വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘വേനൽക്കാലവും ശീതകാലവും നിന്നുപോകുകയില്ല’

‘വേനൽക്കാലവും ശീതകാലവും നിന്നുപോകുകയില്ല’

യഹോവയുടെ സൃഷ്ടിയിലെ വിസ്‌മയം

‘വേനൽക്കാലവും ശീതകാലവും നിന്നുപോകുകയില്ല’

കത്തിജ്വലിക്കുന്ന സൂര്യൻ മരുഭൂമിയെ ചുട്ടുപഴുപ്പിക്കുന്നു. ഭൂമിയുടെ മറ്റു ഭാഗങ്ങളിൽ അതു ശീതകാലശേഷം കുളിരകറ്റുന്നു. അതേ, കാലാവസ്ഥയുടെയും ഋതുക്കളുടെയും ചരടുപിടിക്കുന്ന മുഖ്യ ഘടകങ്ങളിൽ ഒന്നാണ്‌ സൂര്യന്റെ ചൂട്‌.

കാലാവസ്ഥ ലോകമെമ്പാടും വ്യത്യസ്‌തമാണ്‌. എന്നാൽ ഋതുക്കൾ നിങ്ങളെ എങ്ങനെ ബാധിക്കുന്നു? വസന്തകാലത്ത്‌ പൂത്തുലയുന്ന പൂമരങ്ങളുടെയും പൂച്ചെടികളുടെയും മനം കുളിർപ്പിക്കുന്ന വർണത്തുടിപ്പുകൾ നിങ്ങളുടെ ഹൃദയം കവരാറില്ലേ? പ്രസന്നസൗമ്യമായ വേനൽ സന്ധ്യകൾ നിങ്ങളെ ഹഠാദാകർഷിക്കാറില്ലേ? നിറംമാറുന്ന ഇലച്ചാർത്തുകൾ കണ്ണിനു വിരുന്നൊരുക്കുന്ന പ്രസരിപ്പാർന്ന ശരത്‌കാല ദിനങ്ങൾ ആസ്വദിക്കാത്തവരായി ആരുണ്ട്‌? മഞ്ഞണിഞ്ഞ മരക്കാടുകൾ നിങ്ങളുടെ കണ്ണിനെ കുളിരണിയിക്കാറില്ലേ?

ഋതുക്കൾ മാറിവരുന്നതിനു പിന്നിലെ രഹസ്യം എന്താണ്‌? ഭൂമിയുടെ ചെരിവ്‌, ഏറ്റവും ഹ്രസ്വമായി പറഞ്ഞാൽ അതാണുത്തരം. ഭൂമിയുടെ ഭ്രമണ അച്ചുതണ്ട്‌ സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥത്തിന്റെ തലത്തോട്‌ ഏതാണ്ട്‌ 23.5 ഡിഗ്രി ചെരിഞ്ഞിട്ടാണ്‌. ഈ ചെരിവ്‌ ഇല്ലായിരുന്നെങ്കിൽ ഋതുഭേദങ്ങൾ ഉണ്ടാകുമായിരുന്നില്ല. എല്ലായ്‌പോഴും ഒരേ കാലാവസ്ഥ ആയിരുന്നേനെ. സസ്യലതാദികളുടെ നിലനിൽപ്പും വിതയും കൊയ്‌ത്തും എല്ലാം അവതാളത്തിൽ ആകുമായിരുന്നു.

ഋതുക്കൾ മാറിമാറി വിരുന്നുവരുന്നതിനു പിന്നിൽ സ്രഷ്ടാവിന്റെ കരസ്‌പർശം കാണാൻ കഴിയും. യഹോവയാം ദൈവത്തെ വാഴ്‌ത്തിക്കൊണ്ട്‌ സങ്കീർത്തനക്കാരൻ ഉചിതമായിത്തന്നെ ഇങ്ങനെ പ്രസ്‌താവിച്ചു: “ഭൂസീമകളെ ഒക്കെയും നീ സ്ഥാപിച്ചു; നീ ഉഷ്‌ണകാലവും ശീതകാലവും നിയമിച്ചു.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.)​—⁠സങ്കീർത്തനം 74:⁠17. *

ഒരു ഭൗമ നിരീക്ഷകന്റെ ദൃഷ്ടിയിൽ ആകാശഗോളങ്ങൾ ഋതുക്കളുടെ തെറ്റാത്ത സൂചകങ്ങളായി സേവിക്കുന്നു. നമ്മുടെ സൗരയൂഥത്തെ സൃഷ്ടിക്കവേ, ദൈവം ഇങ്ങനെ കൽപ്പിച്ചു: “ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ.” (ഉല്‌പത്തി 1:⁠14) നട്ടുച്ചനേരത്ത്‌ സൂര്യൻ ഭൂമധ്യരേഖയുടെ നേരെ മുകളിൽ എത്തുന്ന, ഭ്രമണപഥത്തിലെ രണ്ടു പോയിന്റുകളിലൂടെ ഭൂമി ഓരോ വർഷവും കടന്നുപോകുന്നു. ഇവ വിഷുവങ്ങൾ എന്ന്‌ അറിയപ്പെടുന്നു. പല ദേശങ്ങളിലും അവ വസന്തത്തിനും ശരത്‌കാലത്തിനും നാന്ദി കുറിക്കുന്നു. വിഷുവദിനങ്ങളിൽ ഭൂമിയിൽ എല്ലായിടത്തും പകലും രാത്രിയും ഏകദേശം തുല്യ ദൈർഘ്യം ഉള്ളവയായിരിക്കും.

ഋതുക്കളുടെ ഗമനാഗമനങ്ങളിൽ ആകാശഗോളങ്ങളുടെ സഞ്ചാരം മാത്രമല്ല ഉൾപ്പെടുന്നത്‌. ഋതുക്കളും കാലാവസ്ഥയും ദിനാന്തരീക്ഷസ്ഥിതിയുമെല്ലാം ഭൂമിയിൽ ജീവൻ നിലനിറുത്തുന്ന ഒരു സങ്കീർണ വ്യവസ്ഥയിൽ ഇഴപിരിക്കാനാവാത്തവിധം പരസ്‌പരം ബന്ധപ്പെട്ടുകിടക്കുന്നു. “ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരികയും ആഹാരവും സന്തോഷവും നല്‌കി നിങ്ങളെ തൃപ്‌തരാക്കുകയും” ചെയ്യുന്നത്‌ ദൈവമാണെന്ന്‌ ഏഷ്യാമൈനറിലെ ആളുകളോട്‌​—⁠അവരിൽ അനേകർക്കും കൃഷിയും ഭക്ഷ്യോത്‌പാദനവും സുപരിചിതമായിരുന്നു​—⁠സംസാരിക്കവേ, ക്രിസ്‌തീയ അപ്പൊസ്‌തലനായ പൗലൊസും സഹകാരിയായ ബർന്നബാസും പ്രസ്‌താവിച്ചു.​—⁠പ്രവൃത്തികൾ 14:⁠14-17.

പ്രകാശസംശ്ലേഷണം എന്ന അത്ഭുതാവഹമായ പ്രക്രിയ കരയിലെ സസ്യങ്ങളെയും കടലിലെ സസ്യപ്ലവകങ്ങളെയും നിലനിറുത്തുന്നു. ഇതു നിമിത്തം, ഇപ്പോഴുള്ള ഭക്ഷ്യശൃംഖലയും വൈവിധ്യമാർന്ന ജീവജാലവും ദിനാന്തരീക്ഷസ്ഥിതിയോടും കാലാവസ്ഥയോടും സങ്കീർണമായ വിധങ്ങളിൽ പ്രതികരിക്കുന്നു. ഇവയിലെല്ലാമുള്ള യഹോവയുടെ പങ്കിനെ കുറിച്ച്‌ പൗലൊസ്‌ സമുചിതമായ ഈ പ്രസ്‌താവന നടത്തി: “പലപ്പോഴും പെയ്‌ത മഴ കുടിച്ചിട്ടു ഭൂമി കൃഷി ചെയ്യുന്നവർക്കു ഹിതമായ സസ്യാദികളെ വിളയിക്കുന്നു എങ്കിൽ ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നു.”​—⁠എബ്രായർ 6:⁠7.

വസന്തകാലത്ത്‌ മിതമായ ചൂടും നീണ്ട പകലുകളും കൂടുതൽ വെയിലും അനുകൂലമായ മഴയും ലഭിക്കുന്ന സ്ഥലങ്ങളിലെ അവസ്ഥയെ കുറിച്ച്‌ ഒരു നിമിഷം നിങ്ങളൊന്നു ചിന്തിച്ചാൽ, “അനുഗ്രഹം” എന്ന പദം പുതിയ അർഥതലങ്ങൾ കൈവരിക്കുന്നതു കാണാം. മലർച്ചെടികൾ പൂത്തുലയുന്നു, പ്രാണികൾ ശൈത്യകാല താവളങ്ങളിൽനിന്നു കൂട്ടത്തോടെ പുറത്തുവരുന്നു, ഇനി പരാഗണകാലം. ചിത്രത്തിൽ കാണുന്ന നീല ജയ്‌പക്ഷിയെ പോലുള്ള പറവകളുടെ വർണക്കാഴ്‌ചകളും കിളിക്കൊഞ്ചലുംകൊണ്ട്‌ കാടും നാടും മേടും തുടികൊട്ടുന്നു. ജീവന്റെ തുടിപ്പുകൾ ദ്രുതഗതിയിലാകുന്നു. പുതുസസ്യങ്ങൾ പൊട്ടിക്കിളിർക്കുന്നു, ഇലകൊഴിഞ്ഞവ തളിർത്തുലയുന്നു, വളർച്ചാ ചക്രങ്ങൾ വീണ്ടും തിരിയുന്നു. (ഉത്തമഗീതം 2:⁠12, 13) വേനൽക്കാലത്തിനൊടുവിലോ ശരത്‌കാലത്തോ നടക്കുന്ന വിളവെടുപ്പിന്‌ ഇത്‌ അരങ്ങൊരുക്കുന്നു.​—⁠പുറപ്പാടു 23:⁠16.

രാവും പകലും ഋതുക്കളും വിതയും കൊയ്‌ത്തും സാധ്യമാക്കിക്കൊണ്ട്‌ യഹോവ ഭൂമിയെ കൃത്യമായി സ്ഥാപിച്ചിരിക്കുന്നത്‌ അവന്റെ പ്രവർത്തനങ്ങൾക്കു വിസ്‌മയാവഹമായ രീതിയിൽ സാക്ഷ്യം വഹിക്കുന്നു. വേനലും ശൈത്യവും മാറിവന്നുകൊണ്ടേയിരിക്കും എന്ന്‌ നമുക്കറിയാം. കാരണം പിൻവരുന്നപ്രകാരം വാഗ്‌ദാനം ചെയ്‌തിട്ടുള്ളത്‌ ദൈവമാണ്‌: “ഭൂമിയുള്ള കാലത്തോളം വിതയും കൊയിത്തും, ശീതവും ഉഷ്‌ണവും, വേനലും വർഷവും [“ശീതവും,” NW], രാവും പകലും നിന്നുപോകയുമില്ല.”​—⁠ഉല്‌പത്തി 8:⁠22.

[അടിക്കുറിപ്പ്‌]

^ ഖ. 6 2004 യഹോവയുടെ സാക്ഷികളുടെ കലണ്ടർ, ജൂലൈ/ആഗസ്റ്റ്‌ കാണുക.

[9-ാം പേജിലെ ചതുരം/ചിത്രം]

ജീവന്റെ നിലനിൽപ്പിനു നിർണായകമായ ഒരു ഉപഗ്രഹം

കാലമിന്നോളം മാനത്തെ അമ്പിളി മനുഷ്യനൊരു വിസ്‌മയമായിരുന്നിട്ടുണ്ട്‌, അത്‌ അവന്റെ മനസ്സിനെയും ഭാവനയെയും തൊട്ടുണർത്തിയിട്ടുണ്ട്‌. എന്നാൽ ചന്ദ്രൻ ഋതുക്കളെ സ്വാധീനിക്കുന്ന കാര്യം നിങ്ങൾക്ക്‌ അറിയാമായിരുന്നോ? ഭൂമിയുടെ ഭ്രമണ അച്ചുതണ്ടിന്റെ ചെരിവിൽ മാറ്റംവരാതെ അത്‌ ഒരേപോലെ നിലനിറുത്താൻ ചന്ദ്രന്റെ സാന്നിധ്യം സഹായിക്കുന്നു. ഇത്‌ “ഭൂമിയിൽ ജീവൻ നിലനിൽക്കാൻ ആവശ്യമായ അവസ്ഥകൾ സൃഷ്ടിക്കുന്നതിൽ നിർണായകമായ ഒരു പങ്ക്‌” വഹിക്കുന്നു എന്ന്‌ ശാസ്‌ത്ര ഗ്രന്ഥകാരനായ ആൻഡ്രൂ ഹിൽ പ്രസ്‌താവിക്കുന്നു. ഭൂമിയുടെ ഭ്രമണാക്ഷത്തിന്റെ ചെരിവ്‌ നിലനിറുത്താൻ പ്രകൃതിദത്തമായ ഒരു വലിയ ഉപഗ്രഹം ഇല്ലായിരുന്നെങ്കിൽ ചൂട്‌ അനിയന്ത്രിതമായി കൂടുകയും സാധ്യതയനുസരിച്ച്‌ ഭൂമിയിൽ ജീവൻ അസാധ്യമാകുകയും ചെയ്യുമായിരുന്നു. അതുകൊണ്ട്‌ “ഭൂമിയുടെ കാലാവസ്ഥാ നിയന്താവായി നമുക്കു ചന്ദ്രനെ വീക്ഷിക്കാനായേക്കും” എന്ന്‌ ഒരുകൂട്ടം ജ്യോതിശ്ശാസ്‌ത്രജ്ഞർ നിഗമനം ചെയ്യുന്നു.—സങ്കീർത്തനം 104:⁠19.

[കടപ്പാട്‌]

ചന്ദ്രൻ: U.S. Fish & Wildlife Service, Washington, D.C./Bart O’Gara

[9-ാം പേജിലെ ചിത്രം]

ഒട്ടകങ്ങൾ, വടക്കേ ആഫ്രിക്കയും അറേബ്യൻ ഉപദ്വീപും