വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ഒരു ക്രിസ്‌ത്യാനി വാഹനം ഓടിക്കവേ അപകടം സംഭവിക്കുകയും ആരെങ്കിലും മരിക്കാൻ ഇടയാകുകയും ചെയ്യുന്നെങ്കിൽ സഭ എന്തു നടപടി സ്വീകരിക്കണം?

രക്തപാതകത്തിനുള്ള ഉത്തരവാദിത്വത്തിൽ സഭ പങ്കുവഹിക്കേണ്ടിവരുന്നത്‌ ഒഴിവാക്കാൻ, വാഹനം ഓടിച്ചിരുന്ന വ്യക്തി കുറ്റക്കാരനാണോയെന്നു സഭ പരിശോധിക്കേണ്ടതുണ്ട്‌. (ആവർത്തനപുസ്‌തകം 21:1-9; 22:8) മരണത്തിന്‌ ഇടയാക്കുന്ന ഒരു അപകടത്തിന്‌ ഉത്തരവാദിയായ ഡ്രൈവർ അശ്രദ്ധമായി വണ്ടിയോടിക്കുകയോ സുരക്ഷാ നിയമങ്ങളിലോ ട്രാഫിക്‌ നിയമങ്ങളിലോ ഏതെങ്കിലും മനഃപൂർവം ലംഘിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ അദ്ദേഹം രക്തപാതകത്തിനു കുറ്റക്കാരനായേക്കാം. (മർക്കൊസ്‌ 12:14) എന്നാൽ പരിചിന്തിക്കേണ്ട മറ്റു ഘടകങ്ങളുമുണ്ട്‌.

ഇസ്രായേലിലെ ഒരു സങ്കേത നഗരത്തിൽ അഭയംപ്രാപിക്കുന്ന കൊലപാതകിയെ മൂപ്പന്മാർ വിചാരണ ചെയ്‌തിരുന്നു. കൊലപാതകം അബദ്ധത്തിൽ സംഭവിച്ചതാണെന്നു തെളിഞ്ഞാൽ ആ വ്യക്തിക്ക്‌ രക്തപ്രതികാരകനെ ഭയക്കാതെ സങ്കേത നഗരത്തിൽ സുരക്ഷിതമായി ജീവിക്കാൻ കഴിയുമായിരുന്നു. (സംഖ്യാപുസ്‌തകം 35:6-25) അതുകൊണ്ട്‌ വാഹനാപകടത്തിൽ ആരെങ്കിലും മരിക്കാൻ ഒരു ക്രിസ്‌ത്യാനി ഉത്തരവാദിയാകുന്നെങ്കിൽ രക്തപാതകക്കുറ്റം ഉൾപ്പെട്ടിട്ടുണ്ടോയെന്നറിയാൻ മൂപ്പന്മാർ അന്വേഷണം നടത്തണം. അവർ എന്തു നടപടി കൈക്കൊള്ളുമെന്നു നിർണയിക്കുന്നത്‌ അവശ്യം ഗവണ്മെന്റിന്റെ നിലപാടോ കോടതിവിധിയോ അല്ല.

ഉദാഹരണത്തിന്‌ ഡ്രൈവർ ട്രാഫിക്‌ നിയമം ലംഘിച്ചിട്ടുണ്ടെന്നും അതുകൊണ്ട്‌ അദ്ദേഹം കുറ്റക്കാരനാണെന്നും കോടതി പ്രഖ്യാപിച്ചേക്കാം. എന്നാൽ അപകടത്തിലേക്കു നയിച്ച സാഹചര്യങ്ങൾ ഡ്രൈവറുടെ നിയന്ത്രണത്തിനപ്പുറമായിരുന്നെന്നും അതിനാൽ അദ്ദേഹത്തിനു രക്തപാതകക്കുറ്റമില്ലെന്നും പ്രസ്‌തുത സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന മൂപ്പന്മാർ തീരുമാനിച്ചേക്കാം. എന്നാൽ മറ്റു ചിലപ്പോൾ കോടതി കേസ്‌ തള്ളിക്കളഞ്ഞാലും, ഉൾപ്പെട്ടിരിക്കുന്ന വ്യക്തി യഥാർഥത്തിൽ കുറ്റക്കാരനാണെന്ന്‌ അവർ കണ്ടെത്തിയേക്കാം.

അന്വേഷണം നടത്തുന്ന മൂപ്പന്മാരുടെ തീരുമാനം തിരുവെഴുത്തുകളുടെയും വ്യക്തമായ വസ്‌തുതകളുടെയും​—⁠ഡ്രൈവറുടെ/ആശ്രയയോഗ്യരായ രണ്ടോ മൂന്നോ ദൃക്‌സാക്ഷികളുടെ/ഇരുകൂട്ടരുടെയും മൊഴികളുടെ​—⁠അടിസ്ഥാനത്തിൽ ആയിരിക്കണം. (ആവർത്തനപുസ്‌തകം 17:6; മത്തായി 18:15, 16) രക്തപാതകക്കുറ്റമുണ്ടെന്നു കണ്ടാൽ നീതിന്യായക്കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്‌. കുറ്റക്കാരന്‌ അനുതാപമുണ്ടെന്ന്‌ കമ്മിറ്റി മനസ്സിലാക്കുന്നപക്ഷം അവർ അദ്ദേഹത്തിന്‌ തിരുവെഴുത്തുകൾ ഉപയോഗിച്ച്‌ ഉചിതമായ ശാസന നൽകുകയും സഭയിലെ പദവികളോടുള്ള ബന്ധത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. മേലാൽ അദ്ദേഹം മൂപ്പനോ ശുശ്രൂഷാദാസനോ ആയി സേവിക്കുകയില്ല. മറ്റു നിയന്ത്രണങ്ങളും വെക്കുന്നതായിരിക്കും. കൂടാതെ, അപകടത്തിനും ജീവഹാനിക്കും ഇടയാക്കിയ തന്റെ അശ്രദ്ധയ്‌ക്കോ അനാസ്ഥയ്‌ക്കോ അജാഗ്രതയ്‌ക്കോ അദ്ദേഹം ദൈവമുമ്പാകെ ഉത്തരവാദിയായിരിക്കും.​—⁠ഗലാത്യർ 6:5, 7.

അപകടം സംഭവിക്കുമ്പോൾ കാലാവസ്ഥ വളരെ മോശമായിരുന്നെന്നു കരുതുക. അത്തരമൊരു സാഹചര്യത്തിൽ ഡ്രൈവർ അങ്ങേയറ്റം ജാഗ്രത പാലിക്കേണ്ടതുണ്ടായിരുന്നു. ഇനി, ഉറക്കം വരുന്നുണ്ടായിരുന്നെങ്കിൽ വണ്ടി നിറുത്തിയിട്ട്‌ ഉറങ്ങണമായിരുന്നു. അല്ലെങ്കിൽ വണ്ടിയോടിക്കാൻ മറ്റാരോടെങ്കിലും ആവശ്യപ്പെടണമായിരുന്നു.

ഡ്രൈവർ വണ്ടി ഓടിച്ചിരുന്നത്‌ അമിത വേഗത്തിലായിരുന്നെങ്കിലോ? വേഗപരിധി ലംഘിക്കുന്ന ഒരു ക്രിസ്‌ത്യാനി “കൈസർക്കുള്ളതു കൈസർക്കു” കൊടുക്കുന്നതിൽ പരാജയപ്പെടുകയാണു ചെയ്യുന്നത്‌. അതിൽ അപകടസാധ്യത ഉൾപ്പെട്ടിരിക്കുന്നതിനാൽ അദ്ദേഹത്തിനു ജീവന്റെ പവിത്രതയോട്‌ ആദരവില്ലെന്നും വരുന്നു. (മത്തായി 22:21) ഇതിനോടുള്ള ബന്ധത്തിൽ മറ്റൊരു കാര്യംകൂടെ പരിചിന്തിക്കുക. ഒരു മൂപ്പൻ ട്രാഫിക്‌ നിയമങ്ങൾ ശ്രദ്ധിക്കാതിരിക്കുകയോ മനഃപൂർവം അവ ലംഘിക്കുകയോ ചെയ്യുന്നെങ്കിൽ ആട്ടിൻകൂട്ടത്തിന്‌ അദ്ദേഹം എങ്ങനെയുള്ള ഒരു മാതൃകയായിരിക്കും വെക്കുന്നത്‌?​—⁠1 പത്രൊസ്‌ 5:⁠3.

ഒരു നിശ്ചിത സമയത്തിനുള്ളിൽ ഒരു നിശ്ചിത സ്ഥലത്ത്‌ എത്തിച്ചേരണമെന്ന്‌ ഒരു ക്രിസ്‌ത്യാനി മറ്റുള്ളവരോട്‌ ആവശ്യപ്പെടുമ്പോൾ, അമിതവേഗത്തിൽ വണ്ടിയോടിക്കാതെ അവർക്ക്‌ അതിനു കഴിയില്ലെന്നതു സ്‌പഷ്ടമാണെങ്കിൽ ഒരിക്കലും അങ്ങനെ ചെയ്യരുത്‌. പലപ്പോഴും അൽപ്പം നേരത്തേ പുറപ്പെടുകയോ യാത്രയ്‌ക്ക്‌ ആവശ്യമായ സമയം ലഭിക്കാൻ തക്കവണ്ണം മറ്റു പരിപാടികൾ പട്ടികപ്പെടുത്തുകയോ മാത്രമേ ചെയ്യേണ്ടതുള്ളൂ. അങ്ങനെയാകുമ്പോൾ പരിധിയിൽ കവിഞ്ഞ വേഗത്തിൽ വാഹനമോടിക്കാൻ പ്രേരണ തോന്നുകയില്ല, മറിച്ച്‌ ലൗകിക “ശ്രേഷ്‌ഠാധികാരങ്ങൾ” നിർദേശിച്ചിട്ടുള്ള ട്രാഫിക്‌ നിയമങ്ങൾ അനുസരിക്കാൻ ഡ്രൈവർ ശ്രദ്ധയുള്ളവനായിരിക്കും. (റോമർ 13:1, 5) രക്തപാതകക്കുറ്റത്തിന്‌ ഇടയാക്കിയേക്കാവുന്ന ഗുരുതരമായ അപകടങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കാൻ ഇത്‌ അദ്ദേഹത്തെ സഹായിക്കും. അതുവഴി മികച്ച ഒരു മാതൃകയായിരിക്കാനും നല്ലൊരു മനഃസാക്ഷി കാത്തുസൂക്ഷിക്കാനും അദ്ദേഹത്തിനു കഴിയും.​—⁠1 പത്രൊസ്‌ 3:16.