വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ പരിജ്ഞാനത്തിന്‌ ആത്മനിയന്ത്രണം പ്രദാനം ചെയ്യുവിൻ

നിങ്ങളുടെ പരിജ്ഞാനത്തിന്‌ ആത്മനിയന്ത്രണം പ്രദാനം ചെയ്യുവിൻ

നിങ്ങളുടെ പരിജ്ഞാനത്തിന്‌ ആത്മനിയന്ത്രണം പ്രദാനം ചെയ്യുവിൻ

‘നിങ്ങളുടെ പരിജ്ഞാനത്തിന്‌ ആത്മനിയന്ത്രണം പ്രദാനം ചെയ്യുവിൻ.’​—⁠2 പത്രൊസ്‌ 1:5-8, NW.

1. എന്തു ചെയ്യാൻ സാധിക്കാത്തതാണ്‌ മനുഷ്യന്റെ പല പ്രശ്‌നങ്ങൾക്കും കാരണം?

“വേണ്ട എന്ന്‌ ഉറപ്പിച്ചു പറയുക.” ഒരു വമ്പിച്ച മയക്കുമരുന്നു വിരുദ്ധ പ്രസ്ഥാനത്തിനിടെ ഐക്യനാടുകളിലെ യുവജനങ്ങൾക്കു ലഭിച്ച ആഹ്വാനമായിരുന്നു അത്‌. മയക്കുമരുന്നു ദുരുപയോഗത്തിനെതിരെ മാത്രമല്ല, അമിത മദ്യപാനം, വീണ്ടുവിചാരമില്ലാത്തതും അധാർമികവുമായ ജീവിത ശൈലികൾ, സത്യസന്ധമല്ലാത്ത ബിസ്സിനസ്‌ ഇടപാടുകൾ, ‘ജഡത്തിന്റെ മോഹങ്ങൾ’ എന്നിവയ്‌ക്കെല്ലാം എതിരെ സകലരും മുഖംതിരിച്ചിരുന്നെങ്കിൽ കാര്യങ്ങൾ എത്രയോ മെച്ചമായിരുന്നേനെ! (റോമർ 13:​14, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) എങ്കിലും, അങ്ങനെ ചെയ്യുന്നത്‌ എല്ലായ്‌പോഴും എളുപ്പമാണെന്ന്‌ ആർക്കാണ്‌ അവകാശപ്പെടാനാവുക?

2. (എ) ആത്മനിയന്ത്രണം പാലിക്കാനുള്ള ബുദ്ധിമുട്ട്‌ ഒരു പുതിയ കാര്യമല്ലെന്ന്‌ ഏത്‌ ബൈബിൾ ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു? (ബി) എന്തു ചെയ്യാൻ ഈ ദൃഷ്ടാന്തങ്ങൾ നമ്മെ പ്രേരിപ്പിക്കണം?

2 അപൂർണരായ എല്ലാവർക്കും ആത്മനിയന്ത്രണം പാലിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ, വ്യക്തിപരമായ ഏതൊരു ദൗർബല്യവുമായുള്ള പോരാട്ടത്തിൽ എങ്ങനെ വിജയിക്കാനാകുമെന്നു പഠിക്കാൻ നാം തത്‌പരരായിരിക്കണം. ദൈവത്തെ സേവിക്കാൻ ശ്രമിച്ചിരുന്നവരെങ്കിലും ആത്മനിയന്ത്രണം പാലിക്കാൻ ചിലപ്പോഴൊക്കെ ബുദ്ധിമുട്ട്‌ അനുഭവപ്പെട്ട കഴിഞ്ഞകാലത്തെ വ്യക്തികളെ കുറിച്ച്‌ ബൈബിൾ നമ്മോടു പറയുന്നു. ദാവീദിനെയും ബത്ത്‌-ശേബയുമായി വ്യഭിചാരത്തിൽ ഏർപ്പെട്ടുകൊണ്ട്‌ അവൻ ചെയ്‌ത പാപത്തെയും കുറിച്ച്‌ ഓർക്കുക. അത്‌ രണ്ടു നിരപരാധികളുടെ, അതായത്‌ അവർക്ക്‌ വ്യഭിചാരത്തിലൂടെ ഉണ്ടായ കുട്ടിയുടെയും ബത്ത്‌-ശേബയുടെ ഭർത്താവിന്റെയും മരണത്തിലേക്കു നയിച്ചു. (2 ശമൂവേൽ 11:1-27; 12:15-18) അല്ലെങ്കിൽ, പിൻവരുന്നവിധം തുറന്നു സമ്മതിച്ച അപ്പൊസ്‌തലനായ പൗലൊസിനെ കുറിച്ചു ചിന്തിക്കുക: “ഞാൻ ചെയ്‌വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നത്‌.” (റോമർ 7:19) സമാനമായ വിധത്തിൽ നിങ്ങൾക്കും ചിലപ്പോഴൊക്കെ കടുത്ത നിരാശ തോന്നാറുണ്ടോ? പൗലൊസ്‌ തുടർന്ന്‌ ഇങ്ങനെ പറഞ്ഞു: “ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു. അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും?” (റോമർ 7:22-24) ആത്മനിയന്ത്രണം കൂടുതലായി നേടിയെടുക്കാനുള്ള ശ്രമം ഒരിക്കലും ഉപേക്ഷിച്ചുകളയാതിരിക്കാനുള്ള നമ്മുടെ തീരുമാനത്തെ ബൈബിൾ ദൃഷ്ടാന്തങ്ങൾ ശക്തിപ്പെടുത്തണം.

ആത്മനിയന്ത്രണം​—⁠പഠിച്ചെടുക്കേണ്ട ഒന്ന്‌

3. ആത്മനിയന്ത്രണം പ്രകടമാക്കുന്നത്‌ എളുപ്പമായിരിക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാൻ കഴിയാത്തതിന്റെ കാരണം വിശദീകരിക്കുക.

3 ഇല്ല എന്നോ വേണ്ട എന്നോ പറയാനുള്ള കഴിവ്‌ ഉൾപ്പെടുന്ന ആത്മനിയന്ത്രണത്തെ കുറിച്ച്‌ 2 പത്രൊസ്‌ 1:​5-7-ൽ (NW) പരാമർശിച്ചിരിക്കുന്നു. വിശ്വാസം, സദ്‌ഗുണം, പരിജ്ഞാനം, സഹിഷ്‌ണുത, ദൈവികഭക്തി, സഹോദരപ്രീതി, സ്‌നേഹം എന്നിവയോടൊപ്പമാണ്‌ അത്‌ പട്ടികപ്പെടുത്തിയിരിക്കുന്നത്‌. ഈ നല്ല ഗുണങ്ങളൊന്നും ഒരുവന്‌ ജന്മനാ ലഭിക്കുന്നവയല്ല. അവയെ വളർത്തിയെടുത്തേ തീരൂ. ഈ ഗുണങ്ങൾ ശ്രദ്ധേയമായ അളവിൽ പ്രകടിപ്പിക്കുന്നതിന്‌ നിശ്ചയദാർഢ്യവും പ്രയത്‌നവും ആവശ്യമാണ്‌. അപ്പോൾപ്പിന്നെ ആത്മനിയന്ത്രണത്തിന്റെ കാര്യത്തിൽ മാത്രം സംഗതി വ്യത്യസ്‌തമായിരിക്കുമെന്ന്‌ നമുക്കു പ്രതീക്ഷിക്കാനാവുമോ?

4. ആത്മനിയന്ത്രണത്തിന്റെ കാര്യത്തിൽ തങ്ങൾക്ക്‌ യാതൊരു പ്രശ്‌നവുമില്ലെന്ന്‌ അനേകർക്കും തോന്നുന്നത്‌ എന്തുകൊണ്ട്‌, അത്‌ എന്തിന്റെ സൂചനയാണ്‌?

4 ആത്മനിയന്ത്രണം പാലിക്കുന്ന കാര്യത്തിൽ തങ്ങൾക്ക്‌ ഒരു പ്രശ്‌നവുമില്ലെന്ന്‌ അനേകർക്കും തോന്നിയേക്കാം എന്നതു ശരിതന്നെ. അറിഞ്ഞോ അറിയാതെയോ അപൂർണ ജഡത്തിന്റെ അഭിലാഷങ്ങൾക്കൊത്ത്‌ തങ്ങൾക്കു ബോധിച്ച വിധത്തിൽ അവർ ജീവിക്കുന്നു. തങ്ങൾക്കുതന്നെയോ മറ്റുള്ളവർക്കോ അതു നിമിത്തം ഉണ്ടാകുന്ന ഭവിഷ്യത്തുകൾക്ക്‌ അവർ ഒട്ടുംതന്നെ ശ്രദ്ധ നൽകുന്നില്ല. (യൂദാ 10) ആത്മനിയന്ത്രണത്തിന്റെ അഭാവം മുമ്പെന്നത്തെക്കാളധികം ഇക്കാലത്ത്‌ പ്രകടമാണ്‌. ഇത്‌, പൗലൊസ്‌ പറഞ്ഞ “അന്ത്യകാലത്ത്‌” ആണ്‌ നാം ജീവിക്കുന്നത്‌ എന്നതിന്റെ വ്യക്തമായ സൂചനയാണ്‌. അവൻ ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: ‘അന്ത്യകാലത്ത്‌ ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്‌നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അജിതേന്ദ്രിയന്മാരും [“ആത്മനിയന്ത്രണമില്ലാത്തവരും,” NW] ആയിരിക്കും.’​—⁠2 തിമൊഥെയൊസ്‌ 3:1-3.

5. ആത്മനിയന്ത്രണം എന്ന വിഷയത്തിൽ യഹോവയുടെ സാക്ഷികൾ തത്‌പരരായിരിക്കുന്നത്‌ എന്തുകൊണ്ട്‌, ഏതു ബുദ്ധിയുപദേശം പിൻപറ്റുന്നത്‌ ഇപ്പോഴും പ്രധാനമാണ്‌?

5 ആത്മനിയന്ത്രണം പാലിക്കുക എന്നത്‌ എത്ര വലിയ വെല്ലുവിളിയാണെന്ന്‌ യഹോവയുടെ സാക്ഷികൾക്ക്‌ നന്നായി അറിയാം. ദിവ്യ നിലവാരങ്ങൾക്കൊത്ത്‌ ജീവിച്ചുകൊണ്ട്‌ അവനെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹവും തങ്ങൾ സ്വീകരിക്കാൻ അപൂർണ ജഡം പ്രേരിപ്പിച്ചേക്കാവുന്ന പ്രവർത്തന ഗതിയും തമ്മിലുള്ള സംഘട്ടനത്തെ കുറിച്ച്‌ പൗലൊസിനെ പോലെ അവരും ബോധവാന്മാരാണ്‌. ഇക്കാരണത്താൽ, ഈ പോരാട്ടത്തിൽ എങ്ങനെ ജയിക്കാം എന്നതിൽ അവർ ദീർഘകാലമായി തത്‌പരരാണ്‌. “നമ്മുടെതന്നെയും നമ്മുടെ ചിന്തകളുടെയും വാക്കുകളുടെയും നടത്തയുടെയുംമേൽ നിയന്ത്രണം നേടാനായി നമുക്ക്‌ സ്വീകരിക്കാനാകുന്ന ഉചിതമായ ഗതി”യെ കുറിച്ച്‌ നിങ്ങൾ ഇപ്പോൾ വായിക്കുന്ന ഈ മാസികയുടെ ഒരു മുൻകാല ലക്കം 1916-ൽ പറയുകയുണ്ടായി. ഫിലിപ്പിയർ 4:8 മനസ്സിൽ പിടിക്കാനുള്ള നിർദേശം അതിലുണ്ടായിരുന്നു. ഏതാണ്ട്‌ 2000 വർഷം മുമ്പ്‌ രേഖപ്പെടുത്തപ്പെട്ട അതിലെ ദിവ്യ പ്രബോധനം പിൻപറ്റുക എന്നത്‌ അക്കാലത്തെയോ അല്ലെങ്കിൽ 1916-നെയോ അപേക്ഷിച്ച്‌ ഇന്ന്‌ ഏറെ ബുദ്ധിമുട്ടായിരുന്നേക്കാമെങ്കിലും, അത്‌ ഇപ്പോഴും പ്രായോഗികമാണ്‌. ലൗകിക മോഹങ്ങൾക്ക്‌ എതിരെ മുഖം തിരിക്കാൻ ക്രിസ്‌ത്യാനികൾ കഠിനശ്രമം ചെയ്യുന്നു. അങ്ങനെ ചെയ്യുന്നതു മുഖാന്തരം തങ്ങൾ സ്രഷ്ടാവിനെ പ്രീതിപ്പെടുത്തുകയായിരിക്കും എന്ന്‌ അവർക്ക്‌ അറിയാം.

6. ആത്മനിയന്ത്രണം നട്ടുവളർത്തവേ നമുക്ക്‌ നിരാശ തോന്നേണ്ട കാര്യമില്ലാത്തത്‌ എന്തുകൊണ്ട്‌?

6 “ആത്മാവിന്റെ ഫല”ത്തിന്റെ ഭാഗമെന്ന നിലയിൽ ഗലാത്യർ 5:22, 23-ൽ ആത്മനിയന്ത്രണത്തെ കുറിച്ചു പറഞ്ഞിരിക്കുന്നു. “സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്‌തത, സൌമ്യത” എന്നിവയോടൊപ്പം ഈ ഗുണവും പ്രകടിപ്പിച്ചാൽ, നമുക്ക്‌ അത്‌ വളരെയേറെ പ്രയോജനകരമായിരിക്കും. അങ്ങനെ ചെയ്യുന്നത്‌, പത്രൊസ്‌ വിശദീകരിക്കുന്നതനുസരിച്ച്‌, ദൈവസേവനത്തിൽ ‘നിഷ്‌ക്രിയരും നിഷ്‌ഫലരും’ ആയിത്തീരുന്നതിൽനിന്ന്‌ നമ്മെ തടയും. (2 പത്രൊസ്‌ 1:​8) എന്നാൽ, നാം ഉദ്ദേശിക്കുന്നതുപോലെ അത്ര പെട്ടെന്നും പൂർണമായും ഈ ഗുണങ്ങൾ പ്രകടിപ്പിക്കാൻ നമുക്കാകുന്നില്ലെങ്കിൽ സ്വയം കുറ്റപ്പെടുത്തുകയോ ശ്രമം ഉപേക്ഷിക്കുകയോ ചെയ്യരുത്‌. സ്‌കൂളിൽ ഒരു വിദ്യാർഥി മറ്റൊരു വിദ്യാർഥിയെക്കാൾ വേഗം പഠിക്കുന്നതായി നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടാകാം. അല്ലെങ്കിൽ ഒരു തൊഴിൽ മേഖലയിൽ ഒരു തൊഴിലാളി മറ്റു തൊഴിലാളികളെക്കാൾ പെട്ടെന്നു കാര്യങ്ങൾ പഠിച്ചെടുത്തേക്കാം. സമാനമായി, ചിലർ മറ്റുള്ളവരെ അപേക്ഷിച്ച്‌ ക്രിസ്‌തീയ ഗുണങ്ങൾ പ്രകടമാക്കാൻ പെട്ടെന്നു പഠിക്കുന്നു. ദൈവികഗുണങ്ങൾ നട്ടുവളർത്തുന്നതിൽ തുടരുന്നതിൽ നമ്മുടെ കഴിവിന്റെ പരമാവധി ചെയ്യുക എന്നതാണ്‌ പ്രധാന സംഗതി. തന്റെ വചനത്തിലൂടെയും സഭയിലൂടെയും യഹോവ നൽകുന്ന സഹായം പൂർണമായി പ്രയോജനപ്പെടുത്തിക്കൊണ്ട്‌ നമുക്ക്‌ അതു ചെയ്യാവുന്നതാണ്‌. പുരോഗതി വരുത്തുന്നതിൽ തുടരുക എന്ന ദൃഢനിശ്ചയത്തോടെയുള്ള ശ്രമങ്ങളോളം പ്രധാനമല്ല ലക്ഷ്യം പ്രാപിക്കുന്നതിലെ നമ്മുടെ വേഗത.

7. ആത്മനിയന്ത്രണം പ്രധാനമാണെന്ന്‌ എന്തു പ്രകടമാക്കുന്നു?

7 ആത്മാവിന്റെ ഫലങ്ങളിൽ അവസാനമായാണ്‌ ആത്മനിയന്ത്രണത്തെ പട്ടികപ്പെടുത്തിയിരിക്കുന്നതെങ്കിലും, അത്‌ തീർച്ചയായും മറ്റുള്ളവയെക്കാൾ പ്രാധാന്യം കുറഞ്ഞതല്ല. നേരെ മറിച്ച്‌, തികഞ്ഞ ആത്മനിയന്ത്രണം ഉണ്ടെങ്കിൽ ‘ജഡത്തിന്റെ എല്ലാ പ്രവൃത്തികളെയും’ ഒഴിവാക്കാനാകും എന്നത്‌ നാം മനസ്സിൽ പിടിക്കണം. എന്നാൽ, അപൂർണ മനുഷ്യർ ‘ദുർന്നടപ്പു, അശുദ്ധി, ദുഷ്‌കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത’ തുടങ്ങിയ ‘ജഡത്തിന്റെ പ്രവൃത്തികളിൽ’ ഏതിനെങ്കിലുമൊക്കെ വഴിപ്പെടാൻ ചായ്‌വുള്ളവരാണ്‌. (ഗലാത്യർ 5:19-21) അതുകൊണ്ട്‌, ഹൃദയത്തിൽനിന്നും മനസ്സിൽനിന്നും ദ്രോഹകരമായ പ്രവണതകളെ പിഴുതെറിയാനുള്ള ദൃഢതീരുമാനത്തോടെ നാം ഒരു നിരന്തര പോരാട്ടം നടത്തിയേ തീരൂ.

ചിലർക്ക്‌ കഠിനമായ പോരാട്ടമുണ്ട്‌

8. ചിലരുടെ കാര്യത്തിൽ ആത്മനിയന്ത്രണം പ്രകടമാക്കുന്നത്‌ കൂടുതൽ ബുദ്ധിമുട്ടാക്കിത്തീർക്കുന്ന ഘടകങ്ങൾ ഏവ?

8 ആത്മനിയന്ത്രണം പ്രകടമാക്കുക എന്നത്‌ ചില ക്രിസ്‌ത്യാനികൾക്ക്‌ മറ്റു ചിലരെ അപേക്ഷിച്ച്‌ കൂടുതൽ ബുദ്ധിമുട്ടാണ്‌. എന്തുകൊണ്ട്‌? മാതാപിതാക്കൾ വളർത്തിയ വിധമോ കഴിഞ്ഞകാലത്തെ അനുഭവങ്ങളോ ആയിരിക്കാം അതിന്‌ കാരണം. ആത്മനിയന്ത്രണം പ്രകടമാക്കുക എന്നത്‌ നമ്മുടെ കാര്യത്തിൽ ഒരു പ്രശ്‌നമായി തോന്നിയിട്ടില്ലെങ്കിൽ അത്‌ സന്തോഷിക്കാനുള്ള ഒരു കാരണമാണ്‌. എന്നാൽ, ആത്മനിയന്ത്രണം പ്രകടിപ്പിക്കാൻ കൂടുതൽ പ്രയാസമുള്ളവരോട്‌ നാം അനുകമ്പയും പരിഗണനയും കാണിക്കണം, അവരുടെ ആ സ്വഭാവം നിമിത്തം നമുക്ക്‌ വ്യക്തിപരമായ പ്രശ്‌നങ്ങൾ ഉണ്ടാകുന്നെങ്കിൽപ്പോലും. നമ്മുടെ അപൂർണത കണക്കിലെടുക്കുമ്പോൾ നമ്മിൽ ആർക്കെങ്കിലും സ്വയം നീതീകരിക്കാനാകുമോ?​—⁠റോമർ 3:23; എഫെസ്യർ 4:⁠2, 3.

9. ചിലർക്ക്‌ ഏതു ബലഹീനതകളാണ്‌ ഉള്ളത്‌, ഇവയെ പൂർണമായി തരണം ചെയ്യാനാകുന്നത്‌ എപ്പോൾ?

9 ഉദാഹരണത്തിന്‌, പുകയിലയോ ഉത്തേജക മരുന്നുകളോ ഉപയോഗിക്കുന്ന ശീലം ഉപേക്ഷിച്ച ചില സഹക്രിസ്‌ത്യാനികൾക്ക്‌ ഇപ്പോഴും ചിലപ്പോഴൊക്കെ അവ ഉപയോഗിക്കാനുള്ള ശക്തമായ വാഞ്‌ഛ അനുഭവപ്പെടുന്നതായി നമുക്ക്‌ അറിയാമായിരിക്കും. അല്ലെങ്കിൽ ചിലർക്ക്‌ ഭക്ഷണമോ ലഹരിപാനീയങ്ങളോ നിയന്ത്രിക്കുക എന്നത്‌ ഒരു വെല്ലുവിളി ആയിരിക്കാം. മറ്റുചിലർക്ക്‌ നാവിനെ നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്‌, അതുകൊണ്ട്‌ അവർ മിക്കപ്പോഴും വാക്കിൽ തെറ്റിപ്പോകുന്നു. അത്തരം ന്യൂനതകളെ കൈകാര്യം ചെയ്യുന്നതിന്‌ ശുഷ്‌കാന്തിയോടെ ആത്മനിയന്ത്രണം നട്ടുവളർത്താൻ ശ്രമിക്കേണ്ടത്‌ ആവശ്യമാണ്‌. എന്തുകൊണ്ട്‌? യാഥാർഥ്യത്തെ അംഗീകരിച്ചുകൊണ്ട്‌ യാക്കോബ്‌ 3:2 ഇങ്ങനെ സമ്മതിച്ചുപറയുന്നു: “നാം എല്ലാവരും പലതിലും തെററിപ്പോകുന്നു; ഒരുത്തൻ വാക്കിൽ തെററാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു.” ഇനിയും ചൂതുകളിക്കാനുള്ള ശക്തമായ പ്രേരണ തോന്നുന്നവരുണ്ട്‌. അല്ലെങ്കിൽ അവർ തങ്ങളുടെ കോപം നിയന്ത്രിക്കാൻ പാടുപെടുന്നവരായിരിക്കാം. ഇത്തരത്തിലുള്ളതോ സമാനമോ ആയ ബലഹീനതകളെ വിജയകരമായി തരണം ചെയ്യാൻ പഠിക്കുന്നതിന്‌ സമയമെടുത്തേക്കാം. ഇപ്പോൾ നമുക്ക്‌ ഇക്കാര്യത്തിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാനാകുമെങ്കിലും, നാം പൂർണതയിലെത്തുമ്പോൾ മാത്രമേ തെറ്റായ ആഗ്രഹങ്ങൾ എന്നേക്കുമായി ഇല്ലായ്‌മ ചെയ്യപ്പെടുകയുള്ളൂ. അതുവരെ, ആത്മനിയന്ത്രണം പ്രകടമാക്കാൻ പ്രയത്‌നിക്കുന്നത്‌ പാപപൂർണമായ ഒരു ജീവിതരീതിയിലേക്കു വീണ്ടും വഴുതിവീഴാതിരിക്കാൻ നമ്മെ സഹായിക്കും. അങ്ങനെ ചെയ്യവേ ശ്രമം ഉപേക്ഷിക്കാതിരിക്കാൻ നമുക്ക്‌ പരസ്‌പരം സഹായിക്കാം.​—⁠പ്രവൃത്തികൾ 14:21, 22.

10. (എ) ലൈംഗിക കാര്യങ്ങളിൽ ആത്മനിയന്ത്രണം പാലിക്കുക എന്നത്‌ ചിലർക്ക്‌ ഒരു പ്രത്യേക വെല്ലുവിളി ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) എന്തു സുപ്രധാന മാറ്റമാണ്‌ ഒരു സഹോദരൻ വരുത്തിയത്‌? (16-ാം പേജിലെ ചതുരം കാണുക.)

10 ആത്മനിയന്ത്രണം പാലിക്കാൻ ചിലർക്കു ബുദ്ധിമുട്ടുള്ള മറ്റൊരു മേഖല ലൈംഗികതയാണ്‌. തീർച്ചയായും, ലൈംഗിക പ്രാപ്‌തി സഹിതമാണ്‌ യഹോവയാം ദൈവം നമ്മെ സൃഷ്ടിച്ചത്‌. എന്നാൽ, ദിവ്യ നിലവാരങ്ങൾക്കു ചേർച്ചയിൽ ലൈംഗികതയെ അതിന്റെ ഉചിതമായ സ്ഥാനത്തു നിറുത്താൻ ചിലർക്ക്‌ പ്രത്യേകിച്ച്‌ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നു. അസാധാരണമായ ലൈംഗിക തൃഷ്‌ണ അവരുടെ സാഹചര്യത്തെ ഒന്നുകൂടെ വഷളാക്കിയേക്കാം. പല വിധങ്ങളിൽ കാമവികാരങ്ങളെ ആളിക്കത്തിക്കുന്ന ലൈംഗിക ഭ്രാന്തുപിടിച്ച ഒരു ലോകത്തിലാണു നാം ജീവിക്കുന്നത്‌. വിവാഹജീവിതത്തിന്റെ ശ്രദ്ധാശൈഥില്യങ്ങളില്ലാതെ ദൈവത്തെ സേവിക്കാനായി കുറച്ചുകാലത്തേക്കെങ്കിലും ഏകാകികളായി തുടരാൻ ആഗ്രഹിക്കുന്ന ക്രിസ്‌ത്യാനികൾക്ക്‌ ഇതൊരു പ്രശ്‌നമായിത്തീരാം. (1 കൊരിന്ത്യർ 7:32, 33, 37, 38) അത്തരമൊരു സാഹചര്യത്തിൽ, “കാമം കൊണ്ട്‌ എരിയുന്നതിനെക്കാൾ വിവാഹം കഴിക്കുന്നതാണ്‌ ഉത്തമം” (ഓശാന ബൈബിൾ) എന്ന തിരുവെഴുത്തു കൽപ്പനയ്‌ക്കു ചേർച്ചയിൽ അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചേക്കാം, അത്‌ തീർച്ചയായും ഉചിതമാണ്‌. അതേസമയം, തിരുവെഴുത്തു പറയുന്ന പ്രകാരം, ‘കർത്താവിൽ മാത്രം’ വിവാഹം കഴിക്കാൻ അവർ ദൃഢചിത്തരാണ്‌. (1 കൊരിന്ത്യർ 7:​9, 39) തന്റെ നീതിയുള്ള തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ അവർക്കുള്ള താത്‌പര്യം യഹോവയെ സന്തോഷിപ്പിക്കുന്നുവെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും. അത്തരം ഉയർന്ന ധാർമിക നിലവാരങ്ങളും ദൃഢവിശ്വസ്‌തതയുമുള്ള സത്യാരാധകരോടൊപ്പം ആയിരിക്കുന്നതിൽ അവരുടെ സഹ ക്രിസ്‌ത്യാനികളും സന്തോഷിക്കുന്നു.

11. വിവാഹം കഴിക്കാൻ താത്‌പര്യമുണ്ടെങ്കിലും അതിനു സാധിക്കാത്ത ഒരു സഹോദരനെയോ സഹോദരിയെയോ നമുക്ക്‌ എങ്ങനെ സഹായിക്കാൻ കഴിയും?

11 തനിക്കു പറ്റിയ ഒരു ഇണയെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിലോ? വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടും അതിനു സാധിക്കാത്ത ഒരാൾക്ക്‌ ഉണ്ടാകാനിടയുള്ള മോഹഭംഗത്തെ കുറിച്ച്‌ ഒന്നാലോചിച്ചുനോക്കൂ! അയാളുടെ സുഹൃത്തുക്കൾ വിവാഹം കഴിച്ച്‌ സന്തുഷ്ട ജീവിതം നയിക്കുമ്പോഴും അയാൾ മനസ്സിനിണങ്ങിയ ഒരു പങ്കാളിയെ തേടുകയായിരിക്കാം. ഈ അവസ്ഥയിലുള്ള ചിലർക്ക്‌ സ്വയംഭോഗം എന്ന അശുദ്ധ ശീലം ഒരു നിരന്തര പ്രശ്‌നമായിത്തീർന്നേക്കാം. എന്തായിരുന്നാലും, നിർമലരായി തുടരാൻ കഠിനശ്രമം ചെയ്യുന്ന മറ്റൊരു വ്യക്തിയെ അറിയാതെപോലും നിരുത്സാഹപ്പെടുത്താൻ ക്രിസ്‌ത്യാനികളാരും ആഗ്രഹിക്കുന്നില്ല. “കല്യാണമൊന്നും ആയില്ലേ?” എന്നോ “ഇങ്ങനെയൊക്കെ നടന്നാൽ മതിയോ?” എന്നോ പോലുള്ള ചിന്താശൂന്യമായ അഭിപ്രായപ്രകടനങ്ങൾ നടത്തുക വഴി നാം അറിയാതെ മറ്റുള്ളവരെ നിരുത്സാഹപ്പെടുത്തിയേക്കാം. യാതൊരു ദുരുദ്ദേശ്യവും ഇല്ലാതെയായിരിക്കാം നാം അതു പറയുന്നത്‌, എന്നിരുന്നാലും, നാവിനെ സൂക്ഷിച്ചുകൊണ്ട്‌ ആത്മനിയന്ത്രണം പാലിക്കുന്നത്‌ എത്രയോ മെച്ചമാണ്‌! (സങ്കീർത്തനം 39:1) നമുക്കിടയിൽ, ഏകാകികളായിരിക്കെ നിർമലരായി തുടരുന്നവർ നമ്മുടെ ഊഷ്‌മളമായ അഭിനന്ദനം അർഹിക്കുന്നു. നിരുത്സാഹപ്പെടുത്തുന്ന അഭിപ്രായങ്ങൾ പറയുന്നതിനു പകരം, നമുക്ക്‌ പ്രോത്സാഹനം പകരുന്നവർ ആയിരിക്കാം. ഉദാഹരണമായി, പക്വതയുള്ളവരുടെ ഒരു ചെറിയ കൂട്ടം ഭക്ഷണത്തിനോ ആരോഗ്യാവഹമായ ക്രിസ്‌തീയ സഹവാസത്തിനോവേണ്ടി കൂടിവരുമ്പോൾ അതിൽ ഏകാകികളെയും ഉൾപ്പെടുത്താൻ ശ്രമിക്കാവുന്നതാണ്‌.

ആത്മനിയന്ത്രണം വിവാഹജീവിതത്തിൽ

12. വിവാഹിതർക്കുപോലും ഒരളവിലുള്ള ആത്മനിയന്ത്രണം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

12 വിവാഹം കഴിച്ചെന്നു കരുതി ലൈംഗിക കാര്യങ്ങളിൽ ആത്മനിയന്ത്രണം വേണ്ട എന്നുവരുന്നില്ല. ഉദാഹരണത്തിന്‌, ഭർത്താവിന്റെയും ഭാര്യയുടെയും ലൈംഗിക ആവശ്യങ്ങൾ തമ്മിൽ വലിയ അന്തരം ഉണ്ടായിരുന്നേക്കാം. അല്ലെങ്കിൽ ഒരു ഇണയുടെ ശാരീരിക അവസ്ഥ നിമിത്തം ചിലപ്പോൾ സാധാരണ ലൈംഗിക ബന്ധം ബുദ്ധിമുട്ടോ അസാധ്യം പോലുമോ ആയിത്തീർന്നേക്കാം. ഒരുപക്ഷേ, മുൻകാല അനുഭവങ്ങൾ നിമിത്തം, “ഭർത്താവു ഭാര്യക്കും ഭാര്യ ഭർത്താവിന്നും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ” എന്ന കൽപ്പന അനുസരിക്കുക എന്നത്‌ ഒരു വെല്ലുവിളി ആയിരിക്കുന്നതായി ഒരു ഇണ കണ്ടെത്തിയേക്കാം. അത്തരമൊരു സാഹചര്യത്തിൽ, മറ്റേ ഇണ കൂടുതലായി ആത്മനിയന്ത്രണം പാലിക്കേണ്ടതുണ്ടായിരിക്കാം. എന്നാൽ, വിവാഹിത ക്രിസ്‌ത്യാനികൾക്ക്‌ പൗലൊസ്‌ നൽകിയ പിൻവരുന്ന സ്‌നേഹപുരസ്സരമായ ബുദ്ധിയുപദേശം ഇരുവർക്കും മനസ്സിൽ പിടിക്കാനാകും: “ഭാര്യാഭർത്താക്കന്മാർ ഉഭയസമ്മതപ്രകാരം പ്രാർഥനയ്‌ക്കായി സ്വയം സമർപ്പിക്കുന്ന നിശ്‌ചിത കാലത്തിലല്ലാതെ ഈ അവകാശം അന്യോന്യം നിഷേധിക്കരുത്‌. പിന്നീട്‌, ആത്‌മനിയന്ത്രണമില്ലായ്‌കയാൽ സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കാൻ, ഒന്നിച്ചുചേരുക.”​—⁠1 കൊരിന്ത്യർ 7:3, 5ഓശാന ബൈ.

13. ആത്മനിയന്ത്രണം പ്രകടമാക്കാനായി കഠിനശ്രമം ചെയ്യുന്നവർക്കുവേണ്ടി നമുക്ക്‌ എന്തു ചെയ്യാൻ കഴിയും?

13 ഏറ്റവും അടുത്ത ഈ ബന്ധത്തിൽ ഉചിതമായ ആത്മനിയന്ത്രണം പാലിക്കാൻ ദമ്പതികൾ ഇരുവരും പഠിച്ചിട്ടുണ്ടെങ്കിൽ അവർക്ക്‌ എത്ര നന്ദിയുള്ളവർ ആയിരിക്കാവുന്നതാണ്‌! അതേസമയം, ഈ മണ്ഡലത്തിൽ അത്‌ പ്രകടമാക്കാൻ കഠിനശ്രമം ചെയ്‌തുകൊണ്ടിരിക്കുന്ന സഹാരാധകരോട്‌ അവർ സഹാനുഭൂതി കാണിക്കേണ്ടതാണ്‌. ആത്മനിയന്ത്രണം പ്രകടമാക്കുന്നതിൽ തുടർന്നു പോരാടാനും അനുചിത മോഹങ്ങളെ തരണം ചെയ്യാനുള്ള പടികൾ സ്വീകരിക്കാനുമായി ഉൾക്കാഴ്‌ചയും ധൈര്യവും നിശ്ചയദാർഢ്യവും നമ്മുടെ ആത്മീയ സഹോദരങ്ങൾക്ക്‌ നൽകേണമേ എന്ന്‌ യഹോവയോടു പ്രാർഥിക്കാൻ നാം ഒരിക്കലും മറക്കരുത്‌.​—⁠ഫിലിപ്പിയർ 4:6, 7.

അന്യോന്യം സഹായിക്കുന്നതിൽ തുടരുവിൻ

14. സഹക്രിസ്‌ത്യാനികളോട്‌ അനുകമ്പയോടും സഹാനുഭൂതിയോടുംകൂടെ ഇടപെടേണ്ടത്‌ എന്തുകൊണ്ട്‌?

14 നമുക്കു പ്രശ്‌നമില്ലാത്ത മണ്ഡലങ്ങളിൽ ആത്മനിയന്ത്രണം പാലിക്കാൻ കഷ്ടപ്പെടുന്ന സഹക്രിസ്‌ത്യാനികളോടു സഹാനുഭൂതി പ്രകടമാക്കാൻ ചിലപ്പോൾ നമുക്കു ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടേക്കാം. എന്നാൽ, ആളുകളുടെ പ്രകൃതം വ്യത്യസ്‌തമാണ്‌. ചിലർ പെട്ടെന്നു വികാരംകൊള്ളുന്നു, മറ്റു ചിലർ അങ്ങനെയല്ല. ചിലർക്കു സ്വയം നിയന്ത്രിക്കുക എന്നത്‌ താരതമ്യേന എളുപ്പമാണ്‌, അവർക്ക്‌ ആത്മനിയന്ത്രണം വലിയൊരു പ്രശ്‌നമല്ല. ചിലർക്ക്‌ അതു കൂടുതൽ ബുദ്ധിമുട്ടാണ്‌. എങ്കിലും, ആത്മനിയന്ത്രണം പാലിക്കാൻ കഠിനശ്രമം ചെയ്യുന്ന ഒരു വ്യക്തി ഒരു ദുഷ്ടനല്ല എന്നോർക്കുക. സഹക്രിസ്‌ത്യാനികൾക്ക്‌ നമ്മുടെ സഹാനുഭൂതിയും അനുകമ്പയും ആവശ്യമാണ്‌. ആത്മനിയന്ത്രണം പാലിക്കുന്നതിൽ പുരോഗതി കൈവരിക്കാനായി ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നവരോട്‌ തുടർന്നും കരുണ കാണിക്കുന്നത്‌ നമ്മുടെതന്നെ സന്തോഷത്തിൽ കലാശിക്കുന്നു. മത്തായി 5:​7-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകളിൽനിന്ന്‌ നമുക്ക്‌ അതു മനസ്സിലാക്കാനാകും.

15. ആത്മനിയന്ത്രണത്തിന്റെ കാര്യത്തിൽ സങ്കീർത്തനം 130:​3-ലെ വാക്കുകൾ ആശ്വാസദായകമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

15 ഏതെങ്കിലുമൊരു സന്ദർഭത്തിൽ ക്രിസ്‌തീയ വ്യക്തിത്വം പ്രകടമാക്കാൻ പരാജയപ്പെട്ടേക്കാവുന്ന ഒരു സഹക്രിസ്‌ത്യാനിയെ തെറ്റായി വിധിക്കാൻ നാം ഒരിക്കലും ആഗ്രഹിക്കുന്നില്ല. നാം പരാജയപ്പെട്ടേക്കാവുന്ന ഒരു സന്ദർഭം മാത്രമല്ല നമുക്ക്‌ അങ്ങനെ സംഭവിക്കാതിരിക്കുന്ന അനേകം സന്ദർഭങ്ങളും യഹോവ നിരീക്ഷിക്കുന്നുവെന്ന്‌ അറിയുന്നത്‌ എത്ര പ്രോത്സാഹജനകമാണ്‌, നമ്മുടെ സഹക്രിസ്‌ത്യാനികൾ അതൊന്നും ശ്രദ്ധിച്ചില്ലെങ്കിൽപ്പോലും. സങ്കീർത്തനം 130:​3-ലെ വാക്കുകൾ മനസ്സിൽ പിടിക്കുന്നത്‌ വളരെയേറെ ആശ്വാസദായകമാണ്‌: “യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്‌ക്കും?”

16, 17. (എ) ആത്മനിയന്ത്രണത്തോടുള്ള ബന്ധത്തിൽ നമുക്ക്‌ ഗലാത്യർ 6:2, 5 ബാധകമാക്കാവുന്നത്‌ എങ്ങനെ? (ബി) ആത്മനിയന്ത്രണത്തെ കുറിച്ച്‌ അടുത്തതായി നാം എന്തു പരിചിന്തിക്കും?

16 യഹോവയെ പ്രസാദിപ്പിക്കുന്നതിന്‌, നാം ഓരോരുത്തരും ആത്മനിയന്ത്രണം നട്ടുവളർത്തേണ്ടതുണ്ട്‌. ഇക്കാര്യത്തിൽ ക്രിസ്‌തീയ സഹോദരങ്ങളുടെ സഹായം ലഭിക്കുമെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും. നാം ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വമാകുന്ന ചുമട്‌ വഹിക്കേണ്ടതാണെങ്കിലും ബലഹീനതകളെ തരണം ചെയ്യാനായി പരസ്‌പരം സഹായിക്കാൻ നാം പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു. (ഗലാത്യർ 6:2, 5) പോകരുതാത്ത ഇടങ്ങളിൽ പോകുന്നതിൽനിന്നു നമ്മെ തടയുന്ന, കാണരുതാത്ത കാര്യങ്ങൾ കാണാൻ നമ്മെ അനുവദിക്കാത്ത, ചെയ്യരുതാത്ത സംഗതികളിൽ ചെയ്യുന്നതിൽനിന്നു നമ്മെ പിന്തിരിപ്പിക്കുന്ന മാതാപിതാക്കളെയോ ഇണയെയോ സുഹൃത്തിനെയോ നമുക്ക്‌ വിലപ്പെട്ടവരായി കണക്കാക്കാം. ആത്മനിയന്ത്രണം പ്രകടമാക്കാൻ ഇവർ നമ്മെ സഹായിക്കുകയാണ്‌!

17 ആത്മനിയന്ത്രണത്തോടുള്ള ബന്ധത്തിൽ നാം ഇതുവരെ പരിചിന്തിച്ച കാര്യങ്ങൾക്കു ചേർച്ചയിലായിരിക്കാം അനേകം ക്രിസ്‌ത്യാനികളും പ്രവർത്തിക്കുന്നത്‌. എങ്കിലും, തങ്ങൾക്കു വ്യക്തിപരമായി അഭിവൃദ്ധിപ്പെടാൻ നിരവധി മണ്ഡലങ്ങൾ ഇനിയുമുണ്ടെന്ന്‌ അവർക്കു തോന്നുന്നുണ്ടാകാം. കൂടുതൽ പൂർണമായി, അപൂർണ മനുഷ്യരിൽനിന്നു ന്യായമായി പ്രതീക്ഷിക്കാവുന്നതെന്ന്‌ തങ്ങൾ കരുതുന്ന അളവോളം, ആത്മനിയന്ത്രണം പ്രകടമാക്കാൻ അവർ ആഗ്രഹിക്കുന്നു. നിങ്ങൾക്ക്‌ അങ്ങനെ തോന്നുന്നുണ്ടോ? എങ്കിൽ, ദൈവാത്മാവിന്റെ ഫലത്തിന്റെ ഈ വശം നട്ടുവളർത്തുന്നതിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും? അങ്ങനെ ചെയ്യുന്നത്‌ ഒരു ക്രിസ്‌ത്യാനി എന്ന നിലയിലുള്ള നിങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ നിങ്ങളെ എങ്ങനെ സഹായിക്കും? അടുത്ത ലേഖനത്തിൽ നാം അതു പരിചിന്തിക്കും.

നിങ്ങൾ ഓർമിക്കുന്നുവോ?

ആത്മനിയന്ത്രണം . . .

• ക്രിസ്‌ത്യാനികൾ നട്ടുവളർത്തേണ്ടത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• പ്രകടമാക്കാൻ ചിലർക്ക്‌ പ്രത്യേകിച്ച്‌ ബുദ്ധിമുട്ടുള്ളത്‌ എന്തുകൊണ്ട്‌?

• വിവാഹജീവിതത്തിൽ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• പരസ്‌പര സഹായത്തോടെ നട്ടുവളർത്താൻ കഴിയുന്ന ഒരു ഗുണമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[16 -ാം പേജിലെ ചതുരം/ചിത്രം]

ആത്മനിയന്ത്രണം പാലിക്കുന്നതിൽ അദ്ദേഹം വിജയിച്ചു

ജർമനിയിലെ യഹോവയുടെ സാക്ഷികളിൽ ഒരാൾ ടെക്‌നിക്കൽ കമ്മ്യൂണിക്കേഷൻസ്‌ ക്ലാർക്കായി ജോലി നോക്കുകയായിരുന്നു. വ്യത്യസ്‌തമായ 30 ടെലിവിഷൻ-റേഡിയോ പരിപാടികൾ പരിശോധിക്കുന്നത്‌ അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമായിരുന്നു. എന്തെങ്കിലും തടസ്സം നേരിട്ടാൽ, പ്രശ്‌നം എന്താണെന്ന്‌ കൃത്യമായി കണ്ടുപിടിക്കുന്നതിനായി അദ്ദേഹം പരിപാടിക്കു ശ്രദ്ധ കൊടുക്കേണ്ടിയിരുന്നു. അദ്ദേഹം പറയുന്നു: “അക്രമവും ലൈംഗികതയും നിറഞ്ഞ രംഗങ്ങൾ ചിത്രീകരിക്കുന്ന സമയത്തുതന്നെയായിരിക്കും മിക്കപ്പോഴും പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്‌. അത്തരം രംഗങ്ങൾ മുദ്രപതിപ്പിച്ചതുപോലെ ദിവസങ്ങളോളം, ചിലപ്പോൾ ആഴ്‌ചകളോളംപോലും എന്റെ മനസ്സിൽ തങ്ങിനിൽക്കുമായിരുന്നു.” അതു തന്റെ ആത്മീയതയെ പ്രതികൂലമായി ബാധിച്ചെന്ന്‌ അദ്ദേഹം സമ്മതിച്ചുപറയുന്നു: “അൽപ്പമൊരു ചൂടൻ പ്രകൃതമാണ്‌ എന്റേത്‌. അതുകൊണ്ട്‌ അക്രമരംഗങ്ങൾ, ആത്മനിയന്ത്രണം പാലിക്കുക എന്നതിനെ ബുദ്ധിമുട്ടാക്കിത്തീർത്തു. ലൈംഗിക രംഗങ്ങൾ എനിക്കും ഭാര്യയ്‌ക്കുമിടയിൽ പ്രശ്‌നങ്ങളുണ്ടാക്കി. ഈ സ്വാധീനങ്ങൾക്കെതിരെ എനിക്കു ദൈനംദിനം പോരാടേണ്ടതുണ്ടായിരുന്നു. അതിൽ തോൽക്കാതിരിക്കാനായി ഞാൻ, ശമ്പളം കുറവാണെങ്കിലും മറ്റൊരു ജോലി കണ്ടെത്താൻ തീരുമാനിച്ചു. അധികം താമസിയാതെ എനിക്ക്‌ അതിനു സാധിച്ചു. എന്റെ ആഗ്രഹം നിറവേറിയിരിക്കുന്നു.”

[15 -ാം പേജിലെ ചിത്രങ്ങൾ]

ബൈബിൾ പഠനത്തിൽനിന്നു ലഭിക്കുന്ന പരിജ്ഞാനം ആത്മനിയന്ത്രണം പ്രകടമാക്കാൻ നമ്മെ സഹായിക്കുന്നു