വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവിസ്‌മരണീയമായ ഒരു ജനനം

അവിസ്‌മരണീയമായ ഒരു ജനനം

അവിസ്‌മരണീയമായ ഒരു ജനനം

‘കർത്താവായ ക്രിസ്‌തു എന്ന രക്ഷിതാവു ഇന്നു നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.’​—⁠ലൂക്കൊസ്‌ 2:⁠11.

രണ്ടായിരത്തിലേറെ വർഷങ്ങൾക്കുമുമ്പ്‌ ബേത്ത്‌ലേഹെം പട്ടണത്തിൽ ഒരു സ്‌ത്രീ ഒരു ആൺകുട്ടിക്കു ജന്മംനൽകി. ഏതാനും തദ്ദേശവാസികൾ മാത്രമേ ആ ജനനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുള്ളൂ. എന്നാൽ തങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ കാത്തുകൊണ്ട്‌ രാത്രിയിൽ വെളിമ്പ്രദേശത്തുണ്ടായിരുന്ന ചില ഇടയന്മാർ, ഒരു ദൂതവൃന്ദം പ്രത്യക്ഷപ്പെട്ട്‌ ഇങ്ങനെ പാടുന്നതു കേട്ടു: “അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം.”​—⁠ലൂക്കൊസ്‌ 2:⁠8-14.

ദൂതൻ പറഞ്ഞിരുന്നതുപോലെതന്നെ ആട്ടിടയന്മാർ, മറിയയെയും അവളുടെ ഭർത്താവായ യോസേഫിനെയും ഒരു തൊഴുത്തിൽ കണ്ടെത്തി. മറിയ ശിശുവിന്‌ യേശു എന്നു പേരിട്ടു. അവൾ അവനെ തൊഴുത്തിനുള്ളിൽ ഒരു പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുകയായിരുന്നു. (ലൂക്കൊസ്‌ 1:⁠31; 2:⁠12) ഇപ്പോൾ രണ്ടായിരം വർഷത്തിനുശേഷം, മനുഷ്യരാശിയുടെ ഏതാണ്ടു മൂന്നിലൊന്ന്‌ യേശുക്രിസ്‌തുവിന്റെ അനുഗാമികളാണെന്ന്‌ അവകാശപ്പെടുന്നു. അവന്റെ ജനനത്തോടു ബന്ധപ്പെട്ട സംഭവങ്ങൾ മനുഷ്യചരിത്രത്തിൽ ഏറ്റവുമധികം തവണ പറഞ്ഞിരിക്കാനിടയുള്ള ഒരു കഥയ്‌ക്ക്‌ ഇതിവൃത്തമായി.

ശക്തമായ കത്തോലിക്ക പാരമ്പര്യവും പരമ്പരാഗത ആഘോഷങ്ങളോട്‌ ഒരു പ്രത്യേക അഭിരുചിയും ഉള്ള ഒരു രാജ്യമാണ്‌ സ്‌പെയിൻ. അവിടത്തെ ആളുകൾ ബേത്ത്‌ലേഹെമിലെ ആ അവിസ്‌മരണീയ രാത്രി അനേക വിധങ്ങളിൽ ആഘോഷിക്കുന്നു.

സ്‌പെയിനിലെ ക്രിസ്‌തുമസ്സ്‌ ആഘോഷം

13-ാം നൂറ്റാണ്ടുമുതൽ, യേശുവിന്റെ ജനനത്തോടു ബന്ധപ്പെട്ട കഥാപാത്രങ്ങൾ സഹിതം ആ സംഭവം ചിത്രീകരിക്കുകയെന്നത്‌ സ്‌പെയിനിലെ ക്രിസ്‌തുമസ്സ്‌ ആഘോഷത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഒരു ഘടകമായിരുന്നിട്ടുണ്ട്‌. പല കുടുംബങ്ങളും യേശുവിനെ കിടത്തിയ പുൽത്തൊട്ടിയുടെ ചെറിയ ഒരു മാതൃക ഉണ്ടാക്കുന്നു. അതിനു സമീപത്തായി ഇടയന്മാർ, മേജൈ (അഥവാ “മൂന്നു രാജാക്കന്മാർ”), മറിയ, യോസേഫ്‌, യേശു എന്നിവരെ ചിത്രീകരിക്കുന്ന കളിമൺ രൂപങ്ങൾ വെക്കുന്നു. ക്രിസ്‌തുമസ്സ്‌ കാലത്ത്‌ ടൗൺഹാളുകൾക്കു സമീപം മിക്കപ്പോഴും ഏതാണ്ട്‌ ആൾവലുപ്പമുള്ള രൂപങ്ങൾ ഒരുക്കിവെക്കാറുണ്ട്‌. യേശുവിന്റെ ജനനത്തെക്കുറിച്ചു വിശദീകരിക്കുന്ന സുവിശേഷ വിവരണങ്ങളിലേക്കു ജനങ്ങളുടെ ശ്രദ്ധ നയിക്കുന്നതിനുവേണ്ടി സാധ്യതയനുസരിച്ച്‌ അസ്സീസിയിലെ ഫ്രാൻസിസാണ്‌ ഇറ്റലിയിൽ ഈ ആചാരത്തിനു തുടക്കമിട്ടത്‌. പിന്നീട്‌ ഫ്രാൻസിസ്‌കൻ സന്ന്യാസിമാർ സ്‌പെയിനിലും മറ്റു പല രാജ്യങ്ങളിലും ഇതു പ്രചരിപ്പിച്ചു.

സ്‌പെയിനിലെ ക്രിസ്‌തുമസ്സ്‌ ആഘോഷങ്ങളിൽ മേജൈയ്‌ക്ക്‌ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്‌. മറ്റു രാജ്യങ്ങളിൽ സാന്റാക്ലോസിനുള്ള സ്ഥാനമാണ്‌ സ്‌പെയിനിൽ മേജൈയ്‌ക്കുള്ളത്‌. പൊതുവിശ്വാസമനുസരിച്ച്‌ നവജാതനായ യേശുവിന്‌ സമ്മാനങ്ങൾ കൊണ്ടുവന്നത്‌ മേജൈ അഥവാ “മൂന്നു രാജാക്കന്മാർ” ആണ്‌. സമാനമായി, ഡിയാ ഡെ റേയെസ്‌ (രാജാക്കന്മാരുടെ തിരുനാൾ) ആയ ജനുവരി 6-ാം തീയതി മേജൈ സ്‌പെയിനിലെ കുട്ടികൾക്കു സമ്മാനങ്ങൾ കൊടുക്കുമെന്നാണു വിശ്വാസം. എന്നിരുന്നാലും യേശുവിന്റെ അടുക്കൽ സമ്മാനങ്ങളുമായി ചെന്നത്‌ എത്ര പേരാണ്‌ എന്ന കാര്യം സുവിശേഷ വിവരണം പറയുന്നില്ല എന്നത്‌ അധികമാർക്കും അറിയില്ല. രാജാക്കന്മാർ എന്നതിനെക്കാൾ അവർ ജ്യോത്സ്യന്മാർ ആയിരുന്നു എന്നു പറയുന്നതായിരിക്കും കൂടുതൽ ശരി. * കൂടാതെ, ഈ ജ്യോത്സ്യന്മാരുടെ സന്ദർശനത്തിനുശേഷം, യേശുവിനെ വധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഹെരോദാവ്‌ ബേത്ത്‌ലേഹെമിലെ “രണ്ടു വയസ്സും താഴെയുമുള്ള” ആൺകുട്ടികളെയെല്ലാം കൊന്നൊടുക്കി. യേശു ജനിച്ചു കുറെക്കാലം കഴിഞ്ഞാണ്‌ ജ്യോത്സ്യന്മാർ അവനെ സന്ദർശിച്ചതെന്നാണ്‌ ഇതു സൂചിപ്പിക്കുന്നത്‌.​—⁠മത്തായി 2:⁠11, 16.

12-ാം നൂറ്റാണ്ടുമുതൽ, സ്‌പെയിനിലെ ചില പട്ടണങ്ങളിൽ യേശുവിന്റെ ജനനത്തിന്റെ നാടകാവിഷ്‌കാരം നടത്തിവന്നിരിക്കുന്നു. ഇതിൽ ഇടയന്മാരുടെ ബേത്ത്‌ലേഹെം സന്ദർശനവും പിന്നീടു നടന്ന മേജൈയുടെ സന്ദർശനവും ഉൾപ്പെടുന്നു. ഇപ്പോൾ സ്‌പെയിനിലെ മിക്ക നഗരങ്ങളിലും ജനുവരി 5-ാം തീയതി ഒരു കാബാൽഗാറ്റാ, അഥവാ പരേഡ്‌ നടത്താറുണ്ട്‌. ഈ പരേഡിൽ “മൂന്നു രാജാക്കന്മാർ” അലങ്കൃതമായ വാഹനങ്ങളിൽ, കാഴ്‌ചക്കാർക്കു മിഠായി വിതരണം ചെയ്‌തുകൊണ്ട്‌ നഗരമധ്യത്തിലൂടെ സഞ്ചരിക്കും. പരമ്പരാഗതമായ ക്രിസ്‌തുമസ്സ്‌ അലങ്കാരങ്ങളും വിയേൻസീകോസു (ക്രിസ്‌തുമസ്സ്‌ ഗാനങ്ങൾ) ഈ ആഘോഷവേള സജീവമാക്കും.

സ്‌പെയിനിലെ മിക്ക കുടുംബങ്ങളും ക്രിസ്‌തുമസ്സിന്റെ തലേന്ന്‌ (ഡിസംബർ 24) വിഭവസമൃദ്ധമായ അത്താഴം ഒരുക്കുന്നു. പരമ്പരാഗത വിഭവങ്ങളിൽ റ്റുറോൺ (ബദാംപരിപ്പും തേനും ചേർത്തു നിർമിക്കുന്ന മധുരപലഹാരം), മാർസിപാൻ (ബദാംപരിപ്പ്‌, പഞ്ചസാര, മുട്ടയുടെ വെള്ള എന്നിവ ചേർത്ത്‌ ഉണ്ടാക്കുന്ന മധുരപലഹാരം), ഉണക്കിയ പഴങ്ങൾ, പൊരിച്ച ആട്‌, കടൽ വിഭവങ്ങൾ എന്നിവ ഉൾപ്പെടുന്നു. വളരെയകലെ താമസിക്കുന്ന കുടുംബാംഗങ്ങൾപോലും ഈ അവസരത്തിൽ ഒത്തുചേരാൻ പ്രത്യേകം ശ്രമിക്കുന്നു. ജനുവരി 6-നുള്ള മറ്റൊരു പരമ്പരാഗത ഭക്ഷണവേളയിൽ അവർ റോസ്‌കോൺ ഡെ റേയെസ്‌ അഥവാ “രാജാക്കന്മാരുടെ” മോതിരവളയാകൃതിയിലുള്ള കേക്ക്‌ കഴിക്കുന്നു. ഇതിനുള്ളിൽ ഒരു സോർപ്രേസാ (ചെറിയ പ്രതിമ) ഒളിപ്പിച്ചു വെച്ചിരിക്കും. റോമാക്കാരുടെ കാലത്ത്‌ സമാനമായ ഒരാചാരം ഉണ്ടായിരുന്നു. അതനുസരിച്ച്‌ കേക്കിനുള്ളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന സാധനം കിട്ടുന്ന അടിമയ്‌ക്ക്‌ ഒരു ദിവസത്തേക്ക്‌ “രാജാവാ”കാൻ കഴിയുമായിരുന്നു.

“വർഷത്തിലെ ഏറ്റവും സന്തുഷ്ടവും ഏറ്റവും തിരക്കേറിയതുമായ സമയം”

എന്തൊക്കെ പ്രാദേശിക ആചാരങ്ങൾ വികാസം പ്രാപിച്ചിട്ടുണ്ടെങ്കിലും ക്രിസ്‌തുമസ്സ്‌ ഇപ്പോൾ ലോകത്തിലെ മുഖ്യ ആഘോഷവേളയായി മാറിയിരിക്കുന്നു. “ലോകമെമ്പാടുമുള്ള കോടിക്കണക്കിനു ക്രൈസ്‌തവരെയും ചില അക്രൈസ്‌തവരെയും സംബന്ധിച്ചിടത്തോളം, വർഷത്തിലെ ഏറ്റവും സന്തുഷ്ടവും ഏറ്റവും തിരക്കേറിയതുമായ സമയം” എന്നാണ്‌ ക്രിസ്‌തുമസ്സ്‌ നാളുകളെ ദ വേൾഡ്‌ ബുക്ക്‌ എൻസൈക്ലോപീഡിയ വിശേഷിപ്പിക്കുന്നത്‌. ക്രിസ്‌തുമസ്സ്‌ ആഘോഷം ഒരു നല്ല സംഗതിയാണോ?

ക്രിസ്‌തുവിന്റെ ജനനം ഒരു ചരിത്രപ്രധാന സംഭവമായിരുന്നു എന്നതിൽ സംശയമില്ല. “ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാന”ത്തിന്റെ മുൻകുറിയായി ദൂതന്മാർ ആ ജനനത്തെ ഉദ്‌ഘോഷിച്ചു എന്നത്‌ അതിന്റെ പ്രാധാന്യത്തിലേക്കു വെളിച്ചം വീശുന്നു.

എന്നാൽ, “ക്രിസ്‌ത്യാനിത്വത്തിന്റെ ആദിമ നാളുകളിൽ യേശുവിന്റെ ജനനം ഒരു ഉത്സവമായി ആഘോഷിച്ചിരുന്നില്ല” എന്ന്‌ സ്‌പെയിനിലെ ഒരു പത്രപ്രവർത്തകനായ ച്വാൻ ആര്യാസ്‌ പറയുന്നു. വസ്‌തുത അതാണെങ്കിൽ, ക്രിസ്‌തുമസ്സ്‌ ആഘോഷം എവിടെനിന്നു വന്നു? യേശുവിന്റെ ജനനവും ജീവിതവും അനുസ്‌മരിക്കുന്നതിനുള്ള ഏറ്റവും മെച്ചമായ മാർഗം ഏതാണ്‌? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അടുത്ത ലേഖനത്തിൽ നിങ്ങൾ കണ്ടെത്തും.

[അടിക്കുറിപ്പ്‌]

^ ഖ. 8 പ്രൊഫസേർസ്‌ ഓഫ്‌ ദ കമ്പനി ഓഫ്‌ ജീസസ്‌ രചിച്ച, വിശുദ്ധ തിരുവെഴുത്തുകൾ​—⁠പാഠവും വ്യാഖ്യാനവും (സ്‌പാനീഷ്‌) വിശദീകരിക്കുന്നതനുസരിച്ച്‌, “പേർഷ്യക്കാർ, മേദ്യർ, കൽദയർ എന്നിവരെ സംബന്ധിച്ചിടത്തോളം പ്രകൃത്യതീതമോ മന്ത്രവാദസംബന്ധമോ ആയ ശാസ്‌ത്രങ്ങൾ, ജ്യോതിഷം, വൈദ്യം എന്നിവ ഉന്നമിപ്പിച്ചിരുന്ന ഒരു പുരോഹിതവർഗമായിരുന്നു മേജൈ.” എന്നാൽ മധ്യയുഗങ്ങളോടെ, യേശുവിനെ സന്ദർശിച്ച ജ്യോത്സ്യന്മാരെ വിശുദ്ധരായി പ്രഖ്യാപിക്കുകയും മെൽക്കിയോർ, ഗാസ്‌പർ, ബാൽത്തസാർ എന്നിങ്ങനെ പേരിടുകയും ചെയ്‌തു. അവരുടെ ഭൗതികാവശിഷ്ടങ്ങൾ ജർമനിയിലെ കൊളോണിലുള്ള കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്നതായി കരുതപ്പെടുന്നു.