വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സദൃശവാക്യങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ

സദൃശവാക്യങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ

യഹോവയുടെ വചനം ജീവനുള്ളത്‌

സദൃശവാക്യങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ

പുരാതന ഇസ്രായേലിലെ ശലോമോൻ രാജാവ്‌ “മൂവായിരം സദൃശവാക്യം പറഞ്ഞു.” (1 രാജാക്കന്മാർ 4:32) ആ ജ്ഞാനമൊഴികൾ നമുക്കു ലഭ്യമാണോ? തീർച്ചയായും. പൊ.യു.മു. ഏകദേശം 717-ൽ എഴുത്തു പൂർത്തിയാക്കിയ ബൈബിൾ പുസ്‌തകമായ സദൃശവാക്യങ്ങളിൽ ശലോമോന്റെ നിരവധി ജ്ഞാനമൊഴികൾ കാണാം. അവസാനത്തെ രണ്ട്‌ അധ്യായങ്ങൾ മാത്രം വേറെ ആളുകളാണ്‌ എഴുതിയത്‌​—⁠യാക്കേയുടെ മകനായ ആഗൂരും ലെമൂവേൽ രാജാവും. എന്നാൽ ലെമൂവേൽ എന്നത്‌ ശലോമോന്റെതന്നെ മറ്റൊരു പേരാണെന്നു ചിലർ വിശ്വസിക്കുന്നു.

സദൃശവാക്യങ്ങൾ എന്ന പുസ്‌തകത്തിലെ നിശ്വസ്‌ത മൊഴികൾക്ക്‌ ‘ജ്ഞാനവും പ്രബോധനവും’ നേടാൻ ഒരുവനെ സഹായിക്കുക എന്ന ഇരുമടങ്ങായ ഉദ്ദേശ്യമാണുള്ളത്‌. (സദൃശവാക്യങ്ങൾ 1:2) ഈ മൊഴികൾ നമ്മെ ജ്ഞാനം, അതായത്‌ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാനും പ്രശ്‌നപരിഹാരത്തിനായി അറിവ്‌ ഉപയോഗപ്പെടുത്താനുമുള്ള പ്രാപ്‌തി, നേടിയെടുക്കാൻ സഹായിക്കുന്നു. സദൃശവാക്യങ്ങളിലെ നിശ്വസ്‌ത വചനങ്ങളിലൂടെ നമുക്കു പ്രബോധനവും അഥവാ ധാർമിക പരിശീലനവും ലഭിക്കുന്നു. ഈ സദൃശവാക്യങ്ങൾക്കു ശ്രദ്ധനൽകുകയും അതിലെ ബുദ്ധിയുപദേശങ്ങൾ ബാധകമാക്കുകയും ചെയ്യുന്നത്‌ നമ്മുടെ ഹൃദയത്തെ സ്വാധീനിക്കും, നമ്മുടെ സന്തോഷത്തിനു സംഭാവനചെയ്യും, കൂടാതെ ജീവിതവിജയത്തിനു വഴിയൊരുക്കുകയും ചെയ്യും.​—⁠എബ്രായർ 4:12.

‘ജ്ഞാനം സമ്പാദിക്കുകയും പ്രബോധനം മുറുകെപ്പിടിക്കുകയും ചെയ്യുക’

(സദൃശവാക്യങ്ങൾ 1:1-9:18)

“ജ്ഞാനമായവൾ വീഥിയിൽ ഘോഷിക്കുന്നു” എന്ന്‌ ശലോമോൻ പറയുന്നു. (സദൃശവാക്യങ്ങൾ 1:20) അതിന്റെ ഉച്ചത്തിലുള്ള, വ്യക്തമായ ശബ്ദം നാം ശ്രദ്ധിക്കേണ്ടത്‌ എന്തുകൊണ്ട്‌? ജ്ഞാനം സമ്പാദിക്കുന്നതിന്റെ വിവിധ പ്രയോജനങ്ങൾ 2-ാം അധ്യായം വിവരിക്കുന്നു. യഹോവയുമായുള്ള സഖിത്വം നേടാനാകുന്നതെങ്ങനെയെന്ന്‌ 3-ാം അധ്യായം ചർച്ചചെയ്യുന്നു. അടുത്തതായി ശലോമോൻ പറയുന്നു: “ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്റെ സകലസമ്പാദ്യത്താലും വിവേകം നേടുക. പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു.”​—⁠സദൃശവാക്യങ്ങൾ 4:7, 13.

ലോകത്തിന്റെ അധാർമിക വഴികളെ ചെറുക്കാൻ നമ്മെ എന്തു സഹായിക്കും? സദൃശവാക്യങ്ങൾ 5-ാം അധ്യായം ഉത്തരം നൽകുന്നു: ചിന്താപ്രാപ്‌തി ഉപയോഗപ്പെടുത്തുകയും ലോകത്തിന്റെ വശീകരണാത്മകമായ വഴികളെ തിരിച്ചറിയുകയും ചെയ്യുക. അധാർമികതയിലേർപ്പെടുന്നതുമൂലം ഒടുക്കേണ്ടിവരുന്ന കനത്തവിലയെക്കുറിച്ചും ചിന്തിക്കുക. അടുത്ത അധ്യായം യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ അപകടപ്പെടുത്തിയേക്കാവുന്ന പ്രവർത്തനങ്ങൾക്കും മനോഭാവങ്ങൾക്കും എതിരെ മുന്നറിയിപ്പു നൽകുന്നു. ഒരു അധാർമിക വ്യക്തിയുടെ പ്രവർത്തനരീതിയെക്കുറിച്ചുള്ള വസ്‌തുനിഷ്‌ഠമായ ഒരു വിവരണം 7-ാം അധ്യായത്തിൽ കാണാം. 8-ാം അധ്യായത്തിൽ, ജ്ഞാനത്തിന്റെ മൂല്യവും ആകർഷകത്വവും ഭംഗ്യന്തരേണ വർണിച്ചിരിക്കുന്നു. ജ്ഞാനം നേടാൻ പ്രചോദിപ്പിക്കുന്നതരം ഉദ്വേഗജനകമായ ഒരു പ്രതീകാത്മക വർണനയാണ്‌ 9-ാം അധ്യായം. അതുവരെ പറഞ്ഞ കാര്യങ്ങളുടെ ഒരു ഉപസംഹാരമാണത്‌.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

1:7; 9:10; [പി.ഒ.സി. ബൈബിൾ]​—⁠ഏതു വിധത്തിലാണ്‌ യഹോവാഭക്തി അല്ലെങ്കിൽ യഹോവാഭയം ‘അറിവിന്റെ’യും ‘ജ്ഞാനത്തിന്റെ’യും “ഉറവിടം” ആയിരിക്കുന്നത്‌? യഹോവാഭയം ഇല്ലാതെ അറിവുണ്ടായിരിക്കാനാവില്ല. കാരണം സകലത്തിന്റെയും സ്രഷ്ടാവും തിരുവെഴുത്തുകളുടെ രചയിതാവും അവനാണ്‌. (റോമർ 1:20; 2 തിമൊഥെയൊസ്‌ 3:16, 17) യഥാർഥമായ സകല അറിവിന്റെയും സിരാകേന്ദ്രം അവനാണ്‌. അതുകൊണ്ട്‌ യഹോവയോടുള്ള ഭക്ത്യാദരവാണ്‌ യഥാർഥ അറിവിന്റെ തുടക്കം. ദൈവഭയം ജ്ഞാനത്തിന്റെയും ഉറവിടമാണ്‌. കാരണം അറിവില്ലാതെ ജ്ഞാനമില്ല. അതുമാത്രമല്ല യഹോവാഭയം ഇല്ലാത്ത ഒരു വ്യക്തി തനിക്ക്‌ എത്രതന്നെ അറിവുണ്ടായാലും അത്‌ സ്രഷ്ടാവിന്റെ മഹത്ത്വത്തിനായി ഉപയോഗിക്കുകയുമില്ല.

5:​3—⁠ഒരു വേശ്യയെ “പരസ്‌ത്രീ” എന്നു വിളിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌? സദൃശവാക്യങ്ങൾ 2:16, 17-ൽ ഒരു “പരസ്‌ത്രീ”യെ അഥവാ അന്യസ്‌ത്രീയെ “ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്ന”വളായി വർണിക്കുന്നു. വ്യാജദൈവങ്ങളെ ആരാധിച്ചിരുന്നവരെയോ, ഒരു വേശ്യ ഉൾപ്പെടെ മോശൈക ന്യായപ്രമാണത്തെ അവഗണിച്ചിരുന്നവരെയോ അന്യർ എന്നാണു വിളിച്ചിരിക്കുന്നത്‌.​—⁠യിരെമ്യാവു 2:25; 3:13.

7:1, 2—⁠‘എന്റെ വചനങ്ങൾ,’ ‘എന്റെ കല്‌പനകൾ’ എന്നിവയിൽ അടങ്ങിയിരിക്കുന്നത്‌ എന്ത്‌? ബൈബിൾ പഠിപ്പിക്കലുകൾക്കുപുറമേ കുടുംബാംഗങ്ങളുടെ പ്രയോജനത്തിനായി മാതാപിതാക്കൾ വെച്ചിരിക്കുന്ന നിയമങ്ങളും ചട്ടങ്ങളും അവയിൽപ്പെടുന്നു. ഇവയും മാതാപിതാക്കൾ നൽകുന്ന തിരുവെഴുത്തു പ്രബോധനവും ചെറുപ്പക്കാർ പിൻപറ്റേണ്ടതാണ്‌.

8:​30—⁠ആരെയാണ്‌ “ശില്‌പി” എന്നു വിളിച്ചിരിക്കുന്നത്‌? വ്യക്തിത്വം കൽപ്പിക്കപ്പെട്ടിരിക്കുന്ന ജ്ഞാനം തന്നെത്തന്നെ ശില്‌പി എന്നു വിളിച്ചിരിക്കുന്നു. ഇത്‌ ജ്ഞാനത്തിന്റെ ഒരു വിശേഷണം എന്നതിലുപരി മനുഷ്യപൂർവ അസ്‌തിത്വത്തിലുള്ള, ദൈവത്തിന്റെ ആദ്യജാതനായ യേശുക്രിസ്‌തുവിനെ കുറിക്കുന്ന ഒരു ആലങ്കാരിക വർണനയാണ്‌. ഭൂമിയിൽ ഒരു മനുഷ്യനായി ജനിക്കുന്നതിനു വളരെക്കാലം മുമ്പുതന്നെ ‘ദൈവത്തിന്റെ പ്രവൃത്തികളുടെ ആദ്യമായി അവനെ ഉളവാക്കിയിരുന്നു.’ (സദൃശവാക്യങ്ങൾ 8:22) സകലത്തിന്റെയും സൃഷ്ടി നടക്കവേ തന്റെ പിതാവിനോടൊപ്പം അവൻ ഒരു വിദഗ്‌ധ “ശില്‌പി” എന്ന നിലയിൽ സജീവമായി പ്രവർത്തിച്ചു.​—⁠കൊലൊസ്സ്യർ 1:15-17.

9:​17​—⁠“മോഷ്ടിച്ച വെള്ളം” എന്തിനെ അർഥമാക്കുന്നു, അവ “മധുര”മായിരിക്കുന്നത്‌ എന്തുകൊണ്ട്‌? ബൈബിൾ വിവാഹിതർക്കിടയിലെ ലൈംഗിക ആസ്വാദനത്തെ ഒരു കിണറ്റിൽനിന്നു കോരിയെടുത്ത നവോന്മേഷദായകമായ വെള്ളം കുടിക്കുന്നതിനോട്‌ ഉപമിച്ചിരിക്കുന്ന സ്ഥിതിക്ക്‌, മോഷ്ടിച്ച വെള്ളം അർഥമാക്കുന്നത്‌ രഹസ്യത്തിലുള്ള അധാർമിക ലൈംഗികബന്ധത്തെയാണ്‌. (സദൃശവാക്യങ്ങൾ 5:15-17) പിടികൊടുക്കാതെ രഹസ്യത്തിൽ ചെയ്യുന്നു എന്നതുകൊണ്ടാണ്‌ ആ വെള്ളത്തിന്‌ മധുരമുള്ളതായി തോന്നുന്നത്‌.

നമുക്കുള്ള പാഠങ്ങൾ:

1:10-14. പാപികളുടെ ധനത്തിന്റെ വാഗ്‌ദാനങ്ങളിൽ മയങ്ങി അവരുടെ തെറ്റായ വഴികളിലേക്കു വശീകരിക്കപ്പെടാതിരിക്കാൻ നാം ജാഗ്രത പാലിക്കണം.

3:⁠3. ദയ, വിശ്വസ്‌തത എന്നിവയെ നാം അങ്ങേയറ്റം വിലമതിക്കുകയും അവ മറ്റുള്ളവർ കാണാൻ ഇടയാക്കുകയും വേണം, കഴുത്തിൽ അണിയുന്ന വിലയേറിയ ഒരു ആഭരണത്തിന്റെ കാര്യത്തിലെന്നപോലെ. അവയെ നമ്മുടെ ഹൃദയത്തിൽ എഴുതുകയും അങ്ങനെ ജീവിതത്തിലെ ഒരു അഭിഭാജ്യഘടകമാക്കുകയും ചെയ്യണം.

4:18. ആത്മീയ അറിവ്‌ ക്രമാനുഗതമായി വർധിച്ചുവരുന്നു. വെളിച്ചത്തിൽ നിലനിൽക്കുന്നതിന്‌, നാം താഴ്‌മയും സൗമ്യതയും പ്രകടമാക്കുന്നതിൽ തുടരുകതന്നെ വേണം.

5:⁠8. സംഗീതത്തിലൂടെയോ വിനോദത്തിലൂടെയോ ഇന്റർനെറ്റിലൂടെയോ പുസ്‌തക-മാസികകളിലൂടെയോ വരുന്ന സകലവിധ അധാർമിക സ്വാധീനത്തിൽനിന്നും നാം വിട്ടുനിൽക്കണം.

5:21. യഹോവയെ സ്‌നേഹിക്കുന്ന ഒരുവൻ നൈമിഷിക സുഖത്തിനായി ദൈവവുമായുള്ള തന്റെ നല്ല ബന്ധം വെച്ചൊഴിയുമോ? ഒരിക്കലുമില്ല! ധാർമിക ശുദ്ധി കാത്തുസൂക്ഷിക്കുന്നതിനുള്ള മുഖ്യ പ്രേരകഘടകം യഹോവ നമ്മെ കാണുന്നുണ്ടെന്നും നാം കണക്കുബോധിപ്പിക്കേണ്ടിവരുമെന്നുമുള്ള അറിവാണ്‌.

6:1-5. മറ്റുള്ളവർക്കുവേണ്ടി ‘ജാമ്യം നിൽക്കുന്നതിനോ’ വേണ്ടത്ര ചിന്തിക്കാതെ സാമ്പത്തിക ഇടപാടുകൾ ചെയ്യുന്നതിനോ എതിരെയുള്ള എത്ര നല്ല ബുദ്ധിയുപദേശം! നാം എടുത്ത നടപടിയെക്കുറിച്ച്‌ കൂടുതലായി വിശകലനം ചെയ്‌തപ്പോൾ അത്‌ ബുദ്ധിമോശമായിപ്പോയെന്നു തോന്നിയാൽ, ഉടൻതന്നെ “താണുവീണു കൂട്ടുകാരനോടു മുട്ടിച്ചപേക്ഷിക്ക”യും കാര്യങ്ങൾ നേരെയാക്കാൻ നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിക്കുകയും വേണം.

6:16-19. ഈ ഏഴ്‌ അടിസ്ഥാന കാര്യങ്ങളിൽ മിക്കവാറും എല്ലാത്തരം ദുഷ്‌പ്രവൃത്തികളും ഉൾപ്പെടുന്നു. നാം അവയോടു വെറുപ്പു വളർത്തിയെടുക്കണം.

6:20-24. ചെറുപ്രായത്തിൽ തന്നെ ഒരുവനെ തിരുവെഴുത്തു തത്ത്വങ്ങൾക്കനുസൃതമായി വളർത്തിക്കൊണ്ടുവരുന്നത്‌ അധാർമിക ലൈംഗികതയുടെ കെണിയിൽ പെട്ടുപോകുന്നതിൽനിന്നും അവനെ സംരക്ഷിക്കും. അത്തരം പരിശീലനം നൽകുന്നതിൽ മാതാപിതാക്കൾ യാതൊരു ഉപേക്ഷയും വിചാരിക്കരുത്‌.

7:⁠4. ജ്ഞാനത്തോടും ഗ്രാഹ്യത്തോടും നാം പ്രിയം നട്ടുവളർത്തേണ്ടതുണ്ട്‌.

നമ്മെ വഴിനയിക്കാനുള്ള സദൃശവാക്യങ്ങൾ

(സദൃശവാക്യങ്ങൾ 10:1-29:27)

ശലോമോന്റെ സദൃശവാക്യങ്ങളുടെ ശേഷിച്ച ഭാഗത്ത്‌ ഹ്രസ്വവും അർഥസമ്പുഷ്ടവുമായ ചൊല്ലുകൾ അടങ്ങിയിരിക്കുന്നു. അവയിൽ മുഖ്യമായും വിപരീത താരതമ്യങ്ങൾ, സമാന്തരങ്ങൾ, താരതമ്യങ്ങൾ എന്നിവയാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. അവ നടത്ത, സംസാരം, മനോഭാവം എന്നിവ സംബന്ധിച്ച്‌ ശക്തമായ പാഠങ്ങൾ നൽകുന്നു.

10 മുതൽ 24 വരെയുള്ള അധ്യായങ്ങൾ യഹോവയോടുള്ള ഭക്ത്യാദരപൂർവകമായ ഭയത്തിന്റെ മൂല്യം ഊന്നിപ്പറയുന്നു. സദൃശവാക്യങ്ങളുടെ 25 മുതൽ 29 വരെയുള്ള അധ്യായങ്ങൾ ‘യെഹൂദാരാജാവായ ഹിസ്‌കീയാവിന്റെ ആളുകളാൽ ശേഖരിക്കപ്പെട്ടവയാണ്‌.’ (സദൃശവാക്യങ്ങൾ 25:1) പ്രസ്‌തുത സദൃശവാക്യങ്ങൾ യഹോവയിലുള്ള ആശ്രയവും മറ്റു സുപ്രധാന പാഠങ്ങളും പഠിപ്പിക്കുന്നു.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

10:​6—⁠“ദുഷ്ടന്മാരുടെ വായെ സാഹസം മൂടുന്നു” എന്നതിന്റെ അർഥം എന്താണ്‌? സാധാരണമായി മറ്റുള്ളവർ ദുഷ്ടന്മാരോടു പരുഷമായി ഇടപെടുന്നതിനാൽ തങ്ങൾ നേരിടുന്ന അവജ്ഞ അവരെ നിശബ്ദരാക്കുന്നു എന്നായിരിക്കാം അതിന്റെ അർഥം. മൂല എബ്രായയിൽ ഈ ഭാഗം മറ്റൊന്നുംകൂടെ അർഥമാക്കിയേക്കാം, കാരണം പി.ഒ.സി. ബൈബിൾ ഈ വാക്യത്തെ ഇങ്ങനെയാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌: “ദുഷ്ടരുടെ വായ്‌ അക്രമം മറച്ചുവെക്കുന്നു.” ദുഷ്ടൻ ചക്കരവാക്കുകളിലൂടെ ദ്രോഹപരമായ തന്റെ ലക്ഷ്യത്തെ മറയ്‌ക്കുന്നതിനെയായിരിക്കാം ഇതു സൂചിപ്പിക്കുന്നത്‌.

10:​10—⁠“കണ്ണുകൊണ്ടു ആംഗ്യം കാട്ടുന്നവൻ ദുഃഖം വരുത്തു”ന്നത്‌ എങ്ങനെ? “നിസ്സാര”നായ ഒരുവൻ “വായുടെ വക്രതയോടെ നടക്കു”ക മാത്രമല്ല ‘കണ്ണുകൊണ്ട്‌ ആംഗ്യം കാണിക്കുന്നതുപോലുള്ള’ ഭാവപ്രകടനങ്ങളിലൂടെ തന്റെ ആന്തരങ്ങളെ മറയ്‌ക്കുകയും ചെയ്യുന്നു. (സദൃശവാക്യങ്ങൾ 6:12, 13) കണ്ണുകൊണ്ടു ചെയ്യുന്ന ഇത്തരം വഞ്ചനാത്മക പ്രവൃത്തികൾ അതിനിരയാകുന്നവർക്ക്‌ അത്യധികമായ മനോവിഷമം ഉണ്ടാക്കിയേക്കാം.

10:​29—⁠“യഹോവയുടെ വഴി” എന്താണ്‌? ഈ പരാമർശം യഹോവ മനുഷ്യരോട്‌ ഇടപെടുന്ന വഴിയെയാണു സൂചിപ്പിക്കുന്നത്‌, അല്ലാതെ നാം പിൻപറ്റേണ്ട ജീവിതഗതിയെയല്ല. മനുഷ്യരോടുള്ള ദൈവത്തിന്റെ ഇടപെടൽ നേരുള്ളവർക്കു സുരക്ഷിതത്വവും ദുഷ്ടന്മാർക്കു നാശവും അർഥമാക്കുന്നു.

11:​31—⁠ദുഷ്ടന്‌ നീതിമാനെക്കാൾ അധികമായി പ്രതിഫലം ലഭിക്കേണ്ടത്‌ എന്തുകൊണ്ട്‌? ഓരോരുത്തർക്കും ലഭിക്കുന്ന ശിക്ഷണത്തിന്റെ തീവ്രതയുടെ അടിസ്ഥാനത്തിലാണ്‌ ഇവിടെ പറഞ്ഞിരിക്കുന്ന പ്രതിഫലത്തിന്റെ അളവു കണക്കാക്കുന്നത്‌. നീതിമാൻ തെറ്റുചെയ്യുമ്പോൾ ആ തെറ്റിനു ലഭിക്കുന്ന പ്രതിഫലം ശിക്ഷണമാണ്‌. ദുഷ്ടൻ മനഃപൂർവം തെറ്റുചെയ്യുകയും നന്മയിലേക്കു തിരിഞ്ഞുവരാൻ വിസമ്മതിക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ അയാൾ കടുത്ത ശിക്ഷയ്‌ക്ക്‌ അർഹനാണെന്നു മാത്രമല്ല അയാൾക്ക്‌ അതു ലഭിക്കുകയും ചെയ്യുന്നു.

12:​23—⁠ഒരുവൻ “പരിജ്ഞാനം അടക്കിവെക്കുന്ന”തെങ്ങനെ? പരിജ്ഞാനം അടക്കിവെക്കുന്നു എന്നതിന്‌ ഒരുവൻ അത്‌ എപ്പോഴും മൂടിവെക്കുന്നു എന്നർഥമില്ല. പകരം വിവേകത്തോടെയാണ്‌ അതു പ്രകടിപ്പിക്കുന്നതെന്നും പൊങ്ങച്ചത്തോടെ തന്റെ അറിവു പ്രദർശിപ്പിക്കുന്നില്ലെന്നുമാണ്‌ അതിനർഥം.

18:​19—⁠“ദ്രോഹിക്കപ്പെട്ട സഹോദരൻ ഉറപ്പുള്ള പട്ടണത്തെക്കാൾ ദുർജ്ജയനാ”യിരിക്കുന്നതെങ്ങനെ? ഉപരോധത്തിലായിരിക്കുന്ന ഉറപ്പുള്ള ഒരു പട്ടണം പോലെ, അത്തരത്തിലുള്ള ഒരു വ്യക്തി തെറ്റു പൊറുക്കാൻ ഒട്ടും കൂട്ടാക്കാതിരുന്നേക്കാം. അയാളും തെറ്റുകാരനും തമ്മിലുള്ള അഭിപ്രായ ഭിന്നത പെട്ടെന്നുതന്നെ “അരമനയുടെ ഓടാമ്പൽ പോലെ” ഒരു പ്രതിബന്ധമായിത്തീരാനും സാധ്യതയുണ്ട്‌.

നമുക്കുള്ള പാഠങ്ങൾ:

10:11-14. നമ്മുടെ വാക്കുകൾ കെട്ടുപണിചെയ്യുന്നത്‌ ആയിരിക്കണമെങ്കിൽ നമ്മുടെ മനസ്സ്‌ സൂക്ഷ്‌മ പരിജ്ഞാനംകൊണ്ടു നിറയ്‌ക്കുകയും നമ്മുടെ ഹൃദയം സ്‌നേഹത്താൽ പ്രചോദിതമാകുകയും നമ്മുടെ സംസാരം ജ്ഞാനത്തോടെയുള്ളത്‌ ആയിരിക്കുകയും വേണം.

10:19; 12:18; 13:3; 15:28; 17:28. നമുക്ക്‌ വാക്കുകൾ അളന്നുകുറിച്ചും ചിന്തിച്ചും ഉപയോഗിക്കാം.

11:1; 16:11; 20:10, 23. ബിസിനസ്‌ ഇടപാടുകളിൽ നാം സത്യസന്ധരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു.

11:⁠4. വ്യക്തിപരമായ ബൈബിൾ പഠനം, യോഗഹാജർ, പ്രാർഥന, വയൽസേവനം എന്നിവ അവഗണിച്ചുകൊണ്ടുള്ള ധനസമ്പാദനം മൗഢ്യമായിരിക്കും.

13:⁠4. സഭാപരമായ ഉത്തരവാദിത്വങ്ങൾക്കായോ പുതിയ ലോകത്തിലെ ജീവനായോ ‘കൊതിച്ചാൽ’ മാത്രം പോരാ. മറിച്ച്‌ നാം ഉത്സാഹികളും അതിനുവേണ്ട യോഗ്യതകളിൽ എത്തിച്ചേരാൻ കഠിനമായി പ്രയത്‌നിക്കുന്നവരും ആയിരിക്കുകയും വേണം.

13:24; 29:15, 21. സ്‌നേഹനിധികളായ മാതാപിതാക്കൾ തങ്ങളുടെ കുട്ടിയെ കൊഞ്ചിച്ചു വഷളാക്കുകയോ അവരുടെ തെറ്റുകളെ അവഗണിച്ചുകളയുകയോ ചെയ്യുന്നില്ല. പകരം ഒരു പിതാവോ മാതാവോ അത്തരം ചീത്ത കാര്യങ്ങൾ അവരിൽ രൂഢമൂലമാകുന്നതിനു മുമ്പേ അതു പിഴുതെറിയാൻ തിരുത്തൽ നടപടികൾ കൈക്കൊള്ളുന്നു.

14:10. ഉള്ളിലെ വികാരങ്ങൾ എല്ലായ്‌പോഴും കൃത്യമായി പ്രകടിപ്പിക്കാനോ കാഴ്‌ചക്കാർക്ക്‌ അതു വ്യക്തമായി മനസ്സിലാക്കാനോ കഴിയാത്തതിനാൽ മറ്റുള്ളവർ നൽകുന്ന വൈകാരിക പിന്തുണയ്‌ക്ക്‌ അതിന്റേതായ പരിമിതികൾ ഉണ്ട്‌. ഒരുപക്ഷേ ചില പ്രശ്‌നങ്ങൾ പൂർണമായി യഹോവയിൽ ആശ്രയിച്ചുകൊണ്ടു നാം സഹിക്കേണ്ടതുണ്ടായിരിക്കാം.

15:⁠7. നമുക്കറിയാവുന്നതെല്ലാം ഒറ്റയടിക്ക്‌ ഒരാളെ പറഞ്ഞുകേൾപ്പിക്കാൻ ശ്രമിക്കരുത്‌, ഒരു കർഷകൻ തന്റെ പക്കലുള്ള വിത്തുകൾ മൊത്തം ഒരു സ്ഥലത്തുതന്നെ വിതറാത്തതുപോലെ. ജ്ഞാനി തന്റെ പരിജ്ഞാനം ആവശ്യാനുസൃതം അൽപ്പാൽപ്പമായി വിതറുന്നു.

15:15; 18:14. ക്രിയാത്മക വീക്ഷണം വെച്ചുപുലർത്തുന്നത്‌ ക്ലേശപൂർണമായ സാഹചര്യങ്ങളിൽപ്പോലും സന്തോഷം കണ്ടെത്താൻ നമ്മെ സഹായിക്കും.

17:24. സുപ്രധാന കാര്യങ്ങളിൽ കേന്ദ്രീകരിക്കാത്ത അലഞ്ഞുതിരിയുന്ന കണ്ണും മനസ്സും ഉള്ള “മൂഢ”നെപ്പോലെ ആയിരിക്കാതെ ജ്ഞാനത്തോടെ പ്രവർത്തിക്കാനാകേണ്ടതിന്‌ നാം ഗ്രാഹ്യം സമ്പാദിക്കണം.

23:6-8. ദുരുദ്ദേശ്യത്തോടെയുള്ള അതിഥിസത്‌കാരത്തിനെതിരെ നാം ജാഗ്രത പാലിക്കണം.

27:21. പ്രശംസയ്‌ക്ക്‌ നമ്മുടെ തനിനിറം വെളിപ്പെടുത്താനാകും. പ്രശംസ യഹോവയോടുള്ള നമ്മുടെ വിധേയത്വം അംഗീകരിക്കാൻ പ്രേരിപ്പിക്കുകയും അവനെ തുടർന്നു സേവിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നെങ്കിൽ അത്‌ നമ്മുടെ താഴ്‌മയായിരിക്കും വെളിവാക്കുന്നത്‌. പ്രശംസ ഒരു ഉന്നതഭാവം ഉളവാക്കുന്നെങ്കിൽ അതു താഴ്‌മയുടെ അഭാവത്തെയായിരിക്കും വെളിപ്പെടുത്തുക.

27:23-27. മേച്ചിൽപ്പുറങ്ങളുടെ പശ്ചാത്തലങ്ങൾ ഉപയോഗിക്കുന്ന ഈ സദൃശവാക്യങ്ങൾ, കഠിനാധ്വാനം ചെയ്‌ത്‌ ലളിതജീവിതം നയിക്കുന്നതിലൂടെ സംതൃപ്‌തി കണ്ടെത്തുന്നതിന്റെ മൂല്യത്തിന്‌ ഊന്നൽ നൽകുന്നു. അവ ദൈവത്തിൽ ആശ്രയിക്കേണ്ടതിന്റെ ആവശ്യം വിശേഷാൽ നമ്മുടെ മനസ്സിൽ പതിപ്പിക്കണം. *

28:⁠5. പ്രാർഥനയിലൂടെയും ദൈവവചനത്തിന്റെ പഠനത്തിലൂടെയും നാം “യഹോവയെ അന്വേഷിക്കു”ന്നെങ്കിൽ അവനെ സ്വീകാര്യമായി സേവിക്കുന്നതിന്‌ ആവശ്യമായ “സകലവും തിരിച്ചറി”യാൻ നമുക്കു കഴിയും.

‘ഘനമേറിയ സന്ദേശങ്ങൾ’

(സദൃശവാക്യങ്ങൾ 30:1-31:31)

ബൈബിൾ പുസ്‌തകമായ സദൃശവാക്യങ്ങൾ രണ്ട്‌ ‘ഘനമേറിയ സന്ദേശങ്ങളോടെ’ (NW) ഉപസംഹരിക്കുന്നു. (സദൃശവാക്യങ്ങൾ 30:1; 31:1) ചിന്തോദ്ദീപകമായ താരതമ്യങ്ങളിലൂടെ ആഗൂരിന്റെ സന്ദേശം അത്യാഗ്രഹത്തിന്റെ തൃപ്‌തിപ്പെടുത്താനാവാത്ത അവസ്ഥയെ ദൃഷ്ടാന്തീകരിക്കുകയും ഒരു കന്യകയെ വശീകരിക്കുന്നതിനുള്ള ഒരു പുരുഷന്റെ മാർഗങ്ങൾ എത്ര നിഗൂഢമാണെന്നു വ്യക്തമാക്കുകയും ചെയ്യുന്നു. * അത്‌ ആത്മപ്രശംസ നടത്തുന്നതിനും ദേഷ്യത്തോടെ പൊട്ടിത്തെറിക്കുന്നതിനും എതിരെ മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു.

ലെമൂവേലിന്‌ തന്റെ അമ്മയിൽനിന്നു ലഭിച്ച ഘനമേറിയ സന്ദേശങ്ങളിൽ വീഞ്ഞിന്റെയും മദ്യത്തിന്റെയും ഉപയോഗത്തെയും നീതിയോടെ ന്യായംവിധിക്കുന്നതിനെയും കുറിച്ചുള്ള ഈടുറ്റ ബുദ്ധിയുപദേശം അടങ്ങിയിരിക്കുന്നു. നല്ല ഭാര്യയെക്കുറിച്ചുള്ള വിവരണം ഇപ്രകാരം അവസാനിപ്പിക്കുന്നു: “അവളുടെ കൈകളുടെ ഫലം അവൾക്കുകൊടുപ്പിൻ; അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതില്‌ക്കൽ അവളെ പ്രശംസിക്കട്ടെ.”​—⁠സദൃശവാക്യങ്ങൾ 31:31.

ജ്ഞാനം സമ്പാദിക്കുക, പ്രബോധനം സ്വീകരിക്കുക, ദൈവികഭയം നട്ടുവളർത്തുക, യഹോവയിൽ ആശ്രയംവെക്കുക. എത്ര വിലയേറിയ പാഠങ്ങളാണ്‌ നിശ്വസ്‌ത സദൃശവാക്യങ്ങളിൽ അടങ്ങിയിരിക്കുന്നത്‌! അതിലെ ബുദ്ധിയുപദേശങ്ങൾ ബാധകമാക്കാൻ നമുക്കു പരമാവധി ശ്രമിക്കാം. അങ്ങനെ “യഹോവയെ ഭയപ്പെ”ടുന്ന വ്യക്തിക്കുണ്ടാകുന്ന സന്തോഷം നമുക്കും ആസ്വദിക്കാം.​—⁠സങ്കീർത്തനം 112:⁠1.

[അടിക്കുറിപ്പുകൾ]

^ ഖ. 49 1991 ആഗസ്റ്റ്‌ 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 31-ാം പേജ്‌ കാണുക.

^ ഖ. 53 1992 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 31-ാം പേജ്‌ കാണുക.

[16-ാം പേജിലെ ചിത്രങ്ങൾ]

യഥാർഥമായ സകല അറിവിന്റെയും സിരാകേന്ദ്രം യഹോവയാണ്‌

[18-ാം പേജിലെ ചിത്രം]

“പരിജ്ഞാനം വിതറു”ക എന്നു പറയുന്നതിന്റെ അർഥമെന്ത്‌?