വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം തീർച്ചയായും നിങ്ങളെ കുറിച്ച്‌ കരുതലുള്ളവനാണ്‌

ദൈവം തീർച്ചയായും നിങ്ങളെ കുറിച്ച്‌ കരുതലുള്ളവനാണ്‌

ദൈവം തീർച്ചയായും നിങ്ങളെ കുറിച്ച്‌ കരുതലുള്ളവനാണ്‌

ക്ലേശപൂർണമായ സാഹചര്യങ്ങളിൽ ദൈവത്തെ വിളിച്ചപേക്ഷിക്കുക സ്വാഭാവികമാണ്‌. അവൻ ‘വലിയവനും ശക്തിയേറിയവനുമാണ്‌, അവന്റെ വിവേകത്തിന്‌ അന്തമില്ല.’ (സങ്കീർത്തനം 147:⁠5) പ്രശ്‌നങ്ങളെ വിജയപ്രദമായി കൈകാര്യം ചെയ്യുന്നതിൽ നമ്മെ സഹായിക്കാൻ ഏറ്റവും പറ്റിയ സ്ഥാനത്തായിരിക്കുന്നത്‌ അവനാണ്‌. ഇതിനു പുറമേ, ‘നമ്മുടെ ഹൃദയം അവന്റെ മുമ്പിൽ പകരാൻ’ ബൈബിൾ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 62:⁠8) എന്നാൽ ദൈവം തങ്ങളുടെ പ്രാർഥനകൾക്ക്‌ ഉത്തരം നൽകുന്നില്ലെന്ന്‌ അനേകർക്കും തോന്നുന്നത്‌ എന്തുകൊണ്ടാണ്‌? ദൈവം നമ്മെ കുറിച്ചു കരുതലില്ലാത്തവനാണെന്നാണോ അതിനർഥം?

ദൈവം കാര്യങ്ങളിൽ ഇടപെടാത്തതുപോലെ തോന്നുമ്പോൾ അവനെ കുറ്റപ്പെടുത്താൻ തിടുക്കം കാണിക്കുന്നതിനു പകരം ഇങ്ങനെയൊന്നു ചിന്തിക്കുക: കുട്ടിക്കാലത്ത്‌ നിങ്ങൾ ആവശ്യപ്പെട്ടതെല്ലാം മാതാപിതാക്കൾ സാധിച്ചുതരാതിരുന്ന സന്ദർഭങ്ങളിൽ അവർ നിങ്ങളെ സ്‌നേഹിക്കുന്നില്ലാത്തതായി നിങ്ങൾ കുറ്റപ്പെടുത്തിയിട്ടുണ്ടോ? പല കുട്ടികളും അങ്ങനെ ചെയ്യാറുണ്ട്‌. എന്നാൽ മുതിർന്നപ്പോൾ, സ്‌നേഹം പല രീതികളിൽ പ്രകടിപ്പിക്കാമെന്നു നിങ്ങൾ തിരിച്ചറിഞ്ഞു. അതുപോലെ, ഒരു കുട്ടി ആവശ്യപ്പെടുന്നതെല്ലാം സാധിച്ചുകൊടുക്കുന്നതല്ല വാസ്‌തവത്തിൽ സ്‌നേഹപൂർണമായ ഗതി എന്നും നിങ്ങൾ മനസ്സിലാക്കി.

സമാനമായി, നമ്മുടെ പ്രാർഥനകൾക്ക്‌ നാം ആഗ്രഹിക്കുന്ന വിധത്തിൽ യഹോവ എല്ലായ്‌പോഴും ഉത്തരം നൽകുന്നില്ല എന്നതുകൊണ്ട്‌ അവൻ നമ്മെ അവഗണിക്കുകയാണെന്ന്‌ അർഥമില്ല. ദൈവം പല വിധങ്ങളിൽ നമ്മോടുള്ള കരുതൽ പ്രകടമാക്കുന്നുണ്ട്‌ എന്നതാണു വസ്‌തുത.

‘അവനാൽ നാം ജീവിക്കുന്നു’

ഏറ്റവും പ്രധാനമായി, ‘നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത്‌’ ദൈവം കാരണമാണ്‌. (പ്രവൃത്തികൾ 17:⁠28) നമുക്കു ജീവൻ നൽകിയത്‌ തീർച്ചയായും അവനു നമ്മോടുള്ള കരുതലിന്റെ തെളിവാണ്‌!

കൂടാതെ, നമ്മുടെ ജീവൻ നിലനിറുത്തുന്നതിന്‌ ആവശ്യമായ കാര്യങ്ങൾ യഹോവ പ്രദാനം ചെയ്യുന്നു. നാം ഇങ്ങനെ വായിക്കുന്നു: ‘അവൻ മൃഗങ്ങൾക്കു പുല്ലും മനുഷ്യന്റെ ഉപയോഗത്തിന്നായി സസ്യവും മുളെപ്പിക്കുന്നു; അവൻ ഭൂമിയിൽനിന്ന്‌ ആഹാരം ഉത്ഭവിപ്പിക്കുന്നു.’ (സങ്കീർത്തനം 104:⁠14, 15) ജീവന്‌ അടിസ്ഥാനപരമായി വേണ്ട സംഗതികൾ മാത്രമല്ല നമ്മുടെ സ്രഷ്ടാവ്‌ പ്രദാനം ചെയ്യുന്നത്‌. അവൻ ഉദാരമായി ‘ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും’ നൽകുന്നു, ‘ആഹാരവും സന്തോഷവും നല്‌കി നമ്മെ തൃപ്‌തരാക്കുകയും ചെയ്യുന്നു.’​—⁠പ്രവൃത്തികൾ 14:⁠17.

എന്നിരുന്നാലും ചിലർ ചിന്തിച്ചേക്കാം: ‘ദൈവം നമ്മെ ഇത്രയ്‌ക്കു സ്‌നേഹിക്കുന്നുണ്ടെങ്കിൽ നാം കഷ്ടപ്പെടാൻ അവൻ അനുവദിക്കുന്നത്‌ എന്തുകൊണ്ടാണ്‌?’ ആ ചോദ്യത്തിനുള്ള ഉത്തരം നിങ്ങൾക്ക്‌ അറിയാമോ?

ഉത്തരവാദി ദൈവമാണോ?

മനുഷ്യവർഗത്തിന്റെ ദുരിതങ്ങളിൽ ഏറെയും അവർ സ്വയം വരുത്തിവെക്കുന്നതാണ്‌. ഉദാഹരണത്തിന്‌ ലൈംഗിക അധാർമികത, മദ്യത്തിന്റെ ദുരുപയോഗം, മയക്കുമരുന്നിന്റെയും പുകയിലയുടെയും ഉപയോഗം, അതിസാഹസിക കായികവിനോദങ്ങളിൽ പങ്കെടുക്കൽ, അമിതവേഗത്തിൽ വണ്ടിയോടിക്കൽ തുടങ്ങിയവയുടെ അപകടങ്ങളെ കുറിച്ച്‌ വ്യാപകമായി അറിവുള്ളതാണ്‌. എന്നിട്ടും ആളുകൾ ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നു. ഇതുമൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക്‌ ആരാണ്‌ ഉത്തരവാദി? ദൈവമോ അതോ ബുദ്ധിശൂന്യമായി പ്രവർത്തിച്ച വ്യക്തിയോ? ദൈവത്തിന്റെ നിശ്വസ്‌ത വചനം പറയുന്നു: “വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.”—ഗലാത്യർ 6:⁠7.

ഇതിനു പുറമേ, മനുഷ്യർ മിക്കപ്പോഴും അന്യോന്യവും ദോഷം പ്രവർത്തിക്കുന്നു. രാഷ്‌ട്രങ്ങൾ യുദ്ധം ചെയ്യുന്നതു മൂലം ഉണ്ടാകുന്ന ദുരിതങ്ങൾക്ക്‌ ഉത്തരവാദി തീർച്ചയായും ദൈവമല്ല. ഒരാൾ സഹമനുഷ്യനെ ആക്രമിക്കുമ്പോൾ ആ വ്യക്തിക്കു പരിക്കേൽക്കുകയോ അയാൾ മരിക്കുകയോ ചെയ്‌താൽ ദൈവമാണോ ഉത്തരവാദി? തീർച്ചയായും അല്ല! ഒരു സ്വേച്ഛാധിപതി തന്റെ ഭരണത്തിൻ കീഴിലുള്ളവരെ അടിച്ചമർത്തുകയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്‌താൽ അതിനും നാം ദൈവത്തെയാണോ കുറ്റപ്പെടുത്തേണ്ടത്‌? അതു തീർത്തും യുക്തിഹീനമായിരിക്കും.​—⁠സഭാപ്രസംഗി 8:⁠9.

കടുത്ത ദാരിദ്ര്യത്തിൽ അല്ലെങ്കിൽ പട്ടിണിയിൽ കഴിയുന്ന ദശലക്ഷങ്ങളെ സംബന്ധിച്ചോ? ദൈവമാണോ കുറ്റക്കാരൻ? അല്ല. എല്ലാവർക്കും സുഭിക്ഷമായി കഴിക്കാനുള്ള ആഹാരം നമ്മുടെ ഭൂഗ്രഹം ഉത്‌പാദിപ്പിക്കുന്നുണ്ട്‌. (സങ്കീർത്തനം 10:⁠2, 3; 145:⁠16) ദൈവം സമൃദ്ധമായി നൽകിയിരിക്കുന്ന ആഹാരസാധനങ്ങളുടെ അസന്തുലിതമായ വിതരണമാണ്‌ വ്യാപകമായ പട്ടിണിക്കും ദാരിദ്ര്യത്തിനും കാരണം. മനുഷ്യന്റെ സ്വാർഥത ഇപ്പോൾ ഈ പ്രശ്‌നത്തിനൊരു പരിഹാരമില്ലാതാക്കുകയും ചെയ്‌തിരിക്കുന്നു.

അടിസ്ഥാന കാരണം

എന്നാൽ പ്രായാധിക്യം മൂലം ഒരു വ്യക്തി രോഗബാധിതനാകുകയോ മരിക്കുകയോ ചെയ്‌താൽ അതിന്‌ ആരാണ്‌ ഉത്തരവാദി? അതിനുപോലും ദൈവത്തെ കുറ്റപ്പെടുത്താനാവില്ല എന്ന്‌ അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടുമോ? വാർധക്യം പ്രാപിക്കാനും മരിക്കാനുമല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചത്‌.

ആദ്യ മനുഷ്യജോഡിയായ ആദാമിനെയും ഹവ്വായെയും ഏദെൻ തോട്ടത്തിൽ ആക്കിവെച്ചപ്പോൾ യഹോവ അവർക്ക്‌ ഒരു ഭൗമിക പറുദീസയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ നൽകി. എന്നിരുന്നാലും, തങ്ങൾക്കു ലഭിച്ച അനുഗ്രഹത്തെ വിലമതിക്കുന്ന മനുഷ്യർ ഭൂമിയിൽ വസിക്കണമെന്ന്‌ അവനു നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട്‌, അവൻ ഒരു വ്യവസ്ഥയോടു കൂടെയാണ്‌ ഭാവിജീവിത പ്രത്യാശകൾ അവർക്കു നൽകിയത്‌. തങ്ങളുടെ സ്‌നേഹവാനായ സ്രഷ്ടാവിനോട്‌ അനുസരണമുള്ളവർ ആയിരുന്നാൽ മാത്രമേ ആദാമിനും ഹവ്വായ്‌ക്കും പറുദീസയിലെ ജീവിതം ആസ്വദിക്കാൻ കഴിയുമായിരുന്നുള്ളൂ.​—⁠ഉല്‌പത്തി 2:⁠17; 3:⁠2, 3, 17-23.

സങ്കടകരമെന്നു പറയട്ടെ, ആദാമും ഹവ്വായും ദൈവത്തോടു മത്സരിച്ചു. ഹവ്വാ പിശാചായ സാത്താനു ചെവികൊടുക്കാൻ തീരുമാനിച്ചു. സാത്താൻ അവളോടു നുണ പറയുകയും അതുവഴി ദൈവം എന്തോ നന്മ അവളിൽനിന്നു പിടിച്ചുവെച്ചിരിക്കുകയാണെന്ന്‌ സൂചിപ്പിക്കുകയും ചെയ്‌തു. അതുകൊണ്ട്‌ അവൾ തനിക്കു ബോധിച്ച ഗതി തിരഞ്ഞെടുത്തുകൊണ്ട്‌ ‘നന്മതിന്മകളെ അറിയുന്നവളായി ദൈവത്തെപ്പോലെ’ ആകാൻ ശ്രമിച്ചു. ഈ മത്സരാത്മക ഗതിയിൽ ആദാമും അവളോടു ചേർന്നു.—ഉല്‌പത്തി 3:⁠5, 6.

ഈ രീതിയിൽ പാപം ചെയ്‌തപ്പോൾ, എന്നേക്കും ജീവിക്കാൻ തങ്ങൾ അയോഗ്യരാണെന്ന്‌ ആദാമും ഹവ്വായും പ്രകടമാക്കി. പാപത്തിന്റെ ദാരുണമായ പ്രത്യാഘാതങ്ങൾ അവർ ഏറ്റുവാങ്ങി. അവരുടെ ശക്തിയും ഓജസ്സും ക്ഷയിച്ചുവന്നു, ഒടുവിൽ അവർ മരിച്ചു. (ഉല്‌പത്തി 5:⁠5) എന്നാൽ അവരുടെ മത്സരത്തിന്‌ അതിലും ഗുരുതരമായ പരിണതഫലങ്ങൾ ഉണ്ടായിരുന്നു. ആദാമിന്റെയും ഹവ്വായുടെയും പാപത്തിന്റെ ഫലമായ ദുരിതങ്ങൾ നാം ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “അതുകൊണ്ടു ഏകമനുഷ്യനാൽ [ആദാമിനാൽ] പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്‌കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമർ 5:⁠12) അതേ, ആദാമിന്റെയും ഹവ്വായുടെയും മത്സരത്തിന്റെ ഫലമായി പാപവും മരണവും മുഴു മനുഷ്യവർഗത്തിലേക്കും ഒരു മാരകവ്യാധിയെന്ന പോലെ പടർന്നു.

ദൈവിക കരുതലിന്റെ ഏറ്റവും ശക്തമായ തെളിവ്‌

ദൈവത്തിന്റെ മനുഷ്യ സൃഷ്ടി എന്നെന്നേക്കുമായി നശിപ്പിക്കപ്പെട്ടുവെന്നാണോ അതിനർഥം? അല്ല, കാരണം ദൈവിക കരുതലിന്റെ ഏറ്റവും ശക്തമായ തെളിവു നാം കാണുന്നത്‌ ഇവിടെയാണ്‌. വലിയ നഷ്ടം സഹിച്ചുകൊണ്ട്‌ ദൈവം, മനുഷ്യവർഗത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും വീണ്ടെടുക്കാനുള്ള ക്രമീകരണം ചെയ്‌തു. വീണ്ടെടുപ്പുവില, യേശു സ്വമേധയാ നമുക്കുവേണ്ടി അർപ്പിച്ച പൂർണതയുള്ള അവന്റെ ജീവനായിരുന്നു. (റോമർ 3:⁠24) അതുകൊണ്ട്‌, അപ്പൊസ്‌തലനായ യോഹന്നാൻ ഇപ്രകാരം എഴുതി: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‌കുവാൻ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു.” (യോഹന്നാൻ 3:⁠16) ശ്രദ്ധേയമായ ഈ സ്‌നേഹപ്രവൃത്തി നിമിത്തം, എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ നമുക്ക്‌ ഒരിക്കൽക്കൂടെ ലഭിച്ചിരിക്കുന്നു. പൗലൊസ്‌ റോമാക്കാർക്ക്‌ ഇങ്ങനെ എഴുതി: “ഏകനീതിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു.”​—⁠റോമർ 5:⁠18.

ദൈവം തന്റെ സമയത്ത്‌, ഭൂഗ്രഹത്തിൽനിന്നു ദുരിതവും മരണവും തുടച്ചുനീക്കുമെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും. വെളിപ്പാടു പുസ്‌തകത്തിൽ മുൻകൂട്ടി പറഞ്ഞിരിക്കുന്ന അനുഗ്രഹങ്ങൾ എങ്ങും കളിയാടും. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.” (വെളിപ്പാടു 21:⁠3-5) ‘അതൊന്നും കാണാൻ ഞാൻ ജീവിച്ചിരിക്കില്ല’ എന്നു നിങ്ങൾ പറഞ്ഞേക്കാം. എന്നാൽ നിങ്ങൾ ജീവിച്ചിരുന്നേക്കാം എന്നതാണു വസ്‌തുത. ഇനി നിങ്ങൾ മരിക്കുന്നെങ്കിൽ പോലും മരണത്തിൽനിന്നു നിങ്ങളെ ഉയിർപ്പിക്കാൻ ദൈവത്തിനു സാധിക്കും. (യോഹന്നാൻ 5:⁠28, 29) നമ്മെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം അതാണ്‌, അത്‌ നിവൃത്തിയേറുകതന്നെ ചെയ്യും. ദൈവം മനുഷ്യവർഗത്തെ കുറിച്ച്‌ കരുതലില്ലാത്തവൻ ആണെന്നു പറയുന്നത്‌ എത്ര സത്യവിരുദ്ധമാണ്‌!

‘ദൈവത്തോട്‌ അടുത്തു ചെല്ലുക’

മനുഷ്യൻ അനുഭവിക്കുന്ന ദുരിതങ്ങൾക്കുള്ള ഒരു ശാശ്വത പരിഹാരത്തിന്‌ ദൈവം അടിസ്ഥാനമിട്ടിരിക്കുന്നുവെന്ന്‌ അറിയുന്നത്‌ ആശ്വാസദായകമാണ്‌. എന്നാൽ ഇന്നത്തെ കാര്യമോ? നമുക്കു പ്രിയപ്പെട്ട ഒരാളെ മരണത്തിൽ നഷ്ടമാകുകയോ നമ്മുടെ കുട്ടിക്ക്‌ എന്തെങ്കിലും രോഗം പിടിപെടുകയോ ചെയ്യുന്നെങ്കിലോ? രോഗവും മരണവും നീക്കം ചെയ്യുന്നതിനുള്ള ദൈവത്തിന്റെ സമയം വന്നെത്തിയിട്ടില്ലെന്നു മനസ്സിലാക്കുക. അതിനായി നാം അൽപ്പം കൂടെ കാത്തിരിക്കേണ്ടതുണ്ടെന്ന്‌ ബൈബിൾ സൂചിപ്പിക്കുന്നു. എന്നാൽ യാതൊരു സഹായവും നൽകാതെ ദൈവം നമ്മെ വിട്ടുകളഞ്ഞിട്ടില്ല. ശിഷ്യനായ യാക്കോബ്‌ പറയുന്നു: “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും.” (യാക്കോബ്‌ 4:⁠8) അതേ, നമ്മുടെ സ്രഷ്ടാവ്‌ അവനുമായി വ്യക്തിപരമായ ഒരു അടുത്ത ബന്ധത്തിലേക്കു വരാൻ നമ്മെ ക്ഷണിക്കുന്നു. അങ്ങനെ ഒരു ബന്ധം വളർത്തിയെടുക്കുന്നവർ, ഏറ്റവും ദുഷ്‌കരമായ സാഹചര്യങ്ങളിൽ പോലും അവന്റെ സഹായം അനുഭവിച്ചറിയും.

എന്നാൽ ദൈവത്തോട്‌ അടുത്തു ചെല്ലാൻ നമുക്ക്‌ എങ്ങനെ കഴിയും? ഏകദേശം മൂവായിരം വർഷം മുമ്പ്‌ ദാവീദ്‌ രാജാവ്‌ സമാനമായ ഒരു ചോദ്യം ചോദിച്ചു: “യഹോവേ, . . . നിന്റെ വിശുദ്ധപർവ്വതത്തിൽ ആർ വസിക്കും?” (സങ്കീർത്തനം 15:⁠1) ദാവീദുതന്നെ തന്റെ ചോദ്യത്തിനുള്ള ഉത്തരവും നൽകി: “നിഷ്‌കളങ്കനായി നടന്നു നീതി പ്രവർത്തിക്കയും ഹൃദയപൂർവ്വം സത്യം സംസാരിക്കയും ചെയ്യുന്നവൻ. നാവുകൊണ്ടു കുരള പറയാതെയും തന്റെ കൂട്ടുകാരനോടു ദോഷം ചെയ്യാതെയും കൂട്ടുകാരന്നു അപമാനം വരുത്താതെയും ഇരിക്കുന്നവൻ.” (സങ്കീർത്തനം 15:⁠2, 3) മറ്റു വാക്കുകളിൽ പറഞ്ഞാൽ, ആദാമും ഹവ്വായും തള്ളിക്കളഞ്ഞ ഗതി സ്വീകരിക്കുന്നവരെയാണ്‌ യഹോവ സ്വാഗതം ചെയ്യുന്നത്‌. തന്റെ ഹിതം ചെയ്യുന്നവരോട്‌ അവൻ അടുത്തുവരും.​—⁠ആവർത്തനപുസ്‌തകം 6:⁠24, 25; 1 യോഹന്നാൻ 5:⁠3.

നമുക്ക്‌ എങ്ങനെ ദൈവത്തിന്റെ ഹിതം ചെയ്യാൻ കഴിയും? “നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയിൽ നല്ലതും പ്രസാദകരവും” ആയത്‌ എന്താണെന്നു നാം മനസ്സിലാക്കി അതിൻപ്രകാരം പ്രവർത്തിച്ചുകൊണ്ട്‌. (1 തിമൊഥെയൊസ്‌ 2:⁠3) അതിൽ ദൈവവചനമായ ബൈബിളിന്റെ സൂക്ഷ്‌മപരിജ്ഞാനം ഉൾക്കൊള്ളുന്നത്‌ ഉൾപ്പെടുന്നു. (യോഹന്നാൻ 17:⁠3; 2 തിമൊഥെയൊസ്‌ 3:⁠16, 17) അതിനായി ബൈബിൾ ഓടിച്ചുവായിക്കുന്നതു മതിയാകുന്നില്ല. പൗലൊസിന്റെ പ്രസംഗം ശ്രവിച്ച ഒന്നാം നൂറ്റാണ്ടിലെ ബെരോവെയിലെ യഹൂദരെ നാം അനുകരിക്കേണ്ടതുണ്ട്‌. അവരെ കുറിച്ച്‌ നാം ഇപ്രകാരം വായിക്കുന്നു: “അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനമ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുപോന്നു.”—പ്രവൃത്തികൾ 17:⁠11.

സമാനമായി ഇന്ന്‌, ബൈബിളിന്റെ സൂക്ഷ്‌മമായ പഠനം ദൈവത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്തുകയും അവനുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. (എബ്രായർ 11:⁠6) കൂടാതെ, യഹോവ എങ്ങനെയാണ്‌ മനുഷ്യവർഗത്തോട്‌ ഇടപെടുന്നത്‌ എന്നു കൃത്യമായി മനസ്സിലാക്കാൻ​—⁠അതായത്‌ ശരിയായ മനോനിലയുള്ള ഏവരുടെയും നിലനിൽക്കുന്ന പ്രയോജനങ്ങളെ മുന്നിൽ കണ്ടുകൊണ്ടാണ്‌ അല്ലാതെ ഹ്രസ്വകാല പ്രയോജനങ്ങളെ മാത്രം മുൻനിറുത്തിയല്ല അവൻ പ്രവർത്തിക്കുന്നത്‌ എന്നു തിരിച്ചറിയാൻ—അതു നമ്മെ സഹായിക്കുന്നു.

ദൈവവുമായി അടുത്ത ബന്ധം ആസ്വദിക്കുന്ന ചില ക്രിസ്‌ത്യാനികൾ പറയുന്നതു ശ്രദ്ധിക്കുക. “ഞാൻ യഹോവയെ വളരെയധികം സ്‌നേഹിക്കുന്നു, അവനു നന്ദി നൽകാൻ എനിക്കു നിരവധി കാരണങ്ങളുണ്ട്‌,” 16 വയസ്സുകാരി ഡാൻയെലിന്റേതാണ്‌ ഈ വാക്കുകൾ. “അവനെ യഥാർഥമായി സ്‌നേഹിക്കുകയും അവന്റെ വചനത്തിന്‌ അനുസൃതമായി എന്നെ കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്‌ത സ്‌നേഹസമ്പന്നരായ മാതാപിതാക്കളെ അവൻ എനിക്കു നൽകിയിരിക്കുന്നു.” ഉറുഗ്വേയിലെ ഒരു ക്രിസ്‌ത്യാനി ഇങ്ങനെ എഴുതുന്നു: “എന്റെ ഹൃദയം കൃതജ്ഞതയാൽ നിറഞ്ഞുകവിയുന്നു, യഹോവയുടെ അനർഹദയയെയും സൗഹൃദത്തെയും പ്രതി ഞാൻ അവനു നന്ദി നൽകുന്നു.” ദൈവം കൊച്ചു കുട്ടികളെ പോലും സ്വാഗതം ചെയ്യുന്നു. ഏഴു വയസ്സുകാരി ഗാബ്രിയേല പറയുന്നതു കേൾക്കുക: “ഈ ലോകത്തിൽവെച്ച്‌ എനിക്കേറ്റവും സ്‌നേഹമുള്ളത്‌ ദൈവത്തോടാണ്‌! എനിക്കു സ്വന്തമായി ഒരു ബൈബിളുണ്ട്‌. ദൈവത്തെയും അവന്റെ പുത്രനെയും കുറിച്ചു പഠിക്കാൻ എനിക്ക്‌ എന്തിഷ്ടമാണെന്നോ!”

ഇന്ന്‌ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന്‌ ആളുകൾ സങ്കീർത്തനക്കാരന്റെ ഈ വാക്കുകളോടു പൂർണമായും യോജിക്കുന്നു: “ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലത്‌.” (സങ്കീർത്തനം 73:⁠28) ഇപ്പോൾ അവർ നേരിട്ടുക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ വിജയകരമായി കൈകാര്യം ചെയ്യാനുള്ള സഹായം അവർക്കു ലഭിച്ചിരിക്കുന്നു, കൂടാതെ ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാമെന്ന ഉറച്ച പ്രത്യാശയും അവർക്കുണ്ട്‌. (1 തിമൊഥെയൊസ്‌ 4:⁠8) ‘ദൈവത്തോട്‌ അടുത്തു ചെല്ലുക’ എന്നത്‌ എന്തുകൊണ്ട്‌ നിങ്ങളുടെ ലക്ഷ്യമാക്കിക്കൂടാ? നമുക്ക്‌ ഈ ഉറപ്പു ലഭിച്ചിരിക്കുന്നു: “അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ല.” (പ്രവൃത്തികൾ 17:⁠27) അതേ, ദൈവം തീർച്ചയായും നിങ്ങളെ കുറിച്ചു കരുതലുള്ളവനാണ്‌!

[5-ാം പേജിലെ ചിത്രങ്ങൾ]

നമ്മെ കുറിച്ചുള്ള യഹോവയുടെ കരുതൽ പല വിധങ്ങളിൽ പ്രകടമാണ്‌

[7-ാം പേജിലെ ചിത്രം]

കൊച്ചു കുട്ടികൾക്കു പോലും ദൈവത്തോട്‌ അടുത്തു ചെല്ലാൻ കഴിയും

[7-ാം പേജിലെ ചിത്രങ്ങൾ]

ഇന്ന്‌ യഹോവ സഹിച്ചുനിൽക്കാൻ നമ്മെ പ്രാപ്‌തരാക്കുന്നു. സമയമാകുമ്പോൾ അവൻ രോഗവും മരണവും നീക്കം ചെയ്യും