്തിൽ അഭയം തേടി. ഇങ്ങനെ ഏകാന്തതയുടെ തടവിൽ കിടന്ന്‌ ജീവനൊടുക്കിയ ചിലരെ നിങ്ങൾക്കും അറിയാമായിരിക്കും.

എന്നിരുന്നാലും, ജീവിതത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും വിശദീകരണം നൽകാൻ ശാസ്‌ത്രത്തിനു കഴിയും എന്ന്‌ ചില ആളുകൾ അവകാശപ്പെടുന്നതു നിങ്ങൾ കേട്ടിട്ടില്ലേ? ഒരു ജർമൻ ആഴ്‌ചപ്പതിപ്പായ ഡി വോച്ചെ ഇപ്രകാരം ചൂണ്ടിക്കാണിക്കുന്നു: “ശാസ്‌ത്രം എത്ര യാഥാർഥ്യമായിരുന്നാലും അത്‌ ആത്മീയമായി വറ്റിവരണ്ടതാണ്‌. പരിണാമ സിദ്ധാന്തം മുരടിച്ച അവസ്ഥയിൽത്തന്നെ തുടരുന്നു. അതിസങ്കീർണമായ ഗണിതശാസ്‌ത്രരൂപങ്ങളും സിദ്ധാന്തങ്ങളുമൊക്കെയുള്ള ക്വാണ്ടം-ഫിസിക്‌സിനും ആശ്വാസമോ സുരക്ഷിതത്വമോ തരാനില്ല.” ജീവരൂപങ്ങളുടെ വൈവിധ്യം വർണിക്കാനും ജീവനെ നിലനിറുത്തുന്ന പരിവൃത്തികളും പ്രക്രിയകളും വിശദീകരിക്കാനും ശാസ്‌ത്രീയ കണ്ടെത്തലുകൾ വളരെ സഹായിച്ചിരിക്കുന്നു എന്നതു ശരിതന്നെ. എന്നാൽ, നാം ഇവിടെ സ്ഥിതിചെയ്യുന്നത്‌ എന്തുകൊണ്ടാണെന്നോ, ഈ യാത്ര എങ്ങോട്ടാണെന്നോ ചോദിക്കുമ്പോൾ ശാസ്‌ത്രം കൈമലർത്തുന്നു. ശാസ്‌ത്രത്തെ മാത്രം അവലംബിച്ചാൽ ജീവിതത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ച നമ്മുടെ സംശയങ്ങൾ എന്നും ചോദ്യചിഹ്നമായി അവശേഷിക്കും. ചുരുക്കത്തിൽ, സ്യൂറ്റ്‌ഡോയിച്ച്‌ റ്റ്‌സൈറ്റുങ്‌ എന്ന വർത്തമാനപത്രം റിപ്പോർട്ടു ചെയ്‌തതുപോലെ “ഇന്ന്‌ മാർഗനിർദേശത്തിന്റെ വ്യാപകമായ ആവശ്യമുണ്ട്‌.”

അത്തരം മാർഗനിർദേശം പ്രദാനം ചെയ്യാൻ സ്രഷ്ടാവിനെക്കാൾ മെച്ചമായ സ്ഥാനത്ത്‌ ആരാണുള്ളത്‌? മനുഷ്യനെ ഭൂമിയിൽ ആക്കിവെച്ചത്‌ അവനായതുകൊണ്ട്‌ മനുഷ്യൻ ഇവിടെ ആയിരിക്കുന്നതിന്റെ കാരണം ഏറ്റവും നന്നായി അറിയാവുന്നതും അവനുതന്നെയാണ്‌. ഭൂമിയുടെ സൂക്ഷിപ്പുകാരൻ എന്നനിലയിൽ അതിനെ കാത്തുപരിപാലിക്കുന്നതിനും അതിൽ അധിവസിക്കുന്നതിനും വേണ്ടിയാണ്‌ യഹോവ മനുഷ്യനെ സൃഷ്ടിച്ചത്‌ എന്നു ബൈബിൾ വിശദീകരിക്കുന്നു. തങ്ങളുടെ സകല പ്രവർത്തനങ്ങളിലും അവന്റെ ഗുണങ്ങളായ നീതിയും ജ്ഞാനവും സ്‌നേഹവും അവർ പ്രതിഫലിപ്പിക്കണമായിരുന്നു. യഹോവ നമ്മെ സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യം മനസ്സിലാക്കുമ്പോൾ നാം ഇവിടെ ആയിരിക്കുന്നതിന്റെ കാരണം നമുക്കു കണ്ടെത്താൻ കഴിയും.​—⁠ഉല്‌പത്തി 1:26-28.

നിങ്ങൾക്ക്‌ എന്തുചെയ്യാൻ കഴിയും?

‘ഞാൻ ഇവിടെ സ്ഥിതിചെയ്യുന്നത്‌ എന്തുകൊണ്ടാണ്‌? എവിടേക്കാണ്‌ ഈ യാത്ര? ജീവിതത്തിന്റെ ഉദ്ദേശ്യമെന്താണ്‌?’ എന്നീ ചോദ്യങ്ങൾക്കു തൃപ്‌തികരമായ ഉത്തരം കണ്ടെത്താൻ ഇതുവരെ നിങ്ങൾക്കു സാധിച്ചിട്ടില്ലെങ്കിൽ എന്തു ചെയ്യാൻ കഴിയും? യഹോവയെ അടുത്തറിയുക, ബൈബിൾ ഉദ്‌ബോധിപ്പിക്കുന്നു. വാസ്‌തവത്തിൽ, “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു” എന്ന്‌ യേശു പറഞ്ഞു. ദൈവിക ഗുണങ്ങൾ, വിശേഷിച്ചും സ്‌നേഹം നട്ടുവളർത്താനും നമ്മെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. കൂടാതെ, ദൈവത്തിന്റെ വരാൻ പോകുന്ന മിശിഹൈക രാജ്യത്തിൽ ജീവിക്കാൻ വ്യക്തിപരമായി ലക്ഷ്യം വെക്കുക. അപ്പോൾ നിങ്ങളുടെ ജീവിതത്തിന്‌ അർഥം കൈവരുകയും ഭാവിയിലേക്ക്‌ അത്ഭുതകരമായ ഒരു ഉറച്ച പ്രത്യാശ നിങ്ങൾക്ക്‌ ഉണ്ടായിരിക്കുകയും ചെയ്യും. ഇന്നോളം നിങ്ങളെ സംബന്ധിച്ച്‌ പ്രഹേളികകൾ ആയിരുന്ന അടിസ്ഥാനപരമായ ചോദ്യങ്ങൾക്കു തൃപ്‌തികരമായ ഉത്തരം ലഭിക്കുകയും ചെയ്യും.​—യോഹന്നാൻ 17:3; സഭാപ്രസംഗി 12:13.

ആ ഉത്തരങ്ങൾക്കു നമ്മുടെ ജീവിതത്തിൽ എത്രത്തോളം പ്രഭാവം ചെലുത്താൻ കഴിയും? ഹാൻസ്‌ എന്ന മനുഷ്യനും അറിയാൻ ആഗ്രഹിച്ചത്‌ ഇതുതന്നെയാണ്‌. * കുറെ വർഷങ്ങൾക്കു മുമ്പുവരെ അദ്ദേഹത്തിന്‌ ദൈവത്തെ കുറിച്ചു ചില അവ്യക്ത ധാരണകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത്തരം ദൈവവിശ്വാസം അദ്ദേഹത്തിന്റെ ജീവിതത്തിൽ കാര്യമായ യാതൊരു സ്വാധീനവും ചെലുത്തിയില്ല. മയക്കുമരുന്ന്‌, വേശ്യകൾ, ചെറിയ തോതിലുള്ള കുറ്റകൃത്യങ്ങൾ, മോട്ടോർ ബൈക്കുകൾ, ഇതായിരുന്നു ഹാൻസിന്റെ ലോകം. “പക്ഷേ എനിക്ക്‌ ജീവിതത്തിൽ ശൂന്യത അനുഭവപ്പെട്ടു. സംതൃപ്‌തി എന്നും എനിക്ക്‌ അന്യമായിരുന്നു,” അദ്ദേഹം പറയുന്നു. ഏതാണ്ട്‌ 25 വയസ്സായപ്പോൾ ബൈബിൾ നന്നായി വായിച്ച്‌ ദൈവത്തെ വ്യക്തിപരമായി അടുത്തറിയാൻ അദ്ദേഹം തീരുമാനിച്ചു. ദൈവത്തെ അടുത്തറിയുകയും ജീവിതത്തിന്റെ അർഥം ഗ്രഹിക്കുകയും ചെയ്‌തപ്പോൾ അദ്ദേഹം തന്റെ ജീവിതരീതിക്കു മാറ്റംവരുത്തി യഹോവയുടെ സാക്ഷികളിൽ ഒരാളായി സ്‌നാപനമേറ്റു. കഴിഞ്ഞ പത്തുവർഷമായി അദ്ദേഹം ഒരു മുഴുസമയ ശുശ്രൂഷകനാണ്‌. “യഹോവയെ സേവിക്കുന്നതാണ്‌ ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം. മറ്റൊന്നും അതിനു തുല്യമാകില്ല. യഹോവയെ അറിയാൻ കഴിഞ്ഞത്‌ എന്റെ ജീവിതത്തിന്‌ അർഥം പകർന്നിരിക്കുന്നു,” ഹാൻസ്‌ മനസ്സു തുറക്കുന്നു.

തീർച്ചയായും, ജീവിതത്തിന്റെ അർഥമെന്ത്‌ എന്നതു മാത്രമല്ല ആളുകളെ അലട്ടുന്ന പ്രശ്‌നം. ലോകാവസ്ഥകൾ അടിക്കടി അധഃപതിക്കുന്ന ഈ സാഹചര്യത്തിൽ മറ്റൊരു പ്രശ്‌നം കൂടുതൽ കൂടുതൽ ആളുകളെ അസ്വസ്ഥരാക്കിക്കൊണ്ടിരിക്കുന്നു.

എന്തുകൊണ്ടാണ്‌ അതു സംഭവിച്ചത്‌?

ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അതിന്‌ ഇരയാകുന്നവരുടെ മനസ്സിൽ ഉയർന്നു വരുന്ന ഒരു ചോദ്യമുണ്ട്‌: എന്തുകൊണ്ടാണ്‌ അതു സംഭവിച്ചത്‌? ദുരന്തങ്ങളെ വൈകാരികമായി നേരിടുന്നതിനുള്ള പ്രാപ്‌തി വലിയൊരു അളവുവരെ ഈ ചോദ്യത്തിന്‌ ഉചിതമായ ഒരു ഉത്തരം ലഭിക്കുന്നതിനെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്‌. തൃപ്‌തികരമായ ഒരു ഉത്തരം ലഭിക്കാതിരിക്കുകയും യാതന തുടരുകയും ചെയ്യുമ്പോൾ വ്യക്തി തീരാദുഃഖത്തിൽ ആണ്ടുപോയേക്കാം. ദൃഷ്ടാന്തത്തിന്‌, മധ്യവയസ്‌കയായ ബ്രൂണിയുടെ അനുഭവം കേൾക്കുക.

ബ്രൂണി പറയുന്നു: “കുറെ വർഷങ്ങൾക്കു മുമ്പ്‌ എന്റെ കുഞ്ഞു മരിച്ചുപോയി. ഞാനൊരു ദൈവവിശ്വാസി ആയിരുന്നതിനാൽ അടുത്തുള്ള പള്ളിയിലെ വൈദികന്റെ അടുത്ത്‌ ആശ്വാസം തേടിച്ചെന്നു. എന്റെ മകൾ സൂസന്നയെ ദൈവം സ്വർഗത്തിലേക്ക്‌ എടുത്തതാണെന്നും അവൾ അവിടെയൊരു മാലാഖയായി വാഴുകയാണ്‌ എന്നുമായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം. അവൾ മരിച്ചപ്പോൾ സകലവും നഷ്ടപ്പെട്ടവളെ പോലെയായി ഞാൻ. എന്റെ കുഞ്ഞിനെ എന്റെ കൈയിൽനിന്നും തട്ടിയെടുത്ത ദൈവത്തെയും ഞാൻ വെറുത്തു.” ബ്രൂണിയുടെ വേദനയും യാതനയും വർഷങ്ങൾ നീണ്ടുനിന്നു. “അങ്ങനെയിരിക്കെ യഹോവയുടെ സാക്ഷികളിൽ ഒരാൾ എന്നെ സന്ദർശിച്ച്‌, ദൈവത്തെ വെറുക്കേണ്ട യാതൊരു കാര്യവുമില്ലെന്ന്‌ ബൈബിളിൽനിന്ന്‌ എനിക്കു കാണിച്ചുതന്നു. യഹോവ സൂസന്നയെ സ്വർഗത്തിലേക്ക്‌ എടുത്തിട്ടുമില്ല, അവളൊട്ടു മാലാഖയായിട്ടുമില്ല. മാനുഷിക അപൂർണതയുടെ ഫലമായാണ്‌ അവൾക്കു രോഗം വന്നത്‌. അവളിപ്പോൾ മരണത്തിൽ ഉറങ്ങുകയാണ്‌, യഹോവ വീണ്ടും ജീവനിലേക്കു വരുത്തുന്നതും കാത്ത്‌. ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കുന്നതിനാണ്‌ യഹോവ മനുഷ്യനെ സൃഷ്ടിച്ചതെന്നും ആ ഉദ്ദേശ്യം പെട്ടെന്നുതന്നെ സാക്ഷാത്‌കരിക്കപ്പെടുമെന്നും ഞാൻ പഠിച്ചു. യഹോവ ഏതുതരം വ്യക്തിയാണെന്ന്‌ തിരിച്ചറിഞ്ഞപ്പോൾ ഞാൻ അവനോടു കൂടുതൽ അടുത്തു. എന്റെ ദുഃഖങ്ങൾ കെട്ടടങ്ങാൻ തുടങ്ങി.”​—⁠സങ്കീർത്തനം 37:29; പ്രവൃത്തികൾ 24:15; റോമർ 5:12.

വ്യക്തിപരമായ ദുരന്തങ്ങൾ, യുദ്ധം, ക്ഷാമം, പ്രകൃതി വിപത്തുകൾ തുടങ്ങിയവ മൂലം ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ദശലക്ഷങ്ങൾ ദുരിതം അനുഭവിക്കുകയാണ്‌. മനുഷ്യന്റ യാതനകൾക്ക്‌ ഉത്തരവാദി ദൈവം അല്ലെന്നും മനുഷ്യവർഗം കഷ്ടപ്പെടാൻ യഹോവ ഒരിക്കലും ഉദ്ദേശിച്ചില്ലെന്നും സകല തിന്മയ്‌ക്കും ഉടൻതന്നെ അവൻ അറുതി വരുത്തുമെന്നും ബൈബിളിൽനിന്നു മനസ്സിലാക്കിയപ്പോൾ വലിയൊരു ഭാരം ഇറക്കിവെക്കാൻ കഴിഞ്ഞതുപോലെ ബ്രൂണിക്കു തോന്നി. ഇന്നു മുഴുലോകത്തിലും ദുഷ്ടത കൊടികുത്തി വാഴുകയാണ്‌. ഇതുതന്നെ കാണിക്കുന്നത്‌ നാം ജീവിക്കുന്നത്‌ ഈ വ്യവസ്ഥിതിയുടെ ‘അന്ത്യകാലത്ത്‌’ ആണെന്നാണ്‌. നാമെല്ലാം ഉത്‌കടമായി വാഞ്‌ഛിക്കുന്ന സമൂല പരിവർത്തനം വളരെ സമീപമാണ്‌.​—⁠2 തിമൊഥെയൊസ്‌ 3:1-5; മത്തായി 24:7, 8.

ദൈവത്തെ അടുത്തറിയൽ

ഹാൻസിനും ബ്രൂണിക്കും ദൈവത്തെ സംബന്ധിച്ച്‌ അവ്യക്തമായ ധാരണയാണ്‌ ഉണ്ടായിരുന്നത്‌. അവനെ കുറിച്ചു കാര്യമായി യാതൊന്നും അറിയാതെയാണ്‌ അവർ അവനിൽ വിശ്വസിച്ചിരുന്നത്‌. യഹോവയെ സംബന്ധിച്ച്‌ സൂക്ഷ്‌മമായി അറിയുന്നതിന്‌ സമയം ചെലവിട്ടു തുടങ്ങിയപ്പോൾ അവരുടെ ശ്രമത്തിനു ഫലം ലഭിച്ചു. നമ്മുടെ നാളുകളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉചിതമായ ഉത്തരം അവർക്കു ലഭിച്ചു. ഇത്‌ അവർക്കു മനസ്സമാധാനവും ഭാവി സംബന്ധിച്ച്‌ ഒരു സുരക്ഷിത പ്രത്യാശയും നൽകി. യഹോവയുടെ ദശലക്ഷക്കണക്കിനു ദാസന്മാർക്കു സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌.

ബൈബിൾ ശ്രദ്ധാപൂർവം പഠിക്കുന്നതാണ്‌ യഹോവയെ അടുത്തറിയുന്നതിന്റെ ആദ്യപടി. അത്‌ അവനെയും അവൻ നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു എന്നതിനെയും കുറിച്ചു നമ്മോടു പറയുന്നു. ഒന്നാം നൂറ്റാണ്ടിലെ ചിലർ അതാണു ചെയ്‌തത്‌. ഗ്രീസിലെ ബെരോവയിലുണ്ടായിരുന്ന യഹൂദ സഭാംഗങ്ങൾ “വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനമ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുപോന്നു” എന്ന്‌ ചരിത്രകാരനും വൈദ്യനും ആയിരുന്ന ലൂക്കൊസ്‌ റിപ്പോർട്ടുചെയ്യുന്നു.​—⁠പ്രവൃത്തികൾ 17:10, 11.

ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ സഭകളിൽ കൂടിവരുകയും ചെയ്‌തിരുന്നു. (പ്രവൃത്തികൾ 2:41, 42, 46; 1 കൊരിന്ത്യർ 1:1, 2; ഗലാത്യർ 1:1, 2; 2 തെസ്സലൊനീക്യർ 1:1) ഇന്നും ആ ക്രമീകരണമുണ്ട്‌. യഹോവയുടെ സാക്ഷികളുടെ സഭകൾ യോഗങ്ങൾക്കായി വാരംതോറും കൂടിവരുന്നു. യഹോവയുമായി കൂടുതൽ അടുക്കാനും അവനെ സേവിക്കുന്നതിൽ സന്തോഷം കണ്ടെത്താനും ഓരോ വ്യക്തിയെയും സഹായിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയവയാണ്‌ ഈ യോഗങ്ങൾ. തങ്ങൾ ആരാധിക്കുന്ന ദൈവത്തിന്റെ സ്വഭാവംതന്നെ കാലാന്തരത്തിൽ മനുഷ്യൻ അനുകരിച്ചു തുടങ്ങും എന്ന വസ്‌തുത കണക്കിലെടുക്കുമ്പോൾ, നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി സഹവസിക്കുന്നതുകൊണ്ട്‌ മറ്റൊരു പ്രയോജനം കൂടി ഉണ്ട്‌. പരിമിതമായ അളവിൽ ആണെങ്കിൽപ്പോലും, യഹോവയുടെ സാക്ഷികൾ തങ്ങളുടെ ദൈവമായ യഹോവ പ്രദർശിപ്പിക്കുന്ന ഗുണങ്ങൾ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ട്‌ അവരോടൊപ്പം കൂടിവരുന്നത്‌ യഹോവയെ കൂടുതൽ നന്നായി അറിയാൻ നമ്മെ സഹായിക്കുന്നു.​—⁠എബ്രായർ 10:24, 25.

ഒരു വ്യക്തിയെ അടുത്തറിയുന്നതിന്‌ ഇത്രയധികം ശ്രമം ആവശ്യമാണോ? തീർച്ചയായും ശ്രമം അനിവാര്യമാണ്‌. ജീവിതത്തിലെ മറ്റെന്തു നേട്ടങ്ങളുടെ കാര്യത്തിലും അത്‌ സത്യമല്ലേ? ഒരു കായികതാരം തന്റെ പരിശീലനത്തിൽ ചെലുത്തുന്ന ശ്രമത്തെ കുറിച്ച്‌ ഒന്നു ചിന്തിച്ചുനോക്കൂ. ഉദാഹരണത്തിന്‌, ഒരു അന്താരാഷ്‌ട്ര കളിക്കാരൻ ആയിത്തീരുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌ എന്നതു സംബന്ധിച്ച്‌ ഫ്രാൻസിന്റെ ഒളിമ്പിക്‌ സ്‌കീയിങ്‌ സ്വർണ മെഡൽ ജേതാവായ ജീൻ-ക്ലോഡ്‌ കില്ലി ഇപ്രകാരം പറയുന്നു: “ഒളിമ്പിക്‌സിനു പത്തുവർഷം മുമ്പെങ്കിലും പരിശീലനം തുടങ്ങണം. വർഷങ്ങളിൽ ഉടനീളം അതിനുവേണ്ട ആസൂത്രണങ്ങൾ ചെയ്യുകയും ഓരോ ദിവസവും അതിനെ കുറിച്ചു ചിന്തിക്കുകയും വേണം. . . . 365 ദിവസവും കായികമായും മാനസികമായും അധ്വാനിക്കണം.” വെറും പത്തു മിനിട്ടു നീണ്ടുനിൽക്കുന്ന ഒരു മത്സരയോട്ടത്തിൽ പങ്കെടുക്കാനാണ്‌ ഇത്രയധികം സമയവും ശ്രമവും ചെലവഴിക്കുന്നത്‌ എന്നോർക്കണം. ഇതിലും എത്രയോ നീണ്ടുനിൽക്കുന്നതാണ്‌ യഹോവയെ അറിയുന്നതു മുഖാന്തരം ലഭിക്കുന്ന പ്രതിഫലങ്ങൾ.

ഇഴയടുപ്പം വർധിക്കുന്ന ഒരു ബന്ധം

ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട എന്തെങ്കിലും നഷ്ടപ്പെടുത്താൻ ആരാണ്‌ ആഗ്രഹിക്കുക? നിസ്സംശയമായും ആരും അങ്ങനെ ആഗ്രഹിക്കുകയില്ല. അതുകൊണ്ട്‌, നിങ്ങളുടെ ജീവിതത്തിന്‌ ഒരു യഥാർഥ ഉദ്ദേശ്യമില്ലെന്നു തോന്നുകയോ പ്രാതികൂല്യങ്ങൾ ആഞ്ഞടിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ അറിയാൻ നിങ്ങൾ അതിയായി ആഗ്രഹിക്കുകയോ ചെയ്യുന്നെങ്കിൽ, ബൈബിൾ വെളിപ്പെടുത്തിത്തരുന്ന യഹോവയാം ദൈവത്തെ കുറിച്ച്‌ അറിവു സമ്പാദിക്കാൻ ദൃഢനിശ്ചയം ചെയ്യുക. അവനെ കുറിച്ച്‌ അറിവു നേടുന്നതു മുഖാന്തരം നിത്യാനുഗ്രഹങ്ങളിലേക്കു നയിക്കുന്ന പരിവർത്തനങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകും.

യഹോവയെ കുറിച്ച്‌ പഠിക്കാനുള്ള കാര്യങ്ങൾ എന്നെങ്കിലും തീർന്നുപോകുമോ? പതിറ്റാണ്ടുകളായി യഹോവയെ സേവിക്കുന്നവർ തങ്ങൾ അവനെ കുറിച്ച്‌ ഇപ്പോൾത്തന്നെ പഠിച്ചിരിക്കുന്ന കാര്യങ്ങളും പുതുതായി പഠിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളും സംബന്ധിച്ച്‌ വിസ്‌മയം കൊള്ളുന്നു. അത്തരം കാര്യങ്ങൾ പഠിക്കുന്നത്‌ നമ്മെ സന്തുഷ്ടരാക്കുകയും അവനോടു കൂടുതൽ അടുക്കുന്നതിനു സഹായിക്കുകയും ചെയ്യുന്നു. അപ്പൊസ്‌തലനായ പൗലൊസ്‌ പിൻവരുന്ന പ്രകാരം എഴുതി: “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു. കർത്താവിന്റെ [“യഹോവയുടെ,” NW] മനസ്സു അറിഞ്ഞവൻ ആർ?” നമുക്കും പൗലൊസിന്റെ അതേ മനോഭാവം ഉള്ളവരായിരിക്കാം.​—⁠റോമർ 11:33, 34.

[അടിക്കുറിപ്പ്‌]

^ ഖ. 12 പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

[5 -ാം പേജിലെ ആകർഷക വാക്യം]

അടിസ്ഥാനപരമായ ചില ചോദ്യങ്ങൾ ആളുകളുടെ ഹൃദയങ്ങളിൽ ഉത്തരം കിട്ടാതെ അവശേഷിക്കുന്നു: ‘ഞാൻ ഇവിടെ സ്ഥിതിചെയ്യുന്നത്‌ എന്തുകൊണ്ടാണ്‌? എവിടേക്കാണ്‌ ഈ യാത്ര? ജീവിതത്തിന്റെ ഉദ്ദേശ്യമെന്താണ്‌?’

[6 -ാം പേജിലെ ആകർഷക വാക്യം]

“യഹോവ ഏതുതരം വ്യക്തിയാണെന്ന്‌ തിരിച്ചറിഞ്ഞപ്പോൾ ഞാൻ അവനോടു കൂടുതൽ അടുത്തു”

[7 -ാം പേജിലെ ആകർഷക വാക്യം]

“യഹോവയെ സേവിക്കുന്നതാണ്‌ ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം. മറ്റൊന്നും അതിനു തുല്യമാകില്ല. യഹോവയെ അറിയാൻ കഴിഞ്ഞത്‌ എന്റെ ജീവിതത്തിന്‌ അർഥം പകർന്നിരിക്കുന്നു”