വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവവചനം ധൈര്യത്തോടെ ഘോഷിക്കുക

ദൈവവചനം ധൈര്യത്തോടെ ഘോഷിക്കുക

ദൈവവചനം ധൈര്യത്തോടെ ഘോഷിക്കുക

‘ചെന്ന്‌ എന്റെ ജനത്തോടു പ്രവചിക്ക.’​—⁠ആമോസ്‌ 7:⁠15.

1, 2. ആമോസ്‌ ആരായിരുന്നു, അവനെക്കുറിച്ചു ബൈബിൾ എന്തെല്ലാം വെളിപ്പെടുത്തുന്നു?

ഒരിക്കൽ, ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന യഹോവയുടെ ഒരു ദാസനെ ഒരു പുരോഹിതൻ തടഞ്ഞു. ‘പ്രസംഗം മതിയാക്കി വേഗം സ്ഥലംവിട്ടുകൊള്ളണം!’ പുരോഹിതൻ ആക്രോശിച്ചു. യഹോവയുടെ ആ ദാസൻ എന്തുചെയ്‌തു? അദ്ദേഹം ഭയന്നു പിന്മാറിയോ, അതോ ദൈവവചനം ധൈര്യത്തോടെ ഘോഷിക്കുന്നതിൽ തുടർന്നോ? നിങ്ങൾക്ക്‌ അതിനെക്കുറിച്ച്‌ വായിച്ചറിയാൻ കഴിയും, കാരണം ആ ദൈവദാസൻ സ്വന്തം പേരു വഹിക്കുന്ന ഒരു പുസ്‌തകത്തിൽ തന്റെ അനുഭവം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്‌​—⁠അത്‌ ആമോസ്‌ എന്ന ബൈബിൾ പുസ്‌തകമാണ്‌. എന്നാൽ, ആമോസ്‌ ഈ പുരോഹിതനെ അഭിമുഖീകരിച്ചതു സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുന്നതിനുമുമ്പ്‌ നമുക്ക്‌ ആമോസിനെക്കുറിച്ചുള്ള ചില പശ്ചാത്തല വിവരങ്ങൾ പരിചിന്തിക്കാം.

2 ആമോസ്‌ ആരായിരുന്നു? അവന്റെ വീട്‌ എവിടെയായിരുന്നു? അവൻ ജീവിച്ചിരുന്നത്‌ ഏതു കാലഘട്ടത്തിലാണ്‌? ആമോസ്‌ 1:⁠1-ൽ ഇതിന്റെയെല്ലാം ഉത്തരമുണ്ട്‌: “തെക്കോവയിലെ ഇടയന്മാരിൽ ഒരുത്തനായ ആമോസ്‌ യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തും യിസ്രായേൽരാജാവായ യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും . . . യിസ്രായേലിനെക്കുറിച്ചു ദർശിച്ചവചനങ്ങൾ.” ആമോസ്‌ യെഹൂദാ നിവാസി ആയിരുന്നു. യെരൂശലേമിൽനിന്ന്‌ 16 കിലോമീറ്റർ തെക്കുമാറി സ്ഥിതിചെയ്‌തിരുന്ന, തെക്കോവ ആയിരുന്നു അവന്റെ സ്വദേശം. പൊതുയുഗത്തിനു മുമ്പ്‌ (പൊ.യു.മു.) ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനം, അതായത്‌ യെഹൂദായിൽ ഉസ്സീയാ രാജാവും പത്തുഗോത്രരാജ്യമായ ഇസ്രായേലിൽ യൊരോബെയാം രണ്ടാമനും വാഴ്‌ച നടത്തുന്ന കാലത്താണ്‌ അവൻ ജീവിച്ചിരുന്നത്‌. ആമോസ്‌ ഒരു ആട്ടിയൻ ആയിരുന്നു. എന്നാൽ അവൻ ‘ഇടയൻ’ മാത്രമല്ല, ആമോസ്‌ 7:⁠14 [NW] പറയുന്നതനുസരിച്ച്‌ ‘അത്തിക്കായ്‌കൾ തുളയ്‌ക്കുന്നവനും’ ആയിരുന്നു. വർഷത്തിൽ കുറേസമയം അവൻ ഈ കാർഷിക വേലയിൽ ഏർപ്പെട്ടിരുന്നു. അത്തിക്കായ്‌കൾ പെട്ടെന്നു മൂത്തു പഴുക്കുന്നതിനുവേണ്ടി ആയിരുന്നു അത്‌ കുത്തുകയോ തുളയ്‌ക്കുകയോ ചെയ്‌തിരുന്നത്‌. ക്ഷീണിപ്പിക്കുന്ന ഒരു ജോലിതന്നെയായിരുന്നു അത്‌.

‘ചെന്നു പ്രവചിക്ക’

3. പ്രസംഗിക്കാൻ അയോഗ്യരാണ്‌ എന്ന്‌ നമുക്കു തോന്നുന്നുണ്ടെങ്കിൽ ആമോസിനെക്കുറിച്ചു പഠിക്കുന്നതു സഹായകമായിരിക്കുന്നത്‌ എങ്ങനെ?

3 ആമോസ്‌ ഇങ്ങനെ തുറന്നു പറയുന്നു: “ഞാൻ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല [“പ്രവാചകന്റെ പുത്രനുമല്ല,” NW].” (ആമോസ്‌ 7:⁠14) അതേ, ആമോസ്‌ ഒരു പ്രവാചകപുത്രനോ പ്രവാചകനായി പരിശീലനം ലഭിച്ചവനോ ആയിരുന്നില്ല. എന്നാൽ തന്റെ വേല നിർവഹിക്കുന്നതിനായി സകല യെഹൂദാ നിവാസികളുടെ ഇടയിൽനിന്നും യഹോവ തിരഞ്ഞെടുത്തത്‌ ആമോസിനെയാണ്‌, ശക്തനായ ഒരു രാജാവിനെയോ വിദ്യാസമ്പന്നനായ ഒരു പുരോഹിതനെയോ ധനാഢ്യനായ ഒരു പ്രഭുവിനെയോ അല്ല. അത്‌ ആശ്വാസദായകമായ ഒരു പാഠം നമുക്കു നൽകുന്നു. നമുക്ക്‌ ഉന്നതവിദ്യാഭ്യാസമോ സമൂഹത്തിൽ ഉയർന്ന പദവികളോ ഇല്ലായിരിക്കാം. എന്നാൽ അതു നിമിത്തം നാം ദൈവവചനം പ്രസംഗിക്കാൻ അയോഗ്യരാണ്‌ എന്നു വിചാരിക്കേണ്ടതുണ്ടോ? ഒരിക്കലുമില്ല! തന്റെ സന്ദേശം ഘോഷിക്കുന്നതിനു നമ്മെ സജ്ജരാക്കാൻ യഹോവയ്‌ക്കു കഴിയും, വെല്ലുവിളികൾ നിറഞ്ഞ പ്രദേശങ്ങളിൽപ്പോലും. ആമോസിനുവേണ്ടി യഹോവ അതു തന്നെയാണു ചെയ്‌തത്‌. അതുകൊണ്ട്‌ ദൈവവചനം ധൈര്യത്തോടെ പ്രസംഗിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ധീരനായ ആ പ്രവാചകൻ വെച്ച മാതൃക അടുത്തു പരിശോധിക്കുന്നത്‌ പ്രബോധനാത്മകമായിരിക്കും.

4. ഇസ്രായേലിലെ പ്രവാചക ദൗത്യം ആമോസിനു വെല്ലുവിളി ഉയർത്തിയത്‌ എന്തുകൊണ്ട്‌?

4 യഹോവ ആമോസിനോടു കൽപ്പിച്ചു: “നീ ചെന്നു എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്ക.” (ആമോസ്‌ 7:⁠15) ആ നിയമനം വെല്ലുവിളി നിറഞ്ഞതായിരുന്നു. പത്തുഗോത്ര രാജ്യമായ ഇസ്രായേൽ സമാധാനവും സുരക്ഷിതത്വവും സമ്പദ്‌സമൃദ്ധിയും ആസ്വദിച്ചിരുന്ന കാലമായിരുന്നു അത്‌. പലർക്കും, വെറും ഇഷ്ടികയ്‌ക്കു പകരം വിലയേറിയ “വെട്ടുകല്ലുകൊണ്ടു” നിർമിച്ച ‘ഹേമന്തഗൃഹങ്ങളും ഗ്രീഷ്‌മഗൃഹങ്ങളും’ ഉണ്ടായിരുന്നു. ചിലർക്ക്‌ ആനക്കൊമ്പു പതിച്ച കമനീയമായ വീട്ടുപകരണങ്ങൾ ഉണ്ടായിരുന്നു, അവർ ‘മനോഹരമായ മുന്തിരിത്തോട്ടങ്ങളിൽ’ നിന്നുള്ള വീഞ്ഞ്‌ കുടിച്ചിരുന്നു. (ആമോസ്‌ 3:⁠15; 5:⁠11) തത്‌ഫലമായി പലരെയും ഒരുതരം ഉദാസീനത പിടികൂടിയിരുന്നു. വാസ്‌തവത്തിൽ ആമോസിന്റെ നിയമിത പ്രദേശം ഇന്നു നമ്മിൽ പലരും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളോടു വളരെയധികം സാമ്യമുള്ളതായിരുന്നു.

5. ചില ഇസ്രായേല്യർ അന്യായമായ എന്തെല്ലാം കാര്യങ്ങളിൽ ഏർപ്പെട്ടിരുന്നു?

5 ഇസ്രായേല്യർക്ക്‌ ഭൗതിക സമ്പത്ത്‌ ഉണ്ടായിരുന്നത്‌ അതിൽത്തന്നെ തെറ്റായിരുന്നില്ല. എന്നിരുന്നാലും, ചില ഇസ്രായേല്യർ സത്യസന്ധമല്ലാത്ത വഴികളിലൂടെ ധനം വാരിക്കൂട്ടുകയായിരുന്നു. ധനികർ “എളിയവരെ പീഡിപ്പിക്കയും ദരിദ്രന്മാരെ തകർക്കുകയും” ചെയ്‌തു. (ആമോസ്‌ 4:⁠1) പ്രബലരായ വ്യാപാരികളും ന്യായാധിപന്മാരും പുരോഹിതന്മാരും ദരിദ്രരെ കൊള്ളയടിക്കുന്നതിനുവേണ്ടി ഗൂഢാലോചന നടത്തി. നമുക്ക്‌ ആമോസിന്റെ കാലഘട്ടത്തിലേക്കു പോയി ആ മനുഷ്യർ എന്താണു ചെയ്യുന്നതെന്നു നിരീക്ഷിക്കാം.

ദൈവനിയമം ലംഘിക്കപ്പെടുന്നു

6. ഇസ്രായേലിലെ കച്ചവടക്കാർ മറ്റുള്ളവരെ ചൂഷണം ചെയ്യുന്നത്‌ എങ്ങനെ?

6 അങ്ങാടിയിലേക്കാണ്‌ നാം ആദ്യം പോകുന്നത്‌. സത്യസന്ധരല്ലാത്ത വ്യാപാരികൾ ‘ഏഫയെ കുറെക്കുകയും ശേക്കേലിനെ വലുതാക്കുകയും’ ചെയ്യുന്നു. ധാന്യമെന്ന വ്യാജേന അവർ ‘കോതമ്പിന്റെ പതിർ’ വിൽക്കുന്നു. (ആമോസ്‌ 8:⁠4, 5) അതേ, വാങ്ങാൻ വരുന്നവരെ കച്ചവടക്കാർ പലവിധങ്ങളിൽ വഞ്ചിക്കുന്നു: തൂക്കത്തിൽ വെട്ടിക്കുന്നു, കൂടുതൽ വില ഈടാക്കുന്നു, ഗുണമേന്മ തീരെ കുറഞ്ഞ സാധനങ്ങൾ കൊടുക്കുന്നു. അങ്ങനെ കച്ചവടക്കാർ ദരിദ്രരെ ചൂഷണം ചെയ്യുമ്പോൾ അവർക്ക്‌ തങ്ങളെത്തന്നെ അടിമകളായി വിൽക്കുകയല്ലാതെ വേറെ നിവൃത്തിയില്ലെന്നു വരുന്നു. തുടർന്ന്‌, വ്യാപാരികൾ “ഒരു കൂട്ടു ചെരിപ്പിന്നു” അവരെ വാങ്ങുന്നു. (ആമോസ്‌ 8:⁠4) ഒന്നു ചിന്തിച്ചു നോക്കൂ, സഹ ഇസ്രായേല്യർക്ക്‌ അത്യാഗ്രഹികളായ ആ വ്യാപാരികൾ വെറും ചെരിപ്പിന്റെ വിലയാണു കൽപ്പിക്കുന്നത്‌! എത്രയധികം അടിച്ചമർത്തലും അപമാനവുമാണ്‌ ദരിദ്രർക്കു സഹിക്കേണ്ടിവരുന്നത്‌, ദൈവവചനത്തിന്റെ എത്ര ഗുരുതരമായ ലംഘനം! എന്നിട്ടും, ആ കച്ചവടക്കാർ കൃത്യമായി ‘ശബത്ത്‌’ ആചരിക്കുന്നു. (ആമോസ്‌ 8:⁠5) അതേ, അവർ മതഭക്തരാണ്‌, പക്ഷേ എല്ലാം പുറംപൂച്ചു മാത്രം!

7. ഇസ്രായേലിലെ കച്ചവടക്കാർക്കു ദൈവനിയമം ലംഘിക്കാൻ സാധിക്കുന്നത്‌ എന്തുകൊണ്ട്‌?

7 എന്നാൽ, “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം” എന്നു കൽപ്പിക്കുന്ന ദൈവനിയമം പരസ്യമായി ലംഘിച്ചിട്ടും ഈ വ്യാപാരികൾ ശിക്ഷിക്കപ്പെടാതെ പോകുന്നത്‌ എന്തുകൊണ്ട്‌? (ലേവ്യപുസ്‌തകം 19:⁠18) നിയമം നടപ്പാക്കേണ്ട ന്യായാധിപന്മാർതന്നെ ഈ കുറ്റകൃത്യങ്ങളിൽ അവരുടെ കൂട്ടാളികളാണ്‌ എന്നതാണ്‌ അതിനുള്ള കാരണം. നീതിന്യായ കേസുകൾ കൈകാര്യം ചെയ്യുന്ന നഗര വാതിൽക്കൽ ന്യായാധിപന്മാർ “കൈക്കൂലി വാങ്ങുകയും . . . ദരിദ്രന്മാരുടെ ന്യായം മറിച്ചുകളകയും” ചെയ്യുന്നു. ദരിദ്രരെ സംരക്ഷിക്കുന്നതിനു പകരം ന്യായാധിപന്മാർ കൈക്കൂലി വാങ്ങി അവരെ ചതിക്കുന്നു. (ആമോസ്‌ 5:⁠10, 12) അങ്ങനെ ന്യായാധിപന്മാരും ദൈവവചനത്തെ അവഗണിക്കുന്നു.

8. ഏതുതരം നടത്തയ്‌ക്കു നേരെയാണ്‌ ദുഷ്ട പുരോഹിതന്മാർ കണ്ണടയ്‌ക്കുന്നത്‌?

8 ഈ സമയം, ഇസ്രായേലിലെ പുരോഹിതന്മാർ എന്തു ചെയ്യുകയാണ്‌? അതു കണ്ടുപിടിക്കാൻ മറ്റൊരു സ്ഥലത്തേക്കു ശ്രദ്ധ തിരിക്കേണ്ടിയിരിക്കുന്നു. പുരോഹിതന്മാർ “തങ്ങളുടെ ദൈവത്തിന്റെ [ദൈവങ്ങളുടെ] ആലയത്തിൽ” എന്തൊക്കെയാണ്‌ അനുവദിച്ചിരിക്കുന്നതെന്നു നോക്കൂ! ആമോസിലൂടെ ദൈവം പറയുന്നു: “എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കുവാൻ തക്കവണ്ണം ഒരു പുരുഷനും അവന്റെ അപ്പനും ഒരേ യുവതിയുടെ അടുക്കൽ ചെല്ലുന്നു.” (ആമോസ്‌ 2:⁠7, 8) അതൊന്നു സങ്കൽപ്പിക്കൂ! ഒരു ഇസ്രായേല്യനും അവന്റെ പുത്രനും ഒരേ ക്ഷേത്ര വേശ്യയുമായി ലൈംഗിക അധാർമികതയിൽ ഏർപ്പെടുന്നു. അത്തരം അധാർമികതയ്‌ക്കു നേരെ ആ ദുഷ്ട പുരോഹിതന്മാർ കണ്ണടയ്‌ക്കുന്നു!​—⁠ലേവ്യപുസ്‌തകം 19:⁠29; ആവർത്തനപുസ്‌തകം 5:⁠18; 23:⁠17.

9, 10. ദൈവനിയമത്തിന്റെ ഏതെല്ലാം ലംഘനങ്ങൾ സംബന്ധിച്ച്‌ ഇസ്രായേല്യർ കുറ്റക്കാരായിരുന്നു, നമ്മുടെ നാളിൽ ഇതിന്‌ എന്തു സമാന്തരമുണ്ട്‌?

9 പാപപൂർണമായ മറ്റു പ്രവൃത്തികളെ പരാമർശിച്ചുകൊണ്ട്‌ യഹോവ പറഞ്ഞു: “അവർ ഏതു ബലിപീഠത്തിന്നരികത്തും പണയം വാങ്ങിയ വസ്‌ത്രം വിരിച്ചു കിടന്നുറങ്ങുകയും പിഴ അടെച്ചവരുടെ വീഞ്ഞു തങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽവെച്ചു കുടിക്കയും ചെയ്യുന്നു.” (ആമോസ്‌ 2:⁠8) വസ്‌ത്രം പണയം വാങ്ങിയാൽ സൂര്യൻ അസ്‌തമിക്കുംമുമ്പെ മടക്കിക്കൊടുക്കണം എന്ന പുറപ്പാടു 22:⁠26, 27-ൽ രേഖപ്പെടുത്തിയിരിക്കുന്ന നിയമം പുരോഹിതന്മാരും ജനത്തിൽ ഭൂരിഭാഗവും അവഗണിക്കുന്നു. പകരം, വ്യാജദൈവങ്ങൾക്കു മുമ്പിൽ വിരുന്നുകഴിക്കുകയും വീഞ്ഞു കുടിക്കുകയും ചെയ്യുമ്പോൾ ചാഞ്ഞുകിടക്കാനായി അവർ ആ വസ്‌ത്രങ്ങൾ വിരിക്കുന്നു. കൂടാതെ അവർ, ദരിദ്രരിൽനിന്നു പിഴയായി പിരിച്ചെടുത്ത പണംകൊണ്ട്‌ വ്യാജമതത്തിന്റെ ഉത്സവങ്ങളിൽ കുടിക്കുന്നതിനു വീഞ്ഞു വാങ്ങുന്നു. നിർമലാരാധനയുടെ പാതയിൽനിന്ന്‌ അവർ എത്രയധികം വ്യതിചലിച്ചു പോയിരിക്കുന്നു!

10 ഇസ്രായേല്യർ, യഹോവയെയും സഹമനുഷ്യനെയും സ്‌നേഹിക്കുക എന്ന, ന്യായപ്രമാണത്തിലെ ഏറ്റവും വലിയ രണ്ടു കൽപ്പനകൾ നിർലജ്ജം ലംഘിക്കുകയായിരുന്നു. അതുകൊണ്ട്‌ അവരുടെ അവിശ്വസ്‌തതയെ കുറ്റംവിധിക്കാൻ യഹോവ ആമോസിനെ അയയ്‌ക്കുന്നു. ഇന്ന്‌, ക്രൈസ്‌തവലോകത്തിനു മേൽക്കോയ്‌മ ഉള്ളവ ഉൾപ്പെടെയുള്ള ലോക രാഷ്‌ട്രങ്ങൾ, പുരാതന ഇസ്രായേലിന്റെ അധഃപതിച്ച അവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. ചില ആളുകൾ അഭിവൃദ്ധി പ്രാപിക്കുമ്പോൾ, മറ്റനേകർ സത്യസന്ധരല്ലാത്ത വ്യവസായ പ്രമുഖരുടെയും രാഷ്‌ട്രീയ-വ്യാജമത നേതാക്കളുടെയും ധാർമികതയ്‌ക്കു നിരക്കാത്ത പ്രവർത്തനങ്ങളാൽ സാമ്പത്തികമായി തകരുകയും വൈകാരികമായി ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ യഹോവ യാതന അനുഭവിക്കുന്നവരുടെയും തന്നെ അന്വേഷിക്കുന്നവരുടെയും കാര്യത്തിൽ തത്‌പരനാണ്‌. തന്നിമിത്തം, ആമോസിന്റേതുപോലുള്ള ഒരു വേല​—⁠തന്റെ വചനം സധൈര്യം ഘോഷിക്കാനുള്ള നിയോഗം​—⁠ഇന്നത്തെ തന്റെ ദാസന്മാരെ അവൻ ഭരമേൽപ്പിച്ചിരിക്കുന്നു.

11. ആമോസിന്റെ ദൃഷ്ടാന്തത്തിൽനിന്നു നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

11 നമ്മുടെയും ആമോസിന്റെയും വേല തമ്മിൽ സമാനതകൾ ഉള്ളതിനാൽ അവന്റെ ദൃഷ്ടാന്തം പരിചിന്തിക്കുന്നതിൽനിന്ന്‌ നമുക്കു വളരെയധികം പ്രയോജനം നേടാൻ കഴിയും. വാസ്‌തവത്തിൽ (1) നാം പ്രസംഗിക്കേണ്ട സന്ദേശം, (2) പ്രസംഗിക്കേണ്ട വിധം, (3) നമ്മുടെ പ്രസംഗവേല തടയാൻ എതിരാളികൾക്ക്‌ സാധിക്കാത്തതിന്റെ കാരണം എന്നീ സംഗതികൾ ആമോസ്‌ നമുക്കു കാണിച്ചുതരുന്നു. ഈ കാര്യങ്ങൾ ഒന്നൊന്നായി നമുക്കു പരിശോധിക്കാം.

നമുക്ക്‌ ആമോസിനെ അനുകരിക്കാൻ കഴിയുന്ന വിധം

12, 13. യഹോവ ഇസ്രായേല്യരോടുള്ള തന്റെ അപ്രീതി പ്രകടമാക്കിയത്‌ എങ്ങനെ, അവർ എങ്ങനെ പ്രതികരിച്ചു?

12 യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ, നമ്മുടെ ക്രിസ്‌തീയ ശുശ്രൂഷ കേന്ദ്രീകരിച്ചിരിക്കുന്നത്‌ രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയിൽ ആണ്‌. (മത്തായി 28:⁠19, 20; മർക്കൊസ്‌ 13:⁠10) എന്നിരുന്നാലും, നാം ദൈവത്തിന്റെ മുന്നറിയിപ്പുകളിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു​—⁠ദുഷ്ടന്മാരുടെമേൽ യഹോവ പ്രതികൂല ന്യായവിധി നടപ്പാക്കും എന്ന്‌ ആമോസ്‌ പ്രഖ്യാപിച്ചതുപോലെ തന്നെ. ഉദാഹരണത്തിന്‌ യഹോവ, ഇസ്രായേലിനോടുള്ള തന്റെ അപ്രീതി ആവർത്തിച്ച്‌ പ്രകടിപ്പിച്ചു എന്ന്‌ ആമോസ്‌ 4:⁠6-11 കാണിക്കുന്നു. അവൻ ജനത്തിന്‌ “അപ്പത്തിന്റെ കുറവു” വരുത്തുകയും, ‘മഴ മുടക്കിക്കളയുകയും’ അവരെ ‘വിഷമഞ്ഞുകൊണ്ടു ശിക്ഷിക്കുകയും’ അവരുടെ ഇടയിലേക്ക്‌ “മഹാമാരി” അയയ്‌ക്കുകയും ചെയ്‌തു. ഈ സംഭവങ്ങൾ ഇസ്രായേല്യരെ അനുതാപത്തിലേക്കു നയിച്ചോ? “നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല” എന്ന്‌ യഹോവ പറയുന്നു. വാസ്‌തവത്തിൽ അവർ അവനെ ആവർത്തിച്ചു തിരസ്‌കരിച്ചു.

13 അനുതാപമില്ലാത്ത ഇസ്രായേല്യരെ യഹോവ ശിക്ഷിച്ചു. എന്നിരുന്നാലും, അവർക്ക്‌ ആദ്യം ഒരു പ്രാവചനിക മുന്നറിയിപ്പു ലഭിച്ചു. ഇതിനോടുള്ള ചേർച്ചയിൽ യഹോവ ഇങ്ങനെ പ്രഖ്യാപിച്ചു: “യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്‌കയില്ല.” (ആമോസ്‌ 3:⁠7) നോഹയുടെ നാളിൽ, പ്രളയം വരാൻ പോകുന്നു എന്ന്‌ യഹോവ അവനു വെളിപ്പെടുത്തുകയും മുന്നറിയിപ്പു മുഴക്കാൻ അവനോട്‌ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. സമാനമായി, ഒരു അന്തിമ മുന്നറിയിപ്പു മുഴക്കാൻ യഹോവ ആമോസിനോടും ആവശ്യപ്പെട്ടു. സങ്കടകരമെന്നു പറയട്ടെ, ഇസ്രായേൽ ആ ദിവ്യ മുന്നറിയിപ്പ്‌ അവഗണിക്കുകയും ശരിയായ നടപടി സ്വീകരിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്‌തു.

14. ആമോസിന്റെയും നമ്മുടെയും നാളുകൾ തമ്മിൽ എന്തു സമാനതകളാണ്‌ ഉള്ളത്‌?

14 ആമോസിന്റെയും നമ്മുടെയും നാളുകൾ തമ്മിൽ ശ്രദ്ധേയമായ ചില സമാനതകൾ ഉണ്ട്‌ എന്നതിനോടു നിങ്ങൾ യോജിക്കും എന്നതിൽ സംശയമില്ല. അന്ത്യകാലത്ത്‌ നിരവധി വിപത്തുകൾ സംഭവിക്കും എന്ന്‌ യേശുക്രിസ്‌തു മുന്നറിയിപ്പു നൽകി. ഒരു ലോകവ്യാപക പ്രസംഗവേലയെക്കുറിച്ചും അവൻ മുൻകൂട്ടി പറഞ്ഞു. (മത്തായി 24:⁠3-14) എന്നാൽ ആമോസിന്റെ കാലത്തേതുപോലെതന്നെ, അന്ത്യകാലത്തിന്റെ അടയാളങ്ങളെയും രാജ്യസന്ദേശത്തെയും ഇന്നു മിക്കവരും അവഗണിക്കുന്നു. അനുതാപമില്ലാതിരുന്ന ഇസ്രായേല്യർക്കു സംഭവിച്ചത്‌ എന്താണോ അതുതന്നെയാണ്‌ അത്തരം ആളുകൾക്കും സംഭവിക്കാൻ പോകുന്നത്‌. യഹോവ ഇസ്രായേല്യർക്ക്‌ ഇങ്ങനെ മുന്നറിയിപ്പു നൽകിയിരുന്നു: “നിന്റെ ദൈവത്തെ എതിരേല്‌പാൻ ഒരുങ്ങിക്കൊൾക.” (ആമോസ്‌ 4:⁠12) അസീറിയൻ സൈന്യം ഇസ്രായേല്യരെ കീഴടക്കിയപ്പോൾ ദൈവത്തിന്റെ പ്രതികൂല ന്യായവിധി ഏറ്റുവാങ്ങിക്കൊണ്ട്‌ അവർ യഹോവയെ എതിരേൽക്കുകതന്നെ ചെയ്‌തു. ഇന്നത്തെ ദുഷിച്ച ലോകം അർമഗെദോനിൽ ‘ദൈവത്തെ എതിരേൽക്കേണ്ടിവരും.’ (വെളിപ്പാടു 16:⁠14, 16) എന്നാൽ, യഹോവയുടെ സഹിഷ്‌ണുത തുടരുന്നിടത്തോളം കാലം, സാധ്യമായത്രയും ആളുകളെ നാം ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു യഹോവയെ അന്വേഷിപ്പിൻ.”​—⁠ആമോസ്‌ 5:⁠6.

ആമോസ്‌ ചെയ്‌തതുപോലെ എതിർപ്പുകളെ നേരിടൽ

15-17. (എ) അമസ്യാവ്‌ ആരായിരുന്നു, ആമോസിന്റെ പ്രഖ്യാപനങ്ങളോട്‌ അവൻ എങ്ങനെ പ്രതികരിച്ചു? (ബി) ആമോസിനെതിരെ എന്തെല്ലാം ആരോപണങ്ങളാണ്‌ അമസ്യാവ്‌ ഉന്നയിച്ചത്‌?

15 എന്തു പ്രസംഗിക്കണം എന്ന സംഗതിയിൽ മാത്രമല്ല എങ്ങനെ പ്രസംഗിക്കണം എന്ന കാര്യത്തിലും നമുക്ക്‌ ആമോസിനെ അനുകരിക്കാൻ കഴിയും. ഏഴാം അധ്യായം ആ വസ്‌തുത എടുത്തു കാണിക്കുന്നു, നമ്മുടെ ചർച്ചയുടെ പ്രാരംഭത്തിൽ പരാമർശിച്ച പുരോഹിതനെ നാം കണ്ടുമുട്ടുന്നത്‌ ഇവിടെയാണ്‌. “ബേഥേലിലെ പുരോഹിതനായ അമസ്യാവ്‌” ആണ്‌ അവൻ. (ആമോസ്‌ 7:⁠10) ഇസ്രായേലിലെ വ്യാജാരാധനയുടെ ഒരു കേന്ദ്രമായിരുന്നു ബേഥേൽ, വിശ്വാസത്യാഗികൾ അവിടെ കാളക്കുട്ടിയെ ആരാധിച്ചുപോന്നു. അത്തരം ആരാധന നടന്നിരുന്ന ഒരു ദേശീയ മതത്തിന്റെ പുരോഹിതനായിരുന്നു അമസ്യാവ്‌. ആമോസിന്റെ സുധീരമായ പ്രഖ്യാപനങ്ങളോട്‌ അമസ്യാവ്‌ എങ്ങനെയാണു പ്രതികരിച്ചത്‌?

16 അമസ്യാവ്‌ ആമോസിനോടു പറയുന്നു: “എടോ ദർശകാ, യെഹൂദാദേശത്തിലേക്കു ഓടിപ്പൊയ്‌ക്കൊൾക; അവിടെ പ്രവചിച്ചു അഹോവൃത്തി കഴിച്ചുകൊൾക. ബേഥേലിലോ ഇനി പ്രവചിക്കരുതു; അതു രാജാവിന്റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ.” (ആമോസ്‌ 7:⁠12, 13) ഫലത്തിൽ അമസ്യാവ്‌ പറഞ്ഞത്‌ ഇതാണ്‌: ‘താൻ തിരിച്ച്‌ വീട്ടിൽ പോകുന്നതാണു നല്ലത്‌! ഞങ്ങൾക്ക്‌ ഞങ്ങളുടെ മതമുണ്ട്‌.’ ആമോസിന്റെ പ്രവർത്തനങ്ങളെ നിരോധിക്കാൻ ഭരണകൂടത്തെ പ്രേരിപ്പിക്കാനും അമസ്യാവ്‌ ശ്രമിച്ചു. അവൻ യൊരോബെയാം രണ്ടാമൻ രാജാവിനോട്‌ ഇങ്ങനെ പറഞ്ഞു: “ആമോസ്‌ യിസ്രായേൽഗൃഹത്തിന്റെ മദ്ധ്യേ നിനക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു.” (ആമോസ്‌ 7:⁠10) അങ്ങനെ അമസ്യാവ്‌ ആമോസിന്റെമേൽ രാജദ്രോഹക്കുറ്റം ചുമത്തുന്നു. അമസ്യാവ്‌ രാജാവിനോട്‌ ഇങ്ങനെ പറഞ്ഞു: “യൊരോബെയാം വാൾകൊണ്ടു മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും എന്നിങ്ങനെ ആമോസ്‌ പറയുന്നു.”​—⁠ആമോസ്‌ 7:⁠11.

17 അമസ്യാവ്‌ പറഞ്ഞ ഈ ഒരൊറ്റ വാചകത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന മൂന്നു പ്രസ്‌താവനകൾ അടങ്ങിയിട്ടുണ്ട്‌. “യൊരോബെയാം വാൾകൊണ്ടു മരിക്കും” എന്ന്‌ ആമോസ്‌ പറഞ്ഞതായി ആരോപിക്കപ്പെട്ടു. എന്നാൽ, ആമോസ്‌ 7:⁠9-ൽ കാണാവുന്നതുപോലെ ആമോസ്‌ പ്രവചിച്ചത്‌ ഇങ്ങനെയായിരുന്നു: ‘ഞാൻ [യഹോവ] യൊരോബെയാംഗൃഹത്തോടു വാളുമായി എതിർത്തുനില്‌ക്കും.’ ഈ ദുരന്തം യൊരോബെയാമിന്റെ “ഗൃഹ”ത്തിന്മേൽ അഥവാ പിൻതലമുറക്കാരുടെമേൽ വരുമെന്നാണ്‌ ദൈവം മുൻകൂട്ടിപ്പറഞ്ഞത്‌. “യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും” എന്ന്‌ ആമോസ്‌ പറഞ്ഞതായും അമസ്യാവ്‌ ആരോപിച്ചു. എന്നാൽ ദൈവത്തിലേക്കു തിരിയുന്ന ഏതൊരു ഇസ്രായേല്യനും അനുഗ്രഹങ്ങൾ പ്രാപിക്കും എന്നും ആമോസ്‌ പ്രവചിച്ചിരുന്നു. കൂടുതലായി, “എന്നിങ്ങനെ ആമോസ്‌ പറയുന്നു” എന്ന്‌ അമസ്യാവ്‌ പറഞ്ഞു. എന്നാൽ പ്രവചനങ്ങളുടെ ഉറവ്‌ താനാണെന്ന്‌ ആമോസ്‌ ഒരിക്കലും അവകാശപ്പെട്ടില്ല. പകരം, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്നാണ്‌ ആമോസ്‌ എല്ലായ്‌പോഴും പ്രസ്‌താവിച്ചിരുന്നത്‌. (ആമോസ്‌ 1:⁠3) വ്യക്തമായും, ആമോസിന്റെ പ്രസംഗവേലയുടെമേൽ ഒരു ഔദ്യോഗിക വിലക്കു നേടിയെടുക്കുന്നതിന്‌ വികലമാക്കിയ അർധസത്യങ്ങളാണ്‌ അമസ്യാവ്‌ ഉപയോഗിച്ചത്‌.

18. അമസ്യാവിന്റെയും ഇന്നത്തെ പുരോഹിതന്മാരുടെയും പ്രവർത്തന രീതികൾ തമ്മിൽ എന്തൊക്കെ സാമ്യങ്ങളാണ്‌ ഉള്ളത്‌?

18 അമസ്യാവിന്റെ തന്ത്രങ്ങളും യഹോവയുടെ ജനത്തിന്റെ ഇന്നത്തെ എതിരാളികൾ ഉപയോഗിക്കുന്ന തന്ത്രങ്ങളും തമ്മിൽ സാമ്യമുള്ളതായി നിങ്ങൾ നിരീക്ഷിച്ചോ? അമസ്യാവ്‌ ആമോസിനെ നിശ്ശബ്ദനാക്കാൻ ശ്രമിച്ചതുപോലെ ഇന്നത്തെ ചില വൈദികരും മെത്രാന്മാരും പാത്രിയാർക്കീസുമാരുമൊക്കെ ദൈവദാസന്മാരുടെ പ്രസംഗവേലയ്‌ക്കു തടയിടാൻ കരുക്കൾ നീക്കുന്നു. അമസ്യാവ്‌ വ്യാജമായി ആമോസിന്റെമേൽ രാജദ്രോഹക്കുറ്റം ചുമത്തി. സമാനമായി ഇന്ന്‌, യഹോവയുടെ സാക്ഷികൾ ദേശീയ സുരക്ഷയ്‌ക്ക്‌ ഒരു ഭീഷണിയാണ്‌ എന്ന്‌ ചില വൈദികർ വ്യാജാരോപണം ഉയർത്തുന്നു. ആമോസിനെ നിശ്ശബ്ദനാക്കാൻ അമസ്യാവ്‌ രാജാവിന്റെ സഹായം തേടിയതുപോലെ ഇന്ന്‌ യഹോവയുടെ സാക്ഷികളെ പീഡിപ്പിക്കാൻ വൈദികർ മിക്കപ്പോഴും തങ്ങളുടെ രാഷ്‌ട്രീയ സഖ്യകക്ഷികളുടെ സഹായം തേടുന്നു.

നമ്മുടെ പ്രസംഗവേല തടയാൻ എതിരാളികൾക്കാവില്ല

19, 20. അമസ്യാവിന്റെ എതിർപ്പിനോട്‌ ആമോസ്‌ പ്രതികരിച്ചത്‌ എങ്ങനെ?

19 അമസ്യാവിന്റെ എതിർപ്പിനോടുള്ള ആമോസിന്റെ പ്രതികരണം എന്തായിരുന്നു? അവൻ പുരോഹിതനോട്‌ ഇങ്ങനെ പറയുന്നു: “യിസ്രായേലിനെക്കുറിച്ചു പ്രവചിക്കരുതു . . . എന്നു നീ പറയുന്നുവല്ലോ.” തുടർന്ന്‌, അമസ്യാവ്‌ കേൾക്കാൻ ഒട്ടും ഇഷ്ടപ്പെടാതിരുന്ന വാക്കുകൾതന്നെ യാതൊരു സന്ദേഹവും കൂടാതെ ദൈവത്തിന്റെ ധീര പ്രവാചകൻ ഉച്ചരിക്കുന്നു. (ആമോസ്‌ 7:⁠16, 17) ആമോസ്‌ ഭയന്നു പിന്മാറിയില്ല. നമുക്ക്‌ അനുകരിക്കാൻ പറ്റിയ എത്ര നല്ല മാതൃക! ആധുനികകാല അമസ്യാവുമാർ കൊടിയ പീഡനം ഇളക്കിവിടുന്ന രാജ്യങ്ങളിൽപ്പോലും, ദൈവവചനം പ്രസംഗിക്കുന്ന കാര്യത്തിൽ നാം ദൈവത്തെ അനുസരിക്കാതിരിക്കുകയില്ല. ആമോസിനെപ്പോലെ നാം തുടർന്നും “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്നു ഘോഷിച്ചുകൊണ്ടിരിക്കും. നമ്മുടെ പ്രസംഗപ്രവർത്തനം തടയാൻ എതിരാളികൾക്ക്‌ ഒരിക്കലും കഴിയുകയില്ല, എന്തുകൊണ്ടെന്നാൽ “കർത്താവിന്റെ [യഹോവയുടെ] കൈ” നമ്മോടു കൂടെയുണ്ട്‌.​—⁠പ്രവൃത്തികൾ 11:⁠19-21.

20 തന്റെ ഭീഷണികൾ ഒന്നും വിലപ്പോവില്ലെന്ന്‌ അമസ്യാവ്‌ അറിയേണ്ടിയിരുന്നു. പ്രസംഗിക്കുന്നതിൽനിന്ന്‌ ആമോസിനെ തടയാൻ ഭൂമിയിൽ ആർക്കും സാധിക്കുകയില്ലാത്തതിന്റെ കാരണം അവൻ നേരത്തേതന്നെ വിശദീകരിച്ചിരുന്നു​—⁠അതാണ്‌ നാം പരിചിന്തിക്കുന്ന മൂന്നാമത്തെ സംഗതി. ആമോസ്‌ 3:⁠3-8-ൽ, കാരണം കൂടാതെ ഒന്നും സംഭവിക്കുന്നില്ല എന്നു വ്യക്തമാക്കാൻ ആമോസ്‌ ഒരുകൂട്ടം ചോദ്യങ്ങളും ദൃഷ്ടാന്തങ്ങളും ഉപയോഗിക്കുന്നു. പിന്നീട്‌ അവൻ അതിന്റെ പ്രയുക്തത വ്യക്തമാക്കുന്നു: “സിംഹം ഗർജ്ജിച്ചിരിക്കുന്നു; ആർ ഭയപ്പെടാതിരിക്കും? യഹോവയായ കർത്താവു അരുളിച്ചെയ്‌തിരിക്കുന്നു; ആർ പ്രവചിക്കാതിരിക്കും?” മറ്റു വാക്കുകളിൽ പറഞ്ഞാൽ ആമോസ്‌ തന്റെ ശ്രോതാക്കളോട്‌ ഇങ്ങനെ പറയുകയാണ്‌: ‘സിംഹഗർജനം കേൾക്കുമ്പോൾ പേടിക്കാതിരിക്കാൻ നിങ്ങൾക്കു കഴിയാത്തതുപോലെ, പ്രസംഗിക്കാനുള്ള യഹോവയുടെ കൽപ്പന കേട്ടിരിക്കുന്നതിനാൽ ദൈവവചനം പ്രസംഗിക്കുന്നതിൽനിന്നു പിന്മാറിനിൽക്കാൻ എനിക്കും സാധ്യമല്ല.’ ദൈവഭയം അഥവാ യഹോവയോടുള്ള ആഴമായ ഭക്തി, സുധീരം സംസാരിക്കുന്നതിന്‌ ആമോസിന്‌ ശക്തമായ പ്രചോദനമേകി.

21. സുവാർത്ത പ്രസംഗിക്കാനുള്ള ദൈവകൽപ്പനയോടു നാം എങ്ങനെ പ്രതികരിക്കുന്നു?

21 നാമും പ്രസംഗിക്കാനുള്ള യഹോവയുടെ കൽപ്പന കേൾക്കുന്നു. അതിനോടു നാം എങ്ങനെയാണു പ്രതികരിക്കുന്നത്‌? ആമോസിനെയും യേശുവിന്റെ ആദിമ അനുഗാമികളെയും പോലെ, യഹോവയുടെ സഹായത്താൽ നാം അവന്റെ വചനം ധൈര്യത്തോടെ ഘോഷിക്കുന്നു. (പ്രവൃത്തികൾ 4:⁠23-31) എതിരാളികൾ ഇളക്കിവിടുന്ന പീഡനമോ ശ്രോതാക്കളുടെ പക്ഷത്തെ ഉദാസീനതയോ ഒന്നും നമ്മെ നിശ്ശബ്ദരാക്കുകയില്ല. ആമോസിന്റേതുപോലുള്ള തീക്ഷ്‌ണത പ്രകടമാക്കിക്കൊണ്ട്‌, ഗോളവ്യാപകമായി സുധീരം സുവാർത്ത പ്രഖ്യാപിക്കുന്നതിൽ തുടരാൻ യഹോവയുടെ സാക്ഷികൾ പ്രചോദിതരായിരിക്കുന്നു. ആസന്നമായ, യഹോവയുടെ ന്യായവിധിയെ കുറിച്ച്‌ ആളുകൾക്ക്‌ മുന്നറിയിപ്പു കൊടുക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്‌. ആ ന്യായവിധിയിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌? ആ ചോദ്യത്തിനുള്ള ഉത്തരം അടുത്ത ലേഖനത്തിൽ ലഭിക്കുന്നതായിരിക്കും.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• ആമോസ്‌ തന്റെ ദൈവദത്ത ദൗത്യം നിറവേറ്റിയത്‌ ഏതു സാഹചര്യത്തിന്മധ്യേ ആയിരുന്നു?

• ആമോസിനെപ്പോലെ നാം എന്തു പ്രസംഗിക്കണം?

• ഏതു മനോഭാവത്തോടെയാണു നാം പ്രസംഗിക്കേണ്ടത്‌?

• നമ്മുടെ സാക്ഷ്യവേല തടയാൻ എതിരാളികൾക്കു കഴിയാത്തത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[10-ാം പേജിലെ ചിത്രം]

അത്തിക്കായ്‌കൾ തുളച്ചിരുന്നവനായ ആമോസിനെ ദൈവം തന്റെ വേലയ്‌ക്കായി തിരഞ്ഞെടുത്തു

[13-ാം പേജിലെ ചിത്രങ്ങൾ]

ആമോസിനെപ്പോലെ, നിങ്ങൾ ദൈവത്തിന്റെ സന്ദേശം ധൈര്യത്തോടെ ഘോഷിക്കുന്നുണ്ടോ?