വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലേവ്യപുസ്‌തകത്തിൽ നിന്നുള്ള വിശേഷാശയങ്ങൾ

ലേവ്യപുസ്‌തകത്തിൽ നിന്നുള്ള വിശേഷാശയങ്ങൾ

യഹോവയുടെ വചനം ജീവനുള്ളത്‌

ലേവ്യപുസ്‌തകത്തിൽ നിന്നുള്ള വിശേഷാശയങ്ങൾ

ഇസ്രായേല്യർ ഈജിപ്‌തിന്റെ അടിമത്തത്തിൽ നിന്നു മോചിപ്പിക്കപ്പെട്ടിട്ട്‌ ഒരു വർഷം പോലും ആയിട്ടില്ല. ഇപ്പോൾ ഒരു പുതിയ ജനതയായി സംഘടിപ്പിക്കപ്പെട്ട അവർ കനാൻദേശത്തേക്കുള്ള മാർഗമധ്യേയാണ്‌. കനാൻദേശത്ത്‌ ഒരു വിശുദ്ധജനത അധിവസിക്കണമെന്നതാണ്‌ യഹോവയുടെ ഉദ്ദേശ്യം. എന്നാൽ കനാന്യരുടെ ജീവിതരീതിയും മതാചാരങ്ങളും തീർത്തും അധഃപതിച്ചതാണ്‌. അതുകൊണ്ട്‌, ഇസ്രായേൽ സഭയെ തന്റെ സേവനത്തിനായി വേർതിരിച്ചു നിറുത്തുന്നതിന്‌ സത്യദൈവം തന്റെ ആരാധകർക്ക്‌ ചില വ്യവസ്ഥകൾ നൽകുന്നു. ഇവ ബൈബിളിലെ ലേവ്യപുസ്‌തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. പൊതുയുഗത്തിനു മുമ്പ്‌ ഏകദേശം 1512-ൽ പ്രവാചകനായ മോശെ, സീനായ്‌ മരുഭൂമിയിൽ വെച്ച്‌ എഴുതിയതാണ്‌ ഈ പുസ്‌തകം. ഒരു ചാന്ദ്രമാസത്തെ സംഭവങ്ങളാണ്‌ ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്‌. (പുറപ്പാടു 40:17; സംഖ്യാപുസ്‌തകം 1:1-3) വിശുദ്ധരായിരിക്കാൻ യഹോവ തന്റെ ആരാധകരെ ആവർത്തിച്ച്‌ ഉദ്‌ബോധിപ്പിക്കുന്നു.​—⁠ലേവ്യപുസ്‌തകം 11:44; 19:2; 20:7, 26.

യഹോവയുടെ സാക്ഷികൾ ഇന്ന്‌ ദൈവം മോശെ മുഖാന്തരം നൽകിയ ന്യായപ്രമാണത്തിൻ കീഴിൽ അല്ല. യേശുക്രിസ്‌തുവിന്റെ മരണം ആ ന്യായപ്രമാണത്തെ നീക്കിക്കളഞ്ഞു. (റോമർ 6:14; എഫെസ്യർ 2:11-16) എന്നിരുന്നാലും ലേവ്യപുസ്‌തകത്തിൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകളിൽനിന്നു നമുക്കു പ്രയോജനം അനുഭവിക്കാനാകും. നമ്മുടെ ദൈവമായ യഹോവയുടെ ആരാധനയോടുള്ള ബന്ധത്തിൽ അതു നമ്മെ വളരെയധികം കാര്യങ്ങൾ പഠിപ്പിക്കുന്നു.

വിശുദ്ധ വഴിപാടുകൾ​—⁠സ്വമനസ്സാലെയും നിർബന്ധിതവും

(ലേവ്യപുസ്‌തകം 1:1-7:38)

ന്യായപ്രമാണം അനുശാസിച്ചിരുന്ന വഴിപാടുകളിലും യാഗങ്ങളിലും ചിലത്‌ സ്വമേധയാ അർപ്പിക്കേണ്ടതും മറ്റുചിലത്‌ നിർബന്ധിതവും ആയിരുന്നു. ഉദാഹരണത്തിന്‌ ഹോമയാഗം സ്വമേധയാ അർപ്പിക്കേണ്ടതായിരുന്നു. യേശുക്രിസ്‌തു പൂർണമായും മനസ്സോടെയും തന്റെ ജീവനെ ഒരു മറുവില യാഗമായി അർപ്പിച്ചതുപോലെ ഈ വഴിപാട്‌ ദൈവത്തിനു മുഴുവനായി അർപ്പിക്കേണ്ട ഒന്നായിരുന്നു. എന്നാൽ സ്വമേധയാ അർപ്പിക്കുന്ന സമാധാനയാഗങ്ങൾ മറ്റുള്ളവരുമായി പങ്കുവെച്ചിരുന്നു. ഈ വഴിപാടിന്റെ ഒരു ഭാഗം യാഗപീഠത്തിന്മേൽ ദൈവത്തിന്‌ അർപ്പിക്കുകയും ഒരു പങ്ക്‌ പുരോഹിതനും മറ്റൊരു പങ്ക്‌ യാഗം അർപ്പിച്ച വ്യക്തിയും ഭക്ഷിക്കുകയും ചെയ്‌തിരുന്നു. സമാനമായി, ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകം അഭിഷിക്ത ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം ഒരു സഹഭോജനം ആണ്‌.​—⁠1 കൊരിന്ത്യർ 10:16-22.

പാപയാഗങ്ങളും അകൃത്യയാഗങ്ങളും നിർബന്ധമായി അർപ്പിക്കേണ്ടവ ആയിരുന്നു. പാപയാഗം, അറിയാതെ അബദ്ധത്തിൽ ചെയ്‌തുപോയ പാപങ്ങൾക്കുള്ള പ്രായശ്ചിത്തമായിരുന്നു. എന്നാൽ അകൃത്യയാഗം, മറ്റൊരാളുടെ അവകാശത്തിന്മേൽ കടന്നുകയറ്റം നടത്തിയതിനോ ശിക്ഷയെന്ന നിലയിൽ നീക്കിക്കളഞ്ഞ പദവികളോ അവകാശങ്ങളോ അനുതാപം പ്രകടമാക്കിയ ദുഷ്‌പ്രവൃത്തിക്കാരനു തിരികെ ലഭിക്കുന്നതിനോ ഇതിനു രണ്ടിനും കൂടിയോ ഉള്ളതായിരുന്നു. യഹോവ നൽകിയ ഭൗതിക സമൃദ്ധിയോടുള്ള വിലമതിപ്പിനാൽ പ്രേരിതമായി അർപ്പിച്ചിരുന്ന ഭോജനയാഗവും വഴിപാടുകളിൽ ഉൾപ്പെട്ടിരുന്നു. ഇതെല്ലാം നമ്മെ സംബന്ധിച്ച്‌ താത്‌പര്യജനകമാണ്‌. കാരണം ന്യായപ്രമാണം അനുശാസിക്കുന്ന യാഗങ്ങൾ വിരൽചൂണ്ടിയത്‌ യേശുക്രിസ്‌തുവിലേക്കും അവന്റെ യാഗത്തിലേക്കും അതിൽനിന്നു ലഭിക്കുന്ന പ്രയോജനങ്ങളിലേക്കും ആയിരുന്നു.​—⁠എബ്രായർ 8:3-6; 9:9-14; 10:5-10.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

2:​11, 12—⁠ഒരു “ദഹനയാഗ”മെന്ന നിലയിൽ തേൻ യഹോവയ്‌ക്ക്‌ അസ്വീകാര്യമായിരുന്നത്‌ എന്തുകൊണ്ട്‌? ഈ തേൻ തേനീച്ചകളുടെ തേനിനെ അർഥമാക്കാൻ വഴിയില്ല. ഇവിടെ പറഞ്ഞിരിക്കുന്ന തേൻ ഒരു “ദഹനയാഗമായി” അർപ്പിക്കാൻ അനുവദിക്കപ്പെട്ടിരുന്നില്ലെങ്കിലും ‘വയലിലെ എല്ലാവിളവിന്റെയും ആദ്യഫലത്തിൽ’ ഉൾപ്പെടുത്തിയിരുന്നു. (2 ദിനവൃത്താന്തം 31:5) സാധ്യതയനുസരിച്ച്‌ ഈ തേൻ പഴച്ചാറ്‌ അഥവാ പഴങ്ങളുടെ സത്ത്‌ ആയിരുന്നിരിക്കാം. ഇത്‌ പുളിക്കാൻ സാധ്യതയുള്ളത്‌ ആയിരുന്നതിനാൽ യാഗപീഠത്തിൽ ഒരു വഴിപാടായി അർപ്പിക്കുന്നത്‌ സ്വീകാര്യമായിരുന്നില്ല.

2:​13—⁠“എല്ലാവഴിപാടിന്നും” ഉപ്പു ചേർക്കേണ്ടിയിരുന്നത്‌ എന്തുകൊണ്ടായിരുന്നു? ഇത്‌ യാഗത്തിനു രുചിവർധകമായി ചേർക്കുന്നത്‌ ആയിരുന്നില്ല. ഉപ്പ്‌ ഒരു സംരക്ഷകവസ്‌തുവായി ലോകമെമ്പാടും ഉപയോഗിച്ചുവരുന്നു. ഉപ്പ്‌ അപക്ഷയത്തിൽനിന്നുള്ള മോചനത്തെ പ്രതിനിധാനം ചെയ്യുന്നതുകൊണ്ടാകാം യാഗവസ്‌തുവിന്റെ കൂട്ടത്തിൽ അതു ചേർത്തിരുന്നത്‌.

നമുക്കുള്ള പാഠങ്ങൾ:

3:​17. കൊഴുപ്പ്‌ ഏറ്റവും മേത്തരവും വിശിഷ്ടവുമായ ഭാഗമായി കണക്കാക്കിയിരുന്നു. അതു ഭക്ഷിക്കുന്നതിന്‌ ഇസ്രായേല്യരുടെമേൽ ഏർപ്പെടുത്തിയിരുന്ന വിലക്ക്‌ ഉത്‌കൃഷ്ടമായ ഭാഗം യഹോവയ്‌ക്കുള്ളതാണ്‌ എന്ന ബോധം അവരിൽ ഉളവാക്കി. (ഉല്‌പത്തി 45:18) നമുക്കുള്ളതിൽ ഏറ്റവും ഉത്തമമായത്‌ യഹോവയ്‌ക്കു നൽകണം എന്ന്‌ ഇതു നമ്മെ ഓർമിപ്പിക്കുന്നു.​—⁠സദൃശവാക്യങ്ങൾ 3:9, 10; കൊലൊസ്സ്യർ 3:23, 24.

7:​26, 27. ഇസ്രായേല്യർ രക്തം ഭക്ഷിക്കാൻ പാടില്ലായിരുന്നു. ദൈവത്തിന്റെ ദൃഷ്ടിയിൽ രക്തം ജീവനെ പ്രതിനിധാനം ചെയ്യുന്നു. “മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു” എന്ന്‌ ലേവ്യപുസ്‌തകം 17:11 പറയുന്നു. രക്തം വർജിക്കണം എന്ന്‌ ഇന്നത്തെ സത്യാരാധകരോടും അനുശാസിച്ചിരിക്കുന്നു.​—⁠പ്രവൃത്തികൾ 15:28, 29.

വിശുദ്ധ പുരോഹിതവർഗത്തെ നൽകുന്നു

(ലേവ്യപുസ്‌തകം 8:1-10:20)

യാഗങ്ങളും വഴിപാടുകളും ഉൾപ്പെട്ട ധർമങ്ങൾ നിർവഹിക്കാനുള്ള ഉത്തരവാദിത്വം നൽകിയത്‌ ആർക്കായിരുന്നു? പുരോഹിതന്മാർക്ക്‌. ദൈവത്തിന്റെ നിർദേശപ്രകാരം മോശെ, മഹാപുരോഹിതനായി അഹരോനെയും ഉപപുരോഹിതന്മാരായി അവന്റെ നാലു പുത്രന്മാരെയും നിയമിക്കുന്നതിനുള്ള സ്ഥാനാരോഹണ ചടങ്ങ്‌ സംഘടിപ്പിച്ചു. സാധ്യതയനുസരിച്ച്‌ ഈ ചടങ്ങ്‌ ഏഴു ദിവസം നീണ്ടുനിന്നു. ചടങ്ങ്‌ അവസാനിച്ച്‌ അടുത്ത ദിവസംതന്നെ പൗരോഹിത്യവേല ആരംഭിക്കുകയും ചെയ്‌തു.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

9:​9—⁠രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കുകയും മറ്റു പല വസ്‌തുക്കളിന്മേലും പുരട്ടുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം എന്തായിരുന്നു? രക്തം പാപപരിഹാരത്തിനായി യഹോവ സ്വീകരിച്ചിരിക്കുന്നു എന്ന്‌ ഈ ക്രമീകരണം പ്രകടമാക്കി. മുഴു പാപപരിഹാര ക്രമീകരണവും രക്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. “ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു” എന്നും “രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല” എന്നും അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതുകയുണ്ടായി.​—⁠എബ്രായർ 9:22.

10:​1, 2—⁠അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും ചെയ്‌ത പാപത്തിൽ ഉൾപ്പെട്ടിരുന്നേക്കാവുന്നത്‌ എന്താണ്‌? നാദാബും അബീഹൂവും തങ്ങളുടെ പൗരോഹിത്യ ഉത്തരവാദിത്വങ്ങളിൽ അനുചിതമായ സ്വാതന്ത്ര്യം കാണിച്ച ഉടൻതന്നെ, പുരോഹിതന്മാർ സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുമ്പോൾ വീഞ്ഞും മദ്യവും കുടിക്കുന്നതിനെ യഹോവ വിലക്കുകയുണ്ടായി. (ലേവ്യപുസ്‌തകം 10:9) ഇതു കാണിക്കുന്നത്‌, സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്‌തപ്പോൾ അഹരോന്റെ രണ്ടു പുത്രന്മാർ മദ്യലഹരിയിൽ ആയിരുന്നിരിക്കാം എന്നാണ്‌. എന്നിരുന്നാലും, അവർ മരിച്ചുപോയതിന്റെ യഥാർഥ കാരണം “[യഹോവ] തങ്ങളോടു കല്‌പിച്ചതല്ലാത്ത അന്യാഗ്നി” അവന്റെ മുമ്പാകെ കൊണ്ടുവന്നു എന്നതായിരുന്നു.

നമുക്കുള്ള പാഠങ്ങൾ:

10:​1, 2ഉത്തരവാദിത്വ സ്ഥാനങ്ങളിലുള്ള യഹോവയുടെ ദാസന്മാർ ദിവ്യ വ്യവസ്ഥകൾ നിശ്ചയമായും അനുസരിക്കണം. മാത്രമല്ല, തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുമ്പോൾ അവർക്ക്‌ ധിക്കാരമനോഭാവം ഉണ്ടായിരിക്കാനും പാടില്ല.

10:⁠9. മദ്യം കഴിച്ചിട്ട്‌ നാം ദൈവദത്ത നിയോഗങ്ങൾ നിർവഹിക്കരുത്‌.

ശുദ്ധാരാധനയ്‌ക്ക്‌ ശുദ്ധി അനിവാര്യം

(ലേവ്യപുസ്‌തകം 11:1-15:33)

ശുദ്ധിയുള്ളതും അല്ലാത്തതുമായ മൃഗങ്ങളെ ഭക്ഷിക്കുന്നതു സംബന്ധിച്ചുള്ള വ്യവസ്ഥകൾ ഇസ്രായേല്യർക്ക്‌ രണ്ടു വിധങ്ങളിൽ പ്രയോജനം ചെയ്‌തു. രോഗാണു സംക്രമണത്തിൽനിന്ന്‌ അവ അവരെ സംരക്ഷിച്ചു. കൂടാതെ, ചുറ്റുമുള്ള ദേശങ്ങളിലെ ആളുകളിൽ നിന്നും അവരെ വേർതിരിക്കുന്ന മതിൽക്കെട്ടു ശക്തമാക്കുന്നതിനും അവ ഉതകി. അശുദ്ധി സംബന്ധിച്ച മറ്റു വ്യവസ്ഥകളിൽ മൃതശരീരം സംബന്ധിച്ച അശുദ്ധി, പ്രസവത്തോടനുബന്ധിച്ച്‌ ഒരു സ്‌ത്രീ ചെയ്യേണ്ട ശുദ്ധീകരണം, കുഷ്‌ഠരോഗം ബാധിച്ചവർക്കുള്ള നടപടിക്രമങ്ങൾ, സ്‌ത്രീ-പുരുഷ ലൈംഗിക സ്രവങ്ങൾ മൂലമുണ്ടാകുന്ന അശുദ്ധി എന്നിവയെല്ലാം ഉൾപ്പെട്ടിരുന്നു. അശുദ്ധരായിത്തീർന്ന വ്യക്തികളുടെ ശുദ്ധീകരണ നടപടികൾ കൈകാര്യം ചെയ്യേണ്ടത്‌ പുരോഹിതന്മാർ ആയിരുന്നു.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

12:​2, 5—⁠പ്രസവം ഒരു സ്‌ത്രീയെ “അശുദ്ധ”യാക്കുന്നത്‌ എന്തുകൊണ്ടായിരുന്നു? പൂർണ മനുഷ്യജീവൻ കൈമാറുക എന്ന ഉദ്ദേശ്യത്തിലായിരുന്നു പുനരുത്‌പാദന അവയവങ്ങൾ നൽകപ്പെട്ടത്‌. എന്നാൽ പാപത്തിന്റെ പാരമ്പര്യസിദ്ധ ഫലങ്ങൾ നിമിത്തം, അപൂർണവും പാപപൂർണവുമായ ജീവൻ മാത്രമേ സന്തതികളിലേക്കു കൈമാറാൻ കഴിഞ്ഞുള്ളൂ. പ്രസവത്തോടനുബന്ധിച്ച്‌ കുറച്ചുനാൾ ‘അശുദ്ധ’യായിരിക്കുന്നതും ആർത്തവം, ബീജസ്രവണം എന്നിവ മൂലമുള്ള അശുദ്ധിയും, പാരമ്പര്യസിദ്ധമായ പാപത്തിന്‌ തങ്ങൾ അടിമകളാണെന്ന ബോധം അവരിൽ ഉളവാക്കുമായിരുന്നു. (ലേവ്യപുസ്‌തകം 15:16-24; സങ്കീർത്തനം 51:5; റോമർ 5:12) മനുഷ്യവർഗത്തിന്‌ പാപമോചനത്തിനും പൂർണത വീണ്ടുകിട്ടുന്നതിനുമായി ഒരു മറുവില ആവശ്യമുണ്ടെന്നു മനസ്സിലാക്കാൻ വിശുദ്ധീകരണത്തിന്‌ വെച്ചിരുന്ന വ്യവസ്ഥകൾ ഇസ്രായേല്യരെ സഹായിക്കുമായിരുന്നു. അങ്ങനെ ന്യായപ്രമാണം അവരെ “ക്രിസ്‌തുവിന്റെ അടുക്കലേക്കു നടത്തുവാൻ ശിശുപാലകനായി ഭവിച്ചു.”​—⁠ഗലാത്യർ 3:24.

15:​16-18—⁠ഈ വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന ‘ബീജസ്‌ഖലനം’ എന്താണ്‌? ഇത്‌ രാത്രിയിലുണ്ടാകുന്ന സ്വപ്‌നസ്‌ഖലനമോ വൈവാഹിക ലൈംഗിക ബന്ധത്തിനിടയിലെ ബീജസ്‌ഖലനമോ ആകാം.

നമുക്കുള്ള പാഠങ്ങൾ:

11:45. യഹോവയാം ദൈവം വിശുദ്ധനാണ്‌. അതിനാൽ തനിക്കു വിശുദ്ധസേവനം അനുഷ്‌ഠിക്കുന്നവരും ശുദ്ധരായിരിക്കണം എന്ന്‌ അവൻ നിഷ്‌കർഷിക്കുന്നു. അവർ വിശുദ്ധിയുടെ ഗതി പിൻപറ്റുകയും ശാരീരികവും ആത്മീയവുമായി ശുദ്ധരായിരിക്കുകയും വേണം.​—⁠2 കൊരിന്ത്യർ 7:1; 1 പത്രൊസ്‌ 1:15, 16.

12:⁠8. ഒരു ആടിനെ യാഗം അർപ്പിക്കാൻ കഴിവില്ലാത്ത നിർധനരായവർക്ക്‌, ആടിനു പകരം അതിനെക്കാൾ ചെലവു കുറഞ്ഞ പക്ഷികളെ അർപ്പിക്കാൻ യഹോവയാം ദൈവം അനുമതി നൽകിയിരുന്നു. അവൻ പാവപ്പെട്ടവരോടു പരിഗണനയുള്ളവനാണ്‌.

വിശുദ്ധി നിലനിറുത്തേണ്ടതിന്റെ ആവശ്യം

(ലേവ്യപുസ്‌തകം 16:1-27:34)

പാപപരിഹാരത്തിനായുള്ള ഏറ്റവും പ്രധാന യാഗങ്ങൾ വർഷത്തിലൊരിക്കൽ പാപപരിഹാര ദിവസത്തിലാണ്‌ അർപ്പിച്ചിരുന്നത്‌. പുരോഹിതന്മാർക്കും ലേവിഗോത്രത്തിനും വേണ്ടി ഒരു കാളയെ അർപ്പിച്ചിരുന്നു. പുരോഹിത ഗോത്രം ഒഴികെയുള്ള ഇസ്രായേൽ ഗോത്രങ്ങൾക്ക്‌ എല്ലാംകൂടി ഒരു കോലാട്ടുകൊറ്റനെയും യാഗം അർപ്പിച്ചിരുന്നു. മുഴു ജനങ്ങളുടെയും പാപം തലയിൽ ചുമത്തി മറ്റൊരു കോലാട്ടുകൊറ്റനെ മരുഭൂമിയിലേക്ക്‌ ജീവനോടെ അയച്ചിരുന്നു. ഈ രണ്ട്‌ കോലാട്ടുകൊറ്റന്മാരെയും ഒരൊറ്റ പാപയാഗമായി കരുതിയിരുന്നു. ഇതെല്ലാം, യേശുക്രിസ്‌തു യാഗമായി അർപ്പിക്കപ്പെടുമെന്നും അവൻ പാപങ്ങളെ ചുമക്കുമെന്നും ഉള്ള വസ്‌തുതയിലേക്കു വെളിച്ചംവീശി.

മാംസം ഭക്ഷിക്കുന്നതിനെയും മറ്റു സംഗതികളെയും സംബന്ധിച്ച വ്യവസ്ഥകൾ, യഹോവയെ ആരാധിക്കുമ്പോൾ നാം എത്ര ശുദ്ധിയുള്ളവർ ആയിരിക്കണം എന്ന വസ്‌തുതയെ ഊന്നിപ്പറഞ്ഞു. പുരോഹിതന്മാർ തങ്ങളെത്തന്നെ വിശുദ്ധരായി സൂക്ഷിക്കേണ്ടത്‌ തികച്ചും അനിവാര്യമായിരുന്നു. വർഷം തോറും നടത്തിയിരുന്ന മൂന്ന്‌ ഉത്സവങ്ങൾ വർധിച്ച സന്തോഷത്തിനും സ്രഷ്ടാവിനു നന്ദികരേറ്റുന്നതിനും ഉള്ള അവസരങ്ങൾ പ്രദാനം ചെയ്‌തു. തന്റെ വിശുദ്ധനാമം ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള വ്യവസ്ഥകൾ യഹോവ നൽകിയിരുന്നു. ശബത്തും യോബേൽ സംവത്സരവും ആചരിക്കേണ്ടതിനെ കുറിച്ചും ദരിദ്രരോടും ദാസന്മാരോടും ഉള്ള പെരുമാറ്റത്തെ കുറിച്ചും പ്രതിപാദിക്കുന്ന വ്യവസ്ഥകളും തന്റെ ജനത്തിന്‌ യഹോവ നൽകി. ദൈവത്തോടുള്ള അനുസരണത്തിന്റെ ഫലമായി ചൊരിയപ്പെടുന്ന അനുഗ്രഹങ്ങളുടെ നേർ വിപരീതമായിരുന്നു അനുസരണക്കേടിന്റെ ഫലമായി അവർക്കു സംഭവിക്കുമായിരുന്ന ശാപങ്ങൾ. അതുപോലെ, നേർച്ചകൾ, ഒരുവന്റെ മതിപ്പുവില, മൃഗങ്ങളുടെ കടിഞ്ഞൂൽ, ദശാംശം എന്നിങ്ങനെ “യഹോവെക്കു . . . വിശുദ്ധമായി” അർപ്പിക്കേണ്ട എല്ലാറ്റിനെ കുറിച്ചും വ്യവസ്ഥകൾ ഉണ്ട്‌.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

16:​29—⁠യിസ്രായേല്യർ “ആത്മതപനം” ചെയ്യേണ്ടിയിരുന്നത്‌ ഏതു വിധത്തിലാണ്‌? പാപപരിഹാര ദിവസത്തെ തുടർന്നുള്ള ഈ നടപടി, പാപങ്ങൾക്ക്‌ ക്ഷമ യാചിക്കുന്നതിനോടു ബന്ധപ്പെട്ടിരുന്നു. ആ സമയത്തുള്ള ഉപവാസം ഒരു വ്യക്തി അയാളുടെ പാപാവസ്ഥയെ തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ടിരുന്നുവെന്നു കാണപ്പെടുന്നു. അതുകൊണ്ട്‌, ‘ആത്മതപനം’ ഉപവാസത്തെ കുറിക്കാനാണ്‌ ഏറെ സാധ്യത.

19:​27—⁠“തലമുടി ചുററും വിളുമ്പു വടിക്കരുതു; താടിയുടെ അററം വിരൂപമാക്കരുതു” എന്ന കൽപ്പനയാൽ അർഥമാക്കിയത്‌ എന്തായിരുന്നു? ചില വ്യാജാരാധകരുടെ ആചാരം പോലെ യഹൂദന്മാർ തങ്ങളുടെ താടിയോ മുടിയോ വെട്ടി അവരെ അനുകരിക്കാതിരിക്കാനാണ്‌ സാധ്യതയനുസരിച്ച്‌ ഈ നിയമം കൊടുത്തത്‌. (യിരെമ്യാവു 9:25, 26; 25:23; 49:32) എന്നിരുന്നാലും, യഹൂദന്മാർ തങ്ങളുടെ താടിയും മുഖരോമവും വെട്ടിനിറുത്താനേ പാടില്ലായിരുന്നു എന്നൊന്നും ഈ നിയമം അർഥമാക്കിയില്ല.​—⁠2 ശമൂവേൽ 19:24.

25:​35-37—⁠പലിശ ഈടാക്കുന്നത്‌ ഇസ്രായേല്യരെ സംബന്ധിച്ച്‌ എല്ലായ്‌പോഴും തെറ്റായിരുന്നോ? പണം കടം കൊടുക്കുന്നത്‌ വ്യാപാര ആവശ്യങ്ങൾക്ക്‌ ആയിരുന്നെങ്കിൽ പലിശ ഈടാക്കാൻ പണം കൊടുക്കുന്നയാൾക്കു കഴിയുമായിരുന്നു. എന്നാൽ ദരിദ്രനു കൊടുക്കുന്ന വായ്‌പയുടെമേൽ പലിശ ചുമത്തുന്നത്‌ വിലക്കിയിരുന്നു. സമ്പത്തു ക്ഷയിച്ചു ദരിദ്രനായിത്തീർന്ന അയൽക്കാരന്റെ ദുരവസ്ഥ മുതലെടുക്കുന്നത്‌ തെറ്റായിരുന്നു.​—⁠പുറപ്പാടു 22:25.

26:​19—⁠‘ആകാശം ഇരിമ്പുപോലെയും ഭൂമി ചെമ്പുപോലെയും ആയിത്തീരുന്നത്‌’ എങ്ങനെയാണ്‌? മഴയുടെ അഭാവത്താൽ കനാൻദേശത്തിനു മീതെയുള്ള ആകാശം സൂക്ഷ്‌മസുഷിരങ്ങൾ പോലുമില്ലാത്ത, കട്ടിയുള്ള ഇരുമ്പുപോലെ കാണപ്പെടുമായിരുന്നു. മഴയില്ലാത്തതിനാൽ മണ്ണിന്‌ ചെമ്പിന്റെ തിളങ്ങുന്ന ചുവന്ന നിറവും കൈവരുമായിരുന്നു.

26:​26​—⁠‘പത്തു സ്‌ത്രീകൾ ഒരടുപ്പിൽ അപ്പം ചുടുന്നതിന്റെ’ അർഥമെന്താണ്‌? സാധാരണഗതിയിൽ ഓരോ സ്‌ത്രീക്കും പാചകം ചെയ്യാൻ ഓരോ അടുപ്പു വേണം. എന്നാൽ ഇവിടെ ഭക്ഷ്യ ദൗർലഭ്യത്തിന്റെ രൂക്ഷത വ്യക്തമാകുന്നു, പത്തു സ്‌ത്രീകൾക്ക്‌ ഒരടുപ്പിൽ പാചകം ചെയ്യാൻ മാത്രമുള്ള ആഹാരസാധനങ്ങളേ ലഭ്യമായിരുന്നുള്ളൂ. വിശുദ്ധി നിലനിറുത്താൻ പരാജയപ്പെടുമ്പോൾ അനുഭവിക്കേണ്ടിവരുമെന്നു മുൻകൂട്ടിപ്പറഞ്ഞ പരിണതഫലങ്ങളിൽ ഒന്നായിരുന്നു ഇത്‌.

നമുക്കുള്ള പാഠങ്ങൾ:

20:​9. മനസ്സിൽ വെറുപ്പും കൊടുംപകയും വെച്ചുകൊണ്ടിരിക്കുന്നത്‌ യഹോവയുടെ ദൃഷ്ടിയിൽ കൊലപാതകത്തിനു തുല്യമായിരുന്നു. അതുകൊണ്ട്‌ ഒരുവൻ തന്റെ മാതാപിതാക്കളെ കൊന്നാലുള്ള അതേ ശിക്ഷതന്നെ അവരെ അധിക്ഷേപിക്കുന്നതിനും അവൻ വിധിച്ചിരുന്നു. സഹവിശ്വാസികളോട്‌ സ്‌നേഹം കാണിക്കാൻ ഇതു നമ്മെ പ്രേരിപ്പിക്കേണ്ടതല്ലേ?​—⁠1 യോഹന്നാൻ 3:14, 15.

22:32; 24:​10-16, 23. യഹോവയുടെ നാമം ദുഷിക്കപ്പെടാൻ പാടില്ല. നേരെമറിച്ച്‌, നാം അവന്റെ നാമത്തിനു സ്‌തുതി കരേറ്റുകയും അതിന്റെ വിശുദ്ധീകരണത്തിനായി പ്രാർഥിക്കുകയും ചെയ്യണം.​—⁠സങ്കീർത്തനം 7:17; മത്തായി 6:⁠9.

ലേവ്യപുസ്‌തകം നമ്മുടെ ആരാധനയെ ബാധിക്കുന്ന വിധം

യഹോവയുടെ സാക്ഷികൾ ഇന്ന്‌ ന്യായപ്രമാണത്തിൻ കീഴിൽ അല്ല. (ഗലാത്യർ 3:23-25) എന്നിരുന്നാലും, വിവിധ സംഗതികളെ യഹോവ എങ്ങനെ വീക്ഷിക്കുന്നു എന്നതിനെ കുറിച്ചുള്ള ഉൾക്കാഴ്‌ച പ്രദാനം ചെയ്യുന്നതിനാൽ ലേവ്യപുസ്‌തകം നമ്മുടെ ആരാധനയിൽ പ്രഭാവം ചെലുത്തുന്നു.

ദിവ്യാധിപത്യ ശുശ്രൂഷാ സ്‌കൂളിനുവേണ്ടി തയ്യാറാകുന്നതിന്റെ ഭാഗമായി നിങ്ങൾ വാരംതോറുമുള്ള ബൈബിൾ വായന നടത്തുമ്പോൾ നമ്മുടെ ദൈവം തന്റെ ദാസന്മാരിൽനിന്നു ശുദ്ധി ആവശ്യപ്പെടുന്നു എന്നു തിരിച്ചറിയുന്നത്‌ നിങ്ങളിൽ മതിപ്പുളവാക്കും. അതുപോലെ, എല്ലായ്‌പോഴും അവനു സ്‌തുതി കരേറ്റത്തക്കവണ്ണം ശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട്‌ അത്യുന്നതനായ ദൈവത്തിന്‌ നിങ്ങളുടെ ഏറ്റവും ഉത്തമമായത്‌ നൽകാൻ നിങ്ങളെ പ്രചോദിപ്പിക്കുന്നതിന്‌ ഈ ബൈബിൾ പുസ്‌തകത്തിനു കഴിയും.

[21-ാം പേജിലെ ചിത്രം]

ന്യായപ്രമാണത്തിൻ കീഴിൽ അർപ്പിക്കപ്പെട്ട യാഗങ്ങൾ യേശുക്രിസ്‌തുവിലേക്കും അവന്റെ യാഗത്തിലേക്കും വിരൽചൂണ്ടി

[22-ാം പേജിലെ ചിത്രം]

പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ വർധിച്ച സന്തോഷത്തിന്റെ ഒരു സന്ദർഭമായിരുന്നു

[23-ാം പേജിലെ ചിത്രം]

കൂടാരപ്പെരുന്നാൾ പോലെയുള്ള വാർഷിക ഉത്സവങ്ങൾ യഹോവയ്‌ക്കു നന്ദികരേറ്റുന്നതിനുള്ള അവസരങ്ങളായിരുന്നു