വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘യഹോവയുടെ നിർണയം’ പരാജയപ്പെടുകയില്ല

‘യഹോവയുടെ നിർണയം’ പരാജയപ്പെടുകയില്ല

‘യഹോവയുടെ നിർണയം’ പരാജയപ്പെടുകയില്ല

‘ഞാൻ [യഹോവയുടെ] നിർണ്ണയം പ്രസ്‌താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്‌തതു: നീ എന്റെ പുത്രൻ; എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ [“രാഷ്‌ട്രങ്ങളെ,” NW] അവകാശമായി തരും.’​—⁠സങ്കീർത്തനം 2:⁠7, 8.

1. ദൈവത്തിന്റെയും രാഷ്‌ട്രങ്ങളുടെയും ഉദ്ദേശ്യങ്ങൾ തമ്മിൽ എന്തു വൈരുദ്ധ്യമുണ്ട്‌?

മനുഷ്യവർഗത്തെയും ഭൂമിയെയും സംബന്ധിച്ച്‌ യഹോവയാം ദൈവത്തിന്‌ ഒരു ഉദ്ദേശ്യമുണ്ട്‌. രാഷ്‌ട്രങ്ങൾക്കുമുണ്ട്‌ ഒരു ഉദ്ദേശ്യം. എന്നാൽ അവ എത്ര പരസ്‌പര വിരുദ്ധമാണ്‌! നാം അതു പ്രതീക്ഷിക്കേണ്ടതാണ്‌. എന്തെന്നാൽ ദൈവം പ്രസ്‌താവിക്കുന്നു: “ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു.” ദൈവോദ്ദേശ്യം നിറവേറുമെന്നത്‌ തർക്കമറ്റ സംഗതിയാണ്‌. കാരണം ദൈവം തുടർന്ന്‌ ഇങ്ങനെ പറയുന്നു: “മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതെപ്പാൻ വിത്തും തിന്മാൻ ആഹാരവും നല്‌കത്തക്കവണ്ണം ഭൂമിയെ നനെച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.”​—⁠യെശയ്യാവു 55:⁠9-11.

2, 3. രണ്ടാം സങ്കീർത്തനത്തിൽ എന്ത്‌ വ്യക്തമാക്കപ്പെട്ടിരിക്കുന്നു, ഏതു ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നു?

2 തന്റെ മിശിഹൈക രാജാവിനെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറുമെന്നത്‌ രണ്ടാം സങ്കീർത്തനത്തിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. രാഷ്‌ട്രങ്ങൾ കലഹിക്കുന്ന അല്ലെങ്കിൽ പ്രക്ഷുബ്ധതയിലാകുന്ന ശ്രദ്ധേയമായ ഒരു സമയം ഉണ്ടാകുമെന്ന്‌ മുൻകൂട്ടി പറയാൻ അതിന്റെ രചയിതാവായ പുരാതന ഇസ്രായേലിലെ ദാവീദ്‌ രാജാവ്‌ ദിവ്യനിശ്വസ്‌തനാക്കപ്പെട്ടു. രാഷ്‌ട്രങ്ങളുടെ ഭരണാധിപന്മാർ യഹോവയാം ദൈവത്തിനും അവന്റെ അഭിഷിക്തനും എതിരെ ഒരു നിലപാടു സ്വീകരിക്കുമായിരുന്നു. എന്നാൽ സങ്കീർത്തനക്കാരൻ ഇങ്ങനെയും പാടി: ‘ഞാൻ [യഹോവയുടെ] നിർണ്ണയം പ്രസ്‌താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്‌തതു: നീ എന്റെ പുത്രൻ; എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ [“രാഷ്‌ട്രങ്ങളെ,” NW] അവകാശമായും ഭൂമിയുടെ അററങ്ങളെ കൈവശമായും തരും.’​—⁠സങ്കീർത്തനം 2:⁠7, 8.

3 ‘യഹോവയുടെ നിർണയം’ രാഷ്‌ട്രങ്ങൾക്ക്‌ എന്തർഥമാക്കുന്നു? ഇത്‌ പൊതുവിലുള്ള മനുഷ്യവർഗത്തെ ബാധിക്കുന്നത്‌ എങ്ങനെ? രണ്ടാം സങ്കീർത്തനത്തിന്റെ ദൈവഭക്തരായ എല്ലാ വായനക്കാർക്കും ഈ സംഭവവികാസങ്ങൾ എന്തർഥമാക്കുന്നു?

രാഷ്‌ട്രങ്ങൾ കലഹിക്കുന്നു

4. സങ്കീർത്തനം 2:⁠1, 2-ലെ മുഖ്യ ആശയങ്ങളെ നിങ്ങൾ എങ്ങനെ സംക്ഷേപിക്കും?

4 രാഷ്‌ട്രങ്ങളുടെയും അവയുടെ ഭരണാധികാരികളുടെയും പ്രവർത്തനങ്ങളെ പരാമർശിച്ചുകൊണ്ട്‌ സങ്കീർത്തനക്കാരൻ തന്റെ രചന തുടങ്ങുന്നു. അവൻ ഇങ്ങനെ പാടി: “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു? യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്‌ക്കയും അധിപതികൾ തമ്മിൽ ആലോചിക്കയും” ചെയ്യുന്നു.​—⁠സങ്കീർത്തനം 2:⁠1, 2. *

5, 6. “വ്യർത്ഥമായ” എന്തു കാര്യമാണ്‌ വംശങ്ങൾ ‘നിരൂപിച്ചുകൊണ്ടിരിക്കുന്നത്‌’?

5 “വ്യർത്ഥമായ” എന്തു കാര്യമാണ്‌ ഇപ്പോൾ വംശങ്ങൾ ‘നിരൂപിച്ചുകൊണ്ടിരിക്കുന്നത്‌’? ദൈവത്തിന്റെ അഭിഷിക്തനെ, അതായത്‌ മിശിഹായെ അഥവാ ക്രിസ്‌തുവിനെ സ്വീകരിക്കുന്നതിനു പകരം തങ്ങളുടെതന്നെ അധികാരം നിലനിറുത്തുന്നതിനെ കുറിച്ചാണ്‌ രാഷ്‌ട്രങ്ങൾ ‘നിരൂപിച്ചുകൊണ്ടിരിക്കുന്നത്‌’ അല്ലെങ്കിൽ ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌. ദൈവത്തിന്റെ നിയുക്ത രാജാവായിരുന്ന യേശുക്രിസ്‌തുവിനെ വധിക്കാൻ യഹൂദ-റോമൻ അധികാരികൾ ഒറ്റക്കെട്ടായി അണിനിരന്നപ്പോൾ രണ്ടാം സങ്കീർത്തനത്തിലെ ഈ വാക്കുകൾക്ക്‌ പൊ.യു. ഒന്നാം നൂറ്റാണ്ടിലും ഒരു നിവൃത്തി ഉണ്ടായി. എന്നിരുന്നാലും, യേശു സ്വർഗീയ രാജാവായി അവരോധിക്കപ്പെട്ട 1914-ലാണ്‌ അതിന്റെ മുഖ്യ നിവൃത്തി തുടങ്ങിയത്‌. അന്നുമുതൽ, ഭൂമിയിലെ യാതൊരു രാഷ്‌ട്രവും ദൈവത്തിന്റെ സിംഹാസനസ്ഥ രാജാവിനെ അംഗീകരിച്ചിട്ടില്ല.

6 ‘വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നത്‌ എന്ത്‌’ എന്ന സങ്കീർത്തനക്കാരന്റെ ചോദ്യത്തിന്റെ അർഥമെന്തായിരുന്നു? അവരുടെ ഉദ്ദേശ്യമാണ്‌ വ്യർഥമായിരിക്കുന്നത്‌; അതു നിഷ്‌ഫലമാണ്‌, അതു പരാജയപ്പെടുകതന്നെ ചെയ്യും. ഭൂഗ്രഹത്തിൽ സമാധാനവും ഐക്യവും ആനയിക്കാൻ അവർക്കാവില്ല. എന്നിട്ടും, അവരുടെ പ്രവർത്തനങ്ങൾ ദിവ്യ ഭരണാധിപത്യത്തെ എതിർക്കുന്ന അളവോളം പോകുന്നു. യഥാർഥത്തിൽ, പരമോന്നതനും അവന്റെ അഭിഷിക്തനും വിരോധമായി ശത്രുതാമനോഭാവത്തോടെ അവർ ഒറ്റക്കെട്ടായി അണിനിരക്കുകയും അവർക്കു വിരോധമായി ആലോചിക്കുകയും ചെയ്‌തിരിക്കുന്നു. എത്ര വിഡ്‌ഢിത്തം!

യഹോവയുടെ ജയശാലിയായ രാജാവ്‌

7. യേശുവിന്റെ ആദിമ അനുഗാമികൾ തങ്ങളുടെ പ്രാർഥനയിൽ എങ്ങനെയാണ്‌ സങ്കീർത്തനം 2:⁠1, 2 ബാധകമാക്കിയത്‌?

7 സങ്കീർത്തനം 2:⁠1, 2-ലെ വാക്കുകൾ യേശുവിന്റെ അനുഗാമികൾ അവനു ബാധകമാക്കി. തങ്ങളുടെ വിശ്വാസത്തെ പ്രതി പീഡിപ്പിക്കപ്പെട്ട അവർ ഇങ്ങനെ പ്രാർഥിച്ചു: ‘ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ, “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു? ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കർത്താവിന്നു വിരോധമായും അവന്റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്‌തിരിക്കുന്നു” എന്നു നിന്റെ ദാസനായ ദാവീദ്‌ മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്‌തവനേ, നീ അഭിഷേകം ചെയ്‌ത യേശു എന്ന നിന്റെ പരിശുദ്ധദാസന്നു വിരോധമായി ഹെരോദാവും [അന്തിപ്പാസ്‌] പൊന്തിയൊസ്‌ പീലാത്തൊസും ജാതികളും യിസ്രായേൽജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി.’ (പ്രവൃത്തികൾ 4:⁠24-27; ലൂക്കൊസ്‌ 23:⁠1-12) * അതേ, ഒന്നാം നൂറ്റാണ്ടിൽ ദൈവത്തിന്റെ അഭിഷിക്ത ദാസനായ യേശുവിനെതിരെ ഒരു ഗൂഢാലോചന നടന്നു. എന്നിരുന്നാലും, ഈ സങ്കീർത്തനത്തിന്‌ നൂറ്റാണ്ടുകൾക്കു ശേഷം മറ്റൊരു നിവൃത്തി ഉണ്ടാകുമായിരുന്നു.

8. സങ്കീർത്തനം 2:⁠3 ഇപ്പോഴത്തെ രാഷ്‌ട്രങ്ങൾക്കു ബാധകമാകുന്നത്‌ എങ്ങനെ?

8 പുരാതന ഇസ്രായേലിന്‌ ദാവീദിനെ പോലുള്ള ഒരു മാനുഷ രാജാവ്‌ ഉണ്ടായിരുന്നപ്പോൾ പുറജാതി രാഷ്‌ട്രങ്ങളും ഭരണാധികാരികളും ദൈവത്തിനും അവന്റെ സിംഹാസനസ്ഥ അഭിഷിക്തനും എതിരെ ഒന്നിച്ചുകൂടി. നമ്മുടെ കാലത്തോ? ഇപ്പോഴത്തെ രാഷ്‌ട്രങ്ങൾ യഹോവയുടെയും മിശിഹായുടെയും വ്യവസ്ഥകൾക്കു കീഴ്‌പെടാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്‌ അവർ പിൻവരുംവിധം പറയുന്നതായി വർണിക്കപ്പെട്ടിരിക്കുന്നു: “നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.” (സങ്കീർത്തനം 2:⁠3) ദൈവവും അവന്റെ അഭിഷിക്തനും വെക്കുന്ന ഏതൊരു നിയന്ത്രണത്തെയും ഭരണാധികാരികളും രാഷ്‌ട്രങ്ങളും എതിർക്കും. അത്തരം കെട്ടുകളെ പൊട്ടിക്കാനും കയറുകളെ എറിഞ്ഞുകളയാനുമുള്ള ഏതൊരു ശ്രമവും തീർച്ചയായും വൃഥാവായിരിക്കും.

യഹോവ അവരെ പരിഹസിക്കുന്നു

9, 10. യഹോവ രാഷ്‌ട്രങ്ങളെ പരിഹസിക്കുന്നത്‌ എന്തുകൊണ്ട്‌?

9 തങ്ങളുടെതന്നെ പരമാധികാരം സ്ഥാപിക്കാനുള്ള ദേശീയ ഭരണാധികാരികളുടെ ഉദ്യമങ്ങളൊന്നും യഹോവയെ ബാധിക്കുന്നില്ല. രണ്ടാം സങ്കീർത്തനം ഇങ്ങനെ തുടരുന്നു: “സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവു അവരെ പരിഹസിക്കുന്നു.” (സങ്കീർത്തനം 2:⁠4) ഈ ഭരണാധികാരികൾ തനിക്ക്‌ ഒന്നുമല്ല എന്നതുപോലെ യഹോവ തന്റെ ഉദ്ദേശ്യവുമായി മുന്നോട്ടു പോകുന്നു. അവരുടെ ധിക്കാരം കണ്ട്‌ അവൻ ചിരിക്കുകയും അവരെ പരിഹസിക്കുകയും ചെയ്യുന്നു. തങ്ങൾ ചെയ്യാനിരിക്കുന്നവയെ കുറിച്ച്‌ അവർ വീമ്പിളക്കിക്കൊള്ളട്ടെ. യഹോവയ്‌ക്ക്‌ അവർ ഒരു പരിഹാസവിഷയമാണ്‌. അവരുടെ നിഷ്‌ഫലമായ എതിർപ്പിനെ അവൻ പരിഹസിക്കുന്നു.

10 ശത്രുക്കളായ മനുഷ്യരെയും രാഷ്‌ട്രങ്ങളെയും പരാമർശിച്ചുകൊണ്ട്‌ സങ്കീർത്തനങ്ങളിൽ മറ്റൊരിടത്ത്‌ ദാവീദ്‌ ഇപ്രകാരം പാടുന്നു: “സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ, സകലജാതികളെയും സന്ദർശിക്കേണ്ടതിന്നു നീ ഉണരേണമേ; നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ ഉണ്ടാകരുതേ. സന്ധ്യാസമയത്തു അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുംകൊണ്ടു അവർ പട്ടണത്തിന്നു ചുററും നടക്കുന്നു. അവർ തങ്ങളുടെ വായ്‌കൊണ്ടു ശകാരിക്കുന്നു; വാളുകൾ അവരുടെ അധരങ്ങളിൽ ഉണ്ടു; ആർ കേൾക്കും എന്നു അവർ പറയുന്നു. എങ്കിലും യഹോവേ, നീ അവരെച്ചൊല്ലി ചിരിക്കും; നീ സകലജാതികളെയും പരിഹസിക്കും.” (സങ്കീർത്തനം 59:⁠5-8) വീമ്പിളക്കിക്കൊണ്ടും സംഭ്രമത്തോടെയും രാഷ്‌ട്രങ്ങൾ തനിക്കെതിരായി ചെയ്യുന്ന ബൂദ്ധിശൂന്യമായ പ്രവർത്തനങ്ങളെച്ചൊല്ലി യഹോവ ചിരിക്കുന്നു.

11. ദൈവോദ്ദേശ്യത്തിന്‌ എതിരെ പ്രവർത്തിക്കാൻ രാഷ്‌ട്രങ്ങൾ ശ്രമിക്കുമ്പോൾ എന്തു സംഭവിക്കുന്നു?

11 ഏതൊരു വെല്ലുവിളിയും തകർത്തു മുന്നോട്ടു പോകാൻ ദൈവത്തിന്‌ കഴിയുമെന്ന നമ്മുടെ വിശ്വാസത്തെ രണ്ടാം സങ്കീർത്തനത്തിലെ വാക്കുകൾ ബലിഷ്‌ഠമാക്കുന്നു. അവൻ എപ്പോഴും സ്വന്ത ഹിതം നിറവേറ്റുന്നവനും തന്റെ വിശ്വസ്‌ത ദാസരെ ഒരിക്കലും ഉപേക്ഷിക്കാത്തവനും ആണെന്നു നമുക്ക്‌ ഉറച്ച ബോധ്യമുണ്ടായിരിക്കാനാകും. (സങ്കീർത്തനം 94:⁠14) ആ സ്ഥിതിക്ക്‌, യഹോവയുടെ ഉദ്ദേശ്യത്തിന്‌ എതിരെ പ്രവർത്തിക്കാൻ രാഷ്‌ട്രങ്ങൾ ശ്രമിക്കുമ്പോൾ എന്തു സംഭവിക്കുന്നു? ഈ സങ്കീർത്തനം പറയുന്നതനുസരിച്ച്‌, മാറ്റൊലികൊള്ളുന്ന ഇടിനാദത്താലെന്നപോലെ ദൈവം “കോപത്തോടെ അവരോടു അരുളിച്ചെയ്യും.” മാത്രമല്ല, ഗംഭീരമായ മിന്നൽപ്പിണർകൊണ്ട്‌ എന്നപോലെ അവൻ “ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.”​—⁠സങ്കീർത്തനം 2:⁠5.

നിയുക്ത രാജാവിനെ അവരോധിച്ചിരിക്കുന്നു

12. സങ്കീർത്തനം 2:⁠6 ഏത്‌ സിംഹാസനാരോഹണത്തിനാണ്‌ ബാധകമാകുന്നത്‌?

12 സങ്കീർത്തനക്കാരനിലൂടെ യഹോവ അടുത്തതായി പറയുന്ന കാര്യം രാഷ്‌ട്രങ്ങളെ ഭ്രമിപ്പിക്കുകതന്നെ ചെയ്യുന്നു. ദൈവം ഇങ്ങനെ പ്രഖ്യാപിക്കുന്നു: “എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” (സങ്കീർത്തനം 2:⁠6) സീയോൻ പർവതം യെരൂശലേമിലെ ഒരു മലയായിരുന്നു. അവിടെവെച്ചാണ്‌ ദാവീദ്‌ മുഴു ഇസ്രായേലിന്റെയും രാജാവായി അവരോധിക്കപ്പെട്ടത്‌. എന്നാൽ മിശിഹൈക രാജാവ്‌ ആ നഗരത്തിലോ ഭൂമിയിൽ മറ്റെവിടെയെങ്കിലുമോ ഉള്ള ഒരു സിംഹാസനത്തിൽ ഇരിക്കുകയില്ല. വാസ്‌തവത്തിൽ യഹോവ, താൻ തിരഞ്ഞെടുത്തിരിക്കുന്ന മിശിഹൈക രാജാവെന്ന നിലയിൽ യേശുക്രിസ്‌തുവിനെ സ്വർഗീയ സീയോൻ മലയിൽ അവരോധിച്ചുകഴിഞ്ഞിരിക്കുന്നു.​—⁠വെളിപ്പാടു 14:⁠1.

13. യഹോവ തന്റെ പുത്രനുമായി ഏത്‌ ഉടമ്പടി ചെയ്‌തിരിക്കുന്നു?

13 മിശിഹൈക രാജാവ്‌ ഇപ്പോൾ സംസാരിക്കുന്നു: ‘ഞാൻ [യഹോവയുടെ] നിർണ്ണയം പ്രസ്‌താവിക്കുന്നു: യഹോവ [തന്റെ പുത്രനുമായി രാജ്യത്തിനായി ഉടമ്പടി ചെയ്‌തിരുന്നവൻ] എന്നോടു അരുളിച്ചെയ്‌തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.’ (സങ്കീർത്തനം 2:⁠7) തന്റെ അപ്പൊസ്‌തലന്മാരോട്‌ പിൻവരുംവിധം പറഞ്ഞപ്പോൾ ക്രിസ്‌തു രാജ്യ ഉടമ്പടിയെ പരാമർശിച്ചു: “നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിലനിന്നവർ. എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചുതരുന്നു [“എന്റെ പിതാവ്‌ ഒരു രാജ്യത്തിനായി ഞാനുമായി ഉടമ്പടി ചെയ്‌തിരിക്കുന്നതുപോലെ ഞാൻ നിങ്ങളുമായി ഒരു ഉടമ്പടി ചെയ്യുന്നു,” NW].”​—⁠ലൂക്കൊസ്‌ 22:⁠28, 29.

14. രാജത്വമേൽക്കാനുള്ള അനിഷേധ്യമായ അവകാശം യേശുവിനുണ്ടെന്ന്‌ പറയാനാകുന്നത്‌ എന്തുകൊണ്ട്‌?

14 സങ്കീർത്തനം 2:⁠7 മുൻകൂട്ടി പറഞ്ഞപ്രകാരം, യേശുവിന്റെ സ്‌നാപനവേളയിലും പിന്നീട്‌ അവനെ ആത്മജീവനിലേക്കു പുനരുത്ഥാനപ്പെടുത്തിക്കൊണ്ടും അവൻ തന്റെ പുത്രനാണെന്ന്‌ യഹോവ തിരിച്ചറിയിച്ചു. (മർക്കൊസ്‌ 1:⁠9-11; റോമർ 1:⁠5; എബ്രായർ 1:⁠5; 5:⁠5) അതേ, സ്വർഗീയ രാജ്യത്തിന്റെ രാജാവ്‌ ദൈവത്തിന്റെ ഏകജാത പുത്രനാണ്‌. (യോഹന്നാൻ 3:⁠16) ദാവീദ്‌ രാജാവിന്റെ രാജകീയ സന്തതിയായതിനാൽ രാജത്വമേൽക്കാനുള്ള അനിഷേധ്യമായ അവകാശം യേശുവിനുണ്ട്‌. (2 ശമൂവേൽ 7:⁠4-17; മത്തായി 1:⁠6, 16) ഈ സങ്കീർത്തനം അനുസരിച്ച്‌ ദൈവം തന്റെ പുത്രനോട്‌ ഇങ്ങനെ പറയുന്നു: “എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ [“രാഷ്‌ട്രങ്ങളെ,” NW] അവകാശമായും ഭൂമിയുടെ അററങ്ങളെ കൈവശമായും തരും.”​—⁠സങ്കീർത്തനം 2:⁠8.

15. യേശു രാഷ്‌ട്രങ്ങളെ അവകാശമായി ചോദിക്കുന്നത്‌ എന്തുകൊണ്ട്‌?

15 രാജാവിന്‌ അതായത്‌ ദൈവത്തിന്റെ സ്വന്തം പുത്രന്‌, യഹോവയ്‌ക്ക്‌ തൊട്ടടുത്ത സ്ഥാനമാണ്‌ ഉള്ളത്‌. യേശു നല്ലവനെന്നു തെളിഞ്ഞവൻ, ആശ്രയയോഗ്യൻ, യഹോവയുടെ വിശ്വസ്‌തൻ ആണ്‌. മാത്രമല്ല, ദൈവത്തിന്റെ ആദ്യജാതൻ എന്ന നിലയിൽ യേശുവിന്‌ അവകാശവുമുണ്ട്‌. തീർച്ചയായും, യേശുക്രിസ്‌തു “അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും” ആണ്‌. (കൊലൊസ്സ്യർ 1:⁠15) അവൻ ഒന്നു ചോദിക്കുകയേ വേണ്ടൂ, ദൈവം “ജാതികളെ [“രാഷ്‌ട്രങ്ങളെ,” NW] അവകാശമായും ഭൂമിയുടെ അററങ്ങളെ കൈവശമായും” അവനു നൽകും. ‘മനുഷ്യപുത്രന്മാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രമോദിക്കുന്നവൻ’ എന്ന നിലയിലും ഭൂമിയെയും മനുഷ്യവർഗത്തെയും സംബന്ധിച്ച തന്റെ സ്വർഗീയ പിതാവിന്റെ ഹിതം നിവർത്തിക്കാനുള്ള തീക്ഷ്‌ണമായ ആഗ്രഹം ഉള്ളതിനാലുമാണ്‌ യേശു ഈ അഭ്യർഥന നടത്തുന്നത്‌.​—⁠സദൃശവാക്യങ്ങൾ 8:⁠30, 31.

രാഷ്‌ട്രങ്ങൾക്ക്‌ എതിരെയുള്ള യഹോവയുടെ നിർണയം

16, 17. സങ്കീർത്തനം 2:⁠9 അനുസരിച്ച്‌ രാഷ്‌ട്രങ്ങൾക്ക്‌ എന്താണു സംഭവിക്കാൻ പോകുന്നത്‌?

16 രണ്ടാം സങ്കീർത്തനം ഇപ്പോൾ, അതായത്‌ യേശുക്രിസ്‌തുവിന്റെ അദൃശ്യ സാന്നിധ്യകാലത്ത്‌, നിവൃത്തിയേറിക്കൊണ്ടിരിക്കുന്നതിനാൽ, രാഷ്‌ട്രങ്ങൾക്ക്‌ എന്താണു സംഭവിക്കാൻ പോകുന്നത്‌? രാജാവ്‌ പെട്ടെന്നുതന്നെ ദൈവത്തിന്റെ പിൻവരുന്ന പ്രഖ്യാപനം നടപ്പാക്കും: “ഇരിമ്പുകോൽകൊണ്ടു [“ഇരുമ്പ്‌ ചെങ്കോൽകൊണ്ട്‌,” NW] നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.”​—⁠സങ്കീർത്തനം 2:⁠9.

17 പുരാതന കാലത്തെ രാജാക്കന്മാരുടെ ചെങ്കോൽ രാജകീയ അധികാരത്തിന്റെ പ്രതീകമായിരുന്നു. ഈ സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്നതു പോലെ, ചിലത്‌ ഇരുമ്പുകൊണ്ടുള്ളത്‌ ആയിരുന്നു. രാജാവായ ക്രിസ്‌തു എത്ര ലാഘവത്തോടെ ആയിരിക്കും രാഷ്‌ട്രങ്ങളെ തകർക്കാൻ പോകുന്നത്‌ എന്നാണ്‌ ഈ ആലങ്കാരിക പ്രയോഗം സൂചിപ്പിക്കുന്നത്‌. ഇരുമ്പു ചെങ്കോൽ കൊണ്ടുള്ള ഒരു കനത്ത പ്രഹരം കുശവന്റെ മൺമാത്രത്തെ പൂർവസ്ഥിതിയിലാക്കാൻ കഴിയാത്തവിധം തകർത്തു തരിപ്പണമാക്കും.

18, 19. ദൈവാംഗീകാരം ലഭിക്കുന്നതിന്‌ ഭൂമിയിലെ രാജാക്കന്മാർ എന്തു ചെയ്യേണ്ടതുണ്ട്‌?

18 നാശകരമായ അത്തരമൊരു പ്രഹരത്തിന്‌ ദേശീയ ഭരണാധികാരികൾ സാക്ഷ്യംവഹിച്ചേ തീരൂ എന്നുണ്ടോ? ഇല്ല. എന്തെന്നാൽ സങ്കീർത്തനക്കാരൻ അവരോട്‌ ഇങ്ങനെ അഭ്യർഥിക്കുന്നു: “ആകയാൽ രാജാക്കന്മാരേ, ബുദ്ധിപഠിപ്പിൻ; ഭൂമിയിലെ ന്യായാധിപന്മാരേ; ഉപദേശം കൈക്കൊൾവിൻ.” (സങ്കീർത്തനം 2:⁠10) ഗൗരവശ്രദ്ധ നൽകാനും കാര്യങ്ങളെ ഉൾക്കാഴ്‌ചയോടെ വീക്ഷിക്കാനുമുള്ള ആഹ്വാനം രാജാക്കന്മാർക്കു നൽകപ്പെടുന്നു. മനുഷ്യവർഗത്തിന്റെ നന്മയ്‌ക്കായി ദൈവരാജ്യം ചെയ്യാൻ പോകുന്ന കാര്യങ്ങളോടുള്ള വിപരീത താരതമ്യത്തിൽ തങ്ങളുടെ പദ്ധതികളുടെ വ്യർഥതയെ കുറിച്ച്‌ അവർ ചിന്തിക്കേണ്ടതുണ്ട്‌.

19 ദൈവാംഗീകാരം ലഭിക്കുന്നതിന്‌ ഭൂമിയിലെ രാജാക്കന്മാർ തങ്ങളുടെ പ്രവർത്തനഗതിക്കു മാറ്റംവരുത്തേണ്ടി വരും. “ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ” എന്ന്‌ അവർ ഉദ്‌ബോധിപ്പിക്കപ്പെട്ടിരിക്കുന്നു. (സങ്കീർത്തനം 2:⁠11) അവർ അത്തരമൊരു നടപടി സ്വീകരിച്ചാൽ എന്തായിരിക്കും ഫലം? കലഹിക്കുന്നതിന്‌, കൂടുതൽ കൃത്യമായി പറഞ്ഞാൽ മാനസികമായി പ്രക്ഷുബ്ധരായിരിക്കുന്നതിനു പകരം, മിശിഹൈക രാജാവ്‌ തങ്ങളുടെ മുമ്പാകെ വെക്കുന്ന പ്രതീക്ഷകളിൽ അവർക്കു സന്തോഷിക്കാനാകും. തങ്ങളുടെ ഭരണാധിപത്യത്തിൽ പ്രകടമാക്കുന്ന അഹങ്കാരവും ഗർവും ഭൂമിയിലെ ഭരണാധികാരികൾ ത്യജിക്കേണ്ടത്‌ അനിവാര്യമായിരിക്കും. അവർ താമസംവിനാ മാറ്റംവരുത്തേണ്ടിവരും. കൂടാതെ യഹോവയുടെ കിടയറ്റ പരമാധികാരത്തോടും ദൈവത്തിന്റെയും അവന്റെ മിശിഹൈക രാജാവിന്റെയും അപ്രതിരോധ്യമായ ശക്തിയോടുമുള്ള ബന്ധത്തിൽ ഉൾക്കാഴ്‌ച പ്രകടമാക്കേണ്ടതായും വരും.

“പുത്രനെ ചുംബിപ്പിൻ”

20, 21. “പുത്രനെ ചുംബിപ്പിൻ” എന്നതിന്റെ അർഥമെന്ത്‌?

20 രാഷ്‌ട്രങ്ങളുടെ ഭരണാധിപന്മാർക്ക്‌ 2-ാം സങ്കീർത്തനം ഇപ്പോൾ അനുകമ്പയോടുകൂടിയ ഒരു ക്ഷണം വെച്ചുനീട്ടുന്നു. എതിർക്കാനായി ഒത്തുചേരുന്നതിനു പകരം പിൻവരുംവിധം ചെയ്യാൻ അവരോടു പറഞ്ഞിരിക്കുന്നു: “അവൻ [യഹോവയാം ദൈവം] കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും.” (സങ്കീർത്തനം 2:⁠12എ) പരമാധീശ കർത്താവായ യഹോവ ഒരു നിർണയം പുറപ്പെടുവിക്കുമ്പോൾ അവർ അതിനു ചെവികൊടുക്കണം. ദൈവം തന്റെ പുത്രനെ സിംഹാസനസ്ഥനാക്കിയപ്പോൾ ഭൂമിയിലെ ഭരണാധികാരികൾ “വ്യർത്ഥമായതു നിരൂപിക്കുന്നത്‌” നിറുത്തേണ്ടിയിരുന്നു. അവർ ഉടൻതന്നെ രാജാവിനെ അംഗീകരിച്ച്‌ അവനോടു പൂർണ അനുസരണം പ്രകടമാക്കണമായിരുന്നു.

21 ‘പുത്രനെ ചുംബിക്കേണ്ടത്‌’ എന്തുകൊണ്ട്‌? ഈ സങ്കീർത്തനം രചിക്കപ്പെട്ട സമയത്ത്‌, സൗഹൃദത്തിന്റെ പ്രകടനമായിരുന്നു ചുംബനം. കൂടാതെ അതിഥികളെ വീട്ടിലേക്ക്‌ ചുംബനം നൽകി ആതിഥ്യപൂർവം സ്വാഗതം ചെയ്യുന്നത്‌ പതിവായിരുന്നു. ചുംബനം വിശ്വസ്‌തതയുടെ അഥവാ കൂറ്‌ പ്രകടമാക്കുന്നതിന്റെ ഒരു പ്രവൃത്തിയുമായിരുന്നു. (1 ശമൂവേൽ 10:⁠1) അഭിഷിക്ത രാജാവെന്ന നിലയിൽ തന്റെ പുത്രനെ ചുംബിക്കാൻ അഥവാ സ്വാഗതം ചെയ്യാൻ രണ്ടാം സങ്കീർത്തനത്തിന്റെ ഈ വാക്യത്തിൽ ദൈവം രാഷ്‌ട്രങ്ങളോട്‌ ആജ്ഞാപിക്കുകയാണ്‌.

22. ദേശീയ ഭരണാധിപന്മാർ ഏതു മുന്നറിയിപ്പിനു ചെവികൊടുക്കണം?

22 ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട രാജാവിന്റെ അധികാരം അംഗീകരിക്കാൻ കൂട്ടാക്കാത്തവർ യഹോവയെ നിന്ദിക്കുകയാണു ചെയ്യുന്നത്‌. യഹോവയാം ദൈവത്തിന്റെ സാർവത്രിക പരമാധികാരത്തെയും മനുഷ്യവർഗത്തിന്‌ അത്യുത്തമ ഭരണാധികാരിയായ രാജാവിനെ തിരഞ്ഞെടുക്കാനുള്ള അവന്റെ അധികാരത്തെയും കഴിവിനെയും അവർ നിരാകരിക്കുകയാണ്‌. തങ്ങളുടേതായ സ്വന്തം പദ്ധതികൾ നടപ്പിലാക്കാൻ ദേശീയ ഭരണാധികാരികൾ ശ്രമിക്കുമ്പോൾ അവർ ദൈവത്തിന്റെ ക്ഷിപ്രകോപത്തിന്‌ ഇരയാകും. “അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും,” അഥവാ അത്‌ പെട്ടെന്നും അപ്രതിരോധ്യമാംവിധവും ജ്വലിക്കും. ദേശീയ ഭരണാധിപന്മാർ ഈ മുന്നറിയിപ്പിനെ കൃതജ്ഞതയോടെ കൈക്കൊള്ളുകയും തദനുസരണം വർത്തിക്കുകയും വേണം. അത്‌ ജീവനെ അർഥമാക്കുന്നു.

23. വ്യക്തികൾക്ക്‌ ഇനിയും എന്തു ചെയ്യാൻ സമയമുണ്ട്‌?

23 നാടകീയമായ ഈ സങ്കീർത്തനം ഈ വാക്കുകളോടെ അവസാനിക്കുന്നു: “അവനെ [യഹോവയെ] ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ [“സന്തുഷ്ടർ,” NW].” (സങ്കീർത്തനം 2:⁠12ബി) സുരക്ഷിതത്വം കണ്ടെത്താനുള്ള സമയം വ്യക്തികൾക്ക്‌ ഇനിയുമുണ്ട്‌. ദേശീയ പദ്ധതികളുമായി മുന്നോട്ടു പോകുന്ന ഭരണാധികാരികളുടെ കാര്യത്തിലും അതു സത്യമാണ്‌. രാജ്യഭരണത്തിൻ കീഴിൽ അഭയം നൽകുന്ന യഹോവയുടെ അടുത്തേക്ക്‌ അവർക്ക്‌ ഓടിച്ചെല്ലാൻ കഴിയും. എന്നാൽ, എതിർക്കുന്ന സകല രാഷ്‌ട്രങ്ങളെയും മിശിഹൈക രാജ്യം തച്ചുടയ്‌ക്കുന്നതിനു മുമ്പായി അവർ പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

24. കലങ്ങിമറിഞ്ഞ ഈ ലോകത്തിൽ പോലും നമുക്ക്‌ എങ്ങനെ കൂടുതൽ സംതൃപ്‌തികരമായ ജീവിതം നയിക്കാനാകും?

24 തിരുവെഴുത്തുകൾ ഉത്സാഹപൂർവം പഠിക്കുകയും അവയിലെ ബുദ്ധിയുപദേശം ബാധകമാക്കുകയും ചെയ്‌താൽ കലങ്ങിമറിഞ്ഞ ഈ ലോകത്തിൽ പോലും കൂടുതൽ സംതൃപ്‌തികരമായ ജീവിതം നയിക്കാൻ നമുക്കു കഴിയും. തിരുവെഴുത്തു ബുദ്ധിയുപദേശം അനുസരിക്കുന്നത്‌ കുടുംബ ബന്ധങ്ങൾ ഏറെ സന്തോഷകരമാക്കാനും ഈ ലോകത്തെ ഗ്രസിച്ചിരിക്കുന്ന നിരവധി ഭയാശങ്കകളിൽനിന്നും മോചനം നേടാനും സഹായിക്കും. ബൈബിളിന്റെ മാർഗനിർദേശം പിൻപറ്റുന്നത്‌, നാം സ്രഷ്ടാവിനെ പ്രസാദിപ്പിക്കുകയാണെന്ന ബോധ്യം നമ്മിൽ ഉളവാക്കും. ‘ഇപ്പോഴത്തെ ജീവനും’ രാജ്യഭരണത്തെ നിരാകരിച്ചുകൊണ്ട്‌ ശരിയായതിനെ എതിർക്കുന്നവരെ ഈ ഭൂമിയിൽനിന്നു നീക്കിയശേഷം ‘വരുവാനിരിക്കുന്ന ജീവനും’ ഉറപ്പുനൽകാൻ സാർവത്രിക പരമാധികാരിക്കല്ലാതെ ആർക്കും കഴിയില്ല.—⁠1 തിമൊഥെയൊസ്‌ 4:⁠8.

25. ‘യഹോവയുടെ നിർണയം’ പരാജയപ്പെടുകയില്ലാത്തതിനാൽ നമ്മുടെ കാലത്ത്‌ എന്തു സംഭവിക്കുമെന്ന്‌ നമുക്കു പ്രതീക്ഷിക്കാം?

25 ‘യഹോവയുടെ നിർണയം’ പരാജയപ്പെടുകയില്ല. നമ്മുടെ സ്രഷ്ടാവെന്ന നിലയിൽ, മനുഷ്യവർഗത്തിന്‌ ഉത്തമമായത്‌ എന്താണെന്നു ദൈവത്തിന്‌ അറിയാം. തന്റെ പ്രിയ പുത്രന്റെ രാജ്യഭരണത്തിൻ കീഴിൽ, സമാധാനവും സംതൃപ്‌തിയും നിത്യസുരക്ഷിതത്വവും നൽകി അനുസരണമുള്ള മനുഷ്യരെ അനുഗ്രഹിക്കാനുള്ള ഉദ്ദേശ്യം അവൻ നടപ്പാക്കുകതന്നെ ചെയ്യും. നമ്മുടെ കാലത്തെ കുറിച്ച്‌ ദാനീയേൽ പ്രവാചകൻ ഇപ്രകാരം എഴുതി: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; . . . അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്‌ക്കയും ചെയ്യും.” (ദാനീയേൽ 2:⁠44) അതിനാൽ, ‘പുത്രനെ ചുംബിക്കാനും’ പരമാധീശ കർത്താവായ യഹോവയെ സേവിക്കാനുമുള്ള നിർണായക സമയമാണ്‌ ഇത്‌!

[അടിക്കുറിപ്പുകൾ]

^ ഖ. 4 ആദ്യം, ‘അഭിഷിക്തൻ’ ദാവീദ്‌ രാജാവും “ഭൂമിയിലെ രാജാക്കന്മാർ” അവനെതിരെ സൈന്യസന്നാഹം ഒരുക്കിയ ഫെലിസ്‌ത്യ ഭരണാധിപന്മാരും ആയിരുന്നു.

^ ഖ. 7 രണ്ടാം സങ്കീർത്തനത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ അഭിഷിക്തൻ യേശുവാണെന്ന്‌ ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ മറ്റു ഭാഗങ്ങളും പ്രകടമാക്കുന്നു. സങ്കീർത്തനം 2:⁠7-നെ പ്രവൃത്തികൾ 13:⁠32, 33-മായും എബ്രായർ 1:⁠5; 5:⁠5-മായും താരതമ്യം ചെയ്‌താൽ ഇതു വ്യക്തമാകും. സങ്കീർത്തനം 2:⁠9-ഉം വെളിപ്പാടു 2:⁠26, 27-ഉം കൂടി കാണുക.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• വംശങ്ങൾ ‘നിരൂപിച്ചുകൊണ്ടിരിക്കുന്ന’ “വ്യർത്ഥമായ” കാര്യം എന്ത്‌?

• യഹോവ രാഷ്‌ട്രങ്ങളെ പരിഹസിക്കുന്നത്‌ എന്തുകൊണ്ട്‌?

• രാഷ്‌ട്രങ്ങൾക്കെതിരെയുള്ള ദൈവത്തിന്റെ നിർണയം എന്താണ്‌?

• “പുത്രനെ ചുംബിപ്പിൻ” എന്നതിന്റെ അർഥമെന്ത്‌?

[അധ്യയന ചോദ്യങ്ങൾ]

[16-ാം പേജിലെ ചിത്രം]

ജയശാലിയായ മിശിഹൈക രാജാവിനെ കുറിച്ച്‌ ദാവീദ്‌ പാടി

[17-ാം പേജിലെ ചിത്രം]

ഇസ്രായേലിലെ ജനങ്ങളും ഭരണാധിപന്മാരും യേശുക്രിസ്‌തുവിനെതിരെ ഗൂഢാലോചന നടത്തി

[18-ാം പേജിലെ ചിത്രം]

സ്വർഗീയ സീയോൻമലയിൽ ക്രിസ്‌തു രാജാവെന്ന നിലയിൽ അവരോധിക്കപ്പെട്ടിരിക്കുന്നു