വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

2 കൊരിന്ത്യർ 6:⁠14-ൽ ‘അവിശ്വാസികൾ’ എന്ന പ്രയോഗംകൊണ്ട്‌ പൗലൊസ്‌ ആരെയാണ്‌ അർഥമാക്കിയത്‌?

2 കൊരിന്ത്യർ 6:⁠14-ൽ നാം ഇങ്ങനെ വായിക്കുന്നു: “നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുത്‌.” ക്രിസ്‌തീയ സഭയുടെ ഭാഗമല്ലാതിരുന്ന വ്യക്തികളെ കുറിച്ചാണ്‌ പൗലൊസ്‌ സംസാരിക്കുന്നതെന്ന്‌ സന്ദർഭം വ്യക്തമാക്കുന്നു. കൂടാതെ “അവിശ്വാസി” അല്ലെങ്കിൽ “അവിശ്വാസികൾ” എന്ന പദപ്രയോഗം പൗലൊസ്‌ ഉപയോഗിക്കുന്ന മറ്റു ബൈബിൾ വാക്യങ്ങളും ഈ ആശയത്തെ പിന്താങ്ങുന്നു.

ദൃഷ്ടാന്തത്തിന്‌ “അവിശ്വാസികളുടെ മുമ്പിൽ” കോടതി വ്യവഹാരത്തിനു പോകുന്നതിനോടുള്ള ബന്ധത്തിൽ പൗലൊസ്‌ ക്രിസ്‌ത്യാനികളെ ശാസിക്കുന്നു. (1 കൊരിന്ത്യർ 6:⁠6) ഇവിടെ അവിശ്വാസികൾ കൊരിന്തിലെ കോടതികളിലെ ന്യായാധിപന്മാർ ആണ്‌. തന്റെ രണ്ടാം ലേഖനത്തിൽ സാത്താൻ “അവിശ്വാസികളുടെ മനസ്സു കുരുടാക്കി”യിരിക്കുന്നതിനെ കുറിച്ച്‌ അവൻ പറയുന്നു. അത്തരം അവിശ്വാസികളുടെ കണ്ണുകൾ ഒരു ‘മൂടുപടത്താൽ’ എന്നപോലെ സുവാർത്തയിൽനിന്നു മറയ്‌ക്കപ്പെട്ടിരിക്കുകയാണ്‌. “കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും” എന്നു പൗലൊസ്‌ മുന്നമേതന്നെ വിശദീകരിച്ചിരിക്കുന്നതിനാൽ ഈ അവിശ്വാസികൾ യഹോവയെ സേവിക്കുന്നതിൽ യാതൊരു താത്‌പര്യവും പ്രകടമാക്കിയിട്ടില്ലെന്നു വ്യക്തം.​—⁠2 കൊരിന്ത്യർ 3:⁠16; 4:⁠4.

ചില അവിശ്വാസികൾ നിയമവിരുദ്ധ നടത്തയിലും വിഗ്രഹാരാധനയിലും ഉൾപ്പെട്ടിരിക്കുന്നവരാണ്‌. (2 കൊരിന്ത്യർ 6:⁠15, 16) എന്നിരുന്നാലും അവർ എല്ലാവരും യഹോവയുടെ ദാസരോട്‌ എതിർപ്പ്‌ പ്രകടമാക്കുന്നില്ല. ചിലർ സത്യത്തിൽ താത്‌പര്യം കാണിക്കുന്നു. അവരിൽ പലരും ക്രിസ്‌ത്യാനികളായ ഇണകളോടൊത്ത്‌ സന്തോഷപൂർവം ജീവിക്കുന്നവരാണ്‌. (1 കൊരിന്ത്യർ 7:12-14; 10:27; 14:22-25; 1 പത്രൊസ്‌ 3:1, 2) എന്നാൽ മുമ്പു പരാമർശിച്ചതുപോലെ പൗലൊസ്‌, “അവിശ്വാസി” എന്ന പദം ‘കർത്താവിൽ വിശ്വസി’ക്കുന്നവരുടെ കൂട്ടമായ ക്രിസ്‌തീയ സഭയുടെ ഭാഗമല്ലാത്ത വ്യക്തികളെ കുറിക്കാനാണ്‌ എല്ലായ്‌പോഴും ഉപയോഗിച്ചിരിക്കുന്നത്‌.​—⁠പ്രവൃത്തികൾ 2:⁠41; 5:⁠14; 8:⁠12, 13.

2 കൊരിന്ത്യർ 6:⁠14-ലെ തത്ത്വം ക്രിസ്‌ത്യാനികൾക്ക്‌ ജീവിതത്തിന്റെ സമസ്‌ത മേഖലകളിലും മൂല്യവത്താണ്‌. വിശേഷിച്ച്‌, വിവാഹ പങ്കാളിയെ തേടുന്ന ക്രിസ്‌ത്യാനികൾക്കുള്ള ജ്ഞാനപൂർവകമായ ബുദ്ധിയുപദേശം എന്ന നിലയിൽ അത്‌ കൂടെക്കൂടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. (മത്തായി 19:⁠4-6) സമർപ്പിച്ച്‌ സ്‌നാപനമേറ്റിരിക്കുന്ന ഒരു ക്രിസ്‌ത്യാനി അവിശ്വാസിയായ ഒരാളെ ഇണയായി സ്വീകരിക്കുന്നതിൽനിന്ന്‌ ജ്ഞാനപൂർവം വിട്ടുനിൽക്കും. എന്തുകൊണ്ടെന്നാൽ ഒരു അവിശ്വാസിയുടെ മൂല്യങ്ങളും ലക്ഷ്യങ്ങളും വിശ്വാസങ്ങളും ഒരു സത്യക്രിസ്‌ത്യാനിയുടേതിൽനിന്നു വളരെ വ്യത്യസ്‌തമായിരിക്കും.

എന്നാൽ ബൈബിൾ പഠിക്കുകയും ക്രിസ്‌തീയ സഭയോടു സഹവസിക്കുകയും ചെയ്യുന്ന വ്യക്തികളെ സംബന്ധിച്ചെന്ത്‌? സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധകരുടെ കാര്യമോ? അവർ അവിശ്വാസികളാണോ? അല്ല. സുവാർത്താ സത്യം സ്വീകരിച്ച്‌ സ്‌നാപനത്തിലേക്കു പുരോഗമിക്കുന്ന വ്യക്തികളെ അവിശ്വാസികൾ എന്നു വിളിക്കാവുന്നതല്ല. (റോമർ 10:⁠10; 2 കൊരിന്ത്യർ 4:⁠13) സ്‌നാപനമേൽക്കുന്നതിനു മുമ്പുതന്നെ കൊർന്നേല്യൊസ്‌ ‘ഭക്തനും ദൈവത്തെ ഭയപ്പെടുന്നവനും’ എന്നു വിളിക്കപ്പെട്ടു.​—⁠പ്രവൃത്തികൾ 10:2.

അപ്പോൾ, ഒരു സമർപ്പിത ക്രിസ്‌ത്യാനി സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധകരിലൊരാളുമായി കോർട്ടിങ്ങിൽ ഏർപ്പെടുകയും ആ വ്യക്തിയെ വിവാഹം കഴിക്കുകയും ചെയ്യുന്നത്‌​—⁠ഈ കേസിൽ 2 കൊരിന്ത്യർ 6:⁠14-ലെ പൗലൊസിന്റെ വാക്കുകൾ ബാധകമല്ലാത്ത സ്ഥിതിക്ക്‌​—⁠ജ്ഞാനപൂർവകമാണോ? അല്ല. എന്തുകൊണ്ട്‌? ക്രിസ്‌തീയ വിധവമാർക്കു പൗലൊസ്‌ നൽകിയ പിൻവരുന്ന ബുദ്ധിയുപദേശം നിമിത്തം. പൗലൊസ്‌ ഇങ്ങനെ എഴുതി: “തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിവാൻ [അവൾക്ക്‌] സ്വാതന്ത്ര്യം ഉണ്ടു; കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവൂ.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (1 കൊരിന്ത്യർ 7:⁠39) ആ ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ സമർപ്പിത ക്രിസ്‌ത്യാനികൾ ‘കർത്താവിൽ വിശ്വസിക്കുന്നവരിൽ’നിന്നു മാത്രം ഇണയെ തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കപ്പെടുന്നു.

‘കർത്താവിൽ വിശ്വസിക്കുന്നവൻ’ എന്നതുകൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കുന്നത്‌? റോമർ 16:⁠8-10; കൊലൊസ്സ്യർ 4:⁠7 എന്നിവിടങ്ങളിൽ പൗലൊസ്‌ “കർത്താവിൽ” ഉള്ളവരെയും “ക്രിസ്‌തുവിൽ” ഉള്ളവരെയും കുറിച്ചു പറഞ്ഞിരിക്കുന്നു. അവർ ‘കൂട്ടുവേലക്കാരും’ ‘പ്രിയ സഹോദരരും’ ‘വിശ്വസ്‌ത ശുശ്രൂഷകരും’ ‘സഹഭൃത്യരും’ ‘സമ്മതരും’ ആയിരുന്നു എന്ന്‌ ആ ഭാഗങ്ങൾ വായിക്കുമ്പോൾ നിങ്ങൾക്കു മനസ്സിലാകും.

ഒരുവൻ ‘കർത്താവിന്റെ ഒരു അടിമ’ ആയിത്തീരുന്നത്‌ എപ്പോഴാണ്‌? ഒരു അടിമയിൽനിന്നു പ്രതീക്ഷിക്കുന്നത്‌ സ്വമനസ്സാലെ ചെയ്യുമ്പോൾ, അതായത്‌ സ്വയം ത്യജിക്കുമ്പോൾ. യേശു വിശദീകരിക്കുന്നു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.” (മത്തായി 16:⁠24) ഒരുവൻ ക്രിസ്‌തുവിനെ അനുഗമിക്കുകയും ദൈവേഷ്ടത്തിന്‌ തന്നെത്തന്നെ ഏൽപ്പിച്ചുകൊടുക്കുകയും ചെയ്യുന്നത്‌ ദൈവത്തിനു സ്വയം സമർപ്പിക്കുമ്പോഴാണ്‌. അതിനുശേഷം അയാൾ സ്‌നാപനം ഏൽക്കുകയും യഹോവയാം ദൈവത്തിന്റെ മുമ്പാകെ അംഗീകൃത നിലയുള്ള നിയമിത ശുശ്രൂഷകൻ ആയിത്തീരുകയും ചെയ്യുന്നു. * അപ്പോൾ, ‘കർത്താവിൽ വിശ്വസിക്കുന്നവനെ മാത്രം’ വിവാഹം ചെയ്യുക എന്നതിന്റെ അർഥം ഒരു യഥാർഥ വിശ്വാസി ആണെന്ന്‌, “ദൈവത്തിന്റെയും യേശുക്രിസ്‌തുവിന്റെയും അടിമ”യാണെന്ന്‌ പ്രകടമാക്കിയിട്ടുള്ള ഒരു സമർപ്പിത വ്യക്തിയെ വിവാഹം ചെയ്യുക എന്നാണ്‌.​—⁠യാക്കോബ്‌ 1:⁠1, NW.

യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുകയും നല്ല ആത്മീയ പുരോഗതി വരുത്തുകയും ചെയ്യുന്ന വ്യക്തി പ്രശംസാർഹനാണ്‌. എന്നാൽ അയാൾ തന്നെത്തന്നെ യഹോവയ്‌ക്കു സമർപ്പിക്കുകയോ ശുശ്രൂഷയുടെയും ത്യാഗത്തിന്റെയും ഒരു ജീവിതഗതിയിലേക്കു മുഴുവനായി പ്രവേശിക്കുകയോ ചെയ്‌തിട്ടില്ല. അയാൾ അപ്പോഴും ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്‌. സമർപ്പിച്ച്‌ സ്‌നാപനമേറ്റ ഒരു ക്രിസ്‌ത്യാനി ആയിത്തീരുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാനപ്പെട്ട മാറ്റങ്ങൾ ആദ്യം പൂർത്തിയാക്കിയിട്ടുവേണം അയാൾ ജീവിതത്തിലെ മറ്റൊരു വലിയ മാറ്റത്തെ കുറിച്ച്‌, വിവാഹത്തെ കുറിച്ച്‌ ചിന്തിക്കാൻ.

ഒരു ക്രിസ്‌ത്യാനി ബൈബിൾ പഠനത്തിൽ നന്നായി പുരോഗമിക്കുന്ന ഒരാളുമായി കോർട്ടിങ്ങിൽ ഏർപ്പെടുന്നത്‌ വിവേകമായിരിക്കുമോ, ഒരുപക്ഷേ ആ വ്യക്തി സ്‌നാപനമേൽക്കുന്നതുവരെ വിവാഹത്തിനായി കാത്തിരിക്കാം എന്ന ഉദ്ദേശ്യത്തിൽ? ആയിരിക്കില്ല. ഒരു സമർപ്പിത ക്രിസ്‌ത്യാനി തന്നെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നെന്നും എന്നാൽ താൻ സ്‌നാപനം ഏൽക്കാതെ അതു നടക്കില്ലെന്നും ബൈബിൾ വിദ്യാർഥി അറിയുമ്പോൾ, സ്‌നാപനം ഏൽക്കുന്നതു സംബന്ധിച്ച അയാളുടെ ആന്തരത്തെ അതു ബാധിച്ചേക്കാം.

മിക്കപ്പോഴും ഒരു വ്യക്തി സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധകനായിത്തീരുന്നതിനും സ്‌നാപനമേൽക്കുന്നതിനും ഇടയ്‌ക്കുള്ള കാലയളവ്‌ അത്ര നീണ്ടതായിരിക്കില്ല. അതുകൊണ്ട്‌ കർത്താവിൽ മാത്രം വിവാഹം കഴിക്കാനുള്ള മേൽപ്പറഞ്ഞ ബുദ്ധിയുപദേശം ഇവരുടെ കാര്യത്തിലും ന്യായയുക്തം തന്നെയാണ്‌. ക്രിസ്‌തീയ കുടുംബത്തിൽ വളർത്തപ്പെട്ട, വിവാഹപ്രായമായ, വർഷങ്ങളായി സഭയോടൊത്തു സഹവസിക്കുന്ന, ഇപ്പോഴും സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധകനായി തുടരുന്ന ഒരു വ്യക്തിയെ സംബന്ധിച്ചെന്ത്‌? തന്റെ ജീവിതം യഹോവയ്‌ക്കു സമർപ്പിക്കുന്നതിൽനിന്ന്‌ അയാളെ തടയുന്നത്‌ എന്താണ്‌? അയാൾ മടിച്ചുനിൽക്കുന്നത്‌ എന്തുകൊണ്ട്‌? അയാൾക്കു സംശയങ്ങളുണ്ടോ? അയാൾ ഒരു അവിശ്വാസി അല്ലെങ്കിലും താൻ ‘കർത്താവിൽ വിശ്വസിക്കുന്നവൻ’ ആണെന്നു തെളിയിച്ചിട്ടില്ല.

വിവാഹം സംബന്ധിച്ച പൗലൊസിന്റെ ബുദ്ധിയുപദേശം നമ്മുടെ പ്രയോജനത്തിനു വേണ്ടിയാണ്‌. (യെശയ്യാവു 48:⁠17) ഭാവി ഇണകൾ ഇരുവരും യഹോവയ്‌ക്കു സമർപ്പിതർ ആയിരിക്കുമ്പോൾ, അവരുടെ പ്രതിബദ്ധതയ്‌ക്ക്‌ ഉറച്ച ആത്മീയ അടിത്തറയുണ്ട്‌. അവർക്ക്‌ ഒരേ മൂല്യങ്ങളും ലാക്കുകളുമാണ്‌ ഉള്ളത്‌. അത്‌ സന്തുഷ്ട വിവാഹത്തിന്റെ ഒരു പ്രധാന ഘടകമാണ്‌. കൂടാതെ, ‘കർത്താവിൽ വിശ്വസിക്കുന്നവനെ’ മാത്രം വിവാഹം കഴിക്കുന്നതിലൂടെ ഒരു വ്യക്തി യഹോവയോടു വിശ്വസ്‌തത കാണിക്കുകയായിരിക്കും ചെയ്യുന്നത്‌, അത്‌ നിലനിൽക്കുന്ന അനുഗ്രഹങ്ങളിലേക്കു നയിക്കുന്നു. എന്തുകൊണ്ടെന്നാൽ, “വിശ്വസ്‌തനോട്‌ [യഹോവ] വിശ്വസ്‌തത കാണിക്കും.”​—⁠സങ്കീർത്തനം 18:⁠25, NW.

[അടിക്കുറിപ്പ്‌]

^ ഖ. 10 പൗലൊസ്‌ ആരെ അഭിസംബോധന ചെയ്‌താണോ ലേഖനം എഴുതിയത്‌ ആ അഭിഷിക്ത ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം, ‘കർത്താവിൽ ഒരു അടിമ’യാകുന്നതിൽ ദൈവത്തിന്റെ പുത്രന്മാരും ക്രിസ്‌തുവിന്റെ സഹോദരന്മാരുമായി അഭിഷേകം ചെയ്യപ്പെടുന്നതും ഉൾപ്പെട്ടിരുന്നു.

[31-ാം പേജിലെ ചിത്രം]

“വിശ്വസ്‌തനോട്‌ [യഹോവ] വിശ്വസ്‌തത കാണിക്കും”