വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പീഡിപ്പിക്കപ്പെടുന്നവരെങ്കിലും സന്തുഷ്ടർ

പീഡിപ്പിക്കപ്പെടുന്നവരെങ്കിലും സന്തുഷ്ടർ

പീഡിപ്പിക്കപ്പെടുന്നവരെങ്കിലും സന്തുഷ്ടർ

“എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും [“നിന്ദിക്കുകയും പീഡിപ്പിക്കുകയും,” NW] നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.”​—⁠മത്തായി 5:⁠11.

1. സന്തുഷ്ടിയും പീഡനവും സംബന്ധിച്ച്‌ യേശു തന്റെ അനുഗാമികൾക്ക്‌ എന്ത്‌ ഉറപ്പാണു നൽകിയത്‌?

രാജ്യത്തെക്കുറിച്ചു പ്രസംഗിക്കാൻ അപ്പൊസ്‌തലന്മാരെ ആദ്യമായി അയച്ചപ്പോൾ, എതിർപ്പു നേരിടേണ്ടിവരുമെന്ന്‌ യേശു അവർക്കു മുന്നറിയിപ്പു നൽകി. അവൻ പറഞ്ഞു: “എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും.” (മത്തായി 10:⁠5-18, 22) എന്നാൽ അത്തരം എതിർപ്പ്‌ അവരുടെ ആഴമായ സന്തുഷ്ടിയെ കെടുത്തിക്കളയേണ്ടതില്ലെന്നു പറഞ്ഞുകൊണ്ട്‌ നേരത്തേ, തന്റെ ഗിരിപ്രഭാഷണത്തിൽ അപ്പൊസ്‌തലന്മാർക്കും മറ്റുള്ളവർക്കും യേശു ധൈര്യം പകർന്നിരുന്നു. എന്തിന്‌, യേശു സന്തുഷ്ടിയെ ക്രിസ്‌ത്യാനിയെന്ന നിലയിൽ പീഡിപ്പിക്കപ്പെടുന്നതിനോടു ബന്ധപ്പെടുത്തി സംസാരിക്കുകപോലും ചെയ്‌തു! പീഡനത്തിന്‌ എങ്ങനെയാണു സന്തുഷ്ടി കൈവരുത്താനാകുക?

നീതി നിമിത്തം കഷ്ടം സഹിക്കൽ

2. യേശുവും അപ്പൊസ്‌തലനായ പത്രൊസും പറയുന്നതനുസരിച്ച്‌, ഏതുതരം പീഡനമാണ്‌ സന്തുഷ്ടി കൈവരുത്തുന്നത്‌?

2 സന്തുഷ്ടിക്കുള്ള എട്ടാമത്തെ കാരണം യേശു പ്രസ്‌താവിക്കുന്നു: “നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ [“പീഡിപ്പിക്കപ്പെടുന്നവർ,” NW] ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളത്‌.” (മത്തായി 5:⁠10) കഷ്ടം സഹിക്കുന്നത്‌ അതിൽത്തന്നെ പ്രശംസനീയമായ ഒരു കാര്യമാണെന്നു പറയാനാവില്ല. അപ്പൊസ്‌തലനായ പത്രൊസ്‌ എഴുതി: “നിങ്ങൾ കുററം ചെയ്‌തിട്ടു അടികൊള്ളുന്നതു സഹിച്ചാൽ എന്തു യശസ്സുള്ളു? അല്ല, നന്മചെയ്‌തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിന്നു പ്രസാദം.” അവൻ തുടരുന്നു: “നിങ്ങളിൽ ആരും കുലപാതകനോ കള്ളനോ ദുഷ്‌പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടതു; പരകാര്യത്തിൽ ഇടപെടുന്നവനായിട്ടുമല്ല; ക്രിസ്‌ത്യാനിയായിട്ടു കഷ്ടം സഹിക്കേണ്ടിവന്നാലോ ലജ്ജിക്കരുതു; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടത്‌.” (1 പത്രൊസ്‌ 2:⁠20; 4:⁠15, 16) യേശുവിന്റെ വാക്കുകൾ അനുസരിച്ച്‌, നീതിനിമിത്തം പീഡനം സഹിക്കുമ്പോഴാണ്‌ അത്‌ സന്തുഷ്ടി കൈവരുത്തുന്നത്‌.

3. (എ) നീതി നിമിത്തം പീഡനം സഹിക്കുക എന്നതുകൊണ്ട്‌ എന്താണ്‌ അർഥമാക്കുന്നത്‌? (ബി) ആദിമ ക്രിസ്‌ത്യാനികളുടെമേൽ പീഡനത്തിന്‌ എന്തു ഫലമുണ്ടായി?

3 ദൈവേഷ്ടത്തോടും അവന്റെ കൽപ്പനകളോടുമുള്ള പറ്റിനിൽപ്പിന്റെ അടിസ്ഥാനത്തിലാണ്‌ യഥാർഥ നീതി അളക്കപ്പെടുന്നത്‌. അപ്പോൾ, നീതി നിമിത്തം കഷ്ടം സഹിക്കുകയെന്നാൽ ദൈവത്തിന്റെ നിലവാരങ്ങളോ വ്യവസ്ഥകളോ ലംഘിക്കാനുള്ള സമ്മർദത്തെ ചെറുത്തുനിൽക്കുന്നതു നിമിത്തം കഷ്ടം സഹിക്കുക എന്നാണ്‌ അർഥം. അപ്പൊസ്‌തലന്മാർ യേശുവിന്റെ നാമത്തിലുള്ള പ്രസംഗം നിറുത്താൻ വിസമ്മതിച്ചതുകൊണ്ട്‌ യഹൂദ മതനേതാക്കന്മാർ അവരെ പീഡിപ്പിച്ചു. (പ്രവൃത്തികൾ 4:⁠18-20; 5:⁠27-29, 40) ഇത്‌ അവരുടെ സന്തോഷത്തിനു മങ്ങലേൽപ്പിക്കുകയോ പ്രസംഗവേല നിറുത്തിക്കളയാൻ ഇടയാക്കുകയോ ചെയ്‌തോ? ഒരിക്കലുമില്ല! “തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽനിന്നു പുറപ്പെട്ടുപോയി. പിന്നെ അവർ ദിനമ്പ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്‌തു എന്നു സുവിശേഷിക്കയും ചെയ്‌തുകൊണ്ടിരുന്നു.” (പ്രവൃത്തികൾ 5:⁠41, 42) ഈ പീഡനം അവർക്കു സന്തോഷം പകരുകയും പ്രസംഗവേലയിലെ തീക്ഷ്‌ണത പുതുക്കുകയും ചെയ്‌തു. ചക്രവർത്തിയാരാധനയ്‌ക്കു വഴങ്ങാത്തതുകൊണ്ട്‌ ആദിമക്രിസ്‌ത്യാനികൾ പിന്നീട്‌ റോമാക്കാരാലും പീഡിപ്പിക്കപ്പെട്ടു.

4. ക്രിസ്‌ത്യാനികൾ പീഡിപ്പിക്കപ്പെടുന്നതിനുള്ള ചില കാരണങ്ങൾ ഏവ?

4 ആധുനിക നാളുകളിൽ യഹോവയുടെ സാക്ഷികൾ, “രാജ്യത്തിന്റെ ഈ സുവിശേഷം” പ്രസംഗിക്കുന്നതു നിറുത്താൻ വിസമ്മതിക്കുന്നതിനാൽ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. (മത്തായി 24:⁠14) തങ്ങളുടെ ക്രിസ്‌തീയ യോഗങ്ങൾ നിരോധിക്കപ്പെടുമ്പോൾ, കൂടിവരവുകൾ ഉപേക്ഷിക്കുന്നതിനു പകരം ഒരുമിച്ചു കൂടിവരാനുള്ള ബൈബിളിന്റെ കൽപ്പന അനുസരിച്ചുകൊണ്ട്‌ പീഡനം സഹിക്കാൻ അവർ മനസ്സൊരുക്കമുള്ളവരാണ്‌. (എബ്രായർ 10:⁠24, 25) ക്രിസ്‌തീയ നിഷ്‌പക്ഷത, രക്തം ദുരുപയോഗം ചെയ്യാനുള്ള വിസമ്മതം എന്നീ കാരണങ്ങളാലും അവർ പീഡനം അനുഭവിച്ചിരിക്കുന്നു. (യോഹന്നാൻ 17:⁠14; പ്രവൃത്തികൾ 15:⁠28, 29) എന്നാൽ നീതിക്കായുള്ള ഈ നിലപാട്‌ ഇന്ന്‌ ദൈവജനത്തിനു വർധിച്ച ആന്തരിക സമാധാനവും സന്തുഷ്ടിയും കൈവരുത്തുന്നു.—1 പത്രൊസ്‌ 3:⁠14.

ക്രിസ്‌തുനിമിത്തം നിന്ദിക്കപ്പെടുന്നു

5. ഏത്‌ അടിസ്ഥാന കാരണത്താലാണ്‌ യഹോവയുടെ ജനം ഇന്നു പീഡിപ്പിക്കപ്പെടുന്നത്‌?

5 സന്തുഷ്ടിയുടെ കാരണമായി ഗിരിപ്രഭാഷണത്തിൽ യേശു പറഞ്ഞ ഒമ്പതാമത്തെ സംഗതിയും പീഡനത്തോടു ബന്ധമുള്ള ഒന്നാണ്‌. അവൻ പ്രസ്‌താവിച്ചു: “എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും [“നിന്ദിക്കുകയും പീഡിപ്പിക്കുകയും,” NW] നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.” (മത്തായി 5:⁠11) യഹോവയുടെ സാക്ഷികൾ പീഡിപ്പിക്കപ്പെടുന്നതിന്റെ അടിസ്ഥാന കാരണം അവർ ഇപ്പോഴത്തെ ദുഷ്ട വ്യവസ്ഥിതിയുടെ ഭാഗമല്ല എന്നതാണ്‌. യേശു ശിഷ്യന്മാരോടു പറഞ്ഞു: “നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു.” (യോഹന്നാൻ 15:⁠19) സമാനമായി, അപ്പൊസ്‌തലനായ പത്രൊസ്‌ പ്രസ്‌താവിച്ചു: “ദുർന്നടപ്പിന്റെ അതേ കവിച്ചലിൽ നിങ്ങൾ അവരോടു ചേർന്നു നടക്കാതിരിക്കുന്നതു അപൂർവ്വം എന്നുവെച്ചു അവർ ദുഷിക്കുന്നു.”​—⁠1 പത്രൊസ്‌ 4:⁠4.

6. (എ) ശേഷിപ്പും അവരുടെ സഹകാരികളും നിന്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നത്‌ എന്തുകൊണ്ട്‌? (ബി) അത്തരം നിന്ദ നമ്മുടെ സന്തോഷം കുറഞ്ഞുപോകാൻ ഇടയാക്കുന്നുണ്ടോ?

6 ആദിമ ക്രിസ്‌ത്യാനികൾ പീഡനം സഹിക്കേണ്ടിവന്നത്‌ യേശുവിന്റെ നാമത്തിൽ പ്രസംഗിക്കുന്നതു നിറുത്താൻ വിസമ്മതിച്ചതിനാലാണെന്നു നാം കണ്ടുകഴിഞ്ഞു. യേശു തന്റെ അനുഗാമികൾക്ക്‌ ഈ നിയമനം നൽകി: “നിങ്ങൾ . . . ഭൂമിയുടെ അററത്തോളവും എന്റെ സാക്ഷികൾ ആകും.” (പ്രവൃത്തികൾ 1:⁠8) ക്രിസ്‌തുവിന്റെ അഭിഷിക്ത സഹോദരന്മാരുടെ വിശ്വസ്‌ത ശേഷിപ്പ്‌, തങ്ങളുടെ വിശ്വസ്‌ത സഹകാരികളായ “മഹാപുരുഷാര”ത്തിന്റെ സഹായത്തോടെ ആ നിയമനം തീക്ഷ്‌ണതയോടെ നിർവഹിച്ചിരിക്കുന്നു. (വെളിപ്പാടു 7:⁠9) അക്കാരണത്താൽ സാത്താൻ, “ദൈവകല്‌പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി [“യേശുവിനു സാക്ഷ്യം വഹിക്കുന്നവരുമായി,” NW] അവളുടെ സന്തതിയിൽ [ദൈവത്തിന്റെ സംഘടനയുടെ സ്വർഗീയ ഭാഗമായ “സ്‌ത്രീ”യുടെ സന്തതി] ശേഷിപ്പുള്ളവരോടു യുദ്ധം” ചെയ്യുന്നു. (വെളിപ്പാടു 12:⁠9, 17) യഹോവയുടെ സാക്ഷികളെന്ന നിലയിൽ നാം, രാജ്യഗവൺമെന്റിന്റെ ഇപ്പോൾ വാഴുന്ന രാജാവായ യേശുവിനു സാക്ഷ്യം വഹിക്കുന്നു. ഈ ഗവൺമെന്റാണ്‌ ദൈവത്തിന്റെ നീതിയുള്ള പുതിയ ലോകത്തിന്റെ മാർഗത്തിൽ നിലകൊള്ളുന്ന മാനുഷ ഗവൺമെന്റുകളെ നശിപ്പിക്കാൻ പോകുന്നത്‌. (ദാനീയേൽ 2:⁠44; 2 പത്രൊസ്‌ 3:⁠13) യേശുവിനു സാക്ഷ്യം വഹിക്കുന്നതിനാലാണ്‌ നമുക്കു നിന്ദയും പീഡനവും നേരിടേണ്ടിവരുന്നത്‌. എന്നാൽ ക്രിസ്‌തുവിന്റെ നാമം നിമിത്തം പീഡനം സഹിക്കേണ്ടിവരുന്നതിൽ നമുക്കു സന്തോഷമേയുള്ളൂ.—1 പത്രൊസ്‌ 4:⁠14.

7, 8. ആദിമ ക്രിസ്‌താനികളെക്കുറിച്ച്‌ എതിരാളികൾ എന്തെല്ലാം നുണകളാണു പ്രചരിപ്പിച്ചത്‌?

7 ആളുകൾ തന്റെ നാമം നിമിത്തം തന്റെ അനുഗാമികളെക്കുറിച്ച്‌ ‘എല്ലാ തിന്മയും കളവായി പറയുമ്പോൾ’പോലും അവർ തങ്ങളെത്തന്നെ സന്തുഷ്ടരായി കണക്കാക്കേണ്ടതാണെന്ന്‌ യേശു പ്രസ്‌താവിച്ചു. (മത്തായി 5:⁠11) ആദിമ ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം ഇതു തികച്ചും സത്യമായിരുന്നു. പൊ.യു. 59-61-ൽ അപ്പൊസ്‌തലനായ പൗലൊസ്‌ റോമിൽ വീട്ടുതടങ്കലിൽ ആയിരുന്നപ്പോൾ യഹൂദ നേതാക്കന്മാർ ക്രിസ്‌ത്യാനികളെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: ‘ഈ മതഭേദത്തിന്നു എല്ലായിടത്തും വിരോധം പറയുന്നു എന്നു ഞങ്ങൾ അറിയുന്നു.’ (പ്രവൃത്തികൾ 28:⁠22) “കൈസരുടെ നിയമങ്ങൾക്കു പ്രതികൂലമായി പ്രവർത്തി”ച്ചുകൊണ്ട്‌ “ഭൂലോകത്തെ കലഹിപ്പി”ക്കുന്നു എന്ന കുറ്റം പൗലൊസിന്റെയും ശീലാസിന്റെയും മേൽ ആരോപിക്കപ്പെട്ടു.​—⁠പ്രവൃത്തികൾ 17:⁠6, 7.

8 റോമാസാമ്രാജ്യത്തിന്റെ കാലത്തെ ക്രിസ്‌ത്യാനികളെക്കുറിച്ച്‌ ചരിത്രകാരനായ കെ. എസ്‌. ലറ്റൂറെറ്റ്‌ ഇങ്ങനെ എഴുതി: “[അവർക്കെതിരെയുള്ള] ആരോപണങ്ങൾ നാനാവിധമായിരുന്നു. പുറജാതീയ ചടങ്ങുകളിൽ പങ്കെടുക്കാൻ വിസമ്മതിച്ചതുകൊണ്ട്‌ ക്രിസ്‌ത്യാനികൾ നിരീശ്വരവാദികളായി മുദ്ര കുത്തപ്പെട്ടു. സാമൂഹിക ജീവിതത്തിന്റെ ഭാഗമായിരുന്ന പല കാര്യങ്ങളിൽനിന്നും​—⁠. . . പുറജാതി ഉത്സവങ്ങൾ, പൊതു വിനോദ പരിപാടികൾ തുടങ്ങിയവയിൽനിന്നും​—⁠വിട്ടുനിന്നതുകൊണ്ട്‌ മനുഷ്യവർഗവിദ്വേഷികൾ എന്ന്‌ അവർ അപഹസിക്കപ്പെട്ടു. . . . സ്‌ത്രീപുരുഷന്മാർ രാത്രിയിൽ കൂടിവരികയും . . . കുത്തഴിഞ്ഞ ലൈംഗികതയിൽ ഏർപ്പെടുകയും ചെയ്‌തിരുന്നതായി പറയപ്പെട്ടു. . . . [ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകം] വിശ്വാസികളുടെ മാത്രം സാന്നിധ്യത്തിലാണ്‌ ആഘോഷിച്ചിരുന്നത്‌ എന്നതിനാൽ ക്രിസ്‌ത്യാനികൾ പതിവായി ഒരു ശിശുവിനെ ബലി കൊടുക്കുകയും അതിന്റെ രക്തം കുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്‌തിരുന്നു എന്ന കിംവദന്തി പ്രചരിക്കാൻ ഇടയായി.” കൂടാതെ, ആദിമ ക്രിസ്‌ത്യാനികൾ ചക്രവർത്തിയാരാധനയ്‌ക്കു വിസമ്മതിച്ചതിനാൽ അവർക്കെതിരെ രാജ്യദ്രോഹക്കുറ്റവും ചുമത്തപ്പെട്ടു.

9. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ, തങ്ങൾക്കെതിരെയുള്ള തെറ്റായ കുറ്റാരോപണങ്ങളോടു പ്രതികരിച്ചത്‌ എങ്ങനെ, ഇന്നത്തെ അവസ്ഥ എന്താണ്‌?

9 ആ തെറ്റായ ആരോപണങ്ങൾ, ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുകയെന്ന നിയമനം നിർവഹിക്കുന്നതിൽനിന്ന്‌ ആദിമ ക്രിസ്‌ത്യാനികളെ തടഞ്ഞില്ല. പൊ.യു. 60-61-ൽ, “സുവിശേഷം” “സർവ്വലോകത്തിലും ഫലംകായിച്ചും വർധിച്ചും വരുന്നു” എന്നും “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചു” എന്നും പറയാൻ പൗലൊസിനു കഴിഞ്ഞു. (കൊലൊസ്സ്യർ 1:⁠5, 6, 23) അതുതന്നെയാണ്‌ ഇന്നും സംഭവിക്കുന്നത്‌. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളുടെ കാര്യത്തിലെന്നപോലെതന്നെ യഹോവയുടെ സാക്ഷികളുടെമേലും തെറ്റായ കുറ്റാരോപണങ്ങൾ ചുമത്തപ്പെടുന്നു. എന്നിരുന്നാലും ഇന്ന്‌ രാജ്യസന്ദേശം പ്രസംഗിക്കുന്ന വേല പുരോഗമിക്കുകയും അതിൽ പങ്കെടുക്കുന്നവർക്ക്‌ ഏറിയ സന്തുഷ്ടി കൈവരുകയും ചെയ്യുന്നു.

പ്രവാചകന്മാരെപ്പോലെ പീഡിപ്പിക്കപ്പെടുന്നതിൽ സന്തുഷ്ടർ

10, 11. (എ) സന്തുഷ്ടിയുടെ ഒമ്പതാമത്തെ കാരണം സംബന്ധിച്ച ചർച്ച യേശു അവസാനിപ്പിച്ചത്‌ എങ്ങനെ, എന്തുകൊണ്ട്‌? (ബി) പ്രവാചകന്മാർ പീഡിപ്പിക്കപ്പെട്ടത്‌ എന്തിന്‌? ഉദാഹരണങ്ങൾ നൽകുക.

10 സന്തുഷ്ടിയുടെ ഒമ്പതാമത്തെ കാരണത്തെക്കുറിച്ചുള്ള ചർച്ച യേശു അവസാനിപ്പിച്ചത്‌ ഈ വാക്കുകളോടെയാണ്‌: “സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകൻമാരെയും അവർ അങ്ങനെതന്നേ ഉപദ്രവിച്ചുവല്ലോ.” (മത്തായി 5:⁠12) അവിശ്വസ്‌ത ഇസ്രായേലിന്‌ മുന്നറിയിപ്പു നൽകാൻ യഹോവ അയച്ച പ്രവാചകന്മാരോട്‌ ജനം മോശമായി പെരുമാറുകയും പലപ്പോഴും അവരെ പീഡിപ്പിക്കുകയും ചെയ്‌തു. (യിരെമ്യാവു 7:⁠25, 26) “ഇനി എന്തു പറയേണ്ടു? . . . പ്രവാചകന്മാരെയുംകുറിച്ചു വിവരിപ്പാൻ സമയം പോരാ. വിശ്വാസത്താൽ . . . ചിലർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു” എന്ന്‌ എഴുതിയപ്പോൾ അപ്പൊസ്‌തലനായ പൗലൊസ്‌ ആ വസ്‌തുതയ്‌ക്കു സാക്ഷ്യം നൽകി.​—⁠എബ്രായർ 11:⁠32-38.

11 ദുഷ്ട രാജാവായിരുന്ന ആഹാബിന്റെയും ഭാര്യ ഈസേബെലിന്റെയും വാഴ്‌ചക്കാലത്ത്‌ യഹോവയുടെ നിരവധി പ്രവാചകന്മാർ വാളിനാൽ കൊല്ലപ്പെട്ടു. (1 രാജാക്കന്മാർ 18:⁠4, 13; 19:⁠10) പ്രവാചകനായ യിരെമ്യാവിനെ ആമത്തിൽ ഇടുകയും പിന്നീട്‌ ചെളിനിറഞ്ഞ കുഴിയിൽ തള്ളുകയും ചെയ്‌തു. (യിരെമ്യാവു 20:⁠1, 2; 38:⁠6) ദാനീയേൽപ്രവാചകനെ സിംഹക്കുഴിയിൽ ഇട്ടുകളഞ്ഞു. (ദാനീയേൽ 6:⁠16, 17) യഹോവയുടെ നിർമലാരാധന സംരക്ഷിക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിനാണ്‌ ഈ ക്രിസ്‌തീയപൂർവ പ്രവാചകന്മാരെല്ലാം പീഡിപ്പിക്കപ്പെട്ടത്‌. നിരവധി പ്രവാചകന്മാർ യഹൂദ മതനേതാക്കന്മാരുടെ പീഡനത്തിനു വിധേയരായി. “പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ” എന്നാണ്‌ യേശു പരീശന്മാരെയും ശാസ്‌ത്രിമാരെയും വിശേഷിപ്പിച്ചത്‌.​—⁠മത്തായി 23:⁠31.

12. യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ നാം, പുരാതനകാലത്തെ പ്രവാചകന്മാരെപ്പോലെ പീഡിപ്പിക്കപ്പെടുന്നത്‌ ഒരു പദവിയായി കണക്കാക്കുന്നത്‌ എന്തുകൊണ്ട്‌?

12 രാജ്യസുവാർത്ത പ്രസംഗിക്കുന്നതിൽ തീക്ഷ്‌ണതയുള്ളവർ ആയതുകൊണ്ട്‌ ഇന്ന്‌ യഹോവയുടെ സാക്ഷികളായ നാം മിക്കപ്പോഴും പീഡിപ്പിക്കപ്പെടാറുണ്ട്‌. “അടിച്ചേൽപ്പിക്കുന്ന വിധത്തിൽ മതപരിവർത്തനം” നടത്തുന്നു എന്നതാണ്‌ ശത്രുക്കൾ നമ്മുടെമേൽ ആരോപിക്കുന്ന കുറ്റം, എന്നാൽ നമുക്കു മുമ്പ്‌ ഉണ്ടായിരുന്ന യഹോവയുടെ ആരാധകരും സമാനമായ വിമർശനം നേരിട്ടിരുന്നുവെന്നു നമുക്കറിയാം. (യിരെമ്യാവു 11:⁠21; 20:⁠8, 11) പുരാതനകാലത്തെ വിശ്വസ്‌ത പ്രവാചകന്മാർ പീഡനം അനുഭവിച്ച അതേ കാരണത്താൽ ഉപദ്രവിക്കപ്പെടുന്നത്‌ ഒരു പദവിയായി നാം കണക്കാക്കുന്നു. ശിഷ്യനായ യാക്കോബ്‌ എഴുതി: “സഹോദരന്മാരേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിന്നും ദീർഘക്ഷമെക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊൾവിൻ. സഹിഷ്‌ണുത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്‌ത്തുന്നു.”​—⁠യാക്കോബ്‌ 5:⁠10, 11.

സന്തുഷ്ടർ ആയിരിക്കുന്നതിനുള്ള ശക്തമായ കാരണങ്ങൾ

13. (എ) പീഡനം നിമിത്തം നാം നിരുത്സാഹിതരാകാത്തത്‌ എന്തുകൊണ്ട്‌? (ബി) ഉറച്ചു നിൽക്കാൻ എന്തു നമ്മെ സഹായിക്കുന്നു, ഇത്‌ എന്തു തെളിയിക്കുന്നു?

13 പീഡനത്താൽ നിരുത്സാഹിതരാകുന്നതിനു പകരം, പ്രവാചകന്മാരുടെയും ആദിമ ക്രിസ്‌ത്യാനികളുടെയും യേശുക്രിസ്‌തുവിന്റെതന്നെയും ചുവടുകൾ പിൻപറ്റുകയാണു നാം ചെയ്യുന്നത്‌ എന്ന ചിന്തയിൽ നാം ആശ്വാസം കണ്ടെത്തുന്നു. (1 പത്രൊസ്‌ 2:⁠21) അപ്പൊസ്‌തലനായ പത്രൊസ്‌ പറഞ്ഞതു പോലുള്ള പിൻവരുന്ന തിരുവെഴുത്തുകൾ നമുക്ക്‌ ആഴമായ സംതൃപ്‌തി പകരുന്നു: “പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷെക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവ്വകാര്യം നിങ്ങൾക്കു വന്നുകൂടി എന്നുവെച്ചു അതിശയിച്ചുപോകരുതു. ക്രിസ്‌തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ.” (1 പത്രൊസ്‌ 4:⁠12, 14) യഹോവയുടെ ആത്മാവ്‌ നമ്മുടെമേൽ വസിക്കുകയും നമ്മെ ശക്തീകരിക്കുകയും ചെയ്യുന്നു എന്ന ഒറ്റക്കാരണംകൊണ്ടു മാത്രമാണ്‌ നമുക്കു പീഡനത്തിൻകീഴിൽ ഉറച്ചുനിൽക്കാൻ കഴിയുന്നതെന്ന്‌ അനുഭവത്തിൽനിന്നു നമുക്ക്‌ അറിയാം. പരിശുദ്ധാത്മാവിന്റെ പിന്തുണ, യഹോവയുടെ അനുഗ്രഹം നമ്മുടെമേൽ ഉണ്ട്‌ എന്നതിന്റെ തെളിവാണ്‌. അത്‌ നമുക്കു വലിയ സന്തോഷം കൈവരുത്തുന്നു.​—⁠സങ്കീർത്തനം 5:⁠12; ഫിലിപ്പിയർ 1:⁠27-29.

14. നീതി നിമിത്തം പീഡിപ്പിക്കപ്പെടുന്നതിൽ സന്തോഷിക്കാൻ നമുക്ക്‌ എന്തെല്ലാം കാരണങ്ങൾ ഉണ്ട്‌?

14 എതിർപ്പും നീതി നിമിത്തമുള്ള പീഡനവും നമ്മെ സന്തുഷ്ടരാക്കുന്നതിന്റെ മറ്റൊരു കാരണം, ദൈവിക ഭക്തിയുള്ള യഥാർഥ ക്രിസ്‌ത്യാനികളായാണു നാം ജീവിക്കുന്നതെന്ന്‌ അതു തെളിയിക്കുന്നു എന്നതാണ്‌. അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “ക്രിസ്‌തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.” (2 തിമൊഥെയൊസ്‌ 3:⁠12) പരിശോധനയിൻകീഴിൽ നാം ദൃഢവിശ്വസ്‌തത പാലിക്കുമ്പോൾ, യഹോവയുടെ സകല സൃഷ്ടികളും അവനെ സേവിക്കുന്നതു സ്വാർഥ താത്‌പര്യം നിമിത്തമാണെന്ന സാത്താന്റെ അവകാശവാദത്തിന്‌ അതു കൂടുതലായ ഉത്തരം നൽകുകയാണെന്ന ചിന്ത നമ്മെ അങ്ങേയറ്റം സന്തുഷ്ടരാക്കുന്നു. (ഇയ്യോബ്‌ 1:⁠9-11; 2:⁠3, 4) യഹോവയുടെ നീതിപൂർവകമായ പരമാധികാരം സംസ്ഥാപിക്കുന്നതിൽ നമുക്ക്‌ ഒരു പങ്ക്‌​—⁠അത്‌ എത്ര ചെറുതായിരുന്നാലും​—⁠ഉണ്ടെന്നുള്ളതിൽ നാം സന്തോഷിക്കുന്നു.​—⁠സദൃശവാക്യങ്ങൾ 27:⁠11.

പ്രതിഫലം നിമിത്തം സന്തോഷിച്ചുല്ലസിപ്പിൻ

15, 16. (എ) “സന്തോഷിച്ചുല്ലസി”ക്കുന്നതിന്‌ യേശു നമുക്ക്‌ എന്തു കാരണമാണു നൽകുന്നത്‌? (ബി) അഭിഷിക്ത ക്രിസ്‌ത്യാനികൾക്കായി സ്വർഗത്തിൽ എന്തു പ്രതിഫലം കരുതിയിരിക്കുന്നു, അവരുടെ സഹകാരികളായ “വേറെ ആടുകൾ”ക്കു പ്രതിഫലം ലഭിക്കുന്നത്‌ എങ്ങനെ?

15 പുരാതന നാളുകളിലെ പ്രവാചകന്മാരെപ്പോലെ ദുഷിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ സന്തോഷിക്കുന്നതിന്‌ യേശു കൂടുതലായ ഒരു കാരണം നൽകി. സന്തുഷ്ടിയുടെ ഒമ്പതാമത്തെ കാരണത്തെക്കുറിച്ചുള്ള വിശദീകരണത്തിനൊടുവിലായി അവൻ പ്രസ്‌താവിച്ചു: “സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ.” (മത്തായി 5:⁠12) അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിൽ നിത്യജീവൻതന്നേ.” (റോമർ 6:⁠23) അതേ, ആ വലിയ പ്രതിഫലം ജീവനാണ്‌. നമുക്കു നേടിയെടുക്കാൻ കഴിയുന്ന ഒരുതരം ശമ്പളമല്ല അത്‌, മറിച്ച്‌ അത്‌ ഒരു സൗജന്യ ദാനമാണ്‌. ‘പ്രതിഫലം സ്വർഗത്തിലാണ്‌’ എന്ന്‌ യേശു പറഞ്ഞു, എന്തുകൊണ്ടെന്നാൽ യഹോവയിൽനിന്നാണ്‌ അതു വരുന്നത്‌.

16 അഭിഷിക്തർ “ജീവകിരീടം” പ്രാപിക്കും. അവരുടെ കാര്യത്തിൽ അത്‌ സ്വർഗത്തിൽ ക്രിസ്‌തുവിനോടൊപ്പമുള്ള അമർത്യ ജീവനെ അർഥമാക്കും. (യാക്കോബ്‌ 1:⁠12, 17) ഭൗമിക പ്രത്യാശയുള്ള “വേറെ ആടുകൾ,” പറുദീസാ ഭൂമിയിൽ നിത്യജീവൻ അവകാശമാക്കുന്നതിനായി നോക്കിപ്പാർത്തിരിക്കുന്നു. (യോഹന്നാൻ 10:⁠16; വെളിപ്പാടു 21:⁠3-5) രണ്ടു കൂട്ടരുടെ കാര്യത്തിലും, “പ്രതിഫലം” അവർ സമ്പാദിക്കുന്നതല്ല. അഭിഷിക്തർക്കും “വേറെ ആടുകൾ”ക്കും യഹോവയുടെ “അതിമഹത്തായ ദൈവകൃപനിമിത്തം” അഥവാ മഹത്തായ അനർഹദയ നിമിത്തം ആണ്‌ പ്രതിഫലം ലഭിക്കുന്നത്‌. അത്‌ പിൻവരുന്ന പ്രകാരം പറയാൻ അപ്പൊസ്‌തലനായ പൗലൊസിനെ പ്രേരിപ്പിച്ചു: “പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിന്നു സ്‌തോത്രം.”​—⁠2 കൊരിന്ത്യർ 9:⁠14, 15.

17. പീഡിപ്പിക്കപ്പെടുമ്പോൾ “സന്തോഷിച്ചുല്ലസി”ക്കാൻ നമുക്കു കഴിയുന്നത്‌ എന്തുകൊണ്ട്‌?

17 പെട്ടെന്നുതന്നെ നീറോ ചക്രവർത്തിയാൽ ക്രൂരമായി പീഡിപ്പിക്കപ്പെടാനിരുന്നവർ ഉൾപ്പെടെയുള്ള ക്രിസ്‌ത്യാനികൾക്ക്‌, അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “കഷ്ടങ്ങൾ അനുഭവിക്കുമ്പോൾ നമുക്കു സന്തോഷിക്കാം, എന്തെന്നാൽ സഹിഷ്‌ണുത ഒരു അംഗീകൃത അവസ്ഥയും അംഗീകൃത അവസ്ഥ പ്രത്യാശയും ഉളവാക്കുന്നു എന്നും . . . പ്രത്യാശ നിരാശയിലേക്കു നയിക്കുന്നില്ല എന്നും നാം അറിയുന്നു.” (റോമർ 5:3-5, NW) അവൻ ഇങ്ങനെയും പറഞ്ഞു: “ആശയിൽ സന്തോഷിപ്പിൻ; കഷ്ടതയിൽ സഹിഷ്‌ണുത കാണിപ്പിൻ.” (റോമർ 5:⁠3-5; 12:⁠12, 13എ) നമ്മുടെ പ്രത്യാശ സ്വർഗീയമോ ഭൗമികമോ ആയാലും പരിശോധനയിൻകീഴിലുള്ള വിശ്വസ്‌തതയ്‌ക്കു നമുക്കു ലഭിക്കുന്ന പ്രതിഫലം നാം അർഹിക്കുന്ന എന്തിനെക്കാളും വളരെ വലുതാണ്‌. രാജാവായ യേശുക്രിസ്‌തുവിനു കീഴിൽ, നമ്മുടെ സ്‌നേഹവാനാം സ്വർഗീയ പിതാവായ യഹോവയെ സേവിക്കാനും സ്‌തുതിക്കാനുമായി എന്നേക്കും ജീവിച്ചിരിക്കുകയെന്ന പ്രത്യാശ അളവറ്റ സന്തോഷമാണു നമുക്കു നൽകുന്നത്‌. അതേ, നാം “സന്തോഷിച്ചുല്ലസി”ക്കുകയാണ്‌.

18. അന്ത്യം അടുത്തുവരവേ, രാഷ്‌ട്രങ്ങൾ എന്തു ചെയ്യുമെന്നു പ്രതീക്ഷിക്കാം, യഹോവ എന്തു ചെയ്യും?

18 ചില രാജ്യങ്ങളിൽ യഹോവയുടെ സാക്ഷികൾ കാലങ്ങളായി പീഡനം സഹിച്ചുകൊണ്ടാണിരിക്കുന്നത്‌. വ്യവസ്ഥിതിയുടെ സമാപനത്തെക്കുറിച്ചുള്ള പ്രവചനത്തിൽ യേശു സത്യക്രിസ്‌ത്യാനികൾക്ക്‌ ഈ മുന്നറിയിപ്പു നൽകി: “എന്റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (മത്തായി 24:⁠9) നാം അന്ത്യത്തോട്‌ അടുക്കവേ, രാഷ്‌ട്രങ്ങൾ യഹോവയുടെ ജനത്തോടുള്ള വിദ്വേഷം പ്രകടിപ്പിക്കാൻ സാത്താൻ ഇടയാക്കും. (യെഹെസ്‌കേൽ 38:⁠10-12, 14-16) യഹോവ പ്രവർത്തിക്കാനുള്ള സമയമായിരിക്കും അത്‌. “ഞാൻ എന്നെത്തന്നേ മഹത്വീകരിക്കയും എന്നെത്തന്നേ വിശുദ്ധീകരിക്കയും പല ജാതികളും കാൺകെ എന്നെത്തന്നേ വെളിപ്പെടുത്തുകയും ഞാൻ യഹോവ എന്നു അവർ അറികയും ചെയ്യും.” (യെഹെസ്‌കേൽ 38:⁠23) അങ്ങനെ യഹോവ തന്റെ മഹത്തായ നാമത്തെ വിശുദ്ധീകരിക്കുകയും തന്റെ ജനത്തെ പീഡനത്തിൽനിന്നു വിടുവിക്കുകയും ചെയ്യും. അതുകൊണ്ട്‌, “പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.”​—⁠യാക്കോബ്‌ 1:⁠12.

19. ‘യഹോവയുടെ ദിവസ’ത്തിനായി കാത്തിരിക്കവേ, നാം എന്തു ചെയ്യണം?

19 “കർത്താവിന്റെ [“യഹോവയുടെ,” NW] ദിവസം” ഏറ്റവും അടുത്തു വരവേ, യേശുവിന്റെ നാമത്തിനു വേണ്ടി “അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ” നമുക്കു സന്തോഷിക്കാം. (2 പത്രൊസ്‌ 3:⁠10-13; പ്രവൃത്തികൾ 5:⁠41) യഹോവയുടെ നീതിനിഷ്‌ഠമായ പുതിയ ലോകത്തിൽ ലഭിക്കാനിരിക്കുന്ന പ്രതിഫലത്തിനായി കാത്തിരിക്കവേ, ആദിമ ക്രിസ്‌ത്യാനികൾ ചെയ്‌തതുപോലെ നമുക്കും “യേശുവിനെ ക്രിസ്‌തു എന്ന്‌ സുവിശേഷിക്കുകയും” അവന്റെ രാജ്യത്തെക്കുറിച്ചു പഠിപ്പിക്കുകയും ചെയ്യുന്നതിൽ അവിരാമം തുടരാം.​—⁠പ്രവൃത്തികൾ 5:⁠42; യാക്കോബ്‌ 5:⁠11.

പുനരവലോകനം

• നീതി നിമിത്തം കഷ്ടം സഹിക്കുക എന്നതുകൊണ്ട്‌ എന്താണ്‌ അർഥമാക്കുന്നത്‌?

• ആദിമ ക്രിസ്‌ത്യാനികളുടെമേൽ പീഡനത്തിന്‌ എന്തു ഫലമുണ്ടായി?

• പുരാതനകാലത്തെ പ്രവാചകന്മാർ പീഡിപ്പിക്കപ്പെട്ടതുപോലെയാണ്‌ യഹോവയുടെ സാക്ഷികൾ പീഡിപ്പിക്കപ്പെടുന്നത്‌ എന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

• പീഡിപ്പിക്കപ്പെടുമ്പോൾ നമുക്കു “സന്തോഷിച്ചുല്ലസി”ക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[16, 17 പേജുകളിലെ ചിത്രങ്ങൾ]

‘ആളുകൾ നിങ്ങളെ നിന്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ’

[കടപ്പാട്‌]

തടവിലാക്കപ്പെട്ട ഒരു കൂട്ടം സഹോദരങ്ങൾ: Chicago Herald-American