വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജ്ഞാനസ്‌നാന ഭേദഗതിവാദികൾ അവർ ആരായിരുന്നു?

ജ്ഞാനസ്‌നാന ഭേദഗതിവാദികൾ അവർ ആരായിരുന്നു?

ജ്ഞാനസ്‌നാന ഭേദഗതിവാദികൾ അവർ ആരായിരുന്നു?

ജർമനിയിലെ വെസ്റ്റ്‌ഫേലിയയിലുള്ള മൂൻസ്റ്റെർ നഗരത്തിന്റെ ഹൃദയഭാഗത്ത്‌ ആദ്യമായി എത്തുന്ന സന്ദർശകർ മിക്കപ്പോഴും ഒരു പള്ളിയുടെ ഗോപുരത്തിൽനിന്നു തൂങ്ങിക്കിടക്കുന്ന മൂന്ന്‌ ഇരുമ്പുകൂടുകൾ നോക്കി നിന്നുപോകാറുണ്ട്‌. ഏതാനും ചെറിയ ഇടവേളകളൊഴിച്ചാൽ ഏകദേശം 500 വർഷമായി അവ അവിടെത്തന്നെ ഉണ്ട്‌. പരസ്യമായി പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്‌ത മൂന്നു പുരുഷന്മാരുടെ ശരീരങ്ങൾ പ്രദർശിപ്പിക്കാനായി ഉണ്ടാക്കിയ കൂടുകളായിരുന്നു അവ. അവർ ജ്ഞാനസ്‌നാന ഭേദഗതിവാദികൾ ആയിരുന്നു; ആ കൂടുകളാകട്ടെ, അവരുടെ സാമ്രാജ്യത്തിന്റെ സ്‌മാരകാവശിഷ്ടങ്ങളും.

ജ്ഞാനസ്‌നാന ഭേദഗതിവാദികൾ ആരായിരുന്നു? ഈ പ്രസ്ഥാനത്തിനു നാന്ദി കുറിക്കപ്പെട്ടത്‌ എങ്ങനെയാണ്‌? അതിന്റെ മുഖ്യ പഠിപ്പിക്കലുകൾ എന്തൊക്കെയായിരുന്നു? ആ പുരുഷന്മാർ വധിക്കപ്പെട്ടത്‌ എന്തിന്‌? ആ കൂടുകളും ഒരു സാമ്രാജ്യവുമായി എന്തു ബന്ധമാണുള്ളത്‌?

സഭാ നവീകരണം ആവശ്യം —എന്നാൽ എങ്ങനെ?

15-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 16-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലും റോമൻ കത്തോലിക്ക സഭയ്‌ക്കും അതിന്റെ പുരോഹിത വൃന്ദത്തിനും എതിരെയുള്ള വിമർശനം ശക്തിപ്പെട്ടു. അഴിമതിയും അധാർമികതയും സഭയെ കാർന്നുതിന്നുകൊണ്ടിരുന്ന സാഹചര്യത്തിൽ ഒരു സമൂലമാറ്റം അനിവാര്യമാണെന്ന്‌ പലർക്കും തോന്നി. 1517-ൽ മാർട്ടിൻ ലൂഥർ പരസ്യമായി പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ടു. മറ്റുള്ളവരും സഭയോടുള്ള എതിർപ്പു പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ പ്രൊട്ടസ്റ്റന്റ്‌ മതനവീകരണത്തിനു തുടക്കമായി.

എന്നാൽ എന്തു മാറ്റങ്ങളാണു വരുത്തേണ്ടത്‌, അത്‌ ഏത്‌ അളവോളം വേണം എന്നീ കാര്യങ്ങളിലൊന്നും പൊതുവായ ഒരു ധാരണയിൽ എത്തിച്ചേരാൻ നവീകരണവാദികൾക്ക്‌ കഴിഞ്ഞിരുന്നില്ല. ആരാധനയുടെ കാര്യത്തിൽ ബൈബിളിനോടു പറ്റിനിൽക്കേണ്ടതുണ്ട്‌ എന്ന്‌ പലരും തിരിച്ചറിഞ്ഞു. എന്നാൽ ബൈബിൾ പഠിപ്പിക്കലുകളുടെ വ്യാഖ്യാനത്തിന്റെ കാര്യത്തിൽ പോലും യോജിപ്പിലെത്താൻ നവീകരണവാദികൾക്കു കഴിഞ്ഞില്ല. മതനവീകരണം ഇഴഞ്ഞു നീങ്ങുകയാണെന്നു ചിലർക്കു തോന്നി. ആ നവീകരണവാദികളിൽ ചിലരാണ്‌ ജ്ഞാനസ്‌നാന ഭേദഗതിവാദ പ്രസ്ഥാനത്തിനു തുടക്കമിട്ടത്‌.

“കൃത്യമായി പറഞ്ഞാൽ ബാപ്‌റ്റിസ്റ്റ്‌ പ്രസ്ഥാനം ഒന്നിലധം ഉണ്ടായിരുന്നു,” ഡീറ്റോയ്‌ഫ-ഗെഷിക്‌റ്റ യുണ്ട്‌ ഡോയ്‌റ്റുങ്‌ എന്ന ഗ്രന്ഥത്തിൽ ഹാൻസ്‌ യുവെർഗൻ ഗോർട്‌സ്‌ എഴുതുന്നു. ദൃഷ്ടാന്തത്തിന്‌ 1521-ൽ സ്വിക്കാവൂ പ്രവാചകന്മാർ എന്നറിയപ്പെട്ട നാലു പേർ വിറ്റൻബർഗിൽ ജ്ഞാനസ്‌നാന ഭേദഗതിവാദികളുടെ പഠിപ്പിക്കലുകൾ പ്രസംഗിച്ചുകൊണ്ട്‌ കോളിളക്കം സൃഷ്ടിച്ചു. 1525-ൽ ജ്ഞാനസ്‌നാന ഭേദഗതിവാദികളുടെ ഒരു വ്യതിരിക്ത വിഭാഗം സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിൽ ഉടലെടുത്തു. ഇന്ന്‌ ചെക്ക്‌ റിപ്പബ്ലിക്ക്‌ എന്ന്‌ അറിയപ്പെടുന്ന മൊറേവിയയിലും നെതർലൻഡ്‌സിലും ജ്ഞാനസ്‌നാന ഭേദഗതിവാദ സമൂഹങ്ങൾ രൂപംകൊണ്ടു.

സ്‌നാപനം​—⁠ശിശുക്കൾക്കോ മുതിർന്നവർക്കോ?

ജ്ഞാനസ്‌നാന ഭേദഗതിവാദ സമൂഹങ്ങൾ പൊതുവേ ചെറുതായിരുന്നു; അംഗങ്ങളാകട്ടെ സമാധാനപ്രേമികളും. അവരുടെ വിശ്വാസങ്ങൾക്ക്‌ യാതൊരു രഹസ്യ സ്വഭാവവും ഉണ്ടായിരുന്നില്ല. വാസ്‌തവത്തിൽ അവർ മറ്റുള്ളവരോടു പ്രസംഗിച്ചിരുന്നു. ജ്ഞാനസ്‌നാന ഭേദഗതിവാദികളുടെ അടിസ്ഥാന വിശ്വാസങ്ങൾ 1527-ലെ ഷ്‌ലൈറ്റ്‌ഹൈം വിശ്വാസപ്രമാണത്തിൽ നിർവചിച്ചിട്ടുണ്ട്‌. അവർ സൈനിക സേവനത്തിനു വിസമ്മതിക്കുകയും ലോകത്തിൽനിന്നു വേറിട്ടു നിൽക്കുകയും ദുഷ്‌പ്രവൃത്തിക്കാരെ സമുദായഭ്രഷ്ടരാക്കുകയും മറ്റും ചെയ്‌തിരുന്നു. എന്നാൽ മറ്റെന്തിനെക്കാളും അവരുടെ വിശ്വാസത്തിന്റെ സവിശേഷതയായിരുന്നതും ജ്ഞാനസ്‌നാന ഭേദഗതിവാദികളെ ഇതര മതങ്ങളിൽനിന്നു വ്യത്യസ്‌തരാക്കി നിറുത്തിയതും സ്‌നാപനം ശിശുക്കൾക്കല്ല, മുതിർന്നവർക്കുള്ളതാണ്‌ എന്ന ഉറച്ച ബോധ്യമായിരുന്നു. *

മുതിർന്നവർക്കു വേണ്ടിയുള്ള സ്‌നാപനത്തിന്‌ ഒരു മതവിശ്വാസം എന്നതിൽ കവിഞ്ഞ പ്രാധാന്യം ഉണ്ടായിരുന്നു; അത്‌ ഒരു അധികാര പ്രശ്‌നം കൂടി ആയിരുന്നു. സ്വന്തം വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ സ്‌നാപനം ഏൽക്കത്തക്കവണ്ണം പ്രായപൂർത്തിവരെ സ്‌നാപനം വൈകിക്കുകയാണെങ്കിൽ ചിലർ ഒരിക്കലും സ്‌നാപനം ഏൽക്കുമായിരുന്നില്ല. സ്‌നാപനം ഏൽക്കാത്തവർ ഒരളവോളം സഭയുടെ അധികാര പരിധിക്കു പുറത്തായിരുന്നു. ചില സഭകൾക്ക്‌ മുതിർന്നതിനുശേഷമുള്ള സ്‌നാപനം അധികാരനഷ്ടം തന്നെ ആയിരിക്കുമായിരുന്നു.

അതുകൊണ്ട്‌ കത്തോലിക്കരും ലൂഥറൻകാരും, മുതിർന്നതിനു ശേഷമുള്ള സ്‌നാപനത്തെ ഒരുപോലെ നിരുത്സാഹപ്പെടുത്താൻ ആഗ്രഹിച്ചു. 1529-നു ശേഷം ചില പ്രദേശങ്ങളിലെങ്കിലും പ്രായപൂർത്തിയായതിനുശേഷം സ്‌നാപനമേൽക്കുന്നവരും അവർക്കു സ്‌നാപനം നൽകുന്നവരും മരണശിക്ഷയ്‌ക്കു യോഗ്യരായിരുന്നു. “ജർമനിയിലെ വിശുദ്ധ റോമാ സാമ്രാജ്യത്തിലുടനീളം ജ്ഞാനസ്‌നാന ഭേദഗതിവാദികൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു” എന്ന്‌ പത്രപ്രവർത്തകനായ തോമസ്‌ സൈഫെർട്ട്‌ വിശദീകരിക്കുന്നു. മൂൻസ്റ്റെറിൽ പീഡനം അതിന്റെ പരകോടിയിലെത്തി.

മധ്യകാല മൂൻസ്റ്റെർ മാറ്റത്തിനു ശ്രമിക്കുന്നു

മധ്യകാല മൂൻസ്റ്റെർ നഗരത്തിൽ ഏകദേശം 10,000 നിവാസികൾ ഉണ്ടായിരുന്നു. ഏതാണ്ട്‌ 90 മീറ്റർ വീതിയും 5 കിലോമീറ്റർ ചുറ്റളവുമുള്ള കോട്ട ഏറെക്കുറെ അജയ്യമായ പ്രതിരോധ സംവിധാനമായിരുന്നു. എന്നാൽ നഗരത്തിന്റെ ആഭ്യന്തരസ്ഥിതി അതിന്റെ പ്രതിരോധത്തോളം മെച്ചമായിരുന്നില്ല. മൂൻസ്റ്റെറിലെ സിറ്റി മ്യൂസിയം പ്രസിദ്ധീകരിച്ച ജ്ഞാനസ്‌നാന ഭേദഗതിവാദികളുടെ സാമ്രാജ്യം (ഇംഗ്ലീഷ്‌) എന്ന ഗ്രന്ഥത്തിൽ, “നഗരത്തിലെ നിയമനിർമാണ സമിതി അംഗങ്ങളും തൊഴിൽസംഘങ്ങളും തമ്മിലുള്ള ആഭ്യന്തര രാഷ്‌ട്രീയ തർക്കങ്ങ”ളെപ്പറ്റിയുള്ള പരാമർശങ്ങളുണ്ട്‌. കൂടുതലായി, പുരോഹിതന്മാരുടെ പെരുമാറ്റം നഗരവാസികളെ കോപിഷ്‌ഠരാക്കി. മൂൻസ്റ്റെർ നഗരം മതനവീകരണത്തെ പിന്തുണയ്‌ക്കുകയും 1533-ൽ കത്തോലിക്ക നഗരം എന്ന നിലയിൽനിന്ന്‌ അത്‌ ഒരു ലൂഥറൻ നഗരമായിത്തീരുകയും ചെയ്‌തു.

മൂൻസ്റ്റെറിലെ മുഖ്യ നവീകരണവാദികളിൽ ഒരാളായിരുന്നു ബേൺഹാർട്ട്‌ റോട്ട്‌മാൻ. അദ്ദേഹം ഒരു എടുത്തുചാട്ടക്കാരൻ ആയിരുന്നു. “ജ്ഞാനസ്‌നാന ഭേദഗതിവാദികളുടെ പഠിപ്പിക്കലുകളോടുള്ള അദ്ദേഹത്തിന്റെ ചായ്‌വ്‌ കൂടുതൽ കൂടുതൽ സ്‌പഷ്ടമായിത്തീർന്നു; അദ്ദേഹവും കൂട്ടരും ശിശുസ്‌നാപനം നടത്താൻ വിസമ്മതിച്ചു,” എഴുത്തുകാരനായ ഫ്രീഡ്‌റിക്ക്‌ യൂനിംഗ വിശദീകരിക്കുന്നു. ചിലരെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ വിപ്ലവാത്മക ചിന്തകൾ അതിരുകടന്നത്‌ ആയിരുന്നെങ്കിലും മൂൻസ്റ്റെറിൽ അദ്ദേഹത്തിനു ശക്തമായ ജനപിന്തുണ ഉണ്ടായിരുന്നു. “മുമ്പു നിലനിന്നിരുന്ന മതക്രമത്തെ പ്രിയപ്പെട്ടിരുന്ന ആളുകൾക്ക്‌ എന്തെന്നില്ലാത്ത അസ്വാസ്ഥ്യവും ആപത്‌ശങ്കയും തോന്നി. അവർ കൂട്ടത്തോടെ നഗരം വിട്ടുപോയി. എന്നാൽ തങ്ങളുടെ ആശയങ്ങളുടെ സാക്ഷാത്‌കാരം സ്വപ്‌നം കണ്ടുകൊണ്ട്‌ എല്ലായിടത്തുനിന്നും ജ്ഞാനസ്‌നാന ഭേദഗതിവാദികൾ മൂൻസ്റ്റെറിലേക്ക്‌ ഒഴുകിയെത്തി.” ജ്ഞാനസ്‌നാന ഭേദഗതിവാദികളുടെ മൂൻസ്റ്റെറിലെ ഈ കേന്ദ്രീകരണം ഭയാനകമായ ഒരു സംഭവത്തിലേക്കു നയിച്ചു.

പുതിയ യെരൂശലേം ഉപരോധത്തിൻകീഴിൽ

മൂൻസ്റ്റെറിലെത്തിയ രണ്ടു ഡച്ചു കുടിയേറ്റക്കാരായിരുന്ന ഹാർലെമിൽ നിന്നുള്ള, റൊട്ടിയുണ്ടാക്കൽ തൊഴിലാക്കിയിരുന്ന യാൻ മാറ്റീസും ലൈഡനിലെ ജോൺ എന്ന്‌ അറിയപ്പെട്ടിരുന്ന യാൻ ബോക്കൽസണും അവിടെയുണ്ടായ സംഭവവികാസങ്ങളിൽ നിർണായക പങ്കു വഹിച്ചു. ഒരു പ്രവാചകനാണെന്ന്‌ അവകാശപ്പെട്ട മാറ്റീസ്‌, 1534 ഏപ്രിലിൽ ക്രിസ്‌തു രണ്ടാമതു വരുമെന്നു പ്രസ്‌താവിച്ചു. ബൈബിളിൽ പരാമർശിച്ചിരിക്കുന്ന പുതിയ യെരൂശലേം മൂൻസ്റ്റെർ നഗരമാണെന്നും പ്രഖ്യാപിക്കപ്പെട്ടു. ലോകാവസാനം സമാഗതമായ പ്രതീതി പരന്നു. എല്ലാ സമ്പത്തും പൊതു സ്വത്തായിരിക്കണമെന്ന്‌ റോട്ട്‌മാൻ നിശ്ചയിച്ചു. പ്രായപൂർത്തിയായ നഗരവാസികൾ ഒരു തീരുമാനം എടുക്കേണ്ടിയിരുന്നു: ഒന്നുകിൽ സ്‌നാപനമേൽക്കുക അല്ലെങ്കിൽ നഗരംവിട്ടു പോവുക. ആളുകൾ കൂട്ടത്തോടെ സ്‌നാപനമേറ്റു; തങ്ങളുടെ വീടും സ്വത്തും ഉപേക്ഷിച്ചുപോകാൻ മനസ്സില്ലാഞ്ഞതുകൊണ്ടു മാത്രം സ്‌നാപനമേറ്റവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

മൂൻസ്റ്റെർ മതപരമായും രാഷ്‌ട്രീയമായും ജ്ഞാനസ്‌നാന ഭേദഗതിവാദികളുടെ ശക്തിദുർഗം ആയിത്തീരുന്നത്‌ ഇതര സമുദായങ്ങൾ അന്ധാളിപ്പോടെയാണ്‌ വീക്ഷിച്ചത്‌. ഡീറ്റോയ്‌ഫ റ്റ്‌സൂ മുൻസ്റ്റ എന്ന പുസ്‌തകം പറയുന്നതനുസരിച്ച്‌ ഇത്‌ “ജർമനിയിലെ വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ മുഴുവനും ശത്രുത ക്ഷണിച്ചു വരുത്തി.” രാജകുമാരനും ബിഷപ്പുമായിരുന്ന പ്രസിദ്ധനായ കൗണ്ട്‌ ഫ്രാന്റ്‌സ്‌ ഫോൺ വാൽഡെക്‌, മൂൻസ്റ്റെറിനെ ഉപരോധിക്കാൻ ഒരു സൈന്യത്തെ സംഘടിപ്പിച്ചു. ആ സൈന്യത്തിൽ ലൂഥറൻകാരും കത്തോലിക്കരും ഉണ്ടായിരുന്നു. മുമ്പ്‌ വൈരികളായിരുന്ന, പെട്ടെന്നുതന്നെ മുപ്പതു വർഷ യുദ്ധത്തിൽ പരസ്‌പരം പോരാടുമായിരുന്ന ഇവർ ജ്ഞാനസ്‌നാന ഭേദഗതിവാദികൾക്കെതിരെ ഒരുമിച്ചു.

ജ്ഞാനസ്‌നാന ഭേദഗതിവാദികളുടെ സാമ്രാജ്യം നശിപ്പിക്കപ്പെടുന്നു

ഉപരോധകരുടെ സൈന്യബലത്തിനൊന്നും നഗരത്തിന്റെ മതിൽക്കെട്ടിനുള്ളിൽ സുരക്ഷിതരായിരുന്നവരെ ഭയപ്പെടുത്താനായില്ല. ക്രിസ്‌തുവിന്റെ രണ്ടാം വരവ്‌ സംഭവിക്കുമെന്നു കരുതപ്പെട്ടിരുന്ന 1534 ഏപ്രിൽ മാസത്തിൽ മാറ്റീസ്‌, ദിവ്യ സംരക്ഷണം പ്രതീക്ഷിച്ചുകൊണ്ട്‌ ഒരു വെള്ളക്കുതിരപ്പുറത്ത്‌ നഗരത്തിനു പുറത്തേക്കു ചെന്നു. ഉപരോധിക്കുന്ന സൈനികർ മാറ്റീസിനെ തുണ്ടുതുണ്ടാക്കി, തല വെട്ടിയെടുത്ത്‌ ഒരു സ്‌തംഭത്തിൽ തൂക്കുന്നത്‌ നഗരമതിലിനു മുകളിലൂടെ നോക്കിക്കൊണ്ടിരുന്ന അനുയായികളുടെ നടുക്കം സങ്കൽപ്പിച്ചു നോക്കൂ!

ലൈഡനിലെ ജോൺ ആയിരുന്നു മാറ്റീസിന്റെ പിൻഗാമി. അദ്ദേഹം മൂൻസ്റ്റെറിലെ ജ്ഞാനസ്‌നാന ഭേദഗതിവാദികളുടെ യാൻ രാജാവ്‌ എന്നു വിളിക്കപ്പെട്ടു. നഗരത്തിൽ പുരുഷന്മാരെ അപേക്ഷിച്ച്‌ സ്‌ത്രീകൾ വളരെ കൂടുതൽ ഉണ്ടായിരുന്നു. ഈ ഏറ്റക്കുറച്ചിൽ പരിഹരിക്കുന്നതിനു വേണ്ടി തങ്ങൾക്ക്‌ ഇഷ്ടമുള്ളത്രയും ഭാര്യമാരെ എടുത്തുകൊള്ളാൻ അദ്ദേഹം പുരുഷന്മാരെ പ്രോത്സാഹിപ്പിച്ചു. വ്യഭിചാരത്തിനും പരസംഗത്തിനും വധശിക്ഷയാണ്‌ ഏർപ്പെടുത്തിയിരുന്നത്‌. എന്നാൽ ബഹുഭാര്യത്വം അനുവദനീയമായിരുന്നു എന്നു മാത്രമല്ല, പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു. മൂൻസ്റ്റെറിലെ അതിരുകടന്ന ചട്ടങ്ങൾക്ക്‌ ഒരു ഉദാഹരണം മാത്രമാണ്‌ ഇത്‌. യാൻ രാജാവിനുതന്നെ 16 ഭാര്യമാർ ഉണ്ടായിരുന്നു. അവരിലൊരാളായിരുന്ന എലിസബെത്ത്‌ വാൻറ്റ്‌ഷേര നഗരം വിട്ടുപോകാൻ അനുവാദം ചോദിച്ചതിന്‌ പരസ്യമായി ശിരച്ഛേദം ചെയ്യപ്പെട്ടു.

ഉപരോധം 14 മാസം നീണ്ടുനിന്നു, അവസാനം 1535 ജൂണിൽ നഗരം പിടിച്ചെടുക്കപ്പെട്ടു. അന്നു നേരിട്ടതുപോലുള്ള നാശം പിന്നീട്‌ രണ്ടാം ലോകമഹായുദ്ധകാലത്തു മാത്രമേ അവർ അനുഭവിച്ചിട്ടുള്ളൂ. റോട്ട്‌മാൻ രക്ഷപ്പെട്ടു. എന്നാൽ യാൻ രാജാവും മറ്റു രണ്ടു പ്രമുഖ നേതാക്കളും പിടിക്കപ്പെട്ടു. അവരെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്‌തു. അവരുടെ ശരീരങ്ങൾ കൂടുകളിലാക്കി വി. ലാംബെർട്ടിന്റെ ദേവാലയത്തിന്റെ ഗോപുരത്തിൽ കെട്ടിത്തൂക്കി. “കുഴപ്പമുണ്ടാക്കാൻ സാധ്യതയുണ്ടായിരുന്ന എല്ലാവർക്കുമുള്ള ഭീതിദമായ ഒരു മുന്നറിയിപ്പ്‌ ആയിരുന്നു അത്‌,” സൈഫെർട്ട്‌ വിശദീകരിക്കുന്നു. അതേ, രാഷ്‌ട്രീയ കാര്യങ്ങളിലെ ഇടപെടൽ ദാരുണമായ പരിണതഫലം ക്ഷണിച്ചുവരുത്തി.

മറ്റ്‌ ജ്ഞാനസ്‌നാന ഭേദഗതിവാദ സമൂഹങ്ങൾക്ക്‌ എന്തു സംഭവിച്ചു? യൂറോപ്പിലുടനീളം വർഷങ്ങളോളം പീഡനം തുടർന്നു. യുദ്ധോത്സുകരായ ഒരു ന്യൂനപക്ഷം ഉണ്ടായിരുന്നെങ്കിലും ഭൂരിപക്ഷം ജ്ഞാനസ്‌നാന ഭേദഗതിവാദികളും യുദ്ധവിരുദ്ധ നിലപാടിനോടു പറ്റിനിന്നു. പിന്നീട്‌, മുമ്പ്‌ പുരോഹിതനായിരുന്ന മെനൊ സിമോൻസ്‌ ജ്ഞാനസ്‌നാന ഭേദഗതിവാദികളുടെ നേതൃത്വം ഏറ്റെടുത്തു. ക്രമേണ അവർ മെനൊനൈറ്റുകൾ എന്നോ മറ്റു പേരുകളിലോ അറിയപ്പെടാൻ തുടങ്ങി.

മൂന്നു കൂടുകൾ

അടിസ്ഥാനപരമായി, ബൈബിൾ തത്ത്വങ്ങളോടു പറ്റിനിൽക്കാൻ ശ്രമിച്ച മതഭക്തിയുള്ള ആളുകളുടെ സമൂഹമായിരുന്നു ജ്ഞാനസ്‌നാന ഭേദഗതിവാദികൾ. എന്നാൽ അവരുടെയിടയിലെ തീവ്ര പരിഷ്‌കരണവാദികൾ അവരെ, ആ ജീവിതഗതി ഉപേക്ഷിച്ച്‌ രാഷ്‌ട്രീയത്തിൽ ഇടപെടുന്നതിലേക്കു നയിച്ചു. അതോടെ, പ്രസ്ഥാനം ഒരു വിപ്ലവ ശക്തിയായി മാറി. ഇത്‌ ജ്ഞാനസ്‌നാന ഭേദഗതിവാദ പ്രസ്ഥാനത്തിന്റെയും മധ്യകാല മൂൻസ്റ്റെർ നഗരത്തിന്റെയും ദുരന്തപൂർണമായ അന്ത്യത്തിനു വഴിതെളിച്ചു.

ഏതാണ്ട്‌ 500 വർഷം മുമ്പു നടന്ന ഈ ഭയാനക കാര്യങ്ങൾ ഇന്നും നഗരം സന്ദർശിക്കുന്നവർ ഓർക്കാതെ പോകുകയില്ല. എന്താണ്‌ അതിന്‌ ഇടയാക്കുന്നത്‌? പള്ളി ഗോപുരത്തിൽനിന്നു തൂങ്ങിക്കിടക്കുന്ന ആ മൂന്ന്‌ ഇരുമ്പു കൂടുകൾ.

[അടിക്കുറിപ്പ്‌]

^ ഖ. 9 ഈ ലേഖനം ശിശു സ്‌നാപനത്തിന്‌ അനുകൂലമായോ പ്രതികൂലമായോ ഉള്ള വാദമുഖങ്ങൾ പരിശോധിക്കുന്നില്ല. ഈ വിഷയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്‌ 1986 മാർച്ച്‌ 15 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്‌) “ശിശുക്കളെ സ്‌നാനപ്പെടുത്തേണ്ടതുണ്ടോ?” എന്ന ലേഖനം കാണുക.

[13-ാം പേജിലെ ചിത്രങ്ങൾ]

യാൻ രാജാവിനെ പീഡിപ്പിച്ച്‌, വധിച്ച്‌ വി. ലാംബെർട്ടിന്റെ ദേവാലയ ഗോപുരത്തിൽ തൂക്കിയിട്ടു