വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിർമലതയുടെ പാതയിൽ നടക്കുവിൻ

നിർമലതയുടെ പാതയിൽ നടക്കുവിൻ

നിർമലതയുടെ പാതയിൽ നടക്കുവിൻ

“ഞാനോ, എന്റെ നിർമലതയിൽ നടക്കും.”​—⁠സങ്കീർത്തനം 26:⁠11, NW.

1, 2. (എ) ദൈവത്തിന്റെ പരമാധികാരം സംബന്ധിച്ച വിവാദവിഷയത്തിൽ മനുഷ്യന്റെ നിർമലത ഒരു സുപ്രധാന ഘടകം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) തങ്ങൾ യഹോവയുടെ പരമാധികാരത്തിന്റെ പക്ഷത്താണെന്ന്‌ ബുദ്ധിശക്തിയുള്ള സൃഷ്ടികൾക്കു പ്രകടമാക്കാൻ കഴിയുന്നത്‌ എങ്ങനെ?

ഏദെൻ തോട്ടത്തിൽവെച്ച്‌ ദൈവത്തോടു മത്സരിച്ചപ്പോൾ സാത്താൻ ഒരു സാർവത്രിക വിവാദവിഷയത്തിനു തിരികൊളുത്തി. ദൈവം തന്റെ സൃഷ്ടികളുടെയെല്ലാംമേൽ പരമാധികാരം പ്രയോഗിക്കുന്നതിന്റെ ഔചിത്യത്തെ അവൻ ചോദ്യംചെയ്‌തു. കുറച്ചു കാലത്തിനുശേഷം, മനുഷ്യർ സ്വാർഥ നേട്ടങ്ങൾക്കുവേണ്ടി മാത്രമേ ദൈവത്തെ സേവിക്കൂ എന്നും അവൻ ആരോപിച്ചു. (ഇയ്യോബ്‌ 1:⁠9-11; 2:⁠4) അങ്ങനെ മനുഷ്യന്റെ നിർമലത യഹോവയുടെ സാർവത്രിക പരമാധികാരം സംബന്ധിച്ച വിവാദവിഷയത്തിന്റെ ഒരു സുപ്രധാന ഘടകം ആയിത്തീർന്നു.

2 ദൈവത്തിന്റെ പരമാധികാരം അവന്റെ സൃഷ്ടികളുടെ നിർമലതയെ ആശ്രയിച്ചിരിക്കുന്നില്ല. എന്നാൽ മനുഷ്യർക്കും ദൈവത്തിന്റെ ആത്മപുത്രന്മാർക്കും ഈ പ്രശ്‌നത്തിൽ തങ്ങളുടെ നിലപാടു വ്യക്തമാക്കാൻ കഴിയും. എങ്ങനെ? നിർമലതയുടെ പാത തിരഞ്ഞെടുത്തുകൊണ്ട്‌ അല്ലെങ്കിൽ അങ്ങനെ ചെയ്യാതിരുന്നുകൊണ്ട്‌. അതുകൊണ്ട്‌ ഒരു വ്യക്തിയുടെ നിർമലത, ആ വ്യക്തിയെ ന്യായംവിധിക്കുന്നതിനുള്ള ഉറച്ച അടിസ്ഥാനമാണ്‌.

3. (എ) യഹോവ എന്തു പരിശോധിക്കാനും ന്യായംവിധിക്കാനുമാണ്‌ ഇയ്യോബും ദാവീദും ആഗ്രഹിച്ചത്‌? (ബി) നിർമലതയെക്കുറിച്ച്‌ ഏതെല്ലാം ചോദ്യങ്ങൾ ഉയർന്നുവരുന്നു?

3 ആത്മവിശ്വാസത്തോടെ ഇയ്യോബ്‌ പറഞ്ഞു: “ദൈവം എന്റെ പരമാർത്ഥത [അല്ലെങ്കിൽ നിർമലത] അറിയേണ്ടതിന്നു ഒത്ത ത്രാസിൽ എന്നെ തൂക്കിനോക്കുമാറാകട്ടെ.” (ഇയ്യോബ്‌ 31:⁠6) പിൻവരുന്നപ്രകാരം പ്രാർഥിച്ചപ്പോൾ തന്റെ നിർമലത പരിശോധിക്കാനാണ്‌ പുരാതന ഇസ്രായേലിൽ രാജാവായിരുന്ന ദാവീദും യഹോവയോടു പറഞ്ഞത്‌: “യഹോവേ, എനിക്കു ന്യായം പാലിച്ചു തരേണമേ: [“എന്നെ ന്യായം വിധിക്കേണമേ,” NW] ഞാൻ എന്റെ നിഷ്‌കളങ്കതയിൽ [അഥവാ നിർമലതയിൽ] നടക്കുന്നു; ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.” (സങ്കീർത്തനം 26:⁠1) നാമും നിർമലതയിൽ നടക്കേണ്ടത്‌ എത്ര മർമപ്രധാനമാണ്‌! എന്നാൽ എന്താണു നിർമലത? അതിന്റെ പാതയിൽ നടക്കുക എന്നതിന്റെ അർഥമെന്ത്‌? നിർമലതയുടെ ഗതിയിൽ തുടരാൻ നമ്മെ എന്തു സഹായിക്കും?

‘ഞാൻ എന്റെ നിഷ്‌കളങ്കതയിൽ [അഥവാ നിർമലതയിൽ] നടന്നിരിക്കുന്നു’

4. എന്താണു നിർമലത?

4 നിർമലതയിൽ നേര്‌, നിഷ്‌കളങ്കത, നീതിനിഷ്‌ഠത, കുറ്റമില്ലായ്‌മ എന്നീ ആശയങ്ങൾ ഉൾപ്പെടുന്നു. എന്നിരുന്നാലും കേവലം ശരിയായതു ചെയ്യുന്നതിലും അധികമാണ്‌ നിർമലത. അത്‌ പിഴവറ്റ ധാർമികത അഥവാ ദൈവത്തോടുള്ള ഹൃദയംഗമമായ ഭക്തിയുടെ തികവ്‌ ആണ്‌. ദൈവത്തോട്‌ ഇങ്ങനെ പറഞ്ഞപ്പോൾ സാത്താൻ ഇയ്യോബിന്റെ ആന്തരത്തെ ചോദ്യം ചെയ്‌തു: “നിന്റെ കൈ നീട്ടി അവന്റെ [ഇയ്യോബിന്റെ] അസ്ഥിയും മാംസവും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും.” (ഇയ്യോബ്‌ 2:⁠5) നിർമലത, ഉചിതമായ പ്രവൃത്തിയോടൊപ്പം ശരിയായ ഹൃദയ പ്രേരണയും ആവശ്യപ്പെടുന്നു.

5. നിർമലത പാലിക്കുന്നതിനു നാം പൂർണരായിരിക്കേണ്ടതില്ലെന്ന്‌ എന്തു കാണിക്കുന്നു?

5 എന്നിരുന്നാലും നിർമലത പാലിക്കുന്നതിനു പൂർണതയുടെ ആവശ്യമില്ല. ദാവീദ്‌ രാജാവ്‌ അപൂർണനായിരുന്നു, ഗൗരവതരമായ അനവധി തെറ്റുകൾ അവൻ ചെയ്‌തിട്ടുമുണ്ട്‌. എന്നിട്ടും ബൈബിൾ അവനെ ‘ഹൃദയനിർമ്മലതയോടെ’ നടന്ന മനുഷ്യൻ എന്നാണു വിശേഷിപ്പിക്കുന്നത്‌. (1 രാജാക്കന്മാർ 9:⁠4) എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ ദാവീദ്‌ യഹോവയെ സ്‌നേഹിച്ചിരുന്നു. അവന്റെ ഹൃദയം ദൈവത്തിങ്കൽ അർപ്പിതമായിരുന്നു. അവൻ തന്റെ തെറ്റുകൾ സമ്മതിക്കാൻ മനസ്സു കാണിക്കുകയും തിരുത്തൽ സ്വീകരിക്കുകയും തന്റെ വഴികൾക്കു മാറ്റം വരുത്തുകയും ചെയ്‌തു. അതേ, ദാവീദിന്റെ നിർമലത, തന്റെ ദൈവമായ യഹോവയോടുള്ള അവന്റെ മുഴുഹൃദയത്തോടെയുള്ള ഭക്തിയിലും സ്‌നേഹത്തിലും ദൃശ്യമായിരുന്നു.​—⁠ആവർത്തനപുസ്‌തകം 6:⁠5, 6.

6, 7. നിർമലതയിൽ നടക്കുന്നതിൽ എന്ത്‌ ഉൾപ്പെടുന്നു?

6 നിർമലത മതഭക്തി പോലെയുള്ള മനുഷ്യജീവിതത്തിന്റെ ഏതെങ്കിലുമൊരു മേഖലയിലായി പരിമിതപ്പെട്ടിരിക്കുന്നില്ല. അത്‌ നമ്മുടെ മുഴു ജീവിതഗതിയെയും ഉൾക്കൊള്ളുന്നു. ദാവീദ്‌ നിർമലതയിൽ ‘നടന്നു.’ “‘നടക്കുക’ എന്ന ക്രിയ ‘ജീവിതഗതി’യെ അഥവാ ‘ജീവിതശൈലി’യെ അർഥമാക്കുന്നു” എന്ന്‌ വ്യാഖ്യാതാവിന്റെ പുതിയ ബൈബിൾ പറയുന്നു. ‘നടപ്പിൽ നിഷ്‌കളങ്കർ’ അഥവാ നിർമലർ ആയവരെ പരാമർശിച്ചുകൊണ്ട്‌ സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “[ദൈവത്തിന്റെ] സാക്ഷ്യങ്ങളെ പ്രമാണിച്ചു പൂർണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ. അവർ നീതികേടു പ്രവർത്തിക്കാതെ അവന്റെ വഴികളിൽതന്നേ നടക്കുന്നു.” (സങ്കീർത്തനം 119:⁠1-3) നിർമലത, ദൈവേഷ്ടം ചെയ്യുന്നതിനുള്ള മാർഗങ്ങൾ തുടർച്ചയായി ആരായുന്നതും അവന്റെ വഴികളിൽ നടക്കുന്നതും ആവശ്യമാക്കിത്തീർക്കുന്നു.

7 നിർമലതയിൽ നടക്കുന്നതിന്‌ ദൈവത്തോടുള്ള അചഞ്ചല ഭക്തി ആവശ്യമാണ്‌, പ്രതികൂല സാഹചര്യങ്ങളിൽപ്പോലും. നാം പരിശോധനകളിന്മധ്യേ സഹിച്ചുനിൽക്കുമ്പോൾ, പ്രതികൂല സാഹചര്യങ്ങളിൽ അചഞ്ചലരായിരിക്കുമ്പോൾ, അഭക്തലോകത്തിന്റെ പ്രലോഭനങ്ങളെ ചെറുക്കുമ്പോൾ നമ്മുടെ നിർമലത പ്രകടമാകും. അപ്പോൾ നാം ‘യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കും.’ എന്തുകൊണ്ടെന്നാൽ തന്നെ നിന്ദിക്കുന്നവന്‌ ഉത്തരം കൊടുക്കാൻ അവനു കഴിയും. (സദൃശവാക്യങ്ങൾ 27:⁠11) അതിനാൽ നല്ല കാരണത്തോടെ, ഇയ്യോബിനെപ്പോലെ നമുക്ക്‌ ഉറച്ച തീരുമാനമെടുക്കാം: ‘മരിക്കുവോളം ഞാൻ എന്റെ നിഷ്‌കളങ്കത്വം [അഥവാ നിർമലത] ഉപേക്ഷിക്കയില്ല.’ (ഇയ്യോബ്‌ 27:⁠5) നിർമലതയുടെ പാതയിൽ നടക്കാൻ നമ്മെ എന്തു സഹായിക്കുമെന്ന്‌ 26-ാം സങ്കീർത്തനം കാണിച്ചുതരുന്നു.

‘എന്റെ വൃക്കകളും ഹൃദയവും’ ശോധന ചെയ്യേണമേ

8. തന്റെ വൃക്കകളെയും ഹൃദയത്തെയും പരിശോധിക്കാൻ ദാവീദ്‌ യഹോവയോടു നടത്തിയ യാചനയിൽനിന്നു നിങ്ങൾ എന്തു പഠിക്കുന്നു?

8 ദാവീദ്‌ ഇങ്ങനെ പ്രാർഥിച്ചു: “യഹോവേ, എന്നെ പരീക്ഷിച്ചു ശോധന ചെയ്യേണമേ; എന്റെ അന്തരംഗവും [“വൃക്കകളും,” NW] എന്റെ ഹൃദയവും പരിശോധിക്കേണമേ.” (സങ്കീർത്തനം 26:⁠2) വൃക്കകൾ ശരീരത്തിൽ വളരെ ഉള്ളിലായാണു സ്ഥിതി ചെയ്യുന്നത്‌. ആലങ്കാരികമായി, അവ ഒരുവന്റെ ഉള്ളിന്റെയുള്ളിലെ വികാരങ്ങളെയും ചിന്തകളെയും പ്രതിനിധീകരിക്കുന്നു. അതുപോലെ, ആലങ്കാരികമായ അർഥത്തിൽ ഹൃദയം പ്രചോദനങ്ങൾ, വികാരങ്ങൾ, ബുദ്ധി തുടങ്ങിയവ ഉൾപ്പെടെയുള്ള മുഴു ആന്തരിക വ്യക്തിയെയും കുറിക്കുന്നു. തന്നെ പരിശോധിക്കേണമേയെന്ന്‌ ദാവീദ്‌ യഹോവയോട്‌ അപേക്ഷിച്ചപ്പോൾ, ഫലത്തിൽ തന്റെ ഉള്ളിന്റെയുള്ളിലെ ചിന്തകളെയും വികാരങ്ങളെയും പരിശോധിച്ചു വിലയിരുത്താൻ പ്രാർഥിക്കുകയായിരുന്നു അവൻ.

9. യഹോവ ഏതു വിധത്തിലാണ്‌ നമ്മുടെ ആലങ്കാരിക വൃക്കകളെയും ഹൃദയത്തെയും ശോധന ചെയ്യുന്നത്‌?

9 തന്റെ വൃക്കകളെയും ഹൃദയത്തെയും ശോധന ചെയ്യാൻ അഥവാ ശുദ്ധീകരിക്കാൻ ദാവീദ്‌ യാചിച്ചു. യഹോവ എങ്ങനെയാണ്‌ നമ്മുടെ ആന്തരിക വ്യക്തിയെ ശോധന ചെയ്യുന്നത്‌? ദാവീദ്‌ പാടി: “എനിക്കു ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാൻ വാഴ്‌ത്തും; രാത്രികാലങ്ങളിലും എന്റെ അന്തരംഗം [“വൃക്കകൾ,” NW] എന്നെ ഉപദേശിക്കുന്നു.” (സങ്കീർത്തനം 16:⁠7) അത്‌ എന്താണ്‌ അർഥമാക്കുന്നത്‌? ദിവ്യോപദേശം ദാവീദിന്റെ ഉള്ളിലേക്ക്‌ ആഴ്‌ന്നിറങ്ങി അവന്റെ ഹൃദയത്തിൽ പതിയുകയും അവന്റെ ഉള്ളിന്റെയുള്ളിലെ ചിന്തകളെയും വികാരങ്ങളെയും തിരുത്തുകയും ചെയ്‌തു എന്നാണ്‌ അതിന്റെ അർഥം. ദൈവത്തിന്റെ വചനത്തിലൂടെയും അവന്റെ പ്രതിനിധികളിലൂടെയും സംഘടനയിലൂടെയും നമുക്കു ലഭിക്കുന്ന ബുദ്ധിയുപദേശത്തെക്കുറിച്ചു നാം വിലമതിപ്പോടെ ധ്യാനിക്കുകയും അതു നമ്മുടെയുള്ളിൽ ആഴത്തിൽ പതിയുകയും ചെയ്യുന്നെങ്കിൽ നമ്മുടെ കാര്യത്തിലും അതുതന്നെ സംഭവിക്കും. ഈ വിധത്തിൽ നമ്മെ ശോധന ചെയ്യാൻ ക്രമമായി യഹോവയോടു പ്രാർഥിക്കുന്നത്‌ നിർമലതയുടെ പാതയിൽ നടക്കാൻ നമ്മെ സഹായിക്കും.

‘നിന്റെ സ്‌നേഹദയ എന്റെ മുമ്പിൽ ഇരിക്കുന്നു’

10. ദിവ്യസത്യത്തിന്റെ പാതയിൽ നടക്കാൻ ദാവീദിനെ സഹായിച്ചത്‌ എന്താണ്‌?

10 “നിന്റെ ദയ [“സ്‌നേഹദയ,” NW] എന്റെ കണ്ണിന്മുമ്പിൽ ഇരിക്കുന്നു; നിന്റെ സത്യത്തിൽ ഞാൻ നടന്നുമിരിക്കുന്നു” എന്ന്‌ ദാവീദ്‌ തുടർന്നു പറഞ്ഞു. (സങ്കീർത്തനം 26:⁠3) ദൈവത്തിന്റെ സ്‌നേഹദയാപ്രവൃത്തികൾ ദാവീദിനു നന്നായി അറിയാമായിരുന്നു. വിലമതിപ്പോടെ അവൻ അവയെക്കുറിച്ചു ധ്യാനിച്ചു. “എൻമനമേ, യഹോവയെ വാഴ്‌ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്‌,” ദാവീദ്‌ പാടി. ദൈവം ചെയ്‌ത ഒരു “ഉപകാര”പ്രവൃത്തി അനുസ്‌മരിച്ചുകൊണ്ട്‌ അവൻ തുടർന്നു: “യഹോവ സകലപീഡിതന്മാർക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു. അവൻ തന്റെ വഴികളെ മോശെയെയും തന്റെ പ്രവൃത്തികളെ യിസ്രായേൽമക്കളെയും അറിയിച്ചു.” (സങ്കീർത്തനം 103:⁠2, 6, 7) ഒരുപക്ഷേ, മോശെയുടെ നാളുകളിൽ ഇസ്രായേല്യർ ഈജിപ്‌തുകാരാൽ പീഡിപ്പിക്കപ്പെട്ടതിനെക്കുറിച്ച്‌ ആയിരിക്കാം ദാവീദ്‌ ചിന്തിച്ചത്‌. അങ്ങനെയെങ്കിൽ, യഹോവ തന്റെ വഴികൾ, തന്റെ ജനത്തെ വിടുവിക്കാൻ താൻ കൈക്കൊള്ളാൻ പോകുന്ന മാർഗം മോശെക്ക്‌ അറിയിച്ചുകൊടുത്തതിനെക്കുറിച്ചു ധ്യാനിച്ചത്‌ ദാവീദിന്റെ ഹൃദയത്തെ സ്‌പർശിച്ചിരിക്കണം. അത്‌ ദിവ്യസത്യത്തിന്റെ പാതയിൽ നടക്കാനുള്ള അവന്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തിയിരിക്കണം.

11. നിർമലതയുടെ പാതയിൽ നടക്കാൻ എന്തിനു നമ്മെ സഹായിക്കാനാകും?

11 ദൈവവചനം ക്രമമായി പഠിക്കുന്നതും അതിൽനിന്നു മനസ്സിലാക്കുന്ന കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കുന്നതും നിർമലതയുടെ പാതയിൽ നടക്കാൻ നമ്മെയും സഹായിക്കും. ദൃഷ്ടാന്തത്തിന്‌, പോത്തീഫറിന്റെ ഭാര്യ അധാർമിക പ്രവർത്തനങ്ങൾക്കു പ്രേരിപ്പിച്ചപ്പോൾ യോസേഫ്‌ ഓടിപ്പോയി എന്നത്‌ ഓർക്കുന്നത്‌ ജോലിസ്ഥലത്തോ പഠനസ്ഥലത്തോ മറ്റെവിടെയെങ്കിലുമോ ഉണ്ടായേക്കാവുന്ന സമാനമായ സാഹചര്യത്തിൽനിന്ന്‌ ഓടിപ്പോകാൻ നമ്മെ തീർച്ചയായും പ്രോത്സാഹിപ്പിക്കും. (ഉല്‌പത്തി 39:⁠7-12) ഈ ലോകത്തിലെ ഭൗതിക സമൃദ്ധിയോ പ്രാമുഖ്യമോ അധികാരമോ നേടിയെടുക്കാനുള്ള അവസരങ്ങൾ നമ്മെ പ്രലോഭിപ്പിക്കുന്നെങ്കിലോ? നമുക്ക്‌ മോശെയുടെ ദൃഷ്ടാന്തമുണ്ട്‌. അവൻ ഈജിപ്‌തിൽ ലഭിക്കുമായിരുന്ന മഹത്ത്വം നിരസിച്ചു. (എബ്രായർ 11:⁠24-26) ഇയ്യോബിന്റെ സഹിഷ്‌ണുത മനസ്സിൽപ്പിടിക്കുന്നത്‌ രോഗങ്ങളോ ദുരിതങ്ങളോ വന്നാലും യഹോവയോടു വിശ്വസ്‌തരായി നിലകൊള്ളാനുള്ള നമ്മുടെ ഉറച്ച തീരുമാനത്തെ ശക്തിപ്പെടുത്തും എന്നതിൽ സംശയമില്ല. (യാക്കോബ്‌ 5:⁠11) നാം പീഡനത്തിന്‌ ഇരയാകുന്നെങ്കിലോ? സിംഹക്കുഴിയിൽ എറിയപ്പെട്ട ദാനീയേലിന്റെ അനുഭവം നമുക്കു ശക്തി പകരും!​—⁠ദാനീയേൽ 6:⁠16-22.

‘വഞ്ചകരോടൊപ്പം ഞാൻ ഇരുന്നിട്ടില്ല’

12, 13. നാം ഏതുതരം സഹവാസം ഒഴിവാക്കണം?

12 നിർമലത കാത്തുസൂക്ഷിക്കാൻ സഹായിച്ച മറ്റൊരു ഘടകത്തെക്കുറിച്ചു ദാവീദ്‌ പറഞ്ഞു: “വ്യർത്ഥന്മാരോടുകൂടെ [“വഞ്ചകരോടൊപ്പം,” ഓശാന ബൈബിൾ] ഞാൻ ഇരുന്നിട്ടില്ല; കപടക്കാരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല. ദുഷ്‌പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ പകെച്ചിരിക്കുന്നു; ദുഷ്ടന്മാരോടുകൂടെ ഞാൻ ഇരിക്കയുമില്ല.” (സങ്കീർത്തനം 26:⁠4, 5) ദാവീദ്‌ ദുഷ്ടന്മാരോടുകൂടെ ഇരിക്കാൻ വിസമ്മതിച്ചു. ചീത്ത സഹവാസം അവൻ വെറുത്തു.

13 നമ്മെ സംബന്ധിച്ചെന്ത്‌? ടെലിവിഷൻ പരിപാടികൾ, വീഡിയോകൾ, ചലച്ചിത്രങ്ങൾ, ഇന്റർനെറ്റ്‌ സൈറ്റുകൾ, മറ്റു മാധ്യമങ്ങൾ എന്നിവയിലൂടെ വഞ്ചകരുമായി സഹവസിക്കാൻ നാം വിസമ്മതിക്കുന്നുവോ? തങ്ങളുടെ തനിനിറം മറച്ചുവെക്കുന്ന, കാപട്യം നിറഞ്ഞ ആളുകളിൽനിന്നു നാം അകന്നു നിൽക്കുന്നുണ്ടോ? സ്‌കൂളിലോ ജോലിസ്ഥലത്തോ ഉള്ള ചില ആളുകൾ നമ്മെ ചതിക്കുകയെന്ന ഉദ്ദേശ്യത്തിൽ നമ്മുടെ സുഹൃത്തുക്കളായി നടിച്ചേക്കാം. ദൈവിക സത്യത്തിൽ നടക്കാത്ത ആളുകളുമായി അടുത്ത ബന്ധം വളർത്തിയെടുക്കാൻ നാം വാസ്‌തവത്തിൽ ആഗ്രഹിക്കുന്നുവോ? വിശ്വാസത്യാഗികൾ, യഹോവയെ സേവിക്കുന്നതിൽനിന്നു നമ്മെ അകറ്റുകയെന്ന തങ്ങളുടെ ലാക്ക്‌ മറച്ചുവെച്ചുകൊണ്ട്‌ ആത്മാർഥതയുടെ മുഖംമൂടി അണിഞ്ഞേക്കാം. ക്രിസ്‌തീയ സഭയിൽത്തന്നെ ഇരട്ടജീവിതം നയിക്കുന്ന ചിലർ ഉണ്ടെങ്കിലോ? തങ്ങൾ യഥാർഥത്തിൽ എങ്ങനെയുള്ളവരാണെന്ന സംഗതി അവരും മറച്ചുവെക്കുന്നു. ഇപ്പോൾ ഒരു ശുശ്രൂഷാദാസനായി സേവിക്കുന്ന ജെയ്‌സന്‌ യുവപ്രായത്തിൽ അത്തരം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവരെക്കുറിച്ച്‌ അവൻ പറയുന്നു: “ഒരു ദിവസം അവരിലൊരാൾ എന്നോടു പറഞ്ഞു: ‘നമ്മൾ ഇപ്പോൾ എന്തു ചെയ്‌താലും ഒരു പ്രശ്‌നവുമില്ല, പുതിയ വ്യവസ്ഥിതി വരുമ്പോൾ നാം മരിച്ചുപോകുമെന്നല്ലേയുള്ളൂ. നമുക്ക്‌ എന്താണു നഷ്ടപ്പെട്ടതെന്ന്‌ ഏതായാലും നമ്മൾ അറിയാൻപോകുന്നില്ലല്ലോ.’ അത്തരം സംസാരം എന്നെ കുലുക്കിയുണർത്തി. പുതിയ വ്യവസ്ഥിതി വരുമ്പോൾ മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” ജെയ്‌സൻ ജ്ഞാനപൂർവം അത്തരക്കാരുമായുള്ള സഹവാസം അവസാനിപ്പിച്ചു. “വഴിതെറ്റിക്കപ്പെടരുത്‌. മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു,” അപ്പൊസ്‌തലനായ പൗലൊസ്‌ മുന്നറിയിപ്പു നൽകി. (1 കൊരിന്ത്യർ 15:⁠33, NW) നാം മോശമായ സഹവാസങ്ങൾ ഒഴിവാക്കുന്നത്‌ എത്ര പ്രധാനമാണ്‌!

‘നിന്റെ അത്ഭുതപ്രവൃത്തികളൊക്കെയും ഞാൻ വർണിക്കും’

14, 15. നമുക്ക്‌ യഹോവയുടെ ‘യാഗപീഠത്തെ വലംവെക്കാൻ’ കഴിയുന്നത്‌ എങ്ങനെ?

14 ദാവീദ്‌ തുടരുന്നു: “ഞാൻ കുറ്റമില്ലായ്‌മയിൽ എന്റെ കൈകളെ കഴുകുന്നു; യഹോവേ, ഞാൻ നിന്റെ യാഗപീഠത്തെ വലംവെക്കുന്നു,” എന്തിന്‌? “സ്‌തോത്രസ്വരം കേൾപ്പിക്കേണ്ടതിന്നും നിന്റെ അത്ഭുതപ്രവൃത്തികളൊക്കെയും വർണ്ണിക്കേണ്ടതിന്നും.” (സങ്കീർത്തനം 26:⁠6, 7) യഹോവയെ ആരാധിക്കുന്നതിനും അവനോടുള്ള തന്റെ ഭക്തി പ്രഖ്യാപിക്കുന്നതിനും ധാർമികമായി ശുദ്ധനായിരിക്കാൻ ദാവീദ്‌ ആഗ്രഹിച്ചു.

15 സത്യാരാധനയോടു ബന്ധപ്പെട്ട്‌ സമാഗമന കൂടാരത്തിലും പിന്നീട്‌ ആലയത്തിലും ഉണ്ടായിരുന്ന സർവതും ‘സ്വർഗീയമായതിന്റെ ദൃഷ്ടാന്തവും നിഴലും’ ആയിരുന്നു. (എബ്രായർ 8:⁠5; 9:⁠23) യാഗപീഠം, ദൈവത്തിന്റെ ഇഷ്ടത്തെ, മനുഷ്യവർഗത്തിന്റെ വീണ്ടെടുപ്പിനായി യേശുക്രിസ്‌തുവിന്റെ യാഗം സ്വീകരിക്കാനുള്ള യഹോവയുടെ സന്നദ്ധതയെ ചിത്രീകരിച്ചു. (എബ്രായർ 10:⁠5-10) ആ യാഗത്തിൽ വിശ്വാസം അർപ്പിച്ചുകൊണ്ട്‌ നാം നമ്മുടെ കൈകൾ കുറ്റമില്ലായ്‌മയിൽ കഴുകുകയും യഹോവയുടെ ‘യാഗപീഠത്തെ വലംവെക്കുകയും ചെയ്യുന്നു.’​—⁠യോഹന്നാൻ 3:⁠16-18.

16. ദൈവത്തിന്റെ അത്ഭുതപ്രവൃത്തികൾ മറ്റുള്ളവരോടു പ്രഖ്യാപിക്കുന്നതു നമുക്കു പ്രയോജനം ചെയ്യുന്നത്‌ എങ്ങനെ?

16 മറുവില സാധ്യമാക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുമ്പോൾ, യഹോവയോടും അവന്റെ ഏകജാതപുത്രനോടുമുള്ള കൃതജ്ഞതയാൽ നമ്മുടെ ഹൃദയം നിറയുന്നില്ലേ? നന്ദി നിറഞ്ഞ ഹൃദയത്തോടെ നമുക്ക്‌ ദൈവത്തിന്റെ അത്ഭുതപ്രവൃത്തികൾ​—⁠ഏദെൻ തോട്ടത്തിൽ മനുഷ്യനെ സൃഷ്ടിച്ചതുമുതൽ ദൈവത്തിന്റെ പുതിയ ലോകത്തിൽ സകലതും യഥാസ്ഥാനപ്പെടുത്തുന്നതുവരെയുള്ള കാര്യങ്ങൾ​—⁠മറ്റുള്ളവരെ അറിയിക്കാം. (ഉല്‌പത്തി 2:⁠7; പ്രവൃത്തികൾ 3:⁠21) രാജ്യ പ്രസംഗ-ശിഷ്യരാക്കൽ വേല എന്തൊരു ആത്മീയ സംരക്ഷണമാണു നൽകുന്നത്‌! (മത്തായി 24:⁠14; 28:⁠19, 20) ആ വേലയിൽ തിരക്കുള്ളവരായിരിക്കുന്നത്‌ നമ്മുടെ ഭാവി പ്രത്യാശയെ ശോഭനമാക്കി നിറുത്തുന്നു, ദൈവത്തിന്റെ വാഗ്‌ദാനങ്ങളിലുള്ള വിശ്വാസം ശക്തമാക്കുന്നു, യഹോവയോടും സഹ മനുഷ്യരോടുമുള്ള നമ്മുടെ സ്‌നേഹം സജീവമായി നിലനിറുത്തുകയും ചെയ്യുന്നു.

‘നിന്റെ വാസസ്ഥലം എനിക്കു പ്രിയമാകുന്നു’

17, 18. ക്രിസ്‌തീയ യോഗങ്ങൾ സംബന്ധിച്ച നമ്മുടെ മനോഭാവം എന്തായിരിക്കണം?

17 സമാഗമന കൂടാരം, അതിലെ യാഗപീഠവും യാഗങ്ങളും സഹിതം ഇസ്രായേലിലെ സത്യാരാധനയുടെ കേന്ദ്രമായിരുന്നു. ആ സ്ഥലത്തോടുള്ള തന്റെ പ്രിയം പ്രകടിപ്പിച്ചുകൊണ്ട്‌ ദാവീദ്‌ ഇങ്ങനെ പ്രാർഥിച്ചു: “യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്കു പ്രിയമാകുന്നു.”​—⁠സങ്കീർത്തനം 26:⁠8.

18 യഹോവയെക്കുറിച്ചു പഠിക്കുന്ന സ്ഥലങ്ങളിൽ കൂടിവരുന്നതു നാം പ്രിയപ്പെടുന്നുവോ? ആത്മീയ പ്രബോധനത്തിനുള്ള ക്രമമായ പരിപാടികൾ നടത്തപ്പെടുന്ന ഓരോ രാജ്യഹാളും പ്രദേശത്ത്‌ സത്യാരാധനയുടെ കേന്ദ്രമായി വർത്തിക്കുന്നു. കൂടാതെ, നമുക്കു വാർഷിക കൺവെൻഷനുകൾ, സർക്കിട്ട്‌ സമ്മേളനങ്ങൾ, പ്രത്യേക സമ്മേളന ദിനങ്ങൾ എന്നിവയുമുണ്ട്‌. അത്തരം യോഗങ്ങളിൽ യഹോവയുടെ “സാക്ഷ്യങ്ങൾ” അഥവാ ഓർമിപ്പിക്കലുകൾ ചർച്ച ചെയ്യുന്നു. നാം അവയോട്‌ ‘അത്യന്തം പ്രിയം’ വളർത്തിയെടുക്കുന്നെങ്കിൽ നാം യോഗങ്ങളിൽ പങ്കെടുക്കാനും പരിപാടികൾ ശ്രദ്ധിക്കാനും ആകാംക്ഷയുള്ളവർ ആയിരിക്കും. (സങ്കീർത്തനം 119:⁠167) നമ്മുടെ വ്യക്തിപരമായ ക്ഷേമത്തിൽ താത്‌പര്യമുള്ള, നിർമലതയുടെ ഗതിയിൽ തുടരുന്നതിനു നമ്മെ സഹായിക്കുന്ന സഹ വിശ്വാസികളോടുകൂടെ ആയിരിക്കുന്നത്‌ എത്ര നവോന്മേഷപ്രദമാണ്‌!​—⁠എബ്രായർ 10:⁠24, 25.

‘എന്റെ ജീവനെ സംഹരിച്ചുകളയരുതേ’

19. ഏതു പാപങ്ങൾ സംബന്ധിച്ചു കുറ്റക്കാരനായി കാണപ്പെടാൻ ദാവീദ്‌ ആഗ്രഹിച്ചില്ല?

19 ദൈവിക സത്യത്തിൽ നടക്കുന്നതിൽനിന്നു വ്യതിചലിക്കുന്നതിന്റെ പരിണതഫലങ്ങളെക്കുറിച്ചുള്ള തികഞ്ഞ ബോധ്യത്തോടെ ദാവീദ്‌ ഇങ്ങനെ യാചിച്ചു: “പാപികളോടുകൂടെ എന്റെ പ്രാണനെയും രക്തപാതകന്മാരോടുകൂടെ എന്റെ ജീവനെയും സംഹരിച്ചുകളയരുതേ. അവരുടെ കൈകളിൽ ദുഷ്‌കർമ്മം ഉണ്ടു; അവരുടെ വലങ്കൈ കോഴ നിറഞ്ഞിരിക്കുന്നു.” (സങ്കീർത്തനം 26:⁠9, 10) ദുഷ്‌കർമികൾ അഥവാ അഴിഞ്ഞ നടത്തയുള്ളവർ, കൈക്കൂലി വാങ്ങുന്നവർ തുടങ്ങിയ അഭക്ത മനുഷ്യരുടെ കൂട്ടത്തിൽ എണ്ണപ്പെടാൻ ദാവീദ്‌ ആഗ്രഹിച്ചില്ല.

20, 21. അഭക്തരുടെ പാതകളിലേക്ക്‌ എന്തു നമ്മെ നയിച്ചേക്കാം?

20 ഇന്നത്തെ ലോകം അധാർമിക പ്രവൃത്തികളുടെ പ്രളയത്തിൽ അകപ്പെട്ടിരിക്കുകയാണ്‌. ടെലിവിഷൻ, മാസികകൾ, ചലച്ചിത്രങ്ങൾ, എന്നിവയെല്ലാം അഴിഞ്ഞ നടത്തയെ​—⁠“ദുർന്നടപ്പു, അശുദ്ധി, ദുഷ്‌കാമം” എന്നിവയെ​—⁠പ്രോത്സാഹിപ്പിക്കുന്നു. (ഗലാത്യർ 5:19) ചിലർ അശ്ലീലത്തിന്റെ അടിമകളായിത്തീർന്നിരിക്കുന്നു, ഇതു മിക്കപ്പോഴും അധാർമിക നടത്തയിലേക്കു നയിക്കുന്നു. പ്രത്യേകിച്ചും യുവജനങ്ങളെയാണ്‌ ഇതു ബാധിക്കുന്നത്‌. ചില രാജ്യങ്ങളിൽ, ഡേറ്റിങ്ങിൽ ഏർപ്പെടുക എന്നത്‌ ഒരു നാട്ടുനടപ്പാണ്‌. അതുകൊണ്ട്‌ ഡേറ്റിങ്ങിൽ നിർബന്ധമായും ഏർപ്പെടാനുള്ള സമ്മർദം കൗമാരപ്രായക്കാർക്ക്‌ അനുഭവപ്പെടുന്നു. വിവാഹപ്രായമെത്താത്ത ധാരാളം ചെറുപ്പക്കാർ പ്രേമബന്ധങ്ങളിൽ അകപ്പെട്ടുപോകുന്നു. താമസിയാതെ, തങ്ങളുടെ ഉള്ളിൽ നാമ്പെടുക്കുന്ന ലൈംഗിക വികാരങ്ങളെ തൃപ്‌തിപ്പെടുത്തുന്നതിന്‌ അവർ അധാർമിക നടത്തയിലേക്കു തിരിയുന്നു, പരസംഗം ചെയ്യുന്ന അളവോളംപോലും.

21 മുതിർന്നവരും മോശമായ സ്വാധീനങ്ങളിൽനിന്നു മുക്തരല്ല. സത്യസന്ധമല്ലാത്ത ബിസിനസ്‌ ഇടപാടുകളും സ്വാർഥ താത്‌പര്യങ്ങളിൽ അധിഷ്‌ഠിതമായ തീരുമാനങ്ങളും നിർമലതയുടെ അഭാവത്തെയാണു കാണിക്കുന്നത്‌. ലോകത്തിന്റെ വഴികളിൽ നടക്കുന്നത്‌ നമ്മെ യഹോവയിൽനിന്ന്‌ അകറ്റുകയേയുള്ളൂ. നമുക്ക്‌ “തിന്മ ദ്വേഷിച്ചു നന്മ ഇച്ഛിച്ചു”കൊണ്ട്‌ നിർമലതയുടെ പാതിയിൽ നടക്കുന്നതിൽ തുടരാം.​—⁠ആമോസ്‌ 5:⁠15.

‘എന്നെ വീണ്ടെടുത്ത്‌ എന്നോടു കൃപ ചെയ്യേണമേ’

22-24. (എ) 26-ാം സങ്കീർത്തനത്തിന്റെ ഉപസംഹാര വാക്കുകൾ നിങ്ങൾക്ക്‌ എന്തു പ്രോത്സാഹനമാണു നൽകുന്നത്‌? (ബി) അടുത്ത ലേഖനത്തിൽ നാം ഏതു കെണിയെക്കുറിച്ചു ചർച്ച ചെയ്യും?

22 ദാവീദ്‌ ദൈവത്തോടുള്ള തന്റെ വാക്കുകൾ ഉപസംഹരിക്കുന്നു: “ഞാനോ, എന്റെ നിഷ്‌കളങ്കതയിൽ [അഥവാ “നിർമലതയിൽ”] നടക്കും; എന്നെ വീണ്ടെടുത്തു എന്നോടു കൃപ ചെയ്യേണമേ. എന്റെ കാലടി സമനിലത്തു നില്‌ക്കുന്നു; സഭകളിൽ ഞാൻ യഹോവയെ വാഴ്‌ത്തും.” (സങ്കീർത്തനം 26:⁠11, 12) നിർമലത കാക്കാനുള്ള ഉറച്ച തീരുമാനം പ്രഖ്യാപിക്കുന്നതോടൊപ്പം ദാവീദ്‌ വീണ്ടെടുപ്പിനായി അഭ്യർഥിക്കുകയും ചെയ്യുന്നു. അത്‌ എത്ര പ്രോത്സാഹജനകമാണ്‌! നാം പാപാവസ്ഥയിൽ ആണെങ്കിൽപ്പോലും നിർമലതയുടെ പാതയിൽ നടക്കാൻ ദൃഢചിത്തരാണെങ്കിൽ യഹോവ നമ്മെ സഹായിക്കും.

23 ജീവിതത്തിന്റെ സമസ്‌ത മേഖലകളിലും ദൈവത്തിന്റെ പരമാധികാരത്തെ ആദരിക്കുകയും വിലമതിക്കുകയും ചെയ്യുന്നുവെന്ന്‌ നമ്മുടെ ജീവിതരീതിയാൽ നമുക്കു പ്രകടമാക്കാം. നമ്മുടെ ഉള്ളിന്റെയുള്ളിലെ ചിന്തകളും വികാരങ്ങളും പരിശോധിക്കാനും അവയെ ശുദ്ധീകരിക്കാനും നമുക്ക്‌ ഓരോരുത്തർക്കും പ്രാർഥനയിൽ യഹോവയോട്‌ അഭ്യർഥിക്കാം. അവന്റെ വചനം ഉത്സാഹപൂർവം പഠിച്ചുകൊണ്ട്‌ നമുക്ക്‌ അവന്റെ സത്യത്തെ എല്ലായ്‌പോഴും നമ്മുടെ മുമ്പാകെ വെക്കാൻ കഴിയും. മോശമായ സഹവാസങ്ങൾ ഒഴിവാക്കുകയും സഭായോഗങ്ങളിൽ യഹോവയെ പുകഴ്‌ത്തുകയും ചെയ്യാൻ നമുക്കു ദൃഢതീരുമാനമെടുക്കാം. ദൈവവുമായുള്ള നമ്മുടെ അമൂല്യബന്ധത്തെ അപകടപ്പെടുത്താൻ ഒരിക്കലും ലോകത്തെ അനുവദിക്കാതെ, തീക്ഷ്‌ണതയോടെ നമുക്കു രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയിൽ പങ്കെടുക്കാം. നിർമലതയുടെ പാതയിൽ നടക്കാൻ നമ്മുടെ പരമാവധി ശ്രമിക്കവേ, യഹോവ നമ്മോടു പ്രീതി കാണിക്കും എന്നതിൽ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും.

24 നിർമലത നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്‌പർശിക്കുന്നതിനാൽ, നാം മാരകമായ ഒരു കെണിയെക്കുറിച്ചു ജാഗ്രത പാലിക്കേണ്ടതുണ്ട്‌​—⁠മദ്യദുരുപയോഗം. അടുത്ത ലേഖനത്തിൽ നാം അതു പരിചിന്തിക്കും.

നിങ്ങൾ ഓർമിക്കുന്നുവോ?

• ബുദ്ധിശക്തിയുള്ള സൃഷ്ടികളെ അവരുടെ നിർമലതയുടെ അടിസ്ഥാനത്തിൽ ന്യായംവിധിക്കുന്നത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• എന്താണു നിർമലത, അതിന്റെ പാതയിൽ നടക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

• നിർമലതയുടെ പാതയിൽ നടക്കാൻ എന്തു നമ്മെ സഹായിക്കും?

• നിർമലത പാലിക്കുന്നതിന്‌, നാം ജാഗ്രത പുലർത്തുകയും ഒഴിവാക്കുകയും ചെയ്യേണ്ട അപകടങ്ങൾ എന്തെല്ലാം?

[അധ്യയന ചോദ്യങ്ങൾ]

[14-ാം പേജിലെ ചിത്രം]

നിങ്ങളുടെ ഉള്ളിന്റെയുള്ളിലെ ചിന്തകൾ പരിശോധിക്കാൻ നിങ്ങൾ ക്രമമായി യഹോവയോട്‌ അഭ്യർഥിക്കുന്നുവോ?

[14-ാം പേജിലെ ചിത്രം]

യഹോവയുടെ സ്‌നേഹ ദയാപ്രവൃത്തികൾ നിങ്ങളുടെ കണ്മുമ്പിൽ ഇരിക്കുന്നുവോ?

[15-ാം പേജിലെ ചിത്രങ്ങൾ]

പരിശോധയിൻകീഴിൽ നാം നിർമലത പാലിക്കുന്നത്‌ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു

[17-ാം പേജിലെ ചിത്രങ്ങൾ]

നിർമലതയുടെ പാതയിൽ നടക്കാൻ നിങ്ങളെ സഹായിക്കാനുള്ള യഹോവയുടെ കരുതലുകൾ നിങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ടോ?