വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഞങ്ങൾക്ക്‌ യേശുവിനെക്കുറിച്ചു പ്രസ്‌താവിക്കാതിരിപ്പാൻ കഴിയുന്നതല്ല’

‘ഞങ്ങൾക്ക്‌ യേശുവിനെക്കുറിച്ചു പ്രസ്‌താവിക്കാതിരിപ്പാൻ കഴിയുന്നതല്ല’

“മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു”

‘ഞങ്ങൾക്ക്‌ യേശുവിനെക്കുറിച്ചു പ്രസ്‌താവിക്കാതിരിപ്പാൻ കഴിയുന്നതല്ല’

വർഷം പൊതുയുഗം 33. സ്ഥലം യെരൂശലേമിലെ സൻഹെദ്രിം എന്ന പ്രൗഢഗംഭീരമായ ന്യായവിസ്‌താരസഭ. യേശുവിന്റെ 12 അനുഗാമികളെ ഈ ദേശീയ കോടതി വിചാരണചെയ്യാൻ പോകുന്നതാണ്‌ രംഗം. എന്തുകൊണ്ടാണ്‌ അവർ വിചാരണ നേരിടുന്നത്‌? അവർ യേശുവിനെക്കുറിച്ചു പ്രസംഗിക്കുകയായിരുന്നു എന്നതാണു കാരണം. അപ്പൊസ്‌തലന്മാരായ പത്രൊസും യോഹന്നാനും ഇതു രണ്ടാം വട്ടമാണ്‌ കോടതി മുമ്പാകെ ഹാജരാകുന്നത്‌. ശേഷം അപ്പൊസ്‌തലന്മാരുടെ കാര്യത്തിൽ ഇത്‌ ആദ്യത്തെ അനുഭവമാണ്‌.

മഹാപുരോഹിതൻ ഇപ്പോൾ 12 അപ്പൊസ്‌തലന്മാരോടും സംസാരിക്കുകയാണ്‌. മുമ്പൊരിക്കൽ കോടതി പുറപ്പെടുവിച്ച ഉത്തരവാണ്‌ ചർച്ചാവിഷയം. അന്ന്‌ യേശുവിനെക്കുറിച്ചു പഠിപ്പിക്കുന്നതു നിറുത്താൻ ആജ്ഞാപിച്ചപ്പോൾ അപ്പൊസ്‌തലന്മാരായ പത്രൊസും യോഹന്നാനും ഇങ്ങനെ മറുപടി പറഞ്ഞിരുന്നു: “ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ. ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്‌താവിക്കാതിരിപ്പാൻ കഴിയുന്നതല്ല.” എന്നിട്ട്‌ ധൈര്യത്തിനായി പ്രാർഥിച്ചശേഷം ആ ശിഷ്യന്മാർ സുവാർത്ത ഘോഷിക്കുന്നതിൽ തുടർന്നു.​—⁠പ്രവൃത്തികൾ 4:18-31.

താൻ മുമ്പു മുഴക്കിയ ഭീഷണിയൊന്നും വിലപ്പോയില്ല എന്നു കണ്ടിട്ട്‌ മഹാപുരോഹിതൻ ഈ രണ്ടാംഘട്ട വിചാരണ സമയത്ത്‌ ഇപ്രകാരം പ്രസ്‌താവിക്കുന്നു: “ഈ നാമത്തിൽ ഉപദേശിക്കരുതു എന്നു ഞങ്ങൾ നിങ്ങളോടു അമർച്ചയായി കല്‌പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെമേൽ വരുത്തുവാൻ ഇച്ഛിക്കുന്നു.”​—⁠പ്രവൃത്തികൾ 5:⁠28.

ദൃഢചിത്തരായി

“അതിന്നു പത്രൊസും ശേഷം അപ്പൊസ്‌തലന്മാരും: മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്ന്‌ ധീരമായി മറുപടി പറയുന്നു. (പ്രവൃത്തികൾ 5:29) ദൈവകൽപ്പനകൾക്കു വിരുദ്ധമായ കാര്യങ്ങൾ നിസ്സാരരായ മനുഷ്യർ ആവശ്യപ്പെടുമ്പോൾ അവരെക്കാൾ ഉപരിയായി നാം ദൈവമായ യഹോവയെയാണ്‌ അനുസരിക്കേണ്ടത്‌. *

ദൈവത്തോടു കൂറു പ്രഖ്യാപിച്ചുകൊണ്ടുള്ള അപ്പൊസ്‌തലന്മാരുടെ വാക്കുകൾ ന്യായാധിപസംഘത്തിലെ അംഗങ്ങൾ തീർച്ചയായും ഗൗരവത്തോടെതന്നെ എടുക്കേണ്ടതാണ്‌. ദൈവത്തെ അനുസരിക്കുന്നതിനോടുള്ള ബന്ധത്തിൽ ഒരു പ്രശ്‌നം ഉയർന്നുവരുമ്പോൾ ഈ യഹൂദ നേതാക്കന്മാർ ഒന്നടങ്കം “ദൈവത്തെ അനുസരിക്കൂ!” എന്നു പറയേണ്ടതാണ്‌. കാരണം അഖിലാണ്ഡത്തിന്റെ പരമാധികാരിയാം കർത്താവ്‌ ദൈവമാണെന്ന്‌ അവരും വിശ്വസിക്കുന്നതാണല്ലോ.

സാധ്യതയനുസരിച്ച്‌ അപ്പൊസ്‌തലന്മാരുടെ മുഴുഗണത്തെയും പ്രതിനിധീകരിച്ചുകൊണ്ട്‌ പത്രൊസ്‌, ശുശ്രൂഷയോടുള്ള ബന്ധത്തിൽ മനുഷ്യരെക്കാൾ തങ്ങൾ ദൈവത്തെയാണ്‌ അനുസരിക്കുന്നതെന്നു പ്രസ്‌താവിക്കുന്നു. അങ്ങനെ അപ്പൊസ്‌തലന്മാർ ന്യായാധിപസംഘത്തിന്റെ ഉത്തരവിനെ മാനിച്ചില്ല എന്ന ആരോപണത്തെ അവൻ അസാധുവാക്കിക്കളയുന്നു. മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കുന്നതിന്റെ ഔചിത്യം സംബന്ധിച്ച്‌ യാതൊരു സന്ദേഹത്തിനും ഇട നൽകാത്ത സാഹചര്യങ്ങളെക്കുറിച്ച്‌ സ്വന്തം ജനതയുടെ ചരിത്രത്തിൽനിന്നുതന്നെ ന്യായാധിപസംഘത്തിലെ അംഗങ്ങൾക്ക്‌ അറിയാവുന്നതാണ്‌. ഈജിപ്‌തിലെ രണ്ടു സൂതികർമിണികൾ എബ്രായസ്‌ത്രീകൾക്കു ജനിച്ച ആൺകുഞ്ഞുങ്ങളെ സംരക്ഷിച്ചുകൊണ്ട്‌ തങ്ങൾ ഫറവോനെക്കാൾ ദൈവത്തെയാണു ഭയപ്പെടുന്നതെന്നു പ്രകടമാക്കി. (പുറപ്പാടു 1:​15-17) അശൂർരാജാവായ സൻഹേരീബിനു കീഴ്‌പെടാനുള്ള സമ്മർദം ഉണ്ടായപ്പോൾ ഹിസ്‌കീയാവ്‌ രാജാവ്‌ ആ രാജാവിനെയല്ല മറിച്ച്‌ യഹോവയെയാണ്‌ അനുസരിച്ചത്‌. (2 രാജാക്കന്മാർ 19:14-37) യഹോവ തന്റെ ജനത്തിൽനിന്ന്‌ അനുസരണം പ്രതീക്ഷിക്കുന്നുവെന്ന്‌ എബ്രായ തിരുവെഴുത്തുകൾ ഊന്നിപ്പറയുന്നു, ആ വസ്‌തുതയും ന്യായാധിപസംഘത്തിലെ അംഗങ്ങൾക്ക്‌ വ്യക്തമായി അറിയാവുന്നതാണ്‌.​—⁠1 ശമൂവേൽ 15:22, 23.

അനുസരണം അനുഗ്രഹങ്ങൾ കൈവരുത്തുന്നു

“മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്ന വാക്കുകൾ സാധ്യതയനുസരിച്ച്‌ പരമോന്നത കോടതിയിലെ ഒരംഗത്തിന്റെയെങ്കിലും മനസ്സിൽത്തട്ടുന്നു. ന്യായാധിപസംഘത്തിലെ ഏറെ ആദരണീയനായ ഗമാലീയേൽ എന്ന ന്യായാധിപൻ തനിക്കു പറയാനുള്ളതു കേൾക്കാൻ അതിലെ അംഗങ്ങളോട്‌ ആവശ്യപ്പെടുന്നു, ബാക്കി എല്ലാവരെയും പുറത്താക്കിയിട്ടാണ്‌ അദ്ദേഹം അങ്ങനെചെയ്യുന്നത്‌. മുൻകാല അനുഭവങ്ങളെക്കുറിച്ചു പരാമർശിച്ചിട്ട്‌ അപ്പൊസ്‌തലന്മാരുടെ വേലയിൽ കൈകടത്തുന്നത്‌ ശുദ്ധഭോഷത്തമായിരിക്കുമെന്ന്‌ ഗമാലിയേൽ ചൂണ്ടിക്കാട്ടുന്നു. എന്നിട്ട്‌ ഇങ്ങനെ പറഞ്ഞുകൊണ്ട്‌ അദ്ദേഹം ഉപസംഹരിക്കുന്നു: “ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞു കൊൾവിൻ . . . നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ.”​—⁠പ്രവൃത്തികൾ 5:34-39.

ഗമാലിയേലിന്റെ ന്യായയുക്തമായ വാക്കുകൾ ശ്രദ്ധിച്ച പരമോന്നതകോടതി അപ്പൊസ്‌തലന്മാരെ വിട്ടയയ്‌ക്കാൻ നിർബന്ധിതരാകുന്നു. അപ്പൊസ്‌തലന്മാർക്ക്‌ അടികൊള്ളേണ്ടി വരുന്നെങ്കിലും അതൊന്നും അവരെ ഭയപ്പെടുത്തുന്നതേയില്ല. പകരം ബൈബിൾരേഖ ഇപ്രകാരം പറയുന്നു: “അവർ ദിനമ്പ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്‌തു എന്നു സുവിശേഷിക്കയും ചെയ്‌തുകൊണ്ടിരുന്നു.”​—⁠പ്രവൃത്തികൾ 5:42.

ദൈവത്തിന്റെ അധികാരത്തിനു പരമോന്നതസ്ഥാനം കൽപ്പിക്കുകവഴി ആ അപ്പൊസ്‌തലന്മാർ എത്രമാത്രം അനുഗൃഹീതരായി എന്നു നോക്കൂ! ഇന്നത്തെ സത്യക്രിസ്‌ത്യാനികളും അതേ മനോഭാവം ഉള്ളവരാണ്‌. യഹോവയുടെ സാക്ഷികൾ യഹോവയെ തങ്ങളുടെ പരമോന്നത അധികാരിയായി അംഗീകരിക്കുന്നതിൽ തുടരുന്നു. ദൈവത്തിന്റെ കൽപ്പനകൾക്കു വിരുദ്ധമായി പ്രവർത്തിക്കാൻ ആവശ്യപ്പെടുമ്പോൾ അപ്പൊസ്‌തലന്മാരെപ്പോലെതന്നെ അവരും ഞങ്ങൾ “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്ന്‌ പ്രതിവചിക്കുന്നു.

[അടിക്കുറിപ്പ്‌]

^ ഖ. 7 യഹോവയുടെ സാക്ഷികളുടെ കലണ്ടർ 2006, സെപ്‌റ്റംബർ/ഒക്ടോബർ കാണുക.

[9-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഗമാലിയേൽ ന്യായാധിപസംഘത്തോടു മാത്രമായി പറഞ്ഞ കാര്യങ്ങൾ സുവിശേഷ എഴുത്തുകാരനായ ലൂക്കൊസ്‌ എങ്ങനെയാണ്‌ അറിഞ്ഞത്‌? ഗമാലിയേലിന്റെ വാക്കുകൾ ലൂക്കൊസിന്‌ ദിവ്യനിശ്വസ്‌തതയിൽ വെളിപ്പെടുത്തപ്പെട്ടിരിക്കാം. അല്ലെങ്കിൽ ഗമാലിയേൽ ഉപയോഗിച്ച വാദമുഖങ്ങളുടെ ഉള്ളടക്കം പൗലൊസ്‌ (ഗമാലിയേലിന്റെ ഒരു മുൻശിഷ്യൻ) ലൂക്കൊസിനെ ധരിപ്പിച്ചിട്ടുണ്ടാകാം. ഇനി മറ്റൊരു സാധ്യത, ന്യായാധിപസംഘത്തിൽത്തന്നെ അപ്പൊസ്‌തലന്മാരുടെ നിലപാടിനെ അനുകൂലിച്ചിരുന്ന ആരോടെങ്കിലും ലൂക്കൊസ്‌ അതേക്കുറിച്ചു ചോദിച്ചു മനസ്സിലാക്കിയിരിക്കാം എന്നതാണ്‌.