വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘തന്റെ മതത്തെ ആദരിക്കാൻ ആൻജാലാ ഞങ്ങളെ പഠിപ്പിച്ചു’

‘തന്റെ മതത്തെ ആദരിക്കാൻ ആൻജാലാ ഞങ്ങളെ പഠിപ്പിച്ചു’

‘തന്റെ മതത്തെ ആദരിക്കാൻ ആൻജാലാ ഞങ്ങളെ പഠിപ്പിച്ചു’

ഇറ്റലിയിലെ റോവീഗോ പ്രവിശ്യയിലുള്ള യഹോവയുടെ സാക്ഷികളിലൊരാൾ തനിക്കു ഗുരുതരമായ കാൻസർ ബാധിച്ചിട്ടുള്ളതായി മനസ്സിലാക്കി. ഓരോ തവണ ആശുപത്രിയിൽ കിടന്നപ്പോഴും രക്തപ്പകർച്ച കൂടാതെ മാത്രമേ തന്നെ ചികിത്സിക്കാവൂ എന്ന്‌ അവൾ വ്യക്തമാക്കിയിരുന്നു. ഒടുവിൽ പ്രാദേശിക കാൻസർ നഴ്‌സിങ്‌ സർവീസിലെ നഴ്‌സുമാർ വീട്ടിൽച്ചെന്ന്‌ അവളെ പരിചരിക്കാൻ തുടങ്ങി.

36 വയസ്സുള്ള ഈ രോഗിയുടെ ശക്തമായ വിശ്വാസവും ചികിത്സയോടുള്ള സഹകരണവും അവളെ ചികിത്സിച്ച ഡോക്ടർമാരിലും നഴ്‌സുമാരിലും മതിപ്പുളവാക്കി. രോഗി മരിക്കുന്നതിന്‌ കുറച്ചു നാൾ മുമ്പ്‌, അവളെ പരിചരിച്ചിരുന്ന നഴ്‌സുമാരിലൊരാൾ (ഒരു പുരുഷ നഴ്‌സ്‌) താൻ ആൻജാലാ എന്നു വിളിച്ച ആ രോഗിയോടൊത്തുള്ള തന്റെ അനുഭവങ്ങളെ കുറിച്ച്‌ ഒരു നഴ്‌സിങ്‌ മാസികയിൽ എഴുതുകയുണ്ടായി.

“നല്ല ചുറുചുറുക്കും ജീവിക്കാനുള്ള ദൃഢനിശ്ചയവും ഉള്ള ആളാണ്‌ ആൻജാലാ. തന്റെ ഗുരുതരമായ രോഗാവസ്ഥ സംബന്ധിച്ച്‌ അവൾ ബോധവതിയാണ്‌. ഇത്തരമൊരു സാഹചര്യത്തിൽ നമ്മിലാരും ചെയ്യുമായിരുന്നതുപോലെ അവളും ഒരു പരിഹാരത്തിനായി, ഒരു ഔഷധത്തിനായി അന്വേഷിക്കുകയാണ്‌.  . . ഞങ്ങൾ, നഴ്‌സുമാർ അവളുടെ ജീവിതത്തിലേക്കു ക്രമേണ കടന്നുചെന്നു. ഞങ്ങളുടെ സഹായം അവൾ നിരസിച്ചില്ല. നേരെ മറിച്ച്‌, അവളുടെ തുറന്ന സമീപനം കാര്യങ്ങൾ എളുപ്പമാക്കി. അവളെ പരിചരിക്കുന്നത്‌ സന്തോഷകരമായിരുന്നു; അത്‌ കാപട്യമില്ലാത്ത ഒരാളോടു സഹവസിക്കാനും പരസ്‌പരം പ്രയോജനം നേടാനുമുള്ള അവസരമൊരുക്കി. . . . അവളുടെ മതം ഞങ്ങളുടെ ചികിത്സയ്‌ക്കു തടസ്സം നിൽക്കുമെന്ന്‌ ഞങ്ങൾ പെട്ടെന്നുതന്നെ മനസ്സിലാക്കി.” രക്തം സ്വീകരിക്കാൻ ആൻജാലാ വിസമ്മതിച്ചിരുന്നെങ്കിലും അതു വേണമെന്ന്‌ അയാൾക്ക്‌ അഭിപ്രായമുണ്ടായിരുന്നു. അതുകൊണ്ടാണ്‌ അയാൾ അങ്ങനെ പറഞ്ഞത്‌.​—⁠പ്രവൃത്തികൾ 15:⁠28, 29.

“ആരോഗ്യ-പരിപാലന വിദഗ്‌ധരെന്ന നിലയിൽ അവളുടെ തീരുമാനത്തോടു യോജിക്കാൻ കഴിയില്ലെന്നു ഞങ്ങൾ അവളോടു പറഞ്ഞു. എന്നാൽ അവളുടെ സഹായത്തോടെ, ജീവൻ അവൾക്കെത്ര പ്രധാനമാണെന്നു ഞങ്ങൾ മനസ്സിലാക്കി. അവളുടെ മതം അവൾക്കും കുടുംബത്തിനും എത്രത്തോളം പ്രധാനമാണെന്നും ഞങ്ങൾ തിരിച്ചറിഞ്ഞു. ആൻജാലാ പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല. അവൾ രോഗത്തിനു കീഴടങ്ങിയിട്ടില്ല. അവൾ ധീരതയും നിശ്ചയദാർഢ്യവും പ്രകടിപ്പിക്കുന്നു. രോഗത്തോടു പൊരുതാനും തുടർന്നു ജീവിക്കാനും അവൾ ആഗ്രഹിക്കുന്നു. തന്റെ ദൃഢനിശ്ചയത്തെയും വിശ്വാസത്തെയും കുറിച്ച്‌ അവൾ പറഞ്ഞിട്ടുണ്ട്‌. നമ്മുടെ കാര്യത്തിൽ പലപ്പോഴും കാണാൻ കഴിയാത്ത ഒരു ദൃഢനിശ്ചയം, നമ്മുടേതിലും ശക്തമായ ഒരുതരം വിശ്വാസം അവൾക്കുണ്ട്‌. . . . ഞങ്ങളുടെ തൊഴിൽപരമായ ധർമത്തോടു ചേർന്നുപോകാത്തതെങ്കിലും അവളുടെ മതത്തെ ആദരിക്കേണ്ടതിന്റെ പ്രാധാന്യം അവൾ ഞങ്ങളെ പഠിപ്പിച്ചു. . . . ആൻജാലാ ഞങ്ങളെ പഠിപ്പിച്ചത്‌ വളരെ പ്രധാനപ്പെട്ട കാര്യമാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു. കാരണം എല്ലാത്തരം ആളുകളെയും സാഹചര്യങ്ങളെയും മതങ്ങളെയും അഭിമുഖീകരിക്കുന്ന ഞങ്ങൾക്ക്‌ അവരിൽനിന്നെല്ലാം ചിലതു പഠിക്കാനും അവർക്കു ചിലതു നൽകാനും കഴിയും.”

1999-ൽ അംഗീകരിച്ച ഇറ്റലിയിലെ നഴ്‌സുമാർക്കായുള്ള തൊഴിൽ ധർമശാസ്‌ത്ര സംഹിതയിലേക്ക്‌ ആ ലേഖനം തുടർന്നു ശ്രദ്ധ ക്ഷണിച്ചു. അത്‌ ഇങ്ങനെ പറയുന്നു: “വ്യക്തിയുടെ മതപരവും ധാർമികവും സാംസ്‌കാരികവുമായ മൂല്യങ്ങളും വർഗവും ലിംഗവും കണക്കിലെടുത്തുകൊണ്ട്‌ നഴ്‌സ്‌ പെരുമാറുന്നു.” ചില സാഹചര്യങ്ങളിൽ രോഗിയുടെ മതപരമായ ബോധ്യങ്ങളെ ആദരിക്കാൻ ഡോക്ടർമാർക്കോ നഴ്‌സുമാർക്കോ ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടേക്കാം. അതുകൊണ്ട്‌ അങ്ങനെ ചെയ്യുന്നവർ തീർച്ചയായും വിലമതിക്കപ്പെടുന്നു.

തങ്ങളുടെ ആരോഗ്യവും വൈദ്യപരിപാലനവും സംബന്ധിച്ചുള്ള യഹോവയുടെ സാക്ഷികളുടെ തീരുമാനങ്ങളെല്ലാം നന്നായി ആലോചിച്ച്‌ എടുക്കുന്നവയാണ്‌. തിരുവെഴുത്തുകൾ പറയുന്നത്‌ അവർ ഗൗരവപൂർവം പരിഗണിക്കുന്നു. ആൻജാലായുടെ കാര്യത്തിൽ വ്യക്തമാക്കപ്പെട്ടതുപോലെ അവർ മതഭ്രാന്തരല്ല. (ഫിലിപ്പിയർ 4:⁠5, NW) ലോകമെമ്പാടുമുള്ള ആരോഗ്യ പരിപാലന വിദഗ്‌ധരിൽ, സാക്ഷികളായ രോഗികളുടെ മനസ്സാക്ഷിയെ ആദരിക്കാൻ മനസ്സൊരുക്കം ഉള്ളവരുടെ എണ്ണം വർധിക്കുകയാണ്‌.