വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ സ്രഷ്ടാവിനെ മഹത്ത്വപ്പെടുത്താൻ ആത്മീയ ലാക്കുകളെ ഉപയോഗിക്കുക

നിങ്ങളുടെ സ്രഷ്ടാവിനെ മഹത്ത്വപ്പെടുത്താൻ ആത്മീയ ലാക്കുകളെ ഉപയോഗിക്കുക

നിങ്ങളുടെ സ്രഷ്ടാവിനെ മഹത്ത്വപ്പെടുത്താൻ ആത്മീയ ലാക്കുകളെ ഉപയോഗിക്കുക

“ഏതു തുറമുഖത്തേക്കാണ്‌ പോകേണ്ടതെന്ന്‌ അറിയില്ലാത്ത ഒരുവനെ സംബന്ധിച്ചിടത്തോളം ഒരു കാറ്റും അനുകൂലമായ കാറ്റല്ല!” ഒന്നാം നൂറ്റാണ്ടിലെ ഒരു റോമൻ തത്ത്വചിന്തകന്റേതെന്നു കരുതപ്പെടുന്ന ഈ വാക്കുകൾ ജീവിതത്തിനു ദിശ ഉണ്ടായിരിക്കണമെങ്കിൽ ലക്ഷ്യങ്ങൾ കൂടിയേതീരൂ എന്ന വസ്‌തുതയിലേക്കു വിരൽ ചൂണ്ടുന്നു.

തികഞ്ഞ ലക്ഷ്യബോധത്തോടെ ജീവിതം നയിച്ച വ്യക്തികളുടെ ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ട്‌. നോഹ 50 വർഷത്തോളം കഠിനാധ്വാനം ചെയ്‌ത്‌ “തന്റെ കുടുംബത്തിന്റെ രക്ഷെക്കായിട്ടു ഒരു പെട്ടകം തീർത്തു.” പ്രവാചകനായ മോശെ ‘തനിക്കു ലഭിക്കാനിരുന്ന പ്രതിഫലത്തിൽ ദൃഷ്ടിപതിപ്പിച്ചു.’ (പി.ഒ.സി. ബൈബിൾ) (എബ്രായർ 11:⁠7, 26) മോശെയുടെ പിൻഗാമിയായ യോശുവയ്‌ക്കു മുന്നിൽ കനാൻ ദേശം കീഴടക്കാനുള്ള ദൈവദത്തമായ ലക്ഷ്യം വെക്കപ്പെട്ടു.​—⁠ആവർത്തനപുസ്‌തകം 3:⁠21, 22, 28; യോശുവ 12:⁠7-24.

പൊ.യു. ഒന്നാം നൂറ്റാണ്ടിൽ അപ്പൊസ്‌തലനായ പൗലൊസിന്റെ ആത്മീയ ലാക്കുകളെ, ‘രാജ്യത്തിന്റെ ഈ സുവിശേഷം ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും” എന്നുള്ള യേശുവിന്റെ വാക്കുകൾ നിസ്സംശയമായും വളരെയേറെ സ്വാധീനിച്ചു. (മത്തായി 24:⁠14) യേശുവിന്റെ ‘നാമം ജാതികൾക്കു മുമ്പിൽ വഹിക്കാനുള്ള’ നിയമനം ഉൾപ്പെടെ കർത്താവായ യേശുവിൽനിന്നു വ്യക്തിപരമായ സന്ദേശങ്ങളും ദർശനങ്ങളും ലഭിച്ചതിൽ പ്രോത്സാഹിതനായ പൗലൊസ്‌, ഏഷ്യാമൈനറിലും യൂറോപ്പിലും അനവധി ക്രിസ്‌തീയ സഭകൾ സ്ഥാപിക്കുന്നതിൽ ഒരു സുപ്രധാന പങ്കു വഹിച്ചു.​—⁠പ്രവൃത്തികൾ 9:⁠15; കൊലൊസ്സ്യർ 1:⁠23.

അതേ, യഹോവയുടെ ദാസർ ചരിത്രത്തിൽ ഉടനീളം ഉദാത്തമായ ലാക്കുകൾ വെക്കുകയും ദൈവമഹത്ത്വത്തിനായി അവയിൽ എത്തിച്ചേരുകയും ചെയ്‌തിട്ടുണ്ട്‌. ഇന്ന്‌ നമുക്ക്‌ എങ്ങനെ ആത്മീയ ലാക്കുകൾ വെക്കാനാവും? അവയിൽ ചിലത്‌ ഏതൊക്കെയാണ്‌, അവയിൽ എത്തിച്ചേരാൻ ഏതു പ്രായോഗിക പടികൾ നമുക്കു സ്വീകരിക്കാനാവും?

ശരിയായ ആന്തരം മർമപ്രധാനം

ജീവിതത്തിന്റെ മിക്കവാറും എല്ലാ മണ്ഡലങ്ങളിലും ലാക്കുകൾ വെക്കാൻ കഴിഞ്ഞേക്കും, ലക്ഷ്യോന്മുഖരായി പ്രവർത്തിക്കുന്ന ആളുകൾ ഈ ലോകത്തിലുമുണ്ട്‌. എന്നിരുന്നാലും ദിവ്യാധിപത്യ ലാക്കുകൾ ലൗകിക അതിമോഹങ്ങൾക്കു സമമല്ല. തീരാത്ത ധനാസക്തിയും അടങ്ങാത്ത അധികാരമോഹവും അദമ്യമായ സ്ഥാനകാംക്ഷയുമാണ്‌ പല ലൗകിക ലാക്കുകൾക്കും പിന്നിലെ മുഖ്യ പ്രേരക ഘടങ്ങൾ. ഒരു ലാക്കിൽ എത്തിച്ചേരാൻ ശ്രമിക്കുന്നതിനു പിന്നിലെ പ്രചോദക ഘടകം അധികാരവും പ്രാമുഖ്യതയും നേടാനുള്ള ആഗ്രഹമാണെങ്കിൽ അത്‌ എത്ര അനുചിതമായിരിക്കും! യഹോവയാം ദൈവത്തിനു മഹത്ത്വം കരേറ്റുന്ന ലാക്കുകൾ നമ്മുടെ ദൈവാരാധനയോടും രാജ്യതാത്‌പര്യങ്ങളോടും നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. (മത്തായി 6:⁠33) അത്തരം ലാക്കുകൾ ദൈവത്തോടും സഹമനുഷ്യനോടുമുള്ള സ്‌നേഹത്തിൽനിന്നാണ്‌ ഉരുത്തിരിയുന്നത്‌, ദൈവിക ഭക്തി എന്ന ലക്ഷ്യമായിരിക്കും അവയ്‌ക്കുള്ളത്‌.​—⁠മത്തായി 22:⁠37-39; 1 തിമൊഥെയൊസ്‌ 4:⁠⁠7.

കൂടുതലായ സേവന പദവികൾക്കോ വ്യക്തിപരമായ ആത്മീയ അഭിവൃദ്ധിക്കോ വേണ്ടി ആയാലും നാം ആത്മീയ ലാക്കുകൾ വെക്കുകയും എത്തിപ്പിടിക്കുകയും ചെയ്യുന്നത്‌ ഉചിതമായ ആന്തരത്തോടെ ആയിരിക്കട്ടെ. എന്നാൽ, ഉചിതമായ ആന്തരത്തോടെയുള്ള ലാക്കുകൾ പോലും ചിലപ്പോൾ സാക്ഷാത്‌കരിക്കപ്പെടാതെ പോകുന്നു. നമുക്ക്‌ ലാക്കുകൾ വെക്കാനും അവയിൽ എത്തിച്ചേരാനുള്ള സാധ്യത വർധിപ്പിക്കാനും എങ്ങനെ കഴിയും?

ശക്തമായ ആഗ്രഹം അനിവാര്യം

യഹോവ പ്രപഞ്ചത്തിന്റെ സൃഷ്ടികർമം നിർവഹിച്ച വിധത്തെ പറ്റി ചിന്തിക്കുക. “സന്ധ്യയായി ഉഷസ്സുമായി” എന്ന വാക്കുകൾ ഉച്ചരിച്ചുകൊണ്ട്‌ യഹോവ സൃഷ്ടിക്രിയയുടെ പടിപടിയായുള്ള ഓരോ ഘട്ടത്തെയും വിഭജിച്ചു. (ഉല്‌പത്തി 1:⁠5, 8, 13, 19, 23, 31) സൃഷ്ടികർമത്തിലെ ഓരോ ഘട്ടത്തിന്റെയും തുടക്കത്തിൽ ആ ദിവസത്തേക്കുള്ള തന്റെ ലാക്ക്‌ അഥവാ ലക്ഷ്യം അവന്റെ മനസ്സിൽ വ്യക്തമായിരുന്നു. അങ്ങനെ അവൻ കാര്യങ്ങൾ സൃഷ്ടിക്കാനുള്ള തന്റെ ഉദ്ദേശ്യം അനുസരിച്ചു പ്രവർത്തിച്ചു. (വെളിപ്പാടു 4:⁠11) “തിരുവുള്ളത്തിന്റെ താല്‌പര്യം അവൻ അനുഷ്‌ഠിക്കും” എന്ന്‌ പൂർവപിതാവായ ഇയ്യോബ്‌ പറഞ്ഞു. (ഇയ്യോബ്‌ 23:⁠13) ‘താൻ ഉണ്ടാക്കിയതിനെ ഒക്കെയും നോക്കി അത്‌ എത്രയും നല്ലതെന്ന്‌’ കണ്ടപ്പോൾ യഹോവയ്‌ക്ക്‌ എത്രയധികം സംതൃപ്‌തി തോന്നിയിരിക്കണം!​—⁠ഉല്‌പത്തി 1:⁠31.

നമ്മുടെ ലക്ഷ്യങ്ങൾ സാക്ഷാത്‌കരിക്കപ്പെടണമെങ്കിൽ നമുക്കും അവ നേടാനുള്ള ശക്തമായ ആഗ്രഹം ഉണ്ടായിരിക്കണം. അത്തരം ശക്തമായ ആഗ്രഹം വികസിപ്പിച്ചെടുക്കാൻ നമ്മെ എന്തു സഹായിക്കും? ഭൂമി രൂപരഹിതവും പാഴും ആയിരുന്നപ്പോൾ പോലും ഭാവിയിൽ തനിക്കു മഹത്ത്വവും ബഹുമതിയും കരേറ്റിക്കൊണ്ട്‌ അത്‌ ശൂന്യാകാശത്തിലെ അതിമനോഹരമായ ഒരു രത്‌നം ആയിത്തീരുന്നത്‌ യഹോവയ്‌ക്കു മുൻകൂട്ടി കാണാൻ കഴിയുമായിരുന്നു. സമാനമായി, ലക്ഷ്യം നേടുന്നതുകൊണ്ടുള്ള സത്‌ഫലങ്ങളെയും പ്രയോജനങ്ങളെയും കുറിച്ചു ധ്യാനിക്കുകവഴി ഉന്നംവെച്ചിരിക്കുന്ന ആ കാര്യം നേടിയെടുക്കാനുള്ള ആഗ്രഹം നമുക്കു വളർത്തിയെടുക്കാനാകും. 19 വയസ്സുകാരൻ റ്റോണിയുടെ അനുഭവം അതായിരുന്നു. പടിഞ്ഞാറൻ യൂറോപ്പിലുള്ള, യഹോവയുടെ സാക്ഷികളുടെ ഒരു ബ്രാഞ്ച്‌ ഓഫീസ്‌ ആദ്യമായി സന്ദർശിച്ചത്‌ അവന്റെ ഹൃദയത്തിൽ ആഴമായ ഒരു മുദ്ര പതിപ്പിച്ചു. അന്നുമുതൽ റ്റോണിയുടെ മനസ്സിൽ ഒരു ചോദ്യം നിറഞ്ഞുനിന്നു: ‘അതുപോലുള്ള ഒരു സ്ഥലത്തു ജീവിക്കുന്നതും സേവിക്കുന്നതും എങ്ങനെയുള്ള ഒരു അനുഭവമായിരിക്കും?’ അതിനുള്ള സാധ്യത റ്റോണി ഒരിക്കലും വിട്ടുകളഞ്ഞില്ല, അത്‌ എത്തിപ്പിടിക്കാൻ സ്ഥിരമായി പരിശ്രമിക്കുകയും ചെയ്‌തു. വർഷങ്ങൾക്കു ശേഷം, ബ്രാഞ്ച്‌ ഓഫീസിൽ സേവിക്കാനുള്ള അവന്റെ അപേക്ഷ അംഗീകരിക്കപ്പെട്ടപ്പോൾ റ്റോണിക്ക്‌ എത്ര സന്തോഷം തോന്നിയെന്നോ!

കൂടാതെ, ഇപ്പോൾത്തന്നെ ഒരു നിശ്ചിത ലാക്കിൽ എത്തിച്ചേർന്നിട്ടുള്ള വ്യക്തികളുമായി സഹവസിക്കുന്നത്‌ അതേ ലാക്കിൽ എത്തിച്ചേരാനുള്ള ആഗ്രഹം നമ്മിൽ അങ്കുരിപ്പിക്കും. ഇപ്പോൾ 30 വയസ്സുള്ള ജെയ്‌സൻ തന്റെ കൗമാരദശയുടെ ആരംഭത്തിൽ വയൽശുശ്രൂഷ ഒട്ടുംതന്നെ ആസ്വദിച്ചിരുന്നില്ല. എന്നാൽ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം താത്‌പര്യപൂർവം പയനിയർ സേവനം ഏറ്റെടുത്തുകൊണ്ട്‌ അവൻ ഒരു മുഴുസമയ രാജ്യ ഘോഷകൻ ആയിത്തീർന്നു. പയനിയറിങ്‌ ചെയ്യാനുള്ള ആഗ്രഹം നട്ടുവളർത്താൻ ജെയ്‌സനെ എന്താണു സഹായിച്ചത്‌? അവൻ ഇങ്ങനെ ഉത്തരം നൽകുന്നു: “പയനിയറിങ്‌ ചെയ്‌തിട്ടുള്ളവരോടു സംസാരിക്കുന്നതും അവരോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെടുന്നതും എന്നെ ശക്തമായി സ്വാധീനിച്ചു.”

ലാക്കുകൾ എഴുതിവെക്കുന്നത്‌ സഹായകം

അമൂർത്തമായ ഒരു ആശയം വാക്കുകളിൽ പകർത്തുമ്പോൾ അതിനു വ്യക്തതയും രൂപവും കൈവരുന്നു. ജീവിതത്തിനു ശരിയായ ദിശ പ്രദാനം ചെയ്യുന്നതിൽ ഉചിതമായ വാക്കുകൾക്ക്‌ മുടിങ്കോലുകളെപ്പോലെ (കാളയെയും മറ്റും തെളിക്കാൻ ഉപയോഗിക്കുന്ന ലോഹമുനയുള്ള തോട്ടി) ശക്തമായിരിക്കാൻ കഴിയുമെന്ന്‌ ശലോമോൻ പറയുകയുണ്ടായി. (സഭാപ്രസംഗി 12:⁠11) അത്തരം വാക്കുകൾ കുറിച്ചിടുമ്പോൾ അവ മനസ്സിലും ഹൃദയത്തിലും ആഴമായി പതിയുന്നു. ന്യായപ്രമാണത്തിന്റെ ഒരു പകർപ്പ്‌ വ്യക്തിപരമായി എഴുതിയുണ്ടാക്കാൻ യഹോവ ഇസ്രായേലിലെ രാജാക്കന്മാരോട്‌ കൽപ്പിച്ചതിന്റെ കാരണവും മറ്റൊന്നല്ല. (ആവർത്തനപുസ്‌തകം 17:⁠18) അതുകൊണ്ട്‌, നമ്മുടെ ലാക്കുകൾ ഏതൊക്കെയാണെന്നും അത്‌ എത്തിപ്പിടിക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന പദ്ധതി എന്താണെന്നും എന്തൊക്കെ പ്രതിബന്ധങ്ങൾ നേരിട്ടേക്കാമെന്നും അവയെ എങ്ങനെ തരണം ചെയ്യാമെന്നും എഴുതിവെക്കാൻ നാം ആഗ്രഹിച്ചേക്കാം. നാം അവശ്യം അറിഞ്ഞിരിക്കേണ്ട വിഷയങ്ങൾ ഏവ, നേടിയെടുക്കേണ്ട പ്രത്യേക പ്രാവീണ്യങ്ങൾ ഏതെല്ലാം, നമ്മെ സഹായിക്കാനും പിന്തുണയ്‌ക്കാനും കഴിയുന്ന വ്യക്തികൾ ആരൊക്കെ എന്നീ സംഗതികൾ വ്യക്തമായി തിരിച്ചറിയുന്നതും സഹായകമാണ്‌.

സ്വന്തമായി ആത്മീയ ലാക്കുകൾ വെച്ചത്‌ ഒരു ഏഷ്യൻ രാജ്യത്തെ ഒറ്റപ്പെട്ട ഒരു പ്രദേശത്തു പ്രവർത്തിക്കുന്ന, ദീർഘനാളായി പ്രത്യേക പയനിയറിങ്‌ ചെയ്‌തുവരുന്ന ജെഫ്രിക്ക്‌ സാന്ത്വനം പ്രദാനം ചെയ്‌തു. ഭാര്യയുടെ അപ്രതീക്ഷിത മരണം അദ്ദേഹത്തെ ദുഃഖത്തിലാഴ്‌ത്തി. കാര്യങ്ങളുമായി പൊരുത്തപ്പെട്ടു വന്നതിനുശേഷം, ലാക്കുകൾ വെച്ചുകൊണ്ട്‌ പയനിയർ ശുശ്രൂഷയിൽ ആമഗ്നനാകാൻ അദ്ദേഹം നിശ്ചയിച്ചു. ആ മാസം അവസാനത്തോടെ പുതിയ മൂന്നു ബൈബിളധ്യയനങ്ങൾ ആരംഭിക്കാൻ അദ്ദേഹം പ്രാർഥനാപൂർവം ലക്ഷ്യംവെച്ചു. അദ്ദേഹം തന്റെ പദ്ധതികൾ കടലാസ്സിൽ എഴുതിവെക്കുകയും ചെയ്‌തു. ഓരോ ദിവസവും അദ്ദേഹം തന്റെ പ്രവർത്തനം പുനരവലോകനം ചെയ്യുകയും ഓരോ പത്തു ദിവസം കൂടുമ്പോഴും പുരോഗതി വിലയിരുത്തുകയും ചെയ്‌തു. അദ്ദേഹം തന്റെ ലക്ഷ്യത്തിൽ എത്തിച്ചേർന്നോ? പുതിയ നാല്‌ ബൈബിളധ്യയനങ്ങൾ റിപ്പോർട്ടുചെയ്‌തുകൊണ്ട്‌ ‘ഉവ്വ്‌’ എന്ന്‌ അദ്ദേഹം അതീവ സന്തോഷത്തോടുകൂടി ഉത്തരം നൽകുന്നു.

നാഴികക്കല്ലുകൾ എന്ന നിലയിൽ ഹ്രസ്വകാല ലാക്കുകൾ

ചില ലാക്കുകൾ പ്രഥമദൃഷ്ട്യാ ആനകേറാമലയായി തോന്നിയേക്കാം. മുമ്പു പരാമർശിച്ച റ്റോണിയെ സംബന്ധിച്ചിടത്തോളം യഹോവയുടെ സാക്ഷികളുടെ ഒരു ബ്രാഞ്ച്‌ ഓഫീസിൽ സേവിക്കുക എന്നത്‌ വെറുമൊരു സ്വപ്‌നംപോലെയാണു തോന്നിയത്‌. കാരണം വഴിപിഴച്ച ജീവിതരീതി ആയിരുന്നു അവന്റേത്‌. അവൻ തന്നെത്തന്നെ ദൈവത്തിനു സമർപ്പിച്ചിട്ടുപോലുമില്ലായിരുന്നു. എന്നാൽ അവൻ തന്റെ ജീവിതത്തെ യഹോവയുടെ വഴികളുമായി അനുരൂപപ്പെടുത്താൻ തീരുമാനിക്കുകയും സ്‌നാപനത്തിനു യോഗ്യതപ്രാപിക്കാൻ ലക്ഷ്യം വെക്കുകയും ചെയ്‌തു. ആ ലാക്കിൽ എത്തിച്ചേർന്ന ശേഷം അവൻ സഹായ പയനിയറിങ്ങും തുടർന്ന്‌ സാധാരണ പയനിയറിങ്ങും ലക്ഷ്യംവെച്ചു. അവ ഓരോന്നും ആരംഭിക്കാൻ ഉദ്ദേശിക്കുന്ന തീയതി അവൻ കലണ്ടറിൽ കുറിച്ചിടുകയും ചെയ്‌തു. കുറച്ചുകാലം പയനിയറിങ്‌ ചെയ്‌തുകഴിഞ്ഞപ്പോൾ ബ്രാഞ്ച്‌ ഓഫീസിലെ സേവനം മേലാൽ എത്തിപ്പിടിക്കാൻ കഴിയാത്ത ഒന്നായി അവനു തോന്നിയില്ല.

നാമും ദീർഘകാല ലാക്കുകളെ പല ഹ്രസ്വകാല ലാക്കുകളായി വിഭജിക്കുന്നത്‌ ഉചിതമായിരിക്കും. ഇടയ്‌ക്കുള്ള ഹ്രസ്വകാല ലാക്കുകൾ ഒരു ദീർഘകാല ലാക്കിലേക്കുള്ള പാതയിലെ നാഴികക്കല്ലുകളായി വർത്തിക്കും. ആ നാഴികക്കല്ലുകളോടുള്ള ബന്ധത്തിൽ നമ്മുടെ പുരോഗതിയെ സ്ഥിരമായി വിലയിരുത്തുന്നത്‌ മനസ്സിനെ ലക്ഷ്യത്തിൽ കേന്ദ്രീകരിച്ചു നിറുത്താൻ സഹായിക്കും. നമ്മുടെ പദ്ധതികളെപ്പറ്റി ആവർത്തിച്ച്‌ യഹോവയോടു പ്രാർഥിക്കുന്നതും വ്യതിചലിക്കാതെ ലക്ഷ്യോന്മുഖരായി പ്രവർത്തിക്കുന്നതിനു നമ്മെ സഹായിക്കും. “ഇടവിടാതെ പ്രാർത്ഥിപ്പിൻ,” അപ്പൊസ്‌തലനായ പൗലൊസ്‌ ഉദ്‌ബോധിപ്പിച്ചു.​—⁠1 തെസ്സലൊനീക്യർ 5:⁠17.

നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവും ആവശ്യം

മെച്ചപ്പെട്ട ആസൂത്രണവും അതനുസരിച്ചു പ്രവർത്തിക്കാനുള്ള ശക്തമായ ആഗ്രഹവും ഒക്കെ ഉണ്ടെങ്കിലും ചില ലാക്കുകൾ അപ്രാപ്യമായി തുടരാറുണ്ട്‌. അപ്പൊസ്‌തലനായ പൗലൊസ്‌ തന്റെ രണ്ടാം മിഷനറി യാത്രയിൽ ശിഷ്യനായ യോഹന്നാൻ മർക്കൊസിനെ കുടെക്കൂട്ടാൻ വിസമ്മതിച്ചപ്പോൾ അവന്‌ എത്രമാത്രം നിരാശ തോന്നിയിട്ടുണ്ടാകണം! (പ്രവൃത്തികൾ 15:⁠36-40) മർക്കൊസ്‌ ഈ നിരാശയിൽനിന്നു പാഠം ഉൾക്കൊള്ളുകയും സേവനത്തിൽ വർധിച്ച പങ്കുണ്ടായിരിക്കാനുള്ള തന്റെ ലക്ഷ്യത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുകയും ചെയ്യേണ്ടതുണ്ടായിരുന്നു. അവൻ അങ്ങനെതന്നെ ചെയ്‌തുവെന്നു തെളിവുകൾ സൂചിപ്പിക്കുന്നു. പിന്നീട്‌, മർക്കൊസിനെ കുറിച്ച്‌ പൗലൊസ്‌ അനുകൂലമായി പരാമർശിക്കുകയുണ്ടായി. മാത്രമല്ല, ബാബിലോണിൽ അപ്പൊസ്‌തലനായ പത്രൊസിന്റെ വളരെ അടുത്ത സഹവാസം ആസ്വദിക്കാനും അവനു കഴിഞ്ഞു. (2 തിമൊഥെയൊസ്‌ 4:⁠11; 1 പത്രൊസ്‌ 5:⁠13) യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ച്‌ ഒരു വിവരണം എഴുതാൻ നിശ്വസ്‌തനാക്കപ്പെട്ടതായിരിക്കണം സാധ്യതയനുസരിച്ച്‌ മർക്കൊസിനു ലഭിച്ച ഏറ്റവും ഉത്‌കൃഷ്ടമായ പദവി.

ആത്മീയ ലാക്കുകൾവെച്ചു പ്രവർത്തിക്കവേ നമുക്കും തിരിച്ചടികൾ നേരിട്ടേക്കാം. എല്ലാം ഇട്ടെറിഞ്ഞ്‌ പിന്മാറുന്നതിനുപകരം നാം അതുവരെ വരുത്തിയിരിക്കുന്ന പുരോഗതി വിലയിരുത്തുകയും ലക്ഷ്യം പുനഃപരിശോധിക്കുകയും ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്തുകയും വേണം. പ്രതിബന്ധങ്ങൾ ഉയർന്നുവരുമ്പോൾ നിശ്ചയദാർഢ്യത്തോടും സ്ഥിരോത്സാഹത്തോടുംകൂടി, മുന്നോട്ടുതന്നെ നീങ്ങാൻ നാം ശ്രമം ചെയ്യണം. “നിന്റെ പ്രവൃത്തികളെ യഹോവെക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും” എന്ന്‌ ജ്ഞാനിയായ ശലോമോൻ രാജാവ്‌ നമുക്ക്‌ ഉറപ്പു നൽകുന്നു.​—⁠സദൃശവാക്യങ്ങൾ 16:⁠3.

എന്നാൽ ചിലപ്പോൾ, നമ്മുടെ സാഹചര്യങ്ങൾ നിമിത്തം ചില ലാക്കുകൾ പിന്തുടരുന്നത്‌ അപ്രായോഗികമായിരിക്കാം. ഉദാഹരണത്തിന്‌, അനാരോഗ്യമോ കുടുംബ ഉത്തരവാദിത്വങ്ങളോ ചില ലാക്കുകൾ നമുക്ക്‌ അപ്രാപ്യമാക്കിയേക്കാം. ആത്യന്തിക സമ്മാനം നിത്യജീവൻ​—⁠സ്വർഗത്തിലോ പറുദീസ ഭൂമിയിലോ ഉള്ളത്‌​—⁠ആണെന്നുള്ള വസ്‌തുത നാം ഒരിക്കലും മറന്നുകളയരുത്‌. (ലൂക്കൊസ്‌ 23:⁠43; ഫിലിപ്പിയർ 3:⁠13, 14) ഇത്‌ എങ്ങനെയാണു നേടാൻ കഴിയുന്നത്‌? “ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു” എന്ന്‌ അപ്പൊസ്‌തലനായ യോഹന്നാൻ എഴുതി. (1 യോഹന്നാൻ 2:⁠17) ഒരു പ്രത്യേക ലാക്കിൽ എത്തിച്ചേരാൻ നമ്മുടെ സാഹചര്യം നമ്മെ അനുവദിക്കാത്തപ്പോൾ പോലും “ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്‌പനകളെ പ്രമാണി”ക്കാൻ നമുക്കു സാധിക്കും. (സഭാപ്രസംഗി 12:⁠13) ദൈവേഷ്ടം ചെയ്യുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചു മുന്നോട്ടു നീങ്ങാൻ ആത്മീയ ലാക്കുകൾ നമ്മെ സഹായിക്കുന്നു. തന്നിമിത്തം നമ്മുടെ സ്രഷ്ടാവിനെ മഹത്ത്വപ്പെടുത്താൻ നമുക്ക്‌ അവയെ ഉപയോഗിക്കാം.

[22-ാം പേജിലെ ചതുരം]

പരിഗണിക്കാവുന്ന ആത്മീയ ലാക്കുകൾ

○ ദൈനംദിനം ബൈബിൾ വായിക്കുക

വീക്ഷാഗോപുരവും ഉണരുക!യും ഓരോ ലക്കവും വായിക്കുക

○ പ്രാർഥനയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക

○ ആത്മാവിന്റെ ഫലങ്ങൾ പ്രകടിപ്പിക്കുക

○ സേവനത്തിലെ പങ്ക്‌ വർധിപ്പിക്കുക

○ പ്രസംഗ, പഠിപ്പിക്കൽ വേലയിൽ ഫല പ്രാപ്‌തി വർധിപ്പിക്കുക

○ ടെലിഫോണിലൂടെയും അനൗപചാരികമായും വ്യാപാരപ്രദേശത്തും മറ്റും സാക്ഷീക രിക്കുന്നതിൽ പ്രാവീണ്യം നേടുക