വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ലേവ്യപുസ്‌തകം 25-ാം അധ്യായത്തിൽ പരാമർശിച്ചിരിക്കുന്ന യോബേൽ സംവത്സര ക്രമീകരണം എന്തിനെ മുൻനിഴലാക്കുന്നു?

“ഏഴാം സംവത്സരത്തിലോ ദേശത്തിന്നു സ്വസ്ഥതയുള്ള . . . ശബ്ബത്ത്‌ ആയിരിക്കേണം” എന്ന്‌ മോശൈക ന്യായപ്രമാണം വ്യവസ്ഥ ചെയ്‌തിരുന്നു. ആ സംവത്സരത്തെ കുറിച്ച്‌ ഇസ്രായേല്യർക്ക്‌ ഈ കൽപ്പന ലഭിച്ചു: “നിന്റെ നിലം വിതെക്കയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കയും ചെയ്യരുതു. നിന്റെ കൊയ്‌ത്തിന്റെ പടുവിളവു കൊയ്യുകയും വള്ളിത്തല മുറിക്കാത്ത മുന്തിരിത്തോട്ടത്തിലെ പഴം പറിക്കയും അരുതു; അതു ദേശത്തിന്നു ശബ്ബത്താണ്ടു ആകുന്നു.” (ലേവ്യപുസ്‌തകം 25:⁠4, 5) അങ്ങനെ, ഓരോ ഏഴാം വർഷവും ദേശത്തിന്‌ ഒരു ശബത്ത്‌ വർഷം ആയിരിക്കേണ്ടിയിരുന്നു. കൂടാതെ, ഏഴാം ശബത്ത്‌ വർഷത്തെ തുടർന്നുള്ള ഓരോ 50-ാം വർഷവും ഒരു യോബേൽ ആയിരിക്കേണ്ടിയിരുന്നു. ആ വർഷം എന്തു നടക്കണമായിരുന്നു?

യഹോവ മോശെ മുഖാന്തരം ഇസ്രായേലിനോട്‌ ഇങ്ങനെ പറഞ്ഞു: “അമ്പതാം സംവത്സരത്തെ ശുദ്ധീകരിച്ചു ദേശത്തെല്ലാടവും സകലനിവാസികൾക്കും സ്വാതന്ത്ര്യം പ്രസിദ്ധമാക്കേണം; അതു നിങ്ങൾക്കു യോബേൽസംവത്സരമായിരിക്കേണം: നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം; ഓരോരുത്തൻ താന്താന്റെ കുടുംബത്തിലേക്കും മടങ്ങിപ്പോകേണം. അമ്പതാം സംവത്സരം നിങ്ങൾക്കു യോബേൽ സംവത്സരമായിരിക്കേണം; അതിൽ നിങ്ങൾ വിതെക്കയോ പടുവിളവു കൊയ്‌കയോ വള്ളിത്തല മുറിക്കാത്ത മുന്തിരിവള്ളിയുടെ പഴം പറിക്കയോ ചെയ്യരുത്‌.” (ലേവ്യപുസ്‌തകം 25:⁠10, 11) യോബേൽ, ദേശത്തിന്‌ തുടർച്ചയായ രണ്ടാമത്തെ ശബത്താണ്ടിനെ അർഥമാക്കി. ദേശനിവാസികൾക്ക്‌ അതു സ്വാതന്ത്ര്യം കൈവരുത്തി. അടിമയായി വിൽക്കപ്പെട്ടിരുന്ന ഏതൊരു യഹൂദനെയും സ്വതന്ത്രനാക്കേണ്ടിയിരുന്നു. തന്റെ പിതൃസ്വത്ത്‌ വിൽക്കാൻ നിർബന്ധിതൻ ആയിത്തീർന്നിരിക്കാവുന്ന ഒരാളുടെ കുടുംബത്തിന്‌ അതു തിരിച്ചുനൽകണമായിരുന്നു. പുരാതന ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം യോബേൽ പുനഃസ്ഥിതീകരണത്തിന്റെയും വിടുതലിന്റെയും ഒരു വർഷമായിരിക്കേണ്ടിയിരുന്നു. ക്രിസ്‌ത്യാനികൾക്ക്‌ അത്‌ എന്താണു മുൻനിഴലാക്കുന്നത്‌?

ആദ്യമനുഷ്യനായ ആദാമിന്റെ മത്സരം മനുഷ്യവർഗത്തെ പാപത്തിന്റെ അടിമകളാക്കിത്തീർത്തു. പാപത്തിന്റെ ബന്ധനത്തിൽനിന്നു മനുഷ്യവർഗത്തെ മോചിപ്പിക്കാനുള്ള ദൈവത്തിന്റെ ക്രമീകരണമാണ്‌ യേശുക്രിസ്‌തുവിന്റെ മറുവിലയാഗം. * (മത്തായി 20:⁠28; യോഹന്നാൻ 3:⁠16; 1 യോഹന്നാൻ 2:⁠1, 2) എപ്പോഴാണ്‌ ക്രിസ്‌ത്യാനികൾ പാപത്തിന്റെ പ്രമാണത്തിൽനിന്നു മോചിതരാക്കപ്പെടുന്നത്‌? അഭിഷിക്ത ക്രിസ്‌ത്യാനികളെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: ‘ജീവന്റെ ആത്മാവിന്റെ പ്രമാണം [നിങ്ങൾക്കു] പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്‌തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.’ (റോമർ 8:⁠2) സ്വർഗീയ പ്രത്യാശയുള്ളവർക്ക്‌ ഈ സ്വാതന്ത്ര്യം ലഭിക്കുന്നത്‌ അവർ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുമ്പോഴാണ്‌. അവർ ജഡിക ശരീരമുള്ളവരും അപൂർണരും ആണെങ്കിലും ദൈവം അവരെ നീതിമാന്മാരായി പ്രഖ്യാപിക്കുകയും തന്റെ ആത്മീയ പുത്രന്മാരായി സ്വീകരിക്കുകയും ചെയ്യുന്നു. (റോമർ 3:⁠24; 8:⁠16, 17) ഒരു കൂട്ടമെന്ന നിലയിൽ അഭിഷിക്തരുടെ ക്രിസ്‌തീയ യോബേൽ പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ തുടങ്ങി.

ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയുള്ള ‘വേറെ ആടുകളെ’ സംബന്ധിച്ചോ? (യോഹന്നാൻ 10:⁠16) അവർക്ക്‌, ക്രിസ്‌തുവിന്റെ സഹസ്രാബ്ദ വാഴ്‌ചക്കാലം പുനഃസ്ഥിതീകരണത്തിന്റെയും വിടുതലിന്റെയും ഒരു സമയമായിരിക്കും. ഈ സഹസ്രാബ്ദ യോബേലിൽ യേശു തന്റെ മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ വിശ്വാസമുള്ള മനുഷ്യവർഗത്തിനായി പ്രയോഗിക്കുകയും പാപത്തിന്റെ ഫലങ്ങളെ ഇല്ലായ്‌മ ചെയ്യുകയും ചെയ്യും. (വെളിപ്പാടു 21:⁠3-5എ) ക്രിസ്‌തുവിന്റെ സഹസ്രാബ്ദ വാഴ്‌ചയുടെ അവസാനം ആകുമ്പോഴേക്കും, മനുഷ്യവർഗം മാനുഷ പൂർണതയിൽ എത്തുകയും പാരമ്പര്യസിദ്ധമായ പാപത്തിൽനിന്നും മരണത്തിൽനിന്നും പൂർണമായി സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യും. (റോമർ 8:⁠20) അതു കൈവരിക്കുന്നതോടെ ക്രിസ്‌തീയ യോബേൽ അവസാനിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 5 ‘തടവുകാർക്കു വിടുതൽ അറിയിപ്പാനാണ്‌’ യേശു അയയ്‌ക്കപ്പെട്ടത്‌. (യെശയ്യാവു 61:⁠1-7; ലൂക്കൊസ്‌ 4:⁠16-21) അവൻ ഒരു ആത്മീയ വിടുതലിനെ കുറിച്ചു ഘോഷിച്ചു.

[26-ാം പേജിലെ ചിത്രം]

സഹസ്രാബ്ദ യോബേൽ —‘വേറെ ആടുകൾക്ക്‌’ പുനഃസ്ഥിതീകരണ ത്തിന്റെയും വിടുതലിന്റെയും ഒരു സമയം