വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭൂമി ഒരു പറുദീസയാകുമെന്ന്‌ നിങ്ങൾക്കു വിശ്വസിക്കാനാകും

ഭൂമി ഒരു പറുദീസയാകുമെന്ന്‌ നിങ്ങൾക്കു വിശ്വസിക്കാനാകും

ഭൂമി ഒരു പറുദീസയാകുമെന്ന്‌ നിങ്ങൾക്കു വിശ്വസിക്കാനാകും

ചരിത്രത്തിലുടനീളം ദശലക്ഷക്കണക്കിന്‌ ആളുകൾ വിശ്വസിച്ചു പോന്നിരിക്കുന്നത്‌ കാലാന്തരത്തിൽ തങ്ങൾ ഭൂമി ഉപേക്ഷിച്ച്‌ സ്വർഗത്തിലേക്കു പോകും എന്നാണ്‌. ഭൂമി നമ്മുടെ സ്ഥിര വാസസ്ഥലം ആയിരിക്കണമെന്നു നമ്മുടെ സ്രഷ്ടാവ്‌ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്ന്‌ ചിലർ കരുതുന്നു. താപസർ ഒരു പടികൂടെ കടന്നു ചിന്തിക്കുന്നു. അവരിൽ അനേകർക്കും ഭൂമിയും സകല ഭൗതിക സംഗതികളും തിന്മ​—⁠യഥാർഥ ആത്മീയ നിർവൃതിക്കും ദൈവത്തോട്‌ അടുക്കുന്നതിനുമുള്ള ഒരു തടസ്സം​—⁠ആണ്‌.

മേൽപ്പറഞ്ഞ ആശയഗതികൾ വെച്ചുപുലർത്തുന്നവർക്ക്‌, ഒന്നുകിൽ ഒരു പറുദീസ ഭൂമിയെ കുറിച്ച്‌ ദൈവം പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അറിയില്ല അല്ലെങ്കിൽ അവർ അതു മനഃപൂർവം അവഗണിക്കുകയാണ്‌. ദൈവം വ്യക്തികളെ നിശ്വസ്‌തരാക്കി തന്റെ വചനമായ ബൈബിളിൽ ഇക്കാര്യത്തെ കുറിച്ചു രേഖപ്പെടുത്തി വെച്ചിരിക്കുന്നത്‌ പരിശോധിച്ചുനോക്കാൻ വാസ്‌തവത്തിൽ ഇന്ന്‌ അനേകരും യാതൊരു താത്‌പര്യവും കാണിക്കുന്നില്ല. (2 തിമൊഥെയൊസ്‌ 3:16, 17) എന്നാൽ മാനുഷ സിദ്ധാന്തങ്ങൾ സ്വീകരിക്കുന്നതിനു പകരം ദൈവവചനത്തിൽ ആശ്രയിക്കുന്നതല്ലേ ജ്ഞാനപൂർവകമായ സംഗതി? (റോമർ 3:4) അങ്ങനെ ചെയ്യേണ്ടത്‌ വാസ്‌തവത്തിൽ മർമപ്രധാനമാണ്‌. എന്തുകൊണ്ടെന്നാൽ ആളുകളെ ആത്മീയമായി അന്ധരാക്കുകയും ഇപ്പോൾ “ഭൂതലത്തെ മുഴുവൻ തെററിച്ചുകളയു”കയും ചെയ്യുന്ന ശക്തനും ദുഷ്ടനുമായ ഒരു അദൃശ്യ ജീവിയെപ്പറ്റി ബൈബിൾ നമുക്കു മുന്നറിയിപ്പു നൽകുന്നു.​—⁠വെളിപ്പാടു 12:9; 2 കൊരിന്ത്യർ 4:4.

ആശയക്കുഴപ്പം എന്തുകൊണ്ട്‌?

ജീവനും മരണവും സംബന്ധിച്ച പരസ്‌പര വിരുദ്ധമായ ആശയങ്ങൾ ഭൂമിയെപ്പറ്റിയുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തെ കുറിച്ച്‌ ആളുകളിൽ ചിന്താക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നു. മനുഷ്യശരീരത്തിൽനിന്നും വേർപെട്ടതും മരണത്തെ അതിജീവിക്കുന്നതുമായ എന്തോ ഒന്ന്‌ നമ്മിലുണ്ടെന്ന്‌ അനേകരും വിശ്വസിക്കുന്നു. ഈ അദൃശ്യഭാഗം മനുഷ്യശരീരം സൃഷ്ടിക്കപ്പെടുന്നതിനു മുമ്പ്‌ സ്ഥിതിചെയ്‌തിരുന്നുവെന്ന്‌ മറ്റുചിലർ വിശ്വസിക്കുന്നു. മനുഷ്യന്റെ ഈ അദൃശ്യഭാഗത്തെ, “സ്വർഗത്തിലായിരുന്നപ്പോൾ അത്‌ ചെയ്‌ത പാപങ്ങൾക്കുള്ള ശിക്ഷയായി ശരീരത്തിനുള്ളിൽ ബന്ധിച്ചിരിക്കുകയാണെന്ന്‌” ഗ്രീക്ക്‌ തത്ത്വചിന്തകനായ പ്ലേറ്റോ വിശ്വസിച്ചിരുന്നതായി ഒരു പരാമർശ കൃതി പറയുന്നു. സമാനമായി, മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ദൈവശാസ്‌ത്രജ്ഞനായ ഓറിജൻ പറഞ്ഞത്‌, ഒരു വ്യക്തിയുടെ ഈ അദൃശ്യഭാഗം ശരീരത്തോടു ചേരുന്നതിനു മുമ്പ്‌ സ്വർഗത്തിൽവെച്ചു പാപം ചെയ്‌തെന്നും ആ പാപങ്ങൾക്കുള്ള ശിക്ഷയായി ഭൂമിയിൽ ആ ശരീരത്തിൽ അതിനെ തടവിലാക്കി എന്നുമാണ്‌. സ്വർഗത്തിലേക്കുള്ള മനുഷ്യന്റെ പ്രയാണത്തിനിടയിലെ ഒരു പരീക്ഷണസ്ഥലം മാത്രമാണു ഭൂമിയെന്ന്‌ ലക്ഷങ്ങൾ വിശ്വസിക്കുന്നു.

ഒരു വ്യക്തി മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു എന്നതിനെ കുറിച്ചും വ്യത്യസ്‌തമായ ആശയങ്ങളാണുള്ളത്‌. ‘മരിച്ചവർ പാതാളത്തിലേക്ക്‌ ഇറങ്ങുന്നതായി’ ഈജിപ്‌തുകാർ വിശ്വസിച്ചിരുന്നുവെന്ന്‌ പാശ്ചാത്യ തത്ത്വശാസ്‌ത്രത്തിന്റെ ചരിത്രം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. എന്നാൽ മരിച്ചവർ ഇരുളടഞ്ഞ പാതാളത്തിലേക്ക്‌ ഇറങ്ങുകയല്ല, അവർ വാസ്‌തവത്തിൽ ഉന്നതമായ ആത്മമണ്ഡലത്തിലേക്കു കയറുകയാണു ചെയ്‌തതെന്ന്‌ പിന്നീട്‌ തത്ത്വചിന്തകർ വാദിച്ചു. ഒരു വ്യക്തി മരണത്തിങ്കൽ “[ഒരു] അദൃശ്യ മണ്ഡലത്തിലേക്കു പോകുന്നുവെന്നും . . . അസ്‌തിത്വത്തിന്റെ ശേഷഭാഗം ദേവന്മാരോടൊത്തു ചെലവഴിക്കുന്നുവെന്നും” ഗ്രീക്ക്‌ തത്ത്വചിന്തകനായ സോക്രട്ടീസ്‌ വിശ്വസിച്ചിരുന്നതായി പറയപ്പെടുന്നു.

ബൈബിൾ എന്തു പറയുന്നു?

മനുഷ്യന്‌ അമർത്യമായ ഒരു അദൃശ്യഭാഗം ഉണ്ടെന്ന്‌ ദൈവത്തിന്റെ നിശ്വസ്‌ത വചനമായ ബൈബിൾ ഒരിടത്തും പറയുന്നില്ല. ഉല്‌പത്തി 2:​7-ലെ വിവരണം നിങ്ങൾതന്നെ ഒന്നു വായിച്ചുനോക്കുക. അത്‌ ഇപ്രകാരം പറയുന്നു: “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി [നെഫെഷ്‌ (മൂല എബ്രായയിൽ “ശ്വസിക്കുന്നവൻ”)] തീർന്നു.” ഇവിടെ വ്യക്തമായും യാതൊരു സംശയത്തിനും ഇടകൊടുക്കാത്തവണ്ണവും വിവരിച്ചിരിക്കുന്നു. ദൈവം ആദ്യ മനുഷ്യനായ ആദാമിനെ സൃഷ്ടിച്ചപ്പോൾ അമൂർത്തമായ എന്തെങ്കിലുമൊന്ന്‌ അവന്റെയുള്ളിൽ വെച്ചില്ല. കാരണം ബൈബിൾ പറയുന്നത്‌ നിർജീവ ശരീരത്തിലേക്ക്‌ “ജീവശ്വാസം” ഊതിക്കൊടുത്തെന്നും അപ്പോൾ അത്‌ ഒരു മനുഷ്യൻ, ജീവിക്കുന്ന ഒരു വ്യക്തി ആയിത്തീർന്നെന്നും ആണ്‌.

ഭൂമിയെയും മനുഷ്യ കുടുംബത്തെയും സൃഷ്ടിച്ചപ്പോൾ മനുഷ്യൻ മരിക്കണമെന്ന്‌ യഹോവ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. ഒരു പറുദീസ അവസ്ഥയിൻ കീഴിൽ ഭൂമിയിൽ മനുഷ്യർ എന്നേക്കും ജീവിക്കണമെന്നായിരുന്നു ദൈവത്തിന്റെ ഉദ്ദേശ്യം. ദൈവത്തിന്റെ നിയമം അനുസരിക്കാതിരുന്നതിനാൽ മാത്രമാണ്‌ ആദാം മരിച്ചത്‌. (ഉല്‌പത്തി 2:8, 15-17; 3:1-6; യെശയ്യാവു 45:18) ആദ്യമനുഷ്യൻ മരിച്ചപ്പോൾ അവൻ ഏതെങ്കിലും ആത്മമണ്ഡലത്തിലേക്കു പോയോ? ഇല്ല! ആദാമെന്ന ആ മനുഷ്യൻ തന്നെ എന്തിൽനിന്നു സൃഷ്ടിച്ചുവോ ആ നിർജീവമായ പൊടിയിലേക്കു തിരികെ ചേർന്നു.​—⁠ഉല്‌പത്തി 3:17-19.

നമ്മുടെ പൂർവപിതാവായ ആദാമിൽനിന്ന്‌ നാമെല്ലാവരും പാപവും മരണവും അവകാശപ്പെടുത്തിയിരിക്കുന്നു. (റോമർ 5:12) ഈ മരണം അസ്‌തിത്വത്തിന്റെ അവസാനമാണ്‌, ആദാമിന്റെ കാര്യത്തിലേതുപോലെതന്നെ. (സങ്കീർത്തനം 146:3, 4) വാസ്‌തവത്തിൽ, ബൈബിളിലെ 66 പുസ്‌തകങ്ങളിൽ ഒന്നിൽപ്പോലും, മരണത്തെ അതിജീവിക്കുന്നതായി മനുഷ്യന്റെയുള്ളിൽ അമൂർത്തമായ എന്തെങ്കിലും ഉണ്ടെന്നുള്ളതിന്‌ യാതൊരു സൂചനയുമില്ല. നേരെമറിച്ച്‌, ഒരു വ്യക്തി മരിക്കുമ്പോൾ അവന്റെ ജീവിതം പൂർണമായി അവസാനിക്കുന്നു എന്ന്‌ തിരുവെഴുത്തുകൾ വ്യക്തമായി പറയുന്നു.​—⁠സഭാപ്രസംഗി 9:5, 10.

ഭൗതിക സംഗതികൾ സ്വതേ തിന്മയാണോ?

ഭൂമി ഉൾപ്പെടെയുള്ള ഭൗതിക സംഗതികൾ തിന്മയാണെന്നുള്ള ആശയഗതി സംബന്ധിച്ചെന്ത്‌? ഇത്തരം ചിന്താഗതി, മാനിക്കിമതത്തോടു കൂറുള്ളവർ വെച്ചുപുലർത്തിയിരുന്നു. മാനി എന്ന വ്യക്തി പൊ.യു. മൂന്നാം നൂറ്റാണ്ടിൽ പേർഷ്യയിൽ സ്ഥാപിച്ച ഒരു മതപ്രസ്ഥാനം ആയിരുന്നു അത്‌. ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇപ്രകാരം പറയുന്നു: ‘മനുഷ്യന്റെ കൂടപ്പിറപ്പായിരിക്കുന്ന യാതനകളോടുള്ള ഒരു പ്രതികരണമായിട്ടാണ്‌ മാനിക്കിമതം ഉദയം ചെയ്‌തത്‌.’ മനുഷ്യൻ എന്നനിലയിലുള്ള അസ്‌തിത്വം “അസ്വാഭാവികമാണ്‌, ദുർവഹമാണ്‌, സമൂലം തിന്മയാണ്‌” എന്ന്‌ മാനി വിശ്വസിച്ചിരുന്നു. കൂടാതെ, ഈ ‘യാതനകളിൽ’നിന്നു പുറത്തു കടക്കാനുള്ള ഒരേയൊരു വഴി, മനുഷ്യന്റെ ഉള്ളിലെ ആത്മീയ ഭാഗം ശരീരത്തിൽനിന്നു രക്ഷപ്പെട്ട്‌ ഭൂമി വിട്ടുപോകുകയും ആത്മലോകത്തിൽ ഒരു ആത്മീയ അസ്‌തിത്വം പ്രാപിക്കുകയും ചെയ്യുന്നതാണ്‌ എന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.

ഇതിനു വിപരീതമായി, ഭൂമിയുടെയും മനുഷ്യവർഗത്തിന്റെയും സൃഷ്ടിയോടുള്ള ബന്ധത്തിൽ ‘താൻ ഉണ്ടാക്കിയത്‌ ഒക്കെയും’ “എത്രയും നല്ലത്‌” ആയി ദൈവം വീക്ഷിച്ചുവെന്നു ബൈബിൾ നമ്മോടു പറയുന്നു. (ഉല്‌പത്തി 1:31) ആ നാളുകളിൽ, മനുഷ്യർക്കും ദൈവത്തിനും ഇടയിൽ യാതൊരു തടസ്സവും ഇല്ലായിരുന്നു. ആദാമും ഹവ്വായും യഹോവയുമായി ഒരു അടുത്ത ബന്ധം ആസ്വദിച്ചു. പൂർണ മനുഷ്യനായിരുന്ന യേശുക്രിസ്‌തു തന്റെ സ്വർഗീയ പിതാവുമായി ഒരു ഉറ്റബന്ധം ആസ്വദിച്ചിരുന്നതുപോലെതന്നെ.​—⁠മത്തായി 3:17.

നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമും ഹവ്വായും പാപത്തിന്റെ ഗതി പിന്തുടർന്നില്ലായിരുന്നെങ്കിൽ അവർ യഹോവയാം ദൈവവുമായി അടുത്ത ബന്ധം എന്നേക്കും ആസ്വദിച്ചുകൊണ്ട്‌ ഒരു പറുദീസ ഭൂമിയിൽ ജീവിക്കുമായിരുന്നു. അവർ തങ്ങളുടെ ജീവിതത്തിനു തുടക്കമിട്ടത്‌ പറുദീസയിലാണ്‌. എന്തെന്നാൽ തിരുവെഴുത്തുകൾ നമ്മോട്‌ ഇങ്ങനെ പറയുന്നു: “യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.” (ഉല്‌പത്തി 2:8) ആ പറുദീസ ഉദ്യാനത്തിൽ വെച്ചാണ്‌ ഹവ്വായെ സൃഷ്ടിച്ചത്‌. ആദാമും ഹവ്വായും പാപം ചെയ്‌തില്ലായിരുന്നെങ്കിൽ ഈ മുഴുഭൂമിയും ഒരു പറുദീസയാക്കിത്തീർക്കുന്നതിന്‌ അവർക്കും അവരുടെ പൂർണതയുള്ള മക്കൾക്കും സന്തോഷത്തോടെ ഒരുമിച്ചു വേലചെയ്യാൻ കഴിയുമായിരുന്നു. (ഉല്‌പത്തി 2:21; 3:23, 24) പറുദീസ ഭൂമി മനുഷ്യവർഗത്തിന്റെ നിത്യഭവനം ആയിരിക്കുമായിരുന്നു.

ചിലർ സ്വർഗത്തിൽ പോകുന്നത്‌ എന്തുകൊണ്ട്‌?

‘എന്നാൽ, ആളുകൾ സ്വർഗത്തിൽ പോകുന്നതിനെ കുറിച്ചു ബൈബിൾ പറയുന്നുണ്ട്‌, ഇല്ലേ?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. ബൈബിൾ അങ്ങനെ പറയുന്നുണ്ട്‌. ആദാം പാപം ചെയ്‌തതിനെ തുടർന്ന്‌ യഹോവ ഒരു സ്വർഗീയ രാജ്യം സ്ഥാപിക്കുന്നതിന്‌ ഉദ്ദേശിച്ചു. ആ രാജ്യത്തിൽ, ആദാമിന്റെ പിൻഗാമികളിൽ ചിലർ യേശുക്രിസ്‌തുവിനോടൊപ്പം ‘ഭൂമിമേൽ രാജാക്കന്മാരായി വാഴുമായിരുന്നു.’ (വെളിപ്പാടു 5:​10, NW; റോമർ 8:17) അവർ സ്വർഗത്തിലെ അമർത്യ ജീവനിലേക്കു പുനരുത്ഥാനം ചെയ്യപ്പെടേണ്ടതുണ്ടായിരുന്നു. അവരുടെ ആകെ എണ്ണം 1,44,000 ആണ്‌. ഇക്കൂട്ടരിലെ ആദ്യത്തവർ യേശുവിന്റെ ഒന്നാം നൂറ്റാണ്ടിലെ വിശ്വസ്‌ത ശിഷ്യർ ആയിരുന്നു.​—⁠ലൂക്കൊസ്‌ 12:32; 1 കൊരിന്ത്യർ 15:42-44; വെളിപ്പാടു 14:1-5.

എന്നിരുന്നാലും, നീതിമാന്മാരായ മനുഷ്യർ ഭൂമി വിട്ട്‌ സ്വർഗത്തിൽ പോയി ജീവിക്കണമെന്നുള്ളത്‌ ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം ആയിരുന്നില്ല. യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ഇപ്രകാരം പറയുകയുണ്ടായി: “സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.” (യോഹന്നാൻ 3:13) ‘മനുഷ്യപുത്രനായ’ യേശുക്രിസ്‌തുവിലൂടെ ദൈവം ഒരു മറുവില പ്രദാനം ചെയ്‌തു. യേശുവിന്റെ ബലിയിൽ വിശ്വാസം പ്രകടമാക്കുന്നവർക്ക്‌ അത്‌ നിത്യജീവൻ സാധ്യമാക്കുന്നു. (റോമർ 5:8) എന്നാൽ അങ്ങനെയുള്ള ലക്ഷക്കണക്കിനാളുകൾ നിത്യമായി ജീവിക്കുന്നത്‌ എവിടെയായിരിക്കും?

ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം സാക്ഷാത്‌കരിക്കപ്പെടും

സ്വർഗീയ രാജ്യത്തിൽ യേശുക്രിസ്‌തുവിന്റെ സഹഭരണാധിപന്മാരായി ഭരിക്കാൻ മനുഷ്യ കുടുംബത്തിൽനിന്നു ചിലരെ തിരഞ്ഞെടുക്കാൻ ദൈവം ഉദ്ദേശിച്ചെങ്കിലും, എല്ലാ നല്ല ആളുകളും സ്വർഗത്തിൽ പോകുന്നു എന്ന്‌ അതിനർഥമില്ല. യഹോവ ഭൂമിയെ സൃഷ്ടിച്ചത്‌ അതു മനുഷ്യ കുടുംബത്തിന്റെ പറുദീസ ഭവനം ആയിരിക്കാനാണ്‌. വളരെ പെട്ടെന്നുതന്നെ, ദൈവം തന്റെ ആ ആദിമ ഉദ്ദേശ്യം നിറവേറ്റും.​—⁠മത്തായി 6:9, 10.

യേശുക്രിസ്‌തുവിന്റെയും അവന്റെ സ്വർഗീയ സഹഭരണാധികാരികളുടെയും ഭരണത്തിൻ കീഴിൽ ഭൂമിയിലെമ്പാടും സമാധാനവും സന്തോഷവും കളിയാടും. (സങ്കീർത്തനം 37:9-11) ദൈവത്തിന്റെ സ്‌മരണയിലുള്ള എല്ലാവരും പുനരുത്ഥാനം പ്രാപിക്കുകയും പൂർണ ആരോഗ്യം ആസ്വദിക്കുകയും ചെയ്യും. (പ്രവൃത്തികൾ 24:15) ദൈവത്തോടുള്ള വിശ്വസ്‌തതയുടെ ഫലമായി, അനുസരണമുള്ള മനുഷ്യവർഗത്തിന്‌, നമ്മുടെ ആദ്യമാതാപിതാക്കൾക്കു നഷ്ടപ്പെട്ടതെന്തോ അത്‌ ലഭിക്കും​—⁠അതേ, പൂർണമനുഷ്യരെന്ന നിലയിൽ ഒരു പറുദീസ ഭൂമിയിലെ നിത്യജീവൻ.​—⁠വെളിപ്പാടു 21:​3-5എ.

താൻ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നിറവേറ്റുന്നതിൽ യഹോവയാം ദൈവം ഒരിക്കലും പരാജയപ്പെടുകയില്ല. തന്റെ പ്രവാചകനായിരുന്ന യെശയ്യാവ്‌ മുഖാന്തരം അവൻ ഇങ്ങനെ പ്രഖ്യാപിച്ചു: “മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതെപ്പാൻ വിത്തും തിന്മാൻ ആഹാരവും നല്‌കത്തക്കവണ്ണം ഭൂമിയെ നനെച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.”​—⁠യെശയ്യാവു 55:10, 11.

യെശയ്യാവ്‌ എന്ന ബൈബിൾ പുസ്‌തകത്തിൽനിന്ന്‌, പറുദീസ ഭൂമിയിലെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നതിന്റെ ഒരു പൂർവ വീക്ഷണം നമുക്കു കിട്ടുന്നു. പറുദീസയിലെ നിവാസികൾ ആരും “എനിക്കു ദീനം” എന്നു പറയുകയില്ല. (യെശയ്യാവു 33:24) മൃഗങ്ങൾ മനുഷ്യന്‌ യാതൊരു ഹാനിയും ചെയ്യുകയില്ല. (യെശയ്യാവു 11:6-9) ആളുകൾ മനോഹരമായ വീടുകൾ പണിതു പാർക്കുകയും ഭക്ഷ്യവിളകൾ ഉത്‌പാദിപ്പിച്ച്‌ തിന്നു തൃപ്‌തരാകുകയും ചെയ്യും. (യെശയ്യാവു 65:21-25) മാത്രമല്ല, ദൈവം “മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും” ചെയ്യും.​—⁠യെശയ്യാവു 25:8.

വളരെ പെട്ടെന്ന്‌, അനുസരണമുള്ള മനുഷ്യവർഗം ഈ അനുഗൃഹീതമായ അവസ്ഥകളിൽ ജീവിക്കും. അവർ “ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും.” (റോമർ 8:20) വാഗ്‌ദാനം ചെയ്യപ്പെട്ട ഭൗമിക പറുദീസയിൽ എന്നേക്കും ജീവിക്കുന്നത്‌ എത്ര വിസ്‌മയകരമായിരിക്കും! (ലൂക്കൊസ്‌ 23:​43, NW) തിരുവെഴുത്തുകളെ കുറിച്ചുള്ള സൂക്ഷ്‌മപരിജ്ഞാനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയും യഹോവയാം ദൈവത്തിലും യേശുക്രിസ്‌തുവിലും വിശ്വാസം പ്രകടമാക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾക്കും അവിടെ ആയിരിക്കാൻ കഴിയും. ഭൂമി ഒരു പറുദീസയാകുമെന്നു വിശ്വസിക്കുന്നത്‌ ന്യായയുക്തമാണെന്നു നിങ്ങൾക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും.

[5 -ാം പേജിലെ ചിത്രം]

ഒരു പറുദീസ ഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിനു വേണ്ടിയാണ്‌ ആദാമും ഹവ്വായും രൂപകൽപ്പന ചെയ്യപ്പെട്ടത്‌

[7 -ാം പേജിലെ ചിത്രങ്ങൾ]

ഭൗമിക പറുദീസയിൽ . . .

അവർ വീടുകൾ പണിയും

അവർ മുന്തിരിത്തോപ്പുകൾ നട്ടുണ്ടാക്കും

അവർ യഹോവയാൽ അനുഗ്രഹി ക്കപ്പെട്ടവരായിരിക്കും

[4 -ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

U.S. Fish & Wildlife Service, Washington, D.C./NASA