വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയെ സേവിക്കാനുള്ള ദൃഢതീരുമാനം

യഹോവയെ സേവിക്കാനുള്ള ദൃഢതീരുമാനം

ജീവിത കഥ

യഹോവയെ സേവിക്കാനുള്ള ദൃഢതീരുമാനം

റൈമോ ക്വോക്കാനെൻ പറഞ്ഞപ്രകാരം

1939-ൽ യൂറോപ്പിൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. എന്റെ മാതൃദേശമായ ഫിൻലൻഡിനെ സോവിയറ്റ്‌ യൂണിയൻ ആക്രമിച്ചു. എന്റെ പിതാവ്‌, ഫിന്നിഷ്‌ സേനയിൽ ചേർന്നു. താമസിയാതെ റഷ്യയുടെ പോർവിമാനങ്ങൾ ഞങ്ങൾ താമസിച്ചിരുന്ന നഗരത്തിൽ ബോംബ്‌ വർഷിക്കാൻ തുടങ്ങി. സുരക്ഷയെപ്രതി അമ്മ എന്നെ വല്യമ്മയുടെ അടുത്തേക്ക്‌ അയച്ചു.

പൂർവാഫ്രിക്കയിലെ ഉഗാണ്ടയിൽ ഞാനൊരു മിഷനറിയായി സേവിക്കുന്ന കാലം. 1971-ൽ ഒരു ദിവസം ഞാൻ വീടുതോറുമുള്ള സേവനത്തിൽ ഏർപ്പെട്ടിരിക്കെ, പേടിച്ചരണ്ട നിരവധി ആളുകൾ ഓടിപ്പോകുന്നതു ഞാൻ കണ്ടു. വെടിയൊച്ച കേട്ട്‌ ഞാനും വീടിനെ ലക്ഷ്യമാക്കി പാഞ്ഞു. വെടിയൊച്ച കുറെക്കൂടെ അടുത്തുവന്നപ്പോൾ ഞാൻ റോഡരികിലൂടെ കുഴിച്ചിരുന്ന ഒരു കിടങ്ങിലേക്കു ചാടി. തലയ്‌ക്കു മുകളിലൂടെ വെടിയുണ്ടകൾ ചീറിപ്പാഞ്ഞുകൊണ്ടിരിക്കെ ഞാൻ മുട്ടിൽ ഇഴഞ്ഞ്‌ എന്റെ വീടിനുള്ളിലേക്കു കടന്നു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെടാൻ എനിക്ക്‌ ഒന്നുംതന്നെ ചെയ്യാനായില്ല. എന്നാൽ ഞാനും ഭാര്യയും പൂർവാഫ്രിക്കയിൽവെച്ചു പ്രശ്‌നങ്ങൾ നേരിടാൻ തയ്യാറായത്‌ എന്തുകൊണ്ടാണ്‌? അതിനുള്ള ഉത്തരം യഹോവയെ സേവിക്കാനുള്ള ഞങ്ങളുടെ ദൃഢതീരുമാനവുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു.

ദൃഢതീരുമാനത്തിന്റെ തുടക്കം

ഫിൻലൻഡിലെ ഹെൽസിങ്കിയിൽ 1934-ലാണു ഞാൻ ജനിച്ചത്‌. എന്റെ പിതാവ്‌ ഒരു പെയിന്റർ ആയിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്‌ യഹോവയുടെ സാക്ഷികളുടെ ഫിൻലൻഡിലെ ബ്രാഞ്ച്‌ ഓഫീസ്‌ പെയിന്റടിക്കാൻ പോകേണ്ടിവന്നു. അവിടെവെച്ച്‌ അദ്ദേഹം സാക്ഷികളുടെ സഭായോഗങ്ങളെക്കുറിച്ചു കേട്ടു. വീട്ടിൽ വന്നപ്പോൾ അദ്ദേഹം അമ്മയോട്‌ അക്കാര്യം പറഞ്ഞു. അമ്മ യോഗങ്ങൾക്കു പോകാൻ തുടങ്ങിയില്ലെങ്കിലും പിന്നീട്‌ സഹജോലിക്കാരിയായ ഒരു സാക്ഷിയുമൊത്ത്‌ ബൈബിൾവിഷയങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി. പഠിച്ച കാര്യങ്ങളോടു വളരെയേറെ വിലമതിപ്പുണ്ടായിരുന്ന അമ്മ 1940-ൽ സ്‌നാപനമേറ്റ്‌ യഹോവയുടെ സാക്ഷിയായിത്തീർന്നു.

അതിനു തൊട്ടുമുമ്പ്‌, രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത്‌ വല്യമ്മ ഗ്രാമപ്രദേശത്തുള്ള അവരുടെ വീട്ടിലേക്ക്‌ എന്നെ കൊണ്ടുപോയിരുന്നു. ഹെൽസിങ്കിയിലായിരുന്ന അമ്മ തന്റെ അനുജത്തിക്കും അമ്മയ്‌ക്കും യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ട്‌ കത്തുകൾ എഴുതാൻ തുടങ്ങി. അതിൽ താത്‌പര്യംതോന്നിയ അവർ ഇരുവരും പഠിക്കുന്ന കാര്യങ്ങൾ എന്നോടു പറയുമായിരുന്നു. യഹോവയുടെ സാക്ഷികളുടെ സഞ്ചാര പ്രതിനിധികൾ വല്യമ്മയുടെ ഭവനത്തിൽവന്നു ഞങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിലും ദൈവത്തെ സേവിക്കാൻ ഞാൻ അപ്പോഴും ദൃഢനിശ്ചയം ചെയ്‌തിരുന്നില്ല.

ദിവ്യാധിപത്യ പരിശീലനത്തിന്റെ തുടക്കം

1945-ൽ യുദ്ധം അവസാനിച്ചപ്പോൾ ഞാൻ ഹെൽസിങ്കിയിലേക്കു തിരികെപ്പോയി. അമ്മ എന്നെ യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു കൂട്ടിക്കൊണ്ടുപോകാൻ തുടങ്ങി. ചിലപ്പോൾ യോഗങ്ങൾക്കുപകരം സിനിമയ്‌ക്കാണ്‌ ഞാൻ പോയിരുന്നത്‌. എന്നാൽ അമ്മ യോഗങ്ങളിൽ താൻ ശ്രദ്ധിച്ച പ്രസംഗത്തെക്കുറിച്ച്‌ എന്നോടു സംസാരിക്കുമായിരുന്നു. കൂടെക്കൂടെ അമ്മ ഒരു കാര്യം ഊന്നിപ്പറഞ്ഞിരുന്നു: അർമഗെദോൻ വളരെ അടുത്തിരിക്കുന്നു. അതു ബോധ്യമായ ഞാൻ യോഗങ്ങൾക്കു മുടങ്ങാതെ ഹാജരായിത്തുടങ്ങി. ബൈബിൾ സത്യം സംബന്ധിച്ച എന്റെ അറിവ്‌ വർധിച്ചതോടെ സഭാ പ്രവർത്തനങ്ങളിൽ പങ്കുപറ്റാനുള്ള ആഗ്രഹവും തീക്ഷ്‌ണമായി.

സമ്മേളനങ്ങളും കൺവെൻഷനുകളും ഞാൻ ഏറെ ആസ്വദിച്ചിരുന്നു. 1948-ലെ വേനലവധി ചെലവഴിക്കാനായി വല്യമ്മയുടെ വീട്ടിൽവന്ന ഞാൻ അതിനടുത്തുവെച്ചു നടന്ന ഒരു ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ സംബന്ധിച്ചു. ആ കൺവെൻഷനിൽവെച്ച്‌ സ്‌നാപനമേൽക്കാൻ പോകുകയായിരുന്ന എന്റെ ഒരു സുഹൃത്ത്‌ എന്നെയും സ്‌നാപനമേൽക്കാൻ ക്ഷണിച്ചു. അതിനു പറ്റിയ വസ്‌ത്രങ്ങളൊന്നും ഞാൻ കൊണ്ടുവന്നിട്ടില്ലെന്നു പറഞ്ഞപ്പോൾ, സ്‌നാപനമേറ്റിട്ട്‌ തന്റെ വസ്‌ത്രം തരാമെന്നായി അവൻ. ഞാൻ സമ്മതിച്ചു. അങ്ങനെ 1948 ജൂൺ 27-ന്‌ 13-ാം വയസ്സിൽ ഞാൻ സ്‌നാപനമേറ്റു.

കൺവെൻഷനുശേഷം, ഞാൻ സ്‌നാപനമേറ്റ കാര്യം അമ്മയുടെ ചില സുഹൃത്തുക്കളിൽനിന്ന്‌ അമ്മ കേട്ടു. പിന്നീട്‌ എന്നെ കണ്ടപ്പോൾ തന്നോട്‌ ഒന്നാലോചിക്കുകപോലും ചെയ്യാതെ ഇത്രയും പ്രധാനപ്പെട്ട ഒരു പടി സ്വീകരിച്ചതിന്റെ കാരണം എന്താണെന്ന്‌ അമ്മ എന്നോടു ചോദിച്ചു. ഞാൻ അടിസ്ഥാന ബൈബിൾ പഠിപ്പിക്കലുകൾ മനസ്സിലാക്കിയിട്ടുണ്ടെന്നും എന്റെ പ്രവർത്തനഗതിക്കു ഞാൻ യഹോവയോടു കണക്കുബോധിപ്പിക്കേണ്ടിവരുമെന്ന്‌ എനിക്ക്‌ അറിയാമെന്നും ഞാൻ മറുപടി പറഞ്ഞു.

എന്റെ തീരുമാനത്തിനു കരുത്തേറുന്നു

യഹോവയെ സേവിക്കാനുള്ള തീരുമാനം ദൃഢമാക്കാൻ സഭയിലെ സഹോദരങ്ങൾ എന്നെ സഹായിച്ചു. വീടുതോറുമുള്ള ശുശ്രൂഷയ്‌ക്ക്‌ അവർ എന്നെ കൂട്ടിക്കൊണ്ടുപോകുകയും മിക്കവാറും എല്ലാ ആഴ്‌ചയിലും യോഗങ്ങളിൽ ഏതെങ്കിലും പരിപാടി നടത്താനുള്ള നിയമനം നൽകുകയും ചെയ്യുമായിരുന്നു. (പ്രവൃത്തികൾ 20:20) 16 വയസ്സുള്ളപ്പോഴാണ്‌ ഞാൻ ആദ്യത്തെ പരസ്യപ്രസംഗം നടത്തുന്നത്‌. അധികം താമസിയാതെ ഞങ്ങളുടെ സഭയിൽ എന്നെ ബൈബിളധ്യയന ദാസനായി നിയമിച്ചു. അത്തരത്തിലുള്ള എല്ലാ ആത്മീയ പ്രവർത്തനങ്ങളും പക്വതയിലേക്ക്‌ എന്നെ കൈപിടിച്ചുയർത്തി. എങ്കിലും മാനുഷഭയത്തെ ഞാൻ കീഴ്‌പെടുത്തേണ്ടതുണ്ടായിരുന്നു.

അക്കാലത്ത്‌ പരസ്യബോർഡുകൾ ഉപയോഗിച്ചുകൊണ്ട്‌ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷന്റെ പരസ്യപ്രസംഗം ഞങ്ങൾ പരസ്യപ്പെടുത്തുമായിരുന്നു. മേൽഭാഗം ചരടുകൊണ്ടു ബന്ധിച്ചതും ഒരാൾക്ക്‌ തന്റെ തോളുകളിലൂടെ തൂക്കിയിടാവുന്നതും അയാളുടെ മുൻഭാഗവും പിൻഭാഗവും മറഞ്ഞു കിടക്കുന്നതുമായ രണ്ടു പ്ലാക്കാർഡുകളായിരുന്നു ഓരോ ബോർഡും. അക്കാരണത്താൽ ചിലർ ഞങ്ങളെ ‘സാൻഡ്‌വിച്ച്‌ മെൻ’ എന്നാണു വിളിച്ചിരുന്നത്‌.

ഒരിക്കൽ ഒരു ഒഴിഞ്ഞ കോണിൽ ഇത്തരമൊരു ബോർഡും ധരിച്ചുകൊണ്ടു നിൽക്കുന്ന സമയത്ത്‌ കുറെ സഹപാഠികൾ അതുവഴി വന്നു. എന്റെ അടുത്തുകൂടെ കടന്നുപോയപ്പോഴുള്ള അവരുടെ കണ്ണുകളിലെ ഭാവം എന്നെ പേടിപ്പിച്ചുകളഞ്ഞു. ധൈര്യത്തിനായി യഹോവയോടു പ്രാർഥിച്ചുകൊണ്ട്‌ ഞാൻ അനങ്ങാതെ നിന്നു. ആ അവസരത്തിൽ മാനുഷഭയത്തെ നേരിട്ടത്‌ ക്രിസ്‌തീയ നിഷ്‌പക്ഷതയുടെ വലിയ പരിശോധന നേരിടാൻ എന്നെ സജ്ജനാക്കി.

പിന്നീട്‌, സൈനിക സേവനത്തിനായി റിപ്പോർട്ടു ചെയ്യാൻ എനിക്കും യുവസാക്ഷികളായ കുറെപ്പേർക്കും ഗവൺമെന്റ്‌ ഉത്തരവ്‌ ലഭിച്ചു. അതിൻപ്രകാരം ഞങ്ങൾ മിലിട്ടറി ഓഫീസിൽ ചെന്നെങ്കിലും യൂണിഫാറം ധരിക്കാൻ ആദരപൂർവം വിസമ്മതിച്ചു. സൈനിക ഉദ്യോഗസ്ഥർ ഞങ്ങളെ അവിടെ തടഞ്ഞുവെച്ചു. താമസിയാതെതന്നെ ഒരു കോടതി ഞങ്ങളെ ആറു മാസത്തെ തടവിനു വിധിച്ചു. സൈന്യത്തിൽ ചെലവഴിക്കേണ്ടിയിരുന്ന എട്ടു മാസംകൂടെ ഞങ്ങൾക്കു ജയിലിൽ കിടക്കേണ്ടിവന്നു. അങ്ങനെ നിഷ്‌പക്ഷ നിലപാടു നിമിത്തം ഞങ്ങൾ മൊത്തം 14 മാസത്തെ ജയിൽവാസം അനുഭവിച്ചു.

ജയിലിലായിരിക്കെ ബൈബിൾ വിഷയങ്ങൾ ചർച്ച ചെയ്യാനായി ഞങ്ങൾ ദിവസവും ഒന്നിച്ചുകൂടുമായിരുന്നു. ജയിലിൽ ചെലവഴിച്ച ആ സമയത്ത്‌ ഞങ്ങളിൽ പലരും ബൈബിൾ രണ്ടു തവണ വായിച്ചു. ശിക്ഷയുടെ കാലാവധി തീർന്നപ്പോൾ, യഹോവയെ സേവിക്കാൻ പൂർവാധികം ദൃഢചിത്തരായാണ്‌ ഞങ്ങളിൽ മിക്കവരും ജയിലിൽനിന്നു പോയത്‌. അക്കൂട്ടത്തിലുണ്ടായിരുന്ന പലരും ഇപ്പോഴും യഹോവയെ വിശ്വസ്‌തതയോടെ സേവിച്ചുകൊണ്ടിരിക്കുന്നു.

ജയിൽ മോചിതനായശേഷം ഞാൻ എന്റെ മാതാപിതാക്കളുടെ അടുക്കലേക്കു തിരികെപ്പോയി. അവിടെച്ചെന്ന്‌ അധികം കഴിയുന്നതിനു മുമ്പ്‌, വീര എന്നു പേരുള്ള ഒരു സഹോദരിയെ ഞാൻ കണ്ടുമുട്ടി. സ്‌നാപനമേറ്റിട്ട്‌ അധികനാൾ ആയിട്ടില്ലായിരുന്നെങ്കിലും തീക്ഷ്‌ണതയുള്ള ഒരു സാക്ഷിയായിരുന്നു അവൾ. പരസ്‌പരം അടുത്തറിഞ്ഞശേഷം 1957-ൽ ഞങ്ങൾ വിവാഹിതരായി.

ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു ദിവസം

ഒരു ദിവസം ഞങ്ങൾ ബ്രാഞ്ച്‌ ഓഫീസിൽനിന്നുള്ള ഉത്തരവാദിത്വം വഹിക്കുന്ന ചില സഹോദരങ്ങളോടൊപ്പം ആയിരിക്കെ, സർക്കിട്ട്‌ വേലയ്‌ക്കു പോകാൻ താത്‌പര്യമുണ്ടോയെന്ന്‌ അവരിൽ ഒരാൾ ഞങ്ങളോടു ചോദിച്ചു. രാത്രി മുഴുവൻ പ്രാർഥിച്ചശേഷം, നിയമനം ഏറ്റെടുക്കാൻ ഞങ്ങൾ തയ്യാറാണെന്ന്‌ ബ്രാഞ്ചിലേക്കു ഫോൺവിളിച്ച്‌ അറിയിച്ചു. മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കാനായി എനിക്ക്‌ നല്ല ശമ്പളമുള്ള ജോലി വിടേണ്ടിവരുമായിരുന്നു. എങ്കിലും രാജ്യം ജീവിതത്തിൽ ഒന്നാമതു വെക്കാൻ ഞങ്ങൾ ദൃഢചിത്തരായിരുന്നു. 1957-ൽ സർക്കിട്ട്‌ വേല ഏറ്റെടുക്കുമ്പോൾ എനിക്ക്‌ 23-ഉം വീരയ്‌ക്കു 19-ഉം വയസ്സായിരുന്നു. തുടർന്നുവന്ന മൂന്നു വർഷക്കാലത്ത്‌ യഹോവയുടെ സാക്ഷികളുടെ ഫിൻലൻഡിലെ സഭകൾ സന്ദർശിക്കുന്നതും ശക്തിപ്പെടുത്തുന്നതും ഞങ്ങൾ ആസ്വദിച്ചു.

1960-ന്റെ രണ്ടാം പകുതിയിൽ, ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിൽ സംബന്ധിക്കാനുള്ള ക്ഷണം എനിക്കു ലഭിച്ചു. ഫിൻലൻഡിൽനിന്നുള്ള ഞങ്ങൾ മൂന്നുപേർ ബ്രാഞ്ച്‌ പ്രവർത്തനത്തിന്റെ പരിശീലനവുമായി ബന്ധപ്പെട്ട പത്തു മാസത്തെ ഒരു പ്രത്യേക കോഴ്‌സിൽ സംബന്ധിക്കണമായിരുന്നു. ആ സമയത്ത്‌ ഞങ്ങളുടെ ഭാര്യമാർ ഒപ്പമുണ്ടായിരുന്നില്ല, അവർ ഫിൻലൻഡിലെ ബ്രാഞ്ച്‌ ഓഫീസിൽ സേവിച്ചു.

കോഴ്‌സ്‌ തീരുന്നതിനു തൊട്ടുമുമ്പ്‌, യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക വേലയ്‌ക്കു നേതൃത്വം വഹിച്ചിരുന്ന നേഥൻ എച്ച്‌. നോറിന്റെ ഓഫീസിൽ ചെല്ലാൻ എനിക്കു നിർദേശം ലഭിച്ചു. അദ്ദേഹം എനിക്കും ഭാര്യക്കും ഇപ്പോൾ മഡഗാസ്‌കർ എന്നറിയപ്പെടുന്ന മലഗാസി റിപ്പബ്ലിക്കിലേക്കു മിഷനറി നിയമനം നൽകി. പ്രസ്‌തുത നിയമനത്തെക്കുറിച്ച്‌ വീരയുടെ അഭിപ്രായം ആരാഞ്ഞുകൊണ്ട്‌ ഞാൻ അവൾക്ക്‌ എഴുതി. അവൾ ഉടൻതന്നെ അതിനു സമ്മതിച്ചു. ഞാൻ ഫിൻലൻഡിലേക്കു മടങ്ങിവന്നശേഷം, ഞങ്ങൾ മഡഗാസ്‌കറിലേക്കു പോകാൻ തിരക്കിട്ട്‌ തയ്യാറെടുപ്പുകൾ നടത്തി.

സന്തോഷവും സന്താപവും

1962 ജനുവരിയിൽ ഞങ്ങൾ മഡഗാസ്‌കറിന്റെ തലസ്ഥാനമായ ആന്റനാനറിവോയിലേക്കു പറന്നു. ഫിൻലൻഡിൽ ശൈത്യകാലമായിരുന്നതിനാൽ രോമത്തൊപ്പികളും കട്ടികൂടിയ കോട്ടുകളും ധരിച്ചുകൊണ്ടാണ്‌ ഞങ്ങൾ യാത്രയായത്‌. എന്നാൽ മഡഗാസ്‌കറിലെത്തിയപ്പോൾ അവിടത്തെ ചൂടുകാരണം ഞങ്ങൾ പെട്ടെന്നുതന്നെ വസ്‌ത്രധാരണരീതികളൊക്കെ മാറ്റി. ഞങ്ങളുടെ ആദ്യത്തെ മിഷനറിഭവനം ഒരു കിടപ്പുമുറി മാത്രമുള്ള ഒരു കൊച്ചു വീടായിരുന്നു. വേറൊരു മിഷനറി ദമ്പതി അവിടെ അപ്പോൾത്തന്നെ താമസിക്കുന്നുണ്ടായിരുന്നതിനാൽ ഞങ്ങൾ വരാന്തയിലാണ്‌ കിടന്നുറങ്ങിയിരുന്നത്‌.

മഡഗാസ്‌കറിലെ ഔദ്യോഗിക ഭാഷകളിൽ ഒന്നായ ഫ്രഞ്ച്‌ ഞങ്ങൾ പഠിക്കാൻ തുടങ്ങി. ഞങ്ങളുടെ അധ്യാപികയായ കാർബോനോ സഹോദരിക്കു ഞങ്ങളുടെ ഭാഷ അറിയില്ലായിരുന്നതിനാൽ അതു ബുദ്ധിമുട്ടുപിടിച്ച ഒരു കാര്യമായിരുന്നു. ഫ്രഞ്ച്‌ പഠിപ്പിക്കാൻ അവർ ഇംഗ്ലീഷാണ്‌ ഉപയോഗിച്ചത്‌. എന്നാൽ വീരയ്‌ക്ക്‌ ഇംഗ്ലീഷ്‌ വശമില്ലായിരുന്നു. അതുകൊണ്ട്‌ കാർബോനോ സഹോദരി പറയുന്ന കാര്യങ്ങൾ ഞാൻ ഫിന്നിഷിൽ വീരയ്‌ക്കു പറഞ്ഞുകൊടുക്കേണ്ടിവന്നു. സാങ്കേതിക പദങ്ങൾ വീരയ്‌ക്കു മെച്ചമായി ഗ്രഹിക്കാൻ കഴിയുന്നത്‌ സ്വീഡിഷ്‌ ഭാഷയിലാണെന്നു മനസ്സിലായതോടെ ഞാൻ ഫ്രഞ്ച്‌ വ്യാകരണം സ്വീഡിഷിൽ അവൾക്കു വിശദീകരിച്ചുകൊടുത്തു. പെട്ടെന്നുതന്നെ ഞങ്ങൾ ഫ്രഞ്ച്‌ ഭാഷയിൽ നല്ല പുരോഗതി നേടുകയും അവിടത്തെ പ്രാദേശിക ഭാഷയായ മലഗാസി പഠിച്ചു തുടങ്ങുകയും ചെയ്‌തു.

മഡഗാസ്‌കറിലെ എന്റെ ആദ്യത്തെ ബൈബിൾ വിദ്യാർഥി മലഗാസി മാത്രം അറിയാവുന്ന ഒരാളായിരുന്നു. ബൈബിൾ വാക്യങ്ങൾ ഞാൻ ഫിന്നിഷ്‌ ബൈബിളിൽ എടുത്തുനോക്കുകയും പിന്നെ അവ അദ്ദേഹത്തിന്റെ ബൈബിളിൽ തിരഞ്ഞുകണ്ടുപിടിക്കുകയുമാണു ചെയ്‌തിരുന്നത്‌. തിരുവെഴുത്തുകൾ കാര്യമായി വിശദീകരിച്ചുകൊടുക്കാനൊന്നും എനിക്കു സാധിക്കുമായിരുന്നില്ലെങ്കിലും പെട്ടെന്നുതന്നെ സത്യത്തിന്റെ വിത്തുകൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽ പൊട്ടിമുളയ്‌ക്കാൻ തുടങ്ങുകയും സ്‌നാപനമേൽക്കുന്ന ഘട്ടത്തോളം പുരോഗമിക്കുകയും ചെയ്‌തു.

1963-ൽ യഹോവയുടെ സാക്ഷികളുടെ ബ്രുക്ലിൻ ഹെഡ്‌ക്വാർട്ടേഴ്‌സിൽനിന്നു മിൽട്ടൻ ഹെൻഷൽ മഡഗാസ്‌കർ സന്ദർശിക്കുകയുണ്ടായി. അധികം താമസിയാതെ മഡഗാസ്‌കറിൽ പുതിയൊരു ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപിതമായി. ബ്രാഞ്ച്‌ മേൽവിചാരകനായി എന്നെയാണു നിയമിച്ചിരുന്നത്‌. ഇതിനു പുറമേ ഞാൻ സർക്കിട്ട്‌, ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനായും സേവിച്ചിരുന്നു. ഈ സമയത്തെല്ലാം യഹോവ ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിച്ചു. 1962 മുതൽ 1970 വരെയുള്ള കാലഘട്ടത്തിൽ മഡഗാസ്‌കറിലെ പ്രസാധകരുടെ എണ്ണം 85-ൽനിന്ന്‌ 469 ആയി ഉയർന്നു.

1970-ലെ ഒരു ദിവസം പരസ്യ ശുശ്രൂഷ കഴിഞ്ഞ്‌ മടങ്ങിവന്ന ഞങ്ങൾ, യഹോവയുടെ സാക്ഷികളുടെ മിഷനറിമാരെല്ലാം ആഭ്യന്തര മന്ത്രാലയത്തിൽ ഹാജരാകണമെന്നു കൽപ്പിച്ചുകൊണ്ടുള്ള ഒരു കത്ത്‌ വാതിൽക്കൽ കിടക്കുന്നത്‌ കണ്ടു. ഞങ്ങൾ ഉടനടി രാജ്യംവിടാൻ ഗവൺമെന്റ്‌ ഉത്തരവിട്ടിരിക്കുകയാണെന്ന്‌ അവിടെച്ചെന്ന ഞങ്ങളോട്‌ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. എന്തു കുറ്റത്തിനാണ്‌ എന്നെ പറഞ്ഞുവിടുന്നത്‌ എന്നു ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു: “മിസ്റ്റർ, താങ്കൾ ഒരു കുറ്റവും ചെയ്‌തിട്ടില്ല.”

തുടർന്ന്‌ ഞാൻ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ ഇവിടെ വന്നിട്ട്‌ എട്ടു വർഷമായി, ഇതു ഞങ്ങളുടെ വീടാണ്‌. ഒരു കാരണവുമില്ലാതെ ഞങ്ങൾക്ക്‌ ഇവിടെനിന്നു പോകാനാവില്ല.” ഞങ്ങൾ പലരീതിയിൽ ശ്രമിച്ചിട്ടും, മിഷനറിമാർക്കെല്ലാം ഒരാഴ്‌ചയ്‌ക്കുള്ളിൽ രാജ്യംവിടേണ്ടിവന്നു. ബ്രാഞ്ച്‌ അടച്ചുപൂട്ടി, തുടർന്ന്‌ പ്രാദേശിക സാക്ഷികൾ വേലയ്‌ക്കു മേൽനോട്ടം വഹിച്ചുതുടങ്ങി. മഡഗാസ്‌കറിലെ പ്രിയ സഹോദരങ്ങളെ വിട്ടുപിരിയുന്നതിനു മുമ്പായി ഞങ്ങൾക്ക്‌ ഉഗാണ്ടയിലേക്കു പുതിയ നിയമനം ലഭിച്ചു.

പുതിയ നിയമനം

മഡഗാസ്‌കറിൽനിന്നു പുറപ്പെട്ട്‌ ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഞങ്ങൾ ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിൽ എത്തി. ഉടൻതന്നെ മനോഹരമായ ഈണമുള്ള ലൂഗാണ്ട ഭാഷ ഞങ്ങൾ പഠിക്കാൻ തുടങ്ങി. പക്ഷേ അത്‌ അത്ര എളുപ്പമായിരുന്നില്ല. എങ്കിലും മറ്റു മിഷനറിമാരുടെ സഹായത്തോടെ വീര ആദ്യം ഇംഗ്ലീഷ്‌ പഠിച്ചു. അങ്ങനെ ഞങ്ങൾക്കു ഫലകരമായി സുവാർത്ത പ്രസംഗിക്കാൻ കഴിഞ്ഞു.

കംപാലയിലെ ചൂടും ഈർപ്പം നിറഞ്ഞ അന്തരീക്ഷവും വീരയുടെ ആരോഗ്യസ്ഥിതിക്ക്‌ ഇണങ്ങുന്നതായിരുന്നില്ല. അതുകൊണ്ട്‌ കുറെക്കൂടെ ഭേദപ്പെട്ട കാലാവസ്ഥയുള്ള അംബാറാറാ എന്ന പട്ടണത്തിൽ ഞങ്ങളെ നിയമിച്ചു. അവിടത്തെ ആദ്യത്തെ സാക്ഷികൾ ഞങ്ങളായിരുന്നു. ശുശ്രൂഷയിലായിരുന്ന ആദ്യ ദിവസംതന്നെ ഞങ്ങൾക്കൊരു നല്ല അനുഭവവും ഉണ്ടായി. ഒരു വീട്ടിൽവെച്ച്‌ കുടുംബനാഥനോടു സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ഭാര്യ, മാർഗരറ്റ്‌ അടുക്കളയിൽനിന്ന്‌ ഇറങ്ങിവന്നു. അവർ ഞാൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധാപൂർവം കേട്ടു. തുടർന്ന്‌ വീര മാർഗരറ്റുമായി ബൈബിളധ്യയനം തുടങ്ങുകയും അവർ ആത്മീയമായി നല്ല പുരോഗതി പ്രാപിക്കുകയും ചെയ്‌തു. അങ്ങനെ അവർ സ്‌നാപനമേറ്റ്‌ തീക്ഷ്‌ണതയുള്ള ഒരു രാജ്യപ്രസാധിക ആയിത്തീർന്നു.

തെരുവുയുദ്ധം

1971-ലെ ആഭ്യന്തരയുദ്ധം ഉഗാണ്ടയിലെ ഞങ്ങളുടെ സമാധാനം കെടുത്തി. ഒരു ദിവസം അംബാറാറായിലെ ഞങ്ങളുടെ മിഷനറി ഭവനത്തിനു ചുറ്റുമായി ഒരു പോരാട്ടം നടന്നു. ആ സമയത്താണ്‌ ഞാൻ തുടക്കത്തിൽ പറഞ്ഞ അനുഭവം ഉണ്ടായത്‌.

പട്ടാളക്കാരുടെ കണ്ണിൽപ്പെടാതെ കിടങ്ങിലൂടെ ഇഴഞ്ഞ്‌ ഞാൻ മിഷനറി ഭവനത്തിൽ എത്തുമ്പോൾ വീര അവിടെയുണ്ടായിരുന്നു. വീടിന്റെ ഒരു കോണിൽ കിടക്കകളും ഫർണിച്ചറുംകൊണ്ട്‌ ഞങ്ങൾ ഒരു “കോട്ട” തീർത്തു. ഒരാഴ്‌ചത്തേക്ക്‌ റേഡിയോ വാർത്തകൾ ശ്രദ്ധിച്ചുകൊണ്ട്‌ ഞങ്ങൾ വീട്ടിൽത്തന്നെ കഴിഞ്ഞു. ഞങ്ങൾ കോട്ടയ്‌ക്കുള്ളിൽ പതുങ്ങിക്കൂടിയിരുന്ന സമയത്ത്‌ ചിലപ്പോഴൊക്കെ വെടിയുണ്ടകൾ ഭിത്തിയിൽ കൊണ്ടിട്ട്‌ തെറിച്ചുപോകുമായിരുന്നു. വീട്ടിൽ ആളുണ്ടെന്ന്‌ അറിയാതിരിക്കാൻ ഞങ്ങൾ രാത്രിയിൽ ലൈറ്റുകൾ ഇടുമായിരുന്നില്ല. ഒരിക്കൽ പട്ടാളക്കാർ വാതിൽക്കൽവന്ന്‌ ഒച്ചപ്പാടുണ്ടാക്കി. നിശ്ശബ്ദമായി യഹോവയോടു പ്രാർഥിച്ചുകൊണ്ട്‌ ഞങ്ങൾ അനങ്ങാതിരുന്നു. പോരാട്ടം അവസാനിച്ചുകഴിഞ്ഞപ്പോൾ, അയൽക്കാർ ഞങ്ങളുടെ അടുക്കൽവന്ന്‌ അവരുടെ സുരക്ഷിതത്വത്തിനു ഞങ്ങളോടു നന്ദിപറഞ്ഞു. എല്ലാവരെയും സംരക്ഷിച്ചത്‌ യഹോവയാണെന്ന്‌ അവർ വിശ്വസിച്ചു. ഞങ്ങളും അതിനോടു യോജിച്ചു.

സ്ഥിതിഗതികൾ ശാന്തമായിരിക്കെ ഒരു ദിവസം രാവിലെ, ഉഗാണ്ട ഗവൺമെന്റ്‌ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധിച്ചിരിക്കുന്നുവെന്ന റേഡിയോ വാർത്ത ഞങ്ങൾ കേട്ടു. യഹോവയുടെ സാക്ഷികളായിത്തീർന്ന എല്ലാവരും തങ്ങളുടെ മുൻ മതത്തിലേക്കു തിരിച്ചുപോകണമെന്നും വാർത്തയിൽ പറഞ്ഞു. ഞങ്ങളുടെ കേസ്‌ ഗവൺമെന്റ്‌ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട്‌ ഞാൻ പ്രസിഡന്റ്‌ ഈഡി ആമിന്റെ ഓഫീസിൽ ചെന്ന്‌ അദ്ദേഹത്തെ കാണാനുള്ള അനുവാദത്തിനായി അപേക്ഷിച്ചു. അദ്ദേഹം തിരക്കിലാണെന്നായിരുന്നു റിസപ്‌ഷനിസ്റ്റിന്റെ മറുപടി. ഞാൻ പല പ്രാവശ്യം അവിടെ പോയെങ്കിലും ഒരിക്കൽപ്പോലും അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. ഒടുവിൽ 1973 ജൂലൈയിൽ ഞങ്ങൾക്ക്‌ ഉഗാണ്ടയിൽനിന്നു പോകേണ്ടിവന്നു.

ഒരു വർഷമെന്നത്‌ പത്തു വർഷമായിത്തീരുന്നു

മഡഗാസ്‌കറിൽനിന്നു പോരേണ്ടി വന്നപ്പോഴത്തേതുപോലുള്ള ദുഃഖം ഇപ്പോൾ ഉഗാണ്ടയിലെ സഹോദരങ്ങളെ വിട്ടുപിരിഞ്ഞപ്പോഴും ഞങ്ങൾ അനുഭവിച്ചു. പുതിയ നിയമനപ്രദേശമായ സെനെഗലിലേക്കു പോകുന്നതിന്‌ മുമ്പ്‌ ഞങ്ങൾ ഫിൻലൻഡിലേക്കു തിരിച്ചു. അവിടെയായിരിക്കെ സെനെഗലിലേക്കുള്ള ഞങ്ങളുടെ നിയമനം റദ്ദായി, ഫിൻലൻഡിൽത്തന്നെ നിൽക്കാൻ നിർദേശം ലഭിച്ചു. ഞങ്ങളുടെ മിഷനറിവേലയെല്ലാം അവസാനിച്ചതുപോലെ തോന്നി. അവിടെ പ്രത്യേക പയനിയർമാരായും പിന്നീട്‌ സർക്കിട്ട്‌ വേലയ്‌ക്കായും ഞങ്ങളെ നിയമിച്ചു.

1990 ആയപ്പോഴേക്കും മഡഗാസ്‌കറിലെ വേലയോടുള്ള എതിർപ്പിന്റെ ശക്തി കുറഞ്ഞിരുന്നതിനാൽ ഒരു വർഷത്തേക്ക്‌ അവിടെ സേവിക്കാമോയെന്നു ബ്രുക്ലിൻ ഹെഡ്‌ക്വാർട്ടേഴ്‌സ്‌ ഞങ്ങളോടു ചോദിച്ചു. അതിന്‌ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഞങ്ങൾക്കു മുമ്പിൽ രണ്ടു വെല്ലുവിളികൾ ഉയർന്നുവന്നു. പ്രായംചെന്ന എന്റെ പിതാവിന്‌ പരിചരണം വേണ്ടിയിരുന്നു, മാത്രമല്ല വീരയ്‌ക്ക്‌ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നു. 1990 നവംബറിൽ പിതാവ്‌ മരിച്ചു. അത്‌ എന്നെ ദുഃഖിപ്പിച്ചെങ്കിലും വീരയുടെ ആരോഗ്യം മെച്ചപ്പെട്ടതുകൊണ്ടു വീണ്ടും മിഷനറി വേലയ്‌ക്കു പോകാനുള്ള സാധ്യത തെളിഞ്ഞു. 1991 സെപ്‌റ്റംബറിൽ ഞങ്ങൾ വീണ്ടും മഡഗാസ്‌കറിലേക്കു പോയി.

ഒരു വർഷത്തേക്കുള്ള ആ നിയമനം പത്തു വർഷം നീണ്ടുനിന്നു. ആ സമയത്ത്‌ പ്രസാധകരുടെ എണ്ണം 4,000-ത്തിൽനിന്ന്‌ 11,600 ആയി വർധിച്ചു. ആ മിഷനറിവേല ഞാൻ ശരിക്കും ആസ്വദിച്ചു. എങ്കിലും ഭാര്യയുടെ ശാരീരികവും വൈകാരികവുമായ ആവശ്യങ്ങൾ ഞാൻ അവഗണിക്കുന്നുണ്ടോ എന്ന ചിന്ത എന്നെ ചിലപ്പോഴൊക്കെ നിരാശപ്പെടുത്തിയിരുന്നു. വേലയിൽ തുടരാൻ യഹോവ ഞങ്ങൾക്കു ശക്തി പകർന്നു. ഒടുവിൽ 2001-ൽ ഞങ്ങൾ ഫിൻലൻഡിലേക്കു മടങ്ങി. ഇപ്പോൾ അവിടത്തെ ബ്രാഞ്ചിൽ സേവിച്ചുകൊണ്ടിരിക്കുകയാണ്‌. രാജ്യവേലയ്‌ക്കായുള്ള ഞങ്ങളുടെ തീക്ഷ്‌ണതയ്‌ക്ക്‌ തെല്ലും മങ്ങലേറ്റിട്ടില്ല. ഞങ്ങൾ ഇപ്പോഴും ആഫ്രിക്കയെക്കുറിച്ച്‌ ഓർമിക്കാറുണ്ട്‌. യഹോവ ഞങ്ങളെ എവിടെ നിയമിച്ചാലും അവന്റെ ഹിതം ചെയ്യാൻ ഞങ്ങൾ ദൃഢചിത്തരാണ്‌.​—⁠യെശയ്യാവു 6:⁠8.

[12-ാം പേജിലെ ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ഫിൻലൻഡ്‌

യൂറോപ്പ്‌

[14-ാം പേജിലെ ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ആഫ്രിക്ക

മഡഗാസ്‌കർ

[15-ാം പേജിലെ ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ആഫ്രിക്ക

ഉഗാണ്ട

[14-ാം പേജിലെ ചിത്രം]

ഞങ്ങളുടെ വിവാഹനാളിൽ

[14, 15 പേജുകളിലെ ചിത്രങ്ങൾ]

1960-ൽ ഫിൻലൻഡിലെ സർക്കിട്ട്‌ വേലമുതൽ . . .

. . . 1962-ൽ മഡഗാസ്‌കറിലെ മിഷനറിവേലവരെ

[16-ാം പേജിലെ ചിത്രം]

ഇന്നു വീരയോടൊപ്പം