വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“വിസ്‌മരിക്കപ്പെട്ട ഇരകൾ” അനുസ്‌മരിക്കപ്പെടുന്നു

“വിസ്‌മരിക്കപ്പെട്ട ഇരകൾ” അനുസ്‌മരിക്കപ്പെടുന്നു

രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

“വിസ്‌മരിക്കപ്പെട്ട ഇരകൾ” അനുസ്‌മരിക്കപ്പെടുന്നു

യഹോവയുടെ സാക്ഷികളിൽ ഒരാളായ ഹൈഗാസ്‌ എന്ന പതിനഞ്ചുകാരൻ 2001-ന്റെ ആരംഭത്തിൽ സ്വിറ്റ്‌സർലണ്ടിലെ ബേർണിൽ ഒരു എക്‌സിബിഷൻ കാണാൻ പോയി. “വിസ്‌മരിക്കപ്പെട്ട ഇരകൾ” എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട ഈ എക്‌സിബിഷൻ നാസി ഭരണകാലത്ത്‌ യഹോവയുടെ സാക്ഷികൾ അനുഭവിച്ച പീഡനത്തെ ആസ്‌പദമാക്കിയുള്ളതായിരുന്നു. സന്ദർശനത്തിന്റെ ഒടുവിൽ ഹൈഗാസ്‌ ഇപ്രകാരം പറഞ്ഞു: “നാസി ഭരണകാലത്ത്‌ യഹോവയുടെ സാക്ഷികൾ സഹിക്കേണ്ടിവന്ന മൃഗീയ പീഡനങ്ങളെയും ദുരിതങ്ങളെയും കുറിച്ചു ഞാൻ കേട്ടിട്ടുണ്ട്‌, പക്ഷേ അന്നത്തെ സംഭവങ്ങളെ പറ്റിയുള്ള ആധികാരിക രേഖകളും ചിത്രങ്ങളും നേരിട്ടു കാണുന്നത്‌ ഇത്‌ ആദ്യമാണ്‌. പ്രദർശനത്തിനു വെച്ചിരുന്ന രേഖകളും ചിത്രങ്ങളും അതുപോലെ അവിടെ കേൾക്കാനിടയായ ദൃക്‌സാക്ഷികളുടെ റിപ്പോർട്ടുകളും ചരിത്രകാരന്മാരുടെ അഭിപ്രായപ്രകടനങ്ങളുമെല്ലാം എന്റെ മനസ്സിനെയും ഹൃദയത്തെയും ആഴത്തിൽ സ്‌പർശിച്ചു.”

കുറച്ചു നാളുകൾക്കു ശേഷം സഹപാഠികൾക്കുവേണ്ടി ഒരു റിപ്പോർട്ട്‌ എഴുതിയുണ്ടാക്കാൻ ഹൈസ്‌കൂൾ വിദ്യാർഥിയായ ഹൈഗാസിനു നിയമനം ലഭിച്ചു. “യഹോവയുടെ സാക്ഷികൾ​—⁠നാസി ഭരണത്തിന്റെ വിസ്‌മരിക്കപ്പെട്ട ഇരകൾ” എന്ന വിഷയമാണ്‌ അവൻ തിരഞ്ഞെടുത്തത്‌. ആ വിഷയത്തെ ആസ്‌പദമാക്കി റിപ്പോർട്ടു തയ്യാറാക്കിക്കൊള്ളാൻ അവന്റെ അധ്യാപകൻ അനുമതി നൽകി, പക്ഷേ ലൗകിക സാഹിത്യങ്ങളിൽനിന്നുള്ള വിവരങ്ങളും ഉൾപ്പെടുത്തണമെന്ന്‌ അദ്ദേഹം നിർദേശിച്ചു. ഹൈഗാസ്‌ സന്തോഷത്തോടെ സമ്മതിച്ചു. “നാസി യുഗത്തിലെ യഹോവയുടെ സാക്ഷികളെ കുറിച്ചു പറയുന്ന ചില പുസ്‌തകങ്ങൾ വായിച്ച്‌ അതിൽനിന്നുള്ള വിവരങ്ങൾ ഞാൻ സംഗ്രഹിച്ച്‌ എഴുതി. ‘വിസ്‌മരിക്കപ്പെട്ട ഇരകൾ’ എന്ന എക്‌സിബിഷനെ പറ്റിയുള്ള എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും ഞാൻ ഉൾപ്പെടുത്തി. 43 പേജുള്ള റിപ്പോർട്ടിൽ ചിത്രങ്ങളും ഫോട്ടോകളും ഉണ്ടായിരുന്നു.”

2002 നവംബറിൽ സ്‌കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും കുടുംബത്തിന്റെയും സുഹൃത്തുകളുടെയും മുമ്പിൽ ഹൈഗാസ്‌ തന്റെ റിപ്പോർട്ട്‌ അവതരിപ്പിച്ചു. അതിനു ശേഷം ഒരു ചോദ്യോത്തര വേള ഉണ്ടായിരുന്നു, അത്‌ തന്റെ ബൈബിളധിഷ്‌ഠിത വിശ്വാസങ്ങൾ വിശദമാക്കാൻ അവന്‌ അവസരം നൽകി. ഈ വിഷയം തിരഞ്ഞെടുക്കാനുള്ള കാരണം എന്താണ്‌ എന്ന്‌ സദസ്സിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടി ചോദിച്ചപ്പോൾ, പല ചരിത്ര പുസ്‌തകങ്ങളും യഹോവയുടെ സാക്ഷികളെ കുറിച്ച്‌ പ്രതിപാദിക്കുന്നില്ലെന്നും സാക്ഷികൾ തങ്ങളുടെ ക്രിസ്‌തീയ വിശ്വാസത്തെ എത്ര ധൈര്യപൂർവമാണ്‌ ഉയർത്തിപ്പിടിച്ചത്‌ എന്ന്‌ ആളുകൾ അറിയാൻ താൻ ആഗ്രഹിക്കുന്നുവെന്നും അവൻ വിശദീകരിച്ചു. ഇതിന്റെ ഫലം എന്തായിരുന്നു?

“സ്‌കൂളിലെ കുട്ടികൾ അതിശയിച്ചുപോയി,” ഹൈഗാസ്‌ പറഞ്ഞു. “യഹോവയുടെ സാക്ഷികൾ ഒരു കൂട്ടമെന്ന നിലയിൽ കടുത്ത പീഡനത്തിന്‌ ഇരയായിട്ടുണ്ടെന്ന്‌ അവർക്ക്‌ അറിയില്ലായിരുന്നു. മാത്രമല്ല, നാസി തടങ്കൽപ്പാളയത്തിൽ പാർപ്പിക്കപ്പെട്ട സാക്ഷികൾ പ്രത്യേക തിരിച്ചറിയൽ അടയാളമായ പർപ്പിൾ ട്രയാങ്കിൾ ധരിച്ചിരുന്ന കാര്യവും പലർക്കും അറിയില്ലായിരുന്നു.”

ഇതേ തുടർന്ന്‌ ഹൈഗാസിന്‌ തന്റെ സഹപാഠികളോട്‌ കൂടുതൽ കാര്യങ്ങൾ സംസാരിക്കാനും രക്തപ്പകർച്ച, മദ്യം, ധാർമികത എന്നീ കാര്യങ്ങളിലുള്ള യഹോവയുടെ സാക്ഷികളുടെ ബൈബിളധിഷ്‌ഠിത നിലപാടിനെ കുറിച്ച്‌ അവരുമായി ചർച്ച ചെയ്യാനും ധാരാളം അവസരങ്ങൾ ലഭിച്ചു. “സ്‌കൂളിലെ കുട്ടികളിൽ ആരും എന്നെ കളിയാക്കിയില്ല,” ഹൈഗാസ്‌ പറഞ്ഞു. ഇപ്പോൾ അവന്റെ ആ റിപ്പോർട്ട്‌ സ്‌കൂളിലെ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌. യഹോവയുടെ സാക്ഷികളുടെ ധീരമായ നിലപാട്‌ വിസ്‌മരിക്കപ്പെടുകയില്ലെന്ന്‌ അത്‌ ഉറപ്പാക്കും.