വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ എല്ലായ്‌പോഴും ഒരു ബൈബിൾ കൽപ്പന ആവശ്യമുണ്ടോ?

നിങ്ങൾക്ക്‌ എല്ലായ്‌പോഴും ഒരു ബൈബിൾ കൽപ്പന ആവശ്യമുണ്ടോ?

നിങ്ങൾക്ക്‌ എല്ലായ്‌പോഴും ഒരു ബൈബിൾ കൽപ്പന ആവശ്യമുണ്ടോ?

നിങ്ങൾ ഒരു കുട്ടിയായിരുന്നപ്പോൾ മാതാപിതാക്കൾ നിങ്ങൾക്കുവേണ്ടി നിരവധി നിയമങ്ങൾ വെച്ചിരിക്കാൻ ഇടയുണ്ട്‌. വളർന്നുവരവേ, അവർക്കു നിങ്ങളുടെ ക്ഷേമത്തിൽ ഹൃദയംഗമമായ താത്‌പര്യം ഉണ്ടായിരുന്നുവെന്നു നിങ്ങൾ മനസ്സിലാക്കി. ഒരു മുതിർന്ന വ്യക്തിയെന്ന നിലയിൽ, ഒരുപക്ഷേ നിങ്ങൾ ഇപ്പോഴും മാതാപിതാക്കൾ നിങ്ങളിൽ ഉൾനട്ട ചില തത്ത്വങ്ങൾ അനുസരിച്ചായിരിക്കാം ജീവിക്കുന്നത്‌, മേലാൽ നിങ്ങൾ അവരുടെ അധികാരത്തിൻ കീഴിൽ അല്ലെങ്കിൽ പോലും.

നമ്മുടെ സ്വർഗീയ പിതാവായ യഹോവ, തന്റെ വചനമായ ബൈബിളിലൂടെ നേരിട്ടുള്ള നിരവധി കൽപ്പനകൾ നമുക്കു നൽകുന്നു. ഉദാഹരണത്തിന്‌, വിഗ്രഹാരാധന, വ്യഭിചാരം, പരസംഗം, മോഷണം എന്നിവയ്‌ക്ക്‌ അവൻ വിലക്കു കൽപ്പിച്ചിരിക്കുന്നു. (പുറപ്പാടു 20:1-17; പ്രവൃത്തികൾ 15:28, 29) നാം ആത്മീയമായി ‘സകലത്തിലും വളരുമ്പോൾ’ യഹോവയ്‌ക്കു നമ്മുടെ ക്ഷേമത്തിൽ ഹൃദയംഗമമായ താത്‌പര്യം ഉണ്ടെന്നും അവന്റെ കൽപ്പനകൾ അനാവശ്യമായ നിയന്ത്രണം ഏർപ്പെടുത്തുന്നില്ലെന്നും നാം മനസ്സിലാക്കുന്നു.​—⁠എഫെസ്യർ 4:15; യെശയ്യാവു 48:17, 18; 54:13.

എന്നിരുന്നാലും, നേരിട്ടുള്ള കൽപ്പനകൾ ഇല്ലാത്ത നിരവധി സാഹചര്യങ്ങൾ സംജാതമാകാറുണ്ട്‌. അത്തരമൊരു സാഹചര്യത്തിൽ, നേരിട്ടുള്ള ബൈബിൾ നിയമം ഇല്ലാത്ത സ്ഥിതിക്ക്‌ തങ്ങൾക്ക്‌ ഇഷ്ടമുള്ളതു ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്‌ എന്നു ചിലർക്കു തോന്നുന്നു. ആവശ്യമെന്നു തോന്നിയിരുന്നെങ്കിൽ, നേരിട്ടുള്ള കൽപ്പനയുടെ രൂപത്തിൽ ദൈവം തന്റെ ഇഷ്ടം വെളിപ്പെടുത്തുമായിരുന്നു എന്ന്‌ അത്തരക്കാർ വാദിക്കുന്നു.

ഈ വിധത്തിൽ ചിന്തിക്കുന്നവർ മിക്കപ്പോഴും പിന്നീട്‌ ആഴമായി ഖേദിക്കേണ്ടിവരുന്ന, ബുദ്ധിശൂന്യമായ തീരുമാനങ്ങൾ എടുക്കുന്നു. ബൈബിളിൽ നിയമങ്ങൾ മാത്രമല്ല ദൈവത്തിന്റെ ചിന്താരീതി വെളിപ്പെടുത്തുന്ന സൂചനകളും അടങ്ങിയിട്ടുണ്ടെന്ന കാര്യം തിരിച്ചറിയാൻ അവർ പരാജയപ്പെടുന്നു. ബൈബിൾ പഠിക്കുകയും യഹോവ കാര്യങ്ങളെ വീക്ഷിക്കുന്ന വിധം മനസ്സിലാക്കുകയും ചെയ്യുന്നത്‌ ബൈബിൾ പരിശീലിത മനസ്സാക്ഷി വികസിപ്പിച്ചെടുക്കാനും അവന്റെ ചിന്താരീതി പ്രതിഫലിപ്പിക്കുന്ന തിരഞ്ഞെടുപ്പുകൾ നടത്താനും നമ്മെ സഹായിക്കുന്നു. അത്തരം തിരഞ്ഞെടുപ്പുകൾ നടത്തുമ്പോൾ, നാം യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയും ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കുന്നതിൽനിന്ന്‌ ഉണ്ടാകുന്ന പ്രയോജനം ആസ്വദിക്കുകയും ചെയ്യും.—എഫെസ്യർ 5:1.

ശ്രദ്ധേയമായ ബൈബിൾ ദൃഷ്ടാന്തങ്ങൾ

പുരാതന നാളുകളിലെ ദൈവദാസരുടെ ദൃഷ്ടാന്തങ്ങൾ അടങ്ങിയ ബൈബിൾ വിവരണങ്ങൾ നാം പരിശോധിക്കുമ്പോൾ, നേരിട്ടുള്ള കൽപ്പനയിൻ കീഴിൽ അല്ലായിരുന്നപ്പോൾപ്പോലും അവർ യഹോവയുടെ ചിന്താരീതി കണക്കിലെടുത്ത സാഹചര്യങ്ങളെ കുറിച്ചു നാം കാണുന്നു. യോസേഫിന്റെ ദൃഷ്ടാന്തം പരിചിന്തിക്കുക. പോത്തീഫറിന്റെ ഭാര്യയിൽനിന്നും അധാർമിക മുന്നേറ്റങ്ങൾ അവനു നേരിടേണ്ടവന്ന സാഹചര്യത്തിൽ, വ്യഭിചാരത്തിനെതിരെ ദിവ്യനിശ്വസ്‌തതയിൽ എഴുതപ്പെട്ട, നേരിട്ടുള്ള യാതൊരു നിയമവും ഉണ്ടായിരുന്നില്ല. എന്നിട്ടു പോലും, വ്യഭിചാരം സ്വന്ത മനസ്സാക്ഷിക്കെതിരായുള്ളതു മാത്രമല്ല, ‘ദൈവത്തോടുള്ള’ പാപം കൂടിയാണെന്ന്‌ യോസേഫ്‌ തിരിച്ചറിഞ്ഞു. (ഉല്‌പത്തി 39:9) തെളിവനുസരിച്ച്‌, ഏദെനിൽ വ്യക്തമാക്കപ്പെട്ട ദൈവേഷ്ടത്തിനും ദൈവിക ചിന്തയ്‌ക്കും എതിരായിരിക്കും വ്യഭിചാരമെന്നു യോസേഫ്‌ മനസ്സിലാക്കി.​—⁠ഉല്‌പത്തി 2:24.

മറ്റൊരു ഉദാഹരണം പരിചിന്തിക്കുക. ക്രിസ്‌തീയ ശുശ്രൂഷയ്‌ക്കു വേണ്ടിയുള്ള തന്റെ യാത്രകളിൽ തിമൊഥെയൊസിനെ കൂടെ കൊണ്ടുപോകുന്നതിനു മുമ്പ്‌ പൗലൊസ്‌ അവനെ പരിച്ഛേദന കഴിപ്പിച്ചുവെന്ന്‌ പ്രവൃത്തികൾ 16:​3-ൽ നാം കാണുന്നു. എന്നാൽ, അതിനുശേഷം പൗലൊസും തിമൊഥെയൊസും പട്ടണങ്ങളിലൂടെ സഞ്ചരിച്ച്‌ “യെരൂശലേമിലെ അപ്പൊസ്‌തലന്മാരും മൂപ്പന്മാരും വിധിച്ച നിർണ്ണയങ്ങൾ” എത്തിച്ചുകൊടുത്തുവെന്ന്‌ 4-ാം വാക്യത്തിൽ നാം വായിക്കുന്നു. അവയിൽ, ഇനിമേൽ ക്രിസ്‌ത്യാനികൾ പരിച്ഛേദനയേൽക്കണം എന്നുള്ള നിയമത്തിൻ കീഴിൽ അല്ല എന്നുള്ള നിർണയവും ഉണ്ടായിരുന്നു! (പ്രവൃത്തികൾ 15:5, 6, 28, 29) അങ്ങനെയെങ്കിൽ, തിമൊഥെയൊസ്‌ പരിച്ഛേദനയേൽക്കേണ്ടത്‌ ആവശ്യമാണെന്നു പൗലൊസിനു തോന്നിയത്‌ എന്തുകൊണ്ട്‌? “[തിമൊഥെയൊസിന്റെ] അപ്പൻ യവനൻ എന്നു അവിടങ്ങളിലുള്ള യെഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ” അവൻ അങ്ങനെ ചെയ്‌തു. ആരെയും അനാവശ്യമായി ഇടറിക്കാനോ വ്രണപ്പെടുത്താനോ പൗലൊസ്‌ ആഗ്രഹിച്ചില്ല. ക്രിസ്‌ത്യാനികൾ ‘ദൈവസന്നിധിയിൽ സകലമനുഷ്യരുടെയും മനസ്സാക്ഷിക്കു [തങ്ങളെത്തന്നേ] ബോദ്ധ്യമാക്കണം’ എന്ന വസ്‌തുതയിൽ അവൻ തത്‌പരനായിരുന്നു.—⁠2 കൊരിന്ത്യർ 4:2; 1 കൊരിന്ത്യർ 9:19-23.

ഇത്തരത്തിലുള്ള ചിന്താരീതി പൗലൊസിന്റെയും തിമൊഥെയൊസിന്റെയും മുഖമുദ്രയായിരുന്നു. തിരുവെഴുത്തുകളിൽനിന്ന്‌ റോമർ 14:15, 20, 21-ഉം 1 കൊരിന്ത്യർ 8:9-13; 10:23-33-ഉം വായിച്ച്‌, പൗലൊസ്‌ മറ്റുള്ളവരുടെ, പ്രത്യേകിച്ചും വാസ്‌തവത്തിൽ തെറ്റല്ലാത്ത ചില കാര്യങ്ങളെ പ്രതി ഇടറിപ്പോയേക്കാമായിരുന്നവരുടെ, ആത്മീയ ക്ഷേമത്തിൽ എത്രമാത്രം തത്‌പരനായിരുന്നുവെന്നു കാണുക. പൗലൊസ്‌ തിമൊഥെയൊസിന്‌ ഇപ്രകാരം എഴുതി: “നിങ്ങളെ സംബന്ധിച്ചു പരമാർത്ഥമായി കരുതുവാൻ തുല്യചിത്തനായി എനിക്കു മററാരുമില്ല. യേശുക്രിസ്‌തുവിന്റെ കാര്യമല്ല സ്വന്ത കാര്യമത്രേ എല്ലാവരും നോക്കുന്നു. അവനോ മകൻ അപ്പന്നു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവചെയ്‌തു എന്നുള്ള അവന്റെ സിദ്ധത നിങ്ങൾ അറിയുന്നുവല്ലോ.” (ഫിലിപ്പിയർ 2:20-22) ഈ രണ്ടു ക്രിസ്‌തീയ പുരുഷന്മാർ ഇന്നു നമുക്കുവേണ്ടി എത്ര നല്ല മാതൃകയാണു വെച്ചത്‌! നിശ്ചിതമായ ദിവ്യ കൽപ്പന ഇല്ലാതിരുന്ന സാഹചര്യങ്ങളിൽ സ്വന്തം സൗകര്യമോ താത്‌പര്യമോ കണക്കിലെടുത്തു തിരഞ്ഞെടുപ്പു നടത്തുന്നതിനു പകരം, തങ്ങളുടെ വ്യക്തിപരമായ തീരുമാനങ്ങൾ മറ്റുള്ളവരെ ആത്മീയമായി എങ്ങനെ ബാധിച്ചേക്കാം എന്ന സംഗതി പരിഗണിച്ചുകൊണ്ട്‌ അവർ യഹോവയും അവന്റെ പുത്രനും പ്രകടമാക്കിയ സ്‌നേഹം അനുകരിക്കുകയാണു ചെയ്‌തത്‌.

നമുക്ക്‌ സുപ്രധാന മാതൃകവെച്ച യേശുക്രിസ്‌തുവിന്റെ കാര്യം പരിചിന്തിക്കുക. ദൈവനിയമങ്ങളുടെ അന്തഃസത്ത ഗ്രഹിക്കുന്ന ഒരുവൻ, കൽപ്പിക്കുകയോ വിലക്കുകയോ ചെയ്‌തിരിക്കുന്ന നിശ്ചിത കാര്യത്തിനപ്പുറം പോയിക്കൊണ്ട്‌ അവ അനുസരിക്കും എന്ന്‌ യേശു തന്റെ ഗിരിപ്രഭാഷണത്തിൽ സ്‌പഷ്ടമായി വിശദീകരിക്കുകയുണ്ടായി. (മത്തായി 5:21, 22, 27, 28) ഒരു നിശ്ചിത ദിവ്യനിയമത്തിന്റെ അഭാവത്തിൽ ഒരുവന്‌ തനിക്കിഷ്ടമുള്ളത്‌ ചെയ്യാൻ സാധിക്കും എന്ന്‌ യേശുവോ പൗലൊസോ തിമൊഥെയൊസോ യോസേഫോ ന്യായവാദം ചെയ്‌തില്ല. ദൈവത്തിന്റെ ചിന്താരീതിയോടുള്ള ചേർച്ചയിൽ ഈ പുരുഷന്മാർ എല്ലാറ്റിലും വെച്ച്‌ ഏറ്റവും വലിയ രണ്ടു കൽപ്പനകൾ എന്ന്‌ യേശു എടുത്തുപറഞ്ഞവയോടു ചേർച്ചയിലാണു ജീവിച്ചത്‌​—⁠അതായത്‌, ദൈവത്തെ സ്‌നേഹിക്കുക, സഹമനുഷ്യനെ സ്‌നേഹിക്കുക.​—⁠മത്തായി 22:36-40.

ഇന്നു ക്രിസ്‌ത്യാനികളെ സംബന്ധിച്ചെന്ത്‌?

സകല വിശദാംശങ്ങളും സുവ്യക്തമായി രേഖപ്പെടുത്താൻ പ്രതീക്ഷിച്ചുകൊണ്ട്‌ ഒരു നിയമരേഖയെ കാണുന്നതുപോലെ നാം ബൈബിളിനെ സമീപിക്കേണ്ടതില്ല എന്നതു വ്യക്തമാണ്‌. നമ്മുടെ പ്രവർത്തനഗതിയെ ഭരിക്കുന്ന നിശ്ചിത നിയമം ഇല്ലാത്തപ്പോൾ പോലും, യഹോവയുടെ ചിന്തയെ പ്രതിഫലിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാൻ നാം തീരുമാനിക്കുമ്പോൾ അത്‌ അവന്റെ ഹൃദയത്തിനു വലിയ സന്തോഷം കൈവരുത്തുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഇന്നതു ചെയ്യണം അല്ലെങ്കിൽ ചെയ്യരുത്‌ എന്ന്‌ എല്ലായ്‌പോഴും ദൈവത്തിൽനിന്നു നേരിട്ടുള്ള നിർദേശം ലഭിക്കണം എന്നു ചിന്തിക്കുന്നതിനു പകരം, നമുക്ക്‌ ‘കർത്താവിന്റെ [യഹോവയുടെ, NW] ഇഷ്ടം ഇന്നതെന്നു ഗ്രഹിക്കാൻ’ കഴിയും. (എഫെസ്യർ 5:​17, റോമർ 12:2) ഇത്‌ യഹോവയെ സന്തോഷിപ്പിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ഇങ്ങനെ ചെയ്യുമ്പോൾ നാം വ്യക്തിപരമായ ഇഷ്ടങ്ങൾക്കോ അവകാശങ്ങൾക്കോ മുൻതൂക്കം കൊടുക്കാതെ അവനെ പ്രസാദിപ്പിക്കുന്നതിൽ കൂടുതൽ തത്‌പരരാണെന്നു കാണിക്കുന്നു. മാത്രമല്ല, യഹോവയുടെ സ്‌നേഹം അനുകരിക്കാനും ആ സ്‌നേഹത്തെ കാര്യങ്ങൾ ചെയ്യാൻ നമ്മെ പ്രചോദിപ്പിക്കുന്ന ഘടകമാക്കിത്തീർക്കാനും ആഗ്രഹിക്കുന്ന അളവോളം നാം അവന്റെ സ്‌നേഹത്തെ വിലമതിക്കുന്നുവെന്നും അതു കാണിക്കുന്നു. (സദൃശവാക്യങ്ങൾ 23:15; 27:11) കൂടാതെ, തിരുവെഴുത്തുകൾ സൂചിപ്പിക്കുന്ന സംഗതികളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നത്‌ ആത്മീയമായും പലപ്പോഴും ശാരീരികമായും ഉള്ള ആരോഗ്യത്തിന്‌ ഉതകുകയും ചെയ്യും.

വ്യക്തിപരമായ കാര്യങ്ങളിൽ ഈ തത്ത്വം എങ്ങനെ പ്രാവർത്തികമാക്കാം എന്നു നമുക്കു നോക്കാം.

വിനോദം തിരഞ്ഞെടുക്കുമ്പോൾ

ഒരു പ്രത്യേക മ്യൂസിക്‌ ആൽബം വാങ്ങാൻ ആഗ്രഹിക്കുന്ന ഒരു യുവാവിന്റെ കാര്യം പരിചിന്തിക്കുക. ഈ ആൽബത്തിൽനിന്ന്‌ അവൻ കേട്ട പാട്ടുകൾ വളരെ ഹൃദയാവർജകമാണ്‌. പക്ഷേ ആൽബത്തിന്റെ കവർ കണ്ടപ്പോൾ പാട്ടുകളുടെ ഈരടികൾ ലൈംഗികതയെ പച്ചയായി വർണിക്കുന്നതും അശ്ലീലച്ചുവയുള്ളതുമാണെന്ന്‌ അവനു മനസ്സിലായി. മാത്രമല്ല, ഈ കലാകാരന്റെ റെക്കോർഡിങ്ങുകളിൽ വലിയൊരു പങ്കും കോപത്തിന്റെയും അക്രമത്തിന്റെയും ആത്മാവു നിഴലിക്കുന്നതാണെന്ന്‌ അവന്‌ അറിയുകയും ചെയ്യാം. യഹോവയെ സ്‌നേഹിക്കുന്നവൻ എന്നനിലയിൽ ഈ ചെറുപ്പക്കാരൻ ഇക്കാര്യം സംബന്ധിച്ച യഹോവയുടെ ചിന്തകളിലും വികാരങ്ങളിലും തത്‌പരനാണ്‌. ഈ സംഗതിയിൽ ദൈവേഷ്ടം എന്താണെന്ന്‌ ഗ്രഹിക്കാൻ അവനു കഴിയുന്നത്‌ എങ്ങനെയാണ്‌?

ഗലാത്യർക്കുള്ള തന്റെ ലേഖനത്തിൽ, അപ്പൊസ്‌തലനായ പൗലൊസ്‌ ജഡത്തിന്റെ പ്രവൃത്തികളും ദൈവാത്മാവിന്റെ ഫലങ്ങളും പട്ടികപ്പെടുത്തുകയുണ്ടായി. ദൈവാത്മാവിന്റെ ഫലങ്ങളിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നതെന്നു നിങ്ങൾക്ക്‌ അറിയാമായിരിക്കാം: സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്‌തത, സൗമ്യത, ആത്മനിയന്ത്രണം എന്നിവ. എന്നാൽ ജഡത്തിന്റെ പ്രവൃത്തികളിൽ എന്തെല്ലാം ഉൾപ്പെടുന്നു? പൗലൊസ്‌ എഴുതുന്നു: “ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്‌കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.”​—⁠ഗലാത്യർ 5:19-23.

മേൽപ്പറഞ്ഞ പട്ടികയിലെ അവസാന ഭാഗം ശ്രദ്ധിക്കുക. അവിടെ, “മുതലായവ” എന്നു പറഞ്ഞിരിക്കുന്നു. ജഡത്തിന്റെ പ്രവൃത്തികളായി കണക്കാക്കുന്നവ മുഴുവൻ ഉൾപ്പെട്ട ഒരു പട്ടിക പൗലൊസ്‌ നൽകിയില്ല. അതിന്റെ അർഥം ഒരിക്കലും, ‘ജഡത്തിന്റെ പ്രവൃത്തികളെ കുറിച്ചുള്ള പൗലൊസിന്റെ പട്ടികയിൽ ഇല്ലാത്ത എന്തു പ്രവൃത്തിയിലും ഏർപ്പെടുന്നതിന്‌ തിരുവെഴുത്തുപരമായി എനിക്ക്‌ അനുവാദമുണ്ട്‌’ എന്ന്‌ ഒരുവനു ന്യായവാദം ചെയ്യാമെന്നല്ല. മറിച്ച്‌, പട്ടികയിൽ തന്നിട്ടില്ലാത്തതും എന്നാൽ “മുതലായവ” എന്നു പറഞ്ഞിരിക്കുന്ന ഗണത്തിൽ വരുന്നതുമായ കാര്യങ്ങളെ തിരിച്ചറിയാൻ വായനക്കാർ തങ്ങളുടെ ഗ്രഹണപ്രാപ്‌തികൾ ഉപയോഗിക്കേണ്ടതുണ്ട്‌ എന്നാണ്‌. പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതും എന്നാൽ “മുതലായവ” എന്ന ഗണത്തിൽ വരുന്നതുമായ കാര്യങ്ങളിൽ യാതൊരു മനസ്‌താപവുമില്ലാതെ ഏർപ്പെടുന്നവർ ദൈവരാജ്യത്തിന്റെ അനുഗ്രഹങ്ങൾ അവകാശമാക്കുകയില്ല.

അതുകൊണ്ട്‌, യഹോവയുടെ ദൃഷ്ടിയിൽ പ്രസാദകരമല്ലാത്തത്‌ നാം ഗ്രഹിക്കേണ്ട അല്ലെങ്കിൽ വിവേചിച്ചറിയേണ്ട ആവശ്യമുണ്ട്‌. അത്‌ ബുദ്ധിമുട്ടുള്ള സംഗതിയാണോ? നിങ്ങളുടെ ഡോക്ടർ നിങ്ങളോട്‌ കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കാനും ജിലേബി, ഐസ്‌ക്രീം മുതലായ സാധനങ്ങൾ ഒഴിവാക്കാനും നിർദേശിക്കുന്നു എന്നിരിക്കട്ടെ. അപ്പോൾ, കേക്ക്‌ ഇതിൽ ഏതു പട്ടികയിൽ വരുന്നുവെന്നു തീരുമാനിക്കാൻ നിങ്ങൾക്ക്‌ ബുദ്ധിമുട്ടായിരിക്കുമോ? ഇനി, ദൈവാത്മാവിന്റെ ഫലങ്ങളിലും ജഡത്തിന്റെ പ്രവൃത്തികളിലും ഒന്നുകൂടി കണ്ണോടിക്കുക. മുമ്പു പറഞ്ഞ മ്യൂസിക്‌ ആൽബം ഇതിൽ ഏതു പട്ടികയിൽ വരുന്നു? അതിന്‌ സ്‌നേഹം, പരോപകാരം (നന്മ), ആത്മനിയന്ത്രണം അല്ലെങ്കിൽ ദൈവാത്മാവിന്റെ ഫലങ്ങളോടു ബന്ധപ്പെട്ട മറ്റു ഗുണങ്ങൾ എന്നിവയുമായി തീർച്ചയായും യാതൊരു പൊരുത്തവും ഇല്ല. ഇത്തരത്തിലുള്ള സംഗീതം ദൈവത്തിന്റെ ചിന്താരീതിയുമായി യോജിപ്പിലല്ല എന്നു വിവേചിച്ചറിയുന്നതിന്‌ ഒരുവന്‌ നേരിട്ടുള്ള ഒരു നിയമത്തിന്റെ ആവശ്യമില്ല. വായിക്കാൻ തിരഞ്ഞെടുക്കുന്ന കാര്യങ്ങൾ, സിനിമ, ടെലിവിഷൻ പരിപാടികൾ, കമ്പ്യൂട്ടർ ഗെയിമുകൾ, വെബ്‌സൈറ്റുകൾ മുതലായവയെ സംബന്ധിച്ചും ഇതേ തത്ത്വങ്ങൾ ബാധകമാണ്‌.

സ്വീകാരയോഗ്യമായ വസ്‌ത്രധാരണവും ചമയവും

വസ്‌ത്രധാരണത്തെയും ചമയത്തെയും ബാധിക്കുന്ന തത്ത്വങ്ങളും ബൈബിൾ പ്രദാനം ചെയ്യുന്നുണ്ട്‌. ഇവ ഉചിതവും സ്വീകാര്യവുമായ വസ്‌ത്രധാരണവും ചമയവും നിലനിറുത്തുന്നതിൽ ഓരോ ക്രിസ്‌ത്യാനിക്കും മാർഗനിർദേശമായി ഉതകുന്നു. ഇവിടെയും, യഹോവയെ സ്‌നേഹിക്കുന്ന ഒരു വ്യക്തി, താൻ ആഗ്രഹിക്കുന്നതെന്തും ചെയ്യാനുള്ള ഒരു അവസരമായല്ല മറിച്ച്‌, തന്റെ സ്വർഗീയ പിതാവിനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാനുള്ള ഒരു അവസരമായി ഇതിനെ കാണുന്നു. നാം കണ്ടുകഴിഞ്ഞതുപോലെ, ഒരു പ്രത്യേക കാര്യത്തിൽ യഹോവ നിശ്ചിത വ്യവസ്ഥകൾ നൽകിയിട്ടില്ല എന്നത്‌ അവന്റെ ജനം എന്തു ചെയ്‌താലും അവനു പ്രശ്‌നമല്ല എന്ന്‌ അർഥമാക്കുന്നില്ല. ഓരോ പ്രദേശത്തും വ്യത്യസ്‌ത സ്റ്റൈലുകൾ ആണുള്ളത്‌. ഇനി ഒരു പ്രദേശത്തുതന്നെ അവ മാറിവരികയും ചെയ്യും. എന്നിരുന്നാലും, എല്ലാക്കാലത്തും എല്ലായിടത്തും ദൈവജനത്തെ നയിക്കേണ്ട അടിസ്ഥാന തത്ത്വങ്ങൾ ദൈവം പ്രദാനം ചെയ്യുന്നു.

ഉദാഹരണത്തിന്‌, 1 തിമൊഥെയൊസ്‌ 2:9, 10 ഇപ്രകാരം പറയുന്നു: “അവ്വണ്ണം സ്‌ത്രീകളും യോഗ്യമായ വസ്‌ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം. പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്‌ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്‌ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടത്‌.” അതുകൊണ്ട്‌, തങ്ങൾ താമസിക്കുന്ന പ്രദേശത്ത്‌ “ദൈവഭക്തിയെ സ്വീകരിക്കുന്ന”വരിൽനിന്ന്‌ എങ്ങനെയുള്ള വസ്‌ത്രധാരണവും ചമയവുമാണ്‌ ആളുകൾ പ്രതീക്ഷിക്കുക എന്ന്‌ ക്രിസ്‌തീയ സ്‌ത്രീകളും പുരുഷന്മാരും ശ്രദ്ധാപൂർവം കണക്കിലെടുക്കേണ്ടത്‌ ആവശ്യമാണ്‌. തന്റെ വസ്‌ത്രധാരണവും ചമയവും താൻ വഹിക്കുന്ന ബൈബിൾ സന്ദേശത്തെ കുറിച്ച്‌ ആളുകൾ എന്തു ചിന്തിക്കാൻ ഇടയാക്കും എന്ന കാര്യം ഒരു ക്രിസ്‌ത്യാനി മനസ്സിൽ പിടിക്കുന്നത്‌ വിശേഷാൽ നന്നായിരിക്കും. (2 കൊരിന്ത്യർ 6:3) മാതൃകായോഗ്യനായ ഒരു ക്രിസ്‌ത്യാനി തന്റെ ഇഷ്ടങ്ങളോ തനിക്കുണ്ടെന്ന്‌ താൻ കരുതുന്ന അവകാശങ്ങളോ സംബന്ധിച്ച്‌ അമിതമായി ചിന്തയുള്ളവൻ ആയിരിക്കുകയില്ല. മറിച്ച്‌, മറ്റുള്ളവർക്ക്‌ ശ്രദ്ധാശൈഥില്യമോ ഇടർച്ചയോ ഉണ്ടാക്കാതിരിക്കാൻ അദ്ദേഹം അതീവ ജാഗ്രതയുള്ളവനായിരിക്കും.​—⁠മത്തായി 18:6; ഫിലിപ്പിയർ 1:10.

വ്യക്തിപരമായ വസ്‌ത്രധാരണത്തിലെയോ ചമയത്തിലെയോ ഒരു പ്രത്യേക സ്റ്റൈൽ മറ്റുള്ളവർക്ക്‌ വിഷമത്തിനോ ഇടർച്ചയ്‌ക്കോ കാരണമാകുന്നു എന്ന്‌ ഒരു ക്രിസ്‌ത്യാനി കണ്ടെത്തുന്നെങ്കിൽ, അദ്ദേഹത്തിന്‌ തന്റെ സ്വന്തം ഇഷ്ടങ്ങളെക്കാൾ മറ്റുള്ളവരുടെ ആത്മീയ ക്ഷേമത്തിൽ തത്‌പരനായിരുന്നുകൊണ്ട്‌ അപ്പൊസ്‌തലനായ പൗലൊസിനെ അനുകരിക്കാൻ കഴിയും. പൗലൊസ്‌ ഇപ്രകാരം പറഞ്ഞു: “ഞാൻ ക്രിസ്‌തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ.” (1 കൊരിന്ത്യർ 11:1) യേശുവിനെ കുറിച്ച്‌ പൗലൊസ്‌ എഴുതി: “ക്രിസ്‌തുവും തന്നിൽ തന്നേ പ്രസാദിച്ചില്ല [“തന്നെത്തന്നെ പ്രീതിപ്പെടുത്തിയില്ല,” പി.ഒ.സി. ബൈബിൾ].” എല്ലാ ക്രിസ്‌ത്യാനികളോടുമുള്ള പൗലൊസിന്റെ ഉദ്‌ബോധനം വ്യക്തമായും ഇതാണ്‌: “എന്നാൽ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മിൽ തന്നേ പ്രസാദിക്കാതിരിക്കയും [‘നമ്മെത്തന്നെ പ്രീതിപ്പെടുത്താതിരിക്കുകയും,’ പി.ഒ.സി. ബൈ.] വേണം. നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മെക്കായിട്ടു ആത്മിക വർദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം.”​—⁠റോമർ 15:1-3.

നമ്മുടെ ഗ്രഹണപ്രാപ്‌തികൾ സൂക്ഷ്‌മതയുള്ളതാക്കുക

ഒരു സംഗതി സംബന്ധിച്ച്‌ യഹോവ നിശ്ചിത നിർദേശം നൽകിയിട്ടില്ലാത്തപ്പോൾ പോലും അവനെ പ്രസാദിപ്പിക്കേണ്ടവിധം മനസ്സിലാക്കാൻ തക്കവണ്ണം നമ്മുടെ ഗ്രഹണപ്രാപ്‌തികളെ വികസിപ്പിച്ചെടുക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? നാം ദൈവവചനം ദിവസേന വായിക്കുകയും ക്രമമായി പഠിക്കുകയും വായിച്ച കാര്യങ്ങളെ കുറിച്ചു ധ്യാനിക്കുകയും ചെയ്യുന്നെങ്കിൽ നമ്മുടെ ഗ്രഹണപ്രാപ്‌തികൾ വികസിക്കുന്നത്‌ നമുക്ക്‌ അനുഭവവേദ്യമാകും. അത്തരം വളർച്ച ത്വരിതഗതിയിൽ സംഭവിക്കുന്ന ഒന്നല്ല. ഒരു കുട്ടിയുടെ ശാരീരിക വളർച്ചപോലെ, ആത്മീയ വളർച്ച ക്രമാനുഗതമായിട്ടാണ്‌ സംഭവിക്കുന്നത്‌, അത്‌ പെട്ടെന്നു ഗോചരമാകുന്നതല്ല. അതുകൊണ്ട്‌ ക്ഷമ ആവശ്യമാണ്‌. സത്വര പുരോഗതി കാണാനാകുന്നില്ലെങ്കിൽ നാം നിരാശരാകാൻ പാടില്ല. അതേസമയം, കാലത്തിന്റെ നീരൊഴുക്കിൽ നമ്മുടെ ഗ്രഹണപ്രാപ്‌തികൾ താനേ സൂക്ഷ്‌മതയുള്ളത്‌ ആയിത്തീരുമെന്നും നാം ചിന്തിക്കരുത്‌. നാം കണ്ടതുപോലെ ആ സമയമെല്ലാം ദൈവവചനത്തിന്റെ ക്രമമായ പരിചിന്തനംകൊണ്ട്‌ സമൃദ്ധമാക്കേണ്ടതാണ്‌. അതുപോലെ ആ വചനം നമ്മുടെ കഴിവിന്റെ പരമാവധി ജീവിതത്തിൽ ബാധകമാക്കുകയും വേണം.—എബ്രായർ 5:14.

ദൈവനിയമങ്ങൾ നമ്മുടെ അനുസരണം പരിശോധിക്കുമ്പോൾ, ദൈവിക തത്ത്വങ്ങൾ നമ്മുടെ ആത്മീയതയുടെയും ദൈവത്തെ പ്രസാദിപ്പിക്കാനുള്ള നമ്മുടെ ആഗ്രഹത്തിന്റെയും ആഴം പരിശോധിക്കുന്നു എന്നു പറയാൻ കഴിയും. ആത്മീയമായി വളർന്നുവരവേ, യഹോവയെയും അവന്റെ പുത്രനെയും അനുകരിക്കുന്നതിന്‌ നാം വർധിച്ച ഊന്നൽ നൽകും. കാര്യങ്ങൾ സംബന്ധിച്ച്‌ തിരുവെഴുത്തുകളിൽ സൂചിപ്പിച്ചിരിക്കുന്ന ദൈവിക ചിന്തയെ അടിസ്ഥാനപ്പെടുത്തി തീരുമാനങ്ങൾ എടുക്കാൻ നാം ഉത്സാഹമുള്ളവരായിരിക്കുകയും ചെയ്യും. എല്ലാറ്റിലും നാം സ്വർഗീയ പിതാവിനെ സന്തോഷിപ്പിക്കുമ്പോൾ നമ്മുടെ സന്തോഷവും വർധിക്കുന്നതു നാം കാണും.

[23 -ാം പേജിലെ ചിത്രങ്ങൾ]

വസ്‌ത്രധാരണ രീതികൾ ഓരോ സ്ഥലത്തും വ്യത്യാസപ്പെട്ടിരിക്കും, എന്നാൽ നമ്മുടെ തിരഞ്ഞെടുപ്പുകളെ ബൈബിൾ തത്ത്വങ്ങൾ ഭരിക്കേണ്ടതുണ്ട്‌