വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ സമ്മാനത്തിന്മേൽ ദൃഷ്ടി കേന്ദ്രീകരിക്കുന്നുവോ?

നിങ്ങൾ സമ്മാനത്തിന്മേൽ ദൃഷ്ടി കേന്ദ്രീകരിക്കുന്നുവോ?

നിങ്ങൾ സമ്മാനത്തിന്മേൽ ദൃഷ്ടി കേന്ദ്രീകരിക്കുന്നുവോ?

രോഗം കാഴ്‌ചശക്തിയെ സാവധാനത്തിലായിരിക്കും ബാധിക്കുക. ആദ്യം പാർശ്വവീക്ഷണം തകരാറിലാകുന്നു. ചികിത്സിക്കാതിരുന്നാൽ പിന്നീട്‌ ദൃഷ്ടിമണ്ഡലം ചുരുങ്ങിച്ചുരുങ്ങി ഒടുവിൽ കാഴ്‌ചശക്തി പൂർണമായും നഷ്ടപ്പെടുന്നു. ഏതാണ്‌ ഈ മഹാരോഗം? അന്ധതയുടെ ഒരു മുഖ്യ കാരണമായ ഗ്ലൊക്കോമ.

ഇങ്ങനെ നമ്മുടെ അക്ഷരീയ കാഴ്‌ചശക്തി മെല്ലെ, നാമറിയാതെ നഷ്ടപ്പെട്ടേക്കാവുന്നതു പോലെ കൂടുതൽ വിലയേറിയ ആത്മീയ കാഴ്‌ചശക്തിയും നമുക്കു നഷ്ടപ്പെട്ടേക്കാം. അതുകൊണ്ട്‌ ആത്മീയ കാര്യങ്ങളിൽ നമ്മുടെ ദൃഷ്ടി കേന്ദ്രീകരിച്ചു നിറുത്തേണ്ടത്‌ മർമപ്രധാനമാണ്‌.

സമ്മാനത്തിന്മേൽ ദൃഷ്ടി കേന്ദ്രീകരിക്കൽ

യഹോവ തന്റെ വിശ്വസ്‌തർക്ക്‌ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന നിത്യജീവൻ എന്ന മഹത്തായ സമ്മാനം അക്ഷരീയ കണ്ണുകൾകൊണ്ട്‌ “കാണാത്ത” കാര്യങ്ങളിൽ പെടും. (2 കൊരിന്ത്യർ 4:18) ശരിയാണ്‌, ക്രിസ്‌ത്യാനികൾ ദൈവത്തെ സേവിക്കുന്നതിന്റെ മുഖ്യ കാരണം അവനോടുള്ള സ്‌നേഹമാണ്‌. (മത്തായി 22:37) എന്നിരുന്നാലും, സമ്മാനത്തിലേക്ക്‌ നാം ഉറ്റുനോക്കാൻ യഹോവ ആഗ്രഹിക്കുന്നു. “തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്ന” ഉദാരമതിയായ ഒരു പിതാവായി നാം അവനെ കാണണം എന്നാണ്‌ അവൻ ആഗ്രഹിക്കുന്നത്‌. (എബ്രായർ 11:⁠6) അതുകൊണ്ട്‌ ദൈവത്തെ യഥാർഥത്തിൽ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്നവർ അവന്റെ വാഗ്‌ദത്ത അനുഗ്രഹങ്ങളെ വിലയേറിയതായി കാണുകയും അവയുടെ നിവൃത്തിക്കായി ആകാംക്ഷാപൂർവം കാത്തിരിക്കുകയും ചെയ്യുന്നു.​—⁠റോമർ 8:​19, 24, 25.

ഈ മാസികയുടെയും കൂട്ടുമാസികയായ ഉണരുക!യുടെയും വായനക്കാരിൽ അനേകരും അവയിൽ കാണുന്ന പറുദീസ ഭൂമിയുടെ ചിത്രങ്ങൾ വളരെ ആസ്വദിക്കുന്നു. തീർച്ചയായും, പറുദീസ ഭൂമി എങ്ങനെയിരിക്കുമെന്ന്‌ കൃത്യമായി പറയാൻ നമുക്കാർക്കും കഴിയില്ല. യെശയ്യാവു 11:​6-9 പോലുള്ള ബൈബിൾ ഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രരചനകൾ മാത്രമാണ്‌ അവ. എങ്കിൽപ്പോലും ഒരു ക്രിസ്‌തീയ സ്‌ത്രീ പറയുന്നതു ശ്രദ്ധിക്കുക: “വീക്ഷാഗോപുരം, ഉണരുക! മാസികകളിൽ, വരാൻ പോകുന്ന പറുദീസയുടെ ചിത്രങ്ങൾ കാണുമ്പോൾ ഞാൻ അവ സൂക്ഷ്‌മമായി പരിശോധിക്കുന്നു, ഒരു വിനോദസഞ്ചാരി താൻ സന്ദർശിക്കാൻ പോകുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഒരു പത്രിക പരിശോധിക്കുന്നതു പോലെ. ദൈവത്തിന്റെ നിയമിത സമയത്ത്‌ ഞാൻ അവിടെ ആയിരിക്കുമെന്ന ഉറച്ച പ്രത്യാശ ഉള്ളതിനാൽ അവിടെയായിരിക്കുന്നത്‌ ഞാൻ ഭാവനയിൽ കാണുന്നു.”

തന്റെ “സ്വർഗ്ഗീയവിളി”യെ കുറിച്ച്‌ അപ്പൊസ്‌തലനായ പൗലൊസിനും അങ്ങനെയാണു തോന്നിയത്‌. അതു നേടിക്കഴിഞ്ഞതായി അവൻ കരുതിയില്ല, കാരണം അവസാനത്തോളം അവൻ വിശ്വസ്‌തനെന്ന്‌ തെളിയിക്കേണ്ടിയിരുന്നു. എന്നാൽ തുടർച്ചയായി അവൻ ‘മുമ്പിലുള്ളതിനുവേണ്ടി ആഞ്ഞുകൊണ്ടിരുന്നു.’ (ഫിലിപ്പിയർ 3:​13, 14) അതുപോലെ, “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു”കൊണ്ട്‌ യേശു ദണ്ഡനസ്‌തംഭത്തിലെ മരണം സഹിച്ചു.​—⁠എബ്രായർ 12:⁠2.

പുതിയ ലോകത്തിലേക്കു പ്രവേശിക്കുമോ എന്ന സംശയം നിങ്ങൾക്ക്‌ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? അമിത ആത്മവിശ്വാസം ഇല്ലാതിരിക്കുന്നത്‌ തീർച്ചയായും നല്ലതാണ്‌, എന്തെന്നാൽ ജീവന്റെ സമ്മാനം നമുക്കു കിട്ടുമോ എന്നത്‌ നാം അവസാനത്തോളം സഹിച്ചുനിൽക്കുന്നുവോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. (മത്തായി 24:13) എങ്കിലും ദൈവം നമ്മിൽനിന്ന്‌ ആവശ്യപ്പെടുന്നതു നിവർത്തിക്കാൻ നാം ആത്മാർഥമായി പരിശ്രമിക്കുന്നുണ്ടെങ്കിൽ പ്രതിഫലം ലഭിക്കും എന്നതു സംബന്ധിച്ച്‌ ഉറപ്പുണ്ടായിരിക്കാൻ എല്ലാ കാരണവുമുണ്ട്‌. “ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ” ആണ്‌ യഹോവ ആഗ്രഹിക്കുന്നത്‌ എന്ന്‌ ഓർക്കുക. (2 പത്രൊസ്‌ 3:⁠9) നാം യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ ലക്ഷ്യത്തിലെത്തിച്ചേരാൻ അവൻ നമ്മെ സഹായിക്കും. തന്നെ പ്രീതിപ്പെടുത്താൻ ആത്മാർഥമായി ശ്രമിക്കുന്നവരെ എന്തെങ്കിലും കാരണം കണ്ടെത്തി അയോഗ്യരാക്കുക എന്നത്‌ അവന്റെ പ്രകൃതത്തിനു ചേർന്ന പ്രവൃത്തിയേ അല്ല.​—⁠സങ്കീർത്തനം 103:​8-11; 130:​3, 4; യെഹെസ്‌കേൽ 18:32.

തന്റെ ജനത്തോടുള്ള യഹോവയുടെ മനോഭാവം അറിയുന്നത്‌ നമുക്കു പ്രത്യാശ നൽകുന്നു. വിശ്വാസത്തോളംതന്നെ പ്രാധാന്യമുള്ള ഒന്നാണ്‌ പ്രത്യാശ. (1 കൊരിന്ത്യർ 13:13) ബൈബിളിൽ “പ്രത്യാശ” എന്നു വിവർത്തനം ചെയ്‌തിരിക്കുന്ന ഗ്രീക്കു പദത്തിൽ ആകാംക്ഷാപൂർവം “നന്മ പ്രതീക്ഷിക്കുക” എന്ന ആശയം ഉൾപ്പെട്ടിരിക്കുന്നു. അത്തരത്തിലുള്ള പ്രത്യാശയെ കുറിച്ച്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. അങ്ങനെ നിങ്ങൾ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്‌ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും.” (എബ്രായർ 6:​11, 12) യഹോവയെ വിശ്വസ്‌തമായി സേവിക്കുന്നതിൽ തുടരുന്നെങ്കിൽ നമ്മുടെ പ്രത്യാശയുടെ പൂർത്തീകരണം സംബന്ധിച്ച്‌ നമുക്കു നിശ്ചയം ഉള്ളവരായിരിക്കാൻ കഴിയുമെന്നതു ശ്രദ്ധിക്കുക. ലൗകികമായ പല പ്രതീക്ഷകളിൽനിന്നു വ്യത്യസ്‌തമായി ഈ പ്രത്യാശയ്‌ക്കു “ഭംഗം വരുന്നില്ല.” (റോമർ 5:⁠5) അതുകൊണ്ട്‌ നമ്മുടെ പ്രത്യാശയെ ജീവസ്സുറ്റതും മങ്ങലേൽക്കാത്തതുമായി നിലനിറുത്താൻ എങ്ങനെ കഴിയും?

നമ്മുടെ ആത്മീയ കാഴ്‌ച മെച്ചപ്പെടുത്താവുന്ന വിധം

അക്ഷരീയ കണ്ണുകൾക്ക്‌ ഒരേ സമയം രണ്ടു കാര്യങ്ങളിൽ ദൃഷ്ടി കേന്ദ്രീകരിക്കാൻ കഴിയില്ല. ആത്മീയ കാഴ്‌ചയുടെ കാര്യത്തിലും ഇതുതന്നെ സത്യമാണ്‌. ഈ വ്യവസ്ഥിതിയിലെ കാര്യങ്ങളിൽ ദൃഷ്ടി പതിപ്പിക്കുന്നെങ്കിൽ നമ്മുടെ മനസ്സിലുള്ള, ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പുതിയ ഭൂമിയുടെ ചിത്രത്തിനു തീർച്ചയായും മങ്ങലേൽക്കും. കാലാന്തരത്തിൽ മങ്ങലേറ്റ, അവ്യക്തമായ ഈ ചിത്രം തീരെ ആകർഷകമല്ലാത്തതായി നമുക്കു തോന്നാൻ ഇടയായേക്കാം. ഒടുവിൽ അതു കാഴ്‌ചയിൽനിന്നു പാടേ മാഞ്ഞുപോകുക പോലും ചെയ്‌തേക്കാം. എത്ര ദാരുണം! (ലൂക്കൊസ്‌ 21:34) അതുകൊണ്ട്‌ ‘ലളിതമായ ഒരു കണ്ണ്‌’​—⁠ദൈവരാജ്യത്തിലും നിത്യജീവൻ എന്ന സമ്മാനത്തിലും കേന്ദ്രീകൃതമായ ഒന്ന്‌​—⁠കാത്തുസൂക്ഷിക്കേണ്ടത്‌ എത്ര അനിവാര്യമാണ്‌!—മത്തായി 6:​22, NW.

കണ്ണ്‌ ലളിതമാക്കി നിലനിറുത്തുന്നത്‌ എല്ലായ്‌പോഴും എളുപ്പമല്ല. അനുദിന പ്രശ്‌നങ്ങൾ നമ്മുടെ ശ്രദ്ധ കവർന്നെടുക്കുന്നു. ശ്രദ്ധാശൈഥില്യങ്ങളെയും പ്രലോഭനങ്ങളെയും നമുക്കു നേരിടേണ്ടി വരുന്നു. ഇത്തരം സാഹചര്യങ്ങളിൽ അവശ്യ കാര്യങ്ങൾ അവഗണിക്കാതെതന്നെ നമുക്ക്‌ എങ്ങനെ രാജ്യത്തിലും ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പുതിയ ലോകത്തിലും ദൃഷ്ടി കേന്ദ്രീകരിച്ചു നിറുത്താനാകും? മൂന്നു വിധങ്ങൾ നമുക്കു പരിചിന്തിക്കാം.

ദൈവവചനം ദിവസേന പഠിക്കുക. ക്രമമായ ബൈബിൾ വായനയും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളുടെ പഠനവും ആത്മീയ കാര്യങ്ങളിൽ മനസ്സ്‌ കേന്ദ്രീകരിക്കാൻ നമ്മെ സഹായിക്കും. വർഷങ്ങളായി ദൈവവചനം പഠിക്കുന്നവരായിരിക്കാം നാം. എങ്കിലും നാം അതിൽ തുടരേണ്ടതുണ്ട്‌, ജീവൻ നിലനിറുത്താൻ ഭൗതിക ഭക്ഷണം കഴിക്കുന്നതിൽ തുടരേണ്ടതുള്ളതുപോലെ തന്നെ. കഴിഞ്ഞകാലത്ത്‌ അനേകായിരം പ്രാവശ്യം ഭക്ഷണം കഴിച്ചിട്ടുണ്ട്‌ എന്നതിന്റെ പേരിൽ നാം മേലാൽ ഭക്ഷണം കഴിക്കേണ്ട എന്നു തീരുമാനിക്കുന്നില്ല. അതുകൊണ്ട്‌ ബൈബിളുമായി നാം എത്ര പരിചിതർ ആയിരുന്നേക്കാമെങ്കിലും പ്രത്യാശയെ കെടാതെ സൂക്ഷിക്കാനും സ്‌നേഹത്തെയും വിശ്വാസത്തെയും ബലിഷ്‌ഠമാക്കി നിലനിറുത്താനും ക്രമമായി ആത്മീയ ഭക്ഷണം കഴിക്കുന്നതിൽ തുടരേണ്ടതുണ്ട്‌.—⁠സങ്കീർത്തനം 1:​1-3.

ദൈവത്തിന്റെ വചനത്തെ കുറിച്ചു വിലമതിപ്പോടെ ധ്യാനിക്കുക. ധ്യാനം അത്യന്താപേക്ഷിതമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? രണ്ടു കാരണങ്ങളുണ്ട്‌. ഒന്നാമതായി, നാം കഴിക്കുന്ന ആത്മീയ ഭക്ഷണം ദഹിക്കാനും അതിനോട്‌ ഹൃദയംഗമമായ വിലമതിപ്പ്‌ വളർത്തിയെടുക്കാനും ധ്യാനം സഹായിക്കും. രണ്ടാമതായി, യഹോവയെയും അവന്റെ അത്ഭുതകരമായ പ്രവൃത്തികളെയും അവൻ നമുക്കു മുമ്പിൽ വെച്ചിട്ടുള്ള പ്രത്യാശയെയും മറന്നുകളയാതിരിക്കാൻ അതു നമ്മെ സഹായിക്കും. ഉദാഹരണത്തിന്‌, മോശെയോടൊപ്പം ഈജിപ്‌തു വിട്ടുപോന്ന ഇസ്രായേല്യർ യഹോവയുടെ ഗംഭീര ശക്തിയുടെ മഹത്ത്വമാർന്ന പ്രകടനങ്ങൾ സ്വന്തം കണ്ണുകൊണ്ട്‌ കാണുകയുണ്ടായി. വാഗ്‌ദത്ത ദേശത്തേക്കുള്ള യാത്രാമധ്യേ അവന്റെ സ്‌നേഹപൂർവകമായ സംരക്ഷണവും അവർ അനുഭവിച്ചു. എന്നാൽ ഇടയ്‌ക്കുള്ള മരുഭൂമിയിൽ എത്തിയപ്പോഴേക്കും അവർ പിറുപിറുക്കാൻ തുടങ്ങി. എത്ര കടുത്ത വിശ്വാസരാഹിത്യം! (സങ്കീർത്തനം 78:11-17) അവരുടെ പ്രശ്‌നം എന്തായിരുന്നു?

യഹോവയിൽനിന്നും അവൻ അവർക്കു നൽകിയ അത്ഭുതകരമായ പ്രത്യാശയിൽനിന്നും ദൃഷ്ടി പിൻവലിച്ച്‌ അവർ അപ്പോഴത്തെ സുഖങ്ങളിലും ഭൗതിക താത്‌പര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. അത്ഭുതകരമായ പല അടയാളങ്ങളും നേരിട്ടു കണ്ടിട്ടും ഇസ്രായേല്യരിൽ അനേകരും വിശ്വാസമില്ലാത്ത പിറുപിറുപ്പുകാരായിത്തീർന്നു. “അവർ വേഗത്തിൽ [യഹോവയുടെ] പ്രവൃത്തികളെ മറന്നു” എന്ന്‌ സങ്കീർത്തനം 106:13 പറയുന്നു. (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) യാതൊരു വിധത്തിലും ന്യായീകരിക്കാൻ കഴിയാത്ത അവഗണന നിമിത്തം ആ തലമുറയ്‌ക്ക്‌ വാഗ്‌ദത്ത ദേശത്തു പ്രവേശിക്കാനുള്ള പദവി നഷ്ടപ്പെട്ടു.

അതുകൊണ്ട്‌, തിരുവെഴുത്തുകളും ബൈബിൾ പഠന സഹായികളും വായിക്കുമ്പോൾ വായിച്ച കാര്യങ്ങളെ കുറിച്ചു ധ്യാനിക്കാൻ സമയം എടുക്കുക. അത്തരം ധ്യാനം നിങ്ങളുടെ ആത്മീയ ആരോഗ്യത്തിനും വളർച്ചയ്‌ക്കും അനിവാര്യമാണ്‌. ഉദാഹരണത്തിന്‌ മുകളിൽ ഭാഗികമായി ഉദ്ധരിച്ചിട്ടുള്ള സങ്കീർത്തനം 106 വായിക്കുമ്പോൾ യഹോവയുടെ ഗുണങ്ങളെ കുറിച്ചു ധ്യാനിക്കുക. ഇസ്രായേല്യരോട്‌ എത്ര ക്ഷമയോടും ദയയോടും കൂടെയാണ്‌ അവൻ ഇടപെട്ടത്‌! വാഗ്‌ദത്ത ദേശത്ത്‌ അവരെ എത്തിക്കാൻ തന്നാലാവുന്നത്ര അവൻ ശ്രമിച്ചില്ലേ? എന്നാൽ ശ്രദ്ധിക്കുക, അവർ യഹോവയ്‌ക്കെതിരെ മത്സരിക്കുന്നതിൽ തുടർന്നു. കടുത്ത വിലമതിപ്പില്ലായ്‌മ കാണിച്ച ജനത്തോട്‌ ആവുന്നത്ര കരുണയും ക്ഷമയും കാണിച്ചപ്പോഴത്തെ യഹോവയുടെ ദുഃഖവും വേദനയും വിഭാവന ചെയ്യുക. കൂടാതെ, നീതിക്കു വേണ്ടിയുള്ള ഫീനെഹാസിന്റെ ഉറച്ച, ധീരമായ നടപടിയെ കുറിച്ച്‌ 30, 31 വാക്യങ്ങളിൽ വായിക്കുമ്പോൾ യഹോവ തന്റെ വിശ്വസ്‌തരെ മറന്നുകളയുകയില്ലെന്നും അവൻ അവരെ സമൃദ്ധമായി അനുഗ്രഹിക്കുമെന്നും ഉള്ള ഉറപ്പ്‌ നമുക്കു ലഭിക്കുന്നു.

ബൈബിൾ തത്ത്വങ്ങൾ ജീവിതത്തിൽ ബാധകമാക്കുക. ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുമ്പോൾ യഹോവയുടെ ഉപദേശങ്ങൾ എല്ലായ്‌പോഴും നല്ല ഫലങ്ങൾ കൈവരുത്തുന്നു എന്ന്‌ അനുഭവത്തിലൂടെ നാം മനസ്സിലാക്കും. സദൃശവാക്യങ്ങൾ 3:​5, 6 പറയുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” പല ആളുകളുടെയും അധാർമിക ജീവിതഗതി മാനസികവും വൈകാരികവും ശാരീരികവുമായ പ്രശ്‌നങ്ങൾ വരുത്തിക്കൂട്ടിയിരിക്കുന്നതിനെ കുറിച്ചു ചിന്തിക്കുക. നൈമിഷിക സുഖാസ്വാദനത്തിന്റെ കയ്‌പേറിയ ഫലങ്ങളുമായി അവർക്ക്‌ വർഷങ്ങളോളം​—⁠ജീവിതകാലം മുഴുവനും പോലും​—⁠ജീവിക്കേണ്ടി വരുന്നു. അതിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമായി ‘ഞെരുക്കമുള്ള വഴിയിലൂടെ’ നടക്കുന്നവർക്ക്‌ പുതിയ വ്യവസ്ഥിതിയിലെ ജീവിതത്തിന്റെ ഒരു പൂർവാസ്വാദനം ലഭിക്കുന്നു. ഇത്‌ ജീവനിലേക്കുള്ള വഴിയിൽ തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു.​—⁠മത്തായി 7:​13, 14; സങ്കീർത്തനം 34:⁠8.

ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നത്‌ ഒരു വെല്ലുവിളി ആയിരുന്നേക്കാം. ചിലപ്പോൾ പ്രയാസകരമായ ഒരു സാഹചര്യത്തിൽ തിരുവെഴുത്തു വിരുദ്ധമായ ഒരു ഗതി സ്വീകരിക്കുന്നത്‌ പെട്ടെന്നുള്ള ആശ്വാസം കൈവരുത്തുമെന്നു തോന്നിയേക്കാം. ഉദാഹരണത്തിന്‌, സാമ്പത്തിക ബുദ്ധിമുട്ട്‌ നേരിടുന്ന സമയത്ത്‌ രാജ്യതാത്‌പര്യങ്ങൾ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളുന്നതിനുള്ള പ്രലോഭനം ഉണ്ടായേക്കാം. എന്നാൽ വിശ്വസ്‌തതയോടെ പ്രവർത്തിക്കുകയും ആത്മീയ കാര്യങ്ങളിൽനിന്ന്‌ ദൃഷ്ടി വ്യതിചലിക്കാതെ സൂക്ഷിക്കുകയും ചെയ്യുന്നവർക്ക്‌ ‘ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാർക്കു നന്മ വരും’ എന്ന ഉറപ്പ്‌ നൽകിയിരിക്കുന്നു. (സഭാപ്രസംഗി 8:12) ചിലപ്പോഴൊക്കെ ഒരു ക്രിസ്‌ത്യാനിക്ക്‌ കൂടുതൽ സമയം ജോലി ചെയ്യേണ്ടി വന്നേക്കാം. എന്നാൽ ഒരിക്കലും ആത്മീയ കാര്യങ്ങളെ തുച്ഛീകരിക്കുകയും നിസ്സാരമായി തള്ളിക്കളയുകയും ചെയ്‌ത ഏശാവിനെ പോലെ ആയിത്തീരാൻ അയാൾ ആഗ്രഹിക്കുന്നില്ല.​—⁠ഉല്‌പത്തി 25:34; എബ്രായർ 12:16.

ഒരു ക്രിസ്‌ത്യാനി എന്ന നിലയിലുള്ള നമ്മുടെ ഉത്തരവാദിത്വങ്ങൾ യേശു വ്യക്തമായി വിശദീകരിച്ചു. നാം ‘ഒന്നാമതു രാജ്യവും ദൈവത്തിന്റെ നീതിയും അന്വേഷിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ട്‌.’ (മത്തായി 6:​33, NW) അങ്ങനെ ചെയ്യുന്നെങ്കിൽ ഭൗതികമായി നമുക്ക്‌ ആവശ്യമായതെല്ലാം ഉണ്ടെന്ന്‌ ഉറപ്പുവരുത്തിക്കൊണ്ട്‌ യഹോവ ഒരു പിതാവെന്ന നിലയിൽ നമ്മോടുള്ള സ്‌നേഹം പ്രകടമാക്കും. യഹോവ നമുക്കായി കരുതുമെന്നു പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ച്‌ ഉത്‌കണ്‌ഠപ്പെട്ടുകൊണ്ട്‌ നാം നമ്മുടെമേൽ വേണ്ടാത്ത ഭാരങ്ങൾ വലിച്ചുവെക്കാൻ അവൻ ആഗ്രഹിക്കുന്നില്ല. അത്തരത്തിലുള്ള അമിത ഉത്‌കണ്‌ഠയ്‌ക്ക്‌ ആത്മീയ ഗ്ലൊക്കോമ പോലെയായിരിക്കാൻ കഴിയും. ആവശ്യമായ നടപടികൾ കൈക്കൊള്ളാത്തപക്ഷം നമ്മുടെ ദൃഷ്ടിമണ്ഡലം ചുരുങ്ങിച്ചുരുങ്ങി ഒടുവിൽ നമുക്ക്‌ ഭൗതിക കാര്യങ്ങൾ മാത്രമേ കാണാൻ കഴിയൂ എന്ന അവസ്ഥ വന്നുചേരും. നാം ആത്മീയമായി അന്ധരായിത്തീരും. ആ അവസ്ഥയിൽ തുടർന്നാൽ യഹോവയുടെ ദിവസം ‘പെട്ടെന്നു കെണിപോലെ’ നമ്മുടെമേൽ വരും. എത്ര വലിയ ദുരന്തം ആയിരിക്കും അത്‌!​—⁠ലൂക്കൊസ്‌ 21:​34-36.

യോശുവയെ അനുകരിക്കുക, ദൃഷ്ടി കേന്ദ്രീകരിച്ചു നിറുത്തുക

മറ്റ്‌ ഉത്തരവാദിത്വങ്ങളെ അവയുടെ ഉചിതമായ സ്ഥാനത്തു നിറുത്തിക്കൊണ്ട്‌ നമ്മുടെ ദൃഷ്ടി മഹത്തായ രാജ്യപ്രത്യാശയിൽ ഉറപ്പിച്ചു നിറുത്താം. പഠനം, ധ്യാനം, ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കൽ എന്നിവയിൽ തുടർന്നുകൊണ്ട്‌ യോശുവയെ പോലെ നമ്മുടെ പ്രത്യാശ സംബന്ധിച്ച്‌ ഉറച്ച ബോധ്യം നമുക്കു നിലനിറുത്താം. ഇസ്രായേല്യരെ വാഗ്‌ദത്തദേശത്തേക്കു നയിച്ചുകൊണ്ടുപോയശേഷം അവൻ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്‌തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്‌ചവന്നിട്ടില്ലെന്നു നിങ്ങൾക്കു പൂർണ്ണഹൃദയത്തിലും പൂർണ്ണമനസ്സിലും ബോധമായിരിക്കുന്നു; സകലവും നിങ്ങൾക്കു സംഭവിച്ചു ഒന്നിന്നും വീഴ്‌ചവന്നിട്ടില്ല.”—യോശുവ 23:14.

രാജ്യപ്രത്യാശ നിങ്ങളുടെ ചിന്തകളിലും വികാരങ്ങളിലും തീരുമാനങ്ങളിലും പ്രവർത്തനത്തിലും പ്രതിഫലിക്കട്ടെ. അങ്ങനെ അതു നിങ്ങൾക്ക്‌ ഉത്സാഹം പകർന്ന്‌ നിങ്ങളുടെ ദിവസങ്ങളെ സന്തോഷഭരിതമാക്കിത്തീർക്കട്ടെ.​—⁠സദൃശവാക്യങ്ങൾ 15:15; റോമർ 12:12.

[21-ാം പേജിലെ ചിത്രം]

പുതിയ ലോകത്തിലേക്കു പ്രവേശിക്കുമോ എന്ന സംശയം നിങ്ങൾക്ക്‌ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?

[22-ാം പേജിലെ ചിത്രം]

ധ്യാനം ബൈബിൾ പഠനത്തിന്റെ അവിഭാജ്യഘടകമാണ്‌

[23-ാം പേജിലെ ചിത്രങ്ങൾ]

രാജ്യതാത്‌പര്യങ്ങളിൽ ദൃഷ്ടി കേന്ദ്രീകരിക്കുക