വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുക്രിസ്‌തുവിനെ അനുസ്‌മരിക്കേണ്ടത്‌ എങ്ങനെ?

യേശുക്രിസ്‌തുവിനെ അനുസ്‌മരിക്കേണ്ടത്‌ എങ്ങനെ?

യേശുക്രിസ്‌തുവിനെ അനുസ്‌മരിക്കേണ്ടത്‌ എങ്ങനെ?

“തീർച്ചയായും മറ്റുള്ളവരുടെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ വ്യക്തികളിൽ ഒരാളാണ്‌” യേശുക്രിസ്‌തു.​—⁠“ദ വേൾഡ്‌ ബുക്ക്‌ എൻസൈക്ലോപീഡിയ.”

മഹാന്മാരായ ആളുകൾ മിക്കപ്പോഴും അവരുടെ പ്രവൃത്തികളുടെ പേരിലാണ്‌ അനുസ്‌മരിക്കപ്പെടുന്നത്‌. അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ്‌ അനേകർ യേശുവിനെ അവന്റെ പ്രവർത്തനങ്ങൾക്കു പകരം ജനനത്തെ ആസ്‌പദമാക്കി അനുസ്‌മരിക്കുന്നത്‌? ക്രൈസ്‌തവലോകത്തിലെ മിക്ക ആളുകൾക്കും അവന്റെ ജനനത്തോടു ബന്ധപ്പെട്ട സംഭവങ്ങൾ മനഃപാഠമാണ്‌. എന്നാൽ ഗിരിപ്രഭാഷണത്തിലേതുപോലുള്ള അവന്റെ അത്യുത്തമമായ പഠിപ്പിക്കലുകൾ എത്രപേർ ഓർമിക്കുന്നുണ്ട്‌, അവ ബാധകമാക്കാൻ എത്രപേർ ശ്രമിക്കുന്നുണ്ട്‌?

യേശുവിന്റെ ജനനം ശ്രദ്ധേയമായിരുന്നു എന്നതു ശരിതന്നെ. എന്നാൽ അവന്റെ ആദിമ ശിഷ്യർ അവന്റെ പ്രവർത്തനങ്ങൾക്കും പഠിപ്പിക്കലുകൾക്കുമാണ്‌ കൂടുതൽ പ്രാധാന്യം നൽകിയത്‌. തീർച്ചയായും ക്രിസ്‌തുവിന്റെ ജനനം, പക്വതയുള്ള ഒരു മനുഷ്യനെന്നനിലയിൽ അവൻ നയിച്ച ജീവിതത്തെക്കാൾ പ്രാധാന്യം ഉള്ളതായിത്തീരാൻ ദൈവം ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. എന്നിരുന്നാലും ക്രിസ്‌തുവിന്റെ ജനനത്തോടു ബന്ധപ്പെട്ട ഐതിഹ്യങ്ങളുടെ പുകമറയ്‌ക്കുള്ളിൽ ക്രിസ്‌തുവിന്റെ വ്യക്തിത്വം മറച്ചുകളയുന്നതിൽ ക്രിസ്‌തുമസ്സ്‌ വിജയിച്ചിരിക്കുന്നു.

ക്രിസ്‌തുമസ്സ്‌ ആഘോഷങ്ങളുടെ സ്വഭാവത്തോടു ബന്ധപ്പെട്ട്‌ അസ്വസ്ഥജനകമായ മറ്റൊരു ചോദ്യം ഉയർന്നു വരുന്നു: ഇന്ന്‌ യേശു ഭൂമിയിലേക്കു തിരികെ വന്നാൽ ക്രിസ്‌തുമസ്സുമായി ബന്ധപ്പെട്ട്‌ നടത്തുന്ന വൻതോതിലുള്ള ലാഭക്കച്ചവടത്തെക്കുറിച്ച്‌ അവൻ എന്തു വിചാരിക്കും? രണ്ടായിരം വർഷംമുമ്പ്‌ യേശു യെരൂശലേമിലെ ആലയം സന്ദർശിച്ചു. നാണയവിനിമയക്കാരും കച്ചവടക്കാരും യഹൂദന്മാരുടെ മതപരമായ ഒരു ഉത്സവത്തെ സാമ്പത്തിക ലാഭമുണ്ടാക്കാനുള്ള വേദിയാക്കി മാറ്റിയിരിക്കുന്ന കാഴ്‌ച അവനെ കോപാകുലനാക്കി. “ഇതു ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുത്‌” എന്ന്‌ അവൻ പറഞ്ഞു. (യോഹന്നാൻ 2:⁠13-16) വ്യക്തമായും കച്ചവടത്തെയും മതത്തെയും കൂട്ടിക്കുഴയ്‌ക്കുന്നതിന്‌ യേശു അംഗീകാരം നൽകിയില്ല.

സ്‌പെയിനിലെ ആത്മാർഥ ഹൃദയരായ പല കത്തോലിക്കരും ക്രിസ്‌തുമസ്സ്‌ ആഘോഷത്തിന്റെ വർധിച്ചുവരുന്ന വ്യാപാര സ്വഭാവത്തെക്കുറിച്ച്‌ ആശങ്ക പ്രകടിപ്പിക്കുന്നു. എന്നിരുന്നാലും, ക്രിസ്‌തുമസ്സിനോടു ബന്ധപ്പെട്ട പല ആചാരങ്ങളുടെയും വേരുകൾ കണക്കിലെടുക്കുമ്പോൾ ഈ കച്ചവട പ്രവണത ഒരുപക്ഷേ ഒഴിച്ചുകൂടാനാവാത്തതായിരിക്കാം. പത്രപ്രവർത്തകനായ ച്വാൻ ആര്യാസ്‌ പറയുന്നു: “ക്രിസ്‌തുമസ്സ്‌ ‘പുറജാതീയവത്‌കരിക്കപ്പെട്ടതും’ മതത്തെക്കാൾ ഉല്ലാസത്തിനും ഉപഭോഗത്തിനും പ്രാധാന്യം കൽപ്പിക്കുന്നതും ആയ [ഒരു ആഘോഷം] ആയിത്തീർന്നിരിക്കുന്നതിനെ ക്രിസ്‌ത്യാനിത്വത്തിനുള്ളിൽനിന്നുകൊണ്ട്‌ വിമർശിക്കുന്നവർ യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട ആചാരങ്ങൾ അവയുടെ ഉത്ഭവത്തിങ്കൽത്തന്നെ . . . റോമാക്കാരുടെ [സൂര്യനോടു ബന്ധപ്പെട്ട] പുറജാതീയ ഉത്സവത്തിന്റെ പല സവിശേഷതകളും സ്വീകരിച്ചിരുന്നു എന്ന സംഗതി സംബന്ധിച്ച്‌ പൊതുവേ അജ്ഞരാണ്‌.”​—⁠എൽ പായിസ്‌, 2001 ഡിസംബർ 24.

സമീപ വർഷങ്ങളിൽ, സ്‌പെയിനിലെ പല പത്രപ്രവർത്തകരും വിശ്വവിജ്ഞാനകോശങ്ങളും പരമ്പരാഗത ക്രിസ്‌തുമസ്സ്‌ ആഘോഷങ്ങളുടെ പുറജാതീയ ഉത്ഭവത്തെക്കുറിച്ചും അവയുടെ വ്യാപാര പരിവേഷത്തെക്കുറിച്ചും അഭിപ്രായം പറയുകയുണ്ടായി. ക്രിസ്‌തുമസ്സ്‌ ആഘോഷങ്ങളുടെ തീയതി സംബന്ധിച്ച്‌ എൻസിക്ലോപേഡിയാ ഡെ ലാ റേലിചോൻ കാറ്റോലികാ ഇങ്ങനെ തുറന്നുപറയുന്നു: “പുറജാതീയ ഉത്സവങ്ങളുടെ സ്ഥാനത്ത്‌ ക്രിസ്‌തീയ ഉത്സവങ്ങൾ പ്രതിഷ്‌ഠിക്കാനുള്ള പ്രവണതയുടെ ഭാഗമായാണെന്നു തോന്നുന്നു റോമാ സഭ ക്രിസ്‌തുമസ്സ്‌ ഈ തീയതിയിൽ ആഘോഷിക്കാൻ നിശ്ചയിച്ചത്‌ . . . അക്കാലത്ത്‌ റോമിൽ നാറ്റാലിസ്‌ ഇൻവിക്‌റ്റി അഥവാ ‘അജയ്യ സൂര്യന്റെ’ ജനനം പുറജാതികൾ ആഘോഷിച്ചിരുന്നത്‌ ഡിസംബർ 25-ന്‌ ആയിരുന്നു എന്ന്‌ നമുക്ക്‌ അറിയാം.”

എൻസിക്ലോപേഡിയാ ഇസ്‌പാനിക്കായും സമാനമായി അഭിപ്രായപ്പെടുന്നു: “ഡിസംബർ 25-ന്‌ ക്രിസ്‌തുമസ്സ്‌ ആഘോഷിക്കുന്നത്‌ ക്രിസ്‌തുവിന്റെ ജനനദിവസം സംബന്ധിച്ച കൃത്യമായ കാലഗണനയുടെ അടിസ്ഥാനത്തിലല്ല, മറിച്ച്‌ റോമിൽ ആഘോഷിച്ചിരുന്ന മകര സംക്രാന്തി ആഘോഷങ്ങളുടെ ക്രൈസ്‌തവവത്‌കരണത്തിന്റെ ഫലമായാണ്‌.” ഹേമന്ത സൂര്യന്റെ ഉദയം റോമാക്കാർ എങ്ങനെയാണ്‌ ആഘോഷിച്ചിരുന്നത്‌? സദ്യ ഒരുക്കുകയും തിന്നു കുടിച്ച്‌ തിമിർക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്‌തുകൊണ്ട്‌. വളരെ ജനപ്രീതിയുണ്ടായിരുന്ന ആ ഉത്സവം നിറുത്തലാക്കുന്നതിൽ വിമുഖരായിരുന്ന സഭാ അധികാരികൾ സൂര്യന്റെ ജനനം എന്നതിനു പകരം യേശുവിന്റെ ജനനം എന്നു വിളിച്ചുകൊണ്ട്‌ അതിനെ “ക്രൈസ്‌തവവത്‌കരിച്ചു.”

തുടക്കത്തിൽ, അതായത്‌ നാലും അഞ്ചും നൂറ്റാണ്ടുകളിൽ സൂര്യാരാധനയോടും അതിനോടു ബന്ധപ്പെട്ട ആചാരങ്ങളോടും ഉള്ള മമത ഉപേക്ഷിക്കുക അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ടാണ്‌ കത്തോലിക്കരുടെ “വിശുദ്ധനായ” അഗസ്റ്റിൻ (പൊതുയുഗം 354-430) സഹവിശ്വാസികളെ, പുറജാതിക്കാർ സൂര്യദേവന്റെ ബഹുമാനാർഥം ഡിസംബർ 25 ആഘോഷിച്ചിരുന്നതുപോലെ അവർ ആഘോഷിക്കരുതെന്ന്‌ ഉദ്‌ബോധിപ്പിച്ചത്‌. ഇന്നും പുരാതന റോമൻ ആചാരങ്ങളാണ്‌ ഏറിയകൂറും ക്രിസ്‌തുമസ്സ്‌ ആഘോഷങ്ങളെ സ്വാധീനിക്കുന്നതെന്നു തോന്നുന്നു.

ഉല്ലാസത്തിന്റെയും വ്യാപാരത്തിന്റെയും മഹോത്സവം

നൂറ്റാണ്ടുകളിലുടനീളം ക്രിസ്‌തുമസ്സിനെ ഏറ്റവും ജനപ്രീതിയുള്ള, ഉല്ലാസത്തിന്റെയും വ്യാപാരത്തിന്റെയും രാജ്യാന്തര ആഘോഷമായി മാറ്റിയെടുക്കുന്നതിൽ പല ഘടകങ്ങൾ നിർണായക പങ്കു വഹിച്ചിട്ടുണ്ട്‌. കൂടാതെ, മറ്റു ശീതകാല ഉത്സവങ്ങളുടെ​—⁠പ്രത്യേകിച്ച്‌ വടക്കൻ യൂറോപ്പിൽ ആഘോഷിക്കപ്പെടുന്നവയുടെ​—⁠ആചാരങ്ങൾ ക്രമേണ റോമിൽ ഉത്ഭവിച്ച ആഘോഷത്തിന്റെ ഭാഗമായിത്തീർന്നു. * 20-ാം നൂറ്റാണ്ടിൽ വിൽപ്പനക്കാരും വ്യാപാര വിദഗ്‌ധരും വൻലാഭമുണ്ടാക്കാൻ സഹായിക്കുന്ന ഏത്‌ ആചാരത്തെയും ഉന്നമിപ്പിക്കുന്നതിൽ ഉത്സാഹം കാണിച്ചു.

എന്താണ്‌ ഇതിന്റെയെല്ലാം ഫലം? ക്രിസ്‌തുവിന്റെ പിറവിക്കുള്ള പ്രാധാന്യത്തിനല്ല, പകരം അതിനോടു ബന്ധപ്പെട്ട ആഘോഷത്തിനാണ്‌ പ്രാമുഖ്യം കിട്ടിയിരിക്കുന്നത്‌. ക്രിസ്‌തുവിനെക്കുറിച്ചുള്ള പരാമർശംതന്നെ പരമ്പരാഗതമായ പല ക്രിസ്‌തുമസ്സ്‌ ആഘോഷങ്ങളിൽനിന്നും അപ്രത്യക്ഷമായിരിക്കുന്നു എന്നു പറയാം. സ്‌പെയിനിലെ വർത്തമാനപത്രമായ എൽ പായിസ്‌ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “[ക്രിസ്‌തുമസ്സ്‌] ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന ഒരു ഉത്സവമാണ്‌. അത്‌ ഒരു കുടുംബ ഉത്സവമാണ്‌. ഓരോരുത്തരും അവരുടേതായ വിധത്തിൽ അത്‌ ആഘോഷിക്കുന്നു.”

ഈ വാക്കുകൾ സ്‌പെയിനിലും ലോകമെമ്പാടുമുള്ള മറ്റു പല രാജ്യങ്ങളിലും വർധിച്ചുവന്നുകൊണ്ടിരിക്കുന്ന ഒരു പ്രവണതയിലേക്കു വിരൽ ചൂണ്ടുന്നു. ക്രിസ്‌തുമസ്സ്‌ ആഘോഷങ്ങൾ കൂടുതൽ കൂടുതൽ ആർഭാടമായിക്കൊണ്ടിരിക്കുന്നു, ക്രിസ്‌തുവിനെക്കുറിച്ചുള്ള പരിജ്ഞാനമാകട്ടെ കുറഞ്ഞുവരികയും. ചുരുക്കിപ്പറഞ്ഞാൽ, ക്രിസ്‌തുമസ്സ്‌ ആഘോഷങ്ങൾ ഏറിയകൂറും അതിന്റെ പിള്ളത്തൊട്ടിലായ റോമൻ കാലഘട്ടത്തിലെ അവസ്ഥയിലേക്കു തിരികെ പോയിരിക്കുന്നു, അതായത്‌ വിഭവസമൃദ്ധമായ സദ്യ ഒരുക്കുക, തിന്നു കുടിച്ച്‌ തിമിർക്കുക, സമ്മാനങ്ങൾ കൈമാറുക എന്നീ ചടങ്ങുകളിലേക്ക്‌.

നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു

പരമ്പരാഗത ക്രിസ്‌തുമസ്സ്‌ ആഘോഷങ്ങൾക്ക്‌ ക്രിസ്‌തുവുമായി ബന്ധമൊന്നുമില്ലെങ്കിൽ, സത്യക്രിസ്‌ത്യാനികൾ അവന്റെ ജനനത്തെയും ജീവിതത്തെയും അനുസ്‌മരിക്കേണ്ടത്‌ എങ്ങനെയാണ്‌? യേശുവിന്റെ ജനനത്തിന്‌ ഏഴു നൂറ്റാണ്ടുകൾക്കുമുമ്പ്‌ യെശയ്യാവ്‌ അവനെക്കുറിച്ച്‌ ഇങ്ങനെ പ്രവചിച്ചു: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്‌കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും.” (യെശയ്യാവു 9:⁠6) യേശുവിന്റെ ജനനവും അവന്റെ പിൽക്കാല പ്രവർത്തനവും വളരെ പ്രാധാന്യമുള്ളതാണെന്ന്‌ യെശയ്യാവ്‌ സൂചിപ്പിച്ചതെന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ, അവൻ ബലവാനായ ഒരു ഭരണാധികാരിയായിത്തീരുമായിരുന്നു. സമാധാനപ്രഭു എന്നു വിളിക്കപ്പെടുമായിരുന്ന അവന്റെ ഭരണത്തിനും ആ ഭരണത്തിൻകീഴിലെ സമാധാനത്തിനും ഒരിക്കലും അവസാനമുണ്ടായിരിക്കുമായിരുന്നില്ല. കൂടുതലായി, യേശുവിന്റെ ഭരണാധിപത്യം “ന്യായത്തോടും നീതിയോടും കൂടെ” നിലനിൽക്കുമായിരുന്നു.​—⁠യെശയ്യാവു 9:⁠7.

മറിയയോട്‌ യേശുവിന്റെ ജനനത്തെക്കുറിച്ചു പറഞ്ഞപ്പോൾ ഗബ്രീയേൽ ദൂതൻ, യെശയ്യാവിന്റെ പ്രഖ്യാപനം ആവർത്തിച്ചു. ഗബ്രീയേൽ ഇങ്ങനെ പ്രവചിച്ചു: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും. അവൻ യാക്കോബ്‌ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല.” (ലൂക്കൊസ്‌ 1:⁠32, 33) വ്യക്തമായും യേശുവിന്റെ ജനനത്തിന്റെ മുഖ്യപ്രാധാന്യം നിലകൊള്ളുന്നത്‌ ദൈവരാജ്യത്തിന്റെ നിയുക്ത രാജാവെന്ന നിലയിൽ അവൻ ചെയ്യാൻപോകുന്ന കാര്യങ്ങളിലാണ്‌. അവന്റെ ഭരണത്തിൽനിന്ന്‌ എല്ലാവർക്കും​—⁠നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും ഉൾപ്പെടെ​—⁠പ്രയോജനം അനുഭവിക്കാൻ കഴിയും. വാസ്‌തവത്തിൽ, അവന്റെ ജനനം “ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” വരുത്തുമെന്നാണ്‌ ദൂതന്മാർ സൂചിപ്പിച്ചത്‌.​—⁠ലൂക്കൊസ്‌ 2:14.

സമാധാനവും നീതിയും കളിയാടുന്ന ഒരു ലോകത്തിൽ ജീവിക്കാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്‌? എന്നാൽ ക്രിസ്‌തുവിന്റെ ഭരണത്തിൻകീഴിലെ സമാധാനത്തിൽ ജീവിക്കുന്നതിന്‌ നാം ദൈവത്തെ പ്രസാദിപ്പിക്കുകയും അവനുമായി നല്ല ബന്ധം നിലനിറുത്തുകയും ചെയ്യേണ്ടതുണ്ട്‌. അത്തരമൊരു ബന്ധത്തിനുള്ള ആദ്യപടി ദൈവത്തെയും ക്രിസ്‌തുവിനെയും കുറിച്ചു മനസ്സിലാക്കുക എന്നതാണെന്ന്‌ യേശു പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.”​—⁠യോഹന്നാൻ 17:⁠3.

യേശുവിനെക്കുറിച്ചുള്ള സൂക്ഷ്‌മ പരിജ്ഞാനം നേടിക്കഴിഞ്ഞാൽ, അവനെ നാം ഏതു വിധത്തിൽ അനുസ്‌മരിക്കാനാണ്‌ അവൻ ആഗ്രഹിക്കുന്നത്‌ എന്നതു സംബന്ധിച്ച്‌ നമുക്ക്‌ യാതൊരു സംശയവും ഉണ്ടായിരിക്കേണ്ടതില്ല. ഒരു പുരാതന പുറജാതീയ ഉത്സവത്തിന്റെ അതേ തീയതിയിൽ തിന്നുകയും കുടിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്‌തുകൊണ്ടായിരിക്കുമോ യേശുവിനെ അനുസ്‌മരിക്കേണ്ടത്‌? അങ്ങനെയാകാൻ ഒരു സാധ്യതയുമില്ല. താൻ എന്താണ്‌ ആഗ്രഹിക്കുന്നതെന്ന്‌, തന്റെ മരണത്തിന്റെ തലേ രാത്രിയിൽ യേശു ശിഷ്യന്മാരോടു പറഞ്ഞു. ‘എന്റെ കല്‌പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്‌നേഹിക്കുന്നവൻ ആകുന്നു; എന്നെ സ്‌നേഹിക്കുന്നവനെ എന്റെ പിതാവു സ്‌നേഹിക്കുന്നു; ഞാനും അവനെ സ്‌നേഹിക്കുന്നു.’​—⁠യോഹന്നാൻ 14:⁠21.

യഹോവയുടെ സാക്ഷികൾ വിശുദ്ധ തിരുവെഴുത്തുകൾ സമഗ്രമായി പഠിച്ചിരിക്കുന്നു. ഇത്‌ ദൈവത്തിന്റെയും യേശുവിന്റെയും കൽപ്പനകൾ മനസ്സിലാക്കാൻ അവരെ സഹായിച്ചിട്ടുണ്ട്‌. യേശുവിനെ അനുസ്‌മരിക്കേണ്ട വിധത്തിൽത്തന്നെ അനുസ്‌മരിക്കാൻ കഴിയേണ്ടതിന്‌ മർമപ്രധാനമായ ആ കൽപ്പനകൾ സംബന്ധിച്ച ഉൾക്കാഴ്‌ച നേടാൻ നിങ്ങളെ സഹായിക്കുന്നതിൽ അവർ സന്തോഷമുള്ളവരാണ്‌.

[അടിക്കുറിപ്പ്‌]

^ ഖ. 11 ക്രിസ്‌തുമസ്സ്‌ ട്രീയും സാന്റാക്ലോസും രണ്ടു മികച്ച ഉദാഹരണങ്ങളാണ്‌.

[6, 7 പേജുകളിലെ ചതുരം/ചിത്രങ്ങൾ]

വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതോ സമ്മാനങ്ങൾ കൊടുക്കുന്നതോ ബൈബിൾ നിരുത്സാഹപ്പെടുത്തുന്നുണ്ടോ?

സമ്മാനങ്ങൾ കൊടുക്കൽ

സമ്മാനങ്ങൾ കൊടുക്കുന്നതു ബൈബിൾ അംഗീകരിക്കുകയാണു ചെയ്യുന്നത്‌. “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും” നൽകുന്നവൻ എന്നാണ്‌ അത്‌ യഹോവയെത്തന്നെ വിശേഷിപ്പിക്കുന്നത്‌. (യാക്കോബ്‌ 1:⁠17) നല്ലവരായ മാതാപിതാക്കൾ മക്കൾക്ക്‌ സമ്മാനങ്ങൾ നൽകുമെന്ന്‌ യേശു സൂചിപ്പിക്കുകയുണ്ടായി. (ലൂക്കൊസ്‌ 11:⁠11-13) ആരോഗ്യം വീണ്ടെടുത്ത ഇയ്യോബിന്‌ അവന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും സമ്മാനങ്ങൾ നൽകി. (ഇയ്യോബ്‌ 42:⁠11) എന്നാൽ അത്തരം കൊടുക്കലൊന്നും ഏതെങ്കിലും പ്രത്യേക ആഘോഷ ദിവസത്തോടനുബന്ധിച്ചല്ല, അതു ഹൃദയപ്രേരിതമാണ്‌.​—⁠2 കൊരിന്ത്യർ 9:⁠7.

കുടുംബമൊന്നിച്ചുള്ള കൂടിവരവുകൾ

അത്തരം കൂടിവരവുകൾക്ക്‌ കുടുംബാംഗങ്ങളെ ഒരുമയുള്ളവരാക്കുന്നതിൽ ഒരു വലിയ പങ്കുണ്ട്‌, അവർ ഒരുമിച്ചല്ല താമസിക്കുന്നതെങ്കിൽ വിശേഷിച്ചും. യേശുവും ശിഷ്യന്മാരും കാനായിൽ ഒരു വിവാഹ വിരുന്നിൽ പങ്കെടുത്തു. നിസ്സംശയമായും, അത്‌ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ ഉൾപ്പെടുന്ന ഒരു വലിയ കൂടിവരവായിരുന്നു. (യോഹന്നാൻ 2:⁠1-10) ധൂർത്തപുത്രനെ സംബന്ധിച്ച യേശുവിന്റെ ദൃഷ്ടാന്തത്തിൽ, മകന്റെ തിരിച്ചുവരവ്‌ സംഗീതവും നൃത്തവും ഉൾപ്പെട്ട ഒരു കുടുംബ വിരുന്നോടെയാണ്‌ പിതാവ്‌ ആഘോഷിച്ചത്‌.​—⁠ലൂക്കൊസ്‌ 15:⁠21-25.

രുചികരമായ ഭക്ഷണം ആസ്വദിക്കൽ

കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ അല്ലെങ്കിൽ സഹാരാധകർ എന്നിവരോടൊപ്പം ദൈവദാസർ രുചികരമായ ഭക്ഷണം ആസ്വദിക്കുന്നതിനെക്കുറിച്ച്‌ ബൈബിളിൽ കൂടെക്കൂടെ പറയുന്നുണ്ട്‌. മൂന്നു ദൂതന്മാർ അബ്രാഹാമിനെ സന്ദർശിച്ചപ്പോൾ, അവൻ കാളക്കുട്ടിയുടെ മാംസം, പാൽ, വെണ്ണ, അപ്പം എന്നിവ ഉൾപ്പെടുന്ന ഒരു സദ്യയൊരുക്കി. (ഉല്‌പത്തി 18:⁠6-8) ‘തിന്നു കുടിച്ചു സന്തോഷിക്കുന്നതു’ ദൈവത്തിന്റെ ദാനമാണെന്ന്‌ ശലോമോൻ വിശദീകരിച്ചു.​—⁠സഭാപ്രസംഗി 3:⁠13; 8:⁠15.

അപ്പോൾ വ്യക്തമായും നാം കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരോടൊത്തു രുചികരമായ ഭക്ഷണം ആസ്വദിക്കാൻ ദൈവം ആഗ്രഹിക്കുന്നു. മാത്രമല്ല, സമ്മാനങ്ങൾ കൊടുക്കുന്നതും അവൻ അംഗീകരിക്കുന്നു. വർഷത്തിലുടനീളം എപ്പോൾ വേണമെങ്കിലും അങ്ങനെ ചെയ്യുന്നതിനുള്ള ധാരാളം അവസരങ്ങൾ നമുക്കുണ്ട്‌.