വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹൃദയവേദനകൾക്കു മധ്യേയും ഒരു സംതൃപ്‌ത ജീവിതം

ഹൃദയവേദനകൾക്കു മധ്യേയും ഒരു സംതൃപ്‌ത ജീവിതം

ജീവിത കഥ

ഹൃദയവേദനകൾക്കു മധ്യേയും ഒരു സംതൃപ്‌ത ജീവിതം

ഓഡ്രി ഹൈഡ്‌ പറഞ്ഞപ്രകാരം

അറുപത്തിമൂന്നു വർഷത്തെ മുഴുസമയ ശുശ്രൂഷയിലേക്ക്‌​—⁠അതിൽ 59 വർഷം യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്ത്‌ ആയിരുന്നു​—⁠പിന്തിരിഞ്ഞു നോക്കവേ എന്റേത്‌ സംതൃപ്‌തികരമായ ഒരു ജീവിതം ആയിരുന്നെന്ന്‌ എനിക്കു പറയാനാകും. അർബുദം ബാധിച്ച്‌ എന്റെ ആദ്യ ഭർത്താവ്‌ ഇഞ്ചിഞ്ചായി മരിക്കുന്നതും രണ്ടാം ഭർത്താവ്‌ അൽസൈമേഴ്‌സ്‌ രോഗത്തിന്റെ ഭീതിജനകമായ ഫലങ്ങളാൽ കഷ്ടപ്പെടുന്നതും കാണേണ്ടിവന്നത്‌ തളർത്തിക്കളയുന്ന അനുഭവങ്ങളായിരുന്നു എന്നതു വാസ്‌തവമാണ്‌. എന്നാൽ ഈ അനർഥങ്ങൾക്കു മധ്യേയും ഞാൻ എന്റെ സന്തോഷം നിലനിറുത്തിയത്‌ എങ്ങനെയെന്ന്‌ നിങ്ങളോടു പറയാം.

നെബ്രാസ്‌ക അതിർത്തിക്ക്‌ അടുത്തുള്ള വടക്കുകിഴക്കൻ കൊളറാഡോയിലെ സമതലപ്രദേശത്തെ കൊച്ചുപട്ടണമായ ഹാക്‌സ്റ്റെനിൽ ഒരു കൃഷിയിടത്തിലായിരുന്നു ഞാൻ വളർന്നത്‌. ഓറിൽ മോക്ക്‌, നീനാ ദമ്പതികളുടെ ആറു മക്കളിൽ അഞ്ചാമത്തവൾ ആയിരുന്നു ഞാൻ. 1913-നും 1920-നും ഇടയിൽ റസ്സലും വേയ്‌നും ക്ലാരയും ആർഡിസും പിറന്നു, പിന്നത്തെ വർഷം ഞാനും. 1925-ൽ കർറ്റിസ്‌ ജനിച്ചു.

1913-ൽ എന്റെ അമ്മ ബൈബിൾ വിദ്യാർഥികളിൽ ഒരാളായി, യഹോവയുടെ സാക്ഷികൾ അന്ന്‌ അങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌. കാലാന്തരത്തിൽ കുടുംബത്തിലെ ബാക്കി ഞങ്ങളെല്ലാവരും സത്യം സ്വീകരിച്ചു.

സമതലപ്രദേശത്തെ ജീവിതം​—⁠ഒരു മുതൽക്കൂട്ട്‌

അച്ഛൻ വലിയ പുരോഗമന ചിന്താഗതിക്കാരൻ ആയിരുന്നു. ഞങ്ങളുടെ കൃഷിയിടത്തിലെ എല്ലാ കെട്ടിടങ്ങളിലും വൈദ്യുത വിളക്കുകൾ ഉണ്ടായിരുന്നു, അക്കാലത്ത്‌ വീടുകളിൽ അതൊക്കെ വളരെ അപൂർവമായേ ഉണ്ടായിരുന്നുള്ളൂ. അതോടൊപ്പം കർഷക കുടുംബങ്ങളിൽ സാധാരണമായ പല സംഗതികളും ഞങ്ങൾ ആസ്വദിച്ചിരുന്നു, സ്വന്തം കോഴിയുടെ മുട്ട, സ്വന്തം പശുവിന്റെ പാൽ, വെണ്ണ, നെയ്യ്‌ അങ്ങനെ പലതും. കുതിരയെ പൂട്ടിയാണ്‌ നിലം ഉഴുതിരുന്നത്‌. സ്‌ട്രോബെറി, ഉരുളക്കിഴങ്ങ്‌, ഗോതമ്പ്‌, ചോളം എന്നിവയൊക്കെ ഞങ്ങൾ കൃഷിചെയ്‌തിരുന്നു.

ഞങ്ങൾ കുട്ടികളെല്ലാം പണിയെടുക്കാൻ പഠിക്കണമെന്ന കാര്യത്തിൽ അച്ഛനു വലിയ നിർബന്ധമുണ്ടായിരുന്നു. സ്‌കൂളിൽ വിടുംമുമ്പേ പറമ്പിൽ പണിയാനാണ്‌ എന്നെ പരിശീലിപ്പിച്ചത്‌. നല്ല വേനൽക്കാലത്ത്‌ പൊരിവെയിലത്തുനിന്ന്‌ തൂമ്പായ്‌ക്കു കള ചെത്തുന്നത്‌ ഞാൻ ഇപ്പോഴും ഓർക്കുന്നു. ‘ഇതിന്റെ മറ്റേ അറ്റത്ത്‌ ഞാൻ എന്നെങ്കിലും ചെന്നെത്തുമോ ആവോ?’ എന്നു നെടുവീർപ്പിട്ടുകൊണ്ടാണ്‌ കിള. വിയർത്തൊലിച്ച്‌ അങ്ങനെ നിൽക്കുമ്പോൾ എവിടുന്നെങ്കിലും ഒരു തേനീച്ചയുടെ കുത്തുകിട്ടിയെന്നും വരും. ചിലപ്പോഴൊക്കെ എനിക്ക്‌ എന്നോടുതന്നെ സഹതാപം തോന്നിയിട്ടുണ്ട്‌, മറ്റു കുട്ടികൾക്കൊന്നും ഞങ്ങളുടെ അത്രയും കഷ്ടപ്പെട്ടു പണി എടുക്കേണ്ടിവരുന്നില്ലല്ലോ എന്നോർത്ത്‌. ഇതൊക്കെയാണെങ്കിലും വാസ്‌തവം പറഞ്ഞാൽ, ഇന്നു കുട്ടിക്കാലത്തേക്കു തിരിഞ്ഞുനോക്കുമ്പോൾ അന്നു പണിയെടുക്കാൻ പഠിച്ചതു നന്നായി എന്നേ ഞാൻ പറയൂ!

ഞങ്ങൾക്കെല്ലാം ഓരോരോ വീട്ടുജോലികൾ നിയമിച്ചു തന്നിരിക്കും. ആർഡിസായിരുന്നു പശുവിനെ കറക്കാൻ എന്നെക്കാൾ മിടുക്കി. അതുകൊണ്ട്‌ ചാണകം വടിച്ച്‌ തൊഴുത്തും ലായവും വൃത്തിയാക്കലായിരുന്നു എന്റെ പ്രധാന പണി. എങ്കിലും കളിയും ബഹളവുമൊക്കെ ആയി നടക്കാനും ഞങ്ങൾക്ക്‌ ഇഷ്ടംപോലെ സമയം കിട്ടിയിരുന്നു. ആർഡിസും ഞാനും ഒരു പ്രാദേശിക ടീമിൽ പന്തു കളിച്ചിരുന്നു. കളിക്കളത്തിൽ വ്യത്യസ്‌ത സ്ഥാനങ്ങളിലായിരുന്നു ഞങ്ങൾ കളിച്ചിരുന്നത്‌.

പുല്ലുനിറഞ്ഞ ആ സമതലങ്ങളിലെ തെളിഞ്ഞ നിശാനഭസ്സ്‌ എത്ര കണ്ടാലും മതിവരില്ല. വാരിവിതറിയതു പോലെ ആയിരമായിരം നക്ഷത്രങ്ങൾ! നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തെ കുറിച്ച്‌ അവ എന്നെ ചിന്തിപ്പിച്ചു. “അവൻ [യഹോവ] നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു” എന്നു പറയുന്ന സങ്കീർത്തനം 147:⁠4-നെ കുറിച്ച്‌ കൊച്ചുകുട്ടിയായിരുന്നെങ്കിലും ഞാൻ ചിന്തിക്കുമായിരുന്നു. അത്തരം രാവുകളിൽ എനിക്കു കൂട്ട്‌ ഞങ്ങളുടെ വളർത്തുനായ ജഡ്‌ജ്‌ ആയിരുന്നു. എന്റെ മടിയിൽ അവൻ തലവെച്ചു കിടക്കുന്നത്‌ ഞാൻ ഇപ്പോഴും ഓർക്കുന്നു. ഇളങ്കാറ്റ്‌ തിരയിളക്കുന്ന വിളവെത്താത്ത ഗോതമ്പുപാടത്തേക്കു നോക്കി ഉച്ചകഴിഞ്ഞ്‌ പലപ്പോഴും ഞാൻ വീടിന്റെ പൂമുഖത്ത്‌ ഇരിക്കുമായിരുന്നു. വെയിലേറ്റ്‌ വെള്ളികണക്കെ അവ വെട്ടിത്തിളങ്ങുന്നതു കാണാൻ എന്തു രസമായിരുന്നെന്നോ!

അമ്മയുടെ ഉത്തമ മാതൃക

സ്‌നേഹമയിയും കഠിനാധ്വാനിയുമായ ഒരു വീട്ടമ്മ ആയിരുന്നു ഞങ്ങളുടെ അമ്മ. കുടുംബത്തിലെ കാരണവർ എന്ന രീതിയിലായിരുന്നു അച്ഛന്റെ രീതികൾ. അദ്ദേഹത്തെ ബഹുമാനിക്കാൻ അമ്മ ഞങ്ങളെ പഠിപ്പിച്ചു. 1939-ൽ അദ്ദേഹവും യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീർന്നു. കൊഞ്ചിക്കുകയൊന്നും ചെയ്യാതെ ഞങ്ങളെക്കൊണ്ടു നന്നായി പണിയെടുപ്പിക്കുമായിരുന്നെങ്കിലും അച്ഛനു ഞങ്ങളെ ജീവനായിരുന്നെന്ന്‌ ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. ഹിമമണിഞ്ഞ ശിശിരകാലത്ത്‌, കുതിരകളെ പൂട്ടിയ, തെന്നിനീങ്ങുന്ന മഞ്ഞുവണ്ടിയിൽ അച്ഛൻ പലപ്പോഴും ഞങ്ങളെ ചുറ്റിയടിക്കാൻ കൊണ്ടുപോകുമായിരുന്നു. എങ്ങും പളുപളാ തിളങ്ങുന്ന തുഷാരം, ഹാ, അതൊക്കെ ഞങ്ങൾ എന്തുമാത്രം ആസ്വദിച്ചിരുന്നെന്നോ!

എന്നാൽ ദൈവത്തെ സ്‌നേഹിക്കാനും ബൈബിളിനെ ആദരിക്കാനും ഞങ്ങളെ പഠിപ്പിച്ചത്‌ അമ്മയായിരുന്നു. ദൈവത്തിന്റെ പേര്‌ യഹോവ എന്നാണെന്നും അവനാണ്‌ ജീവദാതാവെന്നും ഞങ്ങൾ പഠിച്ചു. (സങ്കീർത്തനം 36:9; 83:18) മാത്രമല്ല, അവൻ നമുക്കു മാർഗനിർദേശങ്ങൾ പ്രദാനം ചെയ്‌തിരിക്കുന്നത്‌ നമ്മുടെ സന്തോഷം കെടുത്തിക്കളയാനല്ല, പിന്നെയോ നമ്മുടെ പ്രയോജനത്തിനു വേണ്ടിയാണെന്നും ഞങ്ങൾ തിരിച്ചറിഞ്ഞു. (യെശയ്യാവു 48:17) നമുക്ക്‌ ഒരു വിശേഷപ്പെട്ട വേല ചെയ്യാനുണ്ട്‌ എന്ന വസ്‌തുതയ്‌ക്ക്‌ ഊന്നൽ നൽകി അമ്മ എപ്പോഴും സംസാരിക്കുമായിരുന്നു. യേശു തന്റെ അനുഗാമികളോട്‌ പിൻവരുന്ന പ്രകാരം പറഞ്ഞു എന്നു ഞങ്ങൾ മനസ്സിലാക്കി: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”​—⁠മത്തായി 24:14.

കുഞ്ഞുന്നാളിൽ സ്‌കൂളിൽനിന്നു വരുമ്പോൾ അമ്മ വീട്ടിലില്ലെങ്കിൽ, ഞാൻ അമ്മയെ അന്വേഷിച്ച്‌ ഇറങ്ങുമായിരുന്നു. എനിക്ക്‌ ആറോ ഏഴോ വയസ്സുള്ളപ്പോൾ ഒരു ദിവസം, ഞാൻ അമ്മയെ വൈക്കോൽപ്പുരയിൽ കണ്ടെത്തി. പെട്ടെന്ന്‌ മഴ തിമിർത്തു. ഞാൻ അമ്മയോടു ചോദിച്ചു: ‘അമ്മേ, ദൈവം പിന്നെയും പ്രളയം വരുത്തുകയാണോ?’ മറ്റൊരു പ്രളയത്താൽ ഇനിയൊരിക്കലും ഭൂമിയെ നശിപ്പിക്കില്ല എന്ന്‌ ദൈവം വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്ന്‌ അമ്മ എനിക്ക്‌ ഉറപ്പു നൽകി. നാട്ടിൽ ചുഴലിക്കൊടുങ്കാറ്റ്‌ സാധാരണമായിരുന്നതിനാൽ ഭൂഗർഭ അറയിലേക്കു പലപ്പോഴും ഓടിക്കയറിയിരുന്നത്‌ ഞാൻ ഇപ്പോഴും ഓർക്കുന്നു.

ഞാൻ ജനിക്കും മുമ്പേ അമ്മ പ്രസംഗവേലയിൽ ഏർപ്പെട്ടു തുടങ്ങിയിരുന്നു. കുറെ ആളുകൾ ഞങ്ങളുടെ വീട്ടിൽ കൂടിവരുമായിരുന്നു, ക്രിസ്‌തുവിനോടുകൂടെ സ്വർഗത്തിൽ വാഴാൻ പ്രത്യാശ ഉള്ളവരായിരുന്നു അവരെല്ലാം. വീടുതോറുമുള്ള വേല അമ്മയെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി ആയിരുന്നെങ്കിലും ദൈവത്തോടുള്ള സ്‌നേഹം ആ ഭയത്തെ കീഴടക്കാൻ അമ്മയെ സഹായിച്ചു. 1969 നവംബർ 24-ന്‌ 84-ാമത്തെ വയസ്സിൽ മരിക്കുംവരെ അമ്മ വിശ്വസ്‌തത കാത്തു. “അമ്മേ, അമ്മ സ്വർഗത്തിലേക്കു പോകുകയാണ്‌, അവിടെ അമ്മയ്‌ക്ക്‌ അറിയാവുന്നവരോടൊപ്പം ആയിരിക്കും ഇനിയുള്ള കാലം,” ഞാൻ അമ്മയുടെ കാതിൽ മന്ത്രിച്ചു. ആ അവസരത്തിൽ കൂടെ ഉണ്ടായിരിക്കാനും അമ്മയുടെ പ്രത്യാശയിലുള്ള എന്റെ വിശ്വാസത്തെ കുറിച്ച്‌ അമ്മയോടു പറയാനും സാധിച്ചതിൽ ഞാൻ എത്രയധികം സന്തോഷിച്ചെന്നോ! “നീയെത്ര നല്ലവളാണ്‌ കുട്ടീ,” അമ്മയുടെ ചുണ്ടുകൾ മന്ദമായി ചലിച്ചു.

ഞങ്ങൾ ശുശ്രൂഷ ആരംഭിക്കുന്നു

1939-ൽ റസ്സൽ ഒരു പയനിയർ ആയിത്തീർന്നു, യഹോവയുടെ സാക്ഷികൾക്കിടയിലെ മുഴുസമയ ശുശ്രൂഷകർ അങ്ങനെയാണ്‌ അറിയപ്പെടുന്നത്‌. ഓക്‌ലഹോമയിലും നെബ്രാസ്‌കയിലും 1944 വരെ അദ്ദേഹം പയനിയറിങ്‌ ചെയ്‌തു. തുടർന്ന്‌ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള, യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്ത്‌ (ബെഥേൽ എന്ന്‌ അറിയപ്പെടുന്നു) സേവിക്കാൻ അദ്ദേഹത്തിനു ക്ഷണം ലഭിച്ചു. 1941 സെപ്‌റ്റംബർ 20-ന്‌ ഞാൻ പയനിയറിങ്‌ ആരംഭിച്ചു, കോളറാഡോ, കൻസാസ്‌, നെബ്രാസ്‌ക എന്നിവിടങ്ങളിലെ പല സ്ഥലങ്ങളിലും സേവിച്ചു. സന്തോഷനിർഭരം ആയിരുന്നു ആ നാളുകൾ, യഹോവയെ കുറിച്ചു പഠിക്കാൻ മറ്റുള്ളവരെ സഹായിച്ചതോടൊപ്പം അവനിൽ ആശ്രയിക്കാൻ ഞാനും പഠിച്ചു.

ഇടയ്‌ക്ക്‌ കുറച്ചുകാലം ലൗകിക ജോലി ചെയ്‌ത വേയ്‌ൻ, റസ്സൽ പയനിയറിങ്‌ തുടങ്ങുന്ന സമയത്ത്‌ ഐക്യനാടുകളുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഒരു കോളജിൽ ചേർന്ന്‌ പഠിക്കുകയായിരുന്നു. പിന്നീട്‌ വേയ്‌നിന്‌ ബെഥേലിലേക്കു ക്ഷണം ലഭിച്ചു. ന്യൂയോർക്കിലെ ഇത്തിക്കയ്‌ക്കടുത്തു സ്ഥിതിചെയ്യുന്ന രാജ്യ കൃഷിയിടത്തിൽ അദ്ദേഹം കുറെക്കാലം സേവിച്ചു. കൃഷിയിടത്തിൽ വേലചെയ്‌തിരുന്ന ചെറിയ കൂട്ടത്തിനും ബ്രുക്ലിൻ ബെഥേലിലെ 200-ഓളം അംഗങ്ങൾക്കുമുള്ള ആഹാരം അവിടെ ഉത്‌പാദിപ്പിച്ചിരുന്നു. 1988-ൽ മരിക്കുന്നതുവരെ വേയ്‌ൻ തന്റെ കഴിവുകളും പ്രവൃത്തിപരിചയവും യഹോവയുടെ സേവനത്തിൽ ഉപയോഗിച്ചു.

എന്റെ സഹോദരി ആർഡിസ്‌, ജെയിംസ്‌ കേണിനെ വിവാഹം ചെയ്‌തു. അവർക്ക്‌ അഞ്ചു മക്കളുണ്ട്‌. 1997-ൽ ആർഡിസ്‌ മരിച്ചു. എന്റെ മറ്റേ സഹോദരി ക്ലാര ഇന്നോളം യഹോവയോടു വിശ്വസ്‌തത പാലിച്ചിരിക്കുന്നു. ഇപ്പോഴും അവധിക്കാലത്ത്‌ ഞാൻ കൊളറാഡോയിൽ അവരുടെ വീട്ടിൽ പോകാറുണ്ട്‌. ഞങ്ങളുടെ ഏറ്റവും ഇളയ സഹോദരൻ കർറ്റിസ്‌ 1947-ൽ ബ്രുക്ലിൻ ബെഥേലിൽ എത്തി. രാജ്യ കൃഷിയിടത്തിനും ബ്രുക്ലിനും ഇടയിൽ അവൻ ചരക്കുത്‌പന്നങ്ങൾ കയറ്റിയ ട്രക്ക്‌ ഓടിച്ചിരുന്നു. അവൻ അവിവാഹിതനായി ജീവിച്ചു, 1971-ൽ മരണമടഞ്ഞു.

എന്റെ ആഗ്രഹം​—⁠ബെഥേൽ സേവനം

എന്റെ മൂത്ത ആങ്ങളമാർ നേരത്തേതന്നെ ബെഥേലിൽ ആയിരുന്നതുകൊണ്ട്‌ എനിക്കും അവിടെ പോകണമെന്നായിരുന്നു മോഹം. അവർ വെച്ച നല്ല മാതൃകയാണ്‌ എനിക്കു ക്ഷണം ലഭിക്കാൻ ഇടയാക്കിയത്‌ എന്ന്‌ എനിക്കുറപ്പുണ്ട്‌. ദൈവത്തിന്റെ സംഘടനയുടെ ചരിത്രം അമ്മ പറയാറുള്ളത്‌ കേട്ടതും അന്ത്യനാളുകളെ കുറിച്ചുള്ള ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തി സ്വന്തകണ്ണാൽ കണ്ടതും ബെഥേലിൽ സേവിക്കാനുള്ള ഒരു ആഗ്രഹം എന്നിൽ ഊട്ടിവളർത്തി. ഞാൻ പ്രാർഥനയിൽ യഹോവയോട്‌ ഇങ്ങനെ നേർന്നു: ‘ദൈവമേ, ബെഥേലിൽ സേവിക്കാൻ നീയെന്നെ അനുവദിച്ചാൽ, എനിക്കു നിറവേറ്റേണ്ട മറ്റു ക്രിസ്‌തീയ ഉത്തരവാദിത്വങ്ങൾ ഇല്ലാത്തപക്ഷം ഞാൻ ഒരിക്കലും അവിടംവിട്ടു പോകില്ല.’

1945 ജൂൺ 20-ന്‌ ഞാൻ ബെഥേലിൽ എത്തി. ഒരു ഹൗസ്‌കീപ്പർ ആയിട്ടായിരുന്നു നിയമനം. പ്രതിദിനം 13 മുറികൾ ശുചിയാക്കുകയും 26 കിടക്കകൾ മാറ്റിവിരിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു, ഒപ്പം ഇടനാഴികളും ഗോവണിപ്പടികളും ജനാലകളും തുടച്ചു വൃത്തിയാക്കുകയും വേണം. കഠിനമായി അധ്വാനിക്കണമായിരുന്നു. ജോലിക്കിടയിൽ എന്നും ഞാൻ എന്നെത്തന്നെ ഇങ്ങനെ ഓർമിപ്പിക്കുമായിരുന്നു, ‘ഓഡ്രീ, തളർന്നുവല്ലേ, പക്ഷേ നീ ബെഥേലിലാണ്‌, ദൈവത്തിന്റെ ഭവനത്തിൽ!’

എന്റെ ബെഥേൽ സേവനത്തിന്റെ തുടക്കത്തിൽത്തന്നെ, ഞാൻ ശരിക്കൊന്നു ചമ്മിയ, രസകരമായ ഒരു സംഭവം ഉണ്ടായി. ഗ്രാമത്തിൽ വളർന്നതുകൊണ്ട്‌, പട്ടണത്തിലുള്ള പല കാര്യങ്ങളെ കുറിച്ചും എനിക്കു കേട്ടുകേൾവി പോലുമില്ലായിരുന്നു. ‘ഡംവെയിറ്റർ’ (അക്ഷരീയ അർഥം ‘മണ്ടൻ വിളമ്പുകാരൻ’) എന്നു പറയുന്നത്‌ ബഹുനില കെട്ടിടങ്ങളിൽ ഒരു നിലയിൽനിന്നു മറ്റൊന്നിലേക്കു സാധനങ്ങൾ കൊണ്ടുപോകാനുള്ള ഒരുതരം ചെറിയ ലിഫ്‌റ്റ്‌ ആണെന്ന്‌ എനിക്ക്‌ അറിയില്ലായിരുന്നു. ഒരു ദിവസം ജോലിക്കിടയിൽ എനിക്കൊരു ഫോൺവന്നു, ‘ഡംവെയിറ്റർ അവിടെയുണ്ടെങ്കിൽ താഴേക്കു വിടണേ.’ ഇത്രയും പറഞ്ഞിട്ട്‌ വിളിച്ച ആൾ ഫോൺവെച്ചു. ‘അതാരാ, ഡംവെയിറ്റർ,’ ഞാൻ നിന്നു കുഴങ്ങി. പെട്ടെന്നാണ്‌ ഞാൻ ഓർത്തത്‌, ഞാൻ ഹൗസ്‌കീപ്പിങ്‌ ചെയ്യുന്ന നിലയിൽ വെയിറ്ററായി നിയമനമുള്ള ഒരു സഹോദരൻ താമസമുണ്ട്‌. നേരെ അങ്ങോട്ടു വെച്ചുപിടിച്ചു. കതകിൽ മുട്ടിവിളിച്ചിട്ടു പറഞ്ഞു: “സഹോദരനെ ദേ, താഴെ കിച്ചണിൽ അന്വേഷിക്കുന്നു.”

നേഥൻ നോറുമായുള്ള വിവാഹം

ബെഥേൽ അംഗങ്ങളിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ ബെഥേൽ വിട്ടുപോയി മറ്റെവിടെയെങ്കിലും സേവനം തുടരാം എന്നതായിരുന്നു 1920-കൾ മുതലുള്ള രീതി. എന്നാൽ 1950-കളുടെ ആരംഭത്തിൽ, കുറേനാളായി ബെഥേലിൽ സേവിക്കുന്ന ചിലർക്ക്‌ വിവാഹം കഴിക്കാനും അവിടെത്തന്നെ തുടരാനും അനുവാദം ലഭിച്ചു. അതുകൊണ്ട്‌, ലോകവ്യാപക വേലയ്‌ക്ക്‌ അന്ന്‌ നേതൃത്വമെടുത്തിരുന്ന നേഥൻ എച്ച്‌. നോർ എന്നെ വിവാഹം ചെയ്യാൻ താത്‌പര്യം പ്രകടിപ്പിച്ചപ്പോൾ ഞാൻ ചിന്തിച്ചു: ‘ഇതാ, ബെഥേൽ വിട്ടുപോകേണ്ടി വരില്ലാത്ത ഒരാൾ!’

യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക വേലയ്‌ക്കു ചുക്കാൻ പിടിക്കുന്ന വ്യക്തിയെന്ന നിലയിൽ നേഥന്‌ എടുപ്പതു ജോലിയുണ്ടായിരുന്നു. അതുകൊണ്ട്‌, അദ്ദേഹത്തിന്റെ വിവാഹാഭ്യർഥന സ്വീകരിക്കുന്നതിനു മുമ്പ്‌ നന്നായി ആലോചിക്കേണ്ടതിന്റെ കാരണങ്ങളെ കുറിച്ച്‌ അദ്ദേഹം എന്നോടു മനസ്സുതുറന്നു സംസാരിച്ചു. യഹോവയുടെ സാക്ഷികളുടെ ലോകമെമ്പാടുമുള്ള ബ്രാഞ്ച്‌ ഓഫീസുകൾ സന്ദർശിച്ചുകൊണ്ട്‌ അദ്ദേഹം അന്നൊക്കെ ധാരാളം യാത്ര ചെയ്‌തിരുന്നു. ചിലപ്പോൾ ആഴ്‌ചകൾക്കു ശേഷമായിരിക്കും മടങ്ങിയെത്തുന്നത്‌. അതുകൊണ്ട്‌ നീണ്ട സമയം അകന്നിരിക്കേണ്ടിവരും എന്ന്‌ അദ്ദേഹം വിശദീകരിച്ചു.

ഒരായിരം പൂക്കൾ വിരിയുന്ന ഒരു വസന്തകാലത്ത്‌ മണവാട്ടിയാകുന്നതിനെ കുറിച്ചും ശാന്തസമുദ്രത്തിലെ ഹവായ്‌ ദ്വീപുകളിൽ മധുവിധു ആഘോഷിക്കുന്നതിനെ കുറിച്ചുമൊക്കെ നവയൗവനത്തിൽ ഞാൻ കിനാവു നെയ്‌തിരുന്നു. എന്നിട്ടോ? 1953 ജനുവരി 31-ന്‌ മരംകോച്ചുന്ന തണുപ്പത്ത്‌ ഞങ്ങൾ വിവാഹിതരായി; ശനിയാഴ്‌ച ഉച്ചകഴിഞ്ഞും ഞായറാഴ്‌ചയുമായി ന്യൂ ജേഴ്‌സിയിൽ മധുവിധു ആഘോഷിച്ചു. തിങ്കളാഴ്‌ച മുതൽ വീണ്ടും ബെഥേൽ ജോലികളിലേക്ക്‌. എങ്കിലും ആറേഴുദിവസത്തിനു ശേഷം ഒരാഴ്‌ചത്തെ അവധി ഞങ്ങൾ തരപ്പെടുത്തിയെടുത്തു, കേട്ടോ.

കഠിനാധ്വാനിയായ ഒരു കൂട്ടുകാരൻ

1923-ൽ ബെഥേലിൽ എത്തുമ്പോൾ നേഥന്‌ 18 വയസ്സായിരുന്നു. സാക്ഷികളുടെ വേലയ്‌ക്ക്‌ നേതൃത്വമെടുത്തിരുന്ന ജോസഫ്‌ എഫ്‌. റഥർഫോർഡ്‌, പ്രിന്ററി മാനേജർ ആയിരുന്ന റോബർട്ട്‌ ജെ. മാർട്ടിൻ എന്നിങ്ങനെയുള്ള പഴമക്കാരിൽനിന്ന്‌ അദ്ദേഹത്തിനു വിലയേറിയ പരിശീലനം ലഭിച്ചു. 1932 സെപ്‌റ്റംബറിൽ മാർട്ടിൻ സഹോദരൻ മരിച്ചപ്പോൾ നേഥൻ പ്രിന്ററി മാനേജർ ആയിത്തീർന്നു. പിറ്റേ വർഷം, യൂറോപ്പിലുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചുകൾ സന്ദർശിക്കാൻ പോയപ്പോൾ റഥർഫോർഡ്‌ സഹോദരൻ നേഥനെയും കൂടെക്കൂട്ടി. 1942 ജനുവരിയിൽ റഥർഫോർഡ്‌ സഹോദരൻ മരിച്ചപ്പോൾ യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക വേലയുടെ ഭാരവാഹിത്വം നേഥന്റെ ചുമലിലായി.

നേഥൻ ആളൊരു ദീർഘദർശി ആയിരുന്നു. അദ്ദേഹം എല്ലായ്‌പോഴും ഭാവിക്കായി ആസൂത്രണം ചെയ്‌തിരുന്നു. എന്നാൽ വ്യവസ്ഥിതിയുടെ സമാപനം വളരെ അടുത്താണെന്നു ചിന്തിച്ചിരുന്നതിനാൽ എല്ലാവർക്കുമൊന്നും അതിനോടു യോജിക്കാനായില്ല. നേഥൻ തയ്യാറാക്കിയ ചില ഭാവി പദ്ധതികൾ കണ്ട്‌ ഒരിക്കൽ ഒരു സഹോദരൻ ചോദിച്ചു: ‘എന്തായിത്‌ നോർ സഹോദരാ? വിശ്വാസമൊക്കെ പൊയ്‌പോയെന്നുണ്ടോ?” “വിശ്വാസമൊക്കെയുണ്ട്‌, പക്ഷേ നാം വിചാരിക്കുന്നത്ര പെട്ടെന്ന്‌ അന്ത്യം വരുന്നില്ലെങ്കിൽ, അപ്പോഴും നാം ഒരുങ്ങിയിരിക്കുകയായിരിക്കും” എന്നായിരുന്നു നേഥന്റെ മറുപടി.

മിഷനറിമാർക്കു വേണ്ടി ഒരു സ്‌കൂൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ച്‌ നേഥന്‌ ശക്തമായ ബോധ്യമുണ്ടായിരുന്നു. അങ്ങനെ, 1943 ഫെബ്രുവരി 1-ന്‌ എന്റെ ആങ്ങള വേയ്‌ൻ സേവിച്ചിരുന്ന രാജ്യ കൃഷിയിടത്തിൽ ഒരു മിഷനറി സ്‌കൂൾ ആരംഭിച്ചു. ഏകദേശം അഞ്ചു മാസത്തെ കൂലങ്കഷമായ ബൈബിൾ പഠനമായിരുന്നു പാഠ്യപദ്ധതിയിൽ. എന്നുവരികിലും വിദ്യാർഥികൾക്ക്‌ ഇടയ്‌ക്കൊക്കെ കുറച്ചു വിനോദം നേഥൻ ഉറപ്പാക്കി. ആദ്യകാലത്തൊക്കെ അദ്ദേഹവും പന്തുകളിക്കാൻ കൂടുമായിരുന്നു. പക്ഷേ പിന്നീട്‌ പരിക്ക്‌ ഭയന്ന്‌ അദ്ദേഹം പിന്മാറി, വേനൽക്കാലത്തെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിൽ പങ്കെടുക്കാൻ പറ്റാതെ പോയാലോ എന്നായിരുന്നു ചിന്ത. പകരം അദ്ദേഹം അമ്പയർ കുപ്പായമണിഞ്ഞു. വിദേശത്തുനിന്നുള്ള വിദ്യാർഥികൾക്ക്‌ അനുകൂലമായി കളിയുടെ നിയമങ്ങൾ മാറ്റിമറിച്ചുകൊണ്ട്‌ അദ്ദേഹം വിധി പ്രഖ്യാപിച്ചിരുന്നത്‌ എല്ലാവർക്കും ഒരു രസമായിരുന്നു.

നേഥനോടൊപ്പമുള്ള യാത്രകൾ

കാലക്രമേണ ഞാനും നേഥന്റെ വിദേശ യാത്രകളിൽ അദ്ദേഹത്തെ അനുഗമിക്കാൻ തുടങ്ങി. മിഷനറിമാരോടും ബ്രാഞ്ചുകളിലെ സ്വമേധയാ സേവകരോടുമൊപ്പം അനുഭവങ്ങൾ പങ്കുവെക്കുന്നത്‌ ഞാൻ ആസ്വദിച്ചു. അവരുടെ സ്‌നേഹവും ഭക്തിയും നേരിട്ടു കണ്ടറിയാൻ എനിക്ക്‌ അവസരം ലഭിച്ചു, അവരുടെ ചര്യകളെയും നിയമിത ദേശങ്ങളിലെ ജീവിത സാഹചര്യങ്ങളെയും കുറിച്ചും എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു. അത്തരം സന്ദർശനങ്ങൾക്കു നന്ദി പറഞ്ഞുകൊണ്ടുള്ള ധാരാളം കത്തുകൾ വർഷങ്ങളിൽ ഉടനീളം എനിക്കു കിട്ടിയിട്ടുണ്ട്‌.

ഞങ്ങളുടെ യാത്രകളെ കുറിച്ച്‌ അയവിറക്കുമ്പോൾ നിരവധി അനുഭവങ്ങൾ മനസ്സിലേക്ക്‌ ഓടിയെത്തുന്നുണ്ട്‌. ദൃഷ്ടാന്തത്തിന്‌, ഞങ്ങൾ പോളണ്ട്‌ സന്ദർശിച്ചപ്പോൾ, അടുത്തുനിന്ന രണ്ടു സഹോദരിമാർ തമ്മിൽ എന്തോ അടക്കം പറയുന്നത്‌ ഞാൻ കണ്ടു. “നിങ്ങൾ എന്താ ഈ കുശുകുശുക്കുന്നത്‌?” ഞാൻ ചോദിച്ചു. പോളണ്ടിൽ യഹോവയുടെ സാക്ഷികളുടെ വേല നിരോധിച്ചിരുന്നതിനാൽ അവരുടെയെല്ലാം വീടുകളിൽ ഗവൺമെന്റ്‌ ഉദ്യോഗസ്ഥർ സംഭാഷണം പിടിച്ചെടുക്കാൻ രഹസ്യമായി മൈക്രോഫോൺ ഘടിപ്പിച്ചിരുന്നെന്നും അങ്ങനെ അടക്കം പറയൽ തങ്ങളുടെ ശീലമായിപ്പോയെന്നും പറഞ്ഞുകൊണ്ട്‌ അവർ എന്നോടു ക്ഷമചോദിച്ചു.

നിരോധനകാലത്ത്‌ പോളണ്ടിൽ സേവിച്ചിരുന്നവരിൽ ഒരാളായിരുന്നു ആഡാ സഹോദരി. മുടി നല്ല ചുരുണ്ടിട്ടാണ്‌, നെറ്റിയിലേക്കു വീണുകിടക്കുന്ന വിധത്തിൽ അത്‌ മുമ്പിൽ മുറിച്ചിട്ടിരുന്നു. ഒരിക്കൽ മുടി അൽപ്പം മാറ്റിയിട്ട്‌ സഹോദരി എനിക്കൊരു കാര്യം കാണിച്ചുതന്നു. ആഴത്തിലുള്ള ഒരു മുറിപ്പാട്‌, ഏതോ ഒരു പീഡകൻ സഹോദരിയെ അടിച്ചതാണ്‌. നമ്മുടെ സഹോദരീസഹോദരന്മാർക്ക്‌ അനുഭവിക്കേണ്ടിവന്നിട്ടുള്ള മൃഗീയമായ പെരുമാറ്റങ്ങളുടെ ഫലങ്ങൾ നേരിൽ കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി.

ബെഥേൽ കഴിഞ്ഞാൽ എന്റെ പ്രിയപ്പെട്ട സ്ഥലം ഹവായിയാണ്‌. 1957-ൽ ഹവായിയിലെ ഹിലോ നഗരത്തിൽവെച്ചു നടത്തപ്പെട്ട കൺവെൻഷൻ ഞാൻ ഓർക്കുന്നു. അതൊരു അവിസ്‌മരണീയ അനുഭവമായിരുന്നു. പ്രാദേശിക സാക്ഷികളുടെ എണ്ണത്തെക്കാൾ വളരെ കൂടുതലായിരുന്നു ഹാജർ. നഗര മേയർ പോലും നേഥന്‌ തങ്ങളുടെ നാട്ടിലേക്ക്‌ ഔദ്യോഗികമായി സ്വാഗതമരുളി. പലരുംവന്ന്‌ ഞങ്ങളെ പുഷ്‌പഹാരങ്ങൾ അണിയിച്ച്‌ അഭിവാദനം ചെയ്‌തു.

1955-ൽ ജർമനിയിലെ ന്യൂറംബെർഗിൽ നടന്നതാണ്‌ ചിരസ്‌മരണീയമായ മറ്റൊരു കൺവെൻഷൻ. മുമ്പ്‌ ഹിറ്റ്‌ലറിന്റെ പരേഡ്‌ ഗ്രൗണ്ടായിരുന്ന സ്ഥലത്തുവെച്ചാണ്‌ അതു നടത്തപ്പെട്ടത്‌. യഹോവയുടെ ജനത്തെ ജർമനിയിൽനിന്ന്‌ ഉന്മൂലനം ചെയ്യുമെന്ന്‌ ഹിറ്റ്‌ലർ ശപഥമെടുത്തിരുന്ന കാര്യം പരക്കെ അറിവുള്ളതാണ്‌, എന്നാൽ ഇപ്പോഴിതാ അതേ സ്റ്റേഡിയത്തിൽ യഹോവയുടെ സാക്ഷികൾ തിങ്ങിനിറഞ്ഞിരിക്കുന്നു! എനിക്ക്‌ സന്തോഷാശ്രുക്കൾ പിടിച്ചുനിറുത്താനായില്ല. ഒരു പടുകൂറ്റൻ സ്റ്റേജ്‌, അതിന്റെ പ്രൗഢഗംഭീരമായ പശ്ചാത്തലത്തിൽ 144 വലിയ തൂണുകൾ. ഞാൻ സ്റ്റേജിൽ ആയിരുന്നതുകൊണ്ട്‌ 1,07,000-ത്തിലധികം വരുന്ന വലിയ സദസ്സിനെ എനിക്കു നോക്കിക്കാണാൻ കഴിഞ്ഞു. അവസാനത്തെ നിരയൊന്നും കാണാൻതന്നെ കഴിയില്ലായിരുന്നു.

ജർമനിയിലുള്ള നമ്മുടെ സഹോദരങ്ങളുടെ ദൃഢവിശ്വസ്‌തതയും നാസി ഭരണകാലത്തെ പീഡനത്തിന്റെ നാളുകളിൽ യഹോവയിൽനിന്ന്‌ അവർക്കു ലഭിച്ച ശക്തിയും ഞങ്ങൾക്ക്‌ അനുഭവവേദ്യമായി. നിർമലത പാലിക്കാനും യഹോവയോടുള്ള ദൃഢവിശ്വസ്‌തത കാത്തുസൂക്ഷിക്കാനുമുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തെ അത്‌ അരക്കിട്ടുറപ്പിച്ചു. ഉപസംഹാര പ്രസംഗം നടത്തിയത്‌ നേഥനായിരുന്നു. പ്രസംഗത്തിനൊടുവിൽ വിടപറഞ്ഞുകൊണ്ട്‌ അദ്ദേഹം കൈവീശി. പൊടുന്നനെ സദസ്സ്‌ പ്രതികരിച്ചു, യാത്രാമംഗളങ്ങൾ നേരാനെന്നവണ്ണം അവർ തങ്ങളുടെ കൈലേസ്സുകൾ ഉയർത്തിവീശി. പൂത്തുലഞ്ഞ ഒരു വയലിൽ നിൽക്കുന്ന പ്രതീതിയായിരുന്നു എനിക്കപ്പോൾ!

1974 ഡിസംബറിലെ പോർച്ചുഗൽ സന്ദർശനവും എനിക്കു മറക്കാനാവില്ല. ലിസ്‌ബണിൽ നമ്മുടെ പ്രസംഗവേലയ്‌ക്കു നിയമാംഗീകാരം ലഭിച്ചശേഷം നടത്തപ്പെട്ട ആദ്യ യോഗത്തിന്‌ ഞങ്ങളും ഉണ്ടായിരുന്നു. 50 വർഷം അതു നിരോധിക്കപ്പെട്ടിരുന്നു! അന്ന്‌ ആ രാജ്യത്ത്‌ 14,000 രാജ്യ പ്രസാധകർ മാത്രമാണ്‌ ഉണ്ടായിരുന്നതെങ്കിലും 46,000-ലധികം ആളുകൾ ആ രണ്ടു യോഗങ്ങൾക്കായി കൂടിവന്നു. “ഞങ്ങൾക്കിനി ഒളിച്ചുംപാത്തും യോഗങ്ങൾ നടത്തേണ്ടല്ലോ, ഞങ്ങൾ ഇനി സ്വതന്ത്രരാണ്‌” എന്ന്‌ സഹോദരങ്ങൾ പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

നേഥനോടൊപ്പം യാത്ര ചെയ്‌തിരുന്ന കാലംമുതൽ ഇന്നുവരെയും ഞാൻ അനൗപചാരിക സാക്ഷീകരണം ആസ്വദിച്ചിട്ടുണ്ട്‌, വിമാനത്തിലും റെസ്റ്ററന്റുകളിലും എല്ലാം. തെരുവു സാക്ഷീകരണവും എനിക്ക്‌ ഇഷ്ടമാണ്‌. ഞാൻ എല്ലായ്‌പോഴും കുറച്ചു സാഹിത്യം കൂടെക്കരുതാറുണ്ട്‌. ഒരിക്കൽ, വൈകിയ വിമാനത്തിനായി കാത്തുനിൽക്കവേ, എവിടെയാണ്‌ ജോലിചെയ്യുന്നത്‌ എന്ന്‌ ഒരു സ്‌ത്രീ എന്നോടു ചോദിച്ചു. അത്‌ ഒരു സംഭാഷണത്തിലേക്കു നയിച്ചു, അവരും അടുത്തുണ്ടായിരുന്ന മറ്റുള്ളവരും ശ്രദ്ധിച്ചു. ബെഥേൽ സേവനവും പ്രസംഗപ്രവർത്തനവും എന്നെ എല്ലായ്‌പോഴും തിരക്കുള്ളവളും വളരെ സന്തോഷവതിയും ആക്കി നിലനിറുത്തിയിരിക്കുന്നു.

രോഗവും വിടപറയുംമുമ്പുള്ള പ്രോത്സാഹനവും

1976-ൽ അർബുദം ബാധിച്ച്‌ നേഥൻ കിടപ്പിലായി. ആ സമയത്ത്‌ ഞാനും മറ്റു ബെഥേൽ അംഗങ്ങളും അദ്ദേഹത്തിനു തുണയായി. അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചുവരികയായിരുന്നെങ്കിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബ്രാഞ്ച്‌ ഓഫീസുകളിൽനിന്ന്‌ ബ്രുക്ലിനിൽ പരിശീലനത്തിനു വന്നിരുന്ന സഹോദരങ്ങളെ ഞങ്ങൾ മുറിയിലേക്കു ക്ഷണിക്കുമായിരുന്നു. ഡോൺ സ്റ്റിയെലും ഭാര്യ എർലിനും, ലോയ്‌ഡ്‌ ബാരിയും മെൽബയും, ഡഗ്ലസ്‌ ഗെസ്റ്റും മേരിയും, മാർട്ടിൻ പൊയെറ്റ്‌സിങ്ങറും ഗെർട്രൂഡും, പ്രൈസ്‌ ഹ്യൂസും അങ്ങനെ പലരും ഞങ്ങളെ സന്ദർശിച്ചിട്ടുള്ളത്‌ ഞാൻ ഓർക്കുന്നു. മിക്കപ്പോഴും അവരെല്ലാം തങ്ങളുടെ രാജ്യത്തെ ചില അനുഭവങ്ങൾ ഞങ്ങളുമായി പങ്കുവെച്ചിരുന്നു. നിരോധനത്തിൻ കീഴിൽ നമ്മുടെ സഹോദരങ്ങൾ പ്രകടമാക്കുന്ന അചഞ്ചല ഭക്തിയോടു ബന്ധപ്പെട്ട അനുഭവങ്ങൾ എന്നെ വിശേഷാൽ സ്വാധീനിച്ചിട്ടുണ്ട്‌.

തന്റെ മരണം ആസന്നമാണെന്ന്‌ നേഥൻ മനസ്സിലാക്കിയപ്പോൾ വൈധവ്യത്തെ തരണം ചെയ്യാൻ എന്നെ സഹായിക്കുന്ന ചില നല്ല ഉപദേശങ്ങൾ അദ്ദേഹം എനിക്കു നൽകി. “നമ്മുടേത്‌ ഒരു സന്തുഷ്ട വിവാഹജീവിതം ആയിരുന്നു. പലർക്കും അത്‌ ആസ്വദിക്കാൻ കഴിയാറില്ല,” അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ വിവാഹത്തെ സന്തുഷ്ടമാക്കിയ ഒരു സംഗതി ചിന്തയോടെയും പരിഗണനയോടെയുമുള്ള നേഥന്റെ ഇടപെടൽ ആയിരുന്നു. ഉദാഹരണത്തിന്‌, ഞങ്ങളുടെ യാത്രകളിൽ ഞങ്ങൾ വ്യത്യസ്‌ത ആളുകളെ കണ്ടുമുട്ടിയിരുന്ന സമയത്ത്‌ അദ്ദേഹം എന്നോട്‌ ഇങ്ങനെ പറഞ്ഞിരുന്നു: “ഓഡ്രീ, ചിലപ്പോഴൊക്കെ ഞാൻ അവരെ നിനക്കു പരിചയപ്പെടുത്തിത്തരുന്നില്ലെങ്കിൽ പരിഭവം തോന്നരുത്‌, പെട്ടെന്ന്‌ അവരുടെ പേര്‌ ഓർമിച്ചെടുക്കാൻ എനിക്കു കഴിയാത്തതുകൊണ്ടാണത്‌.” അദ്ദേഹം അതൊക്കെ മുന്നമേതന്നെ പറഞ്ഞുതന്നതിൽ ഞാൻ സന്തോഷിച്ചു.

നേഥൻ എന്നെ ഇങ്ങനെ ഓർമിപ്പിച്ചു: “മരിച്ചുകഴിഞ്ഞാൽപ്പിന്നെ നമ്മുടെ പ്രത്യാശ ഉറപ്പായി, പിന്നീടൊരിക്കലും നമുക്കു കഷ്ടപ്പാട്‌ അനുഭവിക്കേണ്ടതില്ല.” എന്നിട്ട്‌ അദ്ദേഹം എന്നെ ഇപ്രകാരം ഉദ്‌ബോധിപ്പിച്ചു: “ഭാവിയിലേക്ക്‌ ഉറ്റുനോക്കുക, കാരണം നിന്റെ പ്രതിഫലം അവിടെയാണ്‌. സ്‌മരണകൾ നമ്മോടൊപ്പം ഉണ്ടായിരിക്കുമെങ്കിലും ഒരിക്കലും ഭൂതകാലത്തിൽ ജീവിക്കരുത്‌. കാലം മുറിവുകൾ ഉണക്കും. കോപമോ ആത്മാനുകമ്പയോ വളർത്തിയെടുക്കരുത്‌. ഇത്രയധികം സന്തോഷവും അനുഗ്രഹങ്ങളും ആസ്വദിക്കാൻ കഴിഞ്ഞതിൽ ആനന്ദിക്കുക. കുറെക്കഴിയുമ്പോൾ ഓർമകൾ നിനക്കു സന്തോഷം പകരുന്നതായി നീ കണ്ടെത്തും. ഓർമകൾ ദൈവത്തിന്റെ ദാനമാണ്‌.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “മറ്റുള്ളവർക്കുവേണ്ടി ജീവിതത്തെ ഉപയോഗിച്ചുകൊണ്ട്‌ എല്ലായ്‌പോഴും തിരക്കുള്ളവളായിരിക്കുക. ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ അതു നിന്നെ സഹായിക്കും.” ഒടുവിൽ, 1977 ജൂൺ 8-ന്‌ നേഥൻ തന്റെ ഭൗമികഗതി പൂർത്തിയാക്കി.

ഗ്ലെൻ ഹൈഡുമായുള്ള വിവാഹം

എന്റെ മുമ്പിൽ രണ്ടു വഴികളുണ്ടെന്ന്‌ നേഥൻ പറഞ്ഞിരുന്നു, ഒന്നുകിൽ കഴിഞ്ഞകാല ഓർമകളുമായി കഴിഞ്ഞുകൂടുക അല്ലെങ്കിൽ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുക. അങ്ങനെ 1978-ൽ ന്യൂയോർക്കിലെ വാൾക്കില്ലിലുള്ള വാച്ച്‌ടവർ കൃഷിയിടത്തിലേക്കു താമസം മാറിയശേഷം ഞാൻ വീണ്ടും വിവാഹം കഴിച്ചു. സുമുഖനും ശാന്തനും സൗമ്യനുമായിരുന്ന ഗ്ലെൻ ഹൈഡായിരുന്നു വരൻ. സാക്ഷിയാകുന്നതിനു മുമ്പ്‌ അദ്ദേഹം യുഎ⁠സ്‌ നാവിക സേനയിൽ സേവിച്ചിരുന്നു, ജപ്പാനെതിരെയുള്ള യുദ്ധ സമയത്ത്‌.

ഒരു പിറ്റി (പട്രോൾ ടോർപിഡോ) ബോട്ടിലായിരുന്നു ഗ്ലെൻ, എഞ്ചിൻ റൂമിലായിരുന്നു അദ്ദേഹത്തിന്റെ പണി. എഞ്ചിന്റെ കർണകഠോര ശബ്ദം നിമിത്തം അദ്ദേഹത്തിനു ഭാഗികമായി ശ്രവണശക്തി നഷ്ടപ്പെട്ടു. യുദ്ധാനന്തരം അദ്ദേഹം ഒരു അഗ്നിശമന പ്രവർത്തകനായി. യുദ്ധകാല അനുഭവങ്ങൾ നിമിത്തം ഭയാനകമായ സ്വപ്‌നങ്ങൾ വർഷങ്ങളോളം അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ സെക്രട്ടറി ആയിരുന്ന ഒരു സാക്ഷി അദ്ദേഹത്തോട്‌ അനൗപചാരികമായി സാക്ഷീകരിച്ചതു നിമിത്തമാണ്‌ അദ്ദേഹം ബൈബിൾ സത്യം പഠിക്കാനിടയായത്‌.

തുടർന്ന്‌, 1968-ൽ ഒരു അഗ്നിശമന പ്രവർത്തകനായി സേവിക്കാൻ അദ്ദേഹത്തെ ബ്രുക്ലിൻ ബെഥേലിലേക്കു ക്ഷണിച്ചു. പിന്നീട്‌, 1975-ൽ വാച്ച്‌ടവർ കൃഷിയിടത്തിന്‌ ഫയർ-എഞ്ചിൻ ലഭിച്ചപ്പോൾ അദ്ദേഹം അവിടെ നിയമിക്കപ്പെട്ടു. എന്നാൽ കാലാന്തരത്തിൽ അൽസൈമേഴ്‌സ്‌ രോഗം അദ്ദേഹത്തെ തളർത്തി. ഞങ്ങളുടെ പത്തുവർഷത്തെ ദാമ്പത്യത്തിനൊടുവിൽ അദ്ദേഹം മരിച്ചു.

ഞാൻ ഇത്‌ എങ്ങനെ സഹിക്കുമായിരുന്നു? മരണം വളരെ അടുത്തെത്തിയ സമയത്ത്‌ നേഥൻ എനിക്കു പകർന്നുതന്ന ജ്ഞാനം വീണ്ടും എനിക്കു സാന്ത്വനമേകി. വൈധവ്യത്തെ തരണം ചെയ്യുന്നതു സംബന്ധിച്ച്‌ അദ്ദേഹം എനിക്ക്‌ എഴുതിയ കാര്യങ്ങൾ ഞാൻ വായിച്ചുകൊണ്ടിരുന്നു. വിവാഹ ഇണയെ മരണത്തിൽ നഷ്ടപ്പെട്ടവരുമായി ഞാൻ ഇപ്പോഴും ഈ ആശയങ്ങൾ പങ്കുവെക്കാറുണ്ട്‌. നേഥന്റെ ബുദ്ധിയുപദേശം അവരെയും സമാശ്വസിപ്പിച്ചിരിക്കുന്നു. അതേ, അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചതു പോലെ എല്ലായ്‌പോഴും മുന്നോട്ടു നോക്കുന്നത്‌ വളരെയധികം പ്രയോജനം ചെയ്യും.

ഒരു അമൂല്യ സാഹോദര്യം

എന്റെ സന്തുഷ്ടവും സംതൃപ്‌തവുമായ ജീവിതത്തിന്‌ മുഖ്യ നിദാനം ബെഥേൽ കുടുംബത്തിലെ പ്രിയപ്പെട്ട സുഹൃത്തുക്കളാണ്‌. അതിൽ എസ്ഥേർ ലോപ്പെസിനെ കുറിച്ചു പ്രത്യേകം എടുത്തുപറയാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ 1944-ൽ വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്റെ മൂന്നാം ക്ലാസ്സിൽനിന്ന്‌ ബിരുദം നേടി. നമ്മുടെ ബൈബിൾ സാഹിത്യം സ്‌പാനീഷിലേക്കു വിവർത്തനം ചെയ്യാൻ നിയമനം ലഭിച്ചതിനാൽ 1950 ഫെബ്രുവരിയിൽ അവർ ബ്രുക്ലിനിൽ തിരിച്ചെത്തി. നേഥൻ യാത്രയിലായിരുന്ന പല സന്ദർഭങ്ങളിലും എസ്ഥേറായിരുന്നു എനിക്കു കൂട്ട്‌. എസ്ഥേറും ഇപ്പോൾ വാച്ച്‌ടവർ കൃഷിയിടത്തിൽത്തന്നെയാണ്‌. തൊണ്ണൂറ്റിയഞ്ചിനടുത്തു പ്രായമുള്ള അവരുടെ ആരോഗ്യം ക്ഷയിച്ചുവരുകയായതിനാൽ ബെഥേലിലെ ഞങ്ങളുടെ ആതുര ശുശ്രൂഷാ വിഭാഗം അവർക്കു വേണ്ട പരിചരണം നൽകുന്നുണ്ട്‌.

എന്റെ അടുത്ത ബന്ധുക്കളിൽ റസ്സലും ക്ലാരയുമേ ജീവിച്ചിരിപ്പുള്ളൂ. 90-നുമേൽ പ്രായമുള്ള റസ്സൽ ബ്രൂക്ലിൻ ബെഥേലിൽ വിശ്വസ്‌തനായി സേവിക്കുന്നു. വിവാഹത്തിനുശേഷം ബെഥേലിൽത്തന്നെ തുടരാൻ അനുവാദം ലഭിച്ച ആദ്യ കൂട്ടത്തിൽപ്പെട്ട വ്യക്തിയാണ്‌ അദ്ദേഹം. ബെഥേലംഗംതന്നെ ആയിരുന്ന ജീൻ ലാർസനെ 1952-ൽ അദ്ദേഹം വിവാഹം ചെയ്‌തു. ജീനിന്റെ ആങ്ങള മാക്‌സ്‌ 1939-ൽ ബെഥേലിൽ എത്തി. 1942-ൽ നേഥനുശേഷം അദ്ദേഹം പ്രിന്ററി മേൽവിചാരകൻ ആയി. മാക്‌സിന്‌ ഇപ്പോഴും ബെഥേലിൽ വളരെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഉണ്ട്‌. ഒപ്പം മൾട്ടിപ്പിൾ സ്‌ക്ലീറോസിസുമായി മല്ലിടുന്ന തന്റെ പ്രിയപ്പെട്ട ഭാര്യ ഹെലനെ ശുശ്രൂഷിക്കുന്നതിൽ സഹായിക്കുകയും വേണം.

63 വർഷത്തിലധികം യഹോവയ്‌ക്കായി ചെയ്‌ത മുഴുസമയ ശുശ്രൂഷയിലേക്കു തിരിഞ്ഞുനോക്കവേ എന്റേത്‌ തികച്ചും സംതൃപ്‌തികരമായ ഒരു ജീവിതം ആയിരുന്നെന്ന്‌ എനിക്കു പറയാനാകും. ബെഥേൽ എന്റെ ഭവനം ആയിത്തീർന്നു. ഹൃദയാനന്ദത്തോടെ ഞാൻ ഇപ്പോഴും ഇവിടെ സേവിക്കുന്നു. നല്ല തൊഴിൽ ശീലങ്ങളും യഹോവയെ സേവിക്കാനുള്ള ആഗ്രഹവും ഞങ്ങളിൽ നട്ടുവളർത്തിയ മാതാപിതാക്കൾക്കാണ്‌ ഇതിനുള്ള ബഹുമതി. എന്നാൽ, നമ്മുടെ വിസ്‌മയാവഹമായ സാഹോദര്യവും, ഏക സത്യദൈവവും നമ്മുടെ മഹാ സ്രഷ്ടാവുമായ യഹോവയെ സേവിച്ചുകൊണ്ട്‌ നമ്മുടെ സഹോദരീസഹോദരന്മാരോടൊത്തു പറുദീസ ഭൂമിയിൽ സകല നിത്യതയിലും ജീവിക്കാനുള്ള പ്രത്യാശയുമാണ്‌ യഥാർഥത്തിൽ ജീവിതത്തെ സംതൃപ്‌തപൂർണമാക്കുന്നത്‌.

[24-ാം പേജിലെ ചിത്രം]

എന്റെ മാതാപിതാക്കൾ, 1912 ജൂണിലെ അവരുടെ വിവാഹനാളിൽ

[24-ാം പേജിലെ ചിത്രം]

ഇടത്തുനിന്ന്‌: റസ്സൽ, വേയ്‌ൻ, ക്ലാര, ആർഡിസ്‌, ഞാൻ, കർറ്റിസ്‌ (1927-ലെ ചിത്രം)

[25-ാം പേജിലെ ചിത്രം]

ഫ്രാൻസസ്‌ മക്‌നോട്ടിനും ബാർബര മക്‌നോട്ടിനും നടുവിൽ, 1944-ൽ പയനിയറിങ്‌ ചെയ്യുമ്പോൾ

[25-ാം പേജിലെ ചിത്രം]

1951-ൽ ബെഥേലിൽ. ഇടത്തുനിന്ന്‌: ഞാൻ, എസ്ഥേർ ലോപ്പസ്‌, എന്റെ സഹോദരപത്‌നി ജീൻ

[26-ാം പേജിലെ ചിത്രം]

നേഥനോടും അദ്ദേഹത്തിന്റെ മാതാപിതാക്കളോടുമൊപ്പം

[26-ാം പേജിലെ ചിത്രം]

1955-ൽ നേഥനോടൊപ്പം

[27-ാം പേജിലെ ചിത്രം]

ഹവായിയിൽ നേഥനോടൊപ്പം

[29-ാം പേജിലെ ചിത്രം]

എന്റെ രണ്ടാം ഭർത്താവ്‌ ഗ്ലെന്നിനോടൊപ്പം