വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മരണം മരവിപ്പിക്കുന്ന ഒരു യാഥാർഥ്യം!

മരണം മരവിപ്പിക്കുന്ന ഒരു യാഥാർഥ്യം!

മരണം മരവിപ്പിക്കുന്ന ഒരു യാഥാർഥ്യം!

“പിറന്നുവീഴുന്ന നിമിഷംമുതൽ അടുത്ത ഏതുനിമിഷവും മരണത്തിനു കീഴടങ്ങാനുള്ള സാധ്യതയാണ്‌ ഒരു മനുഷ്യനു മുമ്പിലുള്ളത്‌,” ബ്രിട്ടീഷ്‌ ചരിത്രകാരൻ ആർനൊൾഡ്‌ ടോയിൻബി എഴുതി. “ഈ സാധ്യത ഒടുവിൽ ഒരു വസ്‌തുതയായി മാറുന്നു,” അദ്ദേഹം തുടർന്നു. പ്രിയപ്പെട്ട ഒരു കുടുംബാംഗത്തെയോ ഒരു ഉറ്റ സുഹൃത്തിനെയോ മരണം തട്ടിയെടുക്കുമ്പോൾ ഉണ്ടാകുന്ന വേദന എത്ര തീവ്രമാണ്‌!

ആയിരക്കണക്കിനു വർഷങ്ങളായി മരണം മനുഷ്യകുലത്തിനു മരവിപ്പിക്കുന്ന ഒരു യാഥാർഥ്യമായിരുന്നിട്ടുണ്ട്‌. നമ്മുടെ പ്രിയപ്പെട്ട ആരെങ്കിലും മരണത്താൽ വേർപിരിയുമ്പോൾ നാം നിസ്സഹായതയുടെ ആഴക്കയത്തിലേക്ക്‌ ആണ്ടുപോകുന്നു. കുടിൽതൊട്ടു കൊട്ടാരംവരെ മരണം കയറിയിറങ്ങുന്നു. അത്‌ ആരെയും വിടില്ല. “മരണം വരുത്തിവെക്കുന്ന ദുഃഖത്തിനുമുമ്പിൽ നാമെല്ലാം ഒന്നുമറിയില്ലാത്ത കുട്ടികളെപ്പോലെയാണ്‌. അറിവുള്ളവനും ഇല്ലാത്തവനും തമ്മിൽ ഇക്കാര്യത്തിൽ ഒരു അന്തരവുമില്ല. അതിബുദ്ധിമാന്മാർക്കുപോലും ഇതേക്കുറിച്ച്‌ ഒന്നുമറിയില്ല,” 19-ാം നൂറ്റാണ്ടിലെ ഒരു പ്രബന്ധകാരൻ എഴുതി. സാഹചര്യത്തിനു മാറ്റംവരുത്താൻ ഒന്നും ചെയ്യാനാകാത്ത നിസ്സഹായരായ കൊച്ചുകുട്ടികളെപ്പോലെ ആയിത്തീരുന്നു നമ്മൾ. വന്നുപോയ നഷ്ടം നികത്താൻ പണത്തിനോ അധികാരത്തിനോ കഴിയില്ല. ജ്ഞാനികളും ബുദ്ധിരാക്ഷസന്മാരും ഇവിടെ ഉത്തരമില്ലാതെ വലയുന്നു. മനക്കരുത്തുള്ളവർ വിങ്ങിക്കരയുന്നു, തീർത്തും ബലഹീനരെപ്പോലെ.

പുരാതന ഇസ്രായേലിലെ രാജാവായിരുന്ന ദാവീദ്‌, മകൻ അബ്‌ശാലോം മരിച്ചപ്പോൾ അത്തരം കഠിനമായ ഹൃദയവ്യഥ അനുഭവിച്ചു. മകന്റെ മരണവാർത്ത കേട്ട രാജാവ്‌ പൊട്ടിക്കരഞ്ഞു. അവൻ ഇങ്ങനെ വിലപിച്ചു: “എന്റെ മകനേ, അബ്‌ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്‌ശാലോമേ, ഞാൻ നിനക്കു പകരം മരിച്ചെങ്കിൽ കൊള്ളായിരുന്നു; അബ്‌ശാലോമേ, എന്റെ മകനേ, എന്റെ മകനേ!” (2 ശമൂവേൽ 18:33) പ്രബല ശത്രുക്കളെ അടിയറവു പറയിച്ച കരുത്തനായ ഈ രാജാവിന്റെ മകനെ ‘ഒടുക്കത്തെ ശത്രുവായ മരണം’ തട്ടിയെടുത്തപ്പോൾ മകന്റെ സ്ഥാനത്തു താൻ മരിച്ചിരുന്നെങ്കിലെന്ന്‌ വെറുതെ ആശിക്കാനല്ലാതെ മറ്റൊന്നും ചെയ്യാൻ അവനു കഴിയുമായിരുന്നില്ല.​—⁠1 കൊരിന്ത്യർ 15:26.

മരണത്തിന്‌ ഒരു നീക്കുപോക്കുണ്ടോ? ഉണ്ടെങ്കിൽ മരിച്ചുപോയവർക്ക്‌ എന്തു പ്രത്യാശയാണുള്ളത്‌? നമ്മുടെ മരിച്ചുപോയ പ്രിയപ്പെട്ടവരെ വീണ്ടും കാണാനാകുമോ? അടുത്ത ലേഖനത്തിൽ ഈ ചോദ്യങ്ങൾക്കുള്ള തിരുവെഴുത്തധിഷ്‌ഠിതമായ ഉത്തരമുണ്ട്‌.