വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“സമുദ്രങ്ങളുടെ സമൃദ്ധി”

“സമുദ്രങ്ങളുടെ സമൃദ്ധി”

യഹോവയുടെ സൃഷ്ടിയിലെ വിസ്‌മയം

“സമുദ്രങ്ങളുടെ സമൃദ്ധി”

ആകാശത്ത്‌ വർണവിസ്‌മയം തീർക്കുന്ന അസ്‌തമയസൂര്യൻ. ഇളംകാറ്റ്‌ തെറുക്കുന്ന തിരമാലകൾ തീരത്തെ മന്ദമായി തഴുകി മടങ്ങുന്നു. ഈ കടലലകളുടെ താളനിബദ്ധമായ ശബ്ദം ആരെയും ആകർഷിക്കാൻ പോന്നതാണ്‌. പ്രശാന്തസുന്ദരമായ ഒരു അന്തരീക്ഷത്തിൽ വിശ്രമിക്കാൻ കൊതിക്കുന്നവർ കടൽത്തീരങ്ങളിലേക്കു പ്രവഹിക്കുന്നതിൽ അതിശയിക്കാനില്ല. *

ലോകമെമ്പാടുമായി ആയിരക്കണക്കിനു കിലോമീറ്ററുകൾ നീണ്ടു കിടക്കുന്ന തീരരേഖകൾ അത്തരം കടൽത്തീരങ്ങൾക്ക്‌ അതിർ ചമയ്‌ക്കുന്നു. സദാ മാറിക്കൊണ്ടിരിക്കുന്നതും വെള്ളത്തെയും കരയെയും വേർതിരിക്കുന്നതുമായ ഈ അതിർവരമ്പ്‌, കരയിലേക്കുള്ള കടലിന്റെ കടന്നുകയറ്റത്തിനു പരിധി നിശ്ചയിക്കുന്നു. ആ വിധത്തിലാണ്‌ അതിന്റെ നിർമാതാവ്‌ അതിനെ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌. “ഞാൻ കടലിന്നു കവിഞ്ഞുകൂടാതവണ്ണം നിത്യപ്രമാണമായി മണൽ അതിരാക്കി വെച്ചിരിക്കുന്നു” എന്ന്‌ ദൈവം പറയുന്നു. അവൻ കൂട്ടിച്ചേർക്കുന്നു: “തിരകൾ അലെച്ചാലും സാധിക്കയില്ല; എത്രതന്നേ ഇരെച്ചാലും അതിർകടക്കയില്ല.”​—⁠യിരെമ്യാവു 5:⁠22; ഇയ്യോബ്‌ 38:⁠8; സങ്കീർത്തനം 33:⁠7.

നമ്മുടെ ഗ്രഹം സൗരയൂഥത്തിലെ മറ്റേതൊരു ഗ്രഹത്തിൽനിന്നും തികച്ചും വ്യത്യസ്‌തമാണ്‌. ഭൂമിയുടെ വലിയൊരു ഭാഗവും​—⁠70 ശതമാനത്തിലധികവും​—⁠വെള്ളമാണ്‌. യഹോവ ഭൂമിയെ മനുഷ്യവാസത്തിനായി ഒരുക്കിയപ്പോൾ, അവൻ കൽപ്പിച്ചു: “ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ. ഉണങ്ങിയ നിലം കാണട്ടെ.” ഉടൻതന്നെ “അങ്ങനെ സംഭവിച്ചു.” വിവരണം തുടർന്ന്‌ ഇങ്ങനെ പറയുന്നു: “ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു.” (ഉല്‌പത്തി 1:⁠9, 10) സമുദ്രത്തെക്കൊണ്ട്‌ നമുക്ക്‌ എന്തു പ്രയോജനമാണ്‌ ഉള്ളത്‌?

ശ്രദ്ധേയമായ അനേകം വിധങ്ങളിൽ സമുദ്രം ജീവന്റെ നിലനിൽപ്പിനു സംഭാവന ചെയ്യുന്നു. ആ ഉദ്ദേശ്യത്തിന്‌ ഉതകുന്ന വിധത്തിലാണ്‌ അതിന്റെ രൂപകൽപ്പനയും. ഉദാഹരണത്തിന്‌, വെള്ളത്തിനു ചൂട്‌ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്‌. അങ്ങനെ ചെയ്യുന്നതിലൂടെ അതു താപത്തിന്റെ വലിയ ഒരു സംഭരണിയായി പ്രവർത്തിക്കുന്നു, ശൈത്യകാലത്തെ കൊടുംതണുപ്പിനെ മിതമാക്കി നിറുത്തുന്നു.

വെള്ളത്തിന്‌ വളരെ പ്രധാനപ്പെട്ട മറ്റൊരു കഴിവുകൂടെയുണ്ട്‌. മറ്റേതൊരു ദ്രാവകത്തെക്കാളും എളുപ്പത്തിൽ, അതിന്‌ മറ്റു പദാർഥങ്ങളെ ലയിപ്പിക്കാൻ കഴിയും. ജീവനുമായി ബന്ധപ്പെട്ട പ്രക്രിയകൾക്ക്‌ ആധാരമായിരിക്കുന്നതു രാസപ്രവർത്തനങ്ങളാണ്‌, ഈ പ്രവർത്തനങ്ങൾ നടക്കാൻ വെള്ളം അനിവാര്യമാണുതാനും. കാരണം, ഉൾപ്പെട്ടിരിക്കുന്ന പ്രതിപ്രവർത്തന പദാർഥങ്ങളെ ലയിപ്പിക്കാനും അങ്ങനെ അവയുടെ തന്മാത്രകളെ സമ്പർക്കത്തിൽ വരുത്താനും വെള്ളത്തിന്റെ സാന്നിധ്യം ആവശ്യമാണ്‌. ജീവകലകളിൽ കാണപ്പെടുന്ന രാസസംയുക്തങ്ങളിലെല്ലാം വെള്ളം അടങ്ങിയിട്ടുണ്ട്‌. കടൽ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “എല്ലാ ജീവരൂപങ്ങൾക്കും വെള്ളം ആവശ്യമാണ്‌, അതു ലഭിക്കുന്നതാകട്ടെ സമുദ്രങ്ങളിൽനിന്നും. കരയിലെ ജീവജാലങ്ങൾ പോലും വെള്ളത്തിനായി ആശ്രയിക്കുന്നത്‌ കടലിനെയാണ്‌.”

അന്തരീക്ഷത്തിന്റെ ശുദ്ധീകരണത്തിലും സമുദ്രം ഒരു പ്രധാന പങ്കുവഹിക്കുന്നു. സമുദ്രത്തിലെ പ്ലവകങ്ങൾ കാർബൺ ഡയോക്‌സൈഡ്‌ വലിച്ചെടുക്കുകയും ഓക്‌സിജൻ പുറത്തുവിടുകയും ചെയ്യുന്നു. ഒരു ഗവേഷകന്റെ അഭിപ്രായത്തിൽ, “ഓരോ വർഷവും അന്തരീക്ഷത്തിലെത്തുന്ന ഓക്‌സിജന്റെ 70 ശതമാനത്തിനും ആധാരം കടലിലെ പ്ലവകങ്ങളാണ്‌.”

ചികിത്സയ്‌ക്ക്‌ ആവശ്യമായ പ്രകൃതിദത്ത ഔഷധങ്ങളും സമുദ്രം പ്രദാനം ചെയ്യുന്നു. നൂറ്റാണ്ടുകളായി, മത്സ്യങ്ങളുടെ സത്തുകൾ മരുന്നായി ഉപയോഗിച്ചുവരുന്നുണ്ട്‌. മീനെണ്ണ ദീർഘനാളായി പ്രചാരത്തിലുള്ള ഒന്നാണ്‌. കുറേക്കൂടെ അടുത്ത കാലത്ത്‌, മത്സ്യങ്ങളിൽനിന്നും മറ്റു സമുദ്രജീവികളിൽനിന്നും എടുക്കുന്ന ചില രാസപദാർഥങ്ങൾ ആസ്‌തമ, വൈറസ്‌ബാധ, കാൻസർ തുടങ്ങിയവയുടെ ചികിത്സയ്‌ക്കായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു.

സമുദ്രോത്‌പന്നങ്ങളുടെ സാമ്പത്തിക മൂല്യം കണക്കാക്കാൻ ശ്രമം നടക്കുന്നുണ്ട്‌. സാധ്യതയനുസരിച്ച്‌ കൃത്യമായ നിഗമനങ്ങളിലെത്താൻ കഴിയുകയില്ലെങ്കിലും ഭൂമിയുടെ ആവാസവ്യവസ്ഥയിൽ നിന്നും ലഭിക്കുന്ന വിഭവങ്ങളുടെ മൂല്യത്തിന്റെ ഏകദേശം മൂന്നിൽ രണ്ടു ഭാഗത്തിനും നിദാനം കടൽ ആണെന്ന്‌ ഗവേഷകർ കരുതുന്നു. ഇതു വ്യക്തമാക്കുന്നത്‌, സമുദ്രം നിർമിച്ചതിന്‌ ഒരു ഉദ്ദേശ്യമുണ്ടെന്നാണ്‌, ജീവനെ നിലനിറുത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതുതന്നെ. ഇതിനെ കുറിച്ചു ചിന്തിക്കുമ്പോൾ, “സമുദ്രങ്ങളുടെ സമൃദ്ധി” എന്ന ബൈബിളിന്റെ പ്രസ്‌താവന എത്ര ശരിയാണ്‌!—ആവർത്തനപുസ്‌തകം 33:⁠19.

ഈ സമ്പത്തിന്റെ കാരണഭൂതനും രൂപസംവിധായകനും എന്ന നിലയിൽ യഹോവയ്‌ക്കു മഹത്ത്വം നൽകപ്പെട്ടിരിക്കുന്നു. നെഹെമ്യാവ്‌ ഇപ്രകാരം പറയാൻ പ്രേരിതനായി: “നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും . . . സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു.”​—⁠നെഹെമ്യാവു 9:⁠6.

[അടിക്കുറിപ്പ്‌]

^ ഖ. 3 യഹോവയുടെ സാക്ഷികളുടെ കലണ്ടർ 2004, സെപ്‌റ്റംബർ/ഒക്ടോബർ കാണുക.

[9-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

കാറ്റും വെള്ളവും തിരമാലകളും

കാറ്റും വെള്ളവും കൂറ്റൻ തിരമാലകൾ സൃഷ്ടിക്കുന്നു. അവ ആർത്തലച്ച്‌ പാറക്കെട്ടുകളിൽ വന്നടിച്ച്‌ ചിതറിത്തെറിക്കുന്നു, ഐക്യനാടുകളിലെ കാലിഫോർണിയയിൽ കാണപ്പെടുന്ന ഈ തിരകൾ പോലെ. തിരകൾ എല്ലായ്‌പോഴും സമുദ്രത്തിന്റെ ഭയഗംഭീര ശക്തിയെ വിളിച്ചോതുന്ന ഒരു അത്ഭുത പ്രതിഭാസമായിരുന്നിട്ടുണ്ട്‌. സർവോപരി, അവ സ്രഷ്ടാവിന്റെ അതിമഹത്തായ ശക്തിയെ അവിസ്‌മരണീയമായ വിധത്തിൽ ഓർമിപ്പിക്കുകയും ചെയ്യുന്നു. ‘സമുദ്രത്തിലെ തിരമാലകളെ ചവിട്ടി മെതിക്കുന്നവൻ’ (പി.ഒ.സി. ബൈബിൾ) എന്ന്‌ തിരുവെഴുത്തുകൾ യഹോവയെ വിശേഷിപ്പിക്കുന്നു. “അവൻ തന്റെ ശക്തികൊണ്ടു സമുദ്രത്തെ ഇളക്കുന്നു; തന്റെ വിവേകംകൊണ്ടു രഹബിനെ തകർക്കുന്നു” എന്നും ബൈബിൾ പറയുന്നു. (ഇയ്യോബ്‌ 9:⁠8; 26:⁠12) അതേ, “സമുദ്രത്തിലെ വൻതിരകളായ പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും ഉയരത്തിൽ യഹോവ മഹിമയുള്ളവൻ.”​—⁠സങ്കീർത്തനം 93:⁠4.

മണൽ ശിൽപ്പങ്ങൾ

ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽ കാണപ്പെടുന്ന മണൽക്കൂമ്പാരങ്ങൾ പോലെ, ചില അവസരങ്ങളിൽ, കടൽത്തീരങ്ങൾ മണൽ കൊണ്ടുള്ള മനോഹരങ്ങളായ ശിൽപ്പങ്ങൾക്കു വേദിയാകാറുണ്ട്‌. വൈവിധ്യമാർന്ന ഇത്തരം മണൽരൂപങ്ങളുടെ പ്രധാന ശിൽപ്പി കാറ്റാണ്‌. ചില മണൽക്കൂമ്പാരങ്ങൾ വളരെ ചെറുതായിരിക്കും. എന്നാൽ, മറ്റുചിലതിന്‌ 400 മീറ്റർ വരെ ഉയരം വരും. ഈ കൂറ്റൻ മണൽക്കൂമ്പാരങ്ങൾ കാണുന്നത്‌, “കടല്‌ക്കരയിലെ മണൽപോലെ” എന്ന ബൈബിളിന്റെ വർണനയുടെ ശരിയായ അർഥം മനസ്സിലാക്കാൻ നമ്മെ സഹായിക്കും. എണ്ണിത്തിട്ടപ്പെടുത്താനാവാത്ത, അളക്കാനാവാത്ത എന്തിനെയെങ്കിലും സൂചിപ്പിക്കുന്നതിനാണ്‌ ഈ പദപ്രയോഗം ഉപയോഗിക്കുന്നത്‌. (ഉല്‌പത്തി 22:⁠17) കടലിന്റെ കടന്നാക്രമണത്തെ തടയാൻ ഇത്ര ശക്തമായൊരു മണൽക്കോട്ട തീർത്ത സ്രഷ്ടാവിന്റെ രൂപകൽപ്പനാപാടവത്തിനു മുമ്പിൽ ഭയാദരവോടെ നോക്കി നിൽക്കാനേ നമുക്കു കഴിയൂ!

[9-ാം പേജിലെ ചിത്രം]

കാമറൂണിലെ ബൈറ്റ്‌ ഓഫ്‌ ബിയഫ്രയിലെ അസ്‌തമയതീരം