വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘അവർ ന്യായാധിപസംഘത്തെ വിളിച്ചുകൂട്ടി’

‘അവർ ന്യായാധിപസംഘത്തെ വിളിച്ചുകൂട്ടി’

‘അവർ ന്യായാധിപസംഘത്തെ വിളിച്ചുകൂട്ടി’

മഹാപുരോഹിതനും യഹൂദഭരണകർത്താക്കളും ധർമസങ്കടത്തിലായി. യേശുക്രിസ്‌തുവിനെ ചുറ്റിപ്പറ്റി ആളുകൾ ആവേശഭരിതരാണ്‌, അതെങ്ങനെ ഒന്നു അമർച്ച ചെയ്യും? യേശുവിനെ കൊല്ലിക്കുന്നതിൽ അവർ വിജയിച്ചിരുന്നെങ്കിലും, അവൻ പുനരുത്ഥാനം ചെയ്‌തുവെന്ന വാർത്ത അവന്റെ ശിഷ്യന്മാർ യെരൂശലേമിലെമ്പാടുമുള്ള ആളുകളുടെ കാതുകളിൽ എത്തിക്കുകയായിരുന്നു. എങ്ങനെ ആ ശിഷ്യന്മാരുടെ വായടയ്‌ക്കും? ഇക്കാര്യം സംബന്ധിച്ച്‌ ഒരു തീരുമാനത്തിലെത്താനായി മഹാപുരോഹിതനും അദ്ദേഹത്തിന്റെ ആളുകളും, യഹൂദന്മാരുടെ പരമോന്നത കോടതിയായ ‘ന്യായാധിപസംഘത്തെ വിളിച്ചുകൂട്ടി.’​—⁠പ്രവൃത്തികൾ 5:21.

ആ സമയത്ത്‌ ഇസ്രായേലിൽ റോമൻ ഗവർണറായ പൊന്തിയൊസ്‌ പീലാത്തൊസ്‌ ആണ്‌ പരമാധികാരിയായി വാണിരുന്നത്‌. എന്നാൽ ന്യായാധിപസംഘം പീലാത്തൊസുമായി എങ്ങനെയാണ്‌ ഇടപെട്ടിരുന്നത്‌? ന്യായാധിപസംഘത്തിനും പീലാത്തൊസിനും എത്രത്തോളം അധികാരം ഉണ്ടായിരുന്നു? ന്യായാധിപസംഘത്തിൽ ആരൊക്കെയാണ്‌ ഉൾപ്പെട്ടിരുന്നത്‌? അത്‌ എങ്ങനെ പ്രവർത്തിച്ചിരുന്നു?

ന്യായാധിപസംഘം രൂപംകൊള്ളുന്നു

“ന്യായാധിപസംഘം” (Sanhedrin) എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “ഒരുമിച്ച്‌ ഇരിക്കൽ” എന്നാണ്‌. ഒരു സമ്മേളനത്തെയോ യോഗത്തെയോ കുറിക്കാൻ പൊതുവേ ഉപയോഗിച്ചിരുന്ന ഒരു പദമായിരുന്നു ഇത്‌. യഹൂദപാരമ്പര്യപ്രകാരം ഇത്‌ ഒരു മത-നീതിന്യായ സംഘത്തെ, അഥവാ ഒരു കോടതിയെയാണ്‌ സാധാരണമായി സൂചിപ്പിച്ചിരുന്നത്‌.

പൊ.യു. (പൊതുയുഗം) 70-ലെ യെരൂശലേമിന്റെ നാശത്തെ തുടർന്നുള്ള നൂറ്റാണ്ടുകളിൽ സമാഹരിക്കപ്പെട്ട തൽമൂദിന്റെ എഴുത്തുകാർ ന്യായാധിപസംഘത്തിന്‌ പഴമയുടെ പരിവേഷം നൽകിയാണു വർണിച്ചിരിക്കുന്നത്‌. ന്യായാധിപസംഘം എന്നത്‌ യഹൂദ നിയമം സംബന്ധിച്ച സംവാദങ്ങൾക്കായി കൂടിവന്നിരുന്ന പണ്ഡിതഗണം ആയിരുന്നുവെന്നും ഇതിന്റെ തുടക്കം ഇസ്രായേലിനെ നയിക്കുന്നതിൽ തന്നെ സഹായിക്കാനായി മോശെ പ്രായമേറിയ 70 പുരുഷന്മാരെ കൂട്ടിവരുത്തിയതോടെ ആയിരുന്നുവെന്നും അവർ വിശ്വസിക്കുന്നു. (സംഖ്യാപുസ്‌തകം 11:16, 17) എന്നാൽ ചരിത്രകാരന്മാർ ഈ ആശയത്തോടു യോജിക്കുന്നില്ല. ഇസ്രായേൽ പേർഷ്യയുടെ അധീനതയിലാകുന്നതുവരെയുള്ള സമയത്ത്‌ ഒന്നാം നൂറ്റാണ്ടിലെ ന്യായാധിപസംഘത്തോടു സമാനമായ ഒരു ക്രമീകരണം നിലവിൽ വന്നിരുന്നില്ല എന്നാണ്‌ അവരുടെ പക്ഷം. കൂടാതെ തൽമൂദിൽ അഭ്യസ്‌തവിദ്യരായവരുടെ ഗണം, ന്യായാധിപസംഘത്തെക്കാൾ രണ്ട്‌-മൂന്ന്‌ നൂറ്റാണ്ടുകളിലെ റബ്ബിമാരുടെ സഭയ്‌ക്ക്‌ ഇണങ്ങുന്നതായി തോന്നുന്നു എന്നും അവർ അഭിപ്രായപ്പെടുന്നു. അങ്ങനെയെങ്കിൽ എപ്പോഴാണ്‌ ന്യായാധിപസംഘം നിലവിൽവന്നത്‌?

പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്‌) 537-ൽ ബാബിലോണിൽനിന്നു യഹൂദയിലേക്കു മടങ്ങിവന്ന പ്രവാസികൾക്ക്‌ കാര്യനിർവഹണത്തിനായി ഒരു ദേശീയ സംഘടന ഉണ്ടായിരുന്നതായി ബൈബിൾ വെളിപ്പെടുത്തുന്നു. പ്രഭുക്കന്മാർ, മൂപ്പന്മാർ, പ്രമാണികൾ തുടങ്ങിയവരെക്കുറിച്ച്‌ നെഹെമ്യാവും എസ്രായും പരാമർശിക്കുന്നുണ്ട്‌. പിൽക്കാലത്ത്‌ ന്യായാധിപസംഘമായിത്തീർന്ന ഒന്നിന്റെ തുടക്കമായിരുന്നിരിക്കാം ഇത്‌.​—⁠എസ്രാ 10:8; നെഹെമ്യാവു 5:⁠7.

എബ്രായ തിരുവെഴുത്തുകളുടെ എഴുത്തു പൂർത്തിയായതിനും മത്തായിയുടെ സുവിശേഷം എഴുതുന്നതിനും ഇടയ്‌ക്കുള്ള സമയം യഹൂദന്മാരെ സംബന്ധിച്ചിടത്തോളം പ്രക്ഷുബ്ധമായ ഒരു കാലഘട്ടമായിരുന്നു. പൊ.യു.മു. 332-ൽ യെഹൂദ്യാദേശം മഹാനായ അലക്‌സാണ്ടറുടെ കീഴിലായി. അദ്ദേഹത്തിന്റെ മരണശേഷം യെഹൂദ്യ, യവനസാമ്രാജ്യത്തിൽ ഉണ്ടായിരുന്ന രണ്ടു രാജ്യങ്ങളുടെ കീഴിൽ വന്നു, ആദ്യം ടോളമി രാജവംശത്തിന്റെയും പിന്നീട്‌ സെല്യൂസിഡ്‌ രാജവംശത്തിന്റെയും. പൊ.യു.മു. 198-ൽ ആരംഭിച്ച സെല്യൂസിഡ്‌ രാജവംശത്തിന്റെ രേഖകളിലാണ്‌ യഹൂദന്മാരുടെ ഒരു ഭരണസമിതിയെക്കുറിച്ചുള്ള ആദ്യ പരാമർശം കാണുന്നത്‌. ഈ സമിതിക്ക്‌ ഉണ്ടായിരുന്ന അധികാരം പരിമിതമായിരുന്നിരിക്കാമെങ്കിലും അത്‌ യഹൂദന്മാരിൽ സ്വയംഭരണത്തിന്റേതായ ഒരു തോന്നൽ ഉളവാക്കി.

സെല്യൂസിഡ്‌ രാജാവായ ആന്റിയോക്കസ്‌ നാലാമൻ (എപ്പിഫാനെസ്‌) പൊ.യു.മു. 167-ൽ യഹൂദന്മാരുടെമേൽ ഗ്രീക്ക്‌ സംസ്‌കാരം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു. യെരൂശലേം ദേവാലയത്തിലെ യാഗപീഠത്തിൽ സീയൂസിന്‌ ഒരു പന്നിയെ ബലിയർപ്പിച്ചുകൊണ്ട്‌ അദ്ദേഹം അതിനെ അശുദ്ധമാക്കുകപോലും ചെയ്‌തു. ഇതിനെത്തുടർന്നുണ്ടായ വിപ്ലവത്തിൽ മക്കബായർ, സെല്യൂസിഡ്‌ രാജാക്കന്മാരുടെ ആധിപത്യത്തെ തകർത്തെറിയുകയും ഹാസ്‌മോനേയ രാജവംശത്തിനു തുടക്കംകുറിക്കുകയും ചെയ്‌തു. * അതേസമയം, വിപ്ലവത്തെ പിന്തുണച്ചിരുന്ന ജനത്തിന്റെ നേതാക്കളായ പരീശന്മാരും ശാസ്‌ത്രിമാരും ദേശീയ ഭരണകാര്യങ്ങളിൽ സജീവമായി രംഗത്തുവരുകയും പൗരോഹിത്യ സ്ഥാനത്തോടു വിടപറയുകയും ചെയ്‌തു.

അങ്ങനെ, ഗ്രീക്കു തിരുവെഴുത്തുകളിൽ കാണുന്ന പ്രകാരമുള്ള ന്യായാധിപസംഘം രൂപംകൊള്ളുകയായിരുന്നു. അത്‌ ഒരു ദേശീയ ഭരണസമിതിയും യഹൂദ നിയമം വ്യാഖ്യാനിക്കാനുള്ള പരമോന്നത നീതിപീഠവും ആയിത്തീരുമായിരുന്നു.

അധികാരപരിധി

ഒന്നാം നൂറ്റാണ്ട്‌ ആയപ്പോഴേക്കും യെഹൂദ്യ, റോമാക്കാരുടെ അധീനതയിലായിരുന്നു. എങ്കിലും യഹൂദന്മാർക്ക്‌ ഒരു പരിധിവരെയുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഏതുതരം ഭരണസംവിധാനം വേണമെന്നു തീരുമാനിക്കാനുള്ള ഗണ്യമായ അവകാശം ജനങ്ങൾക്കു നൽകുക എന്നത്‌ റോമാക്കാരുടെ ഒരു നയമായിരുന്നു. അതുകൊണ്ട്‌ അവർ പ്രാദേശിക കോടതികളുടെ പ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്നില്ല. അങ്ങനെ സാംസ്‌കാരിക വ്യത്യാസങ്ങൾ മൂലം ഉണ്ടാകാമായിരുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന്‌ അവർക്കു കഴിഞ്ഞു. യഹൂദന്മാരെ അവരുടേതായ ആചാരങ്ങൾ വെച്ചുപുലർത്താനും അടിസ്ഥാനപരമായി സ്വന്തം ഭരണരീതി പിൻപറ്റാനും അനുവദിച്ചുകൊണ്ട്‌, പ്രവിശ്യകളിലെ ക്രമസമാധാനം നിലനിറുത്തുകയും ജനപിന്തുണ നേടിയെടുക്കുകയും ചെയ്യുക എന്നതായിരുന്നു റോമാക്കാരുടെ ലക്ഷ്യം. ന്യായാധിപസംഘത്തിന്റെ പ്രസിഡന്റായിരുന്ന മഹാപുരോഹിതനെ നിയമിക്കുകയും നീക്കുകയും ചെയ്യുക, നികുതികൾ ഈടാക്കുക എന്നീ കാര്യങ്ങൾ ഒഴിച്ച്‌, റോമാക്കാർ യഹൂദന്മാരുടെ കാര്യാദികളിൽ ഇടപെട്ടിരുന്നത്‌ തങ്ങളുടെ പരമാധികാരം ഉൾപ്പെട്ടിരിക്കുന്ന, സാമ്രാജ്യത്വ താത്‌പര്യങ്ങൾ സംരക്ഷിക്കേണ്ടതായ സാഹചര്യങ്ങളിൽ മാത്രമായിരുന്നു. യേശുവിന്റെ വിചാരണയോടുള്ള ബന്ധത്തിൽ കാണാൻ കഴിയുന്നതുപോലെ, വധശിക്ഷ വിധിക്കാനുള്ള അധികാരം റോമാക്കാർ മറ്റാർക്കും വിട്ടുകൊടുത്തിരുന്നില്ലെന്നു തോന്നുന്നു.​—⁠യോഹന്നാൻ 18:31.

യഹൂദന്മാരുടെ മിക്ക ആഭ്യന്തരകാര്യങ്ങളെയും നിയന്ത്രിച്ചിരുന്നത്‌ ന്യായാധിപസംഘമായിരുന്നു. അവരുടെ ആജ്ഞാനുവർത്തികളായി, ആളുകളെ അറസ്റ്റ്‌ ചെയ്യാൻ അധികാരപ്പെട്ടവർ ഉണ്ടായിരുന്നു. (യോഹന്നാൻ 7:32) ചെറിയ തോതിലുള്ള കുറ്റകൃത്യങ്ങളുടെയും സിവിൽ കേസുകളുടെയും വിചാരണ കീഴ്‌ക്കോടതിയിലായിരുന്നു. അതിൽ റോമാക്കാർ ഇടപെട്ടിരുന്നില്ല. കീഴ്‌ക്കോടതികൾക്കു തീർപ്പുകൽപ്പിക്കാൻ കഴിയാത്ത കേസുകൾ ന്യായാധിപസംഘമാണു കൈകാര്യം ചെയ്‌തിരുന്നത്‌. അന്തിമവിധി കൽപ്പിച്ചിരുന്നതും അവിടെയായിരുന്നു.

ന്യായാധിപസംഘത്തിന്‌ അതിന്റെ അധികാരം നഷ്ടമാകാതിരിക്കാനായി, ക്രമസമാധാനം നിലനിറുത്തുകയും റോമൻ ഭരണത്തെ പിന്തുണയ്‌ക്കുകയും ചെയ്യേണ്ടിയിരുന്നു. എന്നാൽ, രാഷ്‌ട്രീയക്കുറ്റം ചുമത്താവുന്ന എന്തെങ്കിലും നടന്നതായി റോമാക്കാർക്കു സംശയം തോന്നിയാൽ അവർ ഇടപെട്ട്‌ വേണ്ട നടപടി സ്വീകരിക്കുമായിരുന്നു. അതിനൊരു ഉദാഹരണമാണ്‌ അപ്പൊസ്‌തലനായ പൗലൊസിനെ അറസ്റ്റ്‌ ചെയ്‌ത സന്ദർഭം.​—⁠പ്രവൃത്തികൾ 21:31-40.

ന്യായാധിപസംഘത്തിലെ അംഗങ്ങൾ

ന്യായാധിപസംഘത്തിൽ 71 അംഗങ്ങൾ ഉണ്ടായിരുന്നു, അതായത്‌ മഹാപുരോഹിതനും മറ്റ്‌ 70 പ്രമുഖ വ്യക്തികളും. റോമാക്കാരുടെകാലത്ത്‌ പുരോഹിതന്മാരിൽപ്പെട്ട പ്രമുഖരും (മുഖ്യമായും സദൂക്യർ) സാധാരണക്കാരുടെ ഇടയിൽനിന്നുള്ള കുലീനരും പരീശപക്ഷത്തുനിന്നുള്ള വിദ്യാസമ്പന്നരായ ശാസ്‌ത്രിമാരും ആണ്‌ ഇതിൽ അംഗങ്ങളായി ഉണ്ടായിരുന്നത്‌. സാധാരണക്കാരിലെ പ്രമുഖരുടെ പിന്തുണയുണ്ടായിരുന്ന പുരോഹിതശ്രേഷ്‌ഠരാണ്‌ ന്യായാധിപസഭയിൽ പ്രാതിനിധ്യം വഹിച്ചിരുന്നത്‌. * സദൂക്യർ യാഥാസ്ഥിതികരായിരുന്നു. എന്നാൽ പരീശന്മാരാകട്ടെ, അയഞ്ഞ മനോഭാവമുള്ളവരായിരുന്നെന്നു മാത്രമല്ല അവരിൽ മിക്കവരും ജനങ്ങൾക്കിടയിൽ നല്ല സ്വാധീനമുള്ള സാധാരണക്കാരിൽപ്പെട്ടവരുമായിരുന്നു. ചരിത്രകാരനായ ജോസീഫസിന്റെ റിപ്പോർട്ടനുസരിച്ച്‌, പരീശന്മാർ പറയുന്ന കാര്യങ്ങൾ സദൂക്യർ മനസ്സില്ലാമനസ്സോടെയാണ്‌ അനുസരിച്ചിരുന്നത്‌. ന്യായാധിപസംഘത്തിന്റെ മുമ്പാകെ അപ്പൊസ്‌തലനായ പൗലൊസ്‌ തനിക്കുവേണ്ടിത്തന്നെ വാദിക്കവേ ഇരുകൂട്ടരും തമ്മിലുള്ള ശത്രുതയും വിശ്വാസസംബന്ധമായി അവർക്കിടയിലുണ്ടായിരുന്ന ഭിന്നതയും മുതലെടുത്തു.​—⁠പ്രവൃത്തികൾ 23:6-9.

ന്യായാധിപസംഘത്തിൽ ഉണ്ടായിരുന്നത്‌ മുഖ്യമായും കുലീന വ്യക്തകളായിരുന്നതിനാൽ അതിലെ അംഗത്വം സ്ഥിരമായിരുന്നിരിക്കണം. ഇനി, അഥവാ ആരെങ്കിലും അയോഗ്യരായിത്തീരുകയോ മരിക്കുകയോ ചെയ്‌താൽ ആ ഒഴിവുകളിലേക്ക്‌ ആളെ നിയമിക്കുന്നത്‌ നിലവിലുള്ള അംഗങ്ങൾ ആയിരുന്നിരിക്കാനാണ്‌ സാധ്യത. മിഷ്‌ന പറയുന്നതനുസരിച്ച്‌, പുതിയ അംഗങ്ങൾ “പുരോഹിതന്മാരോ ലേവ്യരോ പുരോഹിതന്മാരെ വിവാഹം ചെയ്യാൻ യോഗ്യരായ പുത്രിമാരുള്ള ഇസ്രായേല്യരോ” അതായത്‌ തങ്ങളുടെ യഹൂദപാരമ്പര്യം രേഖാമൂലം തെളിയിക്കാൻ കഴിയുന്നവർ, ആയിരിക്കേണ്ടിയിരുന്നു. രാജ്യമൊട്ടുക്കുള്ള നീതിന്യായവ്യവസ്ഥ ഈ പരമോന്നത നീതിപീഠത്തിന്റെ കീഴിൽ ആയിരുന്നതിനാൽ, ന്യായമായും കീഴ്‌ക്കോടതികളിൽ സൽപ്പേരുണ്ടായിരുന്നവർക്കാണ്‌ ന്യായാധിപസംഘത്തിലേക്കു സ്ഥാനക്കയറ്റം ലഭിച്ചിരുന്നത്‌.

ഭരണപരിധിയും അധികാരവും

യഹൂദന്മാർ ന്യായാധിപസംഘത്തെ വളരെയേറെ ആദരിച്ചിരുന്നു. കീഴ്‌ക്കോടതികളിലെ ന്യായാധിപന്മാർ ന്യായാധിപസംഘത്തിന്റെ തീരുമാനങ്ങളെ അംഗീകരിക്കാൻ ബാധ്യസ്ഥരായിരുന്നു, അല്ലാത്തപക്ഷം വധശിക്ഷയായിരുന്നു ഫലം. പുരോഹിതന്മാരുടെ യോഗ്യതകൾ, യെരൂശലേം, അവിടത്തെ ആലയം, ആലയത്തിലെ ആരാധന എന്നിവയോടു ബന്ധപ്പെട്ട കാര്യങ്ങളാണ്‌ ഈ പരമോന്നത കോടതി മുഖ്യമായും ശ്രദ്ധിച്ചിരുന്നത്‌. യഥാർഥത്തിൽ ന്യായാധിപസംഘത്തിന്റെ സിവിൽ അധികാരപരിധിയിൽ യെഹൂദ്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ന്യായപ്രമാണത്തെ വ്യാഖ്യാനിക്കാനുള്ള ആത്യന്തികമായ അവകാശം ന്യായാധിപസംഘത്തിനാണെന്നു കരുതപ്പെട്ടിരുന്നതിനാൽ, ലോകമെങ്ങുമുള്ള യഹൂദ സമൂഹങ്ങളുടെ കാര്യത്തിൽ തെറ്റും ശരിയും സംബന്ധിച്ച്‌ നിലവാരം വെക്കാനുള്ള അധികാരം അതിനുണ്ടായിരുന്നു. ക്രിസ്‌തുവിന്റെ അനുഗാമികളെ അറസ്റ്റുചെയ്യുന്നതിൽ സഹകരിക്കാൻ ദമസ്‌കൊസിലുള്ള സിനഗോഗുകളിലെ നേതാക്കൾക്ക്‌ മഹാപുരോഹിതനും അദ്ദേഹത്തിന്റെ ആളുകളും നിർദേശം നൽകിയത്‌ അതിനൊരു ഉദാഹരണമാണ്‌. (പ്രവൃത്തികൾ 9:1, 2; 22:4, 5; 26:12) അതുപോലെ, ഉത്സവങ്ങൾക്കായി യെരൂശലേമിൽവന്നിട്ട്‌ തിരിച്ചുപോകുന്ന യഹൂദന്മാർ ന്യായാധിപസംഘത്തിന്റെ തീരുമാനങ്ങളും നിർദേശങ്ങളും തങ്ങളുടെ പ്രദേശത്തുള്ളവരെ അറിയിക്കുകയും ചെയ്‌തിരുന്നിരിക്കാം.

മിഷ്‌ന പറയുന്നതനുസരിച്ച്‌, ദേശീയ പ്രാധാന്യമുള്ള പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിലും വ്യാജപ്രവാചകന്മാരെയും തങ്ങളുടെ തീരുമാനങ്ങളെ ധിക്കരിക്കുന്ന ന്യായാധിപന്മാരെയും ന്യായം വിധിക്കുന്നതിലും ന്യായാധിപസംഘത്തിന്‌ പൂർണ അധികാരമുണ്ടായിരുന്നു. യേശുവിനെയും സ്‌തെഫാനൊസിനെയും ദൈവദൂഷകരായും പത്രൊസിനെയും യോഹന്നാനെയും രാജ്യദ്രോഹികളായും പൗലൊസിനെ ദേവാലയത്തെ അശുദ്ധമാക്കിയവനായും കുറ്റംചുമത്തി ഈ നീതിപീഠത്തിനു മുമ്പാകെ ഹാജരാക്കി.​—⁠മർക്കൊസ്‌ 14:64; പ്രവൃത്തികൾ 4:15-17; 6:11; 23:1; 24:⁠6.

യേശുവിനെയും ശിഷ്യന്മാരെയും ന്യായംവിധിക്കുന്നു

ശബത്തുദിവസങ്ങളും വിശുദ്ധദിനങ്ങളും ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലത്തെ യാഗസമയംമുതൽ വൈകുന്നേരത്തെ യാഗസമയംവരെയാണ്‌ ന്യായാധിപസംഘം കൂടിവന്നിരുന്നത്‌. പകൽസമയത്തു മാത്രമാണ്‌ വിചാരണകൾ നടത്തിയിരുന്നത്‌. വധശിക്ഷകൾ പ്രഖ്യാപിച്ചിരുന്നത്‌ വിചാരണയുടെ പിറ്റേന്ന്‌ ആയിരുന്നതിനാൽ, അത്തരം കേസുകളുടെ വിചാരണകൾ ശബത്തിന്റെയോ ഏതെങ്കിലും പെരുന്നാളിന്റെയോ തലേന്ന്‌ നടത്താൻ പാടില്ലായിരുന്നു. നിരപരാധിയുടെ രക്തം ചൊരിയുന്നതിന്റെ ഗൗരവം സംബന്ധിച്ച്‌ സാക്ഷിപറയുന്നവർക്ക്‌ ശക്തമായ മുന്നറിയിപ്പു നൽകിയിരുന്നു. അതുകൊണ്ട്‌, ഒരു പെരുന്നാളിന്റെ തലേന്നു രാത്രിയിൽ കയ്യാഫാവിന്റെ വീട്ടിൽവെച്ച്‌ യേശുവിനെ വിചാരണ ചെയ്‌ത്‌ കുറ്റംവിധിച്ചത്‌ നിയമവിരുദ്ധമായിരുന്നു. ഇനി, അതിലും മോശമായിരുന്നു ന്യായാധിപന്മാർതന്നെ കള്ളസാക്ഷികളെ തരപ്പെടുത്തിയതും യേശുവിനെ വധിക്കാനുള്ള ഉത്തരവിടാൻ പീലാത്തൊസിനെ സ്വാധീനിച്ചതും.​—⁠മത്തായി 26:57-59; യോഹന്നാൻ 11:47-53; 19:31.

വധശിക്ഷയ്‌ക്ക്‌ അർഹമായ തെറ്റുകൾ ഉൾപ്പെട്ടിരുന്ന കേസുകൾ കൈകാര്യം ചെയ്‌തിരുന്ന ന്യായാധിപന്മാർ, തിരക്കുകൂട്ടാതെ, തെളിവുകളെല്ലാം സവിസ്‌തരം പരിശോധിച്ച്‌ നടത്തിയിരുന്ന ന്യായവിസ്‌താരവേളകളിൽ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചിരുന്നുവെന്ന്‌ തൽമൂദ്‌ പറയുന്നുണ്ട്‌. എന്നാൽ മുമ്പ്‌ യേശുവിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെതന്നെ സ്‌തെഫാനൊസിനും അത്തരത്തിലുള്ള ഒരു വിചാരണ ലഭിച്ചില്ല. സ്‌തെഫാനൊസ്‌ ന്യായാധിപസംഘത്തിന്‌ മുമ്പാകെ ബോധിപ്പിച്ച ന്യായങ്ങൾ അവനെ ജനക്കൂട്ടം കല്ലെറിയുന്നതിലാണ്‌ ചെന്നവസാനിച്ചത്‌. സമാനമായൊരു സാഹചര്യത്തിലായിരുന്ന പൗലൊസിന്റെ കാര്യത്തിൽ റോമൻ അധികാരികൾ ഇടപെട്ടില്ലായിരുന്നെങ്കിൽ അവൻ വധിക്കപ്പെട്ടേനെ. കാരണം ന്യായാധിപസംഘത്തിലെ ന്യായാധിപന്മാർതന്നെയാണ്‌ അവനെ കൊല്ലാൻ ഗൂഢാലോചന നടത്തിയത്‌.​—⁠പ്രവൃത്തികൾ 6:12; 7:58; 23:6-15.

ന്യായാധിപസംഘത്തിലെ ചിലരെങ്കിലും തത്ത്വദീക്ഷയുള്ളവർ ആയിരുന്നെന്നു തോന്നുന്നു. യേശുവുമായി സംസാരിച്ച ഒരു യുവയഹൂദപ്രമാണി ന്യായാധിപസംഘത്തിലെ ഒരു അംഗമായിരുന്നിരിക്കാം. ആ മനുഷ്യന്റെ ധനം അയാൾക്ക്‌ ഒരു പ്രതിബന്ധമായിരുന്നെങ്കിലും, അയാൾക്ക്‌ നല്ല ഗുണങ്ങൾ ഉണ്ടായിരുന്നിരിക്കണം. അതുകൊണ്ടായിരിക്കുമല്ലോ യേശു അയാളെ തന്റെ അനുഗാമിയാകാൻ ക്ഷണിച്ചത്‌.​—⁠മത്തായി 19:16-22; ലൂക്കൊസ്‌ 18:18, 22.

മറ്റു ന്യായാധിപന്മാർ എന്തു വിചാരിക്കുമെന്ന ഭയം നിമിത്തമായിരിക്കാം “യഹൂദന്മാരുടെ പ്രമാണിയായ” നിക്കോദേമൊസ്‌ ഇരുളിന്റെ മറവിൽ യേശുവിനെ കാണാൻ ചെന്നത്‌. എങ്കിലും പിൻവരുംവിധം ചോദിച്ചുകൊണ്ട്‌ നിക്കോദേമൊസ്‌ യേശുവിനുവേണ്ടി വാദിച്ചു: “ഒരു മനുഷ്യന്റെ വാമൊഴി ആദ്യം കേട്ടു, അവൻ ചെയ്യുന്നതു ഇന്നതു എന്നു അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായപ്രമാണം അവനെ വിധിക്കുന്നുവോ?” നിക്കോദേമൊസ്‌ പിന്നീട്‌ ശവസംസ്‌കാരത്തിനായി യേശുവിന്റെ ശരീരം ഒരുക്കുന്നതിന്‌ “മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു” നൽകുകയുണ്ടായി.​—⁠യോഹന്നാൻ 3:1, 2; 7:51, 52; 19:39.

ന്യായാധിപസംഘത്തിലെ ഒരംഗമായിരുന്ന അരിമത്ഥ്യയിലെ യോസേഫ്‌ ധൈര്യപൂർവം പീലാത്തൊസിനോട്‌ യേശുവിന്റെ ശരീരം ആവശ്യപ്പെടുകയും അത്‌ തന്റെ പുതിയ കല്ലറയിൽ അടക്കുകയും ചെയ്‌തു. യോസേഫ്‌ “ദൈവരാജ്യത്തെ കാത്തി”രിക്കുകയായിരുന്നെങ്കിലും യഹൂദന്മാരെ ഭയപ്പെട്ടതിനാൽ യേശുവിന്റെ ഒരു ശിഷ്യനായിത്തീർന്നില്ല. എങ്കിലും യേശുവിനെ വധിക്കാനുള്ള ന്യായാധിപസംഘത്തിന്റെ ഗൂഢാലോചനയെ യോസേഫ്‌ അനുകൂലിച്ചില്ല എന്നതു പ്രശംസാർഹമാണ്‌.​—⁠മർക്കൊസ്‌ 15:43-46; മത്തായി 27:57-60; ലൂക്കൊസ്‌ 23:50-53; യോഹന്നാൻ 19:38.

ന്യായാധിപസംഘത്തിലെ അംഗമായിരുന്ന ഗമാലിയേൽ തന്റെ സഹന്യായാധിപന്മാരോട്‌ യേശുവിന്റെ ശിഷ്യന്മാരെ വെറുതെ വിട്ടേക്കാൻ നിർദേശിച്ചത്‌ ജ്ഞാനപൂർവകമായ നടപടിയായിരുന്നു. “നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ” എന്ന്‌ അദ്ദേഹം പറഞ്ഞു. (പ്രവൃത്തികൾ 5:34-39) യേശുവിനും ശിഷ്യന്മാർക്കും ദൈവത്തിന്റെ പിന്തുണ ഉണ്ടെന്ന വസ്‌തുത ആ പരമോന്നത കോടതി അംഗീകരിക്കാതിരിക്കാൻ കാരണം എന്താണ്‌? യേശുവിന്റെ അത്ഭുതങ്ങളെ അംഗീകരിക്കുന്നതിനു പകരം ആ ന്യായാധിപസംഘം ഇങ്ങനെ ചിന്തിച്ചു: “നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ. അവനെ ഇങ്ങനെ വിട്ടേച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും.” (യോഹന്നാൻ 11:47, 48) അധികാരക്കൊതിയാണ്‌ യഹൂദ പരമോന്നത കോടതിയുടെ നീതിബോധത്തെ കെടുത്തിക്കളഞ്ഞത്‌. അതുപോലെ, യേശുവിന്റെ ശിഷ്യന്മാർ ആളുകളെ സുഖപ്പെടുത്തിയപ്പോൾ സന്തോഷിക്കുന്നതിനു പകരം മതനേതാക്കൾ “അസൂയ നിറഞ്ഞ”വരായിത്തീരുകയാണു ചെയ്‌തത്‌. (പ്രവൃത്തികൾ 5:18) ന്യായാധിപന്മാരെന്ന നിലയിൽ അവർ ദൈവഭക്തരും നീതിനിഷ്‌ഠരും ആയിരിക്കേണ്ടിയിരുന്നെങ്കിലും അവരിൽ ഭൂരിപക്ഷവും അഴിമതിക്കാരും സത്യസന്ധതയില്ലാത്തവരും ആയിരുന്നു.​—⁠പുറപ്പാടു 18:21; ആവർത്തനപുസ്‌തകം 16:18-20.

ദിവ്യ ന്യായവിധി

ഇസ്രായേല്യർ ദൈവത്തിന്റെ ന്യായപ്രമാണം അനുസരിക്കാതിരിക്കുകയും മിശിഹായെ തള്ളിക്കളയുകയും ചെയ്‌തതുകൊണ്ട്‌, യഹോവ തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം എന്ന സ്ഥാനത്തുനിന്ന്‌ ഒടുവിൽ അവരെ തള്ളിക്കളഞ്ഞു. പൊ.യു. 70-ൽ റോമാക്കാർ യെശൂശലേം നഗരവും അതിലെ ആലയവും നശിപ്പിച്ചതോടെ മുഴു യഹൂദ വ്യവസ്ഥിതിക്കും അന്ത്യംകുറിക്കപ്പെട്ടു, അങ്ങനെ ആ ന്യായാധിപസംഘംതന്നെ അപ്രത്യക്ഷമായി.

ഒന്നാം നൂറ്റാണ്ടിലെ ന്യായാധിപസംഘത്തിലുണ്ടായിരുന്ന ആരെങ്കിലും പുനരുത്ഥാനത്തിനു യോഗ്യരാണോ എന്നും അവരിൽ ആരാണ്‌ പരിശുദ്ധാത്മാവിന്‌ എതിരായി പാപം ചെയ്‌തതെന്നും യഹോവ നിയമിച്ചിരിക്കുന്ന ന്യായാധിപനായ യേശുക്രിസ്‌തു തീരുമാനിക്കും. (മർക്കൊസ്‌ 3:29; യോഹന്നാൻ 5:22) അത്തരം തീരുമാനങ്ങൾ എടുക്കുന്നതിൽ യേശു പൂർണ നീതി പ്രകടമാക്കുമെന്ന്‌ നമുക്ക്‌ ഉറപ്പുള്ളവരായിരിക്കാം.​—⁠യെശയ്യാവു 11:3-5.

[അടിക്കുറിപ്പുകൾ]

^ ഖ. 9 മക്കബായരെയും ഹാസ്‌മോനേയരെയും കുറിച്ചുള്ള വിവരങ്ങൾക്ക്‌ 1998 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 21-4 പേജുകളും 2001 ജൂൺ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 27-30 പേജുകളും കാണുക.

^ ഖ. 16 ബൈബിൾ “മഹാപുരോഹിത”ന്മാരെക്കുറിച്ച്‌ [“മുഖ്യ പുരോഹിതന്മാർ,” NW] പറയുമ്പോൾ അത്‌ അക്കാലത്തും അതിനു മുമ്പും ഉണ്ടായിരുന്ന മഹാപുരോഹിതന്മാരെയും ഭാവിയിൽ പൗരോഹിത്യസേവനത്തിന്റെ ഉയർന്ന സ്ഥാനങ്ങളിൽ നിയമിക്കപ്പെടാൻ യോഗ്യതയുള്ള അവരുടെ കുടുംബാംഗങ്ങളെയുമാണ്‌ അർഥമാക്കുന്നത്‌.​—⁠മത്തായി 21:23.