വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആവർത്തനപുസ്‌തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ

ആവർത്തനപുസ്‌തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ

യഹോവയുടെ വചനം ജീവനുള്ളത്‌

ആവർത്തനപുസ്‌തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ

വർഷം പൊ.യു.മു. 1473. ഈജിപ്‌തിന്റെ അടിമത്തത്തിൽനിന്ന്‌ യഹോവ ഇസ്രായേൽ മക്കളെ വിടുവിച്ചിട്ട്‌ നാൽപ്പതു വർഷം കഴിഞ്ഞിരിക്കുന്നു. ഈ കാലമത്രയും മരുഭൂമിയിൽ കഴിച്ചുകൂട്ടിയ ഇസ്രായേല്യർക്ക്‌ ഇപ്പോഴും സ്വന്തമായി ഒരു ദേശം കിട്ടിയിട്ടില്ല. ഒടുവിൽ, അവർ വാഗ്‌ദത്ത ദേശത്തിന്റെ അതിർത്തിയിൽ വന്നെത്തുന്നു. ദേശം പിടിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ എന്തായിരിക്കും സംഭവിക്കുന്നത്‌? അവർ എന്തെല്ലാം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കും, അവർ അവ എങ്ങനെ കൈകാര്യം ചെയ്യണം?

ഇസ്രായേല്യർ യോർദ്ദാൻനദി കടന്ന്‌ കനാൻനാട്ടിലേക്കു പോകുന്നതിനു മുമ്പ്‌ മോശെ, മുന്നിലുള്ള ശ്രമകരമായ ദൗത്യത്തിനായി ആ കൂട്ടത്തെ ഒരുക്കുകയാണ്‌. എങ്ങനെ? അവർക്കു പ്രോത്സാഹനവും പ്രബോധനവും ശാസനയും മുന്നറിയിപ്പുകളും നൽകുന്ന ഒരു പ്രസംഗ പരമ്പരയിലൂടെ. യഹോവ അനന്യഭക്തി അർഹിക്കുന്ന ദൈവമാണെന്നും അവർ ചുറ്റുപാടുമുള്ള ജനതകളുടെ വഴിയിൽ നടക്കരുതെന്നും അവൻ അവരെ ഓർമിപ്പിക്കുന്നു. ആവർത്തനപുസ്‌തകത്തിന്റെ സിംഹഭാഗവും ഈ ഉദ്‌ബോധനം തന്നെയാണ്‌. ഇന്നു നമുക്ക്‌ ആവശ്യമായിരിക്കുന്നതും ആ ബുദ്ധിയുപദേശം തന്നെയാണ്‌. കാരണം നാം ജീവിക്കുന്ന ലോകവും യഹോവയ്‌ക്ക്‌ അനന്യഭക്തി അർപ്പിക്കുന്നതിനു വെല്ലുവിളി ഉയർത്തുന്നു.—എബ്രായർ 4:⁠12.

ആവർത്തനപുസ്‌തകത്തിന്റെ അവസാന അധ്യായം ഒഴികെയുള്ള ഭാഗം എഴുതിയത്‌ മോശെയാണ്‌. രണ്ടു മാസത്തിൽ അൽപ്പം കൂടുതൽ വരുന്ന ഒരു കാലയളവിലെ ചരിത്രമാണ്‌ അതിൽ അടങ്ങിയിരിക്കുന്നത്‌. * (ആവർത്തനപുസ്‌തകം 1:⁠3; യോശുവ 4:⁠19) യഹോവയാം ദൈവത്തെ മുഴുഹൃദയത്തോടെ സ്‌നേഹിക്കാനും വിശ്വസ്‌തതയോടെ സേവിക്കാനും അതിലെ വിവരങ്ങൾക്കു നമ്മെ എങ്ങനെ സഹായിക്കാൻ കഴിയുമെന്നു നമുക്കു നോക്കാം.

‘കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങൾ മറക്കരുത്‌’

(ആവർത്തനപുസ്‌തകം 1:⁠1-4:⁠49)

ആദ്യപ്രസംഗത്തിൽ മോശെ, മരുഭൂമിയിലെ ചില അനുഭവങ്ങൾ വിവരിക്കുന്നു, പ്രത്യേകിച്ച്‌ വാഗ്‌ദത്തഭൂമി കൈവശമാക്കാൻ ഒരുങ്ങുന്ന ഇസ്രായേല്യർക്കു സഹായകമായവ. ന്യായാധിപന്മാരുടെ നിയമനം സംബന്ധിച്ച വിവരണം, സ്‌നേഹപൂർവകമായ കരുതൽ ഉറപ്പുവരുത്തുംവിധമാണ്‌ യഹോവ തന്റെ ജനത്തെ സംഘടിപ്പിക്കുന്നത്‌ എന്ന സംഗതി അവരെ ഓർമിപ്പിച്ചിരിക്കണം. പത്ത്‌ ഒറ്റുകാരുടെ പ്രതികൂലമായ റിപ്പോർട്ട്‌ മുൻതലമുറയെ വാഗ്‌ദത്ത നാട്ടിൽ കടക്കുന്നതിൽനിന്നു തടഞ്ഞു എന്ന കാര്യവും മോശെ വിശദീകരിക്കുന്നു. വാഗ്‌ദത്തദേശം കൺമുമ്പിൽ കാണവേ, ആ മുന്നറിയിപ്പിൻ ദൃഷ്ടാന്തം മോശെയുടെ കേൾവിക്കാരിൽ ഉളവാക്കിയിരിക്കാവുന്ന പ്രഭാവത്തെ കുറിച്ചു ചിന്തിക്കുക.

യോർദ്ദാൻ കടക്കുന്നതിനു മുമ്പ്‌ യഹോവ ഇസ്രായേല്യർക്കു നൽകിയ വിജയങ്ങൾ അനുസ്‌മരിക്കുന്നത്‌ നദിയുടെ മറുകരയിൽ ജയിച്ചടക്കലിനായി ഒരുങ്ങിനിൽക്കുന്ന അവർക്കു ധൈര്യം പകർന്നിരിക്കണം. അവർ കീഴടക്കാൻ പോകുന്ന ദേശം വിഗ്രഹാരാധന വ്യാപകമായിട്ടുള്ള ഒന്നാണ്‌. അതുകൊണ്ട്‌ വിഗ്രഹാരാധനയ്‌ക്ക്‌ എതിരെ മോശെ അവർക്കു ശക്തമായ മുന്നറിയിപ്പു നൽകിയത്‌ എത്ര ഉചിതമായിരുന്നു!

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

2:⁠4-6, 9, 19, 24, 31-35; 3:⁠1-6—⁠ഇസ്രായേല്യർ യോർദ്ദാനു കിഴക്കുള്ള ജനതകളിൽ ചിലരെ മാത്രം നശിപ്പിക്കുകയും മറ്റുള്ളവരെ നശിപ്പിക്കാതിരിക്കുകയും ചെയ്‌തത്‌ എന്തുകൊണ്ട്‌? ഏശാവിന്റെ സന്തതികളുമായി യുദ്ധത്തിൽ ഏർപ്പെടരുതെന്ന്‌ യഹോവ ഇസ്രായേലിനോടു കൽപ്പിച്ചിരുന്നു. എന്തുകൊണ്ട്‌? അവർ യാക്കോബിന്റെ സഹോദരന്റെ പിൻതലമുറക്കാർ ആയതുകൊണ്ട്‌. ഇസ്രായേല്യർ മോവാബ്യരെയോ അമ്മോന്യരെയോ ഉപദ്രവിക്കാനോ അവരുമായി യുദ്ധത്തിലേർപ്പെടാനോ പാടില്ലായിരുന്നു. കാരണം അവർ അബ്രാഹാമിന്റെ സഹോദരപുത്രനായ ലോത്തിന്റെ വംശജരായിരുന്നു. എന്നാൽ അമോര്യ രാജാക്കന്മാരായ സീഹോനും ഓഗിനും ഇസ്രായേല്യരുമായി ബന്ധമൊന്നും ഇല്ലായിരുന്നതിനാൽ അവർക്ക്‌ ദേശം കൈവശംവെക്കാനുള്ള അവകാശം ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌, സീഹോൻ ഇസ്രായേല്യർക്കു കടന്നുപോകാൻ വഴി കൊടുക്കാതിരിക്കുകയും ഓഗ്‌ അവരെ എതിരിടുകയും ചെയ്‌തപ്പോൾ അവരുടെ പട്ടണങ്ങൾ തകർത്ത്‌ അവരെ നിർമൂലമാക്കാൻ യഹോവ തന്റെ ജനത്തോടു കൽപ്പിച്ചു.

4:⁠15-20, 23, 24—⁠പ്രതിമകൾ ഉണ്ടാക്കുന്നതു സംബന്ധിച്ച്‌ ഉണ്ടായിരുന്ന നിരോധനം അലങ്കാരത്തിനായി വസ്‌തുക്കൾ ഉണ്ടാക്കുന്നതു തെറ്റാണെന്ന്‌ അർഥമാക്കുന്നുണ്ടോ? ഇല്ല. ആരാധനയ്‌ക്കായി​—⁠“നമസ്‌കരിപ്പാനും സേവിപ്പാനും” ആയി​—⁠പ്രതിമകൾ ഉണ്ടാക്കുന്നതാണ്‌ നിരോധിച്ചിരുന്നത്‌. എന്നാൽ കൊത്തുപണികൾ ചെയ്യുന്നതോ കലാസംബന്ധമായ ആവശ്യങ്ങൾക്കു വേണ്ടി ചിത്രങ്ങൾ വരയ്‌ക്കുന്നതോ തിരുവെഴുത്തുകൾ വിലക്കുന്നില്ല.​—⁠1 രാജാക്കന്മാർ 7:⁠18, 25.

നമുക്കുള്ള പാഠങ്ങൾ:

1:⁠2, 19. “സേയീർ പർവ്വതം വഴിയായി ഹോരേബിൽനിന്നു [സീനായ്‌ പർവതത്തിനു ചുറ്റുമുള്ള പ്രദേശം​—⁠ഇവിടെ വെച്ചാണ്‌ പത്തു കൽപ്പനകൾ നൽകപ്പെട്ടത്‌] കാദേശ്‌ബർന്നേയയിലേക്കു പതിനൊന്നു ദിവസത്തെ വഴി”യേ ഉണ്ടായിരുന്നുള്ളു എങ്കിലും ഇസ്രായേൽ മക്കൾ ഏകദേശം 38 സംവത്സരം മരുഭൂമിയിലൂടെ അലഞ്ഞു. യഹോവയോട്‌ അനുസരണക്കേടു കാട്ടിയതിന്‌ അവർ എത്ര വലിയ വിലയാണ്‌ ഒടുക്കേണ്ടിവന്നത്‌!​—⁠സംഖ്യാപുസ്‌തകം 14:⁠26-34.

1:⁠16, 17. ന്യായം വിധിക്കുന്നതു സംബന്ധിച്ച യഹോവയുടെ നിലവാരങ്ങൾ അന്നും ഇന്നും ഒന്നുതന്നെ. ഒരു നീതിന്യായ കമ്മിറ്റിയിൽ സേവിക്കുന്നതിനുള്ള ഉത്തരവാദിത്വം ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന സഹോദരന്മാർ, യാതൊരു കാരണവശാലും പക്ഷപാതമോ മാനുഷഭയമോ നിമിത്തം ന്യായം മറിച്ചുകളയരുത്‌.

4:⁠9. ഇസ്രായേല്യർ വിജയം വരിക്കുന്നതിന്‌ ‘കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങൾ മറക്കാതിരിക്കുന്നത്‌’ അനുപേക്ഷണീയമായിരുന്നു. വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്ന പുതിയ ലോകം സമീപിക്കവേ, യഹോവയുടെ വചനം ഉത്സാഹപൂർവം പഠിച്ചുകൊണ്ട്‌ നാമും അവന്റെ അത്ഭുതകരമായ പ്രവൃത്തികൾ നമ്മുടെ കണ്ണുകൾക്കു മുമ്പാകെ അടുപ്പിച്ചു നിറുത്തുന്നതു മർമപ്രധാനമാണ്‌.

യഹോവയെ സ്‌നേഹിക്കുകയും അവന്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യുക

(ആവർത്തനപുസ്‌തകം 5:⁠1-26:⁠19)

തന്റെ രണ്ടാം പ്രസംഗത്തിൽ മോശെ, സീനായ്‌ മലയിൽവെച്ച്‌ ന്യായപ്രമാണം ലഭിച്ചതു സംബന്ധിച്ച വിവരങ്ങൾ അവതരിപ്പിക്കുകയും പത്തു കൽപ്പനകൾ ആവർത്തിക്കുകയും ചെയ്യുന്നു. സമ്പൂർണമായി നശിപ്പിക്കപ്പെടേണ്ട ഏഴു ജനതകളുടെ പേർ എടുത്തുപറയുന്നു. ഇസ്രായേൽ മക്കൾ മരുഭൂമിയിൽവെച്ചു പഠിച്ച ഒരു പ്രധാനപ്പെട്ട പാഠം അവരെ ഓർമിപ്പിക്കുന്നു: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.” ഈ പുതിയ സാഹചര്യത്തിൽ അവർ “കല്‌പനകളൊക്കെയും” പ്രമാണിക്കണം.​—⁠ആവർത്തനപുസ്‌തകം 8:⁠3; 11:⁠9.

ഇസ്രായേൽ മക്കൾ വാഗ്‌ദത്ത നാട്ടിൽ താമസം ആരംഭിക്കവേ, അവർക്ക്‌ ആരാധന സംബന്ധിച്ചു മാത്രമല്ല നീതിന്യായ കാര്യങ്ങൾ, ഭരണം, യുദ്ധം, സാമൂഹികവും വ്യക്തിപരവുമായ ജീവിതം എന്നീ കാര്യങ്ങളിലും നിയമങ്ങൾ ആവശ്യമായി വരുമായിരുന്നു. മോശെ ഈ നിയമങ്ങൾ പുനരവതരിപ്പിക്കുകയും യഹോവയെയും അവന്റെ കൽപ്പനകളെയും അനുസരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്യുന്നു.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

8:⁠3, 4—⁠ഇസ്രായേല്യർ മരുഭൂമിയിലൂടെ പ്രയാണം ചെയ്‌ത കാലത്തൊന്നും അവരുടെ വസ്‌ത്രം ജീർണിക്കുകയോ കാൽ വീങ്ങുകയോ ചെയ്യാതിരുന്നത്‌ ഏത്‌ അർഥത്തിൽ? ദിനംപ്രതി മന്നാ പൊഴിച്ചുകൊടുത്തതു പോലെ, ഇതും യഹോവയുടെ അത്ഭുതകരമായ ഒരു കരുതൽ ആയിരുന്നു. മരുഭൂമിയിലൂടെയുള്ള യാത്ര തുടങ്ങുമ്പോൾ അവർ ഉപയോഗിച്ചിരുന്ന വസ്‌ത്രങ്ങളും ചെരിപ്പുകളും തന്നെയാണ്‌ അവർ യാത്രയിൽ ഉടനീളം ഉപയോഗിച്ചിരുന്നത്‌. പ്രായം ചെന്നവർ മരിക്കുമ്പോൾ അവ മറ്റുള്ളവർക്കു കൈമാറിയിരിക്കണം. മരുഭൂമിയിലൂടെയുള്ള പ്രയാണം തുടങ്ങിയപ്പോഴും അവസാനിച്ചപ്പോഴും നടത്തിയ രണ്ടു കണക്കെടുപ്പുകൾ ഇസ്രായേല്യരുടെ എണ്ണം വർധിച്ചിരുന്നില്ല എന്നു കാണിക്കുന്നു. അതിന്റെ അർഥം ആദ്യം ഉണ്ടായിരുന്നത്രയും വസ്‌ത്രവും പാദരക്ഷകളും മതിയാകുമായിരുന്നു എന്നുതന്നെ.​—⁠സംഖ്യാപുസ്‌തകം 2:⁠32; 26:⁠51.

14:⁠21—⁠രക്തം വാർന്നു ചാകാത്ത മൃഗത്തെ ഇസ്രായേല്യർ ഭക്ഷിക്കുകയില്ലായിരുന്നു. എന്നാൽ അതിനെ പരദേശിക്കോ അന്യജാതിക്കാരനോ വിൽക്കാമായിരുന്നത്‌ എന്തുകൊണ്ട്‌? ബൈബിളിൽ “പരദേശി” എന്ന പദത്തിന്‌ മതപരിവർത്തിതനായ ഒരു ഇസ്രായേല്യേതരനെയോ അല്ലെങ്കിൽ ദേശത്തെ മൗലിക നിയമങ്ങൾ അനുസരിച്ചു പാർക്കുന്നവരും എന്നാൽ യഹോവയുടെ ആരാധകർ ആയിത്തീരാത്തവരുമായ ആളുകളെയോ കുറിക്കാൻ കഴിയും. അന്യജാതിക്കാരനോ പരദേശിയോ മതപരിവർത്തിതനല്ലെങ്കിൽ അയാൾ ന്യായപ്രമാണത്തിൻ കീഴിൽ അല്ല. അയാൾക്ക്‌ രക്തം വാർന്നുപോകാതെ ചത്ത മൃഗത്തെ യഥേഷ്ടം ഉപയോഗിക്കാമായിരുന്നു. അത്തരം മൃഗങ്ങളെ അവർക്കു കൊടുക്കാനോ വിൽക്കാനോ ഇസ്രായേല്യർക്ക്‌ അനുവാദം ഉണ്ടായിരുന്നു. എന്നാൽ മതപരിവർത്തിതൻ, ന്യായപ്രമാണം അനുസരിക്കണമായിരുന്നു. ലേവ്യപുസ്‌തകം 17:⁠10-ൽ സൂചിപ്പിച്ചിരിക്കുന്ന പ്രകാരം മതപരിവർത്തിതൻ മൃഗത്തിന്റെ രക്തം ഭക്ഷിക്കുന്നതു വിലക്കിയിരുന്നു.

24:⁠6—⁠‘തിരികല്ലോ അതിന്റെ മേൽക്കല്ലോ പണയം’ വാങ്ങുന്നത്‌ “ജീവനെ പണയം” വാങ്ങുന്നതു പോലെയായിരുന്നത്‌ ഏതർഥത്തിൽ? തിരികല്ലും അതിന്റെ മേൽക്കല്ലും ഒരുവന്റെ “ജീവനെ” അഥവാ ഉപജീവനത്തെ ചിത്രീകരിച്ചു. ഇതിൽ ഏതെങ്കിലും ഒന്ന്‌ പിടിച്ചെടുക്കുന്നത്‌ മുഴു കുടുംബത്തിനും അന്നന്നത്തെ ആഹാരം നഷ്ടപ്പെടാൻ ഇടയാക്കുമായിരുന്നു.

25:⁠9—ദേവരവിവാഹത്തിനു വിസമ്മതിക്കുന്ന പുരുഷന്റെ കാലിൽനിന്നു ചെരിപ്പ്‌ അഴിക്കുന്നതും അയാളുടെ മുഖത്തു തുപ്പുന്നതും ശ്രദ്ധാർഹമായിരിക്കുന്നത്‌ ഏതു വിധത്തിൽ? ‘വീണ്ടെടുപ്പു സംബന്ധിച്ചുള്ള കാര്യം ഉറപ്പാക്കുവാൻ ഒരുത്തൻ തന്റെ ചെരിപ്പൂരി മറേറവന്നു കൊടുക്കുന്നതു യിസ്രായേലിൽ പണ്ടു നടപ്പായിരുന്നു.’ (രൂത്ത്‌ 4:⁠7) അതുകൊണ്ട്‌, ദേവരവിവാഹത്തിനു വിസമ്മതിക്കുന്ന ഒരുവന്റെ ചെരിപ്പ്‌ ഊരിയെടുക്കുന്നത്‌ തന്റെ മരിച്ചുപോയ സഹോദരന്‌ ഒരു അവകാശിയെ ഉളവാക്കാനുള്ള തന്റെ പദവിയും അവകാശവും അയാൾ തള്ളിക്കളഞ്ഞിരിക്കുന്നു എന്നതു സ്ഥിരീകരിക്കുമായിരുന്നു. ഇത്‌ അപമാനകരമായിരുന്നു. (ആവർത്തനപുസ്‌തകം 25:⁠10) മുഖത്തു തുപ്പുന്നത്‌ അയാൾക്കു നാണക്കേട്‌ ഉണ്ടാക്കുന്ന ഒരു കാര്യമായിരുന്നു.​—⁠സംഖ്യാപുസ്‌തകം 12:⁠14.

നമുക്കുള്ള പാഠങ്ങൾ:

6:⁠6-9. ന്യായപ്രമാണം വായിക്കാനും പഠിക്കാനും ഇസ്രായേല്യരോടു കൽപ്പിച്ചിരുന്നു. നാമും ദൈവത്തിന്റെ കൽപ്പനകൾ ഹൃദിസ്ഥമാക്കുകയും എല്ലായ്‌പോഴും നമ്മുടെ മനസ്സിൽ അവ അടുപ്പിച്ചു നിറുത്തുകയും നമ്മുടെ മക്കളിൽ ഉൾനടുകയും വേണം. നാം അവയെ ‘അടയാളമായി കൈയിൽ കെട്ടണം.’ അതായത്‌ നമ്മുടെ കൈകളാൽ പ്രതീകപ്പെടുത്താവുന്ന നമ്മുടെ പ്രവൃത്തികൾ യഹോവയോടുള്ള നമ്മുടെ അനുസരണം പ്രകടമാക്കണം. ‘കണ്ണുകൾക്കുമധ്യേ പട്ടമെന്നവണ്ണം’ നമ്മുടെ അനുസരണം എല്ലാവർക്കും ദൃശ്യമാകണം.

6:⁠16. ഇസ്രായേല്യർ മസ്സായിൽവെച്ച്‌ വെള്ളം ലഭിക്കാഞ്ഞതിനെ ചൊല്ലി പിറുപിറുത്ത്‌ അവിശ്വസ്‌തമായി പ്രവർത്തിച്ചതു പോലെ നാം ഒരിക്കലും യഹോവയെ പരീക്ഷിക്കാതിരിക്കട്ടെ.​—⁠ പുറപ്പാടു 17:⁠1-7.

8:⁠11-18. ഭൗതികത്വ ജീവിതഗതി, നാം യഹോവയെ മറന്നു പോകാൻ ഇടയാക്കിയേക്കാം.

9:⁠4-6. സ്വയനീതിക്കെതിരെ നാം ജാഗ്രത പുലർത്തണം.

13:⁠6. യഹോവയെ ആരാധിക്കുന്നതിൽനിന്നു നമ്മെ വ്യതിചലിപ്പിക്കാൻ നാം ആരെയും അനുവദിക്കരുത്‌.

14:⁠1. ശരീരത്തിൽ മുറിവേൽപ്പിക്കുന്നതോ അവയവങ്ങൾ ഛേദിക്കുന്നതോ മനുഷ്യ ശരീരത്തോടുള്ള അനാദരവാണ്‌. ഇതിനു വ്യാജമതത്തോടു ബന്ധമുണ്ടാകാം. ഇത്‌ ഒഴിവാക്കേണ്ടതാണ്‌. (1 രാജാക്കന്മാർ 18:⁠25-28) നമുക്ക്‌ പുനരുത്ഥാന പ്രത്യാശ ഉള്ള സ്ഥിതിക്ക്‌ മരിച്ചവരെപ്രതി അത്തരത്തിൽ നിയന്ത്രണമില്ലാതെ വിലപിക്കുന്നത്‌ അനുചിതമാണ്‌.

20:⁠5-7; 24:⁠5. പ്രത്യേക സാഹചര്യങ്ങളിലുള്ളവരോടു പരിഗണന കാണിക്കേണ്ടതാണ്‌, നാം പ്രധാനപ്പെട്ട ഒരു കാര്യം ചെയ്‌തുകൊണ്ടിരിക്കുമ്പോൾ പോലും.

22:⁠23-27. ഉറക്കെ നിലവിളിക്കുക എന്നതാണ്‌ ബലാത്സംഗ ഭീഷണി നേരിടുന്ന ഒരു സ്‌ത്രീക്ക്‌ അവലംബിക്കാവുന്ന ഏറ്റവും നല്ല പ്രതിരോധ മാർഗം.

“ജീവനെ തിരഞ്ഞെടുത്തുകൊൾക”

(ആവർത്തനപുസ്‌തകം 27:⁠1-34:⁠12)

മോശെ തന്റെ മൂന്നാമത്തെ പ്രസംഗത്തിൽ, യോർദ്ദാൻ കടന്നുചെല്ലുമ്പോൾ അവിടെ വലിയ കല്ലുകൾ നാട്ടി അവയിൽ ന്യായപ്രമാണം എഴുതണമെന്ന്‌ ഇസ്രായേല്യരോടു പറയുന്നു. അനുസരണക്കേടു കാട്ടിയാൽ വന്നുഭവിക്കുന്ന ശാപങ്ങളും അനുസരിച്ചാൽ ലഭിക്കുന്ന അനുഗ്രഹങ്ങളും അവൻ പ്രസ്‌താവിക്കുന്നു. യഹോവയും ഇസ്രായേലും തമ്മിലുള്ള ഉടമ്പടി പുതുക്കിക്കൊണ്ടാണ്‌ നാലാമത്തെ പ്രസംഗം തുടങ്ങുന്നത്‌. അവൻ അനുസരണക്കേടിനെതിരെ വീണ്ടും മുന്നറിയിപ്പു നൽകുകയും “ജീവനെ തിരഞ്ഞെടുത്തുകൊൾക” എന്ന്‌ ജനത്തെ ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്നു.​—⁠ആവർത്തനപുസ്‌തകം 30:⁠20.

നാലു പ്രസംഗങ്ങൾ നടത്തിയതിനു പുറമേ മോശെ, നേതൃമാറ്റത്തെ കുറിച്ചു ചർച്ചചെയ്യുകയും, യഹോവയ്‌ക്കു സ്‌തുതി കരേറ്റുന്നതോടൊപ്പം അവിശ്വസ്‌തതയുടെ ദോഷഫലങ്ങളെപ്പറ്റി മുന്നറിയിപ്പു നൽകുന്ന ഒരു ഗീതം അവരെ പഠിപ്പിക്കുകയും ചെയ്യുന്നു. ഗോത്രങ്ങളെ അനുഗ്രഹിച്ചതിനു ശേഷം 120-ാം വയസ്സിൽ മോശെ മരിക്കുന്നു, അവനെ അടക്കം ചെയ്യുന്നു. വിലാപകാലം 30 ദിവസം, അതായത്‌ ആവർത്തനപുസ്‌തകം ഉൾക്കൊള്ളുന്ന കാലയളവിന്റെ പകുതിയോളം നീണ്ടുനിൽക്കുന്നു.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

32:⁠13, 14—⁠ഇസ്രായേല്യർ കൊഴുപ്പ്‌ ഭക്ഷിക്കുന്നതു വിലക്കിയിരുന്നു. അപ്പോൾ ഏത്‌ അർഥത്തിലാണ്‌ അവർ ‘ആട്ടിൻകുട്ടികളുടെ മേദസ്സ്‌’ ഭക്ഷിച്ചിരുന്നത്‌? അത്‌ ഒരു ആലങ്കാരിക പ്രയോഗമാണ്‌. ആട്ടിൻകൂട്ടത്തിലെ ഏറ്റവും നല്ലതിനെയാണ്‌ അത്‌ അർഥമാക്കുന്നത്‌. അതേ വാക്യത്തിൽത്തന്നെ ‘കോതമ്പിന്റെ മേദസ്സിനെയും’ (NW) “ദ്രാക്ഷാരക്തത്തെയും” കുറിച്ചു പറഞ്ഞിരിക്കുന്നത്‌ ഇത്‌ ആലങ്കാരിക പ്രയോഗമാണ്‌ എന്നതിന്‌ അടിവരയിടുന്നു.

33:⁠1-29—⁠മോശെ ഇസ്രായേൽമക്കളെ അനുഗ്രഹിച്ചപ്പോൾ ശിമെയോനെ പ്രത്യേകം പരാമർശിക്കാതിരുന്നത്‌ എന്തുകൊണ്ട്‌? ശിമെയോനും ലേവിയും “കഠിന”മായി പെരുമാറിയതുകൊണ്ടാണ്‌ അങ്ങനെ സംഭവിച്ചത്‌. അവരുടെ കോപം “ഉഗ്ര”മായിരുന്നു. (ഉല്‌പത്തി 34:⁠13-31; 49:⁠5-7) മറ്റു ഗോത്രങ്ങൾക്കു കൊടുത്തതിനു തുല്യമായിരുന്നില്ല അവർക്കു കൊടുത്ത അവകാശം. ലേവിക്ക്‌ 48 പട്ടണങ്ങൾ കിട്ടി. ശിമെയോന്‌ കിട്ടിയത്‌ യെഹൂദയുടെ ഓഹരിയിലാണ്‌ ഉൾപ്പെട്ടിരുന്നത്‌. (യോശുവ 19:⁠9; 21:⁠41, 42) അതുകൊണ്ട്‌ മോശെ, ശിമെയോനെ പ്രത്യേകം അനുഗ്രഹിച്ചില്ല. എന്നിരുന്നാലും ഇസ്രായേലിനെ പൊതുവേ അനുഗ്രഹിച്ചതിൽ ശിമെയോനെയും ഉൾപ്പെടുത്തിയിരുന്നു.

നമുക്കുള്ള പാഠങ്ങൾ:

31:⁠12. സഭായോഗങ്ങളിൽ കുട്ടികൾ മുതിർന്നവരോടൊപ്പം ഇരിക്കുകയും കാര്യങ്ങൾ ശ്രദ്ധിച്ചുകേട്ട്‌ പഠിക്കുകയും വേണം.

32:⁠4. യഹോവയുടെ സകല പ്രവൃത്തികളും പൂർണതയുള്ളത്‌ ആണ്‌. കാരണം നീതി, ജ്ഞാനം, സ്‌നേഹം, ശക്തി എന്നീ ഗുണങ്ങൾ തികഞ്ഞ സമനിലയോടെ അവൻ പ്രകടിപ്പിക്കുന്നു.

നമുക്ക്‌ വളരെ മൂല്യമുള്ളത്‌

“യഹോവ ഏകൻ” എന്നാണ്‌ ആവർത്തനപുസ്‌തകം യഹോവയെ വിശേഷിപ്പിക്കുന്നത്‌. (ആവർത്തനപുസ്‌തകം 6:⁠4) ദൈവവുമായി ഒരു അതുല്യ ബന്ധത്തിൽ ആയിരുന്ന ഒരു ജനതയെ കുറിച്ചുള്ള പുസ്‌തകമാണ്‌ അത്‌. അത്‌ വിഗ്രഹാരാധനയെ കുറിച്ചു മുന്നറിയിപ്പു നൽകുകയും സത്യദൈവത്തിന്‌ അനന്യഭക്തി നൽകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്യുന്നു.

തീർച്ചയായും നമ്മെ സംബന്ധിച്ചിടത്തോളം, ആവർത്തനപുസ്‌തകം ഉന്നത മൂല്യമുള്ള ഒന്നാണ്‌. നാം ന്യായപ്രമാണത്തിൻ കീഴിൽ അല്ലെങ്കിലും, നമ്മുടെ ‘ദൈവമായ യഹോവയെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്‌നേഹിക്കാൻ’ നമ്മെ സഹായിക്കുന്ന പലതും ഈ പുസ്‌തകത്തിൽനിന്നു നമുക്കു പഠിക്കാൻ കഴിയും.—ആവർത്തനപുസ്‌തകം 6:⁠5.

[അടിക്കുറിപ്പ്‌]

^ ഖ. 5 മോശെയുടെ മരണം സംബന്ധിച്ച വിവരണം ഉൾക്കൊള്ളുന്ന അവസാനത്തെ അധ്യായം യോശുവയോ മഹാപുരോഹിതനായ എലെയാസാറോ ആയിരിക്കണം എഴുതിയത്‌.

[24-ാം പേജിലെ ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

സേയീർ

കാദേശ്‌ ബർന്നേയ

സീനായ്‌ പർവതം (ഹോരേബ്‌)

ചെങ്കടൽ

[കടപ്പാട്‌]

Based on maps copyrighted by Pictorial Archive (Near Eastern History) Est. and Survey of Israel

[24-ാം പേജിലെ ചിത്രം]

ആവർത്തനപുസ്‌തകത്തിന്റെ സിംഹഭാഗവും മോശെയുടെ പ്രഭാഷണങ്ങളാണ്‌

[26-ാം പേജിലെ ചിത്രം]

മന്നാ നൽകിക്കൊണ്ട്‌ യഹോവ പ്രകടമാക്കിയ കരുതൽ എന്തു പാഠമാണു നൽകുന്നത്‌?

[26-ാം പേജിലെ ചിത്രം]

തിരികല്ലോ അതിന്റെ മേൽക്കല്ലോ പണയം വാങ്ങുന്നത്‌ “ജീവനെ” പണയം വാങ്ങുന്നതു പോലെയാണെന്നു പറയപ്പെട്ടു