വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവരാജ്യം എല്ലാംകൊണ്ടും ശ്രേഷ്‌ഠം

ദൈവരാജ്യം എല്ലാംകൊണ്ടും ശ്രേഷ്‌ഠം

ദൈവരാജ്യം എല്ലാംകൊണ്ടും ശ്രേഷ്‌ഠം

യേശുക്രിസ്‌തു തന്റെ ശിഷ്യന്മാരെ ഇപ്രകാരം പഠിപ്പിച്ചു: “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” (മത്തായി 6:9, 10) കർതൃപ്രാർഥന എന്നറിയപ്പെടുന്ന ഇത്‌ ദൈവരാജ്യത്തിന്റെ ഉദ്ദേശ്യം വിശദീകരിക്കുന്നു.

ഈ രാജ്യം ദൈവനാമം മഹത്ത്വീകരിക്കും. സാത്താന്റെയും മനുഷ്യന്റെയും മത്സരത്തിലൂടെ ആ നാമത്തിന്മേൽ കുന്നുകൂടിയിട്ടുള്ള എല്ലാ നിന്ദയും അതു നീക്കംചെയ്യും. അതു സുപ്രധാനമാണ്‌. ബുദ്ധിശക്തിയുള്ള എല്ലാ സൃഷ്ടികളുടെയും സന്തോഷം ദൈവനാമത്തെ മഹത്ത്വീകരിക്കുന്നതിനെയും മനസ്സോടെ അവന്റെ പരമാധികാരത്തിനു കീഴ്‌പെടുന്നതിനെയും ആശ്രയിച്ചാണിരിക്കുന്നത്‌.​—⁠വെളിപ്പാടു 4:11.

കൂടാതെ, ‘ദൈവത്തിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകാൻ’ ഇടയാക്കുന്നതിനും കൂടിയാണ്‌ ഈ രാജ്യം സ്ഥാപിക്കപ്പെട്ടത്‌. ആ ഇഷ്ടം എന്താണ്‌? ആദാം നഷ്ടപ്പെടുത്തിയ, ദൈവവും മനുഷ്യരും തമ്മിലുള്ള ആ ബന്ധം പുനഃസ്ഥാപിക്കുക എന്നതാണത്‌. മാത്രമല്ല, നല്ലവരായ ആളുകൾ എന്നേക്കും വസിക്കുന്ന ഒരു പറുദീസയാക്കി ഭൂമിയെ മാറ്റുക എന്ന സാർവത്രിക പരമാധികാരിയായ യഹോവയുടെ ഉദ്ദേശ്യവും ആ രാജ്യം സാക്ഷാത്‌കരിക്കും. ദൈവരാജ്യം ആദ്യപാപത്തിന്റെ എല്ലാ ഭവിഷ്യത്തുകളും നീക്കി ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ സ്‌നേഹനിർഭരമായ ഉദ്ദേശ്യം ഒരു യാഥാർഥ്യമാക്കിത്തീർക്കും. (1 യോഹന്നാൻ 3:8) ദൈവരാജ്യവും അതു ചെയ്യാനിരിക്കുന്ന കാര്യങ്ങളുമാണ്‌ വാസ്‌തവത്തിൽ ബൈബിളിന്റെ മുഖ്യ സന്ദേശം.

ശ്രേഷ്‌ഠം​—⁠ഏതെല്ലാം വിധങ്ങളിൽ?

വലിയ അധികാരമുള്ള ഒരു യഥാർഥ ഗവൺമെന്റാണ്‌ ദൈവരാജ്യം. അതിന്റെ അധികാരത്തെക്കുറിച്ചുള്ള ഒരു വിവരണം പ്രവാചകനായ ദാനീയേൽ നമുക്കു തരുന്നു. വർഷങ്ങൾക്കു മുമ്പ്‌ അവൻ പ്രവചിച്ചു: “സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; . . . അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പി”ക്കും. അതിലുപരിയായി, ചരിത്രത്തിന്റെ ഏടുകളിൽ മാത്രമായി ഒതുങ്ങുന്ന മാനുഷ ഗവൺമെന്റുകളെപ്പോലെ ആയിരിക്കാതെ അത്‌ “എന്നേക്കും നിലനില്‌ക്കയും ചെയ്യും.” (ദാനീയേൽ 2:44) അതു മാത്രമല്ല, എല്ലാ അർഥത്തിലും ഈ രാജ്യം ഏതൊരു മാനുഷ ഗവൺമെന്റിനെക്കാളും ശ്രേഷ്‌ഠമാണ്‌.

ദൈവരാജ്യത്തിന്‌ ശ്രേഷ്‌ഠനായ ഒരു രാജാവുണ്ട്‌. ആ രാജാവിനെക്കുറിച്ചു ചിന്തിക്കുക. ദാനീയേലിനുണ്ടായ “ഒരു സ്വപ്‌നത്തിലും ദർശനത്തിലും” ദൈവരാജ്യത്തിന്റെ രാജാവായി “മനുഷ്യപുത്രനോടു സദൃശനായ ഒരുത്തനെ” കാണാനിടയായി. അവനെ സർവശക്തനായ ദൈവത്തിന്റെ മുമ്പാകെ കൊണ്ടുവരുന്നതായും അവന്‌ “ആധിപത്യവും മഹത്വവും രാജത്വവും” ലഭിക്കുന്നതായും പറഞ്ഞിരിക്കുന്നു. (ദാനീയേൽ 7:1, 13, 14) ആ മനുഷ്യപുത്രൻ മിശിഹായായ യേശുക്രിസ്‌തുവാണ്‌. (മത്തായി 16:13-17) യഹോവയാം ദൈവം പുത്രനായ യേശുവിനെ തന്റെ രാജ്യത്തിന്റെ രാജാവായി നിയമിച്ചു. ഭൂമിയിലായിരിക്കെ യേശു ദുഷ്ടരായ പരീശന്മാരോട്‌ ഇപ്രകാരം പറഞ്ഞു: “ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോ.” ആ രാജ്യത്തിന്റെ ഭാവി രാജാവായ യേശു അവരുടെ ഇടയിൽ ഉണ്ടായിരുന്നു എന്നാണ്‌ അവൻ അർഥമാക്കിയത്‌.​—⁠ലൂക്കൊസ്‌ 17:21.

മനുഷ്യരിൽ ആർക്കാണ്‌ ഭരണാധിപനായിരിക്കാൻ യേശുവിനോളം യോഗ്യതയുള്ളത്‌? ഇതിനോടകംതന്നെ യേശു തികച്ചും നീതിനിഷ്‌ഠനും ആശ്രയയോഗ്യനും അനുകമ്പയുള്ളവനുമായ ഒരു നേതാവെന്നു തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. സുവിശേഷങ്ങൾ അവനെ കർമോത്സുകനും ആർദ്രനും ആഴമായ വികാരങ്ങളുള്ളവനുമായാണ്‌ ചിത്രീകരിക്കുന്നത്‌. (മത്തായി 4:23; മർക്കൊസ്‌ 1:40, 41; 6:31-34; ലൂക്കൊസ്‌ 7:11-17) കൂടാതെ ഉയിർപ്പിക്കപ്പെട്ട യേശു മരണത്തിനോ മറ്റു മാനുഷിക പരിമിതികൾക്കോ അധീനനല്ല.​—⁠യെശയ്യാവു 9:6, 7.

യേശുവും സഹഭരണാധിപന്മാരും ശ്രേഷ്‌ഠമായ ഒരു സ്ഥാനത്തുനിന്നും ഭരിക്കുന്നു. ദാനീയേലിനുണ്ടായ സ്വപ്‌നദർശനത്തിൽ “രാജത്വവും ആധിപത്യവും . . . അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കു”ന്നതായും അവൻ കാണുകയുണ്ടായി. (ദാനീയേൽ 7:27) യേശു ഒറ്റയ്‌ക്കല്ല ഭരിക്കുന്നത്‌. യേശുവിനോടൊപ്പം രാജാക്കന്മാരും പുരോഹിതന്മാരുമായി വാഴുന്ന മറ്റുള്ളവരും ഉണ്ട്‌. (വെളിപ്പാടു 5:9, 10; വെളിപ്പാടു 20:6) അവരെക്കുറിച്ച്‌ അപ്പൊസ്‌തലനായ യോഹന്നാൻ എഴുതി: “പിന്നെ ഞാൻ സീയോൻമലയിൽ കുഞ്ഞാടും അവനോടുകൂടെ നെറ്റിയിൽ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന നൂറ്റിനാല്‌പത്തിനാലായിരം പേരും നില്‌ക്കുന്നതു കണ്ടു. . . .” അവരെ “ഭൂമിയിൽനിന്നു വിലെക്കു വാങ്ങി”യിരിക്കുന്നു.​—⁠വെളിപ്പാടു 14:1-3.

കുഞ്ഞാട്‌ രാജ്യാധികാരത്തിലുള്ള യേശുക്രിസ്‌തുവാണ്‌. (യോഹന്നാൻ 1:29; വെളിപ്പാടു 22:3) സീയോൻ പർവതം സ്വർഗത്തെ കുറിക്കുന്നു. * (എബ്രായർ 12:22) യേശുവും അവന്റെ 1,44,000 സഹഭരണാധിപന്മാരും സ്വർഗത്തിൽനിന്നാണു ഭരിക്കുന്നത്‌. ഭരണത്തിനുള്ള എന്തൊരു സമുന്നത സ്ഥാനം! സ്വർഗത്തിൽ ആയിരിക്കുന്നതിനാൽ അവർക്കു വിശാലമായൊരു വീക്ഷണം ഉണ്ടായിരിക്കും. “ദൈവരാജ്യ”ത്തിന്റെ ആസ്ഥാനം സ്വർഗമായതിനാൽ അതിനെ “സ്വർഗ്ഗരാജ്യം” എന്നും വിളിക്കുന്നു. (ലൂക്കൊസ്‌ 8:10; മത്തായി 13:11) ഒരു ആയുധത്തിനും, ന്യൂക്ലിയർ ആയുധങ്ങൾക്കുപോലും, ആ സ്വർഗീയ ഗവൺമെന്റിനു ഭീഷണി ഉയർത്തുന്നതിനോ അതിനെ തകർക്കുന്നതിനോ കഴിയില്ല. അത്‌ അജയ്യമാണ്‌, അതിനെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം നിവർത്തിക്കുകയും ചെയ്യും.​—⁠എബ്രായർ 12:28.

ദൈവരാജ്യത്തിന്‌ ആശ്രയയോഗ്യരായ പ്രതിനിധികൾ ഉണ്ട്‌. നമുക്ക്‌ അതെങ്ങനെ അറിയാം? സങ്കീർത്തനം 45:​16 പറയുന്നു: “നീ അവരെ പ്രഭുക്കന്മാരാക്കും.” ഈ പ്രവചനത്തിലെ “നീ” എന്നത്‌ ദൈവപുത്രനെ കുറിക്കുന്നു. (സങ്കീർത്തനം 45:6, 7; എബ്രായർ 1:7, 8) അപ്പോൾ, യേശുക്രിസ്‌തു തന്നെയാണ്‌ പ്രഭുക്കന്മാരായ പ്രതിനിധികളെ നിയമിക്കുന്നത്‌. അവന്റെ നിർദേശങ്ങൾ അവർ വിശ്വസ്‌തതയോടെ നടപ്പാക്കുമെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. ഇന്നുപോലും, ക്രിസ്‌തീയ സഭയിലെ മൂപ്പന്മാർ സഹവിശ്വാസികളുടെമേൽ “കർത്തൃത്വം” നടത്തുന്നതിനുപകരം അവരെ സംരക്ഷിക്കുന്നതിനും നവോന്മേഷം പകരുന്നതിനും ആശ്വസിപ്പിക്കുന്നതിനും പഠിച്ചിരിക്കുന്നു.​—⁠മത്തായി 20:25-28; യെശയ്യാവു 32:⁠2.

രാജ്യത്തിന്‌ നീതിസ്‌നേഹികളായ പ്രജകൾ ഉണ്ട്‌. അവർ ദൈവദൃഷ്ടിയിൽ നേരുള്ളവരും നിഷ്‌കളങ്കരുമാണ്‌. (സദൃശവാക്യങ്ങൾ 2:21, 22) ബൈബിൾ പറയുന്നു: “സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” (സങ്കീർത്തനം 37:11) രാജ്യത്തിന്റെ പ്രജകൾ സൗമ്യതയുള്ളവരാണ്‌, പഠിപ്പിക്കപ്പെടാവുന്നവരും താഴ്‌മയുള്ളവരും തന്നെ. ആത്മീയ കാര്യങ്ങളിലാണ്‌ അവരുടെ മുഖ്യ താത്‌പര്യം. (മത്തായി 5:3) അവർ ദിവ്യ മാർഗനിർദേശങ്ങൾക്കു ചേർച്ചയിൽ ശരിയായതു ചെയ്യാൻ ആഗ്രഹിക്കുന്നു.

ദൈവരാജ്യത്തെ നിയന്ത്രിക്കുന്നത്‌ ശ്രേഷ്‌ഠമായ നിയമസംഹിതയാണ്‌. രാജ്യത്തെ നിയന്ത്രിക്കുന്ന നിയമങ്ങളും തത്ത്വങ്ങളും യഹോവയിൽനിന്നു തന്നെയാണു വരുന്നത്‌. അവ അനാവശ്യമായ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നവയല്ല, മറിച്ച്‌ നമുക്കു പ്രയോജനം ചെയ്യുന്നവയാണ്‌. (സങ്കീർത്തനം 19:7-11) ഇപ്പോൾത്തന്നെ അനേകർ യഹോവയുടെ നീതിയുള്ള നിയമങ്ങൾ പാലിക്കുന്നതിലൂടെ പ്രയോജനം അനുഭവിക്കുന്നുണ്ട്‌. ഉദാഹരണത്തിന്‌, ഭർത്താക്കന്മാർക്കും ഭാര്യമാർക്കും കുട്ടികൾക്കുമുള്ള ബൈബിൾ ബുദ്ധിയുപദേശം ബാധകമാക്കുന്നതിനാൽ കുടുംബജീവിതം മെച്ചപ്പെടുന്നു. (എഫെസ്യർ 5:33-6:3) “സ്‌നേഹം ധരിപ്പിൻ” എന്ന കൽപ്പന നാം അനുസരിക്കുമ്പോൾ മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധത്തിന്റെ ഗുണനിലവാരം വർധിക്കുന്നു. (കൊലൊസ്സ്യർ 3:13, 14) ക്രിസ്‌തീയ തത്ത്വങ്ങൾ അനുസരിച്ചു ജീവിക്കുന്നതിനാൽ നമുക്ക്‌ നല്ല തൊഴിൽ ശീലങ്ങളും പണത്തെക്കുറിച്ച്‌ ഒരു സന്തുലിത വീക്ഷണവും വളർത്തിയെടുക്കാനാകുന്നു. (സദൃശവാക്യങ്ങൾ 13:4; 1 തിമൊഥെയൊസ്‌ 6:9, 10) മദ്യപാനം, ലൈംഗിക അധാർമികത, പുകയില, മയക്കുമരുന്ന്‌ എന്നിവ ഒഴിവാക്കുന്നത്‌ ആരോഗ്യസംരക്ഷണത്തിന്‌ ഉതകുന്നു.​—⁠സദൃശവാക്യങ്ങൾ 7:21-23; 23:29, 30; 2 കൊരിന്ത്യർ 7:⁠1.

ദൈവനിയമിതമായ ഒരു ഗവൺമെന്റാണ്‌ ദൈവരാജ്യം. അതിന്റെ രാജാക്കന്മാർ, മിശിഹായായ യേശുക്രിസ്‌തുവും സഹഭരണാധിപന്മാരും, ദൈവത്തിന്റെ നീതിനിഷ്‌ഠമായ നിയമങ്ങളും സ്‌നേഹനിർഭരമായ തത്ത്വങ്ങളും ഉയർത്തിപ്പിടിക്കാൻ കടപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ ഭൗമിക പ്രതിനിധികൾ ഉൾപ്പെടെയുള്ള എല്ലാ പ്രജകളും ദൈവനിയമങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ സന്തോഷമുള്ളവരാണ്‌. രാജാക്കന്മാരുടെയും പ്രജകളുടെയും ജീവിതത്തിലെ കേന്ദ്രബിന്ദു ദൈവമാണ്‌. ആയതിനാൽ ഈ രാജ്യം യഥാർഥ ദിവ്യാധിപത്യം ആണ്‌, അതായത്‌ ദൈവത്താലുള്ള ഭരണം. മിശിഹൈക രാജ്യം എന്നും അറിയപ്പെടുന്ന അത്‌ തീർച്ചയായും അതിന്റെ ഉദ്ദേശ്യം സാക്ഷാത്‌കരിക്കും. എപ്പോഴാണു ദൈവരാജ്യം ഭരണം ആരംഭിക്കുന്നത്‌?

രാജ്യഭരണം ആരംഭിക്കുന്നു

രാജ്യഭരണം എപ്പോൾ ആരംഭിക്കും എന്നറിയുന്നതിനുള്ള ഒരു മുഖ്യസഹായം യേശുവിന്റെ വാക്കുകളാണ്‌. അവൻ പറഞ്ഞു: “ജാതികളുടെ കാലം തികയുവോളം ജാതികൾ യെരൂശലേം ചവിട്ടിക്കള”യും. (ലൂക്കൊസ്‌ 21:24) ഭൂമിയിലെമ്പാടുമായി യഹോവയുടെ നാമത്തോടു നേരിട്ടു ബന്ധമുള്ള ഒരേയൊരു നഗരം യെരൂശലേം ആയിരുന്നു. (1 രാജാക്കന്മാർ 11:36; മത്തായി 5:35) ദൈവിക പിന്തുണയുള്ള രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു അത്‌. തന്റെ ജനത്തിന്മേലുള്ള ദൈവത്തിന്റെ ഭരണത്തിനു ലൗകിക ഗവൺമെന്റുകൾ ഭംഗം വരുത്തുമെന്ന അർഥത്തിൽ ജാതികൾ ആ നഗരം ചവിട്ടിക്കളയുമായിരുന്നു. അത്‌ എപ്പോൾ ആരംഭിക്കുമായിരുന്നു?

യെരൂശലേമിൽ യഹോവയുടെ സിംഹാസനത്തിൽ ഇരുന്നു ഭരിക്കുകയായിരുന്ന അവസാനത്തെ രാജാവിനോട്‌ ഇപ്രകാരം പറഞ്ഞു: “ഞാൻ മകുടം നീക്കി കിരീടം എടുത്തുകളയും; . . . അതിന്നു അവകാശമുള്ളവൻ വരുവോളം അതു ഇല്ലാതെയിരിക്കും; അവന്നു ഞാൻ അതു കൊടുക്കും.” (യെഹെസ്‌കേൽ 21:25-27) അങ്ങനെ ആ രാജാവിന്റെ കിരീടം നീക്കപ്പെടുകയും തന്റെ ജനത്തിന്മേലുള്ള ദൈവത്തിന്റെ ഭരണം താത്‌കാലികമായി അവസാനിക്കുകയും ചെയ്യുമായിരുന്നു. പൊ.യു.മു. 607-ൽ ബാബിലോൺ യെരൂശലേം നശിപ്പിച്ചപ്പോൾ അതു സംഭവിച്ചു. അതിനെ തുടർന്നുള്ള ‘ജാതികളുടെ നിയമിത കാലത്ത്‌’ ദൈവത്തിന്റെ ഭരണാധിപത്യത്തെ പ്രതിനിധീകരിക്കുന്ന ഒരു ഗവൺമെന്റ്‌ ഭൂമിയിൽ ഉണ്ടായിരിക്കുമായിരുന്നില്ല. ആ കാലത്തിനുശേഷം മാത്രമേ യഹോവ ഭരണം “അവകാശമുള്ളവ”ന്‌ അഥവാ യേശുക്രിസ്‌തുവിനു കൊടുക്കുമായിരുന്നുള്ളൂ. ആ കാലത്തിന്റെ ദൈർഘ്യം എത്രയായിരിക്കുമായിരുന്നു?

ദാനീയേൽ എന്ന ബൈബിൾ പുസ്‌തകത്തിലെ ഒരു പ്രവചനം ഇപ്രകാരം പറയുന്നു: “വൃക്ഷത്തെ വെട്ടിയിട്ടു നശിപ്പിച്ചുകളവിൻ; എങ്കിലും അതിന്റെ തായ്‌വേർ വയലിലെ ഇളമ്പുല്ലിൽ ഇരിമ്പും താമ്രവുംകൊണ്ടുള്ള ബന്ധനത്തോടുകൂടെ ഭൂമിയിൽ വെച്ചേക്കുവിൻ; . . . ഏഴുകാലം കഴിയുന്നതുവരെ . . . [അങ്ങനെ] ആയിരിക്കട്ടെ.” (ദാനീയേൽ 4:23) നാം കാണാൻ പോകുന്നതുപോലെ, ഇവിടെ പറഞ്ഞിരിക്കുന്ന “ഏഴുകാല”ത്തിന്റെ ദൈർഘ്യം “ജാതികളുടെ കാല”ത്തിനു തുല്യമാണ്‌.

ബൈബിളിൽ ചില സന്ദർഭങ്ങളിൽ വ്യക്തികളെയും ഭരണാധിപന്മാരെയും രാജ്യങ്ങളെയും ചിത്രീകരിക്കാൻ വൃക്ഷങ്ങൾ ഉപയോഗിച്ചിട്ടുണ്ട്‌. (സങ്കീർത്തനം 1:3 യിരെമ്യാവു 17:7, 8; യെഹെസ്‌കേൽ, അധ്യായം 31) ഈ ആലങ്കാരിക വൃക്ഷം “സർവ്വഭൂമിയുടെയും അറ്റത്തോളം കാണാകുന്നത്‌” ആയിരുന്നു. (ദാനീയേൽ 4:11) അപ്പോൾ വെട്ടിയിട്ട്‌ ബന്ധനത്തിൽ വെക്കുന്ന ആ മഹാവൃക്ഷം മനുഷ്യവർഗത്തിന്റെ മുഴുരാജ്യങ്ങളും ഉൾപ്പെടുന്ന ‘ഭൂമിയുടെ അറുതിവരെയുള്ള ഭരണാധിപത്യ’ത്തെയാണു പ്രതിനിധാനം ചെയ്യുന്നത്‌. (ദാനീയേൽ 4:​17, 20, 22) അതുകൊണ്ട്‌ ആ വൃക്ഷം യഹോവയുടെ അഖിലാണ്ഡ പരമാധികാരത്തെ പ്രതീകപ്പെടുത്തുന്നു, വിശേഷിച്ച്‌ ഭൂമിയോടുള്ള ബന്ധത്തിൽ. ഇസ്രായേൽ ജനതയുടെമേൽ ഏർപ്പെടുത്തിയ രാജ്യക്രമീകരണത്തിലൂടെ യഹോവ ആ പരമാധികാരം പ്രയോഗിച്ചു. ഈ ആലങ്കാരിക വൃക്ഷം വെട്ടിയിടപ്പെടുകയും അതിന്റെ വളർച്ച തടയുന്നതിനായി തായ്‌വേർ വയലിലെ ഇളമ്പുല്ലിൽ ഇരുമ്പും താമ്രവുംകൊണ്ട്‌ ബന്ധിക്കപ്പെടുകയും ചെയ്‌തു. ദൈവം ഭൂമിയിൽ ഉപയോഗിച്ചിരുന്ന ആ ഭരണക്രമീകരണം നിലച്ചുപോകുമായിരുന്നുവെന്ന്‌ അതു സൂചിപ്പിച്ചു. പൊതുയുഗത്തിനു മുമ്പ്‌ (പൊ.യു.മു.) 607-ൽ അതാണു സംഭവിച്ചത്‌. എന്നാൽ അത്‌ എന്നേക്കുമായിട്ടായിരുന്നില്ല. “ഏഴു കാലം” കഴിയുന്നതുവരെ വൃക്ഷത്തെ ബന്ധനത്തിൽ വെച്ചിട്ട്‌ അതിന്റെ അന്ത്യത്തിൽ നിയമപരമായി അവകാശമുള്ള യേശുക്രിസ്‌തുവിന്‌ യഹോവ ഭരണാധിപത്യം നൽകുമായിരുന്നു. “ഏഴുകാല”വും “ജാതികളുടെ കാല”വും ഒരേ കാലഘട്ടത്തെയാണു സൂചിപ്പിക്കുന്നതെന്ന്‌ ഇതു വ്യക്തമാക്കുന്നു.

“ഏഴു കാലങ്ങളുടെ” ദൈർഘ്യം കണക്കാക്കാൻ ബൈബിൾ നമ്മെ സഹായിക്കുന്നു. 1,260 ദിവസം, “ഒരുകാലവും ഇരുകാലവും അരക്കാലവും” ചേർന്ന മൂന്നര “കാല”ത്തിനു തുല്യമാണെന്ന്‌ അതു സൂചിപ്പിക്കുന്നു. (വെളിപ്പാടു 12:6, 14) അതിനർഥം ആ സംഖ്യയുടെ ഇരട്ടി, അതായത്‌ ഏഴുകാലം, 2,520 ദിവസമാണെന്നാണ്‌.

പൊ.യു.മു. 607 മുതൽ 2,520 അക്ഷരീയ ദിവസം എണ്ണുമ്പോൾ നാം പൊ.യു.മു. 600-ൽ എത്തുന്നു. എന്നിരുന്നാലും ഏഴു കാലത്തിന്‌ അതിലും ദൈർഘ്യം ഉണ്ടായിരുന്നു. യേശു “ജാതികളുടെ കാല”ത്തെക്കുറിച്ചു സംസാരിച്ചപ്പോൾ ആ കാലം അപ്പോഴും തുടരുകയായിരുന്നു. അതുകൊണ്ട്‌ അത്‌ ഏഴു പ്രാവചനിക കാലങ്ങളാണ്‌. അതിനർഥം “ഒരു ദിവസത്തിന്നു ഒരു സംവത്സരം വീതം” എന്ന തിരുവെഴുത്തു ചട്ടം ബാധകമാക്കണം എന്നാണ്‌. (സംഖ്യാപുസ്‌തകം 14:34; യെഹെസ്‌കേൽ 4:6) അതനുസരിച്ച്‌ ദിവ്യ ഇടപെടൽ കൂടാതെയുള്ള ലോകശക്തികളുടെ ഭൂമിയുടെമേലുള്ള ആധിപത്യത്തിന്റെ ഏഴുകാലം 2,520 വർഷമാണ്‌. പൊ.യു.മു. 607-ൽ നിന്ന്‌ 2,520 വർഷം എണ്ണുമ്പോൾ അത്‌ 1914-ൽ വന്നെത്തുന്നു. ആ വർഷത്തിലാണ്‌ “ജാതികളുടെ കാലം” അഥവാ ഏഴു കാലം അവസാനിച്ചത്‌. ഇതു സൂചിപ്പിക്കുന്നത്‌ 1914-ൽ യേശുക്രിസ്‌തു ദൈവരാജ്യത്തിന്റെ രാജാവായി ഭരണം ആരംഭിച്ചു എന്നാണ്‌.

നിന്റെ രാജ്യം വരേണമേ

മിശിഹൈകരാജ്യം ഇതിനോടകം സ്വർഗത്തിൽ സ്ഥാപിതമായ സ്ഥിതിക്ക്‌, യേശു മാതൃകാ പ്രാർഥനയിലൂടെ പഠിപ്പിച്ച രാജ്യത്തിന്റെ വരവിനായി നാം തുടർന്നും പ്രാർഥിക്കേണ്ടതുണ്ടോ? (മത്തായി 6:9, 10) തീർച്ചയായും ഇന്നും ആ അപേക്ഷ ഉചിതമാണ്‌, അർഥനിർഭരവും. ദൈവരാജ്യം ഭൂമിയുടെമേൽ അതിന്റെ മുഴു ആധിപത്യവും ഏറ്റെടുക്കാൻ പോകുന്നതേയുള്ളൂ.

വിശ്വസ്‌തരായ മനുഷ്യവർഗത്തിന്‌ അത്‌ എന്തൊരനുഗ്രഹമായിരിക്കും കൈവരുത്തുക! “ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.” (വെളിപ്പാടു 21:​3-5) അന്ന്‌ “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.” (യെശയ്യാവു 33:24) ദൈവത്തെ പ്രസാദിപ്പിക്കുന്നവർക്ക്‌ നിത്യജീവൻ ആസ്വദിക്കാനാകും. (യോഹന്നാൻ 17:3) ഇതിന്റെയും ബൈബിളിലെ മറ്റു പ്രവചനങ്ങളുടെയും നിവൃത്തിക്കായി നോക്കിപ്പാർത്തിരിക്കവേ നമുക്ക്‌ “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷി”ക്കുന്നതിൽ തുടരാം.​—⁠മത്തായി 6:​33.

[അടിക്കുറിപ്പ്‌]

^ ഖ. 10 ദാവീദ്‌ രാജാവ്‌ യെബൂസ്യരിൽനിന്ന്‌ ഭൗമിക സീയോൻമല പിടിച്ചെടുത്ത്‌ അതിനെ തന്റെ തലസ്ഥാനമാക്കി. (2 ശമൂവേൽ 5:6, 7, 9) കൂടാതെ, അവൻ യഹോവയുടെ പെട്ടകം അങ്ങോട്ടു മാറ്റുകയും ചെയ്‌തു. (2 ശമൂവേൽ 6:17) ആ പെട്ടകത്തിനു യഹോവയുടെ സാന്നിധ്യവുമായി ബന്ധം ഉണ്ടായിരുന്നതിനാൽ സീയോൻ ദൈവത്തിന്റെ വാസസ്ഥലം എന്ന്‌ അറിയപ്പെട്ടിരുന്നു. അങ്ങനെ അത്‌ സ്വർഗത്തിന്റെ ഒരു അനുയോജ്യ പ്രതീകമായി വർത്തിച്ചു.​—⁠പുറപ്പാടു 25:22; ലേവ്യപുസ്‌തകം 16:2; സങ്കീർത്തനം 9:11; വെളിപ്പാടു 11:19.

[4-ാം പേജിലെ ആകർഷകവാക്യം]

യഹോവ യേശുക്രിസ്‌തുവിനെ തന്റെ രാജ്യത്തിന്റെ രാജാവായി നിയമിച്ചിരിക്കുന്നു

[6-ാം പേജിലെ രേഖാചിത്രം/ചിത്രങ്ങൾ]

2,520 വർഷം

607 ഒക്ടോബർ ◀ പൊ.യു.മു. പൊ.യു.▸ 1914 ഒക്ടോബർ

606 1/4 വർഷം 1,913 3/4 വർഷം

“ജാതികളുടെ കാലം” പൊ.യു.മു. 607-ൽ ആരംഭിച്ച്‌ പൊ.യു. 1914-ൽ അവസാനിച്ചു

[7-ാം പേജിലെ ചിത്രം]

ദൈവരാജ്യത്തിന്റെ ഭൗമികപ്രജകൾ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും